എറണാകുളം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് പാണിയേലി പോര്. കേരളത്തിലെ ടൂറിസം മാപ്പിൽ പാണിയേലി പോരിനു ഇതു വരെ സ്ഥാനം നൽകിയിട്ടില്ലെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കുറവൊന്നുമില്ല.
പാറക്കൂട്ടങ്ങളില്‍ തട്ടിച്ചിതറി സ്വരമുണ്ടാക്കി ഒഴുകി വരുന്ന പെരിയാറിന്റെ കരയില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് പാണിയേലി പോര് എന്ന് പേര് വന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്. പോരിനുള്ളിലൂടെ പുഴയിലേക്കുള്ള വഴി കാടുമൂടിയതാണ്. മലമുകളില്‍ നിന്നും ഒഴുകി വരുന്ന പെരിയാറാണ് പാണിയേലി പോരിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ശുദ്ധമായ വായുവും മലിനമുക്തമായ വെള്ളവും…. മാലിന്യങ്ങളൊന്നുമില്ലാതെ കല്ലുകളില്‍ തട്ടിച്ചിതറി എത്തുന്ന പെരിയാറിന്റെ സുന്ദരമുഖമാണ് പാണിയേലിയില്‍ കാണാന്‍ കഴിയുക.
പെരിയാറിന്റെ സൗന്ദര്യം മാത്രമല്ല ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. വിവിധയിനം ചിത്രശലഭങ്ങളെയവിടെ കാണാം, പല നിറത്തിലും വലിപ്പത്തിലും ഉള്ളവ . വെള്ളച്ചാട്ടങ്ങളും തുരുത്തുകളും പാറക്കൂട്ടങ്ങളും കാടിന്റെ സൗന്ദര്യവും കൂടാതെ പാണിയേലി പോരിന്റെ മാത്രം പ്രത്യേകതയായ കല്ലോടികുഴികളുമെല്ലാം ഇവിടുത്തെ ആകര്‍ഷണങ്ങളാണ്.പാറക്കൂട്ടത്തിനു മുകളിലൂടെ പോകുന്ന വെള്ളം മാത്രമല്ല അപകടകാരിയായുള്ളത്. പാറയില്‍ കാണപ്പെടുന്ന പ്രത്യേകതരം കുഴികളും വഴുവഴുക്കലുമാണ്.
പാണിയേലി പോരില്‍ മാത്രം കണ്ടുവരുന്ന പ്രത്യേകതയാണ് ഇവിടുത്തെ കല്ലാടിക്കുഴികള്‍.പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ കല്ലുകള്‍കൊണ്ടു രൂപംകൊണ്ടതാണീ കുഴികള്‍. ശക്തമായ ഒഴുക്കില്‍ പാറയുടെ മുകളില്‍ വീഴുന്ന കല്ലുകള്‍ തിരിഞ്ഞു തിരിഞ്ഞ് കുഴി രൂപപ്പെടുകയും പിന്നീട് അതിനകത്തുപെട്ടുപോകുന്ന കല്ലുകള്‍ ഉള്ളില്‍ കിടന്നാടിയായി കുഴി വലുതാവുകയും ചെയ്യുമത്രെ. അങ്ങനെ രൂപം കൊള്ളുന്നതാണ് കല്ലാടിക്കുഴികള്‍. പുറമേ ശാന്തത തോന്നിപ്പിക്കുമെങ്കിലും നിരവധി പേര് ഇവിടെ മരണത്തിനു കീഴടങ്ങിയിട്ടുണ്ട്.
അശ്രദ്ധമായുള്ള സഞ്ചാരവും പാറകളിലെ വഴുക്കലും അടിയൊഴുക്കും കൂടാതെ കല്ലാടിക്കുഴികളില്‍ പെട്ടും ധാരാളമാളുകള്‍ മരണപ്പെട്ടിട്ടുണ്ട്. പാണിയേലിപ്പോരില്‍ പോകുന്നവര്‍ ഇക്കാര്യങ്ങള്‍ ഓര്‍ത്തിരിക്കേണ്ടതാണ്. കൂടാതെ മുന്നറിയിപ്പില്ലാതെ ഭൂതത്താന്‍കെട്ട് അണക്കെട്ട് തുറന്നുവിടുന്നതിനാല്‍ പെട്ടന്നു നദിയിലെ ജലനിരപ്പ് ഉയരും. ആനകളുടെ സാന്നിദ്ധ്യവുമുണ്ട് …
അതിനാല്‍ കൃത്യമായ മുന്‍കരുതലുകളെടുത്തിട്ടുവേണം ഇവിടേക്ക് വരാന്‍…എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നിന്നും 17 കിലോമീറ്റര്‍ അകലെയുള്ള വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിനു സമീപമാണ് പാണിയേലി പോര് സ്ഥിതി ചെയ്യുന്നത്. പെരുമ്പാവൂരിൽ നിന്ന് കുറുപ്പംപടി, മനയ്ക്കപ്പടി, വേങ്ങൂർ, കൊമ്പനാട്, ക്രാരിയേലി തെക്കേക്കവല എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് പാണിയേലിയിലെത്തിച്ചേരാം.
വനം വകുപ്പിന്റെ കൗണ്ടറിൽ നിന്ന് പാസ് മൂലമാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. സമീപത്തായുള്ള വനം വകുപ്പ് ചെക്ക് പോസ്റ്റ് വരെയാണ് വാഹനങ്ങൾക്കു പ്രവേശനം. കോതമംഗലത്തുനിന്നും ഓടക്കാലിയിൽ നിന്നുതിരിഞ്ഞ് ഓടക്കാലികവലയിലൂടെ മേയക്കപ്പാല ഇവിടെ നിന്ന് ഏകദേശം 4 കിലോമീറ്റർ സഞ്ചരിച്ച് പാണീയേലിപോരിൽ എത്താവുന്നതാണ് പ്രവേശന സമയം രാവിലെ 8 മണി – വൈകീട്ട് 4 വരെ മാത്രം.
കടപ്പാട് – ദിവ്യ ജി.പൈ.