KSRTC യിലെ ‘തൊരടി പിടിച്ച’ ഹോട്ട് സീറ്റും പാവം കണ്ടക്ടറുടെ പെടാപ്പാടും…

പ്രണയത്തിനു കണ്ണും മൂക്കും ഇല്ലെന്നാണ് പറച്ചിൽ. അപ്പോൾ പ്രണയിക്കുന്നവർക്ക് സ്ഥലകാലബോധം ഇല്ലാതായാലോ? പറഞ്ഞു വരുന്നത് യഥാർത്ഥ പ്രണയത്തെക്കുറിച്ചല്ല, പൊതുസ്ഥലങ്ങളിൽ വെച്ച് ആരും കാണില്ലെന്ന വിശ്വാസത്തിൽ പ്രണയജോഡികൾ എന്ന പേരിൽ കാട്ടിക്കൂട്ടുന്നതിനെയാണ്. ഇത്തരത്തിൽ കാട്ടിക്കൂട്ടലുകൾ നടക്കുന്ന പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ബസ്സുകൾ. ബസ് ജീവനക്കാരിൽ പലരും ഇതൊക്കെ കണ്ടില്ലെന്നു നടിക്കാറാണ് പതിവ്. പക്ഷേ അത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്ത അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് മുൻകാല കെഎസ്ആർടിസി കണ്ടക്ടറും ഇപ്പോൾ വാട്ടർ അതോറിറ്റി ജീവനക്കാരിയുമായ പ്രിയ ജി. വാര്യർ. പ്രിയയുടെ അനുഭവക്കുറിപ്പ് നമുക്കൊന്നു വായിക്കാം.

“പ്രണയം ഹോട്ട്സീറ്റുകളിലേക്കാവാതെ ഹൃദയം നിറഞ്ഞ മനസ്സുകളിലേക്കാവട്ടെ… സിനിമകളിലെ പ്രണയം, കഥകളിലെ പ്രണയം ഇവയൊക്കെ കണ്ടിരിക്കാനും കേട്ടിരിക്കാനും നല്ല ചന്താണ്. നേരിട്ടും നമുക്ക് കാണാൻ പറ്റും കൈ ചേർത്ത് പിടിച്ച് നടക്കുന്ന പ്രണയിനികളെ.. അവർ കൈകൾ ചേർത്ത് പിടിച്ച് പ്രണയിനിയുടെ മനസ്സിനോളം ശരീരത്തേയും ബഹുമാനിച്ചു നടക്കുന്നത് കാണുമ്പോൾ നമുക്ക് തന്നെ ഒരിഷ്ടം തോന്നും.. പക്ഷെ സിനിമകളിലെ പ്രണയം ജീവിതത്തിലേക്കെടുക്കാതെ സെൻസർ ചെയ്യണം. മനസ്സിലാന്തലേറിയ ഒരു പ്രണയദിനം പറയാം..

കണ്ടക്ടർ സീറ്റിന് തൊട്ട് ബാക്കിലൊരു ബാക്കിലൊരു ഹോട്ട് സീറ്റുണ്ട്. അവിടെ പ്രണയിതാക്കൾ വന്നിരിക്കുമ്പോൾ ഉള്ളിലൊരു ഭയം വരും. ഒന്നുകൊണ്ടുമല്ല.. പ്രണയം കൈകളിൽ നിന്ന് ശരീരത്തിലേക്ക് വരുമ്പോൾ നമുക്കവരെ ഒന്നിൽ കൂടുതൽ തവണ നോക്കാൻ സാധിക്കില്ല. നിശബ്ദമായി ഇരിക്കാനും കഴിയില്ല. ആ പെൺകുട്ടിയിൽ ഞങ്ങൾ കാണുന്നത് കുടുംബത്തിലുള്ള, നാട്ടിലുള്ള പെൺകുട്ടിയുടെ മുഖമായിരിക്കും. മുഖസാമ്യം ഒട്ടുമില്ലങ്കിലും. ഞങ്ങളീ കണ്ടക്ടർമാർ ഇങ്ങനൊരു സംഭവം ണ്ടേൽ ആദ്യം പോയി പറയ ഡ്രൈവറോടായിരിക്കും. സഹയാത്രികർ അസഹ്യമായ കാഴ്ചകളിൽ സ്വകാര്യമായി പരാതി പറയുന്നത് പരിഗണിക്കാൻ ശ്രമിക്കാറുണ്ട്.

ഒരുപാടു പേരുള്ള ബസിനകത്ത് ആ സീറ്റിൽ അവർ കേറിയിരുന്ന് എന്ത് ചെയ്യാനാന്നുള്ള ചോദ്യം വന്നേക്കാം. എന്തും ചെയ്യാം. മനസ്സിനേക്കാൾ ശരീരത്തെ സ്നേഹിക്കുന്നവർക്ക്.. വികാരങ്ങൾ അടക്കി വെക്കാനറിയാത്തവർക്ക്.. ഇങ്ങനെയുള്ള പെൺകുട്ടികളെ ശ്രദ്ധിച്ചിട്ടുണ്ട്.. ഒന്ന് പുരികം ത്രഡ് പോലും ചെയ്യാത്തവർ.. വിവരിക്കാൻ വയ്യ… അവരോട് നമുക്കൊന്നും പറയാനോ രണ്ടാമതൊരു നോട്ടം നോക്കാനോ സാധിക്കില്ല. കാരണം അവർ നമ്മളെയൊരു ശത്രുവായിട്ട് കാണും.

ചിലതൊക്കെ കണ്ടില്ലെന്ന് നടിക്കണം എന്ന് പറയുമ്പോൾ കണ്ടില്ലെന്ന് നടിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഒരിക്കൽ ഇങ്ങനെ ഷട്ടർ താഴ്ത്തി ബാക്ക് സീറ്റിൽ കയറിയിരിക്കുന്ന പ്രണയിതാക്കളിലെ പെൺകുട്ടിയോട് ചോദിക്കേണ്ടി വന്നിട്ടുണ്ട്. ” അല്ല മോളേ..ചേച്ചിയെന്തു പറയുന്നു?ഓൾക്കിപ്പൊ സുഖല്ലേ?” ഈ ചോദ്യം ഒന്നവൾ ശ്രദ്ധിക്കും. കാരണം ഏതൊരു പെൺകുട്ടിക്കും എവിടേങ്കിലും ഒരു ചേച്ചിയുണ്ടാകുമല്ലോ. കുടുംബത്തിലോ സ്വന്തായോ. “അല്ലാ… ചേച്ചിയെ അറിയുമോ?” “മം… അറിയാതെ പിന്നെ….” പ്രണയിതാവിനേക്കാൾ ഞാനപ്പൊ എടുത്തിട്ട പോയന്റിൽ വീണെന്നുറപ്പാക്കിയാൽ തൊട്ട് മുന്നിലുള്ള എന്റെ കണ്ടക്ടർ സീറ്റിൽ ഒരു തോഴിയെ പോലെ ഞാൻ വന്നിരിക്കും…

ഉടനെ എന്റ തൊട്ടടുത്ത് കാണാൻ രാജകുമാരിയെ പോലുള്ള ആരുടേയോ പെങ്ങളായ അവൾ വന്നിരിക്കും. ഞാനിങ്ങനെ വെറുതെ ഓരോ വിശേഷങ്ങൾ ചോദിക്കും. ചോദിച്ച് ചോദിച്ച് വരുമ്പോൾ മനസ്സിലാക്കാം അവൾടെ ഉള്ളിൽ ആ വ്യക്തിയോട് ആഴത്തിലിറങ്ങിയ പ്രണയമാണെന്ന്. പ്രണയം ആത്മാർത്ഥമാകുമ്പോൾ ശരീരം അതിലെങ്ങനെ ഘടകമാവും എന്ന് ചോദിച്ചാൽ നിറഞ്ഞ കണ്ണുകളായിരിക്കും മറുപടി. പ്രണയം ഉണ്ടാവട്ടെ. ഇനിയുമിനിയും മനസ്സുകൾ തമ്മിലടുത്ത് ശരീരത്തിന് പ്രാധാന്യമില്ലാതെ പ്രണയിക്കട്ടെ… ഹൃദയം നിറഞ്ഞ സ്നേഹമായി തീരട്ടെ..”

തൊരടി പിടിച്ച = ‘ബുദ്ധിമുട്ടുണ്ടാക്കുന്ന’ എന്നാണു അർത്ഥം.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply