ബെംഗളൂരു: കാവേരി നദീജലം തമിഴ്നാടിന് കൊടുക്കണമെന്ന സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് കര്‍ണാകയില്‍ വ്യാപക അക്രമം. നഗരത്തില്‍ പലയിടങ്ങളിലായി പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനങ്ങള്‍ കത്തിക്കുകയും ഹോട്ടലുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. അക്രമസംഭവങ്ങളെ തുടര്‍ന്ന് ബെംഗളൂരു – മൈസൂര്‍ ഹൈവേ അടച്ചു.
കുറെ ദിവസങ്ങളായി ഈ റൂട്ടില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടുവരികയാണ്. കേരളത്തില്‍ നിന്നുള്ള കെ എസ് ആര് ടി സി ബസ്സുകളും ബെംഗളൂരു നഗരത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. കേരളത്തിന്റെ 27 വോള്‍വോ ബസ്സുകള്‍ ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടക ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തി എന്ന് ഗതാഗത മന്ത്രി എ കെ ശശിധരന് പറഞ്ഞു.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള കെ എസ് ആര് ടി സി സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കര്‍ണാടകയില്‍ മാത്രമല്ല, തമിഴ്നാട്ടിലും പുതുച്ചേരിയിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
തമിഴ്നാട്ടിലെ രാമേശ്വരത്ത് വെച്ച് കര്‍ണാടക ആര് ടി സി ബസ് ഒരു കൂട്ടം ആളുകള്‍ തകര്‍ത്തു. നാം തമിഴര്‍ കക്ഷി പ്രവര്‍ത്തകരാണ് ബസ് ആക്രമിച്ചത്. സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ബെംഗളൂരുവില്‍ തമിഴ്നാട് രജിസ്ട്രേഷനുള്ള വണ്ടികള്‍ ആക്രമിക്കപ്പെട്ടു. യെലഹങ്ക ന്യൂ ടൗണില്‍ തമിഴ്നാട്ടില്‍ നിന്നും വന്ന ലോറിക്ക് ആളുകള്‍ കല്ലെറിഞ്ഞു. നൈസ് റോഡില്‍ തമിഴ്നാട്ടില്‍ നിന്നും വന്ന മറ്റൊരു ലോറി പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി.
News Source – One India Malayalam