കൊച്ചിയിലേക്ക് ജോലി തേടിവന്ന രണ്ടു ചങ്ങാതിമാരുടെ കഥ…

ഇതൊരു കഥയാണ് .ഇരുപത് വർഷങ്ങൾക്ക് മുമ്പ് രണ്ട് ചെങ്ങായ്മാർ കൊച്ചി മഹാ നഗരത്തെ ലക്ഷ്യമിട്ട യാത്രയുടെ കഥ. ഈ കഥ നടക്കുന്നത് അങ്ങ് ദൂരെ വട്ടപ്പറമ്പെന്ന കൊച്ചു ഗ്രാമത്തിലാണ്. ശാന്ത സുന്ദരമായ നാട്ടിൻ പുറവും സ്നേഹ സമ്പന്നരായ ജനങ്ങളും മാത്രമുള്ള കൊച്ചു ഗ്രാമം. അതാ അങ്ങോട്ട് നോക്കു.. പീടികത്തിണ്ണയിൽ മാറിയിരുന്നു ജീവിക്കാനുള്ള പദ്ധതികൾ മെനയുന്ന ആ കൊച്ചു ഗ്രാമത്തിലെ വിറളി പിടിച്ച രണ്ടു ചെറുപ്പക്കാരെ നമുക്ക് കാണാം . അവർ ആരൊക്കെയാണെന്നല്ലേ..? ചിരിപ്പിച്ചും ചിന്തിപ്പിച്ചും നാട്ടുകാർക്ക് ഏറെ പ്രിയമുള്ള നമ്മുടെ സ്വന്തം ഷൗക്കത്തും സലീമും . നമുക്കവരുടെ ഒരു കൊച്ചു യാത്രയിലെ അനുഭവങ്ങളിലേക്ക് ഒളിഞ്ഞു നോക്കാം. (ഒളിഞ്ഞു നോട്ടമെന്ന് പറയുമ്പോൾ കുളി സീൻ ആണെന്ന് ധരിക്കരുത്) കഥയിങ്ങനെ…വര്ഷം (1996).

ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുമ്പ് ഒരു കാലം തെറ്റി പെയ്ത മഴയുടെ കുളിര് നിറഞ്ഞ സായം സന്ധ്യയിൽ നാട്ടിൻ പുറത്തെ ആലിപ്പു കാക്കാന്റെ ചായക്കടയ്ക്ക് അരികിൽ ഭാവി ജീവിതത്തെ കുറിച്ച് ആലോചിച്ചു വിജൃംഭിച്ചിരിക്കുന്ന രണ്ട് ചെറുപ്പക്കാർ. ജീവിക്കണം . കാശുണ്ടാക്കി നാട്ടിൽ വിലസണം. അതിനെന്തു കഠിനാദ്ധ്വാനം ചെയ്യാനും അവർ ഒരുക്കമായിരുന്നു . പക്ഷെ എന്ത് ചെയ്യും .? എവിടെ നിന്ന് തുടങ്ങും .?
മനസ്സിൽ നൂറു ചോദ്യങ്ങൾ അവരെ വേട്ടയാടിക്കൊണ്ടിരുന്നു .

വിശക്കുന്ന വയറിനെ കൊതിയ്പ്പിക്കുന്ന ആലിപ്പു കാക്കാന്റെ ഓല മേഞ്ഞ ചായക്കടയിൽ നിന്നും പൊരിച്ചെടുക്കുന്ന ചൂട് പഴംപൊരിയുടെ മണം അവരെ അസ്വസ്ഥമാക്കി. മുട്ട ബജി , സുഗിയൻ, പഴംപൊരി , ഉള്ളിവട തുടങ്ങി പലഹാരങ്ങൾ അടുക്കി വെച്ച ചില്ലു കൂടിന്റെ മുകളിലെ പഴയ റേഡിയോയിൽ അന്നത്തെ സൂപ്പർ ഹിറ്റ് രാജാ ഹിന്ദുസ്ഥാനി ചിത്രത്തിലെ പാട്ടു പാടുന്നുണ്ടായിരുന്നു . ” പർദേസീ പർദേസീ ജനാ നഹീ…. മുജേ ചോഡ് കേ… മുജേ ഛോഡ്‌കേ…” ഉദിത് നാരായണന്റെ ശബ്ദമാസ്വദിച്ചു ഓരോ കാലിച്ചായയും കുടിച് സൊറ പറഞ്ഞിരിക്കുന്ന വയസ്സന്മാരുടെ ഒരു ടീം തന്നെയുണ്ട് അവിടെ . (കർത്താവേ ആകെക്കൂടെ നൊസ്റ്റാൾജിയ യുടെ പെരുമഴയാണല്ലോ …! ).

അവസാനം ഒരു തീരുമാനത്തിലെത്തി . രാജ്യം വിടുക . എങ്ങോട്ടാണെന്നല്ലേ ..? പരിഷ്കാരികളുടെ നാട്ടിലേക്ക്. നമ്മുടെ സ്വന്തം കൊച്ചിയിലേക്ക് . ങേ… കൊച്ചി ഒരു രാജ്യമാണോ..? സംസ്ഥാനമല്ലേ..? (നശിപ്പിച്‌ ). നിങ്ങളുടെ ഉള്ളിലൊരു ചോദ്യം ഉയർന്നില്ലേ.? എന്നാൽ കൊച്ചി ഒരു രാജ്യമാണ് . ജോലി അന്വേഷിച്ചു നാട് വിടുന്നവർ കൊച്ചിയ്ക്കാണെങ്കിലും കൊയിലാണ്ടിക്കാണെങ്കിലും അന്നത്തെ ആൾക്കാർ പറഞ്ഞിരുന്നത് രാജ്യം വിടുക എന്നാണ്.

പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അവർ വലിയ സ്വപ്നങ്ങളൊന്നും കണ്ടില്ല . വിശപ്പടക്കണം . വീട്ടുകാരെ സന്തോഷിപ്പിക്കാൻ എന്തെങ്കിലും ജോലി ചെയ്യണം . അങ്ങനെ വീട്ടുകാർ അറിയാതെ നാട് വിടുകയാണ് സൂർത്തുക്കളെ.. നാട് വിടുകയാണ്…! കേട്ടറിഞ്ഞ എറണാംകുളം സിറ്റിയിലേക്ക് ആദ്യമായി പോകുന്ന ത്രില്ലിൽ ആണ് ഷൗക്കത്ത്. ആദ്യമായി നാട് വിടുന്ന ചെറിയൊരു ഭയവും ഉള്ളിലുണ്ട് . പക്ഷെ സലിക്ക് ഇതൊരു പുത്തരിയല്ല .എത്രയോ വട്ടം രാജ്യം വിട്ടതാണ്. സലീന്റെ ആദ്യ രാജ്യം വിടൽ കോഴിക്കോട്ടെയ്ക്കായിരുന്നു. ഏതോ ഹോട്ടലിൽ 5 ദിവസം ജോലി ചെയ്ത എക്സ്പീരിയൻസും മൂപ്പർക്ക് ഉണ്ട്. ആ ഒരു കോൺഫിഡെൻസിൽ പരിചയക്കുറവുള്ള ഷൗക്കത്തിനേം കൊണ്ടാണ് പോകുന്നത് .

ഇവരുടെ നാട് വിടാനുള്ള പ്ലാൻ മനസ്സിലാക്കിയ നാടുവിടലിന്റെ ആഗ്രഹം തീർന്നു നാട്ടിൽ തിരിച്ചെത്തിയ ഒരു കൂട്ടുകാരൻ അവർക്കുണ്ടായിരുന്നു… ആ മഹാൻ ഇപ്രകാരം മൊഴിഞ്ഞു . “അതേയ് എറണാംകുളത്തെക്കാണെങ്കി ഷേണായീസ് തിയേറ്ററിന്റെ മുന്നിൽ ഒരു വലിയ ഹോട്ടലുണ്ട് പേര് ക്യൂൻസ് റെസിഡൻസി. അവിടെ പോയ്ക്കോളീം ജോലി കിട്ടും . ഞാൻ അവടെ പണി എട്ത്തീന്നു. അവടെ ഒന്ന് അന്വേഷിച്ചോ”.

അങ്ങനെ അങ്ങാടിപ്പ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് 30 രൂപാ ടിക്കറ്റും സ്വന്തമാക്കി . ജോലി കിട്ടുമെന്നുറപ്പില്ലാത്തതിനാൽ തിരിച്ചു വരാനുള്ള 30 രൂപ കൂടെ കയ്യിൽ കരുതി വെച്ചിരുന്നു . അല്ലറ ചില്ലറയായി ഒരു 5 ഉറുപ്പ്യ വേറെയും . ട്രെയിനിൽ ആദ്യമായി കയറുന്ന അനുഭൂതി ഷൗക്കത്തിന്റെ മുഖത്തുണ്ടായിരുന്നു . വീട്ടുകാരറിയാതെ മുങ്ങിയ ഇവർ ചെന്ന് പെട്ടത് സിംഹത്തിന്റെ മടയിൽ .

ദാണ്ടെ മുന്നിലെ സീറ്റിൽ ഇരിക്കുന്നു തൊട്ടടുത്ത വീട്ടിലെ ജാഫർ ഇക്കയും ഫാമിലിയും . കാര്യമറിഞ്ഞ ജാഫറിക്കയുടെ വായിൽ നിന്ന് ചീത്ത വിളികളൊക്കെ സമാധാന പൂർവ്വം കേട്ട് മുഖത്തോട് മുഖം നോക്കി ഇരിക്കാനേ അവർക്ക് കഴിഞൊള്ളൂ. എറണാംകുളം സ്റ്റേഷനിൽ ഇറങ്ങി എംജി റോഡിലെ ക്യൂൻസ് റെസിഡൻസി അന്വേഷിച്ചു ആൾത്തിരക്കിനിടയിലൂടെ കാഴ്ചകൾ കണ്ടു രണ്ടാളും നടന്നു . അവസാനം ഹോട്ടലിന്റെ താഴെയെത്തി.
“മമ്പർത്ത തങ്ങളെ….നോക്ക്യോക്ക് സല്യേ… ഇതിൽ ലോഡ്ജ് ഒക്കെ ഇണ്ട്ട്ടോ.. വല്യേ ഹോട്ടലാണ് ”

ഷൗക്കത്തിന് ആശ്ചര്യം അടക്കാനായില്ല. അകത്തു കയറി ജോലി ചോദിക്കാൻ തന്നെ രണ്ടാൾക്കും ഒരു ചമ്മൽ തോന്നി . വേറെ വഴിയില്ലാലോ രണ്ടും കല്പിച്ചു അകത്തു കയറി റിസപ്ഷനിൽ ഇരിക്കുന്ന ആളോട് കാര്യം അവതരിപ്പിച്ചു . ഷൗക്കത്തിന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു . വേറൊന്നുമല്ല ഒരു നാട്ടിൻപുറത്തെ സാധാരണ ചെക്കന് പരിഷ്കാരികളെ ഡീൽ ചെയ്യാനുള്ള ബുദ്ധിമുട്ട് . അല്ലെങ്കിൽ അവരെന്തെങ്കിലും ഇംഗ്ലീഷിൽ ചോദിച്ചാൽ പതറിപ്പോകുമെന്നുള്ള ഉറച്ച വിശ്വാസം .

“അതേയ് നിങ്ങളാ സോഫയിൽ പോയി ഇരിയ്ക്കു.. മാനേജർ പുറത്താണ് ഇപ്പൊ വരും . നിങ്ങളിപ്പോ അവിടെ പോയി ഇരിക്കൂ..” റിസെപ്ഷനിസ്റ് പറഞ്ഞു . തിരിച്ചൊന്നും കൂടുതൽ ചോദിക്കാനും പറയാനും നിൽക്കാതെ അവർ സോഫയിൽ പോയി ഇരുന്നു . ഷൗക്കത്തിന്റെ കണ്ണുകൾ ഹോട്ടലിന്റെ അകം വീക്ഷിക്കുകയായിരുന്നു .
തേച്ചു മിനുക്കി ഷർട്ട് ഇൻ ചെയ്തു നിൽക്കുന്ന ആളുകൾ . ബ്യൂട്ടി പാർലറിൽ ക്യാഷ് വലിച്ചെറിഞ്ഞു ചുണ്ടിൽ ചായം തേച്ചു പിടിപ്പിച്ചു പരിസരം ശ്രദ്ധിയ്ക്കാതെ നിൽക്കുന്ന അഹങ്കാരി പെണ്ണുങ്ങൾ . ഇതൊക്കെ നോക്കി സോഫയിൽ സലീമിന്റെ അടുത്തേക്ക് ഒന്നുകൂടെ നീങ്ങിയിരുന്നു ഷൗക്കത്ത് പറഞ്ഞു . “സല്യേ … ഇച് പേടി ആവ്‌ണ്ട്ട്ടോ. ഞമ്മക്കിവ്‌ട്ന്ന് പോവാ.. വേറെ വല്ല ചെര്യ കടേലും പണി കിട്ടോന്ന് നോക്കാ”. ഇത്തിരി പേടി സലീമീനും ഉള്ളത് കൊണ്ട് അവിടന്ന് ഇറങ്ങിപ്പോരാൻ തീരുമാനിച്ചു . പുറത്തേക്കിറങ്ങിയതും പിന്നിൽ നിന്നൊരു വിളി .

“ഡോ.. നിങ്ങളെങ്ങോട്ടാണ് പോകുന്നത് ഇവിടെ ഇരിക്കാൻ പറഞ്ഞതല്ലേ. ഒന്നും മിണ്ടാതെ ഇറങ്ങിപ്പോവാണോ ചെയ്യേണ്ടത് .?” മാനേജർ ആയിരുന്നു അത് . ആ ഗാംഭീര്യ ശബ്ദത്തിനു മുന്നിലവർ കീഴടങ്ങി . എന്തായാലും ഇരുപത് രൂപ ദിവസക്കൂലിക്ക് രണ്ടാൾക്കും ജോലി കിട്ടി .ഗൾഫിലേക്ക് പോയി അവിടെ ജോലി ചെയ്യുന്ന പ്രതീതിയായിരുന്നു ഷൗക്കത്തിന് . കിട്ടുന്ന ഇരുപത് രൂപയിൽ നിന്ന് 6 രൂപക്ക് വീട്ടിലേക്ക് ഫോൺ ചെയ്യും .ആൻഡ്രോയിഡ് ഫോണുകളും വാട്സ്ആപ്പ് ഫേസ്ബുക് ഒന്നുമില്ലാത്ത കാലത്ത് തമാശകളും അന്യനാട്ടിലെ പുതുമയുള്ള കാര്യങ്ങളും ആസ്വദിച്ചു ദിവസങ്ങൾ തള്ളി നീക്കി .

ജോലിക്കാർക്കുള്ള ഫുഡ് ആണെന്ന് വിചാരിച്ചു വറുത്തു വെച്ച കരിമീൻ എടുത്തു കഴിച്ചതും ചിക്കൻ ബിരിയാണിയിൽ കസ്റ്റമർ ബാക്കി വെച്ച കോഴിമുട്ട മൊതലാളീനെ കാണാതെ ഓട്ടയുള്ള പോക്കറ്റിലേക്ക് ഇട്ടപ്പോൾ
പാന്റിന്റെ താഴെക്കൂടെ നിലത്ത് വീണു ഉരുണ്ട് ഉരുണ്ട് ക്യാഷ് കൌണ്ടർ വരെ എത്തിയ കഥകളും ഉണ്ട് .

ഷൗക്കത്ത് വീട്ടിലേക്ക് കത്തുകൾ എഴുത്തുമായിരുന്നതത്രെ .. ഒരു ദിവസം ഉറക്കത്തിൽ നിന്ന് രാത്രി ഞെട്ടിയുണർന്ന സലിം ആണ് കത്തുകൾ കണ്ടു പിടിച്ചത് . ” ഉമ്മാ ഞാൻ എറണാംകുളത്ത് ഉണ്ട് . ഞങ്ങൾക്കിവിടെ സുഖമാണ് .പെരീലും എല്ലാർക്കും സുഗാണെന്നു കരുതുന്നു .പേടിച്ചാണോന്നുമില്ല .മാനു കാക്കാന്റെ സലി ഇന്റൊപ്പം ഇണ്ട്. പണിയൊക്കെ കിട്ടീക്കുണു. പെരുന്നാളിന് ഞങ്ങൾ നാട്ടിക്ക് വരും” . ഇങ്ങനൊക്കെ ആയിരുന്നു കത്തിന്റെ ഉള്ളടക്കം .

നോമ്പ് കാലം ആവാറായി .അപ്പോഴേക്കും പണിയെടുത്ത് നാട് വിടലിന്റെ പൂതി തീർന്നിരുന്നു രണ്ടാൾക്കും . ഹോട്ടലിൽ പണിയെടുത്താൽ നോമ്പെടുക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി ഒറ്റ രാത്രി കൊണ്ട് കിട്ടിയതെല്ലാം പെറുക്കി എറണാംകുളം നഗരത്തോട് ഗുഡ് ബൈ പറഞ്ഞു പോരുമ്പോൾ ഇത്തിരി പരിഷ്‌കാരം അവരിലും അളളിപിടിച്ചിരുന്നു . നാട്ടിലെത്തിയ അവരുടെ സംസാരം എറണാംകുളം സ്റ്റൈൽ വന്നിരുന്നു . ഓഹ് രണ്ടുമാസം ഒന്ന് മാറി നിന്നപ്പഴേക്കും ഭാഷയൊക്കെ മറിയാല്ലോന്നു പറഞ്ഞു നാട്ടുകാർ പുച്ഛിച്ചു . കഥയിത് വരെ . ഇനി കഥയുടെ ഹൈലൈറ്റ്.

എറണാംകുളത്തെ സുന്ദര മുഹൂർത്തങ്ങൾ അയവിറക്കി വീട്ടിനുള്ളിൽ കിടക്കുന്ന ചിന്താവിഷ്ടനായ ഷൗക്കത്ത് . ആരോ കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് പുറത്തേക്ക് ചെന്നു. വേറാരുമല്ല സാക്ഷാൽ പോസ്റ്റ് മാൻ . കുറച്ചു കത്തുകൾ ഷൗക്കത്തിന്റെ കയ്യിൽ കൊടുത്ത് അങ്ങേരു പോയി . കത്തുകൾ തുറന്നു വായിച്ചു . അതിലൊന്നിൽ ഇങ്ങനെ എഴുതിയിരുന്നു .

” ഉമ്മാ ഞാൻ എറണാംകുളത്ത് ഉണ്ട് . ഞങ്ങൾക്കിവിടെ സുഖമാണ് .പെരീലും എല്ലാർക്കും സുഗാണെന്നു കരുതുന്നു .പേടിച്ചാണോന്നുമില്ല .മാനു കാക്കാന്റെ സലി ഇന്റൊപ്പം ഇണ്ട്. പണിയൊക്കെ കിട്ടീക്കുണു. പെരുന്നാളിന് ഞങ്ങൾ നാട്ടിക്ക് വരും.” അന്നയച്ച കത്തുകൾ എത്തുന്നതിനേക്കാൾ വേഗത്തിൽ രണ്ടാളും വീട്ടിലെത്തിയിരുന്നു . പെരുന്നാളിന് ഒരു മാസം പിന്നെയും ബാക്കിയുണ്ടായിരുന്നു .

ജീവിതാനുഭവങ്ങളിൽ നിന്നൊരുപാട് പാഠങ്ങൾ ഉൾകൊണ്ട ഷൗക്കത്തും സലീമും സ്വപ്‌നങ്ങൾ കണ്ടതിനേക്കാൾ ഉയരങ്ങളിലാണ്. ദുബായ് സിറ്റിയുടെ തിരക്കുള്ള റോഡുകളിൽ ഏതെങ്കിലുമൊരു ലക്ച്വറി കാറിന്റെ ഉള്ളിലിരുന്നു ഇത്‌ വായിച്ചു ചിരിക്കുന്നുണ്ടാവാം. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ് .ജീവിതത്തിൽ ഉൾക്കൊള്ളിക്കാൻ ഒത്തിരി പാഠങ്ങൾ തരുന്ന യാത്രകൾ …!! ( ഈ കഥ തികച്ചും സാങ്കല്പികമല്ല . പച്ച പരമാർത്ഥം മാത്രം ).

വിവരണം – Illyas Ali.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply