മധ്യ കേരളത്തിലെ തിരക്കേറിയ ഒരു ബസ് സ്റ്റാന്‍ഡ് ആണ് എറണാകുളം ജില്ലയിലെ അങ്കമാലി. വലിയ ഷോപ്പിംഗ് കോംപ്ലക്സ് ഒക്കെയുണ്ടെങ്കിലും അങ്കമാലി ബസ് സ്റ്റാന്റിന് ഒത്ത നടുവിൽ ഒരു കുഴി ഉണ്ട്. അപകടങ്ങൾ പലതായി. പരാതികളും. മൂടും മൂടും എന്ന് പറയുന്നതല്ലാതെ ഇതുവരെ ഒരു നടപടിയുമില്ല. ഇനി വല്ല മത്സ്യകൃഷി തുടങ്ങാൻ വേണ്ടി ഇട്ടിരിക്കുന്നതാണോ എന്തോ? അതല്ല, ചൂടുകാലം ആയതിനാൽ ഭൂഗര്‍ഭജലം ഇറങ്ങാൻ ഉള്ള സൗകര്യമാണെന്നും വാദിക്കുന്നവരുണ്ട്. എന്തായാലും ഡിപ്പോയില്‍ കയറുന്ന ബസുകള്‍ക്ക് ഈ കുഴി ഒരു ഭീഷണി തന്നെയാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരം-മണിപ്പാൽ സൂപ്പർ ഡീലക്സ് ആ കുഴിയിൽ ചാടി. ടയര്‍ കുഴിയില്‍ ചാടിയതിന്റെ ആഘാതത്തില്‍ ബസ്സിന്റെ ഫ്രണ്ട് ഗ്ലാസ് പൊട്ടി(വിരിഞ്ഞു. തകർന്ന് താഴെ വീണിട്ടില്ല). ഈ സമയം ബസ്സില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നു. ചില്ല് പൊട്ടിവീണ് ആളുകള്‍ക്ക് പരിക്കേറ്റിരുന്നെങ്കിലോ? ഇതിനൊന്നും മറുപടി പറയുവാന്‍ കെഎസ്ആര്‍ടിസിയിലെ ഒരു ഉദ്യോഗസ്ഥരും മുന്‍കൈ എടുക്കുന്നിലെന്നുള്ളതാണ് സത്യം.

ഇത്ര വലിയ ഒരു കുഴി കാലങ്ങളായി മൂടാൻ കഴിയാത്ത അങ്കമാലി ഡിപ്പോയിലെ ബഹുമാന്യനായ സ്റ്റേഷന് മാസ്റ്റര്‍ , ബസ് കുഴിയിൽ ചാടാൻ കാരണം ഡ്രൈവറിന്റെ കുറ്റം ആണെന്നും കുഴിക്ക് ഡിപ്പോ ഉത്തരവാദിത്വം ഏറ്റെടുക്കില്ല എന്നും അറിയിച്ചു. സർവീസ് മുന്നോട്ട് പോയാൽ ഗ്ലാസ്സിന്റെ കാശ് ഡ്രൈവറിന്റെ കയ്യിൽ നിന്നും പോകുമെന്നതിനാൽ അന്നത്തെ സർവീസ് താല്‍ക്കാലികമായി മുടക്കി. പിന്നാലെ വന്ന സുല്ല്യ വണ്ടിയിൽ കാസർഗോഡ്, മംഗലാപുരം യാത്രക്കാരെ കയറ്റി വിട്ടു. ഈ രണ്ടു വണ്ടികളിലും വലിയ ആളില്ലാത്തതിനാൽ സൗകര്യമായി. മംഗലാപുരം ഭാഗത്തേക്കുള്ള യാത്രക്കാർ കാസർഗോഡ് ഇറങ്ങി വേറെ വണ്ടിയിൽ കയറി പോയി. പലരും മൂന്നു ബസ്സുകള്‍ വരെ മാറിക്കയറിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയതത്രേ.

സംഭവം നടക്കുമ്പോള്‍ ബസ്സിലുണ്ടായിരുന്ന തോമസ് പീറ്റര്‍ എന്ന യാത്രക്കാരന് ഫേസ്ബുക്കില്‍ സംഭവം ചിത്രങ്ങള്‍ സഹിതം പോസ്റ്റ് ചെയ്തതോടെയാണ് ഇത് എല്ലാവരും അറിഞ്ഞത്. യാത്രക്കാരുടെയും സ്വന്തം ജീവനക്കാരുടെയും സുരക്ഷിതത്വത്തില്‍ ഒട്ടും വിലകല്‍പ്പിക്കാതെയുള്ള അധികാരികളുടെ ഈ മനോഭാവം എന്നു മാറും? ഈ പോസ്റ്റ് കണ്ടിട്ടെങ്കിലും ബന്ധപ്പെട്ടവര്‍ ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുമെന്ന് വിചാരിക്കുന്നു.
അപ്പോൾ അങ്കമാലി ഡിപ്പോയിലെ മൽസ്യക്കൃഷി-മഴവെള്ള സംഭരണി പദ്ധതിക്ക് ആനവണ്ടി ബ്ലോഗിന്റെ വക എല്ലാ ആശംസകളും നേരുന്നു. ആ കുഴി മൂടി പ്രകൃതിയെ നശിപ്പിക്കരുതെ എന്ന് അങ്കമാലി ഡിപ്പോയോട് അപേക്ഷിക്കുന്നു..
കടപ്പാട് – അഖില്‍ ജോയ്. , ചിത്രങ്ങള്‍ – തോമസ് പീറ്റര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ആനവണ്ടി ബ്ലോഗിന്റെയല്ല.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog