കനത്ത ചൂടില്‍ നിന്നും കുറച്ചു ആശ്വാസം വേണോ ?. എങ്കില്‍ നേരെ വണ്ടി വിട്ടോ കോതമംഗലം ഊഞ്ഞാപാറക്ക് , എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച പടങ്ങളും വിവരണങ്ങളും ആണ് പുറം ദേശങ്ങളിൽ നിന്നുപോലും നിരവധി സഞ്ചാരികളായ കുളി പ്രേമികളെ ഊഞ്ഞാപ്പാറ കനാലിലിൽ മനം നിറയെ കുളിക്കുവാൻ ഇവിടെ എത്തിക്കുന്നത്. ഭൂതത്താന്‍കെട്ടു ഡാമില്‍ നിന്നും വെള്ളം കൊണ്ട് പോകുന്ന ഒരു അക്യുഡേറ്റ് ആണ് ഇപ്പോൾ നാട്ടിലെ താരം . നട്ടുച്ചയ്ക്ക് പോലും നല്ല തണുപ്പ് , കൂട്ടിന് പാടത്തിന്റെ വിശാലതയും, കമുകിന് തോപ്പിന്റെ ശീതള തണലും.. എത്ര സമയം വേണേലും ഈ വെള്ളത്തില്‍ കിടന്നുപോകും ഒന്നിറങ്ങി കഴിഞ്ഞാല്‍. കോതമംഗലം ടൗണിൽ നിന്നും 7 k m ഉള്ളു ഇവിടെ എത്തിച്ചേരാന്‍ എന്നുള്ളതും കനാലിന്റെ ആകർഷകമാക്കുന്നു .
കോതമംഗലം – തട്ടേക്കാട് റോഡില്‍ കീരംപാറ കഴിഞ്ഞ് 1 k m പിന്നിടുമ്പോള്‍ വലതു വശത്തെക്കുള്ള വഴി തിരിഞ്ഞാല്‍ അതായതു നാടുകാണിക്കുള്ള വഴിയെ 100 മീറ്റര്‍ ചെന്നാല്‍ കനാൽ എത്തി. കുട്ടികളുമായി എത്തുന്ന കുടുംബങ്ങളും അവിടേക്ക് ഒഴുകിയെത്തുന്നുണ്ട്. പെരിയാർവാലിയുടെ മെയിൻ കനാലുകളും ബ്രാഞ്ചു കനാലുകളും വിവിധ മേഖലകളിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും അവയൊന്നും സഞ്ചാരികളെ ആകർഷിക്കുന്നില്ല. കാരണം ആഴമുള്ള കനാലുകളിൽ നീന്തൽ വശമില്ലാത്തവർക്ക് സുരക്ഷിതമായി കുളിക്കാൻ കഴിയില്ല.
കഴുത്തറ്റം വെള്ളം മാത്രമുള്ള ഇവിടെ ആർക്കും എപ്പോൾ വേണമെങ്കിലും സുരക്ഷിതമായി കുളിക്കാം എന്നതാണ് ഇതിനെ കൂടുതൽ ആകർഷകമാക്കുന്നത് . ഊഞ്ഞപാറ അക്യുഡേറ്റില് വന്ന് മനസും ശരീരവും ആവോളം തണുപ്പിച്ച് തിരിച്ചു പോകാം , പോകും വഴി കീരംപാറയില്‍ നിന്ന് ഒരു പ്ലേറ്റ് കോതമംഗലത്തിനറെ തനത് ഏഷ്യാഡ് കൂടി കഴിച്ചാല്‍ മറക്കാനാകാത്ത ഒരു വീക്ക്ന്ഡ് ട്രിപ്പ്ന്റെ കുളിര്‍മ്മ കുറച്ചുകാലം മനസ്സില്‍ സൂക്ഷിക്കാം.
സഞ്ചാരികൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നെൽകികൊണ്ട് നാട്ടുകാരനായ ജോസഫ് രഞ്ജിത് എഴുതിയ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധനേടിയിരുന്നു , ഇവിടെ വന്നു കുളിക്കുന്നതിൽ നാട്ടുകാരായ ഞങ്ങൾക്ക് ഏറെ സന്തോഷം മാത്രമാണ് ഉള്ളു…ഈ വേനലിൽ നിങ്ങൾ ഇവിടെ വന്നു കുളിരണിയുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ.
1.സഞ്ചാരികൾ ദയവ് ചെയ്ത് ഊഞ്ഞാപ്പാറയിൽ നിന്ന് നാടുകാണി പോകുന്ന മെയിൻ റൂട്ടിലൂടെ മാത്രം അക്വഡക്റ്റിൽ എത്തുക..ഇറിഗേഷൻ പമ്പിന്റെ സൈഡിലൂടെ ഉള്ള കനാൽ ബണ്ട് റോഡ് ഒഴിവാക്കുക..കാരണം ഒരു കാറിനു മാത്രം കഷ്ടി പോകാൻ വീതി ഉള്ള വഴിയിൽ നിങ്ങൾ വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുമ്പോൾ കനാൽ ബണ്ട് റോഡ് ബ്ലോക്ക് ആവുകയും നിവാസികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു.
2. നിങ്ങൾ മെയിൻ റോഡിലൂടെ പോയി വാഹങ്ങൾ അവിടെ അവിടെ ഉള്ള വീടുകളിലേക്കു ഉള്ള റോഡ് മറച്ചു പാർക്ക് ചെയ്യാതെ ഇരിക്കുക..
3. മെയിൻ റോഡിന്റെ ഒരു വശത്തു ഒതുക്കി മറ്റു വാഹനങ്ങൾ പോകത്തക്ക വിധം പാർക്ക് ചെയുക.
4. നിങ്ങൾ അവിടെ വരുമ്പോൾ നിവാസികളോട് മാന്യമായി പെരുമാറുക.
5. അക്വഡക്റ്റിന്റെ വശങ്ങളിൽ ഇരുന്നുള്ള മദ്യപാനം ഒഴിവാക്കുക..സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബം അതിന്റെ വശങ്ങളിലായി താമസിക്കുന്നു.
6.ദയവ് ചെയ്ത് അക്വഡക്റ്റിൽ നിന്ന് താഴെ ഉള്ള പാടത്തിലേക്കും തോട്ടിലേക്കും ചാടാതെ ഇരിക്കുക.പാറകളും കല്ലുകളും നിറഞ്ഞതാണ്..അപകടം ക്ഷണിച്ചു വരുത്താതെ ഇരിക്കുക..
7.ബിയർ കുപ്പികൾ ;പ്ലാസ്റ്റിക് കുപ്പികൾ തുടങ്ങിയ മാലിന്യങ്ങൾ വഴിയരികിലും കാനാലിലും നിക്ഷേപിക്കാതെ ഇരിക്കുക. നമ്മൾ സഞ്ചാരികൾ മാത്രം അല്ല പ്രകൃതി സംരക്ഷകരുമാണ്.
8. സ്ഥലനിവാസികളോട് മാന്യമായി പെരുമാറുക..അവരുടെ വാക്കുകൾ ചെവികൊള്ളുക..കാരണം നിങ്ങളെക്കാൾ അവർ അവിടെ സുപരിചിതർ ആണ്..
9.രാത്രികാലങ്ങളിൽ ഉള്ള ഒച്ചപ്പാടുകളും ആഘോഷവും ഒഴിവാക്കുക..നിങ്ങൾ സഞ്ചാരികൾ ആണെങ്കിലും രാവന്തിയോളം പണിതു ക്ഷീണിച്ചു വരുന്ന കൂലിവേലക്കാരും കർഷകരും ആണ് ഇവിടെ ഇരുവശങ്ങളിലും താമസിക്കുന്നത്.
കോതമംഗലം ബസ് സ്റ്റാന്‍ഡില്‍ നിന്ന് തട്ടേക്കാട് ബസില്‍ കയറി ഊഞ്ഞപ്പാറയിലേക്ക് ടിക്കറ്റ് എടുത്താല്‍ ലക്ഷ്യസ്ഥാനത്തെത്താം. ഒമ്പതു രൂപയാണ് ടിക്കറ്റ്. കോതമംഗലത്ത് നിന്ന് എട്ടു കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. കീരംപാറ എന്ന ചെറിയ ടൗണ്‍ കഴിഞ്ഞ് ഒരു കിലോമീറ്റര്‍ കൂടി കഴിഞ്ഞാല്‍ ഊഞ്ഞാപ്പാറയെത്തി. ബസിറങ്ങി ആരോടും ചോദിക്കണമെന്നൊന്നുമില്ല, രണ്ടു മിനിറ്റ് നടന്നാല്‍ അക്യൂഡക്റ്റ് ആയി. സഞ്ചാരികളെ സുസ്വാഗതം.. നിങ്ങളുടെ സഹകരണം ആണ് ഞങ്ങളുടെ സന്തോഷം. വരുക കുളിക്കുക സന്തോഷം ആയി തിരിച്ചു പോവുക.
കടപ്പാട് – കോതമംഗലം വാര്‍ത്ത, ചിതങ്ങള്‍ക്ക് കടപ്പാട്..