സമയം ഏകദേശം ഉച്ച 2 മണി. Mr. ഗിഡിയൻ വണ്ടി ഓഫ്-ട്രാക്കിലൂടെ അല്പം മുന്നോട്ടു പോയി, പരന്നു കിടക്കുന്ന മസായ് കാടിന്റെ ഒത്ത നടു എന്നു തോന്നിക്കുന്ന ഒരു വലിയ മരത്തണലിൽ നിർത്തി. ഇരയെടുത്തു പള്ളിയുറക്കത്തിലായിരുന്ന കാട്ടിലെ രാജാവിനെ കണ്ട് ഏകദേശം ഒരു കിലോമീറ്റർ പിന്നിട്ടതെയുള്ളു, ഡ്രൈവർ വണ്ടിയിൽ തന്നെ ഇരുന്നു രണ്ടു മൂന്നു മിനുട്ട് ചുറ്റും നിരീക്ഷിച്ചു, അപകടം എന്തങ്കിലും വരുന്നുണ്ടോ എന്നു നാലു ഭാഗവും ശ്രദ്ധിച്ചു കൊണ്ടു വണ്ടിയിൽ തന്നെ ഇരിക്കാൻ ഞങ്ങളോട് നിർദ്ദേശിച്ചു, എന്നിട്ട് ചുറ്റും വീക്ഷിച്ചു കൊണ്ട് ഗിഡിയൻ വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങി, അൽപ സമയത്തിന് ശേഷം ഞങ്ങളോടും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.
“ഇവിടെയാണ് നമ്മുടെ ഇന്നത്തെ ലഞ്ച് – പിക്നിക് ലഞ്ച്!!!”. നെഞ്ചിനകത്ത് ഇടി മിന്നൽ വന്നപോലെ… കുറച്ചു നേരത്തേക്ക് മിണ്ടാട്ടം ഇല്ലാതായി. പെട്ടെന്ന് തന്നെ ഉള്ളിലെ ‘സാഹസികൻ’ സഡ കുടഞ്ഞെഴുന്നേറ്റു. കുറച്ചു ദൂരെ മേഞ്ഞു നടക്കുന്ന മാൻ കൂട്ടങ്ങളെ (തോംസൻ ഗസില്ലകളെ) നോക്കി നെടു വീർപിട്ടുകൊണ്ടു പുറത്തേക്കിറങ്ങി. “പുലിക്കും സിംഹത്തിനും അവിടെ ഇത്ര പരിശുദ്ധമായ ഓർഗാനിക് ഫുഡ് ലഭിക്കുമ്പോ പിന്നെയെന്തിന് ഞങ്ങളെ….” അങ്ങിനെ സമാധാനിച്ചു. സിംഹത്തെക്കാൾ പേടി പാമ്പിനെയാണ്. ഉഗ്ര വിഷമുള്ള പാമ്പുകളുടെ വിഹര കേന്ദ്രം കൂടിയാണ് മസായ് മാറ!
കഴിഞ്ഞ 3 വർഷമായി മസായ് മാറയിലേക്ക് മനസ്സും കണ്ണും നട്ടിരിക്കുകയായിരുന്നു. ജനുവരി അവസാന വാരം ഇറ്റലിയിലേക്ക് നിശ്ചയിച്ചിരുന്ന യാത്രയുടെ രണ്ട് ദിവസം മുന്നേ മാത്രം ആയിരുന്നു നെയ്റോബിയിലേക്ക് മാറ്റിയത്. യാത്രാ പ്ലാൻ മാറിയപ്പൊ മനസ്സിൽ ലഡ്ഡു പൊട്ടി, സാഹസിക യാത്രക്കാരുടെയും, പ്രകൃതി സഞ്ചാരികളുടെയും പറുദീസ, മസായ് മാറ!…
യാത്രയുടെ പ്ലാൻ ചെയ്യാനും, തയാറെടുക്കാനും 2 ദിവസത്തിൽ താഴെ മാത്രം ഉള്ളപ്പോ ഒരു ‘മാറാ ഫോറസ്റ്റ് സഫാരിക്കു’ സാധ്യത കുറവായിരുന്നു. എന്നാലും കെനിയയിലെ ഞങ്ങളുടെ കോർഡിനേറ്റർ അസീം ഭായിയെ വിളിച്ചു പറ്റുന്ന രീതിയിൽ പ്ലാനിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടു…
നൈറോബിയിലെത്തി, പ്രധാന പരിപാടികൾ രണ്ടു ദിവസം കൊണ്ട് പൂർത്തിയാക്കി മൂന്നാം ദിവസം രാവിലെ മസായിലേക്കുള്ള യാത്രക്ക് തയ്യാറായി. ഒരുപാട് വന്യ മൃഗങ്ങളെ കാണുക എന്നതിലുപരി കന്യകത്വം തുളുമ്പുന്നു പ്രകൃതിയെ തൊട്ടു, തലോടി, 916 ഗുണനിലവാരമുള്ള ശുദ്ധവായു ശ്വസിക്കാം എന്ന പ്രതീക്ഷയോടെ മൂന്ന് ദിവസത്തേക്കുള്ള സാഹസിക യാത്ര…
അതി രാവിലെ തന്നെ ഗെയിം ഡ്രൈവിനു (സഫാരിക്കു) വേണ്ടി, റൂഫ് മുകളിലേക്ക് ലിഫ്റ്റ് ചെയ്യാൻ പറ്റുന്ന വിധം പ്രത്യേകം തയ്യാറാക്കിയ ഒരു ലാൻഡ് ക്രൂയ്സർ വണ്ടിയുമായി ‘ഡ്രൈവർ കം ഗൈഡ്’ Mr. ഗിഡിയൻ ഹോട്ടൽ മുറ്റത്ത് കാത്തിരുപ്പുണ്ടായിരുന്നു. വനവാസികൾ ആയ മസായ് ഗോത്രത്തിൽ പെട്ടയാളാണ് ഗിഡിയൻ. കാടിന്റെയും കാട്ടു ജീവികളുടെയും എല്ലാ സ്പന്ദനവും കൃത്യമായി അറിയുന്ന വകുപ്പാണ് ലേ ടീംസ്. മൃഗങ്ങൾ വേട്ടക്കിറങ്ങുന്ന, വിശ്രമിക്കുന്ന, ഉറങ്ങുന്ന, എന്നു വേണ്ട, അവർ അപ്പിയിടുന്ന സമയം വരെ ഈ പഹയന്മാർക്ക് മനസ്സിലാകും. സോപ്പിടൽ നമ്പറുമായി ഒരു ഹൈ ഫൈ ഇട്ടു ആളെ പോയി മുട്ടി – “ജാമ്പോ!”. (“ഹലോ”). കുറെ ‘വെളു വെളുത്ത’ പല്ലുകൾ കാണിച്ചു കൊണ്ടുള്ള ഒരുഗ്രൻ ചിരിയുമായി ഒരു വല്ല്യ ‘ജാമ്പോ’ തിരിച്ചും കിട്ടി.
കാട്ട് ടീംസ് ആയതിനാൽ ഇംഗ്ലീഷിൽ പ്രാവീണ്യം കുറവായിരിക്കും എന്നു കരുതിയാണ് ‘ജാമ്പോ’ ഒക്കെ ഇട്ടു തേച്ചത്. പക്ഷെ യാത്ര തുടങ്ങിയപ്പോ ഒരു ഹോളിവുഡ് സിനിമ കാണുന്ന പോലെ ഇരുന്നു പോയി. ഖന ഗാംഭീര്യ ശബ്ദത്തിൽ ഇംഗ്ലീഷ് നിർഗളമായി ഒലിച്ചിറങ്ങുകയായിരുന്നു പിന്നങ്ങോട്ട്… നെയ്റോബിയിൽ നിന്നും റോഡ് വഴി ഏകദേശം 6 മണിക്കൂർ യാത്ര ചെയ്യണം, അതിൽ കാൽഭാഗത്തോളും ഓഫ്റോഡ് ആണ്, അസമയത്ത് പെയ്ത മഴയിൽ റോഡ് ശരിക്കും ‘ഓഫ്’ ആയിരുന്നു.
‘റിഫ്റ്റ് വാലി’ – പോകുന്ന വഴിയിൽ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ‘റിഫ്റ്റ് വാലി’ കൂടി സന്ദർശിച്ചു. 6000 ൽ അതികം കിലോമീറ്റർ പരന്നു കിടക്കുന്ന, ഒരു പാട് മലകളും അഗ്നി പർവതങ്ങളും അടങ്ങിയ ഒരു നിഗൂഢ താഴ്വര. മില്യൺ വർഷങ്ങൾക്കു മുമ്പ് മൂന്നു ഭൂ-പാളികളുടെ കൂട്ടിയിടിയിൽ രൂപം കൊണ്ടത് എന്നു അനുമാനിക്കുന്ന ഈ താഴ്വര ജോർദാൻ, ഇസ്രായിൽ, മൊസാമ്പിക്, താൻസാനിയ തുടങ്ങിയ ഒത്തിരി രാജ്യങ്ങളിലൂടെ പരന്നു കിടക്കുന്ന ഒരു പ്രതിഭാസം ആണ്…
മസായ് മാറയിലെ വർണ കാഴ്ചകൾ.. – ഓഫ് റോഡിൽ കുലുങ്ങി കുലുങ്ങി വൈകുന്നേരം 4 മണിയോടെ മസായി മാറ യുടെ മെയിൻ കവാടത്തിലെത്തി. ഗേറ്റിൽ ഫോർമാലിറ്റിസ് പൂർത്തിയാക്കി കാട്ടിലേക്ക് വണ്ടി പ്രവേശിച്ചു. ഒരു 500 മീറ്റർ സഞ്ചരിക്കുന്നതിനു മുന്നേ തന്നെ കാടിലേക്കുള്ള ഓഫ്റോഡിന് ആർച്ച് ഉണ്ടാക്കിയ പോലെ രണ്ടു ജിറാഫുകൾ! ഒറിജിനലാണെന്നു ബോധ്യപ്പെടാൻ അൽപ സമയം എടുത്തു! കുറച്ചു കൂടി മുന്നോട്ടു പോയപ്പോളതാ സുന്ദരി ക്കൂട്ടങ്ങളായി വരയൻ കുതിരകൾ! പിന്നെയങ്ങോട്ട് കണ്ണും മനസ്സും നിറഞ്ഞ ഒരുപാട് വർണ കാഴ്ചകൾ ആയിരുന്നു!!!
ഏകദേശം 1500 ചതുരശ്ര കിലോമീറ്ററിലതികം പരന്നു കിടക്കുന്നതാണ് മസായ് മാറാ നാഷണൽ റിസർവ്. മാറായുടെ മാറത്തൂടെയുള്ള കന്നി യാത്ര 2 മണിക്കൂറോളം എടുത്തു ഹോട്ടലിൽ എത്തിപെടാൻ. പ്രകൃതിയെ തൊട്ടറിഞ്ഞുള്ള ആ യാത്ര ഒരു അനുഭൂതി ആയിരുന്നു. കൂടുതലും ‘ഓപ്പൺ ഗ്രാസ് ലാൻഡ്’ ആയത് കൊണ്ട് കാഴ്ചയ്ക്ക് ഒരു മറയുമുണ്ടായിരുന്നില്ല. 360 ഡിഗ്രി കാഴ്ച കിട്ടുന്ന വിശാലമായ പുൽമൈദാനിയിൽ നീലകാശത്തിന് വട്ടപൊട്ടു പോലെ, ഏകദേശം എല്ലാ സമയത്തും കാണുന്ന ചന്ദ്രൻ, അങ്ങിങ്ങായി മേഘങ്ങൾക്കിടയിലൂടെ നുഴഞ്ഞിറങ്ങി സ്പോട് ലൈറ്റ് ദൃശ്യ വിരുന്നൊരുക്കി സൂര്യനും, കണ്ണെത്താ ദൂരത്തിൽ പരന്നു പച്ച വിരിച്ച് കിടക്കുന്ന ഭൂമിക്ക് നീലക്കുട പിടിച്ച പോലെ നീലാകാശം, രണ്ടിനും ഇടയിൽ കൈ എത്തും ദൂരത്ത് എന്ന മട്ടിൽ വലിയ പഞ്ഞിക്കെട്ടുകൾ കണക്കെ മേഘ പാളികൾ തൂക്കിയിട്ടു പ്രകൃതി വല്ലാതെ അലങ്കരിച്ചു വെച്ച പോലെ… ഒരു അത്യപൂർവ അനുഭവം തന്നെ ആയിരുന്നു അത്. മസായ് മാറയിലെ ഒരു സ്ഥിരം കാഴ്ച കൂടിയാണ് ഈ പച്ചയുടെയും നീലയുടെയും ഇടയിലെ ‘പഞ്ഞിക്കെട്ടുകൾ’!
റിസോർട്ടിൽ എത്തുന്നതിനു മുന്നേ തന്നെ പത്തിൽ കൂടുതൽ ഇനത്തിൽപെട്ട നൂറിൽ പരം ജീവികളെ കാണാൻ സാധിച്ചു. പുലി, ആന, ബഫലോ, ജിറാഫ്, സീബ്ര, വാട്ടർ ബക്ക്, ടോപ്പി, പലതരത്തിലുള്ള ഗസില്ലകൾ, സിംഹ വാലൻ കുരങ്, കാട്ടു കുറുക്കൻ, പിന്നെ പല തരത്തിലും വർണത്തിലും ഉള്ള ഒരു പാട് തരം പക്ഷികൾ, അങ്ങിനെ കുറേ……. പ്രകൃതിയെ ഒരു നുള്ള് പോലും വേദനിപ്പിക്കാതെ, കൂടുതലും മരത്തടി കൊണ്ടുള്ള തൂണിൽ നിർത്തികൊണ്ടു, മലയുടെ ചെരിവും വടിവും ചെടിയും കാടുമൊക്കെ അത് പോലെ നിലനിർത്തി കൊണ്ടു, ‘ടെന്റ്’ പോലുള്ള മുറികൾ ആണ് റിസോർട്ടിൽ. മാറായിൽ ഉള്ള എല്ലാ റിസോർട്ടും അത് പോലെ തന്നെയാണ്. പ്രകൃതിയെ പരമാവതി അതേ രീതിയിൽ സംരക്ഷിച്ചു കൊണ്ടുള്ള ഒരു പാട് അത്യാഡംബര റിസോർട്ടുകൾ ഉണ്ട് ഇവിടെ. മണ്ണ് മാന്തി യന്ത്രം ഈ പരിസരത്തെങ്ങും മുളച്ചിട്ടു പോലും ഇല്ല!!!
‘കാട്’ എന്ന് കേൾക്കുമ്പോൾ…… നാട്ടിൽ മസിനഗുഡി, ചിന്നാർ, പറമ്പിക്കുളം, മുതുമല, ബന്ദിപ്പൂർ, സത്യമംഗലം തുടങ്ങിയ കാടുകളിലും റിസർവുകളിലും മുന്നേ സഞ്ചരിച്ചിട്ടുണ്ടെങ്കിലും, ‘കാട്’ എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഇതുവരെ വന്നുകൊണ്ടിരുന്നു ചിത്രം ഇപ്പോൾ ആകെ മാറിയിരിക്കുന്നു. അവിടയൊക്കെ പോലെ മരങ്ങൾ തിങ്ങിക്കൂടിയുള്ള മഴക്കാടുകൾ ഇവിടെയില്ല. വിശാലമായ മസായുടെ വിരിമാറിൽ അങ്ങിങ്ങായി ചെറിയ ദ്വീപുകൾ പോലെ മാത്രം ആണ് കുറച്ചെങ്കിലും കൂട്ടുകുടുംബമായി മരങ്ങൾ ഉള്ളത്, ബാക്കി മുഴുവൻ ഒറ്റയോ ജോഡിയോ ആയ വൃക്ഷങ്ങളോടു കൂടെ ഉള്ള കുറ്റികാടുകളാണ്.
‘ദി ബിഗ് ഫൈവ്’ – തീരുമാനിച്ച പ്രകാരം അടുത്ത ദിവസം രാവിലെ ‘ദി ബിഗ് ഫൈവ്’ നെ കാണാൻ സാധിക്കും എന്ന പ്രതീക്ഷയോടെ മുഴുദിവസ ഗെയിം ഡ്രൈവിനു പുറപ്പെട്ടു. സിംഹം, പുലി, കണ്ടാമൃഗം, കാട്ടുപോത്ത് (ബുഫലോ), ആന – ഇവരാണ് ‘ദി ബിഗ് ഫൈവ്’. പിക്നിക് ലഞ്ചിന് വേണ്ടി യുള്ള സാധനങ്ങൾ ഗിഡിയൻ പേക്ക് ചെയ്ത് വണ്ടിയിൽ വെച്ചിട്ടുണ്ടായിരുന്നു..
പിക്നിക് ലഞ്ച് എങ്ങനെയൊക്കെയോ അകത്താക്കുമ്പോൾ വെറും ഒരു കിലോമീറ്റർ അപ്പുറത്ത് ഇര എടുത്ത് മലർന്നു കിടന്നുറങ്ങുന്ന ഷേർഖാന്റെ രൂപം മനസ്സിൽ മായാതെ കിടപ്പുണ്ടായിരുന്നു. കണ്ണുകൾ 360 ഡിഗ്രി തുറന്നു പിടിച്ചുകൊണ്ട് ഗിഡിയൻ വിരിച്ച് തയ്യാറാക്കിയ ലഞ്ച് എങ്ങനെയൊക്കെയോ കഴിച്ചു തീർത്തു. തണുപ്പുള്ളത് കൊണ്ടും രാവിലെ പുറപ്പെട്ടത് കൊണ്ടും നല്ല വിശപ്പുണ്ടായിരുന്നു. എന്നാലും ബേജാർ കൊണ്ട് എന്താണ് കഴിച്ചത് എന്നു പോലും അറിഞ്ഞില്ല. – “ബേണ്ടീരുന്നില്ല ഈ ഹലാക്കിന്റെ പിക്നിക് ലഞ്ച്”, കൂടെ ഉള്ള സുഹൃത്ത് പിറുപിറുക്കുന്നുണ്ടായിരുന്നു. മുഴുനീളൻ സഫാരിയിൽ ബിഗ്-5 നെ അവരുടെ മാളത്തിൽ പോയി പിടിക്കുന്ന പോലെയാണ് നമ്മുടെ ഗിഡിയൻ നമുക്ക് കാണിച്ചു തന്നത്. കൂടാതെ ഇന്നലെ കണ്ടതും കാണാത്തതുമായ ഒരു പാട് ജീവികൾ, പക്ഷികൾ..
വൈകുന്നേരം 7 മണി വരെ ആണ് ഗെയിം ഡ്രൈവിനു അനുമതി. സൂര്യാസ്ഥമയത്തോടെ ഹോട്ടലിൽ തിരിച്ചെത്തി. കുന്നിൻ ചെരുവിലെ ഹോട്ടലിന്റെ ഡക്കിൽ ഒരു കെനിയൻ മസാല ചായ നുണഞ്ഞു, ആകാശവും ഭൂമിയും ഒറ്റ ഫ്രെയിമിൽ ആക്കി കണ്ടാസ്വദിച്ചിരുന്നു. ചുവുന്നു തുടുത്ത സൂര്യൻ, പുതുമാണവാട്ടി മണിയറയിലേക്കെന്ന പോലെ കുണുങ്ങി കുണുങ്ങി അസ്തമയ ചക്രവാളത്തിലേക്ക് അലിഞ്ഞു ചേരുന്ന ആ കാഴ്ച, അവർണ്ണനീയം തന്നെ! എത്ര തവണ സഫാരിക്കിറങ്ങിയാലും മടുക്കാത്ത വിധം വിഭവസമൃദ്ധി ആയിരുന്നു പ്രകൃതിയിൽ. സഫാരിക്കിടയിൽ കുറെ നേരത്തെക്ക് മൃഗങ്ങളെയൊന്നും കണ്ടില്ലെങ്കിലും, ചുമ്മാ ആകാശത്തേക്ക് നോക്കി നിന്നാ മതി. പല ഡിസൈനുകളിൽ വെളു വെളുത്ത ‘പഞ്ഞിക്കെട്ടുകൾ’ അതി വിശാലമായ നീലാകാശത്തിനു കീഴെ പാറി പറന്നു നടക്കുന്നത് കാണാൻ വല്ലാത്തൊരു രസം തന്നെ.
‘ ദി പ്രൈഡ് ലയൺസ്’ – ഉറങ്ങുന്ന സിംഹരാജനെ കണ്ട് നമുക്ക് തൃപ്തി ആയില്ല എന്നു നമ്മുടെ മുഖത്ത് വായിച്ച പോലെ, നാളെ നമുക്ക് ‘പ്രൈഡ് ലയൺസിനെ’ കാണിക്കാൻ ശ്രമിക്കാം എന്നു ഗിഡിയൻ ഉറപ്പു നൽകി. വലിയ കൂട്ടമായി സിംഹങ്ങൾ സംഗമിക്കുന്നതിനയാണ് ‘പ്രൈഡ് ലയൺസ്’ എന്നു വിശേഷിപ്പിക്കുന്നത് . ഇരുപതോ മുപ്പതോ വരെ അംഗങ്ങൾ ഉണ്ടാവാറുണ്ടത്രേ അവരുടെ ഈ കുടുംബ സംഗമത്തിന്!
മൂന്നാമത്തെ ദിവസം ആകുമ്പോഴേക്കും, സഫാരിക്കിടയിൽ ബിഗ് 5 ൽ പെടാത്ത ഇനങ്ങളെ മൈൻഡ് ചെയ്യാതെ ആയി. ജിറാഫ്, സീബ്ര, ഗസില്ലകൾ, തുടങ്ങിയവയൊക്കെ കാണുമ്പോൾ നാട്ടിൻപുറത്തൂടെയുള്ള യാത്രകളിൽ കോഴിയെയും, ആടിനെയും പൈക്കളെയൊക്കെ കാണുന്ന പോലെ ആയി!. പ്രൈഡ് ലയൺസിനെ തപ്പി തപ്പി അവസാനം 6 സിംഹങ്ങൾ ഉള്ള ചെറിയ പ്രൈഡ് മാത്രം കണ്ടു തൃപ്തിപ്പെടേണ്ടി വന്നു, അതും ഒരുമിച്ച് പോസ് ചെയ്യാൻ സമ്മതിക്കാത്ത കലഹ കുടുംബം. തിരിച്ചുള്ള യാത്ര കാടിനകത്തു തന്നെ ഉള്ള എയർ സ്ട്രിപ്പിൽ നിന്നും 35 സീറ്റുള്ള ചെറിയ വിമാനത്തിലാണ്. രാവിലെ തന്നെ എയർസ്ട്രിപ്പിലേക്ക് യാത്ര തിരിച്ചു. തുറന്ന വാഹനത്തിൽ ശീതക്കാറ്റിന്റെ മൃദു തലോടലിൽ, കണ്ണെത്താ ദൂരത്ത് കണ്ണും നട്ടു തിരിച്ചു എയർസ്ട്രിപ്പിലേക്കുള്ള യാത്ര…. മനസ്സിലെവിടെയോ ചെറിയ വിരഹം നാമ്പെടുത്തപോലെ….
ദി ഗ്രെയ്റ്റ് മൈഗ്രേഷൻ!: എല്ലാ വർഷവും ജൂലൈ മുതൽ ഒക്ടോബർ വരെ താൻസാനിയ (സരംഗട്ടി) വനാന്തരങ്ങളിൽ നിന്നും ഒട്ടു മിക്ക മൃഗങ്ങളും പച്ചപ്പ് തേടി മസായ് മാറായിലേക്ക് കൂട്ടമായി പാലായനം ചെയ്യും. ചിത്രശലഭങ്ങൾ തുടങ്ങി സിംഹങ്ങൾ വരെ ഉള്ള 100 ൽ പരം ഇനങ്ങളിൽ പെട്ട 1.5 മില്ല്യണോളം മൃഗങ്ങളുടെ ഒരുമിച്ചുള്ള ഒരു യാത്ര – ‘ദി ഗ്രെയ്റ്റ് മൈഗ്രേഷൻ’! അതിൽ 1 മില്ല്യണിൽ കൂടുതൽ വൈൽഡ് ബീസ്റ്റുകളും ആയിരക്കണക്കിന് സീബ്രകളും ആയിരിക്കുമത്രേ..
രാവിലെ 8 മണിയോടെ എയർ ഫീൽഡിൽ എത്തി. കാട്ടിനുള്ളിലെ ഈ എയർസ്ട്രിപ്പിൽ പോലും ഒരു തരി കോണ്ക്രീറ്റ് കാണാൻ പറ്റില്ല, റൺവേ പോലും ഓഫ് റോഡ് ആണ്!. മണ്ണ് കൊണ്ടു മാത്രം. പ്രകൃതിയെ ഇത്ര പരിപാലിച്ചുകൊണ്ടു തന്നെയാണ് നല്ലൊരു ടൂറിസം നടത്തികൊണ്ട് പോകുന്നത്. വെറുതെ എനിക്ക് മൂന്നാറൊക്കെ അങ്ങിനെ ഓർമ വന്നുപോയി… പൊന്മുട്ട ഇടുന്ന താറാവിനെ ‘ക്രൂരമായി’ അറുക്കുന്ന ടൂറിസം!
വളരെ താഴ്ന്നു പറക്കുന്ന ആ ചെറുവിമാനത്തിൽ ‘ദി ഗ്രെയ്റ്റ് മൈഗ്രേഷൻ’ ചിത്രങ്ങൾ മനസ്സിൽ നെയ്തു കൊണ്ട്, താഴെ വിഹരിക്കുന്ന മൃഗങ്ങളെയും അതിനു മുകളിലൂടെ കാറ്റിൽ പാറി നടക്കുന്ന വെള്ളി മേഘങ്ങളേയും ഒന്നു കൂടി മനസ്സു നിറയെ കണ്ടങ്ങിനെ ഇരുന്നു… അനുഭവങ്ങളുടെ പറുദീസയിൽ നിന്നും ‘ദി ഗ്രേറ്റ് മൈഗ്രേഷൻ’ കാഴ്ചകൾ ക്കായി കുടുംബത്തോടൊപ്പം എന്നെങ്കിലും ഒരു വരവ് കൂടി മനസ്സിൽ ഉറപ്പിച്ചു.
വിവരണം – മുഹമ്മദ് മുബീന്.