ഇത്തിക്കണ്ണികൾ വിലസുമ്പോഴും ഇത്തരം നന്മയുള്ള ജീവനക്കാർ ആണ് കെ എസ് ആർ ടി സി യെ ഇപ്പോഴും നില നിർത്തുന്നത്. തിരുവനന്തപുരം – മംഗലാപുരം സ്കാനിയയിൽ യാത്ര ചെയ്ത ഒരു യാത്രക്കാരന്റെ അനുഭവം വായിക്കുക. 🙂
പുതുവർഷത്തലേന്ന് മംഗലാപുരത്തേയ്ക്ക് പരശുറാം എക്സ്പ്രസ്സിൽ യാത്ര ചെയ്തു. ഒറ്റപ്പാലത്തോമറ്റോ പതിവിൻപടി പാളത്തിൽ വിള്ളൽ കണ്ടതിനാൽ ട്രെയിൻ ഒരു മണിക്കൂർ വൈകി. കീറിപ്പറിഞ്ഞ സീറ്റുകളും, ഇളകി വീഴുന്ന ട്രേ കളും വൃത്തിഹീനമായ ടോയ്ലറ്റുകളും കൊണ്ട് ‘ആനന്ദകര’മായിരുന്നു എസി കോച്ച്. പോരാഞ്ഞ് തെർമോസ്റ്റാറ്റ് സംവിധാനം കൃത്യമായി പ്രവർത്തിക്കാത്തതു കൊണ്ടാണെന്നു തോന്നുന്നു അന്റാർട്ടിക്കയിലേതു പോലത്തെ തണുപ്പും!! ഒരുവിധം മംഗലാപുരത്തെത്തി.
തിരിച്ച് പുതുവത്സരദിനം മംഗലാപുരത്തുനിന്ന് കൊച്ചിയിലേക്ക് KSRTC യുടെ മംഗലാപുരം- തിരുവനന്തപുരം സ്കാനിയ ബസ്സിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതു്. അൽപം ആശങ്കയില്ലാതിരുന്നില്ല. ഒരു പ്രധാന പ്രൈവറ്റ് ബസ്സിൽ 1100 രൂപയോളമായിരുന്നു ചാർജ്ജ്. കർണ്ണാടക ട്രാൻസ്പോർട്ട് ബസ്സിൽ 800 നു മുകളിലും. പക്ഷേ KSRTC യിൽ 650 രൂപയോളം. ഓൺലൈനിൽ ഈസിയായി ബുക്ക് ചെയ്യാൻ കഴിഞ്ഞു.
ബസ്സ് വൈകിട്ട് 7 മണിക്ക് മംഗലാപുരം ബസ്സ്റ്റാൻഡിൽനിന്ന് പുറപ്പെടും.
എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, 6 മണിക്ക് മൊബൈലിലേക്ക് ഒരു എസ്.എം.എസ് മെസേജ്: അതിൽ വണ്ടി പുറപ്പെടുന്ന സമയം, പി.എൻ.ആർ. നമ്പർ, ബസ് ക്രൂവിന്റെ മൊബൈൽ നമ്പർ ഇവ കൊടുത്തിട്ടുണ്ടായിരുന്നു.
ബസ്സ്റ്റാൻഡിലേക്ക് യാത്രചെയ്യുമ്പോൾ 6.45ന് ബസ് കണ്ടക്റ്ററുടെ ഫോൺ – ബസ്സ് സ്റ്റാൻഡിലെത്തിയിരിക്കുന്നു എന്ന് അറിയിച്ചുകൊണ്ട്! ഞാനെത്തിക്കഴിഞ്ഞു എന്ന് പറഞ്ഞ് ഫോൺ വച്ചു.
സ്റ്റാൻഡിലെത്തി, കണ്ടക്റ്റർ ചിരപരിചിതനെപ്പോലെ പുഞ്ചിരിച്ചുകൊണ്ട് സീറ്റിലേക്ക് ഇരുത്തുന്നു. മനോഹരമായ ബസ്സ്. വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. നല്ല ഒന്നാംതരം സീറ്റുകൾ (ട്രെയിനിലെ സീറ്റുകൾ ഇതിനടുത്തെങ്ങും വരില്ല). എ സി 24 ഡിഗ്രിയെന്ന് ഡിസ്പ്ളേ കാണിക്കുന്നു. കൃത്യം 7 മണിക്ക് വണ്ടി പുറപ്പെടുന്നു. യേശുദാസിന്റെ നല്ല പാട്ടുകൾ സുഖകരമായ ശബ്ദത്തിൽ കേൾപ്പിക്കുന്നു. 8 മണിക്ക് ഒരു സിനിമയും പ്രദർശിപ്പിച്ചു. 9 മണിയോടുകൂടി നല്ലൊരു റസ്റ്റോറന്റിനു മുന്നിൽ ബസ് നിർത്തി ഭക്ഷണം കഴിക്കാനുള്ള സൗകര്യം ചെയ്യുന്നു. അവിടന്ന് പുറപ്പെടുമ്പോൾ കണ്ടക്റ്ററോട് കൊച്ചി യൂണിവേഴ്സിറ്റി സ്റ്റോപ്പിൽ നിർത്തുമോ എന്ന് അൽപം ആശങ്കയോടെ ചോദിച്ചു. അവിടെ എത്തുമ്പോൾ പറഞ്ഞാൽ മതി നിർത്തിത്തരം എന്ന് ഭവ്യതയോടെയുള്ള മറുപടി.
സിനിമാ തീർന്നതോടെ ലൈറ്റുകളൊക്കെ അണച്ച് ഉറങ്ങാനുള്ള സൗകര്യം ചെയ്യുന്നു. ഓരോ സ്റ്റേഷനിലും എത്തുമ്പോൾ അവിടെ ഇറങ്ങാനുള്ളവരെ കണ്ടക്റ്റർ വന്ന് വിളിച്ചുണർത്തി ഇറക്കുന്നു. പുറത്തെ ലഗ്ഗേജ് കമ്പാർട്ടുമെന്റിൽ നിന്ന് ലഗ്ഗേജ് എടുത്തുകൊടുക്കാൻ ഒരാളുണ്ട്, സഹായിയായി.
ഇടയ്ക്ക് വടകരയിൽ ഏതാണ്ട് ഒന്നര മണിക്കൂറോളം ബ്ലോക്കിൽപ്പെട്ടു. അതു കഴിഞ്ഞുള്ള യാത്ര സുഖകരമായിരുന്നു. വെളുപ്പിന് 5.30ന് കൊച്ചി യൂണിവേഴ്സിറ്റി സ്റ്റോപ്പിൽ ബസ്സിറങ്ങുമ്പോൾ മനസ്സുനിറഞ്ഞ് കണ്ടക്റ്റർക്ക് നന്ദി പറഞ്ഞു. അദ്ദേഹം അത് പുഞ്ചിരിയോടെ സ്വീകരിച്ചു.
നവവത്സരദിനത്തിലെ ഈ അനുഭവം വലിയ സന്തോഷമാണ് നൽകിയത്. നമ്മുടെ, അതേ നമ്മുടെ, KSRTC ഇങ്ങനെയാവണം… ഇങ്ങനെതന്നെയായിരിക്കണം..
KSRTC എത്രയും വേഗം എല്ലാ പ്രതിസന്ധികളിൽനിന്നും കരകയറട്ടെ!