ആലപ്പുഴ: ഗതാഗത വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ ആലപ്പുഴ ജലഗതാഗത വകുപ്പ് ഓഫീസിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും പരിശോധന നടത്തി.
ജീവനക്കാരുടെ മുറി, ശൗചാലയം, ഗ്യാരേജ്, എം.പി ഫണ്ട് ഉപയോഗിച്ച് നടക്കുന്ന കെട്ടിടനിർമ്മാണം എന്നിവയുടെ പുരോഗതിമന്ത്രി വിലയിരുത്തി. നഗര വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന മൊബിലിറ്റി ഹബ്ബിന്റെ നിർമ്മാണത്തിന് ജീവനക്കാരുടെയും ട്രേഡ് യൂണിയനുകളുടെയും സഹകരണം മന്ത്രി അഭ്യർത്ഥിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ അറിയുന്നത് ജീവനക്കാരിലൂടെയാണെന്ന് ഓഫീസിൽ വിളിച്ചുചേർത്ത യോഗത്തിൽ മന്ത്രി പറഞ്ഞു.
സർവ്വീസ് മുടങ്ങാതിരിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. ആളുകളെ സ്റ്റോപ്പിൽത്തന്നെ ഇറക്കുന്ന കാര്യത്തിൽ ജീവനക്കാർ ശ്രദ്ധിക്കണം. രാത്രി വണ്ടികളിൽ യാത്രചെയ്യുന്ന സ്ത്രീകളെ ആവർ ആവശ്യപ്പെടുന്ന സുരക്ഷിത സ്ഥലത്ത് ഇറക്കണം. . മിനിസ്റ്റീരിയൽ വിഭാഗത്തിനും ആവശ്യമായ പരിശീലനം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി എം.ഡി ആന്റണി ചാക്കോ, ഡി.ടി.ഒ ജി. ബാലമുരളി, സോണൽ ഓഫീസർ എസ്.കെ. സുരേഷ്കുമാർ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
News : Kerala Kaumudi