ചിലന്തിയെ ആരാധിക്കുന്ന ലോകത്തിലെ ഒരേയൊരു ക്ഷേത്രം…

ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രമാണ് ചെന്നീർക്കര രാജസ്വരൂപത്തിന്റെ കൊട്ടാരം വക തേവാരമൂർത്തി ആയിരുന്ന ശ്രീ പള്ളിയറ ദേവീക്ഷേത്രം (ചിലന്തിയമ്പലം). ഈ ക്ഷേത്രത്തിന് പിന്നീട് ചിലന്തിയമ്പലം എന്ന് പേര് വരാൻ കാരണം, ശക്തിഭദ്രകുടുംബത്തിലെ ഒരു അന്തർജനത്തിന്റെ നിർവാണകഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു.

ഏകദേശം തൊള്ളായിരത്തി അൻപത്തി ആറാം (956) ആണ്ടോടുകൂടി ചെന്നീർക്കര സ്വരൂപത്തിൽ ആൺ പ്രജകൾ ഇല്ലാതാവുകയും, ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ മാത്രം അവശേഷിക്കുകയും, ഇവരെ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണൻ ദത്തെടുത്തു എന്നും, മുൻപ് സൂചിപ്പിച്ചിട്ടുള്ളതാകുന്നു.

പിന്നീട് ഇവർ കോയിക്കൽ കൊട്ടാരത്തിൽ[ചിലന്തി അമ്പലത്തിനു സമീപം] താമസമാക്കി ജീവിച്ചുപോന്നു. കാലാന്തരത്തിൽ അതിൽ ഒരു അന്തർജനം ഏകാന്തവാസത്തിൽ ഏർപെടുകയും, ആത്മീയതയിൽ ലയിച്ച് അറയ്ക്കുള്ളിൽതന്നെ തപസ് അനുഷ്ഠിച്ചു പോന്നു. തുടർന്ന് ഇവരിൽ ചിലന്തികൾ വലകെട്ടുകയും ചിലന്തികൾ ഇവരുടെ ആജ്ഞാനുവർത്തികൾ ആകുകയും ചെയ്തു എന്നും, ഈ വലക്കുള്ളിൽ ഇരുന്ന് അന്തർജ്ജനം സമാധിയായി തീർന്നു..!! ഈ ദേവിയുടെ ആത്മചൈതന്യം തൊട്ടടുത്ത ദേവീക്ഷേത്രത്തിൽ ലയിച്ചുചേർന്നു എന്നുമാണ് പറയപ്പെടുന്നത്.. അന്നുമുതൽക്ക് ആണത്രെ ക്ഷേത്രത്തിന് ചിലന്തിയമ്പലം എന്ന പേരു വന്നത് എന്ന് കരുതുന്നു.

ഈ വിശ്വാസത്തിന്റെ പിൻബലത്താൽ അനേകം ചിലന്തി വിഷബാധയേറ്റ വിഷബാധകരും മറ്റു തീർത്ഥാടകരും ഈ ക്ഷേത്രദർശനം നടത്തി രോഗശാന്തി നേടുന്നു എന്ന് അനുഭവസ്ഥരും ക്ഷേത്രസമീപവാസികളും സാക്ഷ്യപ്പെടുത്തുന്നു. ഈ ക്ഷേത്രത്തിനു സമീപമുള്ള മറ്റൊരു ക്ഷേത്രമായ വൈകുണ്ഠപുരം ക്ഷേത്രം ശക്തിഭദ്രനാൽ പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. വൃത്താകൃതിയിലുള്ള ശ്രീകോവിലും അതിനോടു ചേർന്നുള്ള ചുവർചിത്രങ്ങളും ഈ കാലഘട്ടത്തെ സൂചിപ്പിക്കുന്നതാണെന്ന് ചരിത്രകാരന്മാരും ഗവേഷകരും സമർത്ഥിക്കുന്നു.

ഈ രണ്ടു ക്ഷേത്രങ്ങളുടെയും സമീപത്തുനിന്നും ലഭിച്ചിട്ടുള്ള ചില കൽത്തൂണുകളും, കിണറുകളും, കുളങ്ങളും എല്ലാം പഴയ ചില നാഗരികതകൾ വിളിച്ചോതുന്ന ചരിത്ര സംഭവങ്ങൾ തന്നെയാണെന്ന് വിസ്മരിക്കാൻ പറ്റാത്ത കാര്യമാണ്. പത്തനംതിട്ട ജില്ലയിലെ കൊടുമണ്ണിലാണ് ലോകത്തിലെതന്നെ ഏകചിലന്തിയമ്പലം കുടികൊള്ളുന്നത്. ചിലന്തിവിഷ ചികിത്സയ്ക്ക് പ്രശസ്തമാണിവിടം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിയാളുകളാണ് നിത്യേന ഇൗ അപൂർവക്ഷേത്രം ദർശിക്കാനെത്തുന്നത്. വൈദ്യശാസ്ത്രത്തിനെപോലും വിസ്മയം കൊള്ളിക്കുന്ന ഇൗ ചികിത്സാ സമ്പ്രദായത്തിനു പിന്നിലെ രഹസ്യത്തിന്റെ ചുരുളുകൾ ഇന്നും അഞ്ജാതമായി തുടരുന്നു.

ഇവിടുത്തെ ഔഷധ ഗുണമുള്ള കിണറ്റിലെ ജലവും വിശേഷമാണ്. ഒരാഴ്ചകൊണ്ട് അസുഖം വിട്ടുമാറുമെന്നാണ് വിശ്വാസം. അതെത്ര വിഷം നിറഞ്ഞചിലന്തിതന്നെയായാലും. ഇത്തരത്തിൽ ഇവിടെയെത്തി സുഖം പ്രാപിച്ചവർ ധാരാളമുണ്ട്.വൃശ്ചികമാസത്തിലെ കാർത്തിക ദിവസമാണ് അമ്മയുടെതിരുന്നാൾ. വിഷു പൊങ്കാലയാണ് മറ്റൊരു പ്രധാന വഴിപാട്. മകരമാസത്തിലെ വെളുത്ത വാവ് ദിവസം കൊണ്ടാടുന്ന ചന്ദ്രപൊങ്കാലയും ദേവിക്ക് ശ്രേഷ്ഠമായ വഴിപാടാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലാണ് ഇന്നീ ക്ഷേത്രം.

Source – http://www.eastcoastdaily.com/2018/01/20/worlds-only-one-spider-temple-in-kerala-devotional.html

Check Also

ബാലിയിലെ കൗതുകകരമായ വിശേഷങ്ങളും പുഷ്‌പയുടെ ക്ലാസ്സും

വിവരണം – ഡോ. മിത്ര സതീഷ്. സുഹൃത്തുക്കളുമായി ബാലിയിലെ കാഴ്ചകൾ കാണാനും, അടിച്ചു പൊളിക്കാനുമായി പോയ എന്റെ കൗതുകം ഉണർത്തിയ …

Leave a Reply