‘ബാലി’ എന്ന സുന്ദരിയിലേക്ക് പങ്കാളിയുമൊത്തൊരു കിടിലൻ യാത്ര..

വിവരണം – ബിനോയ് ബാബു.

കുറച്ചു നാളായി മനസ്സില്‍ കൊണ്ടുനടന്ന ഒരു ട്രിപ്പ്‌ ആയിരുന്നു ‘ബാലി’. ഇത്തവണ നാട്ടില്‍ വന്നപ്പോള്‍ അതങ്ങ് സാധിച്ചു. ദുബായില്‍ നിന്ന് ഉള്ളതിനേക്കാള്‍ വളരെ കുറഞ്ഞ റേറ്റില്‍ ടിക്കറ്റ്‌ കിട്ടും എന്നുള്ളതുകൊണ്ടാണ് യാത്ര കൊച്ചിയില്‍ നിന്നും ആക്കിയത്. 18000-20000 രൂപയ്ക്ക് കൊച്ചിയില്‍ നിന്നും ഡെന്‍പാസറിലേക്ക് ടിക്കറ്റ് കിട്ടും. 30 ദിവസം വരെ തങ്ങാന്‍ ഇന്ത്യക്കാര്‍ക്ക് വിസ ഫ്രീ ആണ്. അതും ഓണ്‍ അറൈവൽ. 6 മാസത്തില്‍ അധികം കാലാവധി ഉള്ള പാസ്പോര്‍ട്ട്‌ ഉണ്ടായിരിക്കണം. കൂടാതെ താമസം ബുക്ക്‌ ചെയ്ത രേഖകളും റിട്ടേണ്‍ ടിക്കെറ്റും ഉണ്ടായാല്‍ മതി.

ഒരു നാടും എന്നെ ഇത്രയധികം കൊച്ചിപ്പിച്ചിട്ടില്ല. വീണ്ടും യാത്ര ചെയ്യണം, അല്ലെങ്കില്‍ അവിടെ തന്നെ അങ്ങ് താമസിച്ചു കളയാം എന്നൊക്കെ നിങ്ങള്‍ക്ക് എവിടെയെങ്കിലും പോയപ്പോള്‍ തോന്നിയിട്ടുണ്ടോ , എനിക്കത് ബാലിയാണ്. ഓരോ കോണിലും നിങ്ങള്ക്ക് വേണ്ടി വിസ്മയങ്ങള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് ബാലി. നിങ്ങള്‍ ഏതുതരത്തിലുള്ള യാത്രികനാണെങ്കിലും നിങ്ങള്ക്ക് തീര്‍ച്ചയായും തിരഞ്ഞെടുക്കാവുന്ന destination ആണ് ഏഷ്യയുടെ ഒരു അറ്റത്തായി സ്ഥിതി ചെയ്യുന്ന ബാലി. ബീച്ചുകള്‍, അരുവികള്‍, നദികള്‍, വെള്ളച്ചാട്ടങ്ങള്‍, ആക്റ്റീവ് അഗ്നിപര്‍വ്വതങ്ങള്‍, അമ്പലങ്ങള്‍, റൈസ് ടെറസുകള്‍, ദ്വീപുകള്‍, പിന്നെ സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന കുറെ നിഷ്കളങ്കരായ മനുഷ്യരും. ബാലിയിലെ ഭക്ഷണവും എടുത്തു പറയേണ്ട ഒന്നാണ്.

ബാലി കൂടാതെ നുസ പെനിഡ, നുസ ലംബോന്ഗന്‍, നുസ സെനിംഗന്‍ എന്നീ ദ്വീപുകള്‍ കൂടെ ചേര്‍ന്നതാണ് ബാലി പ്രൊവിന്‍സ്‌. ജനതയുടെ ഏതാണ്ട് 83% ഉം ഹിന്ദുക്കളാണ്. ബാക്കി മുസ്ലിങ്ങളും ബുദ്ധ മതക്കാരും ആണുള്ളത്. പ്രധാന വരുമാന മാര്‍ഗം ടൂറിസമാണ്. 2003 ലെയും 2005 ലെയും ബോംബ് സ്ഫോടനങ്ങള്‍ ടൂറിസം മേഖലയെ കാര്യമായി ബാധിച്ചിരുന്നു എങ്കിലും ഇന്ന് ഏതാണ്ട് മുഴുവനായി recover ആയി കഴിഞ്ഞു ബാലിനീസ് ടൂറിസം. ഞാനും എന്റെ partnerഉം കൂടെയാണ് ഞങ്ങളുടെ യാത്ര പ്ലാന്‍ ചെയ്തത്. 6 ദിവസമാണ് ബാലിയില്‍ ചിലവഴിക്കാന്‍ തീരുമാനിച്ചത്. കൊച്ചിയില്‍ നിന്നും എയര്‍ ഏഷ്യ ഫ്ലൈറ്റ് ക്വാലാലംപൂര്‍ വഴിയായത് കൊണ്ട് തിരിച്ചു വരുന്ന വഴി രണ്ടു ദിവസം അവിടെ ചിവഴിക്കാനും തീരുമാനിച്ചു. അതിനു വേണ്ടി മലേഷ്യ വിസ നേരത്തെ എടുത്തു വെച്ചു.

ഞങ്ങള്‍ രണ്ടുപേരില്‍ ഒരാള്‍ക്ക് ബീച്ചുകളും മറ്റെയാള്‍ക്ക് മലകളും ആണ് ഇഷ്ടം അതുകൊണ്ട് 3 ദിവസം ഉബുദ് ലും 3 ദിവസം Kuta യിലും ആയി താമസിക്കാന്‍ തീരുമാനിച്ചു. Kuta ഒരു ബീച്ച് ഏരിയയും ഉബുദ് തിരക്കുകളില്‍ നിന്ന് കുറച്ചു ഒഴിഞ്ഞ കള്‍ച്ചറല്‍ ഏരിയയും ആണ്. 10 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്ത് എത്തിയതുകൊണ്ടു ആദ്യ ദിവസം എങ്ങും പോകേണ്ട എന്ന് തീരുമാനിച്ചു. റിസോര്‍ട്ടില്‍ തന്നെ ചിലവഴിച്ചു. വൈകുന്നേരം വെറുതെ ഒന്ന് നടക്കാന്‍ പുറത്തേക്കു ഇറങ്ങി. അവിടെ തുടങ്ങി ഞങ്ങളുടെ ബാലിയോടുള്ള പ്രണയം. 2-3 മിനിറ്റ് നടന്നതെ ഉള്ളു ഒരു ചെറിയ ഹോട്ടല്‍ ന്റെ മുന്നില്‍ നല്ല തിരക്ക് കണ്ടു.

 

നമ്മുടെ നാട്ടിലെ തട്ടുകട പോലെയുള്ള കടയാണ്. അങ്ങനെയുള്ള കടകളെ warung എന്നാണ് അവിടെ പറയുക. Naughty Nuri’s Warung and Grill എന്നായിരുന്നു കടയുടെ പേര്. സ്തീകള്‍ നടത്തുന്ന കടയാണ്. പോര്‍ക്ക്‌ റിബ് ഗ്രില്‍ ചെയ്തതും ലോക്കല്‍ ബിയറും ആണ് ഓര്‍ഡര്‍ ചെയ്തത്. എഴുതുമ്പോള്‍ ഇപ്പോഴും വായില്‍ വെള്ളം ഊറുന്നു. യാത്രയുടെ ക്ഷീണം ഉണ്ടായിരുന്നതുകൊണ്ട് കുറച്ചു നേരം കൂടെ റിസോര്‍ട്ടില്‍ തന്നെ കറങ്ങി നടന്നു ആ ദിവസം അവസാനിപ്പിച്ചു. റൂം തുറക്കുന്ന കാഴ്ച കാട്ടിലെക്കും, അതും പോരാഞ്ഞു താഴെ ഒരു അരുവി ഒഴുകുന്ന ശബ്ദവും. നല്ലൊരു രാത്രിക്ക് വേറെയെന്തു വേണം. പിറ്റേന്ന് രാവിലെ ടാക്സി ബുക്ക്‌ ചെയ്തു sacred monkey forest, Elephant caves, Tegenungan waterfall, Tegalalang Rice Terrace എന്നിവ കണ്ടു. Rice Terrace ലെ Swing ഒരു atraction ആണ്. രാത്രി വേറൊരു ലോക്കല്‍ കടയില്‍ നിന്ന് ഫുഡ്‌ കഴിച്ചു യാത്ര അവസാനിപ്പിച്ചു.

അടുത്ത ദിവസം Mount Batur Trekking നു വേണ്ടിയായിരുന്നു മാറ്റി വെച്ചിരുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ല എന്നും അല്പം സാഹസികത ഇഷ്ടപ്പെടുന്നവരും ആണെങ്കില്‍ ബാലിയില്‍ ഉറപ്പായും ചെയ്യേണ്ട ഒന്നാണ് Active Volcano Trekking. അല്പം അപകട സാധ്യത ഉള്ളത്കൊണ്ട് എന്റെ അറിവില്‍ guided tour മാത്രമേ അനുവദിക്കാരുള്ളൂ Mount Batur ലേക്ക്. കിന്താമണി എന്നും പേരുണ്ട് Mount Baturനു. നേരത്തെ ബുക്ക്‌ ചെയ്യണം ടൂര്‍. വെളുപ്പിനെ രണ്ടു മണിയോടെ നമ്മളെ പിക്ക് ചെയ്യും ഉബുദില്‍ നിന്നും ഏതാണ്ട് രണ്ടു മണിക്കൂര്‍ ഡ്രൈവ് ഉണ്ട് കിന്താമണിയിലേക്ക്. ഏതാണ്ട് നാലുമണിക്ക് നമ്മള്‍ മല കയറാന്‍ തുടങ്ങും പുകയുന്ന അഗ്നിപര്‍വതത്തിന്റെ മുകളില്‍ നിന്നും സുര്യോദയം കാണല്‍ ആണ് ലക്ഷ്യം. കയറുന്ന വഴി ചിലയിടത്തൊക്കെ ഭൂമിയുടെ അടിയില്‍ തിളയ്ക്കുന്ന ലാവയില്‍ നിന്ന് വരുന്ന നീരാവി നമുക്ക് കൈ തൊട്ടു ഫീല്‍ ചെയ്യാം. എന്റെ ട്രെക്കിംഗ് താല്പര്യം കാരണം എനിക്ക് വേണ്ടി ട്രെക്കിംഗ് പ്ലാന്‍ ചെയ്ത partner മുകളില്‍ എത്താന്‍ നല്ല പോലെ പാടുപെട്ടു. ഇത്രയും പാടായിരുന്നു എന്ന് ഒരു വാക്ക് നീ എന്നോട് പറഞ്ഞില്ല എന്നു പരാതി പറഞ്ഞു.

സുര്യോദയത്തിനു മുന്‍പ് ഞങ്ങള്‍ മുകളില്‍ എത്തി. പഞ്ഞി കെട്ടുകള്‍ പോലെയുള്ള മേഘങ്ങള്‍ക്കും മുകളില്‍ ഇരുന്നു കണ്ട സുര്യോദയം ഒരു അനുഭവം ആയിരുന്നു. നമ്മള്‍ സുര്യോദയം കാണുമ്പോള്‍ അഗ്നിപര്‍വതത്തില്‍ നിന്ന് വരുന്ന നീരാവിയില്‍ പുഴുങ്ങിയ മുട്ടയടക്കം ബ്രേക്ക്‌ഫാസ്റ്റ് റെഡി ആകും. അത് കഴിച്ചു കുറച്ചു നേരം കൂടെ അവിടെ ചിലവഴിച്ചു താഴേക്ക് ഇറങ്ങി. തിരിച്ചു വരുന്ന വഴി കോഫി പ്ലാന്‍റെഷനില്‍ നിന്ന് ലുവാക് അടക്കം പല തരാം കോഫീ ടേസ്റ്റ് ചെയ്യാന്‍ കിട്ടും എന്നതും ആ ട്രിപ്പ്‌ന്റെ ഒരു പ്രത്യേകത ആയിരുന്നു.

അന്ന് ഉച്ചയോടെ ഞങ്ങള്‍ റിസോര്‍ട്ടില്‍ തിരിച്ചെത്തി. വെളുപ്പിനെ രണ്ടു മണിക്ക് എഴുന്നേറ്റത്കൊണ്ടും, ട്രെക്ക് ചെയ്തതിന്റെയും ക്ഷീണം നല്ലപോലെ ഉണ്ടായിരുന്നതുകൊണ്ട് ഭക്ഷണം കഴിച്ച ശേഷം നന്നായി ഒന്നുറങ്ങി. വൈകുന്നേരം ബൈക്ക് rent നു എടുത്തു Campuhan Ridge Walk ല്‍ പോയി. ബൈക്ക്നു 350- 500 ഇന്ത്യന്‍ രൂപ വരെയാണ് വാടക. പെട്രോളിന് ഏകദേശം 40 രൂപയും. ഇന്റര്‍നാഷണല്‍ ലൈസെന്‍സ് നാട്ടില്‍ അപ്ലൈ ചെയ്താല്‍ 2 ദിവസം കൊണ്ട് കിട്ടും എങ്കിലും പൊതുവേ ഉള്ള മടി കാരണവും നാട്ടില്‍ വന്ന ശേഷമുള്ള തിരക്കുകള്‍ കാരണവും എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെ ലൈസെന്‍സ് ഇല്ലാതെയാണ് വണ്ടി ഓടിച്ചു നടന്നത്. പക്ഷെ ലൈസെന്‍സ് എടുത്തിട്ട് പോകുന്നതായിരിക്കും എന്ത്കൊണ്ടും നല്ലത്. ഒരു അനുഭവം പുറകെ പറയാം.

Ridge Walk ലും അരുവിയുടെ ശബ്ദം കൂട്ടിനുണ്ടായിരുന്നു. അവിടെ ചെന്നപ്പോള്‍ നമുക്ക് വേണ്ടി എന്നത് പോലെ രണ്ടു പേര്‍ ലൈവ് ആയി പാട്ട് പാടുന്നു, വിദേശികള്‍, ബോബ് മാര്‍ലിയുടെ Buffalo Sodier ആയിരുന്നു പാട്ട്. കുറച്ചുനേരം പാട്ടൊക്കെ കേട്ട് നിന്നിട്ട് അടുത്തുള്ള കഫെയില്‍നിന്ന് ഓരോ ജ്യൂസ്‌ ഒക്കെ കുടിച്ചു ഞങ്ങള്‍ ഉബുദ് മാര്‍കെറ്റിലേക്ക് പോയി. കൈത്തൊഴിലിന്റെ കലവറ എന്ന് എസ് കെ പൊറ്റക്കാട് ബാലിയെ വിളിച്ചത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്നതാണ് ഉബുദ് മാര്‍ക്കറ്റ്‌. ഷോപ്പിംഗ്‌ വളരെ ചീപ്പ്‌ ആണ്. കൂട്ടുകാര്‍ക്ക് വേണ്ടി ഗിഫ്റ്റുകളും പിന്നെ ഷോ പീസുകളുമാണ് ഞങ്ങള്‍ വാങ്ങിയത്. ഷോപ്പിംഗ്‌ ഒക്കെ കഴിഞ്ഞു ഉബുദ് മാര്‍ക്കറ്റില്‍ തന്നെ ഉള്ള ഒരു restaurant ല്‍ നിന്ന് ഫുഡ്‌ ഒക്കെ കഴിച്ചു അന്നത്തെ ദിവസം അവസാനിപ്പിച്ചു.

പിറ്റേന്ന് ചെക്ക് ഔട്ട്‌ ചെയ്ത് ഞങ്ങള്‍ Kuta യിലേക്ക് പോയി. Kuta ബീച്ചിനു അടുത്ത് തന്നെ ഉള്ള ഒരു റിസോര്‍ട്ടില്‍ ആയിരുന്നു റൂം ബുക്ക്‌ ചെയ്തിരുന്നത്. കുറച്ചു നേരം ബീച്ചിലോക്കെ കറങ്ങി നടന്നു. സര്‍ഫിംഗ് പഠിക്കണം എന്നൊരു ആഗ്രഹം വന്നെങ്കിലും എന്റെ കാല്‍ മുട്ടിന്റെ അവസ്ഥ അത്ര നല്ലതല്ലാത്തതുകൊണ്ട് വേണ്ടെന്നു വെക്കേണ്ടി വന്നു. വീണ്ടും ബൈക്ക് സംഘടിപ്പിച്ചു Uluwatu Temple കാണാന്‍ പോകാന്‍ തീരുമാനിച്ചു. ബീച്ചിനു അടുത്തുള്ള ഒരു ക്ലിഫിലാണ് ഉലുവാട്ടു ടെമ്പിള്‍. അങ്ങോട്ടുള്ള Ride ശരിക്കും refreshing ആണ്. വൈകുന്നേരങ്ങളില്‍ അവിടെ രാമായണം ബേസ് ചെയ്തുള്ള ഒരു ഡാന്‍സ് ഉണ്ട്. അത് കാണല്‍ ആയിരുന്നു പ്രധാന ഉദ്ദേശ്യം എങ്കിലും അവിടുത്തെ സൂര്യാസ്തമയത്തിന്റെ ഭംഗിയില്‍ വീണുപോയ ഞങ്ങള്‍ അതൊക്കെ കഴിഞ്ഞു ഡാന്‍സ് കാണാന്‍ ചെന്നപ്പോള്‍ ടിക്കറ്റ്‌ തീര്‍ന്നു പോയി. അതും പിന്നൊരിക്കല്‍ ആവാം എന്ന് വെച്ചു ഞങ്ങള്‍ തിരിച്ചുപോന്നു. അന്ന് രാത്രി Kuta യിലെ മറ്റൊരു Warungല്‍ നിന്ന് ലോക്കല്‍ ഫുഡും Bintang ബിയറും ഒക്കെ അടിച്ചു അന്നത്തെ യാത്രയും അവസാനിപ്പിച്ചു.

അടുത്ത ദിവസം Nusa Penida Island ട്രിപ്പ്‌ ബുക്ക്‌ ചെയ്തു. സാനുര്‍ ബീച്ചില്‍ നിന്നും ബോട്ട് സര്‍വീസ് ഉണ്ട്. അവിടെയും ബൈക്ക് വാടകയ്ക്ക് കിട്ടും എങ്കിലും റോഡ്‌ അത്ര നല്ലതല്ല എന്ന് നേരത്തെ കേട്ടിരുന്നത്കൊണ്ട് ടാക്സി ബുക്ക്‌ ചെയ്തിരുന്നു. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ഡ്രൈവര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ആദ്യം പോയത് Angel’s Billabong എന്ന സ്ഥലത്തേക്കാണ്‌. അതിന്റെ അടുത്ത് തന്നെയുള്ള Broken Beachഉം കണ്ടു പിന്നെ പോയത് Kelingking Beach ലേക്കാണ്. നിങ്ങളുടെ കായിക ക്ഷമത അല്പം പരീക്ഷിക്കാന്‍ തയ്യാറാണെങ്കില്‍ തീര്‍ച്ചയായും പോകേണ്ട ഒരു സ്ഥലമാണ് Kelingking Beach. Nusa Penida യില്‍ ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപെട്ട സ്ഥലം Kelinking ആയിരുന്നു. ഏതാണ്ട് ഒരു മണിക്കൂര്‍ കഷ്ടപെട്ടാണ് ഞങ്ങള്‍ താഴെ വരെ എത്തിയത്. ഇറങ്ങി ചെല്ലാന്‍ അല്പം ബുദ്ധിമുട്ടാണെങ്കിലും അവിടെ എത്തി കഴിഞ്ഞാല്‍ നിങ്ങള്‍ തിരികെ പോരില്ല. ഒരു പ്രൈവറ്റ് ബീച് പോലെയാണ്. അധികം ആളുകള്‍ ഒന്നും ഇല്ല. വെള്ളമണല്‍ വിരിച്ച തീരവും പച്ചയും നീലയും കലര്‍ന്ന നിറത്തിലുള്ള വെള്ളവും രണ്ടു വശവും ഉയരത്തില്‍ പാറകെട്ടുകളും. അവിടുന്ന് തിരികെ പോരാന്‍ തോന്നുന്നുണ്ടായിരിരുന്നില്ല. കുറെ അധികം സമയം അവിടെ ചിലവഴിച്ചതുകൊണ്ട് തിരികെ കയറി ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ തിരികെ പോരാനുള്ള ബോട്ട് നു സമയം ആയിരുന്നു. അധികം കറങ്ങി നടന്നാല്‍ ബോട്ട് മിസ്‌ ആകും എന്നുള്ളത് കൊണ്ട് നേരെ തിരിച്ചു പോന്നു.

തിരിച്ചു സാനുര്‍ ബീച്ചില്‍ എത്തി Kuta യിലേക്ക് തന്നെ പോകാന്‍ തീരുമാനിച്ചു. തിരികെ പോകുന്ന വഴി GPS പണി തന്നു. ബൈക്ക് കയറാന്‍ പാടില്ലാത്ത ഹൈവേയില്‍ കയറി വണ്ടി ഓടിച്ചു. പോലീസ് ബൈക്ക് വന്നു, ഏറ്റവും അടുത്ത എക്സിറ്റ് എടുക്കാന്‍ കൈ കാണിച്ചു അയാള്‍ മുന്‍പില്‍ പോയി. ഞാന്‍ വിയര്‍ത്തു, ബാലിയിലെ പോലീസ് സ്റ്റേഷന് എങ്ങനെ ഉണ്ടാകും എന്ന് മനസ്സില്‍ ഓര്‍ത്തു ഞാന്‍ അയാളുടെ പുറകെ വണ്ടി ഓടിച്ചു.അയാള്‍ വീണ്ടും ഇടത്തേക്ക് തിരിഞ്ഞു. ഞാനും പുറകെ ചെന്നു. അപ്പോള്‍ വണ്ടി നിര്‍ത്തി വന്ന വഴി നേരെ പൊയ്ക്കോളൂ എന്ന് അയാള്‍ ആന്ഗ്യം കാണിച്ചു. അപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌. തങ്കപ്പെട്ട മനുഷ്യന്‍ നാട്ടില്‍ എങ്ങാനും ആയിരുന്നെങ്കില്‍ ട്രിപ്പ്‌ ന്റെ കാര്യം അതോടെ തീരുമാനം ആയേനെ. ബാലിയിലെ ആളുകള്‍ വിദേശികളോട് വളരെ നന്നായിട്ടാണ് പെരുമാറുന്നത്. ടൂറിസം അവരുടെ പ്രധാന വരുമാന മാര്‍ഗം ആയതുകൊണ്ടാകാം. പൊതുവേ ആളുകള്‍ വളരെ സന്തോഷവാന്മാരും സഹായിക്കാന്‍ മനസുള്ളവരും ആയിട്ടാണ് തോന്നിയത്. happiness is contagious എന്ന് പറയുന്നത് വളരെ ശരിയാണ്. അവിടെ ചെന്നാല്‍ നിങ്ങള്ക്കും അത് മനസിലാകും.

അന്ന് രാത്രി തിരിച്ചു വന്നു ഫ്രഷ്‌ ആയി പോലിസ് പിടിച്ചതില്‍ നിന്ന് രക്ഷപെട്ടത് ആഘോഷിക്കാന്‍ ഞങ്ങള്‍ Sky Garden എന്ന ക്ലബില്‍ പോയി. പക്ഷെ അധികം നേരം നിന്നില്ല ഉടനെ തിരിച്ചു പോന്നു. നൈറ്റ്‌ ലൈഫ് എന്ജോയ്‌ ചെയ്യേണ്ടവര്‍ക്ക് വേറെയും ക്ലബുകള്‍ അവിടെ അടുത്തായി തന്നെ ഉണ്ട്. പിറ്റേന്ന് ഞങ്ങളുടെ അവസാന ദിവസം ആണ് ബാലിയില്‍. രാവിലെ എഴുന്നേറ്റ് ഫ്രഷ്‌ ആയി ചെക്കൌട്ട് ചെയ്തു ലഗേജ് ഹോട്ടലില്‍ തന്നെ വിട്ടു ഞങ്ങള്‍ Tanah Lot മറ്റൊരുഅമ്പലം കാണാന്‍ പോയി. Tanah Lot എന്നാല്‍ Land on sea എന്നാണ് അര്‍ഥം. അങ്ങോട്ടുള്ള യാത്രയും വളരെ നല്ല കാഴ്ചകള്‍ നിറഞ്ഞതാണ്‌. ഷോപ്പിംഗ്‌ ചെയ്യേണ്ടവര്‍ക്ക് നിറയെ കടകളും അവിടെയുണ്ട്. ഉച്ച കഴിഞ്ഞു ഭക്ഷണവും കഴിച്ചു ഞങ്ങള്‍ ഹോട്ടലിലെക്ക് തിരിച്ചു പോന്നു. അവിടെ ഹോട്ടലില്‍ എഴുതി വെച്ചിരുന്ന ഒരു ബോര്‍ഡ്‌ ഞങ്ങളെ രണ്ടുപേരെയും കുറെ ചിരിപ്പിച്ചു. Honest Food and Tasty Staff എന്നായിരുന്നു അത്. സെര്‍വ് ചെയ്യാന്‍ നിന്ന പെണ്‍കുട്ടിയോട് അത് തിരുത്താന്‍ പറഞ്ഞിട്ടാണ് ഞങ്ങള്‍ അവിടെ നിന്ന് ഇറങ്ങിയത്‌.

ഹോട്ടലില്‍ വന്നു ലഗേജ് എടുത്തു മനസില്ലാ മനസോടെ ബാലിയോട് വിട പറഞ്ഞു. ഇനിയും പോകും എന്ന് മനസ്സില്‍ ഉറപ്പിച്ചിട്ടാണ് ഞങ്ങള്‍ തിരികെ പോന്നത്. നിങ്ങളും തീര്‍ച്ചയായും പോകണം ബാലി അത്രയും സുന്ദരിയാണ്.
ടിപ്സ്: 1. ടിക്കറ്റ്‌ എടുക്കുമ്പോള്‍ ബാഗേജ് അലവന്‍സ്എത്ര ഉണ്ടെന്നു നോക്കി എടുക്കുന്നത് നല്ലതായിരിക്കും. എയര്‍ ഏഷ്യയുടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉള്ള ടിക്കെറ്റ്നു 7 Kg ഹാന്‍ഡ്‌ ബാഗ്‌ മാത്രമേ കൊണ്ടുപോകാന്‍ സാധിക്കൂ.
2. ചെന്നയുടനെ എയര്‍പോര്‍ട്ടില്‍ നിന്നും ഒരു ലോക്കല്‍ സിം എടുക്കുന്നത് നല്ലതായിരിക്കും. വഴി നോക്കാനും അത്യാവിശ്യം ലോക്കല്‍ കോളുകള്‍ ചെയ്യാനും ഉപകരിക്കും.

3. ഓണ്‍ലൈന്‍ ടാക്സി സൗകര്യം ഉണ്ടെങ്കിലും ചില സ്ഥലങ്ങളില്‍ നിരോധനം ഉണ്ട്. അത് നേരത്തെ നോക്കി വെക്കുന്നത് നല്ലതായിരിക്കും. 4. Authorized Money Changeer ടെ അടുത്ത് നിന്ന് മാത്രം കറന്‍സി എക്സ്ചേഞ്ച് ചെയ്യുക. ഡോളര്‍ ആയി കയ്യില്‍ കൊണ്ടുപോയാല്‍ ആവിശ്യം ഉള്ളത് മാത്രം മാറ്റിയാല്‍ മതിയാകും. 5. മയക്കുമരുന്ന് കൈവശം വെക്കുന്നതിനു വധശിക്ഷ ലഭിക്കുന്ന രാജ്യമാണ്. അതുകൊണ്ട് അങ്ങനെയുള്ള ഓഫറുകളുമായി വരുന്ന ആളുകളുടെ അടുത്തേക്ക് പോലും പോകാതിരിക്കുക.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply