ഇത് വേറിട്ടൊരു യാത്രയാണു, മനുഷ്യരെന്നു അഹങ്കരിക്കുന്ന നമ്മൾ ,മനുഷ്യർ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താതെ അകറ്റി നിർത്തുന്ന ഒരുകൂട്ടം യഥാർത്ഥ മനുഷ്യരുടെ ജീവിതങ്ങൾ തേടിയുള്ള യാത്ര. ആണിലും പെണ്ണിലും പെട്ടവർ ‘ആണും പെണ്ണും കെട്ട’ എന്നു ആക്ഷേപം കേൾക്കുന്ന ഒരു വിഭാഗം, അവഗണിതരായി, അപഹാസിതരായി, സ്വന്തം മേൽ വിലാസം കണ്ടെത്താനാവാതെ ഇപ്പോളും ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ഇടയിലേക്കു നടത്തിയ യാത്ര. മനുഷ്യർ എന്നു അഹങ്കരിക്കുന്ന നമ്മൾ അവരെ ‘ഹിജഡകൾ’ എന്നു വിളിക്കുന്നു. അതു കൊണ്ട് തന്നെ ഈ യാത്രയ്ക്കു ഹിജഡകളുടെ ലോകം എന്നു ഞാനും നാമകരണം ചെയ്യുന്നു.
ബാംഗ്ലൂരിലെ പഠനകാലത്താണു ഞാൻ ആദ്യമായി ഇവരെ പരിജയപ്പെടുന്നതും ജീവിതങ്ങൾ ശ്രദ്ദിക്കുവാൻ തുടങ്ങുന്നതും. കൂട്ടുകാർ വഴിയും മറ്റും ഹിജഡകളെക്കുറിച്ചു അറിഞ്ഞ ലോകം വളരെ ഭീകരമായിരുന്നു. ജീവിതത്തിൽ ചില മുഹൂർത്തങ്ങൾ നമുക്ക് വളരെ വിലപ്പെട്ടതാകാറുണ്ട്. അത്തരമൊരു മുഹൂർത്തമാണു എന്നെ ഇരുത്തി ചിന്തിപ്പിച്ചതും ഇവരും മനുഷ്യരാണു എന്ന ബോധം വളർത്തിയെടുത്തതും എന്നു പറയാം. ബാംഗ്ലൂരിലെ തിരക്കേറിയ ജാലഹള്ളി സിഗ്നലിൽ റോഡു മുറിച്ചു കടക്കുവാൻ നില്ക്കുമ്പോളാണു ഒരു വ്യക്തി പാട്ടും പാടി എന്റെ നേരെ വരുന്നത് കണ്ടത്.
അതുവരെ അവിടെയുള്ള വണ്ടികളിൽ നിന്നും മറ്റും തന്റെ വിഹിതം ചോദിച്ചുവാങ്ങിയവരിൽ ഒരാൾ എന്റെയടുത്തേക്കു വരുന്നത് കണ്ടപ്പോൾ ഞാൻ ശരിക്കും പേടിച്ചു പോയി എന്നത് വാസ്തവം. കയ്യിലാകെയുള്ളത് 100 രൂപ മാത്രമാണു, അതു കൊണ്ടു തന്നെ കാശു ചോദിച്ചപ്പോൾ കയ്യിൽ ഇല്ല എന്നു കള്ളം പറയേണ്ടി വരുകയും ചെയ്തു.എന്റെ ഷർട്ടിന്റെ പോക്കറ്റിലെ കീശയിൽ നിന്നും അവർ ആ കാശെടുത്തു. കയ്യിലെ കാശും സ്വർണ്ണവും മറ്റും തട്ടിയെടുക്കുന്ന ഹിജഡകൾ എന്ന ഭീകരരെക്കുറിച്ചു സമൂഹം പറഞ്ഞു തന്ന കഥകൾ സത്യമാവുകയാണല്ലോ എന്നു മനസ്സിലോർത്തുപോയ നിമിഷങ്ങൾ. ഇനി എങ്ങനെ റൂമിൽ ചെല്ലും വണ്ടികാശു പോലും ഇല്ലല്ലോ എന്നോർത്തു നിന്നപ്പോളാണു അവർ എന്റെ മുഖത്തിനിട്ട് ഒരു തട്ടും വെച്ചു തന്നു കീശയിൽ വീണ്ടും കയ്യിടുന്നത്.
അവർക്കാവിശ്യമുള്ള 10 രൂപ എടുത്തിട്ട് ബാക്കി 90 രൂപ എന്റെ കീശയിൽ തിരിച്ചു വെച്ചിട്ട് നടന്നകലുന്ന കറുത്ത സാരിയുടുത്ത ആ സുന്ദരിയെ ഞാൻ എങ്ങനെയാണു മറക്കുക? കണ്ണു നിറഞ്ഞു പോയോ എന്റെ? അറിയില്ല, ഓർക്കുന്നില്ല ഞാൻ. കയ്യിൽ ഉള്ളതെല്ലാം പിടിച്ചു പറിക്കുന്ന ഇന്നത്തെ ജനാധിപത്യ വ്യവസ്ഥതിയിൽ നിന്നും കാപട്യമില്ലാത്ത ഒരു മനുഷ്യനെ ഞാൻ കാണുകയായിരുന്നു. അവർ ആരാണെന്നു എനിക്കറിഞ്ഞുകുടാ, പക്ഷേ ഈ ഒരനുഭവം കൊണ്ടു മാത്രം ഞാൻ ഞാനായി മാറി എന്നു അടിവരയിട്ടു പറയുവാൻ എനിക്കാകും.
P.G അവസാനവർഷം പടിക്കുമ്പോളാണു ഒരു ഡോക്യുമെന്ററി എന്ന കീറാമുട്ടി പഠനവിഷയമായി എന്റെ തലേൽ വീഴുന്നത്, ബാംഗ്ലൂരിലെ ഹിജഡകളുടെ ജീവിതങ്ങൾ തന്നെയായിരുന്നു ഞാൻ വിഷയമായി എടുത്തതും. പിന്നീടങ്ങോട്ട് ഇവരുടെ കൂടെയുള്ള യാത്രകളും അനുഭവങ്ങളുമായിരുന്നു എന്റെ ജീവിതം. നമ്മൾ മനുഷ്യരല്ല മൃഗങ്ങളാണു എന്നു എന്നെ കൊണ്ടു പറയിപ്പിച്ച അനുഭവങ്ങളിലൂടെയായിരുന്നു ഞാൻ കടന്നു പോയത്. അൾസുറിലെ ഇടനാഴികളിലൂടെ ക്യാമറയുമായി നടന്ന നിമിഷങ്ങൾ മുതൽ ഹിജഡകളുടെ താവളങ്ങളിൽ ഒരാളെ അമ്മേ എന്നു വിളിച്ചപ്പോൾ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞ ഒരു ഒരമ്മയുടെ വേദനകൾ നിറഞ്ഞ ഓർമ്മകൾ മുതൽ തല്ലു കിട്ടി ഓടിയ ഓട്ടം വരെ ഈ യാത്രയിൽ സിനിമാ സ്റ്റൈലിൽ എനിക്കോർമ്മിക്കാനാകുന്നുണ്ട്, എന്നാൽ അതെല്ലാം വാക്കുകളിലൂടെ വിവരിക്കുവാൻ ഞാൻ അശക്തനാണു.
ചിലയിടങ്ങളിൽ ഇവരെ വെച്ചു കാശുണ്ടാക്കുന്ന ഗുണ്ടകൾ എന്നു വിളിക്കുവാൻ തോന്നുന്ന വലിയ തടിമാടന്മാർ, വൃത്തിയും വെടിപ്പുമില്ലാത്ത ലയങ്ങളിൽ 100 രൂപയ്ക്കും 200 രൂപയ്ക്കും ഈ പാവങ്ങളെ വിറ്റു തടിമാടന്മാർ കച്ചവടം നടത്തുന്നത് കണ്ടപ്പോൾ ഇന്നത്തെ അധികാര വർഗത്തോടും വ്യവസ്തിഥിയുടേയും മുന്നിൽ കാർക്കിച്ചു തുപ്പുവാനാണു എനിക്കു തോന്നിയത്. അത്തരമൊരു ലയത്തിൽ ഞാനും എന്റെ കൂടെവന്ന അരുണാചലുകാരനായ സുഹൃത് ആശിഷും കയറുകയുണ്ടായി,അവരുമായി സംസാരിക്കാനായി, തമിഴ് ആണു ഇവരുടെയെല്ലം ഭാഷാമാധ്യമം.ചിലർ പേടിച്ചു മാറി നിന്നു, ചിലർ കിട്ടിയ സമയത്തിൽ ഉള്ളു തുറന്നു,ഏതോ ചാനലുകാരാണെന്നു കരുതി അവിടുത്തെ അധികാരികൾ എന്ന ചെറ്റകൾ ഞങ്ങളെ പിടിച്ചു പുറത്താക്കിയ ഭീകരമായ നിമിഷങ്ങൾ.
വീണ്ടും യാത്ര തന്നെ, സമയം രാത്രി 9 മണി കഴിഞ്ഞിരിക്കുന്നു. പേരു മറന്നു പോയ അടുത്ത സ്ഥലത്തേക്കായി യാത്ര, സംഗമയുടെ (ഇവരുടെ അവകാശങ്ങൾക്കു വേണ്ടി അഹോരാത്രം പോരാടുന്ന ബാംഗ്ലൂരിലെ സംഘടന) സഹായത്താൽ ഒരു വീട്ടിൽ നിന്നും കുറച്ചു പേരെ പരിചയപ്പെടുവാൻ സാധിച്ചു. അതിൽ ചെന്നൈ സ്വദേശിനിയായ ഒരാൾ കുറച്ചു കാര്യങ്ങൾ ഞങ്ങളോടു ക്യാമറയുടെ മുൻപിൽ നിന്നും പറയുവാൻ തയ്യാറായി, ഒരു Street Light ന്റെ വെളിച്ചത്തിൽ അതു ഷുട്ട് ചെയ്യാം എന്നു തീരുമാനിച്ചു, BSC Computer Science കഴിഞ്ഞ് ബാംഗ്ലൂരിൽ ജോലിയന്വേഷിച്ചു വന്ന ഒരാൾ. മൂന്നാം ലിംഗക്കാരൻ എന്നും പറഞ്ഞു ജോലി നല്കാതെ സമൂഹവും ഇവിടത്തെ അധികാര വർഗ്ഗങ്ങളും അയിത്തം കല്പ്പിച്ചപ്പോൾ വേശ്യാവൃത്തിയിലേക്കു തിരിയേണ്ടി വന്ന ഒരു പാവം. ഇതു പോലെ വിദ്യാസമ്പന്നാരായ നിരവധി പേർ ഞങ്ങളുടെ കൂടെയുണ്ട് എന്നു കൂടി കേട്ടപ്പോൾ എനിക്കു എന്നോട് തന്നെ വെറുപ്പ് തോന്നുകയായിരുന്നു. ഇവരുടെയൊക്കെ വീട്ടിൽ ഇപ്പോഴും ഇവരെല്ലാം നല്ല ജോലിയിൽ കഴിയുകയാണു എന്നാണു വിശ്വാസം,ആ വിശ്വാസം ഇനിയെങ്കിലും തെറ്റാതിരുന്നെങ്കിൽ?…
പെട്ടെന്നാണു കുറച്ച് ഒച്ചപ്പാടും ബഹളവും കേട്ട് ഞങ്ങൾ തിരിഞ്ഞു നോക്കിയത്, കുറച്ചു നാട്ടുകാർ കൂടിയിരിക്കുന്നു, ഇവർ ഈ ഗ്രാമത്തിനു ചീത്തപ്പേരുണ്ടാക്കും, അപ്പുറത്ത ഒരു അമ്പലമുണ്ട്, ഇവിടെ നിന്നും ഇതു ഷൂട്ട് ചെയ്യാൻ പാടില്ല എന്നും പറഞ്ഞു കുറച്ച് നല്ല സദാചാരക്കാർ. ആകെ പ്രശ്നം. വീണ്ടും സമൂഹം സദാച്ചാരം നിർണ്ണയിച്ചിരിക്കുന്നു, എല്ലാം കാണുന്ന ഈ ദൈവത്തിനും കണ്ണു കാണാതായോ? ദൈവത്തിനും ഇവരെ ഇഷ്ടമല്ലത്രേ എന്നൊക്കെ മനസ്സിൽ കരുതിയപ്പോളേക്കും കരണകുറ്റി നോക്കി ഒരു തല്ലു എനിക്കു കിട്ടി കഴിഞ്ഞിരുന്നു. കിട്ടിയത് ബോണസായി എടുത്ത് ക്യാമറയുമായി ഞാൻ ഓടി, കൂട്ടുകാർക്കിട്ടും കിട്ടി ആവശ്യത്തിനു തല്ലും മറ്റും. ഇതാണു ഈ ലോകം. ചോദിക്കാനും പറയാനും ഇന്നും ആരുമില്ലാതെ അവഗണിക്കപ്പെട്ടു കിടക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ലോകം….
തല്ലു കിട്ടിയ ഞാനടക്കമുള്ള കൂട്ടുകാർ എല്ലാം കൂടി ആഷിഷിന്റെ കാറിന്റെ അടുത്ത് കൂടി, ഇനി എന്ത്? ഇനിയും പുറകേ യാത്രയാകണോ? എന്നിങ്ങനെ പല ചർച്ചകൾ, തല്ലു കിട്ടിയെങ്കിലും ക്യാമറക്കു ഒന്നും സംഭവിച്ചില്ലല്ലോ ,ഭാഗ്യം ! എന്നു കൂട്ടുകാരൻ പറഞ്ഞത് വീണ്ടും യാത്ര ചെയ്യാൻ പ്രജോദനമായി എന്നു പറയാം. കന്നടക്കാരനും ബാംഗ്ളുർ കാരനുമായ കൂട്ടുകാരൻ സന്തോഷാണു പിന്നീടങ്ങോട്ടുള്ള യാത്രയിൽ ഞങ്ങളെ സഹായിച്ചത്,പലരേയും വിളിച്ച് സന്തോഷ് വിവരങ്ങൾ തിരക്കിക്കൊണ്ടേയിരുന്നു, ഞങ്ങൾ ആ സമയം ചർച്ചകളിലേക്കു വഴിമാറി, തല്ലു കിട്ടി ഓടിയതും ഇറക്കി വിട്ടതും ഭീഷണിപ്പെടുത്തിയതും ഒന്നും ഒരു പ്രശ്നമല്ല, ഇതൊക്കെയല്ലേ അനുഭവങ്ങൾ എന്ന രീതിയിൽ കൂട്ടുകാർ സഹകരിച്ചതാണു ഈ യാത്രയുടെ നേട്ടം. ഭിന്നലിംഗകാരെകുറിച്ചു ഓരോരുത്തരും അറിയാവുന്ന കാര്യങ്ങൾ ഞങ്ങൾ കാറിന്റെയുള്ളിൽ നിന്നും ചർച്ച ചെയ്യുവാൻ തുടങ്ങി.
സ്ത്രീ-പുരുഷ ശരീരങ്ങളുടെ സമന്വയവും സ്ത്രീയുടെ മനസ്സും ഒരാളിൽ സമ്മേളിക്കുമ്പോൾ അത്തരമൊരു മനുഷ്യനെ പൊതുവേ നാം ഭിന്നലിംഗക്കാർ എന്നു വിളിക്കുന്നു. ഇവരുടെ ഉത്ഭവം തേടിപ്പോകുകയാണെങ്കിൽ പുരാണങ്ങളും ചരിത്രവും കടന്നു നമ്മൾ സഞ്ചരിക്കേണ്ടി വരും. ഇവരുടെ മുൻഗാമികൾ ഉയർന്ന സ്ഥാനമാനങ്ങൾ അലങ്കരിച്ചതായി ചരിത്രങ്ങളിലും പുരാണങ്ങളിലും കാണുവാൻ സാധിക്കും. അറബിയിലെ ഹിജ് റയിൽ നിന്നാണു ഹിജഡ എന്ന വാക്കിന്റെ ഉത്ഭവം എന്നു ചരിത്രം പറയുന്നു. ഇതിന്റെയർഥം വിശുദ്ധം എന്നാണു. എന്നിട്ടും നമ്മുടെ സമൂഹത്തിനു എന്തേ ഇവർ വിശുദ്ദർ അല്ലാതായിപ്പോയത്? അതാണു ഈ സമൂഹം. സംസ്കൃതത്തിൽ ഇവരെ “പിംഗള “ എന്നാണു വിളിക്കുന്നത്.സമൂഹത്തിൽ വിശുദ്ദമായൊരു സ്ഥാനം കല്പ്പിക്കപ്പെടുകയും യാഗങ്ങളിലും മറ്റും ഇവരുടെ സാന്നിധ്യം വിശേഷപ്പെട്ടതായി കണകാക്കിയിരുന്നതായും പുരാണങ്ങൾ പറയുന്നു. എന്നിട്ടും നമുക്കിവർ ഭ്രഷ്ട് കല്പ്പിക്കപ്പെട്ടവരായി, ഇതാണീ ലോകം.
ഇങ്ങനെ പല രീതിയിലേക്കു ചർച്ചകൾ നീണ്ടു,അപ്പോഴേക്കും സന്തോഷിനു ഏതോ സുഹൃത്ത് പുതിയ വിവരങ്ങൾ നല്കിയിരുന്നു. അതിന്റെയടിസ്ഥാനത്തിൽ ഞങ്ങളുടെ യാത്ര കെങ്കേരിയിലെ ലോറി താവളത്തിലേക്കായി.അവിടെ നിന്നും തമിഴ് നാട്ടുകാരനായ ഒരു ലോറി ഡ്രൈവറെ ഞങ്ങൾ പരിജയപ്പെടുകയുണ്ടായി. അദ്ദേഹത്തിൽ പല വിവരങ്ങൾ ലഭിക്കുകയും ഞങ്ങളെ ഇവരിൽ ഒരാളുടെ വീട്ടിൽ കൊണ്ടു പോകാം എന്നു സമ്മതിക്കുകയും ചെയ്തു. അങ്ങനെ ആ ലോറി ഡ്രൈവർ ചേട്ടന്റെ കൂടെ ഞങ്ങളും യാത്രയായി. ഏതൊക്കെയോ ഇടനാഴികൾ, ബാംഗ്ളുർ നഗരത്തിന്റെ അറിയപ്പെടാത്ത ഉൾ-വഴികളിലൂടെ ഒരു യാത്ര. കാർ ഒരു ചെറിയ ഇടവഴിയിൽ ഒതുക്കി വെച്ചിട്ട് ഞങ്ങൾ നടക്കുവാൻ തുടങ്ങി. തിരക്കുള്ള ഒരു ചെറിയ തെരുവിലാണു ആ യാത്ര അവസാനിച്ചത്.
ലോറിക്കാരൻ ചേട്ടൻ ഞങ്ങളെ ഒരു വീടിന്റെ രണ്ടാം നിലയിലേക്കു ക്ഷണിച്ചു, പുറത്ത് ഞങ്ങളെ നിർത്തിയ ശേഷം അദ്ദേഹം അകത്തേക്കു സംസാരിക്കുവാൻ പോയി അല്പസമയത്തിനകം ഞങ്ങളെ അകത്തോട്ടു ക്ഷണിക്കുകയുണ്ടായി. ഞങ്ങൾ ആ വീടിന്റെ അകത്തോട്ടു കയറി, ആഗമന ഉദ്ദേശം ആ അണ്ണൻ പറഞ്ഞിരുന്നു. 3 പേരാണു ഈ വീട്ടിൽ താമസിക്കുന്നത്, ഒരാൾ പുറത്തെവിടെയോ ജോലിക്കു പോയിരിക്കുന്നു, മറ്റൊരാൾ പെട്ടെന്നു തന്നെ താഴത്തെ കടയിൽ പോയി ഞങ്ങൾക്കെല്ലാവർക്കും കുടിക്കുവാനും കഴിക്കാനും ലഘുഭക്ഷണവും കൂൾ ഡ്രിങ്കും മേടിച്ചു കൊണ്ടു തന്നു, അങ്ങനെ ഞങ്ങൾ ഇവരുടെ കഥകളിലേക്കിറങ്ങുകയായി. അവിടെനിന്നും ഞങ്ങൾക്കു ലഭിച്ച ആദിത്യ മര്യാദ എന്നെയും കൂടെവന്നവരേയും ശരിക്കും ഞെട്ടിച്ചു. കാഴ്ചപ്പാടുകൾ മാറുകയായിരുന്നു.അതിഥി ദേവോ ഭവ.
ഭിന്നലിംഗക്കാരനായി ഒരാൾ ഒരു കുടുമ്പത്തിൽ വളർന്നു വന്നാൽ കുടുംബത്തിന്റെ സല്പ്പേരിനു കളങ്കമുണ്ടാക്കുന്നതായി കാണുന്ന കുടാംബാംഗങ്ങളും സമൂഹവും മതങ്ങളും ഈ ജന്മങ്ങളുടെ സ്വപങ്ങളും ആഗ്രഹങ്ങളും തല്ലിക്കെടുത്തി അവരുടെ മനോവ്യഥകൾ തീർക്കുന്നത് ഈ നിർഭാഗ്യരെ ശാരീരകമായും മാനസികമായും പീഡിപ്പിച്ചു കൊണ്ടാണു.15 മത്തെ വയസ്സിൽ തമിഴ്നാട്ടിൽ നിന്നും സമൂഹം ആട്ടിപുറത്താക്കിയ ഒരു മനുഷ്യന്റെ കഥ എങ്ങനെയാണു കേട്ടിരുന്നത് എന്നു എനിക്കു വ്യക്തമാക്കുവാൻ കഴിയില്ല. അധ്യാപകനിൽ നിന്നും കുടുംബകാരിൽ നിന്നും രക്ഷകരിൽ നിന്നും അങ്ങനെ കൊടിയ പീഡനങ്ങളുടെ പച്ചയായ അനുഭവങ്ങൾ ഞങ്ങൾക്കു വെറും കഥകൾ മാത്രമായിരുന്നു. ചിന്തിക്കുവാൻ പറ്റാത്ത കൊടിയ പീഡനങ്ങൾ ഓർമ്മയിൽ നിന്നും ഓർത്തേടുത്ത് വിവരിക്കുവാൻ എനിക്കാവില്ല. കൂടെ വന്ന പ്രശാന്തിന്റെ കണ്ണു നിറയുന്നത് കണ്ടപ്പോളാണു എന്റെയും കണ്ണുകൾ നിറഞ്ഞിരിക്കുന്നു എന്ന സത്യം മനസ്സിലായത്. ജീവനുള്ള പൊള്ളിക്കുന്ന അനുഭവങ്ങൾ മനസ്സിൽ തട്ടിയില്ലെങ്കിൽ പിന്നെ ഞാൻ ഒക്കെയ് മനുഷ്യൻ എന്നു പറയുന്നതിൽ എന്തർഥമാണുള്ളത്?
ഇവർക്കും ദൈവങ്ങളുണ്ട്, ഇവരെക്കാണാത്ത ഇവരെ അനുഗ്രഹിക്കാത്ത ദൈവങ്ങൾ. പക്ഷേ ആ ദൈവങ്ങളെയെല്ലാം ഇവർ ആരാധിക്കുന്നു, സ്നേഹിക്കുന്നു, വിഷമങ്ങൾ പങ്കു വെക്കുന്നു, കേൾവി നഷ്ടപെട്ട ദൈവങ്ങൾ എല്ലാം ഇപ്പോളും സവർണ്ണരുടേയും പണമുള്ളവന്റെയും അധികാരമുള്ളവന്റെയും സങ്കടങ്ങൾ തീർക്കുന്നു. ഭിന്നലിംഗക്കാർക്കു എന്തു നീതി? എന്തു ദൈവം? വീടിന്റെ ചുവരുകളിൽ സ്വാമിമാരുടേയും ദേവി-ദേവന്മാരുടേയും യേശു ക്രിസ്തുവിന്റെയും ദർഗ്ഗകളുടെയും ചിത്രങ്ങൾ മാലയിട്ടു അലങ്കരിച്ചിരിക്കുന്നത് കാണാം. ഇവരുടെ ആചാര രീതികളും വിത്യസ്ഥമാണു.
ആചാര രീതികളും വിശ്വാസങ്ങളും അറിയാൻ വേണ്ടി അതു ഞാൻ ചോദിക്കുകയുണ്ടായി, ആ ചോദ്യത്തിനു ഇടക്കു “അമ്മ ” എന്നു അറിയാതെ ഞാൻ അവരെ വിളിക്കുകയുണ്ടായി, ഒരു നിമിഷത്തെ നിശബ്ദത. എന്നെ കെട്ടി പിടിച്ചു കരഞ്ഞു കൊണ്ടാണു അവർ അതിനു മറുപടി നല്കിയത്. അമ്മയാകാൻ കഴിയാത്ത ഒരാളുടെ വേദനയാണോ?സങ്കടമാണോ? ദേഷ്യമാണോ? എനിക്കറിയില്ല. ആ കെട്ടിപിടുത്തതിൽ ആ കണ്ണുനീരിൽ മാതൃത്വത്തിന്റെ സ്നേഹവും ഊഷ്മളതയും ഞാൻ അനുഭവിച്ചിരുന്നു. ഈ അനുഭവം എനിക്കു വിവരിക്കുവാൻ അറിയില്ല. ഇത് ഞാൻ അനുഭവിച്ചറിഞ്ഞ സത്യമാണു. ഒരുപാടു സത്യങ്ങൾ “അമ്മ” എന്ന വാക്കിലുണ്ട് എന്നു മനസ്സിലാക്കി തന്ന അപൂർവ്വമായ നിമിഷങ്ങൾ.
ആചാരനുഷ്ഠാനങ്ങൾ, ബാല്യകാലം, അനുഭവിച്ച പീഡനങ്ങൾ, ഇപ്പോഴത്തെ ജീവിതം, അങ്ങനെ ഒരുപാട് കാര്യങ്ങൾ ഞങ്ങളോട് അവർ സംസാരിച്ചു. ഒരാളുടെ അനുഭവങ്ങൾ ഇത്രയും ഭീകരം ആണെങ്കിൽ മറ്റുള്ളവരുടെയും എങ്ങനെ ആയിരിക്കും? എല്ലാം വിവരിക്കുവാൻ ഇവിടെ സമയമില്ലാത്തതിനാൽ ഭിന്നലിംഗക്കാരുടെ തൊഴിൽ മേഘലയെക്കുറിച്ചു മാത്രം കുറച്ചു കാര്യങ്ങൾ വിവരിക്കാം. ഭിന്നലിംഗക്കാരുടെ തൊഴിൽ മേഘലയിൽ ഏറെ തിരഞ്ഞെടുപ്പുകൾക്ക് സാധ്യതയില്ല, ഭിക്ഷാടനവും സെക്സ് വർക്കുമാണു മുഖ്യ ജീവിതോപാധികൾ. അവഗണിക്കപ്പെടുന്ന വിഭാഗം ആയതു കൊണ്ടു തന്നെ ആരും തങ്ങളുടെ സ്ഥാപനങ്ങളിൽ ഇവർക്കു ജോലി നല്കാറില്ല. അപൂർവ്വമായി കിട്ടുന്ന ജോലികളാകട്ടെ ബന്ധപെട്ട മേഘലകളിൽ നിന്നുണ്ടാകുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങൾ കാരണം ഉപേക്ഷിക്കുവാൻ കാരണമാകുന്നു. ഉപജീവനത്തിനായി മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമായി വർത്തിക്കാൻ കഴിയാത്ത ഒരു സാഹചര്യം നിലവിലുള്ളതാണു ഭിന്നലിംഗക്കാരുടെ സാമൂഹിക-സാമ്പത്തിക-സാംസകാരിക-രാഷ്ട്രീയ പിന്നോക്കാവസ്ഥയ്ക്കു കാരണം.
യാത്ര പറയാൻ സമയമായിരിക്കുന്നു. രാത്രി ഭക്ഷണത്തിനു നിർബന്ദിച്ചെങ്കിലും ഞങ്ങൾ നിന്നില്ല, കെട്ടിപ്പിടിച്ചു അവർ ഞങ്ങളെ യാത്രയാക്കി, ഞങ്ങൾക്കു വഴി കാണിച്ചു, ഞങ്ങളുടെ കൂടെ വന്ന പേരറിയാത്ത ആ ലോറി അണ്ണന്റെ കയ്യിൽ കാഷ് കൊടുത്തപ്പോൾ അത് നിരസിച്ചു അദ്ദേഹം ഞങ്ങളോടു ദേക്ഷ്യപ്പെട്ടു, എങ്ങോട്ടു പോകണം എന്നു അറിയാതെ നിന്നപ്പോൾ സഹായിയായി എവിടുന്നോ വന്നു എങ്ങോട്ടോ പോയ നിങ്ങളെ എങ്ങനെയാണു മറക്കുക? എങ്ങനെയാണു നിങ്ങളോടു നന്ദി പറയുക? എന്റെ ജീവിതത്തിൽ വ്യകതമായ കാഴ്ചപ്പാടുകളും അനുഭവങ്ങളും സമ്മാനിച്ച ഒരു ദിവസം.
സമത്വം എല്ലാവർക്കും അവകാശമാക്കിയ ഭരണഘടനയുള്ള നമ്മുടെ നാട്ടിലെ സമത്വം എവിടെയാണു? ആരാണിവിടെ കുറ്റവാളി? നമ്മൾ ഉൾപ്പെടുന്ന മനുഷ്യർ എന്നഹങ്കരിക്കുന്ന ഈ സമൂഹം തന്നെയല്ലേ? വിസ്തൃതമായ ഈ ഭൂമിയിൽ പതിവ് ആൺ-പെൺ സമവാക്യത്തിൽ നിന്നും വ്യത്യസ്തമായ ആഭിമുഖ്യങ്ങൾ ഉള്ളതു കൊണ്ട് മാത്രം ഒരു വിഭാഗത്തെ വേട്ടയാടുന്നതിൽ എന്തു ന്യായമാണു മറ്റു ലിംഗവിഭാഗക്കാർക്കുള്ളത്? ആണും പെണ്ണുമെന്ന പോലെ ഇവരും ഈ ഭൂമിയുടെ അവകാശികളാണു. ശരീരത്തിന്റെയും മനസ്സിന്റെയും വേറൊരു വിധത്തിലുള്ള ആവിഷ്കാരമെന്ന നിലയിൽ ഇവരും കൂടി ചേർന്നതാണീ മനുഷ്യകുലം എന്നോർമ്മയിൽ വെച്ചാൽ നല്ലത്.
ഒരു മനുഷ്യൻ മനുഷ്യനായി ജനിക്കുന്നതും ജീവിക്കുന്നതും മാനുഷിക പരിഗണനകൾക്കു വിലയും സമയവും സ്നേഹവും നല്കുമ്പോഴാണു എന്നു പറയാം. സമൂഹത്തോട് ഒരു ചോദ്യം മാത്രം, ഭിന്നലിംഗകാരെ മനുഷ്യനായി കാണുന്ന നിങ്ങളിൽ എത്ര പേർ മനുഷ്യരാണു?
വിവരണം – റിയാസ് റഷീദ്.