ലോകത്തിന്റെ നെറുകയിൽ ,എവറസ്റ്റിൽ ആദ്യമായി കാല് കുത്തിയത് എഡ്മണ്ട് ഹിലരി, ടെൻസിങ് നോർഗേ എന്നിവർ ആണെന്നാണ് നമ്മൾ പഠിച്ചിട്ടുള്ളതും അറിവുള്ളതും.. എന്നാൽ അതിനും മുൻപ് ,ഒരു പക്ഷെ സാഹചര്യ തെളിവ് വെച്ചു എവറസ്റ്റിൽ കാല് കുത്തിയ മറ്റൊരു വ്യക്തി ഉണ്ടായിരുന്നു.! “മല്ലോറി” .സ്ഥിരീകരിക്കാത്ത നിഗമനം….!! അതേ ,വായിക്കുന്നവരുടെ കണ്ണ് നനയിക്കുന്ന ആ ചരിത്ര സത്യം ഇനി ഞാൻ പറയാം….
എവറസ്റ്റ് കീഴടക്കലിന്റെ കഥ ലണ്ടനിൽ നിന്നും തുടങ്ങുന്നു.അവിടെ പ്രവർത്തിച്ചിരുന്ന പാർവതാരോഹകരുടെ സ്ഥാപനം ആണ് റോയൽ ജ്യോഗ്രഫിക്കൽ സൊസൈറ്റി.ആൽപ്സ് പാർവതാരോഹകരിൽ ചിലരും അവരോടൊപ്പം ചേർന്നു.എവറസ്റ്റ് കമ്മറ്റി എന്നൊരു ഗ്രൂപ്പും അവർ ഉണ്ടാക്കി.എവറസ്റ്റ് ആരോഹണത്തിനുള്ള ഒരുക്കങ്ങൾ അവർ പൂർത്തിയാക്കി. എവറെസ്റ്റിലേക്കുള്ള വഴി കണ്ടു പിടിക്കുകയായിരുന്നു അവരുടെ ആദ്യ ലക്ഷ്യം.ടിബറ്റിൽ അക്കാലത്ത് വിദേശികളെ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാൽ കമ്മറ്റിയുടെ ശ്രമഫലമായി എവറസ്റ്റ് ആരോഹണത്തിന് അവർക്ക് അനുമതി ലഭിച്ചു .സഹായത്തിന് ഷെർപ്പാകളെയും ഏർപ്പാടാക്കി.
ലോകത്തിന്റെ നെറുകയിലേയ്ക്കുള്ള ആ സാഹസിക യാത്രയുടെ തുടക്കം 1921 മെയ് 18-നായിരുന്നു.ഹോവാർഡ് ബറി ആയിരുന്നു സംഘത്തലവൻ. ആ സാഹസിക സംഘത്തിന് ടിബറ്റിൽ എങ്ങും നാട്ടുകാർ സ്വീകരണങ്ങൾ നൽകി.സംഘത്തിലെ ‘കെല്ലാസ്’ എന്ന വ്യക്തി യാത്രയുടെ തുടക്കത്തിൽ തന്നെ ഹൃദയ സ്തംഭനത്താൽ മരണമടഞ്ഞു.!! പ്രശ്നങ്ങൾ അവിടെ മുതൽ തുടങ്ങുകയായി.വരാനിരിക്കുന്ന ഏതോ വലിയ വിപത്തിന് മുന്നോടി എന്ന പോലെ…പക്ഷെ സധൈര്യം അവർ മുന്നോട്ട് തന്നെ നീങ്ങി. എവറസ്റ്റിലേയ്ക്കുള്ള വഴി കണ്ടു പിടിക്കാനാണ് അവർ ആദ്യം ശ്രമിച്ചത്.
മല്ലോറി, ബുള്ളക്ക്, വീലർ,എന്നിവർ നോർത്ത് കോൾ പാത കണ്ടെത്തുകയും അതിലൂടെ എവറെസ്റ്റിന് മുകളിലെത്താമെന്നു കണക്ക് കൂട്ടുകയും ചെയ്തു. അങ്ങനെ അവരെല്ലാവരും എവറെസ്റ്റിന്റെ അടിവാരത്തിൽ ചെന്നെത്തി…!!എവറസ്റ്റിന്റെ വടക്ക് കിഴക്ക് ഭാഗത്തെ “റോങ്ബക്ക്” താഴ്വരയിലൂടെയായിരുന്നു അവരുടെ സഞ്ചാരം.അവിടെ ഒരിടത്ത് താവളമടിച്ച് മുകളിയേയ്ക്ക് കയറാൻ ശ്രമിച്ച അവരെ നേരിട്ടത് അതി ശക്തിയായ കൊടുങ്കാറ്റും കൊടും തണുപ്പും ആയിരുന്നു.ഒരടിപോലും മുകളിയേയ്ക്ക് കയാറാനാകാതെ വലഞ്ഞ അവർ ഒടുവിൽ ആ ശ്രമത്തിൽ നിന്നും പിന്മാറി നാട്ടിലേയ്ക്ക് മടങ്ങി….!!!
അതിനടുത്ത വർഷം രണ്ടാമതൊരു സംഘം എവറസ്റ്റ് ആരോഹണത്തിന് തുനിഞ്ഞിറങ്ങി.’ജനറൽ സിജി ബ്രൂസ്’ ആയിരുന്നു സംഘത്തിന്റെ നേതാവ്.ഹിമാലയൻ ചെരിവുകളിലെ താമസക്കാരായിരുന്ന ഷെർപ്പകളുടെ ഒരു സംഘം സcഹായത്തിന് ഉണ്ടായിരുന്നു.1922 മെയ് 13 ന് നോർത്ത് കോളിൽ സംഘം ഒരു താവളം സ്ഥാപിച്ചു. അവിടെ നിന്ന് മുകളിലേയ്ക്ക് കയറുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.വശങ്ങളിലെങ്ങും സൂചിപോലെയും അരിവാൾത്തല പോലെയും കൂർത്ത ഹിമശൃംഗങ്ങൾ .അവ സൂഷ്മതയോടെ വലം വെച്ചാണ് മുകളിലേയ്ക്ക് കയറേണ്ടത്. അതിന് ഹിമക്കോടാലി കൊണ്ട് പടികൾ വെട്ടിയൊരുക്കി.ചിലപ്പോൾ കയറിൽ തൂങ്ങി കിടന്നാണ് മുകളിലേക്ക് നീങ്ങിയത്.അങ്ങനെ ഇരുപത്തിമൂവായിരം അടി ഉയരത്തിൽ അവരൊരു താവളം കൂടി ഒരുക്കി.എല്ലാവരും അവിടെ തങ്ങിയിട്ട് അതിൽ നിന്നും നാല് പേരാണ് പിന്നെയും മുകളിലേയ്ക്ക് നീങ്ങിയത്.
പക്ഷെ ആഞ്ഞടിച്ച കൊടുങ്കാറ്റ് അവരെ വല്ലാതെ വലച്ചു.കൂടാതെ അസ്ഥികൾ തുളച്ചു കയറുന്ന ശക്തിയായ തണുപ്പും.ശ്വസിക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു.എങ്കിലും ആ സംഘത്തിലെ മൂന്നുപേർ ഒരു വിധം 26986 അടി വരെ ഉയരത്തിൽ എത്തി.തുടർന്ന് കയറിയാൽ ശ്വാസം മുട്ടി മരിക്കുമെന്ന് ഉറപ്പായ അവർ തിരിച്ചു പോകാൻ തീരുമാനിച്ചു.സംഘത്തിലെ മറ്റു മൂന്നുപേർ ഓക്സിജൻ സിലിണ്ടറുകളുമായി ഒരു അവസാനവട്ട ശ്രമം കൂടി നടത്തി.കൊടുംകാറ്റും മഞ്ഞു മഴയും അവർക്ക് വലിയ തടസമായി പതിനാല് ഷെർപ്പകൾ കൂട്ടിനുണ്ടായിരുന്നിട്ടും മുന്നോട്ടുള്ള യാത്ര കഠിനമായിരുന്നു.ഇടയ്ക്ക് മുകളിന്നിന്ന് പാഞ്ഞെത്തിയ മഞ്ഞു പാളിക്കടിയിൽ പെട്ട ഏഴു ഷെർപ്പകൾ കൊല്ലപെടുകയും ചെയ്തു.അതോടെ രണ്ടാമത്തെ സംഘവും തോൽവി സമ്മതിച്ചു മടങ്ങി.
1924 ൽ എവറസ്റ്റ് കീഴടക്കാൻ മല്ലോറിയും സംഘവും വീണ്ടും എത്തി.ഇത്തവണ എങ്ങനെയെങ്കിലും എവറസ്റ്റ് കീഴടക്കുക എന്ന ദൃഢ നിശ്ചയതോടെ ആയിരുന്നു ആ സംഘത്തിന്റെ രണ്ടാം വരവ്. എൻജിനീയറായ ആൻഡ്രൂ ഇർവിൻ ആയിരുന്നു അദ്ദേഹത്തിന്റെ കൂട്ടാളി.1924 ജൂണ് 8 ന് മല്ലോറിയും ഇർവിനും എവറസ്റ്റിന്റെ നെറുകയിലേയ്ക്ക് അടുത്തു കൊണ്ടിരിക്കുന്നതായാണ് ലോകം അവസാനം അറിഞ്ഞത്.പക്ഷെ പിന്നീട് അവരെക്കുറിച്ചു യാതൊരു വിവരവും ലഭിച്ചില്ല. !!
വർഷങ്ങൾക്ക് ശേഷം 1933 ൽ 8412 മീറ്റർ ഉയരത്തിൽ നിന്ന് മല്ലോറിയുടെ കോടാലി കണ്ടെത്തി.പിന്നീട് 1999 ൽ മല്ലോറിയുടെ ജഡവും കണ്ടെത്തുകയുണ്ടായി..! പക്ഷെ അപ്പോഴും ഒരു ദുരൂഹത ബാക്കി നിൽക്കുന്നു.എവറസ്റ്റ് കീഴടക്കി തിരിച്ചിറങ്ങുമ്പോൾ ആയിരുന്നോ മല്ലോറി മരിച്ചത്….?? കാരണം അദ്ദേഹത്തിന്റെ ജഡം കിടന്നിരുന്ന സ്ഥലത്തു നിന്നു ഏതാനും മീറ്റർ കൂടി മുകളിയേയ്ക്ക് നീങ്ങിയാൽ എവറസ്റ്റിന്റെ നെറുകയിൽ കാലു കുത്താം.(ഫോട്ടോയിൽ കാണിച്ചിട്ടുണ്ട്). ഒരു പക്ഷെ ഭാഗ്യം അദേഹത്തെ തുണയ്ക്കാതെ അദ്ദേഹം അവിടെ വരെ എത്തിപ്പെടാനെ സാധിച്ചുള്ളൂ എങ്കിലോ….? ഈ ചോദ്യത്തിന് ഇന്നും വ്യക്തമായ ഉത്തരമില്ല.ഏതായാലും മല്ലോറിയുടെ മഹത്തായ “പരാജയം” വിജയം പോലെതന്നെ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നു.
1933 ൽ അടുത്ത സംഘം എവറെസ്റ്റിനെ സമീപിച്ചു 28150 അടിവരെ അവരും കയറി.പക്ഷെ അതിനപ്പുറത്തേയ്ക്ക് പോകാൻ അവർക്കും കഴിഞ്ഞില്ല.തുടർന്ന് 1936 ലും 1938 ലും ഒക്കെ ശ്രമങ്ങൾ നടന്നു.പിന്നീട് 1951 വരെ ശ്രമങ്ങൾ ഒന്നും നടന്നില്ല.1951 ലും 52 ലും നടന്ന ശ്രമങ്ങളും പരാജയപെടുകയായിരുന്നു.
കേണൽ ജോണ് ഹണ്ടിന്റെ നേതൃത്വത്തിൽ പുതിയൊരു വിദഗ്ധ സംഘം 1953 ൽ വിപുലമായ സജ്ജീകരണങ്ങളോടെ എവറെസ്റ്റിൽ സാഹസിക യാത്ര തുടങ്ങി.ഹിലാരിയും ടെൻസിങ്ങും ആ യാത്ര സംഘത്തിൽ ഉള്ളവർ ആയിരുന്നു. മറ്റു രണ്ടുപേർ ഇവാൻസും ബോർഡില്ലനും 27400 ഓളം അടി ഉയരത്തിൽ യാത്ര അവസാനിപ്പിച്ചു മടങ്ങി.പിറ്റേന്ന് ടെൻസിങ്ങും ഹിലാരിയും ഏറ്റവും ഉയരങ്ങളിലേയ്ക്കുള്ള തങ്ങളുടെ യാത്രയ്ക്ക് തുടക്കം കുറിച്ചു.27900അടി ഉയരത്തിൽ അവർ ഒരു ക്യാമ്പ് സ്ഥാപിച്ചു. പിന്നീട് മുകളിലേയ്ക്ക് നീങ്ങും തോറും കുത്തനെയുള്ള കയറ്റമായിരുന്നു.
ഏറെ സൂഷ്മതയോടെ അവർ മുകളിലേയ്ക്ക് അടിവെച്ചു. രണ്ടര മണിക്കൂർ തുടർച്ചയായി അവർ മല കയറി.പകൽ 11.30 ന് അവർ തങ്ങളുടെ മഹത്തായ ലക്ഷ്യത്തിലെത്തി…എവറസ്റ്റ് മനുഷ്യന്റെ കാൽ ചുവട്ടിൽ….!! കൃത്യമായി പറഞ്ഞാൽ 1953 മെയ് 29 ന്…! ടെൻസിങ്ങും ഹിലാരിയും എവറസ്റ്റ് കീഴടക്കി ചരിത്രം കുറിച്ച വാർത്ത പുറം ലോകത്തെ അറിയിച്ചത് പർവതാരോഹകസംഘത്തിലുണ്ടായിരുന്ന പത്ര പ്രവർത്തകൻ ജെയിംസ് മോറിസ് ആണ്. കോഡ് ഭാഷയിൽ അദ്ദേഹം അയച്ച സന്ദേശം രണ്ടു ദിവസം കഴിഞ്ഞു ജൂണ് 2 നാണ് പുറം ലോകം അറിഞ്ഞത്…..!!
കടപ്പാട് – Dennies John Devasia (ചരിത്ര ശാസ്ത്ര അന്വേഷണങ്ങൾ ഗ്രൂപ്പ്).