തിരുവനന്തപുരം – തെന്മല – കുറ്റാലം – പാപനാശം ബൈക്ക് ട്രിപ്പ് !!

പണ്ടൊരിക്കൽ തിരുവനന്തപുരത്തു നിന്നും കുറ്റാലം വരെ നടത്തിയ ഒരു ബൈക്ക് യാത്രയാണ് വീണ്ടും ഈറൂട്ടിൽ ഒരു യാത്ര കൂടെ ചെയ്യാൻ ഉള്ള പ്രചോദനം. കേരളത്തിന്റെയും തമിഴ്നാടിന്റേയും നിഷ്കളങ്കമായ ഗ്രാമീണ സൗന്ദര്യവും കാടും മലയും നദികളും വെള്ളച്ചാട്ടവും എല്ലാം ഒരൊറ്റ യാത്രയിൽ ആസ്വദിച്ചറിയാൻ പറ്റിയ ഒരു ട്രിപ്പ് .

ദീപാവലി ദിവസം പുലർച്ചെ 6 മണിക്ക് കഴക്കൂട്ടത്തുനിന്നു ഞങ്ങൾ മൂന്നുപേർ 2 ബൈക്കിലായി യാത്ര തുടങ്ങി. ആദ്യം തന്നെ ഫുൾ ടാങ്ക് പ്രട്രോൾ അടിച്ചു. ആദ്യം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിന്റെ ക്യാന്റീലേക്കു.നെടുമങ്ങാട് വഴിയുള്ള യാത്ര പ്ലാൻ ചെയ്യുമ്പോളെല്ലാം ബ്രേക്‌ഫാസ്റ് ഇവിടുന്നാണ്. നല്ല നാടൻ ഭക്ഷണവും സ്വാദുള്ള ചായയും.ഇത് കഴിഞ്ഞാൽ പിന്നെ നെടുമങ്ങാട്-തെന്മല റൂട്ടിൽ അതിരാവിലെ നല്ല ഭക്ഷണം കിട്ടുന്ന കടകൾ കുറവാണു. പോത്തൻകോട് – വെമ്പായം വഴി നെടുമങ്ങാട് വരെ എങ്ങും നിറുത്താത്തെ യാത്ര തുടർന്നു . മഞ്ഞു മൂടിയ റോഡും അതിരാവിലെ ഉള്ള ഗ്രാമക്കാഴ്ചകളും ഈ റൂട്ടിലൂടെ ഉള്ള ബൈക്ക് യാത്രയുടെ ത്രില്ല് കൂട്ടും.

വെഞ്ഞാറമൂട് വഴി ആയ്യൂർ വരെ ഹൈവേയിലൂടെ യാത്ര ചെയ്തു കുളത്തുപ്പുഴ വഴി തെന്മല എത്താം.എന്നാലും നെടുമങ്ങാട് – പാലോട് -അരിപ്പ വഴി കുളത്തുപ്പുഴ എത്തുന്ന ഈ റൂട്ട് ആണ് ഒരു ബൈക്ക് യാത്രയുടെ സുഖം അനുഭവിക്കാൻ ശെരിക്കും നല്ലതു. നെടുമങ്ങാട് നിന്ന് ഒരു ചായ കുടിച്ചു വീണ്ടും യാത്ര തുടർന്നു. മൊബൈൽ gps ഉണ്ടെകിലും നാട്ടുകാരുമായി സംസാരിച്ചു വഴി ചോദിച്ചു പോകുന്ന ഒരു സുഖം വേറെയാണ്. പാലോട് കഴിഞ്ഞാൽ പിന്നെ കാടാണ്. പിന്നെ അരിപ്പ കഴിഞ്ഞു കുളത്തുപ്പുഴ എത്തിയാൽ വീണ്ടും ഗ്രാമങ്ങളാണ്. ഇരു വശവും റബര് മരങ്ങളും തേക്കിൻ കാടും പിന്നെ നല്ല കാടും പുഴകളും കണ്ടും ആസ്വദിച്ചും ഉള്ള ഈ യാത്രയുടെ സുഖം ഈ റൂട്ടിൽ യാത്ര ചെയ്തു തന്നെ അറിയണം. മഴയുള്ള സമയമായതിനാൽ നല്ല പച്ചപ്പുണ്ടായിരുന്നു എല്ലായിടത്തും.

80 KM യാത്ര ചെയ്തു തെന്മല എത്തി. അവിടുന്ന് lookout ലേക്ക് പോയി. 20km ഇടത്തോട്ട് യാത്രചെയ്യണം ഇവിടെ എത്താൻ. ഡാമിന്റെ നല്ലൊരു വ്യൂ ഇവുടത്തെ ടവർ കയറിയാൽ കിട്ടും. അടുത്തുള്ള കടയിൽ നല്ല മോര് സോഡയും. അവിടുന്ന് വീണ്ടും ചെങ്കോട്ടയ്ക്കു യാത്ര തുടങ്ങി. പാലരുവിയും,Shendurney Wildlife Sanctuary യും ഈ റൂട്ടിൽ തന്നെയാണ്. ഇടയ്ക്കു തിരിഞ്ഞു റോസ്മലയിലേക്കും പോകാം. തെന്മല കഴിഞ്ഞാൽ ചെങ്കോട്ട വരെ ശ്രദ്ധിച്ചു ഡ്രൈവ് ചെയ്യണം. ഹെയർപിൻ വളവുകളും കയറ്റവും ഇറക്കവുമൊക്കെ ഉള്ള റോഡ് ആണ്.

ചെങ്കോട്ട കഴിഞ്ഞു തമിഴ്നാട് തുടങ്ങി . ഇരുവശത്തും വയലുകളും ചെറിയ ഗ്രാമങ്ങളും പഴയ TVS 50 യും ഓട്ടോറിക്ഷകളും ഒക്കെ ആയി ശെരിക്കും ഒരു തമിഴ്നാട് ഫീൽ. തെങ്കാശി കാറ്റ് എന്താണെന്നു ഇവിടുത്തെ റോഡിൽ ബൈക്ക് ഓടിക്കുമ്പോൾ അറിയാം. ഉച്ചയൂണിന്റെ സമയം ആയപ്പോൾ തെങ്കാശി എത്തി.

പ്രസിദ്ധമായ ബോർഡർ ചിക്കൻ കടയിൽ നിന്നും ബിരിയാണിയും കാട ഫ്രയും. പിന്നെ കുറ്റാലത്തേക്കു യാത്ര തുടർന്നു. വലുതും ചെറുതുമായി ഒരുപാടു വെള്ളച്ചാട്ടങ്ങൾ ഉണ്ട്. ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആണ് ഇവിടെ. ഇപ്പൊ തന്നെ 130 KM ആയി. അവിടുന്ന് കുളികഴിഞ്ഞു പാപനാശം വരെ പോകാമെന്നായി. വീണ്ടും ഒരു 30 KM തെങ്കാശി ഗ്രാമങ്ങളിലൂടെ യാത്ര തുടർന്നു . അംബാസമുദ്രം റൂട്ടിലൂടെ യാത്ര ചെയ്തു വൈകുന്നേരം പാപനാശം ഡാമിലെത്തി അവിടുത്തെ വെള്ളച്ചാട്ടത്തിൽ നന്നായി ഒന്ന് കുളിച്ചു. അപ്പോഴേക്കും രാത്രിയായി.

പിന്നെ തിരിച്ചുള്ള യാത്ര. തെന്മലയും കുളത്തുപ്പുഴയും വഴി രാത്രി മൂടൽമഞ്ഞിൽ കാടിനുള്ളിലൂടെ ഉള്ള യാത്ര ഒരു സാഹസമായിരുന്നു.പോരാത്തതിന് ദീപാവലി ആയതു കാരണം റോഡിൽ ഇരുവശത്തും പടക്കം പൊട്ടിക്കലും. കുളത്തുപ്പുഴയിൽ നിന്നും ആയ്യൂർ വഴി ഹൈവേ യിൽ കയറി. പിന്നെ നേരെ കഴക്കൂട്ടം. രാത്രി തിരുവനന്തപുരത്തെ തട്ടുകടയിൽ നിന്ന് ചൂട് ദോശയും രസവടയും കട്ടനും കഴിക്കുമ്പോൾ 340 KM ബൈക്ക് യാത്രയുടെ ക്ഷീണം അറിയാതിരിക്കാനുള്ള അത്രയും അനുഭവങ്ങൾ ഈ യാത്ര ഞങ്ങൾക്ക് തന്നു.

വിവരണം – രാജേഷ്‌ കൃഷ്ണന്‍

Check Also

മലയൻകീഴിലെ മിന്നൽ ഹോട്ടൽ – ശ്രീജയുടെ വിശേഷങ്ങൾ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ …

Leave a Reply