ഈ യാത്ര ഒരു ഒളിച്ചോട്ടം ആണ്. റിസോർട്ടിന്റെ ആഡംബരങ്ങളിൽ ഒരു സഞ്ചാരിക്ക് ഒരിക്കലും സാറ്റിസ്ഫൈഡ് ആകാൻ കഴിയാതെ വീർപ്പുമുട്ടുമ്പോൾ പുറത്തെ വിശാലമായ കാഴ്ചകളിലേക്കും അറിവുകളിലേക്കും മനസ് പറന്നു പൊങ്ങും, അന്നത്തെ ആ യാത്രയിൽ എത്തിച്ചേർന്നത് ചരിത്രം അവശേഷിപ്പിച്ച , കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികൾ ഒളിഞ്ഞിരിക്കുന്ന കർണാടകയിലെ ഭോഗനന്ദീശ്വര ക്ഷേത്രത്തിലേക്കാണ് . ബാംഗ്ളൂർ എത്തുന്ന സഞ്ചാരപ്രിയരായ എല്ലാവരും വെറുതെ ഒന്ന് ഗൂഗിൾ ചെയ്താൽ ആദ്യം വരുന്നത് നന്ദി ഹിൽസ് ആകും, മനോഹരമായ ഉദയം കാണാൻ, ബാംഗ്ളൂർ തിരക്കുകളിൽനിന്നും ഒന്ന് ഒളിച്ചോടാൻ, പ്രണയിക്കാൻ എല്ലാവരും പോകുന്ന സ്ഥലം- നന്ദി ഹിൽസ്.

എന്റെ ഈ യാത്ര തിരക്കുകളിൽ നിന്നുള്ള ഒളിച്ചോട്ടം ആയിരുന്നില്ല, ഓഫീസ് ഒരുക്കിത്തന്ന ഒരു വൺ ഡേ ഔട്ടിങ്, നന്ദി ഹിൽസിനു താഴെയുള്ള മനോഹരമായ ഒരു റിസോർട്ടിലേക്കു, അവിടെ ഒരുപാട് ഗെയിംസ്, അഡ്വെഞ്ചർ ആക്ടിവിറ്റീസ് ഒരു കിടിലൻ ലഞ്ച് അങ്ങനെ മനം മയക്കുന്ന ഒരു മെയിൽ, യാത്രാ നടക്കുന്നതു ഒരു വർക്കിംഗ് ഡേ ആയതുകൊണ്ട് സന്തോഷം ഇരട്ടി ആയി എല്ലാവര്ക്കും. പക്ഷെ റിസോർട്ടിൽ പോയിരുന്നു എന്ത് ചെയ്യാൻ ആണ് എന്ന ചോദ്യം ആയിരുന്നു എനിക്ക്. ലഞ്ച് ഓക്കേ, ഗെയിംസ് ഓക്കേ, പിന്നെ എന്താണുള്ളത്.. ഗൂഗിൾ സെർച്ച് ചെയ്തു “places near nandi hills”, ടിപ്പുവിന്റെ സമ്മർ പാലസ്, പിന്നെ പുരാതനമായ ഒരു ക്ഷേത്രം. മറ്റൊരു യാത്രയുടെ പ്ലാനിങ്ങിൽ ആയതിനാൽ കൂടുതൽ വിവരങ്ങൾ അപ്പോൾ നോക്കിയില്ല.
ഫ്രീ ആയി നന്ദി ഹിൽസ് വരെ ഒരു യാത്ര അതും ഓഫീസ് വക, വേറെ ഒന്നും ചിന്തിച്ചില്ല. അങ്ങനെ ആ സുദിനം വന്നെത്തി. രാവിലെ 5 മണിക്കുതന്നെ എണീറ്റ്, കല്യാൺ നഗർ ബസ് സ്റ്റോപ്പിലേക്ക് വണ്ടി പിടിച്ചു അതുവഴിപോകുന്ന ഓഫീസ് ബസ് കയറിപോകുകയാണ് ഉദ്ദേശം. ഇവിടുന്നു ഒരു 60 km ദൂരം, ട്രാഫീക് ബ്ലോക്കിൽ കുരുങ്ങിയാൽ ഒരു രണ്ടര മണിക്കൂറിൽ അവിടെ എത്താം. അങ്ങനെ ലേറ്റ് ആയി എത്തിയ ഓഫിസ് ബസിൽ മുൻസീറ്റിൽ തന്നെ ഇരുപ്പുറപ്പിച്ചു യാത്ര തുടങ്ങി. ഇടക്കെപ്പോഴോ ബോറടിച്ചു ഞാൻ ഉറങ്ങി പോയി. എണീറ്റപ്പോൾ നന്ദി വ്യൂ റിസോർട്ടിൽ ബസ് എത്തിയിരുന്നു, വലിയ ഒരു മലക്ക് താഴെ, വളരെ മനോഹരമായി ഉണ്ടാക്കി എടുത്ത റിസോർട്. നല്ല ചൂട്.. വേനൽ കത്തുന്നുണ്ട് ഇവിടെ.
എനിക്കെന്തോ ഒട്ടും സന്തോഷം തോന്നിയില്ല. ഒരുപാടൊന്നും ഇല്ല അവിടെ കാണാൻ, എല്ലാം ഉണ്ടാക്കി എടുത്ത പോലെ, കുളങ്ങളും, അമ്പലവും പ്രതിമകളും. മൊത്തം ഒന്ന് കറങ്ങി, പിന്നെ കുറച്ചു ഗെയിംസ്, എന്റെ മനസ് ഈ റിസോർട്ടിന് പുറത്തെ കാഴ്ചകൾ പരതി പറന്നു തുടങ്ങി. ഗെയിംസ് അവസാനിച്ചപ്പോൾ, മാനേജർമാർ എല്ലാം എവിടേക്കോ പോയപ്പോൾ അവിടുത്തെ സെക്യൂരിറ്റി ചേട്ടനോട് രഹസ്യം ആയി ഭോഗനന്ദിശ്വര ക്ഷേത്രത്തെ കുറിച്ച് ഒന്ന് അന്യോഷിച്ചു. എത്ര ദൂരം ഉണ്ട് ഇവിടുന്നു, എങ്ങനെ പോകാം എന്നൊക്കെ. ചേട്ടൻ നല്ല സഹായി ആയിരുന്നു, ഇവിടുന്നു വെറും 3 km മാത്രം, അങ്ങോട്ടു പോകാൻ ബസ് ഇല്ല. ഓട്ടോ പിടിക്കണം. ചേട്ടനെ സോപ്പ് ഇട്ടു, ഒരു ഓട്ടോ റെഡി ആക്കി തരാമോ എന്നായി. അങ്ങനെ 300 രൂപക്ക് ഓട്ടോ റെഡി ആക്കി. 2.30 നു ഓട്ടോ എത്തും എന്നും പറഞ്ഞു. അങ്ങനെ എല്ലാം സെറ്റ് ആയി.

ലഞ്ച് കഴിച്ചു, മനസ്സിൽ മുഴുവൻ അധികം വിവരങ്ങൾ അറിയാത്ത ആ ക്ഷേത്രത്തെ കുറിച്ചായിരുന്നു . പെട്ടെന്ന് മനസ് തണുപ്പിച്ചുകൊണ്ടു മഴയെത്തി.. ആഹാ !! എല്ലാ യാത്രയിലും എപ്പോളെങ്കിലും കൂട്ടായി മഴയുണ്ടാകും. ചുട്ടു പോളുന്ന ആ മണ്ണ് മഴയിൽ കുതിർന്നു. ഓട്ടോയ്ക്കെന്തായാലും ഞാൻ 300 കൊടുക്കണം, എന്നാൽ കൂടെ ആരെങ്കിലും വരുന്നുണ്ടോ എന്നറിയാൻ ഒരു ശ്രമം രഹസ്യമായി നടത്തി. കൂടെ വന്ന പെണ്പില്ലെരോടെല്ലാം ചോദിച്ചു, ഒരു കിടിലൻ ടെംപിൾ ഉണ്ട് വരുന്നോ എന്ന്. ആർക്കും ഒറ്റയ്ക്ക് വരാൻ ഒരു മടി. കൂടാതെ മാനേജർ അറിയാത്ത ഒരു ഒളിച്ചോട്ട യാത്രയാണിത്. എന്നാ പോട്ടെ ഞാൻതന്നെ പോകാം എന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഒരാൾ ബോർ അടിച്ചു ഇരിക്കുന്നു കണ്ടത്. ആന്ധ്രയിൽ നിന്നുള്ള സോമേഷ്. ഞാൻ ചോദിച്ചപാടേ ആൾ റെഡി, ഞങ്ങൾ പതിയെ ഗേറ്റ് തുറന്നു പുറത്തിറങ്ങി, അപ്പോളേക്കും ഓട്ടോയും വന്നു..
മനോഹരമായ കൃഷിസ്ഥലങ്ങളും നിറഞ്ഞ വഴികൾ, മഴയിൽ തണുത്ത ഭൂമി, മഞ്ഞനിറത്തിലെ പൂക്കൾ വിടർത്തി കടുകിൻ പാടങ്ങൾ, പിന്നെ ഇടക്കിടക്ക് പൂക്കളുടെ പാടം , റോഡിനെ മറച്ചു പന്തലിച്ചു നിൽക്കുന്ന മരങ്ങൾ ഇരുവശവും, തിരക്കില്ലാത്ത ആ ഗ്രാമത്തിലെ വഴികളിലൂടെ കാഴ്ചകളുടെ ഒരു പറുദീസ ഒരുക്കി ഓട്ടോ യാത്ര തുടർന്നു. തിരിച്ചു വരുമ്പോൾ ഇറങ്ങേണ്ട സ്ഥലങ്ങൾ മനസ്സിൽ കുറിച്ച് വച്ചു ഓട്ടോ ചേട്ടനോട് മുറികന്നടയിൽ പറഞ്ഞു.
അങ്ങനെ ഞങ്ങൾ ഭോഗനന്ദീശ്വര ക്ഷേത്രത്തിൽ എത്തിച്ചേർന്നു. പിൻവഴിയിലൂടെ, ഒരു പൊട്ടിപൊളിഞ്ഞ വാതിലിലൂടെ ഒൻപതാം നൂറ്റാണ്ടിലേക്കിറങ്ങി.. ഇറങ്ങിയപ്പോൾ മുതൽ അത്ഭുതം ഉണ്ടാർത്തുന്ന കാഴ്ചകൾ ആണ്, ഒരു വശത്തു തകർന്നു കിടക്കുന്ന അമ്പല കുളം, നിരവധി കൊത്തുപണികൾ, നാല് വശങ്ങളിലും ധാരാളം സ്റ്റെപ്പുകൾ ആയി മനോഹരമായ ഒരു കുളം. എന്നാൽ അകത്തേക്ക് കയറാൻ കഴിയാത്ത വിധത്തിൽ മരവാതിലുകൾ ചങ്ങല ഇട്ടു ബന്ധിച്ചിരിക്കുകയാണ്.
ഞാനും സോമേഷും കൂടി ഗൂഗിളിൽ ഈ ക്ഷേത്രത്തെക്കുറിച്ചു വായിച്ചു, കർണാടകയിലെ ചിക്കബലബുർ ജില്ലയിലെ നന്ദി ദുർഗയിൽ ആണ് ഞങ്ങൾ ഇപ്പോൾ നില്കുന്നത്. കണ്ടെത്തിയതിൽ വച്ച് കർണാടകയിലെ ഏറ്റവും പഴക്കം ചെന്ന അമ്പലങ്ങളിൽ ഒന്ന്, ഈ ഒളിച്ചോട്ടം ഞങ്ങളെ എത്തിച്ചത് ഒൻപതാം നൂറ്റാണ്ടിലേക്ക്.
Nolamba രാജവംശം മുതൽ, Rashtrakuta, Ganga,ചോള,hoyshala, വിജയനഗര രാജവംശങ്ങൾ ഞങ്ങളുടെ മുന്നിലൂടെ കടന്നു പോയി, ഇവർക്കു ശേഷം ഇവിടെ എത്തിയ ഹൈദരാലിയും, ടിപ്പുസുൽത്താനും പിന്നെ എത്തിയ ബ്രിട്ടീഷ് കാരും.. ദ്രാവിഡീയൻ ആർക്കിടെക്ചർൽ തയ്യാറാക്കിയ ക്ഷേത്രത്തിലേക്കു അത്ഭുത കാഴ്ചകളിലേക്ക് ഞങ്ങൾ നടന്നു കയറി.

മുന്നിൽ മരം കൊണ്ട് നിർമിച്ച ഒരു വലിയ രഥം, രഥം മുഴുവൻ സൂക്ഷ്മായത് മുതൽ വളരെ വലിയ കൊത്തുപണികൾ, എല്ലാം ഉപേക്ഷിച്ച നിലയിൽ. വിജയനഗര ആർക്കിടെക്ചർലെ ക്ഷേത്രങ്ങൾക്ക് മുന്നിലുള്ള പോലെ വലിയ ഗോപുരവാതിൽ കടന്നു അകത്തേക്ക് പ്രവേശിച്ചു. വീണ്ടും ചെറിയ ചെറിയ ക്ഷേത്രങ്ങൾ, നിറയെ വലിയ വലിയ തൂണുകൾ, ഓരോ തൂണിലും വ്യത്യസ്തമായ കൊത്തുപണികൾ.
Gangas of Talakad നിർമിച്ച അരുണാചലേശ്വര ക്ഷേത്രം ഒരുഭാഗത്തു, മറുഭാഗത്തും ചോളവംശത്തിന്റെ സംഭാവനയായി ഭോഗ നന്ദീശ്വര ക്ഷേത്രം, ഇവക്കിടയിലായി മനോഹരമായ ഉമാ മഹേശ്വര ക്ഷേത്രവും, മനോഹരമായ ഒരു കല്യാണ മണ്ഡപവും , അതിലെ അലങ്കാര തൂണുകളിൽ മനോഹരമായി കൊത്തിയ ശിവനും പാർവതിയും, വിഷുവും ലക്ഷ്മിയും, ബ്രഹ്മാവും സരസ്വതിയും, അഗ്നിയും സ്വാഹയും. പുതുതായി കല്യാണം കഴിഞ്ഞ നവ വധുവും വരനും ആശിർവാദത്തിനായി ഇവിടെ എത്താറുണ്ടത്രേ. ബാല്യവും കൗമാരവും ആണത്രേ ഈ ക്ഷേത്രങ്ങളിൽ കൊത്തിവച്ച കഥകളിൽ..

കുറച്ചു അകത്തേക്ക് നടന്നപ്പോൾ, ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തു ഒരു വലിയ കുളം, നാല് ഭാഗങ്ങളിലും നിറയെ സ്റ്റെപ്പുകൾ, അതിനും മുകളിൽ മതിലുകളിൽ മണിഹരമായ കൊത്തുപണികൾ, വളരെ വൃത്തിയായ കുളതിനെ പുഷ്കരണി , കല്യാണി എന്നെല്ലാം വിളിക്കുന്നു, ആ നാട്ടിലുള്ളവർക്ക് ഇതു ശൃംഗേരി തീർത്ഥയാണ്. പിനാകിനി നദി ഇവിടെനിന്നും ഉറ്റബവികുന്നു എന്ന് പോലും കരുതുന്നവർ ഉണ്ട്. ദീപാവലി ദിവസം ഇവിടെ നിറയെ ദീപങ്ങൾ കത്തിക്കാറുണ്ട് , അപ്പോൾ ഈ പുഷ്കരണിയുടെ ഭംഗി ഇരട്ടിയായി മാറും..
സമയം പോകുന്നത് അറിയുന്നില്ല. കാരണം അത്രക്കുണ്ട് ഇവിടെത്തെ കാഴ്ചകൾ, കഥപറയുന്ന കൊത്തുപണികൾ , കൃഷ്ണന്റെ ബാല്യകാലം, വിഷുവിന്റെ അവതാരങ്ങൾ എല്ലാം ഇവിടെ കൊതി വച്ചതു കാണാം, ശില്പങ്ങളുടെ കണ്ടിന്യൂയിറ്റി നോക്കി സോമേഷ് കഥ പറയാൻ ശ്രമിക്കുന്നുണ്ട്. സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണ്, പുറത്തേക്കിറങ്ങി, അവിടെ പണ്ടുകാലത്തെ വിശ്രമിക്കാനായി തീർത്ത കല്മണ്ഡപങ്ങൾ.. മനോഹരമായി പച്ചപുല്ലുകൾ അതിനു ചുറ്റും വളർത്തിയിരിക്കുന്നു. കുട്ടികൾ കളിക്കാനായി എത്തി തുടങ്ങി.
ഓട്ടോ ചേട്ടൻ ഞങ്ങൾക്കായി കാത്തുനിൽക്കുകയാണ്, ഓഫീസ് ബസിൽ തിരിച്ചു ബാംഗ്ളൂർ എത്തേണ്ടതാണ്. ആരോടും പറയാതെ ഒരു ഒളിച്ചോട്ടം ആയിരുന്നു റിസോർട്ടിൽ നിന്നും. ഓട്ടോയിലേക്കു തിരിച്ചു കയറുമ്പോളും മനസ് ഒൻപതാം നൂറ്റാണ്ടിൽ തന്നെ ആയിരുന്നു.. പോകും വഴി ചിലസ്ഥലങ്ങള്കൂടി ഇറങ്ങി കണ്ടു. റിസോർട്ടിന് മുന്നിൽ നിന്നും അകത്തേക്ക് കയറി, ആരും അറിയാതെ പതുക്കെ ഞങ്ങളും അവരുടെ കൂടെ കൂടി 21 ആം നൂറ്റാണ്ടിലേക്കു തിരിച്ചു കയറി.
വിവരണം – ഗീതു മോഹന്ദാസ്.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog