കസെഞ്ചർ – സുഡാനിലെ പച്ചത്തുരുത്തിൽ ഒരു ദിനം.

ഒരു കപ്പുമായി വരൂ നമുക്ക് ആഘോഷിച്ചു മടങ്ങാം എന്നാണത്രെ കസെഞ്ചർ എന്ന വാക്കിനർത്ഥം . മദ്യ നിരോധിത രാഷ്ട്രമായത് കൊണ്ട് തന്നെ സുഡാനിൽ ഏത് നിരത്തിലും പകലോ രാത്രിയോ എന്നില്ലാതെ ചായ വിൽപ്പനക്കാരെ കാണാൻ സാധിക്കും . സന്ധ്യ മയങ്ങുന്നതോടു കൂടി പാതയോരത്തും മാളിന് വെളിയിലും മാർക്കറ്റ് ചേർന്നും എന്ന് വേണ്ട ആൾക്കാർ കൂടുന്നിടത്തൊക്കെയും ചായകടകൾ പൊങ്ങി വരും. യുവാക്കളും പ്രായമായവരും സ്ത്രീകളും വിദേശികളും ആ ചായക്കടയുടെ ചുറ്റിലും കാണും. സുലൈമാനി ആണ് പ്രധാനം . പലതരം കൂട്ടുകൾ ചേർത്ത ചായ ഉണ്ടാക്കും . ചില കാപ്പിയുടെ രുചി വേപ്പിൻകഷായത്തിനും മേലെയായിരിക്കും. പറഞ്ഞു വന്നത് സുഡാനികൾക് ആഘോഷങ്ങളിൽ ഒഴിവാക്കാനാവാത്തതാണ് ചായ അല്ലെങ്കിൽ കാപ്പി. ഒരു തരം ലഹരി.

കസെഞ്ചർ എന്ന സ്ഥലത്തെ കുറിച്ച അറിഞ്ഞപ്പോൾ ഗൂഗിളിൽ നല്ല രീതിയിൽ തിരഞ്ഞു നോക്കി. കാര്യമായി ഒന്നുംകണ്ടില്ല എന്ന് മാത്രമല്ല പട്ടാള നിയന്ത്രണത്തിലുള്ള മേഖല ആയതിനാൽ അവിടെ ചെന്നെത്താമെന്ന പ്രതീക്ഷയും കുറവായിരുന്നു. തലേന്ന് രാത്രി ടൂർ ഓപ്പറേറ്റർ മുഹമ്മദ് സറൂഖ്‌ വിളിച്ചു പറഞ്ഞപ്പോഴാണ് വീണ്ടും കസെഞ്ചർ മനസ്സിൽ കേറിയത്.
450 കിലോമീറ്റര് അകലെ നൈൽ നദിയുടെ നടുവിൽ അൾത്താമസം ഇല്ലാത്തൊരു ദ്വീപ് . മരുഭൂമിയുടെ കാലാവസ്ഥയിൽ നിന്ന് വ്യത്യസ്തമായതിനാലാവാം സറൂഖ്‌ പുതപ്പു കൂടി കരുതിക്കോളാൻ പറഞ്ഞിരുന്നു . അത്യാവശ്യം സാധനങ്ങളും പെറുക്കി കൂട്ടി രാവിലെ 7 മണിയോടെ കസെഞ്ചർ യാത്ര തുടങ്ങി.

      

മറ്റു മൂന്നു വണ്ടികളിലായി അകെ മൊത്തം 19 പേരാണ് ഈ യാത്രയിൽ . ഞങ്ങൾ നാലു ഇന്ത്യക്കാരൊഴികെ ബാക്കി എല്ലാവരും സുഡാനികൾ. .ഉപ്പു മുതൽ ടെന്റെ വരെയുള്ള സാധന സാമഗ്രികൾ നാലു വണ്ടികളിലായി നിറച്ചു വച്ചു. സുഡാനികൾ എല്ലാവരും തന്നെ അവരുടെ സ്വന്തം വണ്ടിയിൽ ആയതിനാൽ ഞങ്ങൾക്ക് മാത്രമേ ഡ്രൈവർ ഉണ്ടായിരുന്നുള്ളു. ഞങ്ങളുടെ ഡ്രൈവർ ആയിരുന്നു വഴികാട്ടിയും ഗൈഡും . ഖാർത്തും സ്റ്റേറ്റ് കഴിഞ്ഞാൽ നമ്മൾ എത്തുന്നത് സുഡാനിലെ ഇന്ത്യ എന്നറിയപ്പെടുന്ന ഒന്തുരുമാൻ എന്ന സ്റ്റേറ്റിലോട്ടാണ്.

ഇന്ത്യക്കാരായിരുന്നത്രെ ഏറ്റവും നല്ല റെയിൽവേ എഞ്ചിനീർസ് . അതുകൊണ്ട് തന്നെ സുഡാൻ റെയിൽവേ നിർമാണത്തിന് വേണ്ടി അന്ന് കപ്പലുകേറി വന്നവർ പലരും ഇവിടെ താമസക്കാരായി. മുന്നേ ഉഗാണ്ടയിലും ടാൻസാനിയയിലും ഇത് പോലെ വന്നു തിരിച്ചു പോകാത്തവരുടെ തലമുറകളെ കണ്ടിരുന്നു. അവരുടെ തലമുറകൾ സുഡാനിൽ ജനിച്ചു വളർന്നു ജീവിച്ചു മരിക്കുന്നു. എല്ലാ ആഘോഷങ്ങളും ആചാരങ്ങളും ഇന്ത്യയിൽ എന്ന പോലെ ഇവിടെയും കാണാൻ പറ്റും. ഖാർത്തും വച്ച് നോക്കിയാൽ ഓന്തുരുമാൻ ദൈനംദിന ചെലവുകൾ കുറവാണ്. അതുകൊണ്ട് തന്നെ ഖാർത്തൂമിൽ എത്തിപ്പെടുന്ന മറ്റു സ്‌റ്റേറ്റിൽ നിന്നും വരുന്ന സ്വദേശികളും താമസിക്കാൻ തിരഞ്ഞെടുക്കുന്നത് ഓന്തുരുമാൻ തന്നെ.

രാവിലെ ഇറങ്ങിയതിനാൽ ഞങ്ങൾ ഒഴിച്ച് വേറെ ആരും ഒന്നും കഴിച്ചില്ലായിരുന്നു. ഓന്തുരുമാൻ എത്തിയതോടെ മറ്റു സഹയാത്രികർ ഭക്ഷണത്തിനായി ഇറങ്ങി . ഞങ്ങൾക്കും പ്രഭാത ഭക്ഷണം ഉണ്ടായിരുന്നു. പക്ഷെ രാവിലെ തന്നെ കഴിച്ചതിനാലും സുഡാനി ഭക്ഷണം ബ്രെഡും ഫുളും അത്രയ്ക്കു ഇഷ്ടമല്ലാത്തതിനാലും സന്തോഷപൂർവം നിരസിച്ചു. എന്നിട്ടും സറൂഖ്‌ ഒരു ബോക്സ് ഡ്രൈ ഫ്രൂട്സ് ഞങ്ങളുടെ വണ്ടിയിലേക്ക് വാങ്ങി തന്നു .

ഓരോരുത്തരുടെയും വർത്തമാനവും ചായകുടിയും കഴിയാൻ ഇത്തിരി എന്നല്ല ഒത്തിരി സമയം എടുത്തു. അവർ അങ്ങനെയാണ് ധൃതിയിൽ കഴിച്ചു ഓടുന്നവരല്ല കുറെയേറെ സംസാരിക്കാൻ ഉണ്ടാവും ഒരു പാത്രത്തിൽ നിന്നും വാരിക്കഴിക്കും.

ഓന്തുരുമാനിൽ നിന്ന് തന്നെ എല്ലാ വണ്ടികളും ഫുൾ ടാങ്ക് എണ്ണയടിച്ചു . ഇനി അങ്ങോട്ട് മരുഭൂമിയാണ് . അതിനിടയിൽ എവിടെയോ ഒന്ന് മൂത്രമൊഴിക്കാൻ നിർത്തി തരാമെന്നു മാത്രം പറഞ്ഞായിരുന്നു .

ഗൂഗിൾ മാപ്പിൽ നോക്കി ഏകദേശ കിലോമീറ്റർ അറിഞ്ഞയായിരുന്നു . ഏകദേശം 350 കിലോമീറ്ററോളം മരുഭൂമി മാത്രം . പല സ്ഥലത്തും ഒന്നോ രണ്ടോ പേർ മാത്രമുള്ള ചെക്ക് പോസ്റ്റുകൾ . വിദേശി പട്ടം ഉള്ളതിനാൽ ഓരോ കോപ്പി ട്രാവൽ പെർമിറ്റ് ഓരോ ചെക്ക് പോസ്റ്റിലും സന്തോഷ പൂർവ്വം നൽകി. അവർ ചിരിച്ചു കൊണ്ട് യാത്രയാക്കി.

റംസാൻ ഒഴിവു കഴിഞ്ഞു ഖാർത്തൂമിലേക് തിരിച്ചു വരുന്ന ബസ്സുകൾ ഓരോ ചെക്ക് പോസ്റ്റിലും നിർത്തിയിടുന്നു. പത്തിരുപത് ബസ്സുകൾ വന്നു കഴിഞ്ഞാൽ പോലീസിന്റെ്യോ പട്ടാളത്തിന്റെപയോ അഹമ്പടിയോടു കൂടി ഒന്നിച്ചു യാത്ര തുടരും. അങ്ങനെ മൂന്നു പ്രാവശ്യം ബസ്സുകളുടെ നീണ്ട നിര കടന്നു പോയി. ഖാർത്തും വരുന്നവരുടെ സുരക്ഷാ ഖാർത്തും സ്റ്റേറ്റിന് ആയതിനാലാണത്രെ ഈ സുരക്ഷ ഒരുക്കുന്നത് . രാത്രിക്കു രാമാനം മിന്നൽ എന്നും മഹാരാജ എന്നും പറഞ്ഞു തലങ്ങും വിലങ്ങും ദീർഘ ദൂര ബസുകൾ ഓടുന്ന നാട്ടിൽ നിന്നും ഇവിടെ വന്നു പട്ടാപ്പകൽ ഇത്രയും സുരക്ഷയിൽ ബസ്സുകൾ ഓടുന്നത് കണ്ടപ്പോ ഒരു കൗതുകം അതാ ഇവിടെ പറയാൻ കാരണവും.

പിന്നിട്ട അത്രയും ദൂരം ബാക്കി നിൽക്കെ മരുഭൂമിയിൽ ഒരു പള്ളി ചേർന്ന് വണ്ടി ഒതുക്കി . പ്രാർത്ഥിക്കാൻ ഉള്ളവർക്ക് പ്രാർത്ഥിക്കാനും ടോയ്ലറ്റ് പോവാനുള്ളവർക് അങ്ങനെയും . എന്നാൽ ചുട്ടു പൊള്ളുന്ന വെയിലിൽ കുടിച്ച വെള്ളം ഒക്കെയും ശരീരത്തിൽ നിന്നും ആവിയായി പോയെന്നു തോന്നുന്നു , ഒരു ശങ്കയും ഇല്ല.

അവിടെ ചെറിയൊരു പനയോല പന്തലിൽ പ്രഥമ ദൃഷ്ട്യാ ഒരു ആടിനെ തലകീഴായി തൂക്കിരിക്കുന്നതു കണ്ടു. അടുത്ത് ചെന്നപ്പോൾ മനസ്സിലായി അതൊരു പ്രകൃതിദത്ത വാട്ടർ കൂളർ ആയിരുന്നു. ആട്ടിൻതോലെടുത്തു അവരുടേതായ രീതിയിൽ സംസ്കരിച്ചു അകിടിന്റെച ഭാഗത്തു ചെറിയൊരു ദ്വാരം ഒഴികെ ബാക്കി എല്ലാ വശവും തുന്നി കെട്ടും. എന്നിട്ട് അതിനകത്തു വെള്ളം നിറയ്ക്കും. ഈ വെള്ളം കുടിച്ചു നോക്കി തണുപ്പറിയാൻ ധൈര്യക്കുറവുണ്ടായതിനാൽ തൊട്ടു നോക്കി, . നല്ല തണുപ്പ്. ഇതേ പോലത്തെ തോൽ സഞ്ചികളാണ് അവർ തൈര് കടഞ്ഞു വെണ്ണയെടുക്കാനും ഉപയോഗിക്കുന്നതെന്ന് പറഞ്ഞറിഞ്ഞു. തൈര് നിറച്ചു കെട്ടിത്തൂക്കി കുലുക്കുമത്രേ . എന്തായാലും വ്യത്യസ്തമായ കാഴ്ച .

ഒരു വണ്ടി ഒന്ന് മണലിൽ പുതഞ്ഞെങ്കിലും അധികം മെനക്കെടുത്താതെ പിടിച്ചു കയറി. വീണ്ടും പുറം കാഴ്ചകൾ ഒരു മാറ്റവും ഇല്ലാതെ തുടർന്നു. എങ്ങും മണൽ കൂനകൾ. ചിലപ്പോൾ മണൽ കാറ്റ് വന്നു മണൽ കൂനകൾ റോഡിലോട്ടിറങ്ങും. അധികം വളവും തിരിവുകളും ഇല്ലാത്തതിനാൽ ഓവർ സ്പീഡ് നിയന്ത്രിക്കാൻ പല സ്ഥലങ്ങളിലും ക്യാമെറകൾ സ്ഥാപിച്ചിട്ടുണ്ട്.
ഒരു ഉറക്കം കഴിഞ്ഞു എഴുന്നേറ്റപ്പോൾ ഈന്തപ്പന തോട്ടം കണ്ടു തുടങ്ങി അവിടവിടായി മതിലുകളോട് കൂടിയ വീടും മുറ്റത്തു കഴുത വണ്ടികളും.

കഴുതയും ഒട്ടകവുമാണ് ഇവിടുത്തുകാരുടെ വാഹനം . തോക്കു കയ്യിലേന്തിയ പട്ടാളക്കാർ, പട്ടാള വാഹനങ്ങൾ , എങ്ങും പട്ടാളക്കാർ മാത്രം. കാരണം ഈയൊരു പ്രദേശം സുഡാൻ ആർമിയുടെ കീഴിലാണ്.

സുഡാൻ രാജ്യത്തിന് മൊത്തം വെളിച്ചം പകരാൻ ശേഷിയുള്ള മെറോവേ ഡാം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കുത്തിയൊലിക്കുന്ന നൈലിനെ മരുഭൂമിയിൽ തടഞ്ഞു നിർത്താൻ വേണ്ടി ഒഴിപ്പിച്ചത് നൈലിനെ ആശ്രയിച്ചു ജീവിച്ചിരുന്ന 2500 കുടുംബങ്ങളെ ആണത്രേ . പൂർണ്ണമായും ആർമിയുടെ സുരക്ഷ കവചത്തിൽ ആയതിനാൽ സ്വദേശികൾക്കോ വിദേശികൾക്കോ ഡാമിന്റെി ഏഴയലത്തു എത്തിപ്പെടാൻ സാധിക്കില്ല . എന്നിരുന്നാലും ഡാം ഞങ്ങളുടെ കസ്റ്റമർ ആയതു കൊണ്ട് മുൻപൊരിക്കൽ ഒഫീഷ്യൽ ആയി ഞാൻ ഡാമിനകത്തു കയറിയിട്ടുണ്ട്.

പൂരം കഴിയുന്ന ദിവസം ഉറക്ക പൂരം എന്ന് പറയുന്ന പോലെ റംസാൻ കഴിഞ്ഞു പലരും റംസാൻ ആഘോഷങ്ങളിൽ നിന്നും പൂർണ്ണമായും മുക്തമായിട്ടില്ല . പ്ലാൻ ചെയ്ത പ്രകാരം ഉച്ചയൂണ് പ്രതീക്ഷിച്ച ഹോട്ടൽ തുറന്നിട്ട് പോലും ഇല്ല . നേരെ മറ്റൊരു ഹോട്ടൽ ആയ മെറോവേ ടൂറിസ്റ്റ് വില്ലേജിലോട്ട് കയറിയെങ്കിലും റംസാൻ കഴിഞ്ഞു ആദ്യമായിട്ടാണെന്നു തോന്നുന്നു 20 പേരെ ഒന്നിച്ചു കാണുന്നത് , മൂന്നു മണിക്കൂർ തരികയാണെങ്കിൽ ലഞ്ച് റെഡി ആക്കി തരാമെന്നു അവർ. എന്നാൽ ലഞ്ച് ആവശ്യം ഇല്ല എന്തെങ്കിലും ലഘുവായി കഴിച്ചു വിശപ്പടക്കാം എന്ന് ഞങ്ങളും. വേറൊന്നും കൊണ്ടല്ല മൂന്നു മണിക്കൂർ വെറുതെ ചിലവഴിച്ചാൽ ചെലപ്പോൾ ഒന്ന് രണ്ടു സ്ഥലങ്ങൾ വിട്ടു പോയേക്കാം.

വ്യക്തമായി പറഞ്ഞാൽ ഇപ്പോൾ ഞങ്ങൾ എത്തിയിരിക്കുന്നത് ഡാമിന്റെ. തൊട്ടു താഴെയായി സ്ഥിതി ചെയ്യുന്ന കരിമ എന്ന കൊച്ചു ടൗണിലാണ്. കരിമ യുടെ സ്ട്രീറ്റ് കയ്യടക്കിയിരിക്കുന്നതും നമ്മുടെ ബജാജ് ഓട്ടോകൾ തന്നെ . എവിടെ ചെന്നാലും ഇവർ ഇങ്ങനെയാണോ എന്ന് തോന്നിപോകും. ടുക്–ടുക് എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഓട്ടോ ഡ്രൈവർമാരെ കുറിച്ചു വളരെ മോശം അഭിപ്രായം ആണ് മറ്റു ഡ്രൈവേഴ്‌സിന് . കാരണം മറ്റൊന്നും അല്ല റോഡിലെ സർക്കസ് തന്നെ .

ജബൽ ബർക്കൽ

യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചു പോകുന്ന പഴയകാല ഭരണസിരാ കേന്ദ്രമാണ് ജബൽ ബർക്കൽ . ഈജിപ്തിൽ നില നിന്നിരുന്ന രാജഭരണ രാജ്യാതിർത്തി ആയിരുന്നത്രേ ഒരു കാലത്ത് ജബൽ ബറക്കൽ . മുകൾ സമതലമായ ഈ മലയുടെ മുകളിൽ പലവിധ അടയാളങ്ങളും സ്വർണ്ണം പൂശിയ സ്തൂപങ്ങളും ഉണ്ടായിരുന്നുവത്രെ . മധ്യ ആഫ്രിക്കയും അറേബ്യൻ രാജ്യങ്ങളും ഈജിപ്തും തമ്മിലുണ്ടായിരുന്ന വ്യാപാര പാതയുടെ കേന്ദ്രവും ജബൽ ബർക്കൽ ആയിരുന്നു. മാത്രമല്ല വളരെ വീഥിയിൽ ഒഴുക്കുന്ന നൈൽ നദി മുറിച്ചു കടക്കാൻ മെറോവേ എന്ന വീതി കുറഞ്ഞ ഭാഗം തിരഞ്ഞെടുത്തതും ആയിരിക്കാം , തുടർന്നു ഡാം നിർമ്മിക്കാനും ഈ ഭാഗം തന്നെ തിരഞ്ഞെടുത്തു. അന്ന് ചാഡ് രാജ്യത്തെ പല സ്ഥലങ്ങളും സുഡാൻ രാജ്യത്തിന്റൊ കീഴിലായിരുന്നു. അന്നത്തെ രാജാവിന്റെടയും രാജകുടുംബാംഗങ്ങളുടേതുമായി പതിനഞ്ചോളം പിരമിഡുകളും മലയുടെ ചുറ്റുമായി സംരക്ഷിച്ചു പോകുന്നു.

ഞങ്ങൾ തലേന്ന് പിരമിഡുകൾ മാത്രം സന്ദർശിക്കാൻ മാറ്റി വച്ചതിനാൽ പിരമിഡുകൾ അത്ഭുതമായി തോന്നിയില്ല . കൂടെയുള്ളവർ ചാടി കയറി ഫോട്ടോ എടുത്തു തുടങ്ങിയപ്പോൾ വിട്ടു കൊടുക്കാൻ മലയാളി മനസ്സു തയ്യാറായില്ല എന്ന് വേണം പറയാൻ. പിരമിഡിൽ അള്ളിപ്പിടിച്ചു നിന്ന് ഞങ്ങളും എടുത്തു കുറച്ചു ഫോട്ടോസ്.
കുത്തനെയുള്ള മണൽ തിട്ടകളിലൂടെ വരിവരിയായി ഞങ്ങൾ മലയുടെ അടിവാരത്തിലോട്ടു നീങ്ങി.

പുറകു വശത്തു നിന്നായിരുന്നു ഇത് വരെയും മലയെ കണ്ടു കൊണ്ടിരുന്നത്. മുൻ വശം ഒരു ക്ഷേത്രമായിരുന്നു. ജബൽ ബറക്കൽ മട്ട് ടെംപ്ൾ .
ക്ഷേത്രം എന്നുകേൾക്കുമ്പോൾ ചുമരിലെ കൊത്തു പണിയും വിഗ്രഹവും ശംഖൊലിയും മണിനാദവും മനസ്സിൽ ഓടിയെത്തിയത് എങ്കിൽ എന്നെ പോലെ നിങ്ങൾക്കും തെറ്റിയിരിക്കുന്നു . മലയടിവാരത്ത് ഞങ്ങൾ എത്തിയതും ഒരു പ്രദേശവാസി ഓടിയെത്തി .ക്ഷേത്രം തുറന്നു കാണിക്കാനും വിശദീകരിക്കാനും ചുമതലപെട്ടയാൾ ആയിരുന്നു അത് . കൂറ്റൻ കൽത്തൂണുകൾക്കിടയിലൂടെ അകത്തേക്ക്‌കടക്കാൻ ഒരു ചെറിയ വാതിൽ. ചുമരിൽ ക്ഷേത്രത്തെ കുറിച്ചുള്ള ലഘു വിവരണം. അയാൾ അകത്ത്‌ കയറി ലൈറ്റ് എല്ലാം തെളിയിച്ചു. ഞങ്ങൾ ആ കൂറ്റൻ മലയുടെ അകത്തേക്കു കടന്നു . ചുമരിൽ ധാരാളം ചുമർ ചിത്രങ്ങൾ . നാട്ടിലെ പോലെ ദേവി ദേവന്മാരുടേതല്ല മറിച്ചു രാജാവിന്റെമ വീരകഥകൾ ആയിരുന്നു അത്. പ്രധാന മുറിയുടെ ഇടതും വലതും മറ്റു മുറികളുടെ വാതിൽ കാണാം . അതൊക്കെയും സ്ഥിരമായി അടച്ചിരിക്കുന്നു. എല്ലാവരും അകത്ത്‌ കയറിയ ശേഷം അയാൾ വിശദീകരിച്ചു ഓരോ ചിത്രങ്ങളും ആരായിരുന്നു എന്തായിരുന്നു എന്നത്. വീരാളിയെ മാത്രമല്ല ശത്രുക്കളെയും രാക്ഷസ രൂപിയായി ചുമരിൽ വരച്ചിരുന്നു.

എന്തിനായിരുന്നു ഇങ്ങനെ ഒരു ക്ഷേത്രം എന്നത് അതിശയിപ്പിക്കുന്നതായിരുന്നു. പൊതു ജനങ്ങൾക്ക് ദൈവങ്ങളോട് പരാതി പറയാൻ പണി കഴിപ്പിക്കുന്നതാണ് നമ്മുടെ ക്ഷേത്രങ്ങൾ എന്നാൽ രാജ പത്നിക്ക് സുഖപ്രസവം നടത്താനായിരുന്നു ഇവിടുത്തെ ക്ഷേത്രങ്ങൾ. ഗര്ഭകാലം മൊത്തം ക്ഷേത്രത്തിനു അകത്തു താമസിക്കുകയും വലതു ഭാഗത്തെ പ്രത്യേക മുറി അന്നത്തെ പ്രസവമുറിയും ആയിരുന്നു. പുറത്തു കാവലാളായി സൈന്യവും.

ചില അറ്റകുറ്റ പണികൾ നടത്തി സംരക്ഷിച്ചു പോരുന്നുണ്ട്, എന്നാലും മണൽക്കാറ്റിലും ഇടയ്ക്കു പെയ്യുന്ന മഴയിലും ജബൽ ബറക്കൽ ഇടിഞ്ഞു രൂപവ്യത്യാസം സംഭവിച്ചു കൊണ്ടിരിക്കുന്നു . ചിലപ്പോൾ പുറത്തു കത്തുന്ന വെയിലിലും അകത്തെ തണുപ്പായിരിക്കാം ഇങ്ങനെ ഒരു പ്രസവമുറി പണിയാൻ കാരണവും . ഓരോ പ്രാവശ്യവും വെയിൽ ഇറങ്ങി തിരിച്ചു കയറുമ്പോൾ ആവശ്യമായ കുടിവെള്ളം വണ്ടികളിൽ തണുപ്പിച്ചു വയ്ക്കാൻ സറൂഖ്‌ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു.

സമയം നന്നേ വൈകിയിരിക്കുന്നു . ഇരുട്ട് പറക്കും മുന്നേ കസഞ്ചെർ എത്തിപ്പെടേണ്ടതുണ്ട്. രാത്രിയിലെ കൂടുതൽ വൈദ്യുതോല്പാദനം മൂലം നൈലിന്റെ ജലനിരപ്പ് ഉയരും , അതു കൂടാതെ നൈൽ മുതലകൾ എന്നും ഒരു വില്ലൻ കഥാപാത്രമാണ് .

മരുഭൂവിൽ നിന്നും ഇറങ്ങി നൈൽ ലക്ഷ്യമാക്കി കുതിച്ചു . പൊടുന്നനെ അന്തരീക്ഷം മാറി മറിഞ്ഞു. മഞ്ഞ നിറത്തിലുള്ള തരിശു ഭൂമിയിൽ നിന്നും പച്ചപ്പിലേക് കയറി ചെന്നു. ആടിനും പശുവിനും നൽകുന്ന ഒരു തരം തീറ്റപ്പുല്ലുകളുടെ പാടത്തൂടെ നീങ്ങി ഈന്തപ്പനതോട്ടത്തിനു അകത്തൂടെ നൈലിന്റെു തീരത്തെ കടവിൽ എത്തി ചേർന്നു. മുൻകൂട്ടി അറിയിച്ച പ്രകാരം കടത്തു വള്ളം റെഡി ആണ് . ബോട്ട് എന്ന് പറയാൻ പറ്റാത്ത ഒരു യന്ത്രവൽകൃത വള്ളം.
സകല സാധന സാമഗ്രികളും വണ്ടിയിൽ നിന്നിറക്കി ബോട്ടിൽ കയറ്റി. സുഡാനി പെൺകുട്ടികൾ മടിച്ചു നിന്നപ്പോൾ ആണ്പിള്ളേര് ഞങ്ങളോടൊപ്പം ചേർന്ന് കാര്യങ്ങൾ എളുപ്പമാക്കി. ഒരു ബോട്ടിൽ എല്ലാ സാധനങ്ങളും കുത്തി നിറച്ചു യാത്രയായി. വീണ്ടും ബോട്ട് വരാനായി കാത്തിരുന്ന സമയത് പലരും നൈലിന്റെ സൗന്ദര്യം ഒപ്പിയെടുക്കുന്ന തിരക്കിലായിരുന്നു.

നദിയുടെ ഒഴുക്ക് കാഴ്ച്ചയിൽ അനുഭവിച്ചറിയാം. ഒരു സമാധാനത്തിനു മുതലകൾ ഉണ്ടോ എന്ന് ചോദിച്ചതും ധാരാളം ഉണ്ടെന്ന മറുപടിയും ഡ്രൈവർ പറഞ്ഞു. വെള്ളത്തിൽ നീട്ടി ഇരുന്ന കാൽ വലിച്ചു കരയ്ക്കു കയറ്റി സൗന്ദര്യം ആസ്വദിച്ചു. ഒഴുക്കിനു മുകളിലൂടെ യാനം പറന്നു വന്നു, കാരണം അധികം ഭാരം ഇല്ലാത്ത വള്ളം ഒഴുക്കിലൂടെ വരുമ്പോൾ പറന്നു വരുന്നതായി തോന്നും. ഞങ്ങൾ എല്ലാവരും കയറി ബോട്ടിനു നല്ലൊരു ഭാരം ഏൽപ്പിച്ചു. പലർക്കും നീന്തൽ വശമില്ല , പക്ഷെ അതിനെ കുറിച്ച് ആലോചിക്കുന്നതും ഇല്ല. പൂമരം കൊണ്ടല്ലെങ്കിലും ആ കപ്പലിൽ ഞങ്ങൾ സ്വപ്ന ദ്വീപിലേക് പങ്കായം ഇല്ലാതെ യാത്രയായി.

ശക്തമായ ഒഴുക്ക് തട്ടാതിരിക്കാൻ സ്രാങ്ക് വളഞ്ഞും പുളഞ്ഞും വള്ളം ഓടിച്ചു. ചില സ്ഥലങ്ങളിൽ വല കെട്ടിയിരിക്കുന്നു . വൈകുന്നേരങ്ങളിൽ വല കെട്ടി പോയാൽ രാവിലെ വന്നു വലിച്ചു നോക്കുന്നതാണ് രീതി. ഒന്ന് രണ്ടു ചെറിയ തുരുത്തുകൾ താണ്ടി സ്വപ്ന ദ്വീപിൽ വള്ളം അടുത്തു. മുന്നേ വന്നു കൊണ്ടിറക്കിയ സാധനസാമഗ്രികൾ തീരത്തു കിടപ്പുണ്ട്. ഓരോരാളായി ദ്വീപിലോട്ടിറങ്ങി. പഞ്ചാരമണൽ വിരിച്ച കടവ്. തന്നെക്കൊണ്ടാവുന്ന ഭാരവും പേറി ഓരോ യാത്രികരും സാധനങ്ങൾ ദ്വീപിന്റെ് ഒത്ത നടുക്കെത്തിച്ചു. നല്ല ശക്തമായ കാറ്റ് , പനംതടിയും പനയോലയും കൊണ്ട് നിർമ്മിച്ച മൂന്നു പന്തൽ. കുറച്ചു അലങ്കാര ചെടികളും കുറച്ചു വാഴയും നട്ടു പിടിപ്പിച്ചിട്ടുണ്ട്.

എടുത്തു കൊണ്ട് നടക്കാവുന്ന ഭാരം കുറഞ്ഞ കട്ടിലുകൾ ധാരാളം അവിടെ എത്തിച്ചിട്ടുണ്ട്, ആവശ്യത്തിന് കസേരകളും. ഒരു പകലിന്റെൊ യാത്ര ക്ഷീണം തീർക്കാൻ പലരും കട്ടിലിലേക്ക് ചാഞ്ഞു . സൂര്യൻ അസ്തമിച്ചു. വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന ഡീസൽ മോട്ടോറിനെ ബന്ധപ്പെടുത്തി ചെറിയൊരു ജനറേറ്ററും അവിടെ സംഘടിപ്പിച്ചിരുന്നു . മൂന്നു നാലു എൽ ഇ ഡി ബൾബുകളും പ്രകാശിക്കുന്നുണ്ട്. സറൂഖും ഡ്രൈവറും ചേർന്ന് അടുപ്പു കൂട്ടുന്ന തിരക്കിലായിരുന്നു. വീശിയടിക്കുന്ന കാറ്റിൽ കരിക്കട്ടകൾക് തീ പിടിക്കാൻ അധികം താമസം വേണ്ടി വന്നില്ല. മസാല പുരട്ടി കൊണ്ട് വന്ന മട്ടൻ കഷണങ്ങൾ വറുത്തെടുക്കാൻ തുടങ്ങി . മറ്റൊരു അടുപ്പിൽ ചിക്കൻ ബാർബിക് , മറ്റൊന്നിൽ പാസ്ത , അങ്ങനെ കുക്കിംഗ് തകൃതിയായി നടന്നു. പയ്യെ പയ്യെ അടുക്കള അവരിൽ നിന്നും സുഡാനികളും ഇന്ത്യക്കാരും കയ്യടക്കി , പിന്നെ ഒരു കല്യാണത്തലേന്നത്തെ അവസ്ഥയായിരുന്നു , ഒന്നും അറിയാത്തവരും എല്ലാം അറിയുന്നവരും സ്വയം ദേഹണ്ണക്കാരായി മാറി.

സറൂഖ്‌ പതിയെ അടുക്കള കാര്യങ്ങളിൽ നിന്ന് മാറി ടെന്റത നിവർത്താൻ തുടങ്ങി. കാറ്റിൽ നാലു മൂലയിലും ആൾക്കാർ പിടിച്ചാൽ മാത്രേ ടെന്റക ഉറപ്പിക്കാൻ പറ്റുള്ളൂ. സഹായിച്ചു.
ബട്ടർ ഇല്ലാത്ത ഭക്ഷണമില്ല, കൊറേയെറെ സുഡാനീസ് വിഭവങ്ങളുമായി നൈലിന്റെ് നടുവിൽ ഒരു അത്താഴം . സുഡാനി പെണ്കുട്ടികളൊക്കെയും ടെന്റെൽ കേറി താമസമാക്കി, ബാക്കിയുള്ളവർ കട്ടിൽ എടുത്തു വച്ച് ദിശ അറിയാതെ ദിക്കറിയാതെ ശക്തമായി വീശുന്ന തണുത്ത കാറ്റിൽ ആകാശത്തെ നക്ഷത്രങ്ങളേം നോക്കി കിടന്നു. മറക്കാനാവാത്ത ഒരു രാത്രി.

രാവിലെ 6.27 നു ആണ് സൂര്യോദയം അതുകൊണ്ട് തന്നെ അലാറം 6 മണിക്ക് അടിച്ചു തുടങ്ങി. തലേന്ന് പൊക്കി വച്ച ടെന്റി പലതും താറുമാറായി കിടക്കുന്നു . അകത്തു കിടന്നിരുന്നവർ പലരും പലയിടങ്ങളിലായി കട്ടിലിൽ കിടക്കുന്നു. അത്രയ്ക്കുണ്ടായിരുന്നു കാറ്റിന്റെ ശക്തി. സൂര്യോദയം കാണണം , നൈൽ നദിയിൽ നീന്തി കുളിക്കണം ഇതൊക്കെയാണ് പ്ലാൻ. എന്നാൽ കുളിയും പല്ലു തേപ്പൊക്കെ നമ്മുക്ക് മാത്രം അടിച്ചേൽപ്പിച്ച നിയമങ്ങളാണോ. സംശയം തോന്നാൻ കാരണമുണ്ട് , ഉറക്കമുണർന്ന ഉടനെ മെയ്ക്കപ്പ് പണിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സുഡാനിയെ കണ്ടപ്പോ തോന്നിയതാ.

സമയം ആറരയോടടുത്തു. നേരെ നദിയിലോട്ടിറങ്ങി. അതി ഗംഭീരമായ സൂര്യോദയം എന്നൊന്നും പൊലിമയ്ക്ക് വേണ്ടി പറയാനില്ല , സാധാരണ സൂര്യോദയം , നദിയിലും മാനത്തും സൂര്യൻ തിളങ്ങി. ഒറ്റയ്ക്കു നദിയിലോട്ടിറങ്ങാൻ ഒരു മുതല ഭയം. അത് കൊണ്ട് തന്നെ തിരിച്ചു പോയി. സറൂഖ്‌ ചായ ഇടുന്ന തിരക്കിലായിരുന്നു. എല്ലാം ഒരുക്കി വച്ചിട്ടുണ്ട് ആവശ്യം പോലെ ചായ ഇട്ടു കുടിക്കാം, ബ്രഡ്, ബിസ്കറ്റ് അങ്ങനെ ഒരു ലഘു പ്രഭാത ഭക്ഷണം.

ദ്വീപിന്റെ മറ്റൊരു വശത്തു ആൾക്കാർ നീന്തി തുടിക്കുന്നത് കണ്ടത് അപ്പോഴാണ്. ഞങ്ങളും ഇറങ്ങി.. നല്ല തണുത്ത പളുങ്കു വെള്ളം. മുതലയെ കുറിച്ച് ചോദിച്ചപ്പോൾ ഈ ഭാഗങ്ങളിൽ ഇല്ലെന്ന സത്യസന്ധമായ മറുപടി. പിന്നെ ഒന്നും നോക്കിയില്ല വിശാലമായ നീന്തി കുളി. കാണാൻ ശാന്തമാണെങ്കിലും ഒഴുക്ക് നമ്മുക്ക് അനുഭവപ്പെടും. തലേന്ന് രാത്രിയേക്കാൾ ഒരു മീറ്ററോളം ജല നിരപ്പ് താഴ്ന്നിട്ടുണ്ട്. കുളിക്കുന്ന സുഡാനികളും ഉണ്ടെന്നു മനസ്സിലായി. ആൾക്കാർ പലവിധം രീതികൾ പലവിധം അതെന്തുമാവട്ടെ. സറൂഖ്‌ വിളിച്ചു ബോട്ടിംഗ് ഉണ്ട് . ബോട്ടിംഗ് കഴിഞ്ഞു വരുമ്പോഴേക്കും ലഞ്ച് റെഡി ആവും.

ബോട്ടിംഗ് എന്നാൽ പഴയ കടത്തു വള്ളം തന്നെ , നദിയുടെ പലഭാഗത്തൂടെ ഒഴുക്കിനൊപ്പവും ഒഴുക്കിനെതിരെയും കുറച്ചു മണിക്കൂർ . എല്ലാവരും ചാടി കയറി മുമ്പിൽ തന്നെ സ്ഥാനം പിടിച്ചു. കുറച്ചു ഫോട്ടോസ് എടുക്കാം. നമ്മുടെ നാട്ടിലെ തുന്നാരൻ കുരുവിയെ പോലെ ഒരു തരം കിളി കൂട്ടമായി ഒരു മരത്തിൽ നൂറോളം കൂടു നിർമ്മിക്കുന്ന കിളി, ഇവയുടെ കൂട്ടങ്ങൾ പല സ്ഥലത്തും കാണാമായിരുന്നു. ഒരു സെക്കന്റ് ശാന്തമായി നിക്കാത്തതിനാൽ ഫോട്ടോയെടുപ്പ് കാര്യമായി ഒന്നും നടന്നില്ല, കരയിൽ വിശ്രമിക്കുന്ന ഒരു ഉടുമ്പിനെയും കണ്ടു.

കൊറേ കുഞ്ഞു കുഞ്ഞു തുരുത്തുകൾ അവിടവിടായി കാണാം മനുസ്യവാസമില്ലെങ്കിലും കുറെയേറെ ആടുകൾ ഉണ്ട് പലയിടത്തും. രാവിലെ ഉടമസ്ഥർ വള്ളങ്ങളിൽ കൊണ്ട് വിടും, വൈകുന്നേരം തിരിച്ചും, അതിൽ നിന്നും ഒന്ന് മനസ്സിലായി മുതലായുണ്ടെങ്കിൽ അവർ ആടിനെ ഇവിടെ മേയാൻ വിടുമായിരുന്നോ. കുറച്ചു മണലിൽ നടന്നു ഫോട്ടോയെടുത്തു . നിറഞ്ഞു നിൽക്കുന്ന വള്ളിപ്പടർപ്പിലൂടെ വള്ളം നീങ്ങി തല കുനിച്ചില്ലെങ്കിൽ കാട്ടുവള്ളിയിൽ കുടുങ്ങുന്ന പോലുള്ള ഇടുങ്ങിയ ചാലുകൾ, കുത്തൊഴുക്കുകൾ, ഓളങ്ങൾ എല്ലാം ആസ്വദിച്ചു തിരിച്ചു ദ്വീപിലേക്ക്. ലഞ്ച് റെഡി . എന്നാലും എല്ലാവരും മുന്നിട്ടിറങ്ങി ഓരോ വിഭവങ്ങൾ ഉണ്ടാക്കി കൊണ്ടിരുന്നു. എങ്ങനെ വന്നാലും മെയിൻ ഡിഷ് ഫൂൾ ആയിരിക്കും, അത് വിട്ടൊരു കളിയില്ല. ഫൂൾ എന്നാൽ നമ്മുടെ നാട്ടിലെ പയർ പോലെ എന്നാൽ വലിപ്പത്തിൽ അതിന്റെ. മൂന്നിരട്ടിയുള്ള ധാന്യം കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവം.

ലഞ്ച് കഴിച്ച ക്ഷീണവും കാറ്റും എല്ലാവരിലും ഉറക്കം കൊണ്ട് വന്നപ്പോൾ സറൂഖ്‌ സുലൈമാനിയുമായി വന്നു. ആഘോഷങ്ങൾ അവസാനിപ്പിക്കാനും ചായ വേണം. അപ്പോഴേക്കും ഡ്രൈവർ സകലമാന സാധനങ്ങളും അടുക്കി പെറുക്കി വച്ചിരുന്നു ഇനി തിരിച്ചുള്ള യാത്രക്കുള്ള സമയമായി. കടത്തു വള്ളം സാധനങ്ങൾ കരയിലെത്തിച്ചു. അത് കഴിഞ്ഞു ഞങ്ങളേം കരയിലെത്തിച്ചു. മൂന്നു മണിയോട് കൂടി നൈലിന്റെഞ തണുപ്പിൽ നിന്നും മരുഭൂമിയിലെ കത്തുന്ന ചൂടിലൂടെ തിരിച്ചു ഖാർത്തും ലക്ഷ്യമാക്കി നീങ്ങി, രാത്രി എട്ടു മണിയോടെ റൂമിലെത്തി , ഇനി കാത്തിരിക്കാം മറ്റൊരു റംസാൻ അവധിക്കായി.
അകെ ചെലവ് 200 ഡോളർ.

വരികളും ചിത്രങ്ങളും : Dileep Adukathoty
ലൊക്കേഷന്‍ :കസെഞ്ചർ, Sudan

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply