ബൊളീവിയൻ പീഠഭൂമി അഥവാ ഭയത്തിന്റെ മലനിരകള്‍

സമുദ്രനിരപ്പില്‍ നിന്ന് 12,000 മുതല്‍ 16,000 അടി വരെ ഉയരത്തിലാണ് ബൊളീവിയന്‍ പീഠഭൂമിയുടെ സ്ഥാനം. ഇതിലൂടെയുള്ള യാത്ര അതികഠിനമാണ്. ചന്ദ്രനിലെ ഭൂപ്രകൃതിക്ക് സമാനമായ അന്തരീക്ഷമാണ് ഇവിടെ. സാഹസികത ഇഷ്ടമുള്ളവർക്കായി ഈ യാത്ര സമർപ്പിക്കുന്നു. ഇത്രയും ഉയരത്തില്‍ മനുഷ്യശരീരം കാലവസ്ഥയുമായി താദാത്മ്യം പ്രാപിക്കാന്‍ ദിവസങ്ങളെടുക്കും. എന്നാല്‍പ്പോലും ഉറക്കമില്ലാത്ത രാവുകളും ഹൃദയത്തിന്റെതാളത്തിലും മിടിപ്പിലുമുള്ള വ്യത്യാസങ്ങളും വേണ്ടത്ര പ്രാണവായുവിന്റെ അഭാവം നിമിത്തം ശ്വാസം നിലയ്ക്കുന്നതു പോലെയുള്ള അവസ്ഥയും ഒക്കെ ബൊളീവിയൻ യാത്രയുടെ കൂടെപ്പിറപ്പാണ്.

ജനജീവിതം ഈ ഭാഗത്ത് അസാദ്ധ്യമാണ്. അതുകൊണ്ടുതന്നെ, ആധുനിക ജീവിതത്തില്‍ അത്യന്താപേക്ഷിതമായി നമ്മള്‍ കരുതുന്ന ഒന്നും ഇവിടെ ലഭ്യമല്ല. ഇവിടെ എത്തിക്കഴിഞ്ഞാൽ വളരെ ആഡംബര പൂർണ്ണമായ ഹോട്ടലുകളൊന്നും നിങ്ങളെ കാത്തിരിക്കുന്നുണ്ടാവില്ല. പകരം വളരെ പരിമിതമായ സൗകര്യങ്ങളെ ഇവിടെ കിട്ടുകയുള്ളു. അതുകൊണ്ടു തന്നെ സാഹസികതയോടൊപ്പം ക്ഷമാശീലവും ഉള്ളവർക്കേ ഈ യാത്ര സുഖിക്കുകയുള്ളു.

 

വൈദ്യസഹായം പേരിനുപോലുമില്ല. എന്തെങ്കിലും സംഭവിച്ചാല്‍ വിധി എന്നു കരുതാനേ നിവൃത്തിയുള്ളു. പകല്‍ പൊള്ളുന്ന വെയില്‍, രാത്രിയില്‍ കമ്പിളികളാല്‍ മൂടിയാല്‍ പോലും സഹിക്കാനാവാത്ത തണുപ്പ്, പ്രാണവായുവിന്റെ കുറവ്… ഇതൊക്കെയാണ് ഇവിടുത്തെ കാലാവസ്ഥ. എങ്കിലും ഇവിടെ പ്രകൃതിയുടെ മായികഭാവം അതിന്റെ പാരമ്യത്തില്‍ ആസ്വദിക്കാം. മഞ്ഞണിഞ്ഞ കൊടുമുടികളും അഗ്‌നിപര്‍വതങ്ങളും ഫ്‌ളൂറസന്റ് നിറമുള്ള തടാകങ്ങളും അതില്‍ നിറയെ ഫ്‌ളാമിംഗോ പക്ഷികളും… ചൂടു നീരുറവകള്‍, അനന്തതയില്‍ അലിയുന്ന ഒന്നുമില്ലായ്മയുടെ വിശാലത… ഇതാണ് ബൊളീവിയൻ പീഠഭൂമി.

 

പ്രകൃതിയുടെ ഈ മാസ്മര സൗന്ദര്യം ആസ്വദിച്ച് തുടങ്ങിയാൽ പിന്നെ അതുവരെ അറിഞ്ഞ കഷ്ടതകളൊന്നും വലുതായി തോന്നുകയില്ല. ഒരു സഞ്ചാരിയുടെ സ്വപ്ന യാത്രയ്ക്കുള്ള ചേരുവകള്‍ എല്ലാം ഇവിടെ ചേരുംപടി ചേര്‍ത്തിരിക്കുന്നു. വെറും 10,000 ആളുകള്‍ മാത്രം താമസിക്കുന്ന ഉയുണി, ദരിദ്രമായ, പൊട്ടിപ്പൊളിഞ്ഞ തെക്കുപടിഞ്ഞാറന്‍ ബൊളീവിയയിലെ ഒരു ചെറുപട്ടണം. ഇതാണ് പ്രവേശനകവാടം. അവിടെയെത്തിയാലേ ബൊളീവിയയിലേക് പോകാൻ കഴിയു. സഞ്ചാരികളെ കൊണ്ടുമാത്രം ജീവിക്കുന്ന ഈ പട്ടണത്തില്‍ സൗകര്യങ്ങള്‍ പരിമിതമാണ്. എല്ലാം പൊതു സൗകര്യങ്ങൾ മാത്രം.

 

ഇവിടെ നിന്നും പീഠഭൂമിയിലേയ്ക്കുള്ള യാത്ര ഫോര്‍വീല്‍ ഡ്രൈവില്‍ മാത്രമേ സാദ്ധ്യമാവൂ. ആ ഭാഗം മുഴുവന്‍ കുന്നും മലകളുമാണ്. മറ്റൊരു കൗതുകകരമായ കാഴ്ച, പാറകളുടെ ഗാലറിയാണ്. കറുത്ത പാറക്കൂട്ടങ്ങളല്ല, ചെമ്മണ്‍ നിറമുള്ളവ. അവ ആയിരവും പതിനായിരവും ഒന്നുമല്ല, ലക്ഷക്കണക്കിനാണ്. കുറച്ചു ദൂരംകൂടി യാത്ര തുടരുമ്പോള്‍ മരുഭൂമിക്ക് നടുവില്‍ ഒരു മരം മാത്രം നില്‍ക്കുന്നു. അത്യപൂര്‍വമായ ഒരു കാഴ്ച. അടുത്തു എത്തുമ്പോഴാണ് സത്യം തിരിച്ചറിയുന്നത്. ‘ആര്‍ബോള്‍ ദി പിയേദ്ര’ എന്നു വിളിക്കുന്ന കല്ലുകൊണ്ടുള്ള മരമാണിത്. കാറ്റിന്റേയും സൂര്യന്റെയും സ്‌നേഹലാളനകള്‍ ഒരു പാറയ്ക്ക് മരത്തിന്റെ ജന്മം കൊടുത്തിരിക്കുന്നു. അത് കാണുമ്പോൾ നമുക് വളരെ അത്ഭുതം തോന്നും.

Source – http://www.malayalivartha.com/yathra/tour-package/55651

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply