ദുബായിൽ നിന്നും വട്ടവടയിലേക്ക്; ഒരു പ്രവാസിയുടെ യാത്ര…

യാത്രാ വിവരണം – ജിൻസൺ മാത്യു, കളത്തിൽ പറമ്പിൽ.

മരുഭൂമിയിലെ കൊടുംചൂടിൽ, ശാരീരിക മാനസിക സംഘർഷത്താൽ പെടാപ്പാടുപെടുന്ന പ്രവാസികളുടെ ഇടനെഞ്ചിനുള്ളിലേയ്ക്ക് കുളിർമഴപോലെ പെയ്തിറങ്ങുന്ന ചില ആനന്ദ നിമിഷങ്ങളുണ്ട്, മറ്റൊന്നുമല്ല അവന്റെ നാടും വീടും സ്വപ്നങ്ങളും……! ഒരു ശരാശരി പ്രവാസിയുടെ സ്വപ്നങ്ങൾക്കപ്പുറം മനസിൽ മുഴുവനും സിനിമയെന്ന വലിയ സ്വപ്നവുമായി ജീവിക്കുന്നവന് പ്രവാസം ഒരു ബാധ്യതതന്നെയാണ്…..!

മനസിന്റെ സ്വസ്ഥത വീണ്ടെടുക്കാനായി ഒരു യാത്ര ആവശ്യമാണെന്ന് തോന്നിതുടങ്ങിയപ്പോൾ ചോദ്യങ്ങൾ ഒരുപാടുയർന്നു. എങ്ങോട്ട്….? എപ്പോൾ…? എങ്ങനെ….? ഏറെ ആലോചിക്കേണ്ടിവന്നില്ല. അയൽ രാജ്യങ്ങളിലെ സുഖവാസകേന്ദ്രങ്ങളെക്കാൾ സ്വന്തം നാടിന്റെ ഗന്ധവും ഭംഗിയുമാണെന്ന് ഏതൊരു പ്രവാസിയെപ്പോലെ ദുബായിൽ ജീവിക്കുന്ന ഞാനും തിരിച്ചറിഞ്ഞു. പിന്നെ ചിന്തിക്കാനായി നിന്നില്ല, നാട്ടിലെത്തി. 45 – 48° ഡിഗ്രി ചൂടിൽ നിന്ന് നെടുമ്പാശേരിയിലെത്തുമ്പോൾ കോരിച്ചൊരിയുന്ന മഴയും.

എവിടെ പോകണം..? എപ്പോൾ, എങ്ങെനെ….? മൂന്നാർ, പലതവണ പോയിട്ടുണ്ടെങ്കിലും മൂന്നാറിനപ്പുറം ഏകദേശം 60 km സഞ്ചരിച്ചാൽ വട്ടവട എന്ന മനോഹരമായ ഗ്രാമത്തെയും കാടികത്തു കൂടിയുള്ള വഴികളെയും പറ്റി കേട്ടപ്പോൾ കൂടുതൽ ആലോചിക്കേണ്ടിവന്നില്ല. ദൃശ്യഭംഗി ആവോളം ആസ്വദിക്കാൻ യാത്ര ബൈക്കിലാക്കാൻ തീരുമാനിച്ചു. വട്ടവടയെക്കുറിച്ചുള്ള പ്രത്യേകതകൾ കേട്ടറിഞ്ഞപ്പോൾ സുഹൃത്ത് ജെസ്സനും അവന്റെ സുഹൃത്തുക്കളായ രോഹിത്, അജിൻ, ബിപിൻ എന്നിവരും വരാൻ തയ്യാറായി, അതിനായി ജെസ്സനും ദുബായിൽ നിന്ന് നാട്ടിലെത്തി. അവർക്കായി ഞാൻ കാത്തു നിന്നു. അങ്ങനെ 2017 ഒക്ടോബർ 19ന് വെളുപ്പിനെ 4 മണിക്ക് ബൈക്കിലും കാറിലുമായി ഞങ്ങൾ യാത്ര തിരിച്ചു.

ചങ്ങനാശ്ശേരി – പാല, പിന്നെ കേരളത്തിലെ തന്നെ നല്ല റോഡുകളിലൊന്നായ പാല – തൊടുപുഴ റോഡ്, അതിരാവിലെ ആയതിനാൽ വാഹനങ്ങൾ അധികമില്ല. റോഡിൽ തിളങ്ങിനിൽക്കുന്ന റിഫ്ളക്ടറുകൾ കൂട്ടിനു നല്ല തണുപ്പും. തൊടുപുഴയിൽ നിന്ന് മൂന്നാർ റോഡിൽ കയറി അടിമാലിയിലെത്തി. സമയം രാവിലെ 6 മണി നല്ല തണുപ്പ്, ബൈക്ക്നിർത്തി, ഒരു ചൂടു നാടൻചായ…… മൂന്നാറിലേക്കാണോ…? ചായകടയിലെ നാടൻ കുശലാന്വേക്ഷണം, എന്നാൽ വട്ടവടയിലേക്കാണെന്ന് പറഞ്ഞപ്പോൾ റോഡ് മുഴുവൻ നാശമായി കിടക്കുന്നതിനാൽ വണ്ടി വിടുന്നില്ല എന്നു പറഞ്ഞു. മൂന്നാറു കണ്ടു മടങ്ങേണ്ടി വരുമോ… മനസിലാകെ നിരാശയായി….!

വരുന്നിടത്തു വച്ച്കാണാം, വണ്ടി അടിമാലിയിൽ നിന്ന് മല കയറി 8.30ന് പച്ച പരവതാനി വിരിച്ച മലനിരകൾക്കിടയിലൂടെ മൂന്നാറെത്തി. എന്റെ നാടിന്റെ സൗന്ദര്യം ഞാൻ വേണ്ടുവോളം ആസ്വദിച്ചു. തണുപ്പത്ത് ഒരു ചായയും കുടിച്ച് ജെസ്സനെയും സുഹൃത്തുക്കൾക്കുമായി ഞാൻ കാത്തു നിന്നു. അവരെത്തി, തിരിച്ച് കല്ലാറിലെത്തി ഒരു കോട്ടേജെടുത്ത് ഫ്രഷായി. അന്നേ ദിവസം മൂന്നാറിന്റെ ദൃശ്യഭംഗിയാസ്വദിച്ച് മാട്ടുപെട്ടിഡാം വരെ പോയി തിരികെയെത്താമെന്ന തീരുമാനത്തിൽ ഞങ്ങളിറങ്ങി. പച്ചയുടുപ്പണിഞ്ഞ് ചിരിതൂകി നിൽക്കുന്ന ഈ പെണ്ണിന്റെ സൗന്ദര്യം വേണ്ടുവോളം ആസ്വദിച്ച് മാട്ടുപെട്ടി ഡാമിലെത്തി ബോട്ടിംഗും നടത്തി വൈകുന്നേരത്തോടുകൂടി കോട്ടേജിൽ തിരിച്ചെത്തി.

രണ്ടാം ദിവസം – വട്ടവട : തെയില തോട്ടങ്ങളുടെ സൗന്ദര്യത്തിൽ തിളങ്ങി നിൽക്കുന്ന മലകൾക്കിടയിലൂടെ ശരിരത്തിലേക്കും മനസിലേക്കും ഒരുപോലെ വീശുന്ന തണുത്ത കാറ്റിന്റെ താളത്തിൽ കേട്ടറിവുമാത്രമുള്ള വട്ടവടയിലേക്ക് യാത്ര തിരിച്ചു. മാട്ടുപെട്ടിഡാമും, ഫോട്ടോ പോയിന്റും എക്കോ പോയിന്റും താണ്ടി ടോപ് സ്റ്റേഷനിലെത്തി… അവിടെ നിന്ന് മൂന്നാറിന്റെ മലനിരകളുടെ ഭംഗി എടുത്തറിയാം കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം ഞങ്ങൾ യാത്ര തുടർന്നു.

മൂന്നാർ കാണാനായിയെത്തുന്ന ഒട്ടുമിക്ക സഞ്ചാരികളുടെയും അവസാന കേന്ദ്രമാണ് ടോപ്സ്റ്റേഷൻ. മുൻപ് ടോപ് സ്റ്റേഷനെത്തി തിരികെ പോകുകയെന്നത് എന്റെയും പതിവായിരുന്നു. ടോപ്സ്റ്റേഷനു പുറത്തിറങ്ങിയാൽ വലത്തേക്ക് താഴോട്ട് കിടക്കുന്ന വഴിയാണ് വട്ടവട. ഞങ്ങൾ വട്ടവട ലക്ഷ്യമാക്കി യാത്രതിരിച്ചു. മലയിറങ്ങി ചെന്നെത്തിയത് ഒരു ചെക്ക് പോസ്റ്റിൽ, വണ്ടികളുടെ നമ്പരും, പേരും വിവരങ്ങളും മൊബൈൽ നമ്പരും മറ്റും നൽകി ഒപ്പിട്ടു. തിരിച്ചു വരുമ്പോൾ ഒപ്പിടണമെന്നും അടുത്ത 5 കി.മീറ്ററിനുള്ളിൽ വണ്ടി നിർത്തി ഇറങ്ങുകയോ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പും നൽകി. ഞങ്ങൾ യാത്ര തുടങ്ങി.

ഒരു പക്ഷേ മൂന്നാർ ഒരുപാട് തവണ കണ്ടതിനാലാരിക്കും, അതുവരെ കാണാത്ത ഒരു പ്രത്യേക സൗന്ദര്യം…. ചെക്ക് പോസ്റ്റിൽ നിന്ന് യാത്ര തിരിച്ചത് പടുകൂറ്റൻ മരങ്ങളാൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന മനോഹരമായ കാട്ടിലൂടെ കാഴ്ചകൾ മതിയാവോളം ആസ്വദിച്ച് മുന്നോട്ട് നീങ്ങി. മുന്നോട്ടു പോകുമ്പോൾ വ്യത്യസ്ഥമായ മരങ്ങൾക്കിടയിലൂടെ കിളികളുടെ ശബ്ദവും പ്രത്യേക സുഗന്ധവും തണുത്ത കാറ്റും ഓരോ മിനിറ്റിലും കാടിന്റെ ഭംഗി കൂടി കൂടി വരുന്നതുപോലെ…. കാടിന്റെ ഉള്ളിലൂടെ വന്നെത്തിയത് പച്ച വിരിച്ച ഒരു മനോഹരമായ സ്ഥലം, അകലെ വലിയ മലകളും. പ്രകൃതിയെ തൊട്ടറിഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു.

എങ്ങും കൃഷിയിടങ്ങൾ…! മലയും കുത്തനെയുള്ള കയറ്റവും ഇറക്കവും കൃഷിയിടങ്ങൾക്കിടയിലൂടെയുള്ള യാത്രയും വെള്ള ചാട്ടവും എല്ലാം വട്ടവടയെ സുന്ദരിയാക്കുന്നു. വട്ടവടയെ വേണ്ടുവോളം ആസ്വദിച്ച് ഞങ്ങൾ മൂന്നാറിലേക്ക് യാത്ര തിരിച്ചു. ഞങ്ങളെ മനം മയക്കിയ സുന്ദരിയായ കാടിന്റെ നടുവിലൂടെ അവൾക്ക് യാത്ര പറഞ്ഞ് ഞങ്ങൾ ചെക്ക് പോസ്റ്റിലെത്തി….! തിരിച്ച് മൂന്നാറിലേക്ക്. ചോളവും, കാരറ്റും, കിട്ടിയ ഫ്രഷ് പച്ചക്കറിയും പഴങ്ങളും, മൂന്നാർ വട്ടവട സ്പെഷ്യൽ വിഭവങ്ങളും, നല്ല നാടൻ തെയിലയിട്ട ചായയും കുടിച്ച് മൂന്നാറെന്ന സുന്ദരിയെ ഒരു വട്ടംകൂടി ആസ്വദിച്ച് വൈകുന്നേരം മഞ്ഞു മൂടിപൊതിഞ്ഞ റോഡിലൂടെ കോട്ടേജിലെത്തി. പിറ്റെ ദിവസം രാവിലെ മൂന്നാറിനോട് യാത്ര പറഞ്ഞു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply