ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍മീഡിയോ സൈറ്റാണ് ഫെയ്സ്ബുക്ക്. നമ്മുടെയൊക്കെ ജീവിതത്തിലെ സ്വകാര്യമായത് അടക്കം പല വിവരങ്ങളും അടങ്ങിയ ഫെയ്സ്ബുക്ക് അക്കൗണ്ട് എത്രമാത്രം സുരക്ഷിതമാണെന്ന സംശയം പലപ്പോഴും നമുക്ക് ഉണ്ടാവാറുണ്ട്.
അത്കൊണ്ട് തന്നെ പലപ്പോഴും ഫെയ്സ്ബുക്ക് അക്കൗണ്ട് കഴിയുന്നത്രയും സുരക്ഷിതമാക്കാനുളള വഴി നമ്മള് നോക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ അക്കൗണ്ട് സുരക്ഷിതമാക്കാനുളള ഒരു വഴി എന്ന പേരില്‍ ഒരു പ്രചരണം ഉയര്‍ന്നിരുന്നു. BFF എന്ന് ടൈപ്പ് ചെയ്താല്‍ നിങ്ങളുടെ അക്കൌണ്ട് സുരക്ഷിതമാണോയെന്ന് അറിയാമെന്നായിരുന്നു പ്രചരണം.
BFF എന്ന് ടൈപ്പ് ചെയ്താല്‍ നിങ്ങളുടെ ഫേസ്ബുക്ക് പേജ് ആരെങ്കിലും ഹാക്ക് ചെയ്തിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയുമെന്നായിരുന്നു പ്രചരണം. എന്നാല്‍ പ്രചരണം നടത്തിയവരുടെ പേജിന്റെ റീച്ച് കൂട്ടാനുള്ള തന്ത്രം മാത്രമായിരുന്നു ഇത്. പ്രത്യേകിച്ച് മുടക്കൊന്നുമില്ലാത്തതുകൊണ്ട് തന്നെ ഇത് പരീക്ഷിച്ച് കബളിപ്പിക്കപ്പെട്ട മലയാളികള്‍ ആയിരങ്ങളാണ്. BFF എന്ന് കമന്റ് ബോക്സില്‍ ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ പച്ച നിറത്തില്‍ തെളിഞ്ഞാല്‍ നിങ്ങളുടെ അക്കൌണ്ട് സുരക്ഷിതമാണെന്നും അതല്ലെങ്കില്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പാസ്വേഡ് ഉടന്‍ മാറ്റാനുമായിരുന്നു സന്ദേശം. കണ്ടവരും കേട്ടവരും ഇതിന്റെ വസ്തുത അന്വേഷിക്കാതെ പരീക്ഷിച്ചുനോക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ഫേസ്ബുക്കില്‍ ടെക്സ്റ്റ് ഡിലൈറ്റ് എന്ന ഫീച്ചര്‍ മാത്രമായിരുന്നു ഇത്. BFF എന്ന് ആര് ടൈപ്പ് ചെയ്താലും അത് പച്ച നിറത്തില്‍ തന്നെയാണ് പ്രത്യക്ഷപ്പെടുക. ഉമ്മ, അഭിനന്ദനം തുടങ്ങിയ വാക്കുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ നിറം മാറുന്നതു പോലെയുള്ള ഫീച്ചര്‍ തന്നെയായിരുന്നു BFF ഉം.
കടപ്പാട് – iemalayalam.com