കുറഞ്ഞ ചിലവിൽ ഒന്നു ധൂത് സാഗർ പോയി വന്നാലോ?

കുറഞ്ഞ ചിലവിൽ ഒന്ന് ധൂത് സാഗർ പോയി വന്നാലോ? എന്റെ കൂടെ വരൂ.. ഞാൻ പറഞ്ഞു തരാം. നിയമപ്രകാരമുള്ള മുന്നറിയിപ്പ് ” ഈ യാത്രയുടെ അനുകരണം നിങ്ങളുടെ റിസ്കിൽ ”

ഒരുപാട് നാളത്തെ സ്വപ്ന സാഫല്യം.. ആരും കൊതിക്കുന്ന യാത്ര..ഒരിക്കലും മറക്കാത്ത യാത്ര.. ഒരുപാടു നല്ല അനുഭവങ്ങൾ.. ഓർത്തു ചിരിക്കാനും ചിന്തിപ്പിക്കാനും എല്ലാമായി ഒരു ദിനം. ജീവിതത്തിൽ ഏറ്റവും കൂടുതൽ ദൂരം ട്രെക്ക് ചെയ്ത യാത്ര.. ഏറ്റവും കൂടുതൽ പേടിച്ച നിമിഷങ്ങൾ…

തുടക്കം ഇങ്ങനെ : പെരുന്നാൾ ദിവസം രാവിലെ നിസ്കാരം കഴിഞ്ഞു ഭക്ഷണം കഴിച്ചു ഏമ്പക്കം വിട്ടിരിക്കുമ്പോഴുണ്ടായ തീരുമാനം. ധൂത് സാഗർ കീഴടക്കുമോ? വഴിയിൽ നിന്ന് തിരിച്ചു വരേണ്ടി വരുമോ? പോലീസ് പിടിക്കുമോ? എന്നൊന്നും പറയാനാവാത്തതിനാൽ ആരെയും അറിയിക്കാനോ കൂടെ കൂട്ടാനൊ ശ്രമിച്ചില്ല. മഞ്ചേരിയിൽ നിന്നും ജുനു, കരിപ്പൂർ നിന്നും ലത്തൂസ്, അങ്ങാടിപ്പുറം ഗഫൂർ കുഞ്ഞാണി വൈകീട്ട് 6.30 നു കോഴിക്കോട് എത്തി. റിസർവേഷൻ ഇല്ലാതെ നേത്രാവതിയിൽ ജനറൽ ബോഗിയിൽ ഭയങ്കര തിരക്ക്, ബാഗ് ബെർത്തിൽ ഒരു സൈഡിൽ ഒതുക്കി,കുറച്ചു കഴിഞ്ഞു കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന ആശയം മനസ്സിൽ മന്ദ്രിച്ചു ബെർത്തിൽ കിടക്കുന്ന വരെ വിളിച്ചു എണീപ്പിച്ചു ചാടി കയറി ഇരുന്നു ആദ്യം.

നേത്രാവതിയിൽ പാട്ടുപാടിയും കഥകൾ പറഞ്ഞും സമയം തള്ളി നീക്കി ഒരു ബിരിയാണിക്ക് ശേഷം, സ്ഥലം സ്വന്തമായെന്നു തോന്നിയപ്പോൾ ബെർത്തിൽ വിശാലമായ ഉറക്കം.രാവിലെ ക്രിത്യം 6.10 നു മഡ്ഗോൺ(ഗോവ) റെയിൽവേ സ്റ്റേഷനിൽ എത്തി, സ്റ്റേഷനിൽ ഉള്ള സൗകര്യത്തിനനുസരിച്ച് ഒന്ന് കുളിച്ചു ഫ്രഷ് ആയി ചെറിയ രീതിയിൽ ഒരു ബ്രേക്ഫാസ്റ്റിന് ശേഷം മഡ്‌ഗോണ് മുതൽ കുലേം സ്റ്റേഷൻ വരെയുള്ള ട്രെയിൻ അന്വേഷിച്ചു അതിൽ കയറി 7.45 ട്രെയിൻ പുറപ്പെട്ടു, ഒരു നല്ല ട്രെയിൻ യാത്ര ഒൻപത് മണിക് കുലേം എത്തി.

കുലേം എന്ന ചെറിയ അങ്ങാടിയിലൂടെ നടന്നു ഞങ്ങൾ മനസ്സിലാക്കിയടുത്തോളം ആറ് മാർഗങ്ങൾ ഉണ്ട് ധൂത് സാഗർ എന്ന മഹാ വെള്ളച്ചാട്ടം ദർശിക്കാൻ.

 

1-പ്രാദേശ വാസികൾ ബൈക്കിൽ തയ്യാറായി നിൽക്കുന്നു കുലേം അങ്ങാടിയിൽ അവർക്ക്‌ ഒരാൾക് 1000 രൂപ വീതം കൊടുത്താൽ ഓഫ് റോഡ് വഴി ബൈക്കിൽ കയറ്റി വെള്ളച്ചാട്ടത്തിന്റെ താഴെ അരുവിയിൽ കൊണ്ടെത്തിക്കും കുളിക്കാനും അവസരം കിട്ടും,ആദ്യമായി വരുന്നവർക് ഈ വഴി നല്ലത്.

2-പത്ത് കിലോ മീറ്റർ നടക്കണം കാട് വഴി തന്നെ, കൂടെ വഴി കാണിക്കാൻ അങ്ങാടിയിൽ അന്വേഷിച്ചാൽ ഗെയ്‌ഡ്‌ നെ കിട്ടും ഒരാൾക്കു 500 ആണ് ഞങ്ങളോട് പറഞ്ഞത്.

3- ഓഫ് സീസണിൽ വെള്ളം കുറവുള്ള സമയത്ത് ജീപ്പിൽ ആളുകളെ കൊണ്ടുപോകാറുണ്ട് അങ്ങനെ ശ്രമിക്കാം.

4 -അമരാവതി എക്സ്സ്പ്രസ്സിൽ (ട്രെയിൻ ) നിൽ ഒരു ടിക്കറ്റ് സങ്കെടുപ്പിച്ചാൽ, ദുദ് സാഗറിന്റെ മുമ്പിലൂടെ ട്രെയിൻ പോകുമ്പോൾ നിങ്ങൾക്ക് ഒന്ന് ദർശിക്കാവുന്നതാണ് ഫോട്ടോ എടുക്കാനും അവസരമുണ്ട് ട്രെയിൻ ചിലപ്പോഴൊക്കെ സ്ലോ ആക്കാറുണ്ടെന്നു കേട്ടു.

5 – റെയിൽ ട്രാക്കിലൂടെ പത്ത് കിലോ മീറ്റർ നടക്കണം നടത്തം തന്നെ റിസ്ക് ആണ് ഇല്ലീഗൽ ആണ് ഈ വഴി ഞാൻ പ്രോത്സാഹിപ്പിക്കുന്നില്ല RPF ഓഫീസർ കണ്ടാൽ പൊക്കി കൊണ്ടോകും ജാമ്യം കിട്ടാൻ നാട്ടിൽ നിന്ന് ആളു വരേണ്ടി വരും അതു പ്രയാസമായേക്കും നല്ലൊരു കൈമടക്ക് തുക പോകും. ട്രയിനിൽ കാസ്റ്റൽ റോക്ക് ഇറങ്ങി തിരിച്ചു ട്രെക്ക് ചെയ്യുന്നവരുണ്ട്.

6 – ആറാമത്തെ വഴി ഞങ്ങൾ പോയ വഴി.

ഗെയ്‌ഡ്‌ ഇല്ല ബൈക്ക് ഇല്ല ഗൂഗിൾ ട്രെക്കിങ്ങ് പാത്ത് നോക്കി രണ്ടും കല്പിച്ചു ഒരു നടത്തം ലക്ഷ്യം കാണുമോ എന്നറിയാതെ ഒരു റിസ്ക് യാത്ര ബൈക്കിൽ ഗെയ്‌ഡായി പോകുന്ന പയ്യന്മാർ ഞങ്ങളുടെ പിറകെ നടന്നു പിടി കൊടുക്കാതെ നടന്ന് ഞങ്ങൾ ഒരു പുഴക്കരികിൽ എത്തി സത്യം പറയാലോ കുറച്ചു സാഹസികമായിതന്നെ ക്രോസ് ചെയ്യേണ്ടി വന്നു പുഴ, ജുനു ന്റെ പേഴ്‌സ് വെള്ളത്തിൽ ഒഴുക്കിൽ വീണത് ഓർമ.

ഒറ്റപ്പെട്ട കാട്ടുവഴികളിൽ കൂടെ മറ്റൊരു സഞ്ചാരികളും ഇല്ലാത്ത വഴിയിലൂടെ കുറച്ചു അങ്ങു ചെന്നപ്പോൾ മറ്റൊരു ടീമിനെ കാണാനിടയായി. കൂടെ ഗെയ്‌ഡ്‌ ഉണ്ട്. തൽക്കാലം റിസ്ക് ഒഴിവാക്കാൻ അവരുടെ കൂടെ കൂടി. ഇടക്ക് അവർ ഞങ്ങളെ മാറ്റി നിർത്താൻ ശ്രമിച്ചെങ്കിലും പതിയെ സോപ്പിട്ടു അവരുടെ കൂടെ തന്നെ കൂടി. ഇടക്ക് രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി ഞങ്ങളെ ഒന്നു ചോദ്യം ചെയ്തു. ഇതുവഴി ഗെയ്ഡിനെ കൂട്ടാതെ വരാൻ പാടില്ലെന്നു പറഞ്ഞു ഞങ്ങളെ ഒന്നു കുടഞ്ഞു.

റിവർ മുറിച്ചു കടന്ന കഥ കൂടി കേട്ടപ്പോൾ അവർ ഒന്നൂടെ ഞെട്ടി. നനഞ്ഞ വസ്ത്രങ്ങൾ കണ്ട് അടിമുടി ഒന്ന് നോക്കി. ഓഫ് റോഡ് വഴി ബൈക്കിൽ വരുന്ന സഞ്ചാരികൾ ഓരോന്നായി മറ്റൊരു വഴിയിലൂടെ ഞങ്ങൾ സഞ്ചരിക്കുന്ന റോഡിലേക്ക് കയറുന്നു. തൊട്ടടുത്ത് തന്നെ ചെറിയ ഷെഡിൽ രണ്ട് ഫോറസ്റ്റ് ഓഫീസർ ഇരിക്കുന്നു, ഗെയ്ഡ് ഇല്ലാത്തത്‌ കാരണം കുറേ ചീത്ത കേട്ടു. ഹിന്ദിയിലായത് കൊണ്ടു പ്രശ്നമില്ല എല്ലാം മിണ്ടാത്ത കേട്ടു നിന്നു.

ആദ്യം പോകാൻ പറ്റില്ല എന്നു പറഞ്ഞു. ഒരുപാട് സംസാരിച്ചു കാലു പിടിച്ചപ്പോ വെള്ളത്തിൽ ഇറങ്ങരുതെന്ന ഉറപ്പോടെ സമ്മതം മൂളി. ഒരാൾ 50 രൂപ വീതം കൊടുത്തു, ഇനിയും ഒരു പാട് നടക്കാൻ ഇടക്ക് വിശ്രമ വേളകളും ഉപയോഗപ്പെടുത്തി. ചെറിയ ചെറിയ അരുവികൾ ദാഹം തീർത്തു. ഇടതു ഭാഗത്ത് വലിയ ശബ്ദത്തോടെ ദുദ് സാഗറിന്റെ ദൂരക്കാഴ്ച കണ്ടു തുടങ്ങി. എന്തെന്നില്ലാത്ത ആവേശം ഒരുപാട് നാളത്തെ ആഗ്രഹം ഇതാ ഇതാ മുൻപിൽ, ദുദ് സാഗർ ഗേറ്റ് കടന്നു ഒരു പത്തു കിലോ മീറ്റർ നടത്തത്തിനു ശേഷം ഒരു വ്യൂ പോയിന്റ് എത്തി. ചില ചിത്രങ്ങൾ എടുത്ത് കുറച്ചു വിശ്രമിച്ച ശേഷം താഴേക്ക് നടന്നു. ചെറിയ ചെറിയ അരുവികൾ താണ്ടി ദുദ് സാഗറിന്റെ ഒരു നല്ല കാഴ്ചക്കായി മുൻപോട്ടു മുൻപോട്ടു…

കുറച്ചു സഞ്ചാരികൾ കുളിക്കുന്നതും ചിലർ കാഴ്ചക്കാരായി നോക്കി നിൽക്കുന്നതും കാണുന്നു. എല്ലാവരും പോകുന്നത് വരെ ഒരു അര മണിക്കൂർ കാത്തിരുന്നു. ഒരു ചെറിയ ഗ്യാപ്പ് കിട്ടി ചുറ്റും ആരുമില്ല എന്നു തോന്നിയപ്പോൾ അവിടെയുള്ള അരുവി സാഹസികമായി മുറിച്ചു കടന്നു വലതു ഭഗത് കാട്ടിലൂടെ കയറി കുറച്ചു കൂടി മുൻപോട്ട് മുകളിലേക്കു കയറി ഒരു നല്ല വ്യൂ പോയിന്റ് കണ്ടെത്തി. ഒരു ഗെയ്‌ഡിന്റെ കൂടെ വന്നാൽ ഇവിടുന്നു അങ്ങോട്ടുള്ള ഈ യാത്ര സാധ്യമല്ല.

ഉച്ച ഭക്ഷണമില്ല.. മുസാഫിറുകൾക്കെന്ത് ഭക്ഷണം കുറച്ചു കാരക്കയും ഒരു പഴവും രണ്ടു പഴം കുരങ്ങന്മാർ കൊണ്ട് പോയി. അതു കഴിച്ചു ചുമ്മാ ഇങ്ങനെ കാഴ്ച കണ്ടിരിക്കുമ്പോൾ ഒരു ചരക്ക് ട്രെയിൻ ദുദ് സാഗറിന്റെ മുൻപിലൂടെ ക്രോസ് ചെയ്യുന്ന ഒരു സുന്ദര കാഴ്ച കാണാനിടയായി. പിന്നെ മറ്റൊരു ട്രെയിൻ.. കണ്ടിട്ട് കൊതിയായി മുകളിലേക്ക് ഒന്ന് പോകാൻ. അതവിടെ നിർത്തി കുറച്ചുപേർ ട്രെയിനിൽ കയറി പോകുന്നതും കണ്ടതോടെ ഒരു പ്രതീക്ഷ. ഒരേ മനസ്സോടെ ഒരേ ലക്ഷ്യത്തിലേക്കു വഴിയില്ലാ വഴിയിലൂടെ കാട്ടിലെ വള്ളികലക്കിടയിലൂടെ നുഴഞ്ഞുകയറി റെയിൽ പാളത്തിലേക് ചാടി. പോലീസ് ഉണ്ടാകുമോ എന്നൊരു ഭയം ഇല്ലാതില്ല വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തിയപ്പോൾ ഒരുപാടുപേരെ കാണുന്നു.

ജീവിതത്തിൽ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ കാഴ്ച അതായിരുന്നു. കൂടുതൽ വർണിക്കാൻ അറിയാത്തത് കൊണ്ട് അതിന് ശ്രമിക്കുന്നില്ല. ചിത്രങ്ങളും വീഡിയോസും എല്ലാം വ്യക്തമാക്കും. കൂടുതൽ സമയം ചെലവഴിക്കാൻ ഞങ്ങളെ അനുവദിച്ചില്ല. അപ്പോഴേക്കും ഒരു റയിൽ പോലീസ് കോൺസ്റ്റബിൾ അതിലൂടെ നടന്നു വന്നു. കയ്യിൽ വടിയും ഉണ്ട്. മൊത്തത്തിൽ ഞങ്ങൾ ഇരുപതിൽ അധികം പേരുണ്ടാകും. അവിടെ ഹിന്ദി നന്നായി അറിയുന്നവരെ പിടിച്ചു മുൻപിൽ നിർത്തി ചീത്ത മുഴുവൻ അവരെ കേൾപ്പിച്ചു. ഞങ്ങൾ നാലു പേർ പിറകിൽ നിന്നു.

RPF ഓഫീസർ വരുന്നതിനുമുമ്പ് പെട്ടെന്നു പോയിക്കോളാൻ വാണിംഗ് തന്നു. ഇല്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വരുമെന്ന് ശാസിച്ചു പറഞ്ഞു. പത്തു മിനിറ്റ് അവിടെ സമയം ലഭിച്ചുള്ളൂ എന്നിരുന്നാലും മറക്കാൻ കഴിയാത്ത കുറച്ചു നിമിഷങ്ങളും കുറച്ചു ചിത്രങ്ങളും ലഭിച്ച ആശ്വാസത്തോടെ തുരങ്കം വഴി തിരിച്ചു നടക്കാൻ തുടങ്ങി. കാട്ടിലൂടെ നടക്കുന്നതിനേക്കാൾ പ്രയാസകരമാണ് റെയിൽപാതയിലൂടെ നടക്കുന്നത്. കാലിന്റെ എല്ലാ ഭാഗത്തുനിന്നും വേദന അനുഭവപ്പെട്ടു തുടങ്ങി. എന്നിരുന്നാലും പ്രശ്നമില്ല ഇതൊക്കെയല്ലേ അതിന്റെ ഒരു രസം എന്ന് മനസ്സിൽ പറഞ്ഞു ആശ്വസിച്ചു.

ഒരു SLR ഇല്ലാത്തതിന്റെ വിഷമം, നല്ലൊരു ഒരു ദൂര കാഴ്ച ഒപ്പിയെടുക്കാൻ പറ്റിയില്ലല്ലോ. നാല് കിലോമീറ്റർ നടന്നപ്പോൾ പ്ലാറ്റ്ഫോം ഇല്ലാത്ത ചെറിയ ഒരു റെയിൽവെ സ്റ്റേഷൻ. സോണാലിയം എന്ന പേര്. ഒരു റെയിൽവേ ഉദ്യോഗസ്ഥൻ മുൻപിൽ ഇരിക്കുന്നു .അദ്ദേഹത്തോട് സൗമ്യമായി കാര്യങ്ങൾ ചോദിച്ചു. ഒരു ആഴ്ചയിൽ രണ്ട് ദിവസം മാത്രം വരുന്ന ട്രെയിനാണ് അമരാവതി എക്സ്പ്രസ്. ഞങ്ങളുടെ ഭാഗ്യം പോലെ അന്ന് ശനിയാഴ്ച ഉണ്ടെന്നു പറഞ്ഞു. ആ ട്രെയിൻ തന്നെയാണ് അന്നത്തെ അവസാനത്തെ വണ്ടി.

വൈകുന്നേരം 3.45. അതാ വരുന്നു അമരാവതി.. റെയിൽവേ സ്റ്റാഫിന്റെ സഹായത്തോടെ അമരാവതി എസ്പ്രെസ്സിനു കൈ കാണിച്ചു നിർത്തിച്ചു. ഒരു ട്രെയിനിന് കൈ കാണിച്ചു നിർത്തുന്ന അനുഭവം ആദ്യമായിട്ട്. സോണലിയം മുതൽ കുലേം വരെ ടിക്കറ്റ് ഇല്ലാതെ കയറേണ്ടി വന്നു. കുലേം വരെ ആറ് കിലോ മീറ്റർ നടത്തം ലാഭം കിട്ടി. രാവിലെ ഏഴു മണിക് മൂന്നു ഇഡലി കഴിച്ചതിനു ശേഷം അഞ്ചു മണിക്കാണ് കുലേം അങ്ങാടിയിലെ ഒരു ചെറിയ ഹോട്ടലിൽ നിന്നും ഇത്തിരി ചോറ് കിട്ടിയത്. യാത്രയിലെ ഭക്ഷണത്തിന്‍റെ കുറവ് മുസഫിറുകൾ ഒരു ഹരമായെടുത്തു. 5.15 ന്റെ അവസാന കുലേം മഡ്ഗോൺ ട്രെയിനിൽ ഓടി കയറി..അതും ടിക്കറ്റ് ഇല്ല, എടുക്കാൻ സമയം കിട്ടിയില്ല മഡ്ഗോണിൽ കോൾവ ബീച്ചിനടുത്ത് റൂമെടുത്തു …

കുറഞ്ഞ ചിലവിൽ ഒരു ദുദ് സാഗർ യാത്ര.. ഒരു ദിവസം കൊണ്ട് പോയി വരാം :-

കോഴിക്കോട് നിന്നും രാത്രി 7 മണിക്ക് നേത്രാവതിക് കയറിയാൽ രാവിലെ 6 മണിക് മഡ്ഗോൺ ഇറങ്ങാം . പ്രാഥമിക കർമങ്ങൾക് ശേഷം 7.45 ന് കുലേം വരെ ട്രെയിൻ. ദുദ് സാഗർ കണ്ടു തിരിച്ചു കുലേം നിന്ന് 5.15 നുള്ള ട്രെയിനിൽ തിരിച്ചു മഡ്‌ഗോൺ എത്താം. രാത്രി ട്രെയിൻ സമയം നേരത്തെ പ്ലാൻ ചെയ്തു, നാട്ടിലേക്ക് പോരാം.

ചിലവ് :  കോഴിക്കോട് മുതൽ മഡ്ഗോൺ ജനറൽ ടിക്കറ്റ് 185/-. രാത്രി ഭക്ഷണം 60/- ഒരു ട്രെയിൻ ബിരിയാണി. രാവിലെ മൂന്നു ഇഡലി സാമ്പാർ 40/-. കുലേം ട്രെയിൻ 10/-.. ഉച്ചക്കുള്ള ഫ്രൂട്‌സ് 50/. ഫോറസ്റ്റ് ഓഫീസർക് 50/-. തിരിച്ചു മഡ്ഗോൺ 10/-. തിരിച്ചു കോഴിക്കോടേക്ക് ട്രെയിൻ 185/-. രാത്രി ഫുഡ് 60/- ഒരു ട്രെയിൻ ബിരിയാണി വീണ്ടും.. മൊത്തം ചെറിയ രീതിയിൽ പോയി വരാൻ 650/- ഒരാൾക്ക്.

ശ്രദ്ധിക്കുമല്ലോ – ഗെയ്‌ഡ്‌ ഇല്ലാതെ കാട്ടിലൂടെ യാത്ര നിയമ വിരുദ്ധം, റയിൽ പാളത്തിലൂടെ അതിലും വലിയ നിയമവിരുദ്ധം. ജൂലൈ ഓഗസ്ററ് സെപ്റ്റംബർ മാസം ഗൈഡ് ന്റെ കൂടെ ട്രെക്ക് ചെയ്യാം. ബൈക്കിൽ ഗെയ്‌ഡിന്റെ കൂടെ പോകാം. ഓഫ് സീസണിൽ വെള്ളം കുറവുള്ള സമയത് അവിടുത്തെ ജീപ്പിൽ പോകാവുന്നതാണ്.

Post By : ‎Shafi Muhammad‎ (https://www.facebook.com/iamshafi) .

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply