ഫാമിലി സ്റ്റോറിയാണ്, അത്കൊണ്ട് നോർമൽ ഗോവകഥകൾ പ്രതീക്ഷിച്ചു വായിച്ചു നിരാശപെടുന്നതിനു എനിക്ക് ഉത്തരവാദിത്യമില്ല. ഒരു ഒഫീഷ്യൽ കാര്യത്തിന് ഗോവയിൽ പോകണ്ട കാര്യം വന്നു. വീട്ടിൽ പറഞ്ഞപ്പോൾ അമ്മ ചോദിച്ചു ഞങ്ങളെയും കൂട്ടുമോ? ഗോവ എന്നാലോചിക്കുമ്പോൾ തന്നെ ബാച്ലർ ലൈഫ് ആണ് മനസ്സിൽ വന്നത്. ഇവര് വന്നിട്ട് എന്ത് കാണാനാണ് എന്നാ ആദ്യം മനസ്സിൽ തോന്നിയത്. പിന്നെ ഒടുക്കത്തെ ചൂടും.
നിരുത്സാഹപ്പെടുത്താൻ ന്യായങ്ങൾ നിരത്തിയപ്പോൾ അമ്മ ഒരു ഡയലോഗ് പറഞ്ഞു. പണ്ടേ ഉള്ള ഒരു മോഹമാണ് ഗോവ കാണണമെന്ന്, അന്ന് പൈസ ഉണ്ടായിരുന്നില്ല. ഇപ്പോൾ പറഞ്ഞാൽ വയസ്സ് കാലത്തു എന്ത് കാണാനാ എന്നു പറഞ്ഞു കളിയാകുമെന്നു കരുതി പറയാതിരുന്നതാന്നെന്നു. ആ ഒരൊറ്റ ഡയലോഗ് കൊണ്ട് ഞാൻ തീരുമാനിച്ചു ഗോവ ഇനി അവരെയും കൊണ്ടേ കാണുന്നുള്ളൂ.
ഗോവ കണ്ട കുറെപേരോട് അഭിപ്രായം ചോദിച്ചു. ഫാമിലി ആയിട്ടു പോയിട്ട് എന്ത് ചെയ്യാൻ എന്നായിരുന്നു മറുചോദ്യം. ആഹാ!! അപ്പോൾ എനിക്ക് ആഗ്രഹമായി. അച്ഛനെയും അമ്മയെയും ഒന്നിച്ചു കാണാൻ കഴിയുന്ന ഗോവ കാണണമെന്ന്. അങ്ങനെ ഞങ്ങൾ കുടുംബത്തോടെ കണ്ട ഗോവ കാഴ്ചകളിലൂടെ ഒരു ഓട്ടപ്രദക്ഷിണമാണ് ഇനിയുള്ള വിവരണം.
ഒരുപാട് ബീച്ചുകൾ ഉണ്ട് ഗോവയിൽ. വിദേശികളുടെ എണ്ണം താരതമ്യേന കൂടുതൽ ആയിരുന്നു ബാഗ ബീച്ചിലെങ്കിൽ സ്വദേശികളുടെ തിരക്കായിരുന്നു കാലെൻഖുട്ടിൽ. വിദേശികളുടെ വസ്ത്രവും നട്ടുച്ചയിലെ കള്ളുകുടിയും അച്ഛനുമമ്മക്കും ആദ്യം ഒരു ഞെട്ടലായിരുനെങ്കിലും പിന്നീടൊരു അതൊരു സാധാരണ സംഭവമായി മാറി. 19km നീളമുള്ള കോൾവ ബീച്ച്, വ്യത്യസ്തമായ anjuna ബീച്ച്, തിരക്ക് കുറവുള്ള മിരാമർ ബീച്ച് അങ്ങനെ ബീച്ചുകൾ അനവധിയാണിവിടെ. നട്ടുച്ചക്കും ബീച്ചിൽ പോകുന്നവർ ഒരുപാടുണ്ടങ്കിലും മണലിന്റെ ചൂടും വെയിലും കൂടി വരുമ്പോൾ സാധാരണക്കാരന് ബുദ്ധിമുട്ടായിരിക്കും. ബീച്ചുകളിൽ മൂന്നുപേർക്കും ഇഷ്ടപെട്ടത് മിരാമർ ബീച്ചാണ്. ഒരുപക്ഷെ തിരക്ക് കുറവായിരുന്നു എന്നതും, ചുമ്മാ മനസുതുറന്നു കടലാസ്വദിക്കാൻ പറ്റിയെന്നതും ആവാം കാരണം. ഡൗണാ പോളയിലെ സൂര്യസ്തമയവും മനോഹരം തന്നെ.
ഡോൾഫിൻ സഫാരി ഒരു രസമുള്ള അനുഭവം തന്നെയിരുന്നു. സിൻക്യുറിന് ബീച്ചിനു സമീപത്തുള്ള സഫാരിയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. ഒരാൾക്ക് 350 രൂപയെങ്കിലും ഒരിക്കലും നഷ്ടം തോന്നാൻ വഴിയില്ല. തിരമാലകൾ കീറിമുറിച്ചു മുമ്പോട്ട് പോകാൻ ബോട്ട് നന്നേ പാടുപെടുണ്ടായിരുന്നു. ഇളകിയും ചെരിഞ്ഞും ഉള്ള യാത്രക്കിടയിൽ മുഖത്തു വെള്ളം നന്നായി അടിക്കുന്നുണ്ടായിരുന്നു. ധന്യമുഹൂർത്തം സത്യത്തിൽ ഡോൾഫിനെ കണ്ടത് തന്നെയാണ്. എന്നു വെച്ച് ഡോൾഫിൻ ഷോകൾ പോലെ ചുറ്റും ഡോൾഫിൻ ചാടികളിക്കും എന്നൊന്നും പ്രതീക്ഷിക്കരുത്.
എനിക്ക് ഏറ്റവും ബഹുമാനം തോന്നിയത് ഓരോ ബീച്ചിൽ കൃത്യമായി നിയമാവലികൾ എഴുതിവെച്ചതാണ്. ബീച്ചിൽ ഇരുന്നു വെള്ളമടിക്കരുത്, വലിക്കരുത്, വേസ്റ്റ് കളയരുത്. ഇതൊക്കെ കൃത്യമായി നീരിക്ഷിക്കുന്നുമുണ്ട് കേട്ടോ. അതേ…ആർമാദത്തിനും നിയത്രണങ്ങൾ ഉള്ളത് തന്നെയാണ് ഗോവയെ സുരക്ഷിതമായ നഗരിയാകുന്നത്. വസ്ത്രധാരണത്തിലെ സ്വാതന്ദ്ര്യം ശ്ലാഘനീയം തന്നെ. ആരും ആരുടെയും വേഷം നോക്കുന്നേയില്ല. അഥവാ നോകുനുണ്ടങ്കിൽ അവരെ നമുക്ക് പെട്ടന്നു മനസിലാവും ഏതു സംസ്ഥാനമാണെന്നു.
450 വർഷം പോർട്ടുഗീസ് ഭരണത്തിന്റെ കീഴിലായിരുന്ന ഗോവ ചരിത്രത്തിലും ഒരുപാട് പ്രാധാന്യമുള്ള സ്ഥലമാണ്. ഇന്ത്യക്കു സ്വന്തന്ത്ര്യം കിട്ടിയത് 1947 എങ്കിൽ ഗോവ ഇന്ത്യയുടെ ഭാഗമായത് 1961 മാത്രമാണ്. ഇന്ത്യൻ പട്ടാളം നടത്തിയ സൈനിക നീക്കത്തിൽ പോർട്ടുഗീസ് ഗവർണർ വാസലോ ഡിസിൽവക് കീഴടങ്ങേണ്ടിവന്നു. ഈ ചരിത്രമൊക്കെ അറിയണമെങ്കിൽ റെയിസ് മാങ്കോ ഫോർട്ടിൽ പോയാൽ മതി. റെയ്സ് മാങ്കോ ഫോർട്ട് ആദ്യം കോട്ടയായും ജയിൽ ആയും ഒടുവിൽ ആസ്പത്രിയായും 1993 വരെ ഉപയോഗിച്ചിരുന്നു. പിന്നീട് അത് ഉപേക്ഷിക്കപെടുകയും നശിക്കാൻ തുടങ്ങുകയും ചെയ്തു. പക്ഷേ ഇത്രയും നന്നായി പുനരുദ്ധരിച്ച ഒരു കോട്ട ഞാൻ ഇതുവരെ കണ്ടിട്ടില്ല. കോട്ട നിരപ്പിൽ നിന്നും കുറച്ചു ഉയരത്തിലാണ്. പ്രായമായവർക്ക് മുകളിൽ വരെ വാഹനസൗകര്യമുണ്ട്.
ഏറ്റവും രസമുള്ള ഒരു വസ്തുത ഞാൻ മ്യൂസിയത്തിൽ വായിച്ചു. ഗോവൻ പട്ടാളക്കാരെ കൂറോടെ കൂടെനിർത്താൻ ഗോവൻ മാപ്പ് വലുതായും ഇന്ത്യയെ ചെറിയ സ്ഥലമായും ആണെത്രേ കാണിച്ചു പഠിപ്പിച്ചിരുന്നത്. ഇവിടെ കൊണ്ട് വന്നാണ് കുഞ്ഞാലിമരക്കാരെ കെട്ടിയിട്ടതെന്നും, കഴുകന്മാര് കൊത്തി തിന്നാണ് അദ്ദേഹം മരിച്ചതെന്നും, ഇത്രയും മൃഗീയമായ മരണം ചരിത്രത്തിൽ തന്നെ കുറവാനാണെന്നൊക്കെ ഗോവയിൽ വര്ഷങ്ങളായി താമസിക്കുന്ന മലയാളി ചേട്ടൻ പറഞ്ഞു തന്നു. ഈ ചരിത്രം മാത്രം കോട്ടയിലെവിടെയും പരാമർശിച്ചിട്ടില്ല, അത്കൊണ്ട് തന്നെ എത്രത്തോളം വാസ്തവമാന്നെന്നു അറിയില്ല. സിൻക്യുറിന് ബീച്ചിനു സമീപം നിലകൊള്ളണ അകോട ഫോർട്ട്. അകോട എന്നാൽ വെള്ളം എന്നത്രെ. കപ്പലുകൾക്ക് ശുദ്ധജലം ലഭിക്കാനായി നിർമിച്ച ഈ കോട്ടയിലെ ടാങ്കിനു 2,376,000 ഗള്ളൻ സംഭരണശേഷിയുണ്ട്. അക്കാലത്തെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശുദ്ധജലസംഭരണി ആയിരുന്നു ഇത്.
ലൗടൗലിം ഇന് അടുത്തുള്ള ബിഗ് ഫൂട്ട് മ്യൂസിയം അഥവാ അൻസിസ്റ്ററൽ ഗോവ വ്യത്യസ്തതയാണ്. ഒരാൾക്ക് 150 രൂപ ഇത്തിരി കടുപ്പാണെന്നു തോന്നുമെങ്കിലും പഴയകാല ഗോവയുടെ ഒരു പുനരാവിഷ്കരണം ചെയ്യാൻ കലാകാരമാര് എടുത്തിരിക്കുന്ന അധ്വാനം പ്രശംസനീയം തന്നെ. ഇവിടുത്തെ പ്രധാന ആകർഷണം ലിംകാ ബുക്സിൽ ഇടപിടിച്ച മീരാഭായിയുടെ ശില്പമാണ്. തൊട്ടടുത്തായി ഒരു പഴയകാല വകീലിന്റെ ബംഗ്ലാവ് ഉണ്ട്. ചാപ്പലും ഒറ്റമുറി കോടതിയുമൊക്കെ അന്നത്തെ സംസ്കാരത്തെ ഓർമിപ്പിക്കും. അക്രമങ്ങൾ ഉണ്ടാകുമ്പോൾ ഒളിക്കാനുള്ള മുറിയും അതിൽ വെടിവെക്കാനുള്ള ദ്വാരങ്ങൾ ഒക്കെ രസമുള്ള കാഴ്ചകൾ തന്നെ.
കാവലെൻ ഗ്രാമത്തിലുള്ള 450 വർഷം പഴക്കമുള്ള ശാന്തദുർഗ ക്ഷേത്രം പണികഴിപ്പിച്ചത് മാറാത്ത രാജാവാണ്. ഇതിന്റെ തനത് ക്ഷേത്രം കെലോഷിയിൽ ആയിരുന്നുന്നെന്നും പോർട്ടുഗീസ്കാർ അതു നശിപ്പിച്ചുവെന്നും 200 വർഷങ്ങൾക്കു ശേഷം ഇവിടേക്ക് പുനഃസ്ഥാപിച്ചു എന്നാണ് ചരിത്രം. അതുപോലെ പോർട്ടുഗൽ മതപരിവർത്തനം കാരണം പുനഃസ്ഥാപിക്കേണ്ടി വന്ന അമ്പലമാണത്രെ മങ്കേഷി ക്ഷേത്രം. രണ്ടു അമ്പലങ്ങളും ഹിന്ദോ-ക്രിസ്ത്യൻ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
ഗോവ കണ്ടിട്ട്, യുനെസ്കോ പൈതൃകങ്ങളിൽ പെട്ട ബൊം ജീസസ് ബസിലിക്ക ചർച് കാണാതെ മടങ്ങിയാൽ നഷ്ടം തന്നെയാണ്. 1552 യിൽ മരിച്ച ഫ്രാൻസിസ് പുണ്ണ്യാളന്റെ തിരുശരീരം ഇന്നും ആ പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്. പത്തു വർഷത്തിൽ ഒരിക്കൽ തിരുശരീരം പൊതുദർശനത്തിനു വെക്കുമത്രേ.ഇതിന്റെ എതിർ വശത്താണ് സീ കത്തീദ്രൽ. സുൽത്താൻ സൈന്യത്തിന് എതിരെ പോർട്ടുഗീസിന്റെ വിജയത്തിന്റെ ഓര്മകയാണ് ഈ കത്തീദ്രൽ പണിതത്. 1510 യിലെ ഈ വിജയത്തോടെ ആണ് ഗോവ പോർട്ടുഗലിന്റെ കീഴിൽ ആയത്.
അങ്ങനെ ഗോവയ്ക്കു പറയാൻ കഥകൾ ഏറെയുണ്ട്. അത് കേൾക്കാൻ ഒരു മനസുണ്ടാകില് ഗോവയിൽ ഫാമിലിയായി പോയി എന്ത് കാണാനാ എന്നാ ചോദ്യം അറിയാതെ പോലും ചോദിക്കില്ല. സന്തോഷത്തിന്റെ നഗരിയാണ് ഗോവ. അവിടെ ചെല്ലുന്ന ഓരോ സഞ്ചാരിക്കും ആ സന്തോഷം പകർന്നു നൽകാതെ ഗോവ മടക്കി അയക്കില്ല. അത് ആസ്വദിക്കാൻ കള്ളിന്റെ പിൻബലമില്ലാതെയും പറ്റുമെന്ന് അച്ഛന്റെയും അമ്മയുടെയും നിറഞ്ഞ ചിരി പറയാതെ പറയുന്നുണ്ടായിരുന്നു.
ചിത്രങ്ങളും വിവരണവും – അനൂപ നാരായണ്.