ചേകാടിക്കാര്‍ക്ക് ഈ ആനവണ്ടി ഒരു ദൈവത്തെപ്പോലെ… കാരണം?

പുൽപള്ളിയിൽ നിന്നും 13 കിമി അകലെ വനത്തിലൂടെ യാത്ര ചെയ്താൽ മനോഹരമായ ചേകാടി ഗ്രാമത്തിൽ എത്തും. ആദിവാസികൾ അധികമായി താമസിക്കുന്ന ഈ ഗ്രാമത്തിലേക്ക് ദിവസവും 300 കി.മി (മൊത്തം) സർവീസ് KSRTC നടത്തുന്നു.. കഴിഞ്ഞ ദിവസത്തെ കളക്ഷന്‍ 6892 രൂപ. പണ്ടാരോ വടിവെച്ചു വരച്ചിട്ടു പോയ പോലത്തെ ഒരു വഴിയിലൂടെയാണ് വന്യമൃഗങ്ങളെ പേടിച്ചു ഈ വഴിയിലൂടെ ബസ് ഓടിക്കേണ്ടത്.

ഈ ഗ്രാമത്തിൽ ഒരു എൽ.പി സ്കൂൾ ഉണ്ട്.  89 കുട്ടികൾ പഠിക്കുന്നു. 88 പേര് ആദിവാസികളും, ജനറൽ വിഭാഗത്തിൽ ഉള്ള കുട്ടിയും. അവിടേക്ക് 5 ടീച്ചർ മാരും ഒരു സഹായിയും ജീവനക്കാരായിട്ടുണ്ട്, അതിൽ നാലു അധ്യാപകരും, സഹായിയും ഈ ബസിൽ ആണ് വരുന്നത്. സ്ത്രീകളായ ഇവർക്ക് ഈ വനത്തിലൂടെ ഈ ബസിൽ മാത്രമേ വരാനും കഴിയു. പിന്നെ ഊരിൽ നിന്നും ചിലർ പണിക്കും, പഠനത്തിനും പട്ടണങ്ങളിലേക്കു വരുന്നതിനും പോകുന്നതിനും ഈ ബസിനെ ആശ്രയിച്ചാണ് വരുന്നതും പോകുന്നതും.

ചുരുക്കത്തിൽ ബസ് ഓടിക്കുന്നവർക്ക് ഒരു ലാഭവും ഇല്ല എന്നു മാത്രമല്ല. 71 ലിറ്റർ ഡീസൽ ദിവസവും ചിലവാകുന്നുണ്ട്. അതിനു ഇപ്പോഴത്തെ വിലയിൽ 4300 രൂപ എങ്കിലും വേണ്ടി വരും, 14.5 മണിക്കൂർ ജോലി ചെയ്യുന്നതിന് ഒന്നര ഡ്യൂട്ടി വീതം 3 ഡ്യൂട്ടി ജീവനക്കാർക്കും കൊടുക്കണം, പിന്നെ സ്ഥിരമായി 5500 നും 6000 നും ഇടയിൽ ആണ് വരുമാനം, അതിൽ ഏകദേശം 4000 രൂപ 2 തവണ പുൽപ്പള്ളി- ബത്തേരി സർവീസ് നടത്തുന്നത് കൊണ്ട് കിട്ടുന്നതാണ്.

ഞാൻ പറഞ്ഞു വന്നത് ഈ സർവീസ് നടത്തുന്നതിൽ മുതലാളി ആയ KSRTCക്കു ഒരു പൈസ ലാഭമില്ല എന്നു മാത്രമല്ല കനത്ത നഷ്ടം ആണ് പ്രത്യക്ഷത്തിൽ ഉള്ളത്. എന്നാൽ 89 ആദിവാസി കുട്ടികൾ അക്ഷരാഭ്യാസം നേടുന്നത് ആ അഞ്ച് അധ്യാപകരെ ഈ ബസ് കൊണ്ട് വരുന്നതും കൊണ്ട് പോകുന്നതും കൊണ്ടാണ്. നാളെ ആ 89 കുട്ടികൾ ജീവിതത്തിൽ ഉണ്ടാക്കുന്ന എല്ലാ നേട്ടങ്ങളും KSRTC യുടെ ലാഭമായി കണക്കാക്കാം. പുറത്തുപോയി ഉന്നത വിദ്യാഭ്യാസത്തിനായി പഠിക്കുന്ന മറ്റു ആദിവാസി സഹോദരങ്ങൾക്കും ഉണ്ടാകുന്ന നേട്ടങ്ങൾ KSRTC യുടെ ലാഭമാണ്. പണിക്കുപോയി കുടുംബം പുലർത്താൻ യാത്ര ചെയ്യുന്നവരുടെ വിശപ്പകറ്റാൻ സഹായിക്കുന്നതും KSRTC യുടെ ലാഭമാണ്.

ഇവിടേക്കുള്ള ആ കുട്ടിവണ്ടി പണത്തിന്റെ ലാഭ നഷ്ടങ്ങൾ നോക്കാതെ ആ കാട്ടിലൂടെ ഓടുമ്പോൾ ഒരുപാട് നേട്ടങ്ങൾ അതു അങ്ങോട്ടും ഇങ്ങോട്ടും നേടുന്നുണ്ട്. അങ്ങനെ ആയിര കണക്കിന് സർവീസുകൾ KSRTC ഈ വിധത്തിൽ നടത്തുന്നുണ്ട്.. 5000 സർവീസ് ഉള്ള KSRTC യിൽ 4000 നു അടുത്തു സർവ്വീസുകളും ഇത്തരം ലാഭങ്ങൾ ആണ് സമൂഹത്തിനു ഉണ്ടാക്കി കൊടുക്കുന്നത്, പക്ഷെ ഈ ലാഭം കൊണ്ട് ഡീസൽ വാങ്ങാനോ, ശമ്പളം കൊടുക്കാനോ, പെന്ഷന് കൊടുക്കാനോ ജീവനക്കാരന് യൂണിഫോം ,ഷൂ അലോവൻസ് കൊടുക്കാനോ പറ്റില്ല. പണത്തിന്റെ കണക്കു പറയുന്ന ലോകത്തു ഈ ലാഭങ്ങളെ പറ്റി എത്ര പ്രസംഗിച്ചാലും ആർക്കും മനസ്സിലാകില്ല.

ഈ റൂട്ടിലെ ബസ്സിന്‍റെ സമയവിവരങ്ങള്‍ അറിയുവാന്‍ CLICK HERE.

Credits: Siyadh H Pathanamthitta

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply