വീട്ടില്‍ പോകാന്‍ ബസ് കിട്ടിയില്ല; യുവാവ് കെഎസ്ആര്‍ടിസി ബസ് അടിച്ചുമാറ്റി

വീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന് മടുത്ത യുവാവ് ഒടുവില്‍ കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസുമായി മുങ്ങി. ഡിപ്പോയില്‍ കിടന്ന ബസുമായാണ് മുങ്ങിയത്. ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് കൊണ്ടു പോയ ബസ് പോസ്റ്റില്‍ ഇടിച്ചതോടെയാണ് മോഷണശ്രമം പരാജയപ്പെട്ടത്. ഇതോടെ യുവാവ് പോലീസിന്റെ പിടിയിലായി.

ആറ്റിങ്ങല്‍ സ്വദേശിയായ അലോഷി (25) ആണ് ബസ് അടിച്ചു മാറ്റാന്‍ ശ്രമിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു. ആറ്റിങ്ങലിലേക്ക് പോകാന്‍ രാത്രി എട്ട് മണിയോടെ കൊല്ലം ഡിപ്പോയിലെത്തി. രണ്ട് ബസ് വന്നെങ്കിലും തിരക്ക് കാരണം അലോഷിക്ക് കയറാനായില്ല. ഇതോടെ നിര്‍ത്തിയിട്ടിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ഓടിച്ചു കൊണ്ട് പോകുകയായിരുന്നു.

 

ലിങ്ക് റോഡ് ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ബസാണ് അലോഷി അടിച്ചു മാറ്റിയത്. ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ബസ് പോസ്റ്റിലിടിച്ചു. വീട്ടില്‍ പോകാന്‍ തനിക്ക് ഒരു ബസ് നല്‍കണമെന്നും രാവിലെ തിരിച്ചെത്തിക്കാമെന്നും ഇയാള്‍ പറഞ്ഞത്രേ..

ചിന്നക്കടയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് അപകടത്തില്‍പ്പെട്ട ബസ് പരിശോധിച്ചപ്പോള്‍ ആരെയും കണ്ടെത്തിയില്ല. തുടര്‍ന്ന് കെഎസ്ആര്‍ടിസി അധികൃതരെ വിവരം അറിയിച്ചു. ഇതിനിടെ അലോഷി ബസില്‍ കയറാന്‍ ശ്രമിക്കുന്നത് കണ്ട് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

ബസ് ഇടിച്ചതോടെ ഇറങ്ങി ഓടുന്നതിനിടെ സീറ്റിനടയില്‍പ്പെട്ട ഷൂസ് എടുക്കാന്‍ വന്നതായിരുന്നു അലോഷി. മെക്കാനിക്കല്‍ വിഭാഗത്തിന് പരിശോധിക്കുന്നതിന് വണ്ടിയില്‍ തന്നെ താക്കോല്‍ സൂക്ഷിച്ചിരുന്നു. ഇതാണ് അലോഷിക്ക് വണ്ടി അടിച്ചു മാറ്റാന്‍ സഹായകമായത്. കെഎസ്ആര്‍ടിസി അധികൃതരുടെ പരാതിയില്‍ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply