നിപ്പ ‘തട്ടിയെടുത്ത’ ലിനി സിസ്റ്റർക്ക് ആദരവുമായി ഒരു കെഎസ്ആർടിസി ബസ്…

ലിനി സിസ്റ്റർ മലയാളികളുടെയുള്ളിൽ ഇന്നും ഒരു വിങ്ങലാണ്. കേരളത്തില്‍ ഭീതി പടര്‍ത്തിവരുന്ന നിപ്പ വൈറസ് ബാധിതരെ പരിചരിച്ചതിലൂടെ അസുഖം ബാധിച്ച് മരണപ്പെട്ട നഴ്‌സ് ലിനി സജീഷിന്റെ ആത്മാര്‍ത്ഥത ആതുര സേവനത്തിന്റെ ചരിത്ര ലിപികളിൽ എഴുതിക്കഴിഞ്ഞു.സ്വന്തം ജീവനും, തന്റെ കുട്ടികളുടെ സുരക്ഷപോലും അവഗണിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി പൊരുതിയ ലിനി മലയാളി സമൂഹത്തിന്റെ ദൃഷ്ടിയില്‍ എന്നും ഒരു സ്‌നേഹത്തിന്റെ മാലാഖയായി നിലകൊള്ളുമെന്നതില്‍ സംശയമില്ല.

ഇപ്പോഴിതാ ലിനി സിസ്റ്റർക്ക് ആദരവോടെ ഒരു KSRTC ബസ്സും.. KSRTC യുടെ കരുനാഗപ്പള്ളി ഡിപ്പോയിലെ RSK 447 എന്ന സൂപ്പർ ഫാസ്റ്റ് ബസ്സാണ് ഇത്തരത്തിൽ വ്യത്യസ്തത പുലർത്തി സർവ്വീസ് നടത്തുന്നത്. ബസ്സിന്റെ ഗ്ലാസ്സിൽ ഒരു ഭാഗത്ത് “ഭൂമിയിലെ മാലാഖയ്ക്ക് സ്വർഗ്ഗത്തിലെ മാലാഖമാർ സ്വാഗതമരുളട്ടെ” എന്ന വാചകവും ഒപ്പം ലിനിയുടെ ഒരു ഛായാ ചിത്രവും പതിച്ചിട്ടുണ്ട്. ഒപ്പം തന്നെ പ്രസ്തുത ബസ്സിന്‌ ‘ഭൂമിയിലെ മാലാഖ’ എന്ന പേരും നൽകി. ഈ പേര് മുൻ ഭാഗത്ത് എഴുതി വെച്ചിട്ടുമുണ്ട്. കരുനാഗപ്പള്ളി KSRTC ഡിപ്പോ കേന്ദ്രീകരിച്ചുള്ള KSRTC ബസ് ആരാധകരും ചില ജീവനക്കാരും ചേർന്നാണ് ഇത്തരത്തിൽ സമൂഹത്തിനു മാതൃകയാകുന്ന ഈ ഒരു നല്ല കാര്യം ചെയ്തത്.

ഇതോടെ കരുനാഗപ്പള്ളി ഡിപ്പോയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്. കരുനാഗപ്പള്ളിയിലെ ആനവണ്ടി ആരാധകർക്ക് ‘KSRTC Karunagappally’ എന്നൊരു ഫേസ്‌ബുക്ക് പേജും നിലവിലുണ്ട്. കരുനാഗപ്പള്ളി ഡിപ്പോയുടെയും KSRTC യുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരും ജീവനക്കാരും അടങ്ങിയതാണ് ടീം KSRTC KNPY ഫാൻസ്. ഇവരുടെ ലക്ഷ്യം ഒന്നേ ഉള്ളു, KSRTC യെ കൂടുതൽ ജനഹൃദയങ്ങളിലേക്ക് എത്തിക്കുക. ഇവർ ചെയ്ത ഒട്ടേറെ മാതൃകാപരമായ പ്രവർത്തനങ്ങളെ കണക്കിലെടുത്ത് ദിവസങ്ങൾക്ക് മുൻപ് ഡിപ്പോ അധികൃതരുടെ നേതൃത്വത്തിൽ ഇവരെ ആദരിച്ചിരുന്നു. അങ്ങനെ നമ്മുടെയെല്ലാം സഹോദരിയായ ലിനി സിസ്റ്ററുടെ ഓർമ്മയ്ക്കായി RSK 447 എന്ന ‘ഭൂമിയിലെ മാലാഖ’ നിരത്തിലൂടെ ഓടിക്കൊണ്ടിരിക്കുകയാണ്. എവിടെയെങ്കിലും വെച്ച് ഇ ബസ് നേരിൽ കാണുവാനിടയായാൽ മനസ്സുകൊണ്ടൊരു സല്യൂട്ട് നൽകണം. നമുക്ക് അങ്ങനെയെങ്കിലും ആദരിക്കാം ഓർ കൂട്ടം നന്മ നിറഞ്ഞ ആളുകളുടെ ഈ മാതൃകാപരമായ പ്രവൃത്തിയെ.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു ലിനി. രോഗം ബാധിച്ച് എത്തിയ മുഹമ്മദ് സാബിത് എന്നയാളിൽ നിന്നുമാണ് ലിനിയ്ക്ക് നിപ പകർന്നതെന്നു കരുതപ്പെടുന്നു.ലിനി സിസ്റ്ററുടെ വേർപാടോടെ ഒത്തിരി സംഘടനകളും ആളുകളുമാണ് സിസ്റ്റർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നിപ്പ വൈറസ് ബാധയിൽ, ആരോഗ്യ മേഖലയിൽനിന്നുള്ള ആദ്യ രക്തസാക്ഷിയായ ലിനിക്ക് ലോകപ്രശസ്ത വാരികയായ ദി ഇക്കണോമിസ്റ്റ് പുതിയ ലക്കത്തിൽ ആദരമർപ്പിച്ചിരുന്നു. മരണക്കിടക്കയിൽ നിന്ന് ഭർത്താവ് സജീഷിന് എഴുതിയ വികാരനിർഭരമായ കത്തുൾപ്പെടെയായിരുന്നു ഇക്കണോമിസ്റ്റിലെ ഓർമക്കുറിപ്പ്. ഇതാദ്യമായാണ് ഒരു മലയാളി ഈ പംക്തിയിൽ പരാമർശിക്കപ്പെട്ടത്. അതിനെ തുടർന്ന് ലോകാരോഗ്യസംഘടന ലിനിയുടെ നിസ്വാർത്ഥമായ സേവനത്തെ പുകഴ്ത്തുകയുണ്ടായി. ‘ഇന്ത്യയുടെ ഹീറോ’ എന്നാണ് ലോക മാധ്യമങ്ങളും ലോകാരോഗ്യ സംഘടനയും നമ്മുടെ ലിനി സിസ്റ്ററെ വിശേഷിപ്പിച്ചത്.

കോഴിക്കോട് ജില്ലയിലെ ചെമ്പനോട എന്ന ഗ്രാമത്തിലാണ് ലിനി ജീവിച്ചിരുന്നത്. ഭർത്താവ് സജീഷ് ബഹ്റൈനിലാണ് ജോലി ചെയ്തിരുന്നത്. മക്കൾ റിതുൽ, സിദ്ധാർത്ഥ്. സ്വന്തം അമ്മയ്ക്ക് അന്ത്യചുംബനം നല്കാൻ പോലും വിധി ഈ കുരുന്നുകളെ അനുവദിച്ചില്ല. ഏറ്റവും പ്രിയപെട്ടവർക്ക് അവസാനമായി ഒരു നോക്ക് കാണാൻ പോലും ആകാതെയാണ് ആ ഇലക്ട്രിക് ശ്മശാനത്തിൽ ലിനി എരിഞ്ഞടങ്ങിയത്. KSRTC ബസ്സിൽ ആദരവോടെ എഴുതിയിരിക്കുന്നതു തന്നെയാണ് ഇപ്പോൾ നമുക്കും പറയാനുള്ളത് “ഭൂമിയിലെ മാലാഖയ്ക്ക് സ്വർഗ്ഗത്തിലെ മാലാഖമാർ സ്വാഗതമരുളട്ടെ..”

ചിത്രങ്ങൾക്ക് കടപ്പാട് – അജിൻ, KSRTC KARUNAGAPPALLY FB PAGE.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply