‘കവ’ എന്ന സുന്ദരിയെ തേടി ഞങ്ങളുടെ ഒരു മഴക്കാല യാത്ര…

യാത്രാവിവരണം –  ശബാബ്ന എം ഇലാഹി.

ആഴ്ചയില്‍ ആറു ദിവസം ജോലി.. ചിലപ്പോഴെങ്കിലും അതിത്തിരി കൂടുതലാ. അപ്പോള്‍ പിന്നെ എന്താ ചെയ്യാ??ആറാമത്തെ ദിവസം ലീവ് എടുത്തു മുങ്ങുക തന്നെ. അങ്ങനെ ഈ 23 നു ലീവ് എടുത്ത ശനിയും കൂടെ ബോണസ് കിട്ടിയ ഞായറിനെയും കൂട്ടി ഒരു ബാഗും എടുത്തു Bangalore Intercity ഇല്‍ നേരെ പാലക്കാട്ടേക്ക്. പതിവ് പോലെ വലിയ ചോദ്യവും പറച്ചിലും ഒന്നും ഇല്ലാതെ ആലുവയില്‍ നിന്ന് ലിജിയും തൃശൂര്‍ നിന്നും പാലക്കാട്ടുകാരി അനുകുട്ടിയും കയറി. അനുവിന്റെ വീടാണ് ഇന്ന് ഞങ്ങളുടെ താവളം. വീട്ടില്‍ നിന്നും വിളി വന്നു. പാലക്കാടു കാട്ടാന കൂട്ടം ഇറങ്ങിയിട്ടുണ്ടത്രേ. പത്ര വാർത്ത ‍ കണ്ടു പേടിച്ചാണ് മമ്മായുടെ വിളി. ഒരു വിധം സമാധാനിപ്പിച്ചു. ഞങ്ങള്‍ നല്ല കുട്ടികളായി മര്യാദക്ക് ഫുഡും തട്ടി അനുകുട്ടീടെ വീട്ടില്‍ ഇരുന്നോളാം. ഏകദേശം 12മണിയോടെ അവളുടെ വീടെത്തി. ഒരു മിനി സദ്യ തന്നെ അമ്മ ഒരുക്കിയിരുന്നു. സാമാന്യം നല്ല രീതിയില്‍ തന്നെ തട്ടി. ഞാന്‍ തിരക്ക് കൂട്ടി. വേഗം ഇറങ്ങു കവയില്‍ പോകാം.

“എവിടെ?? എന്ത്?? കവയോ??അതെന്നാ പേരാ?? ഏതാ സ്ഥലം??” കവ ഒരു സുന്ദരിയാണ്. ആരും ഇത് വരെ കളങ്കം ഏൽപ്പിക്കാത്ത സുന്ദരി. കണ്ണില്‍ കാർമുകിൽ മഷി എഴുതി പച്ച പട്ടണിഞ്ഞു നീര്‍ ചാലുകളുടെ വെള്ളി കൊലുസും മാറില്‍ കല്ല്‌ മാലകളും അണിഞ്ഞു ആരെയും കൊതിപ്പിക്കുന്ന വശ്യ സുന്ദരി. മഴയില്‍ അവൾക്കു ഭംഗി കൂടും. കുളിച്ചു കണ്ണെഴുതി ചന്ദന കുറി തൊട്ടു നിൽക്കുന്ന പെണ്ണിന്റെ ഭംഗി.. പാലക്കാടു മലമ്പുഴ മാത്രമേ ഉള്ളു എന്ന് കരുതീയിരുന്ന അനുകുട്ടിക്കു അത്ഭുതം. ഇവിടെ ഈ പാലക്കാട്ട് ഞാന്‍ അറിയാത്ത ഏതു പ്രകൃതി രമണി??

ഏതായാലും കേട്ടറിഞ്ഞ സുന്ദരിയെ കണ്ടറിയാന്‍ രണ്ടു പേരും ഉഷാറായി.. ബസില്‍ നേരെ മലമ്പുഴ എത്തി. പാലക്കാടു ടൌണില്‍ നിന്ന് 7 km ഉണ്ട് മലമ്പുഴക്ക്. കഴിഞ്ഞ യാത്രയില്‍ മലമ്പുഴയും യക്ഷിയേം ഒക്കെ കണ്ടത് കൊണ്ട് ഇത്തവണ അവരോടു ചെറിയ ഒരു ഹായ് മാത്രം പറഞ്ഞു ഞങ്ങള്‍ ഓട്ടോ സ്റ്റാന്റിലേക്ക്‌ നീങ്ങി. മലമ്പുഴ ഡാം ചുറ്റി പോകുന്ന മലമ്പുഴ ആനക്കല്‍ റോഡിലൂടെ 6 km സഞ്ചരിച്ചാല്‍ കവയെത്തി. അവസാന 7 km യാത്ര റിസർവ് ഫോറസ്റ്റിലൂടെ ആണ്. ഓട്ടോകാരോട് കാര്യം ബോധിപ്പിച്ചു .. കവയില്‍ ഇപ്പോള്‍ എന്താ ഉള്ളെ?? ഒന്നൂല്ല.. കുറെ വെള്ളവും മലയും മാത്രം. സാരമില്ല ചേട്ടാ.. ചേട്ടന്‍ വണ്ടി വിട്ടോ.. ശെടാ!!! ഇതെന്തു മനുഷ്യന്‍?? സ്വന്തം നാട്ടിലെ സ്ഥലം promote ചെയ്യാതെ മനുഷ്യനെ മടുപ്പിക്കുന്നോ??? ഏതായാലും ആശാന്‍ വണ്ടി എടുത്തു.

ആനക്കല്ല് ..പേര് സൂചിപിക്കുന്ന പോലെ തന്നെ ആനയെ ഓർമിപ്പിക്കുന്ന തരത്തില്‍ ഉള്ള വലിയ കല്ലുകള്‍ നിറഞ്ഞതാണ് ആനക്കല്ല്. ആനക്കല്ലും വലിയകാടും ഒക്കെ കടന്നു ഞങ്ങളുടെ രഥം കവയിലോട്ടു. മലകളുടെ താഴ്‌വാര ഗ്രാമം. കൃഷിയാണ് പ്രധാന വരുമാന മാർഗ്ഗം. മലയോരത്ത് പൈനാപ്പിളും വാഴയും പച്ചക്കറികളും മാവും ഒക്കെ യഥേഷ്ടം കൃഷി ചെയ്തേക്കുന്നു. വാളയാര്‍ വനം വകുപ്പിന്റെ കീഴില്‍ ഉള്ള റിസർവ് ഫോറസ്റ്റാണ് മറുവശത്ത്. ഇടയ്ക്കിടെ വന്യ മൃഗങ്ങള്‍ ഇറങ്ങാറുണ്ടത്രേ.. പാലക്കാട് കാട്ടാനകൂട്ടം ഇറങ്ങിയ്യിട്ടുണ്ടെന്ന പത്ര വാർത്ത അപ്പോളാണ് ഞാന്‍ ഓർത്തത് . പടച്ചോനെ കവ കാണാന്‍ പോയി അവസാനം വല്ല കൊമ്പന്റെയും കൊമ്പില്‍ കുരുങ്ങുമോ??? ഡ്രൈവര്‍ പ്രമോദ് ചേട്ടന്‍ ധൈര്യം തന്നു. പേടിക്കണ്ട ഇവിടെ ഇപ്പോള്‍ ആന ഇറങ്ങില്ല. അത് സന്ധ്യ കഴിയും. പക്ഷെ പുലി ഇറങ്ങും… അടിപൊളി… ആന വേണോ??? പുലി വേണോ??? വരുന്നിടത്ത് വെച്ച് കാണാം.. നല്ല ഉശിരന്‍ മഴ പെയ്തു തുടങ്ങി. അത്ര കണ്ടു സഞ്ചാരികള്‍ തൊട്ടു തീണ്ടാത്തത് കൊണ്ടാകണം കവക്കിത്ര സൗന്ദര്യം. വഴിയില്‍ ഇടയ്ക്കിടെ ചെറിയ ജലാശയങ്ങളും നീരുറവകളും കാണാന്‍ തുടങ്ങി..

സ്ഥലത്തെ പറ്റി കൂടുതല്‍ അറിയാന്‍ നമ്മുടെ സാരഥിയോട് തന്നെ ചോതിച്ചു. ഞങ്ങളുടെ താല്പര്യം കണ്ടിട്ടാകണം ആദ്യം കണ്ട ആളെ അല്ല ഇപ്പോള്‍…ചേട്ടന്‍ ഉഷാറായി.. പിന്നിടുന്ന വഴികളിലെ ഓരോ പൊട്ടും പൊടിയും പറഞ്ഞു തരാന്‍ തുടങ്ങി.. സ്ഫടികത്തിലെ ആട് തോമയുടെ ഏഴിമല പൂഞ്ചോലയും കന്മഥത്തിലെ വിശ്വനാഥന്റെന വീടും മഞ്ഞകിളി മൂളിപാട്ട് പാടിയ സ്ഥലവും ഒക്കെ ഞങ്ങള്‍ കൺകുളിർക്കെ കണ്ടു..അത്ഭുത ദ്വീപിലെ കാട്ടാളന്മാര്‍ ഇറങ്ങിയ സ്ഥലം ഏഴിമല പൂഞ്ചോലയില്‍ മുങ്ങി പോയി. താഴ്വരയും അരുവികളും വള്ളി പടർപ്പുകളും ഒക്കെ കടന്നു ഞങ്ങളുടെ രഥം പിന്നെയും മുന്നോട്ട്.. കൃഷി ഇടങ്ങള്‍ കാടിനു വഴി മാറി..വാളയാര്‍ മലമുകളില്‍ നിന്നുള്ള നീർച്ചാലുകൾ ഇടയ്ക്കിടെ കാണാം… മഴയത്ത് മാത്രം കിട്ടുന്ന ദിവ്യ ദർശനം. മഴയും കാടിന്റെ സൗന്ദര്യവും ആസ്വദിക്കാനായി വളരെ സാവധാനമാണ്‌ ചേട്ടന്‍ വണ്ടി ഓടിക്കുന്നത്.. കാട്ടിലൂടെ മഴ കണ്ടും കൊണ്ടും ഉള്ള ഓട്ടോ യാത്ര… അത് അനുഭവിച്ചു തന്നെ അറിയണം..

തമിഴന്‍ മലമുകളില്‍ വെള്ളം തടഞ്ഞു വെച്ചേക്കുവ.. ഇല്ലേല്‍ ഇതിലും കൂടുതല്‍ ഉണ്ടാകുമായിരുന്നു… ഒരു കുപ്പി വെള്ളത്തില്‍ എല്ലാ കാര്യവും സാധിച്ചു പിന്നെയും ബാക്കി വന്ന വെള്ളം സൂക്ഷിക്കുന്ന തമിഴനു വെള്ളത്തിന്റെ വില അറിയാം നമ്മള്‍ അറിയാന്‍ കിടക്കുന്നെ ഉള്ളു എന്ന് ചേട്ടന്‍ പരിതപിച്ചു… പശ്ചിമഘട്ടത്തിലെ പര്വതശിഖരങ്ങളുടെ താഴെ കവ എന്ന സുന്ദരി.. നല്ല തണുത്ത കാറ്റ് ഞങ്ങളെ തഴുകികൊണ്ടേ ഇരുന്നു.. മല മുകളില്‍ കോട ഇറങ്ങുന്നു.. കുറച്ചു നിമിഷങ്ങള്‍ കൊണ്ട് കോട മഴമേഘങ്ങള്ക്ക് വഴി മാറി.. ഓരോ നിമിഷവും കവ അതിശയിപ്പിച്ചു കൊണ്ടേ ഇരുന്നു. ആദ്യം താഴ്വരയും ജലാശയങ്ങളും അരുവികളും കാടും.. ഇപ്പോള്‍ മഴ മേഘങ്ങള്‍.. ഇപ്പോള്‍ പെയ്യും എന്ന മട്ടില്‍ മഴ മേഘങ്ങൾക്ക് കടുപ്പം കൂടി വന്നു. മലമ്പുഴയിലേക്ക് മഴ പെയ്യുന്നത് കവയിലൂടെ ആണെന്ന് തോന്നും. മഴ ആസ്വദിക്കാന്‍ കവയില്‍ നിന്ന മയിലുകള്‍ നിങ്ങള്‍ ആരാ എന്നാ ഭാവത്തില്‍ ഞങ്ങളെ ഒന്ന് നോക്കിയിട്ടു പറന്നു പോയി..

മഴ ആസ്വദിക്കാന്‍.. കവയുടെ സൗന്ദര്യം നുകരാന്‍ ഇപ്പൊള്‍ ഞങ്ങള്‍ മാത്രം. മഴ നിറഞ്ഞു പെയ്ത് ഞങ്ങളെ കവയിലേക്ക് സ്വാഗതം ചെയ്തു. കവയിലെ മഴക്കും മണ്ണിനും പുല്ലിനും എന്തോ കാന്തിക ശക്തി ഉള്ളത് പോലെ.. ഇത് വരെ നനഞ്ഞ മഴ ഒന്നും ഒരു മഴയെ അല്ലായിരുന്നോ??? ശരീരവും മനസ്സും നന്നായി തണുത്ത്‌ .. നേരെ വെള്ളാരം കല്ലുകള്‍ മാത്രമുള്ള വേലംപൊറ്റയിലേക്ക്.. മലമുകളില്‍ നിന്ന് വരുന്ന വെള്ളത്തിന്‌ ഐസിനെക്കാള്‍ തണുപ്പ്..കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തിലൂടെ വെള്ളാരം കല്ലുകള്‍ നന്നായി കാണാം. വെള്ളത്തില്‍ ദാഹവും ക്ഷീണവും മാറ്റി.. അപ്പുറത്ത് കുറച്ചു കുട്ടികള്‍ വെള്ളത്തില്‍ കളിക്കുന്നുണ്ടായിരുന്നു.. കുട്ടികളെ നിങ്ങളെത്ര ഭാഗ്യവാന്മാര്‍.. ഞാന്‍ മനസ്സില്‍ പറഞ്ഞു..അധിക നേരം നിൽക്കണ്ട .. മല മുകളില്‍ മഴ കനത്തു എപ്പോഴാ വെള്ളം കൂടുക എന്ന് പറയാന്‍ പറ്റില്ല.. വേഗം പോരു എന്ന ചേട്ടന്റെ ഉപദേശം ഉൾക്കൊണ്ട് കുറച്ചു വെള്ളാരം കല്ലുകളും എടുത്തു ഞങ്ങള്‍ ഓട്ടോയില്‍ കയറി.

തിരികെ പോരുമ്പോള്‍ കവ എന്ന ഞങ്ങളുടെ സുന്ദരിക്കൊപ്പം ആട് തോമയെയും വിശ്വനാഥനെയും കൂടെ കൂട്ടി. കന്മഥത്തിലെ വിശ്വനാഥന്‍ താമസിച്ചിരുന്ന ചെമ്പനയിലെ മാന്തുരുത്തി വീട് രൂപ ഭാവം അധികം മാറാതെ അവിടെ തന്നെ ഉണ്ട്.. അടുത്ത് കാണാനുള്ള ആഗ്രഹം നമ്മുടെ സാരഥി സാധിച്ചു തന്നു.. ധൈര്യമായി പൊക്കോ …അതൊരു ഓട്ടോ ഡ്രൈവറുടെ വീടാണ് എന്ന പറച്ചിലില്‍ നിന്നും ഓട്ടോ ഡ്രൈവർമാരുടെ ഒരുമ ഞങ്ങൾക്ക് ബോധ്യമായി… പോയി കണ്ടു..ധൈര്യമായി തന്നെ.. വീട്ടുകാരോട് അനുവാദം വാങ്ങി കണ്‍നിറയെ കണ്ടു..കവയും ഒപ്പം തോമാച്ചനെയും വിശ്വനാഥനെയും കൂട്ടി തിരികെ മലമ്പുഴയിലേക്ക് പോരുമ്പോള്‍ പ്രമോദ് എന്ന മനുഷ്യനും ഞങ്ങളുടെ മനസ്സില്‍ അവർക്കൊപ്പം കയറി…സമയം ഉണ്ടേല്‍ Aquarium കൂടി ഒന്ന് കണ്ടോളു..എന്നു പറഞ്ഞു ഞങ്ങളെ മലമ്പുഴയിലെ അക്വേറിയത്തിൻറെ മുന്നില്‍ ഇറക്കി.. ഇനിയും വരുമ്പോള്‍ കാണാം ..ഞാന്‍ ഈ സ്റ്റാന്റില്‍ തന്നെ ഉണ്ടാകും.. കവ കാണാന്‍ ഒന്നുമില്ല എന്ന് പറഞ്ഞ മനുഷ്യന്‍ ഇനി അവിടെ എന്തേലും കാട്ടി തരാന്‍ ബാക്കിയുണ്ടോ എന്ന് സംശയം..

അങ്ങ് തിരുവനന്തപുരത്തും കോഴിക്കോടും മാത്രമല്ല ഇങ്ങു പാലക്കാടും നല്ല ഖൽബുള്ള ഓട്ടോകാരാണ് കോയാ.. ചില യാത്രകള്‍ അങ്ങനെയാണ്… പിന്നിട്ട വഴികളും പരിചയപെട്ട ആളുകളും ലക്ഷ്യ സ്ഥാനത്തോളം തന്നെ സുന്ദരമായിരിക്കും.. ഞങ്ങള്‍ കണ്ട ആനക്കല്ലും ചെമ്പനയും കവയും വേലംപൊറ്റയും പ്രമോദ് ചേട്ടനെയും പോലെ…

 

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply