ദുബായിലെ പച്ചത്തുരുത്ത് അഥവാ അൽ അവീർ

അവീർ ഒരു കൊച്ചു ഗ്രാമമാണ്. ദുബായ് എന്ന മിന്നിത്തിളങ്ങുന്ന വലിയ നഗരത്തിന്റെ ശീലങ്ങൾ കാര്യമായി ഏറ്റിട്ടില്ലാത്ത, നാട്ടിന്പുറ നന്മകൾ നഷ്ടപ്പെട്ടിട്ടില്ലാത്ത, നമ്മുടെ നാടിൻറെ ഹരിത ഭംഗി ഒരൽപം തങ്ങിനിൽക്കുന്ന സുന്ദരിയായ ഗ്രാമം. ഇതിലൂടെ സഞ്ചരിക്കുമ്പോൾ ധാരാളം കൃഷിയിടങ്ങളും പശു, ആട്, ഒട്ടകം, മാൻ തുടങ്ങിയവ ഒക്കെ ഉള്ള ഫാമുകളും കാണാം..

ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് റോഡിൽ നിന്ന് ഹത്ത ഒമാൻ റോഡിലേക്ക് പ്രവേശിച്ചു അവീർ റോഡിലൂടെ ദുബായ് ഹത്ത റോഡിൽ എത്തി, അവിടെ നിന്നും ആസിഫ് ഭായ് തന്ന ഗൂഗിൾ മാപ് ലൊക്കേഷനിൽ എത്തുമ്പോൾ തന്നെ കാണാൻ പോകുന്ന പൂരത്തിന്റ സാമ്പിൾ കണ്ടു തുടങ്ങിയിരുന്നു. മണൽ പരപ്പിനു മേലെ ഉള്ള പുൽ നാമ്പുകൾ, മുൻപ് കണ്ട സ്ഥലങ്ങളെക്കാൾ മനസ്സിന് കുളിർമ നൽകുന്നു. എവിടെ നോക്കിയാലും പച്ചപ്പുള്ള കാഴ്ച്ചകളാണ്. മറ്റൊരു പ്രധാന കാഴ്ച യെ കുറിച്ചുള്ള വിവരവും കിട്ടിയിരുന്നതിനാൽ ആകാംക്ഷയോടെ യാത്ര തുടങ്ങി.

 

ആദ്യം കണ്ട ഫാമിലെ കാള കൂറ്റനെ കണ്ടുകൊണ്ടു ഗേറ്റ് കടന്നു. ജോലിക്കാർ ഫാമിലെ മൃഗങ്ങള്ക്ക് കൊടുക്കാൻ ഒരു വലിയ മരത്തിന്റെ തലപ്പുകൾ മുറിച്ചു ഒരു പഴയ പിക്ക് അപ്പ് വണ്ടിയിൽ കയറ്റുന്നുണ്ടായിരുന്നു. തമിഴ്നാട്ടുകാരായ അവര്‍ ഞങ്ങൾക്ക് ഫാം നടന്നു കാണാൻ അനുവാദം തന്നു. അന്തേവാസികൾ ആയ ആട് കോഴി പ്രാവ് തുടങ്ങിയവയെ എല്ലാം കണ്ടു കുറച്ചു ഇളന്തക്ക (വേറെ പേര് ഉണ്ടോന്നു അറിയില്ല )പറിച്ചു തിന്നു പുറത്തിറങ്ങി.

ഗേറ്റ് തുറന്നു കിടന്നതിനാൽ അടുത്ത ഫാമിനകത്തേക്കു അനുമതിയില്ലാതെ തന്നെ കയറി, ജോലിക്കാരോട് സംസാരിച്ചു. വലിയ നെല്ലിക്ക വലുപ്പത്തിലുള്ള ഒരിനം ഇളന്തക്ക ആയിരുന്നു അവിടെ ഞങ്ങൾ കണ്ടത് ,വളരെ രുചികരമായവ. പക്ഷെ അവിടെ കാര്യമായ കൃഷികൾ ഇല്ലായിരുന്നു. കൊയ്ത്തുകഴിഞ്ഞ പാടം പോലെയുള്ള സ്ഥലത്തിന് നടുവിലുള്ള മണ്പാതയിലൂടെ ഞങ്ങൾ ഒരു കൊച്ചു മൊട്ടക്കുന്നിലേക്കു വണ്ടി ഓടിച്ചു കയറ്റി. അവിടുന്നുള്ള കാഴ്ച കണ്ണിനു വിരുന്നായി . ഷെയ്ഖ് ന്റെ ഫാമിലെ മാനുകളും മയിലുകളും ആടുകളും ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു. കുട്ടികൾ വളരെ ആസ്വദിച്ച ഒരിടം ആയിരുന്നു അത്. ജോലിക്കാരൻ വന്നു അദ്ദേഹത്തിന്റെ അർബാബ് വന്നാൽ പ്രശ്നമാണെന്ന് പറഞ്ഞതിനാൽ, നന്ദി പറഞ്ഞു ഇറങ്ങി.

വീണ്ടും കാഴ്ചകൾക്ക് വേണ്ടി പരതുന്നതിനിടയിൽ മറ്റൊരു ഫാമിന്റെ വേലിക്കൽ നല്ല പച്ചപ്പ്‌ കണ്ടു. ഞങ്ങൾ അടച്ചിട്ട ഗേറ്റിൽ തട്ടി വിളിച്ചു .. അകത്തെവിടെയോ ആയിരുന്ന ഒരു പാകിസ്ഥാനീ ജോലിക്കാരൻ ഞങ്ങൾക്ക് വേണ്ടി ഗേറ്റ് തുറന്നു. കൃഷി എല്ലാം അവസാനിച്ചു തരിശു ആയികിടക്കുന്ന ഭൂമി ഞങ്ങൾക്ക് കടുത്ത നിരാശ ആണ് സമ്മാനിച്ചത്. ഇവിടെ ഇപ്പൊ കൃഷി ഇല്ലെന്നും എന്നാൽ ഒരു തരം പച്ചക്കറി നിങ്ങൾക്കു കാണിച്ചു തരാം എന്നും പറഞ്ഞു അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

നാട്ടിൽ കാണുന്ന തരം ചുരക്ക ( വേറെ പേരുണ്ടോ എന്നറിയില്ല ) നിറയെ കായ്ച്ചു കിടക്കുന്നതാണു ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്. അതോടൊപ്പം അദ്ദേഹത്തിന്റെ ആവശ്യത്തിന് വേണ്ടി വളർത്തുന്ന ജെർജീർ (ഒരു തരം ഇലയാണ് സാലഡിനു ഉള്ളത് )തൈകളും ഉണ്ടായിരുന്നു. വളരെ സന്തോഷവാൻ ആയ അദ്ദേഹം ഞങ്ങൾക്ക് രണ്ടു ചുരക്കയും ( ഒന്ന് ചോദിച്ചു വാങ്ങീതാണ് ) ജെർജീർ വിത്തുകളും തന്നു. ഇറങ്ങാൻ നേരം ഭക്ഷണം വേണമെങ്കിൽ പറഞ്ഞാൽ ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞ അദ്ദേഹത്തോട് ഇനിയൊരിക്കലാവട്ടെ എന്ന് സ്നേഹത്തോടെ പറഞ്ഞു പുറത്തിറങ്ങി. ഇനി കാണാനുള്ള സ്ഥലങ്ങളെ കുറിച്ച് അദ്ദേഹം കൂടുതൽ വിവരങ്ങൾ നൽകി ഞങ്ങളെ യാത്രയാക്കി. വേലിക്കൽ കണ്ട പച്ചപ്പ്‌ അദ്ദേഹത്തിന്റെ മനസ്സിന്റെ പച്ചപ്പ് ആയിരുന്നു എന്ന് ഞങ്ങൾക്ക് വെറുതെ തോന്നിപ്പോയി.

അദ്ദേഹം പറഞ്ഞ വഴികളിലൂടെ ഞങ്ങൾ കൂടുതൽ അരിച്ചു പെറുക്കി യാത്ര ചെയ്തു. എല്ലാ ഇടവഴികളിലും ഞങ്ങൾ വണ്ടി ഇറക്കി കാഴ്ചകൾ കണ്ടു.. വലിയ മരങ്ങൾ ധാരാളം ഉണ്ട്. മൃഗങ്ങൾക്കുള്ള പുല്ലുകൾ നട്ടുവളർത്തുന്നു എല്ലാ ഫാമുകളിലും .. വഴികളിൽ നിറയെ അണ്ണാൻ കുഞ്ഞുങ്ങൾ തുള്ളി കളിച്ചു നടക്കുന്നു. ഒട്ടകങ്ങൾ അലയുന്നുണ്ട് അവിടിവിടെ. പൊട്ടി പൊളിഞ്ഞ പാതകൾ, പാതകൾക്കരികിൽ ഓഫ്-റോഡ് ഡ്രൈവ് ഇഷ്ടപ്പെടുന്നവർ വണ്ടി ഇറക്കി ഉണ്ടാക്കിയ വഴിച്ചാലുകൾ .. ഒറ്റയ്ക്ക് വഴിയരികിൽ നിൽക്കുന്ന മരങ്ങൾക്ക് ഒരു പ്രത്യേക അഴകാണ്. ഒരിടത്ത് മതിലിൽ ശുദ്ധമായ പാൽ ലഭിക്കുന്നതാണ് എന്ന ബോർഡ് ഫോൺ നമ്പർ കൂടി എഴുതിയത് എന്നിൽ കൗതുകം ഉണർത്തി, പക്ഷെ ആ ബോർഡിന്റെ ഒരു ഫോട്ടോ എടുക്കാൻ കഴിയാത്തതിൽ ദുഖവും.

ക്വാഡ് ബൈക്കുകളും ഓഫ് റോഡ് ജീപ്പുകളും ഒക്കെ മരുഭൂമിയിലൂടെ ഡ്രൈവ് നടത്തുന്ന ഒരു പ്രദേശത്തു ഞങ്ങൾ എത്തി. കുറച്ചു മീറ്ററുകൾ മണലിലൂടെ കടന്നു പോകേണ്ടതുള്ളതിനാൽ ഞാൻ ഒന്ന് മടിചെങ്കിലും കൂടെ ഒരു 4 വീൽ വാഹനം ഉള്ളതിനാൽ ധൈര്യം സംഭരിച്ചു ഒരുവിധം അപ്പുറത്തെത്തി. ഡെസേർട് ക്യാമ്പ് പോലുള്ള ഒരു സ്ഥലത്തു ആണ് ഞങ്ങൾ എത്തിച്ചേർന്നത്. കുട്ടികളുടെ കളിസ്ഥലം, ക്യാമ്പ് ഫയർ ഏരിയ, മജ്ലിസ് എല്ലാം ചേർന്ന ഒരു ചെറിയ ക്യാമ്പ്. വെള്ളിയാഴ്ച ആയതിനാലാണെന്നു തോന്നുന്നു അവിടെ വിവരങ്ങൾ ആരായാൻ ആരെയും കണ്ടില്ല. പള്ളിയിൽ പോകേണ്ടതിനാൽ എല്ലാം ചുറ്റി കണ്ടു ഞങ്ങൾ പെട്ടെന്ന് തന്നെ ഇറങ്ങി.

ഉച്ചക്കു ഹരിയുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന നെയ്‌ച്ചോറിനു അടുത്തുള്ള അങ്ങാടിയിൽ നിന്നും കറി വാങ്ങി മരത്തണലിൽ പായ വിരിച്ചിരുന്നു കഴിച്ചു. ശേഷം വാസിത് വെട് ലാൻഡ് പോകാൻ ഉദ്ദേശിച്ചിരുന്ന ഞങ്ങൾ കുറച്ചു സമയം കൂടി അതിലൂടെ തന്നെ കറങ്ങിക്കാണാൻ തീരുമാനിച്ചു.

അങ്ങനെ ഞങ്ങൾ ഒരു വലിയ കുതിര ഫാമിന്റെ മുന്നിൽ എത്തി. പുറകിലെ ഗേറ്റ് തുറന്നു അകത്തേക്ക് ഒന്ന് പാളി നോക്കിയപ്പോൾ ധാരാളം കുതിരകൾ കൂട്ടിനുള്ളിൽ നില്കുന്നത് കാണാമായിരുന്നു. ജോലിക്കരോട് സംസാരിച്ചപ്പോൾ ഫോർമാനോട് സംസാരിക്കാനും അദ്ദേഹത്തോട് സംസാരിച്ചപ്പോൾ അനുവദിക്കാൻ പറ്റില്ല എന്ന ഉത്തരവും കിട്ടി. കെഞ്ചിയെങ്കിലും ഫലം ഉണ്ടായില്ല. അങ്ങനെ അവിടുന്ന് തിരിച്ചു വീണ്ടും റോഡിൽ എത്തി..

പിന്നീട് ഒന്ന് രണ്ടു വാതിലുകൾ മുട്ടിയത് വിഫലമായെങ്കിലും അടുത്ത ഫാം ഞങ്ങളുടെ മുന്നിൽ തുറക്കപ്പെട്ടു.. മലയാളിയായ കാവൽക്കാരൻ തെല്ലൊരു വിഷമത്തോടെ ഞങ്ങൾക്ക് വേഗം അകത്തു കറങ്ങി വരാൻ അനുമതി നൽകി . വളരെ നല്ല കാഴ്ചകൾ സമ്മാനിക്കുന്ന പാത അകത്തേക്ക് ഞങ്ങളെ വിസ്മയിപ്പിച് ആനയിച്ചു. പാതയുടെ ഇരുവശത്തും വലിയ മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്നു. വലതു വശത്തായി ഇതുവരെ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ പുല്ല്‌ പാടം കാണാം. പാടത്തിനു നടുവിൽ വലിയ തടിയൻ മരങ്ങൾ പന്തലിച്ചു നിൽക്കുന്നുണ്ട് .

ഒരു വലിയ കൊയ്ത്തു യന്ത്രം ഘടിപ്പിച്ച ട്രാക്ടർ പാതയോരത് നിർത്തിയിട്ടിരിക്കുന്നു. അവനാണ് അവിടുത്തെ പ്രധാന പണിക്കാരൻ. വീണ്ടും അകത്തേക്ക് പോകുമ്പോൾ വലിയ മരങ്ങൾക്കിടയിലൂടെ ഒരു ബംഗ്ലാവ് കാണാം. ഇടത്തേക്ക് തിരിഞ്ഞു കുറച്ചുകൂടി അകത്തേക്ക് ചെല്ലുമ്പോൾ ഒരു കാലിത്തൊഴുത്തു കണ്ടു. അതിൽ 4 പശുക്കളും തൊട്ടടുത്തതിൽ നിറയെ ആടുകളും, ഒരു ദിവസം പ്രായമായതുമുതൽ വലിയവ വരെ, ഉണ്ടായിരുന്നു. പിന്നെ ഈന്തപ്പന തോട്ടത്തിലൂടെ ചെറിയ രീതിയിൽ ഓഫ്‌റോഡിങ് നടത്തി, വിശാലമായ പുല്ല്‌ പാടത്തുനിന്നും ഫോട്ടോയും എടുത്തു കാവൽക്കാരന് നന്ദി പറഞ്ഞിറങ്ങി.

ഇനി വാസിത് വെട് ലാൻഡ് പോകാതെ അവിടെത്തന്നെ കൂടുതൽ കറങ്ങാൻ കാണാൻ ഞങ്ങൾ തീരുമാനിച്ചു. അടുത്ത് കണ്ട വലിയ റോഡിലൂടെ പുതിയ കാഴ്ചകൾ തേടി അലയുമ്പോൾ ഒരു മതിൽകെട്ടിനകത്തെ ഇടതൂർന്ന മരക്കൂട്ടങ്ങൾ കാണാനിടയായി. ആരുടെയോ സ്വകാര്യ സ്ഥലം ആണെങ്കിലും തുറന്നു കിടന്ന ഗേറ്റ്ലൂടെ ഒരു 5 മിനുറ്റ് കൊണ്ട് കറങ്ങി, അതിസുന്ദരമായ അവിടം മനസ്സില്ലാമനസ്സോടെ വിട്ടിറങ്ങി.

മുൻപ് മൊട്ടക്കുന്നിന് മുകളിൽ നിന്നും മാനുകളെ കണ്ട ഷെയ്‌ഖിന്റെ ഫാം മുന്നിൽ കണ്ടതും, അകത്തു കയറ്റില്ല എന്നറിയാമെങ്കിലും, ഒന്ന് ശ്രമിച്ചുനോക്കാം എന്ന് ഞങ്ങൾ വിചാരിച്ചു. കവാടത്തിലെ സെക്യൂരിറ്റി ജീവനക്കാരനോട് കാര്യം പറഞ്ഞു. അനുവദിക്കാനാവില്ലെന്നും ഇവിടെ ഫോട്ടോ എടുക്കാൻ പറ്റില്ല എന്നും അയാൾ അറിയിച്ചു. ഞങ്ങൾ ആ ശ്രമം ഉപേക്ഷിക്കാതെ മതിലിനരികിൽ കണ്ട വഴിയിലൂടെ കുറച്ചു ദൂരം പോയിനോക്കി. അവിടെയുള്ള സർവീസ് ഗേറ്റ് ജീവനക്കാരനോട് സംസാരിച്ചു കാര്യങ്ങൾ ബോധിപ്പിച്ചുവെങ്കിലും അദ്ദേഹവും നിസ്സഹായാവസ്ഥ വെളിവാക്കി. എന്നാൽ, ഷെയ്ഖ് അഹമ്മദിന്റെ ഓഫീസിൽ നിന്നും അനുമതി വാങ്ങിവന്നാൽ മാത്രമേ പ്രവേശനം നല്കാൻ കഴിയൂ എന്ന വിവരം മാന്യമായി അറിയിച്ചു. വിടപറഞ്ഞിറങ്ങുമ്പോൾ അകത്തു മയിലുകൾ കൂട്ടമായി നടക്കുന്നത് കാണുന്നുണ്ടായിരുന്നു.

ശേഷം ചായകുടിക്കാൻ വേണ്ടി ഏതെങ്കിലും ഒരു മരച്ചുവട് തേടി ആ ഗ്രാമത്തിന്റെ മറ്റൊരു പ്രദേശത്തേക്ക് നീങ്ങി. പൊട്ടിപൊളിഞ്ഞ പാതയിലൂടെ വളഞ്ഞുപുളഞ്ഞു, കാഴ്ചകളെ പിന്നിലാക്കി, അടുത്ത് കണ്ട വലിയ മണൽകൂനയുടെ അടുത്ത് വണ്ടി നിർത്തി. ഹരി ആ മണൽ കൂനയിലൂടെ അവന്റെ റ്റിഗ്ഗു ഓടിച്ചും, കയറ്ററിയിറക്കിയും ഓഫ്‌റോഡ് ഡ്രൈവ് ആസ്വദിച്ചു.

ചായ കുടിച്ചതിനു ശേഷം ശംസിക്കു അൽ ഐനിലേക്കു പോകേണ്ടതിനാൽ യാത്ര അവസാനിപ്പിക്കാൻ തീരുമാനിച്ചു. അവിടെ നിന്നും പ്രധാന റോഡിലേക്ക് കടക്കുന്നതിനു തൊട്ടുമുൻപ് ഉള്ള ആ ഇടവഴി കൂടി കണ്ടു പോകാം എന്ന തീരുമാനം അക്ഷരാർത്ഥത്തിൽ ശരിയാണെന്നു തെളിഞ്ഞു. വേഗത്തിൽ മുന്നോട്ടു പോയ എന്നെ ആ കാഴ്ച പെട്ടെന്ന് വണ്ടി നിർത്താൻ പ്രേരിപ്പിച്ചു. അത് വരെ ഉള്ള യാത്രയുടെ പൂർണ്ണത ആയിരുന്നു ആ കാഴ്ച.

മുൻപ് എപ്പോഴോ തകർന്നു വീണ ഒരു ചെറു വിമാനത്തിന്റെ ഭാഗങ്ങൾ ആ മണൽ പരപ്പിൽ ചിതറികിടക്കുന്നു. തെല്ലൊരു ആശ്ചര്യത്തോടെ, അപകടത്തിൽ ആളപായം സംഭവിച്ചു കാണുമോ എന്ന് തുടങ്ങിയ സംശയങ്ങളോടെ നിൽക്കുമ്പോൾ, ഷഫീനയും വന്ദനയും അഷിതയോടൊപ്പം വിമാന അവശിഷ്ടങ്ങളുടെ അടുത്തേക്ക് എത്തിയിരുന്നു.

ആഷിക് ആകട്ടെ വലിയ ആശ്ചര്യത്തോടെ വിമാനത്തിന്റെ ഒരു ചെറിയ ഭാഗം പൊക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ആദിൽ ഉറക്കത്തിലായിരുന്നതിനാൽ വളരെ വേഗം കണ്ട കാഴ്ചകൾ ക്യാമറയിലാക്കി ഞങ്ങൾ തിരികെ വണ്ടിയിൽ കയറി. തകർന്ന വിമാനത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി ഗൂഗിൾ പരതിയെങ്കിലും ലഭിച്ചില്ലെന്നാണ് ജസ്ലിൻ പറഞ്ഞത്. യാത്രയുടെ തുടക്കത്തിൽ വിമാനത്തിന്റെ വിവരം അറിഞ്ഞിരുന്നെങ്കിലും അത് വീണു കിടക്കുന്ന കൃത്യമായ സ്ഥലം തേടി കണ്ടുപിടിച്ചതിന്റെ സന്തോഷത്തിലാണ് ഈ യാത്ര ഞങ്ങൾ അവസാനിപ്പിച്ചത്.

പ്രകൃതി ആസ്വാദകരായ എല്ലാ സഞ്ചാരികളും കൃതിമത്വം ഇല്ലാത്ത ഈ കൊച്ചു ഗ്രാമം മുൻവിധികളില്ലാതെ കുറഞ്ഞത് ഒരുതവണ എങ്കിലും കണ്ടിരിക്കണം. കാരണം, കാലങ്ങളായി മരുഭൂമിയിൽ ജീവിക്കുന്ന നമുക്ക് ഈ കാഴ്ചകൾ തീർച്ചയായും മനസ്സുനിറക്കും.

വിവരണം – Ebrahim Rahmathulla.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply