അപ്രതീക്ഷിതവും അവിസ്മരണീയവുമായ സ്വപ്നം പൂവണിഞ്ഞൊരു യാത്ര

വിവരണം – റഫീഖ് തളിപ്പറമ്പ്.

ചങ്ക് റിബിൻ Ribin Koothrat നാട്ടിൽ വന്ന പിറ്റേ ദിവസം തൊട്ടേ പ്ലാൻ ചെയ്യുകയും, മോശം കാലാവസ്ഥ കാരണം പല തവണ മാറ്റി വെച്ച് അവസാനം ഉപേക്ഷിച്ച കബനി യാത്രയും,സഫാരിയും മനസ്സിൽ ഒരു വിഷമമായി ഇരിക്കുമ്പോഴാണ് രണ്ട് ദിവസം മുമ്പേ വീണ്ടും റിബിന്റെ വിളി വരുന്നത്…”ടാ…ഞാൻ നിലമ്പൂരുണ്ട്,എനിക്ക് തിരിച്ച് പോവാറായി,ഇത് വരെ എവിടേം പോകാനും പറ്റിയില്ല,എന്താ ചെയ്യാ?”നീ ഒരു 2 മിനുട്ട് സമയം തരൂ,ഞാനിപ്പോ തിരിച്ചു വിളിക്കാം എന്നും പറഞ്ഞ് ഫോൺ വെച്ചു.സമയം നോക്കിയപ്പോ 9 മണി ഉടനെ ഓൺലൈനിൽ അടുത്ത ട്രെയിൻ സമയം നോക്കി.രാത്രി 12.30 ന് ഷൊർണ്ണൂർക്ക് ട്രയിനുണ്ട്,4 മണിക്ക് ഷൊർണ്ണൂരെത്തും,അവിടുന്ന് കാലത്ത് 6 മണിക്ക് നിലമ്പൂർക്കും.ഉടനെ അവനെ തിരിച്ച് വിളിച്ചു,നീ റെഡിയായി നിന്നോ, ഞാൻ കാലത്ത് 7.30 ന് നിലമ്പൂർ സ്റ്റേഷനിലെത്തും ,ബാക്കി പ്ലാനിങ്ങൊക്കെ വന്ന് കഴിഞ്ഞ് എന്നും പറഞ്ഞ് ഫോൺ വെച്ചു.

കാലത്ത് 7.30 ന് നിലമ്പൂർ എത്തുമ്പോഴേക്കും റിബിൻ അവിടെ കാത്ത് നിൽപ്പുണ്ടായിരുന്നു.നേരെ റെയിൽവേ സ്റ്റേഷന് സമീപം തന്നെയുള്ള അവന്റെ വീട്ടിലേക്ക്.അവിടെ നല്ല പത്തിരിയും,ഇറച്ചി പത്തിരിയും, ചിക്കൻ കറിയും,ചിക്കൻ ഫ്രൈയുമൊക്കെയായി അവന്റെ കുടുംബം കാത്തിരിപ്പുണ്ടായിരുന്നു.ഒന്ന് ഫ്രഷ് ആയി ഭക്ഷണവും കഴിച്ച് 8.30 ഓടെ കാറിൽ കയറി. ഗുണ്ടൽപേട്ടിൽ ഇപ്പോ പൂക്കളുടെ സീസണാണ്,യാത്ര അങ്ങോട്ടാക്കാം എന്ന് ഭക്ഷണത്തിനിടയിൽ ഏകദേശം തീരുമാനിച്ചിരുന്നു.കാറിൽ കയറി ഗൂഗിൾ മാപ്പ് ചെക്ക് ചെയ്തപ്പോ മസിനഗുഡി 74 കിലോമീറ്ററേയുള്ളൂ.എങ്കിൽ യാത്ര നാടുകാണി ചുരം കയറി മുതുമല- മസിനഗുഡി കറങ്ങി ബന്തിപ്പൂർ,ഗുണ്ടൽപേട്ട് വരെ എന്ന തീരുമാനം എടുത്തു.ബാക്കി അവിടെത്തിക്കഴിഞ്ഞ് ആലോചിക്കാം എന്നായിരുന്നു പ്ലാൻ. അങ്ങിനെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തൊരു യാത്ര തുടങ്ങി.

സമയം 9.30 ആയിട്ടും നാടുകാണി ചുരത്തിൽ ദൂരക്കാഴ്ച പൂർണ്ണമായും മറക്കുന്ന രീതിയിൽ കനത്ത കോട.കൂടെ ചാറ്റൽ മഴയും.ഇടക്ക് വണ്ടി നിർത്തി പുറത്തിറങ്ങി കോട ആസ്വദിച്ചും,ഫോട്ടോസ് എടുത്തുമൊക്കെ യാത്ര തുടർന്നു.ഗൂഡലൂർ കഴിഞ്ഞ് കുറേ ദൂരം മുന്നോട്ട് പോയി തൊപ്പക്കാട് എത്തുന്നതിന് മുമ്പായി ഒരു ചെറിയ കവലയിൽ എത്തിയപ്പോൾ ചായ കുടിക്കാൻ നിർത്തി.ശേഷം വണ്ടിയുടെ സാരഥ്യം ഞാനേറ്റെടുത്തു. അവിടുന്നങ്ങോട്ട് ഒരു സാധാ ട്രിപ്പ് ആയി തുടങ്ങിയ യാത്ര ഒരു അവിശ്വസനീയ യാത്രയായി മാറി തുടങ്ങുകയായിരുന്നു.

തൊപ്പക്കാട് എത്തുന്നതിന് ഒരു കിലോമീറ്റർ മുന്നേ മയിലിന്റെ കരച്ചിൽ കേട്ടപ്പോൾ ഞാൻ റിബിനോട് പറഞ്ഞു,അടുത്തെവിടെയോ മയിലുണ്ട്,ചുറ്റും നോക്കിക്കോളൂ,പറഞ്ഞു തീർന്നതും അവൻ പറഞ്ഞു,വണ്ടി നിർത്തൂ ,ഇതാ മയിൽ.നോക്കിയപ്പോൾ റോഡരികിൽ തന്നെയുള്ള ഒരുണങ്ങിയ മരക്കൊമ്പിൽ അവനങ്ങിനെ സുന്ദരനായി പോസ് ചെയ്ത് നിൽക്കയാണ്.കാട്ടുപാതയായതിനാൽ പുറത്തിറങ്ങാൻ പറ്റില്ല,വണ്ടിക്കുള്ളിലിരുന്ന് കൊണ്ട് തന്നെ റിബിന്റെ ക്യാമറ തുരു തുരാ മിന്നിക്കൊണ്ടിരുന്നു.ഡ്രൈവിങ്ങ് സീറ്റിലായിരുന്നെങ്കിലും ഏന്തിയും, വലിഞ്ഞുമൊക്കെ ഞാനും കുറച്ച് ഫോട്ടോസ് എടുത്തു.അതിനിടക്ക് റിബിന്റെ ക്യാമറയുടെ ഫോക്കസ് പോയിന്റ് എങ്ങിനെയോ മാറിപ്പോയി വേറെ എവിടെയോ ചെന്നു ഫോക്കസായി,(ആ ഫോക്കസ് പോയിന്റിന് നന്ദി,ഞങ്ങൾക്ക് നഷ്ടപ്പെടുമായിരുന്നൊരു കാഴ്ച കാണിച്ചു തന്നതിന്)അവിടെ ഞങ്ങളെ കാത്തിരുന്നത് ജീവിതത്തിൽ മറക്കാനാവാത്തൊരു കാഴ്ചയായിരുന്നു.

ആ ഫോക്കസിലേക്ക് സൂം ചെയ്ത റിബിനിൽ നിന്നും ആദ്യം ഉയർന്നത് നിലവിളി പോലൊരു ശബ്ദമായിരുന്നു (അത് സന്തോഷം കൊണ്ടായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്),കൂടെ പാതിമുറിഞ്ഞ വാക്കും….”റഫീ അവിടെ പുലി”….ആദ്യം എന്നിൽ നിന്നും വന്ന പ്രതികരണം ,നിനക്ക് തോന്നിയതാവും,ഈ റോഡ് സൈഡിലെ മരത്തിൽ എവിടുന്ന് പുലി എന്നതായിരുന്നു.പക്ഷേ ഉടനെ ക്യാമറയെടുത്ത് സൂം ചെയ്ത എന്നെ കാത്തിരുന്നത് ആ മനോഹര കാഴ്ചയായിരുന്നു.ക്യാമറയിലൂടെ തൊട്ടടുത്ത് അവനെ കണ്ട ഞാനൊരു നിമിഷം സ്തബ്ധനായി,കഷ്ടി ഒരു 100 മീറ്റർ അകലെ ഞങ്ങളെ തന്നെ നോക്കിക്കൊണ്ട് അവൻ രാജകീയമായി ആ മരക്കൊമ്പിലിരിക്കയാണ്. ഒട്ടും പ്രതീക്ഷിക്കാത്തൊരു കാഴ്ച തൊട്ടു മുമ്പിൽ കണ്ട അമ്പരപ്പിൽ നിന്നും പെട്ടെന്ന് തന്നെ പുറത്ത് ചാടിയ ഞാനും ക്യാമറ ക്ലിക്ക് ചെയ്തു കൊണ്ടിരുന്നു.അൽപ സമയം ഞങ്ങളെ നോക്കിയിരുന്ന ശേഷം അവൻ ആ മരത്തിൽ നിന്നും മെല്ലെയിറങ്ങി കുറച്ചപ്പുറത്ത് മറ്റൊരു മരത്തിലേക്ക് കയറി.കുറച്ച് സമയം കൂടി അവിടെ നിന്ന് ആ കാഴ്ച ആസ്വദിക്കണം എന്നുണ്ടായിരുന്നെങ്കിലും അപ്പോഴേക്കും ഫോറസ്റ്റുകാരുടെ വണ്ടി വന്ന് ഹോണടി തുടങ്ങിയിരുന്നു.

കണ്ട കാഴ്ചയുടെ ഹാങ്ങോവർ മാറാനെടുത്ത സമയത്തിനുള്ളിൽ വണ്ടി മെല്ലെ മസിനഗുഡി എത്തിയിരുന്നു.അവിടെ എത്തിക്കഴിഞ്ഞ് നമ്മുടെ വയനാടൻ ചങ്ക് നിസാറുദ്ധീനെ Nissarudeen Punjabi വിളിച്ചു.ഞങ്ങൾ ഗുണ്ടൽപേട്ട് വരുന്നുണ്ട് എന്ന് പറഞ്ഞു.നിങ്ങൾ മസിനഗുഡിയും ബന്തിപ്പൂരുമൊക്കെ കറങ്ങി ഗുണ്ടൽപേട്ട് എത്തുമ്പോഴേക്കും ഞാനവിടെ എത്തിക്കോളാം എന്ന് അവനും പറഞ്ഞു.മസിനഗുഡി എന്ന സുന്ദരിയും ഞങ്ങൾക്ക് ധാരാളം കാഴ്ചകൾ ഒരുക്കി വെച്ചിരുന്നു.മാനുകളും,മലയണ്ണാനും,വിവിധയിനം കുരങ്ങൻമാരും,Crested Hawk Eagle,Serpent Eagle തുടങ്ങി പലതരം പക്ഷികളെയുമൊക്കെ കണ്ട് മനം നിറഞ്ഞ് 3 മണിയോടെ അവിടെ നിന്നു തിരിച്ചു.ഇനി ബന്തിപ്പൂർ വഴി ഗുണ്ടൽപേട്ടിലേക്ക്.വഴിയിലും കാഴ്ചകൾക്ക് ഒട്ടും പഞ്ഞമുണ്ടായില്ല.ഗുണ്ടൽപേട്ടിലേക്ക് അടുക്കുന്തോറും വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തി പാടങ്ങളും,ജമന്തി പാടങ്ങളുമെല്ലാം ഞങ്ങളെ വരവേറ്റ് തുടങ്ങി.അവിടെ എത്തി നിസാറുദ്ധീനെ കാത്ത് നിന്ന ഞങ്ങൾക്ക് മുമ്പിലേക്ക് ആള് വന്നിറങ്ങിയത് മറ്റൊരു സർപ്രൈസുമായിട്ടായിരുന്നു. സാക്ഷാൽ വയനാടൻ പുലി സലാംക്കയുമായി ( പ്രശസ്ത വയനാടൻ ഫോട്ടോഗ്രാഫറാണ് Salam Arrakal).

അവിടെ കുറച്ച് സമയം കറങ്ങിയ ശേഷം അവരോടൊപ്പം മുത്തങ്ങ വഴി വയനാട്ടിലേക്ക്.മുത്തങ്ങ എത്താറായപ്പോൾ ഞാൻ റിബിനോട് പറഞ്ഞു,സാധാരണ ഈ വഴിയിൽ ആനകളെ കാണാറുണ്ട്,ചുറ്റും നോക്കിക്കോളൂ എന്ന്.അധികം ദൂരം പോകേണ്ടി വന്നില്ല,റോഡരികിൽ ഒരാന കുടുംബം,അൽപ സമയം ആ കാഴ്ച കണ്ട് ഫോട്ടോസും എടുത്ത് വീണ്ടും മുന്നോട്ട്.സമയം ഏകദേശം 7 മണിയായിരിക്കുന്നു.മുമ്പിൽ പോയിരുന്ന സലാംക്ക പെട്ടെന്ന് വണ്ടി നിർത്തി വലത് വശത്തേക്ക് കൈചൂണ്ടി.അവിടെയും ഞങ്ങളെ കാത്തിരുന്നത്. കാഴ്ചയുടെ വസന്തമായിരുന്നു.ഒരു വലിയ മാൻകൂട്ടം, കൂടെ കാട്ടിലൂടെ പല തവണ പോയിട്ടും ദർശനം നൽകാതിരുന്ന ഏഴ് പേരടങ്ങുന്ന കാട്ടു പോത്തുകളുടെ ഒരു സംഘവും.

തൊട്ടടുത്ത് എവിടെയോ കടുവയോ,പുലിയോ ഉണ്ട് എന്നത് അവരുടെ പെരുമാറ്റത്തിൽ നിന്നും വ്യക്തമായിരുന്നു. പക്ഷേ അവിടുത്തെ സാഹചര്യങ്ങൾ അധിക സമയം അവിടെ നിൽക്കാൻ അനുവദിക്കുന്നതായിരുന്നില്ല. കൂടാതെ ഞങ്ങളുടെ പുറകിലും,മുമ്പിലുമൊക്കെയായി മറ്റ് വാഹനങ്ങൾ നിർത്തിയ കാരണം ഉണ്ടായിക്കൊണ്ടിരിക്കുന്ന ബ്ലോക്കും ഞങ്ങളെ അവിടുന്ന് ഉടനെ വണ്ടി വിടാൻ നിർബന്ധിതരാക്കി.മങ്ങിയ വെളിച്ചത്തിൽ ഫോട്ടോ എടുപ്പൊന്നും കാര്യമായി നടന്നില്ലെങ്കിലും മനസ്സ് നിറഞ്ഞു.വഴിയിൽ വീണ്ടും ആനയും മാനുകളുമൊക്കെ വിരുന്നൊരുക്കി.

കൽപറ്റയിൽ നിന്നും ഭക്ഷണവും കഴിച്ച് 9.30 മണിയോടെ സലാംക്കയൊടും നിസാറിനോടും യാത്ര പറഞ്ഞ് മടക്കയാത്ര തുടങ്ങി.താമരശ്ശേരി ചുരമിറങ്ങി താമരശ്ശേരി എത്തിയതോടെ ഞാനും റിബിനോട് യാത്ര പറഞ്ഞ് പിരിഞ്ഞു.അവൻ അവിടുന്ന് നിലമ്പൂരേക്കും, ഞാൻ ആനവണ്ടി കയറി കോഴിക്കോടേക്കും.രാവിലെ 4 മണിയോടെ വീട്ടിൽ തിരിച്ചതോടെ 30 മണിക്കൂറോളം നീണ്ട ഒരു പിടി നല്ല ഓർമ്മകളും,ചിത്രങ്ങളും സമ്മാനിച്ച അവിസ്മരണീയമായ ഒരു യാത്രക്ക് സമാപനമായി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply