വിവരണം – ജിതിൻ ജോഷി.
തികച്ചും അവിചാരിതമായാണ് ചില യാത്രകൾ ഉണ്ടാവുക.. അവ നമ്മൾ പ്ലാൻ ചെയ്യുന്നതല്ല.. സംഭവിച്ചു പോകുന്നതാണ്.. “നബീലെ നിന്റെ ഡിയോ ഞാൻ എടുത്തോളാ.. നീ ജിബിന്റെ കൂടെ കയറിക്കോ.. ” യാത്ര തുടങ്ങും മുന്നേ ഞാൻ ജാമ്യമെടുത്തു.. പാവം ചെക്കൻ.. മലപ്പുറത്തുന്നു തുടങ്ങിയ ഓട്ടിക്കലല്ലേ മടുത്തു കാണും.. കേട്ടപാതി ചെക്കൻ ജിബിന്റെ ഡോമിനാറിന്റെ പിന്നിൽ ചാടിക്കയറി.. രാവിലെ സർവീസ് ചെയ്യാൻ കൊടുത്ത ഡിയോ കിട്ടിയപ്പോളേക്കും വൈകുന്നേരം 4മണി കഴിഞ്ഞു. ജിബിനും ഡ്യൂട്ടി ഉണ്ടായിരുന്നതിനാൽ പാക്കിങ് ഒക്കെ ധൃതഗതിയിൽ ആയിരുന്നു. രണ്ടു വണ്ടിയിലായി ടെന്റും സ്ലീപ്പിങ് ബാഗും ഒക്കെ കെട്ടിവച്ചപ്പോളേക്കും ജിബിന്റെ സുഹൃത്തുക്കൾ വന്നിരുന്നു യാത്രയാക്കാൻ. രണ്ടു വണ്ടിയിലും ഫുൾ ടാങ്ക് അടിച്ചു യാത്ര തുടങ്ങി..
ഉത്തരാഖണ്ഡിലെ #ലാൻഡ്സ്ഡൌൺ ആണ് ലക്ഷ്യം.. ഞങ്ങൾ ആരും ഇതുവരെ പോവാത്ത പുതിയ സ്ഥലം.. ഗൂഗിളിൽ നോക്കിയപ്പോൾ കിട്ടിയ വിവരങ്ങൾ വച്ചാണ് യാത്ര.. ഏതാണ്ട് 6 മണി കഴിഞ്ഞു മീററ്റ് സിറ്റിയോട് വിട പറയാൻ.. ബിജ്നോർ വഴിയാണ് യാത്ര.. അത്യാവശ്യം വളവും തിരിവുമുള്ള ഹൈവേ. ജിബിൻ ആണ് മുന്നിൽ. അവന്റെ വണ്ടിയുടെ ടൈൽ ലാമ്പിൽ ശ്രദ്ധിച്ചുകൊണ്ട് ഉറക്കെ പാട്ടുംപാടി ഞാനും പിറകെ.. ഇരുട്ടിന്റെ കനത്തോടൊപ്പം തണുപ്പിന്റെ കാഠിന്യവും ഏറിവന്നു.. ഒപ്പം റോഡിലെ കാറും ബസും വലിയ ട്രക്കുകൾക്ക് വഴിമാറി.. ഉത്തർപ്രദേശ് കഴിയുന്നതിനു മുന്നേതന്നെ വിശപ്പ് തുടങ്ങി..
അതുകൊണ്ടാണോ എന്നറിയില്ല അതുവരെ രണ്ടു സൈഡിലും ധാരാളം ധാബകൾ ഉണ്ടായിരുന്ന റോഡിൽ ഒരു മുറുക്കാൻ കട പോലും ഇല്ല..
കുറെ ദൂരം പിന്നെയും ഓടിയതിനു ശേഷമാണ് ഒരു മെഴുകുതിരി വെളിച്ചം സൈഡിൽ കണ്ടത്. ധാബ എന്നൊന്നും പറയാൻ പറ്റില്ല. ഒരു ചെറിയ തട്ടിക്കൂട്ട് കട.
കുറെ പട്ടികൾ കാവലിരുപ്പുണ്ട്. കടയോട് ചേർന്നുള്ള ഒരു മുറിയിൽ തകർപ്പൻ മദ്യപാനവും.. വേറെ കടകൾ അടുത്തൊന്നും ഇല്ലാന്ന് തോന്നിയതിനാൽ ഭക്ഷണം ഇവിടെനിന്നും തന്നെ കഴിക്കാൻ തീരുമാനിച്ചു. ആദ്യമേ ഓരോ കട്ടൻ.. പിറകെ ചപ്പാത്തിയും പരിപ്പ് കറിയും.. വലിയ കുഴപ്പം ഇല്ലാത്ത ഭക്ഷണം.. ഭക്ഷണം കഴിച്ചിറങ്ങിയപ്പോൾ തണുപ്പ് വല്ലാതെ കൂടിയിരുന്നു. മടക്കിവച്ച ജാക്കറ്റ് ഇടേണ്ടി വന്നു.. വീണ്ടും കുറെ ദൂരം ഓടിയതിനു ശേഷമാണ് ഉത്തരാഖണ്ഡിലേക്ക് കയറിയത്.. ഇടയ്ക്കെപ്പോളോ ഹരിദ്വാർ, ഋഷികേശ് ബോർഡും കണ്ടിരുന്നു.
പോലീസ് ചെക്ക്പോസ്റ്റും കടന്ന് മുന്നോട്ട്.. ഇനി കാടാണ്.. ചെറിയ കാടല്ല.. മ്മടെ ജിം കോർബെറ്റ് നാഷണൽ പാർക്കിന്റെ ഒരു ഭാഗത്തിലൂടെയാണ് ഇനി കുറെ ദൂരം.. പുലിയും കരടിയും കടുവയും ഒക്കെയുള്ള കൊടുംകാട്.. സത്യം പറഞ്ഞാൽ ചെറിയ ഭയം തോന്നാതിരുന്നില്ല. കാരണം ഞാൻ ഓടിക്കുന്ന ഡിയോ കുറച്ചു മുന്നേ റോഡിൽ ഓഫ് ആയിപ്പോയിരുന്നു. ബാറ്ററി ഡൌൺ ആയതാണ്. ഒരുപാട് സമയം എടുത്താണ് സ്റ്റാർട്ട് ചെയ്തത്. ഈ കാട്ടിൽ വല്ല മൃഗത്തിന്റെയും മുൻപിൽ പെടുമ്പോഴെങ്ങാനും ഓഫ് ആയിപ്പോയാൽ തീർന്നു.. ആ ഒരു പേടിയിലാണ് വണ്ടി ഓടിക്കുന്നത്. എതിരെ ഒന്നോ രണ്ടോ വണ്ടികൾ പോയതൊഴിച്ചാൽ റോഡ് വിജനം.. വളവുകൾ ഓരോന്നായി പിന്നിട്ട് മഞ്ഞിറങ്ങിയ വഴിയിലൂടെ ഞങ്ങൾ മെല്ലെ നീങ്ങിക്കൊണ്ടിരുന്നു.
“ആനത്താര” !! ഹിന്ദിയിൽ ആന ഉണ്ട് സൂക്ഷിക്കുക എന്ന ബോർഡ് വായിച്ചതും അടുത്ത വളവ് തിരിഞ്ഞതും ഒന്നിച്ചായിരുന്നു. വളവ് തിരിഞ്ഞ ഹെഡ് ലൈറ്റിലെ വെളിച്ചം ചെന്നു കയറിയത് ഒരു കൊമ്പന്റെ പിന്നാമ്പുറത്ത്.. !! നെഞ്ചിലൂടെ ഒരു സാധനം കയറിപ്പോയി.. ബോർഡ് കണ്ടെങ്കിലും ഇങ്ങനെ ഒരു സംഭവം ഞങ്ങളാരും പ്രതീക്ഷിച്ചില്ലായിരുന്നു. ആ ഇരുട്ടത്ത് കൊടുംകാട്ടിൽ ആനയുടെ മുന്നിൽ പെട്ടുപോയാലുള്ള അവസ്ഥ.. ! ഞാൻ പെട്ടെന്ന് വണ്ടി തിരിച്ചു വച്ചു.
ഇനി പിന്നിലൂടെ വേറെ ആന വന്നാലും അറിയണമല്ലോ.. ഏതാണ്ട് 10-15 മിനിറ്റ് പേടിപ്പിച്ചശേഷം അവൻ പതുക്കെ കാടുകയറി..
വീണ്ടും കാട്ടിലൂടെ മുന്നോട്ട്.. ഉയരം കൂടുംതോറും കോടമഞ്ഞും മഴയും കൂടി വന്നു.. ഇനിയും ദൂരമുണ്ട്.. ഓരോ വളവിലും പേടിച്ചു ശ്രദ്ധയോടെ ഞങ്ങൾ മെല്ലെ ചുരം കയറിക്കൊണ്ടിരുന്നു.. കയറ്റം കയറി കോടമഞ്ഞു വകഞ്ഞുമാറ്റി ചെന്നുകയറിയത് ഒരു പട്ടാള ക്യാമ്പിലേക്കാണ്.. 4-5 കടകളൊക്കെയായി ഒരു ചെറിയ സംഭവം.. അത്രേ ഉള്ളൂ ലാൻഡ്സ്ഡൗൺ.. സമയം ഏതാണ്ട് ഒരുമണി കഴിഞ്ഞിരുന്നു.. ഇനി എവിടെയെങ്കിലും ഒന്ന് കിടക്കണം.. ടെന്റ് അടിക്കാൻ ഒരു സ്ഥലം നോക്കി വണ്ടികൾ പിന്നെയും മല കയറിത്തുടങ്ങി..
റോഡ് സൈഡിൽ അത്യാവശ്യം വീതിയുള്ള സ്ഥലം കണ്ടതും പിന്നെ ഒന്നും ആലോചിച്ചില്ല.. അവിടെത്തന്നെ ടെന്റ് തട്ടിക്കൂട്ടി. (റോഡരികിൽ ടെന്റ് ചെയ്യുമ്പോൾ റോഡിൽ നിന്നും സുരക്ഷിതമായ അകലം വിട്ടിട്ടു വേണം ടെന്റ് ഉറപ്പിക്കാൻ. ഇല്ലെങ്കിൽ അപകടം ക്ഷണിച്ചു വരുത്തലാവും.
മൂന്ന് പേരും കൂടി വേഗം തന്നെ ടെന്റ് അടിച്ചു. സാധനങ്ങൾ എല്ലാം സേഫ് ആയി വച്ചിട്ട് ഒരുറക്കം.. (All india trip ചെയ്യുന്നവർ ആണെങ്കിൽ ജാക്കറ്റ് ടെന്റിനു പുറത്ത് സൂക്ഷിക്കുന്നതാവും ഉറക്കം കിട്ടാൻ നല്ലത്.. അനുഭവം ഗുരു 😂)
ആരോ ഉറക്കെ വിളിക്കുന്നത് കേട്ടാണ് ഞെട്ടി കണ്ണുതുറന്നത്. ജിബിൻ ചാടിയെഴുന്നേറ്റ് പുറത്ത് ചാടി.. പിറകെ ഞാനും. നബീൽ ഒന്നും അറിയാതെ ഉറങ്ങുന്നു..
പുറത്തിറങ്ങിയ ഞാൻ അതേപോലെ തിരിച്ചു ഉള്ളിൽ കയറി. രാവിലെ എണീപ്പിക്കാൻ വന്നത് വേറെ ആരുമല്ല.. സാക്ഷാൽ ഇന്ത്യൻ ആർമി. !! ഇന്നലെ ഇരുട്ടത്ത് വന്നു കൂടുകൂട്ടിയത് ഇവന്മാരുടെ തറവാട്ടിലായിരുന്നോ ദൈവമേ.. പെട്ടു.. !! ഒന്നല്ല ഒന്നര ബറ്റാലിയൻ ഉണ്ടെന്നു തോന്നുന്നു.. കുറെ പേർ പ്രഭാത സവാരിയിലും..
വരുന്നവരും പോന്നവരും ഞങ്ങളെയും വണ്ടിയെയും തുറിച്ചു നോക്കുന്നുണ്ട്.
ഞങ്ങൾ അവരുടെ സ്ഥലത്ത് അതിക്രമിച്ചു കയറി ടെന്റ് അടിച്ചതിനാൽ ഞങ്ങളെ അവർ പൊലീസിന് കൈമാറുംപോലും.. ഹാവൂ.. തീരുമാനമായി.. പട്ടാളമല്ല, പൊലീസാണ് ശിക്ഷ വിധിക്കാൻ പോണത്.. ഉരുട്ടിക്കൊല്ലാനാണ് സാധ്യത.. എന്തായാലും വെടി വയ്ക്കില്ല. ഇനി ഒന്നും നോക്കാനില്ല.. കാലു പിടിക്കുക തന്നെ.
പറഞ്ഞു നോക്കി. മലയാളി ആണ്, പാവങ്ങളാണ് എന്നൊക്കെ പറഞ്ഞപ്പോൾ 5 മിനിറ്റിനുള്ളിൽ ടെന്റും അഴിച്ചു സ്ഥലം കാലിയാക്കാൻ പറഞ്ഞു.. അപ്പോളും കിളി പോയി നിൽക്കുന്ന നബീലിനെയും വിളിച്ചു ടെന്റും എടുത്തു ഒരു പാച്ചിലായിരുന്നു..
ആ തണുത്ത പ്രഭാതത്തിൽ മഞ്ഞിനിടയിലൂടെ ഒരു മനോഹരയാത്ര എന്നൊക്കെ തള്ളാമെങ്കിലും ഒരുമാതിരി യാത്രയായിപ്പോയി അത്.. തണുത്തുവിറച്ചു, പല്ലൊക്കെ കൂട്ടിമുട്ടി വല്ലാത്തൊരു യാത്ര.. പോവുന്ന വഴിയിൽ തന്നെ പല്ലുതേപ്പും പ്രഭാത ഭക്ഷണവും കഴിച്ചു.. നേരെ താഴെയുള്ള പെട്രോൾ പമ്പിലേക്ക്. ഫുൾ ടാങ്ക് പെട്രോളും അടിച്ചു ബാക്കി പ്രഭാതകൃത്യങ്ങളും കഴിഞ്ഞിരിക്കുമ്പോളാണ് മലയുടെ മുകളിലൂടെ ഒരു വഴി നീണ്ടുകിടക്കുന്നത് ശ്രദ്ധയിൽപെട്ടത്.. പ്രധാന വഴിയിൽ നിന്നും തിരിഞ്ഞു പോകുന്ന ഒരു പാലം.. വേറെ പ്ലാൻ ഒന്നും ഇല്ലാത്തതിനാൽ പോയി നോക്കാം എന്നുതന്നെ തീരുമാനിച്ചു.. ഞങ്ങൾ വണ്ടി മെല്ലെ പാലത്തിലോട്ട് കയറ്റി..
പാലം കഴിഞ്ഞാൽ കുത്തനെയുള്ള കയറ്റം തുടങ്ങുകയാണ്.. അത്യാവശ്യം ഓഫ് റോഡും. ഡിയോ മടിച്ചു നിൽക്കും എന്ന് കരുതിയ എനിക്ക് പാടെ തെറ്റി.. പുലിയാണിവൻ.. പുപ്പുലി. എങ്ങോട്ടാണ് ഈ പാത നീളുന്നതെന്നറിയില്ല.. റോഡിന്റെ ഇരുവശവും കാടാണ്.. ഒരുവശം വലിയ മലയാണെങ്കിൽ മറുവശം നോക്കെത്താദൂരത്ത് പടർന്നു കിടക്കുന്ന സുന്ദരതാഴ്വരയാണ്.. കാടിന്റെ വന്യതയിലൂടെ, പ്രകൃതിഭംഗി ആവോളം നുകർന്നു കൊണ്ട് ഞങ്ങൾ അറ്റമറിയാത്ത വഴിയിലൂടെ ലക്ഷ്യമില്ലാത്ത യാത്ര തുടർന്നു..
ഇതും ഒരു രസമാണ്.. പ്രത്യേക ലക്ഷ്യം ഒന്നുമില്ലാതെ വെറുതെ മുന്നോട്ട് പൊയ്ക്കൊണ്ടേയിരിക്കുക. ഓരോ വളവുകളിലും ഓരോ മാജിക് ഉണ്ടാകും.. ഓരോ നിമിഷവും ഓരോ പാഠങ്ങളാവും.. വഴിയിൽ കുറെ ബോർഡുകൾ കണ്ടു.. അവയിൽ അവസാനം കണ്ട സ്ഥലം.. ആയുർവേദവുമായി ബന്ധപ്പെട്ട ഒരുപാട് ഔഷധസസ്യങ്ങൾ നിറഞ്ഞ ഒരു വനം.. അതിലാണ് ഞങ്ങളുടെ ശ്രദ്ധ പതിഞ്ഞത്. ആയുർവേദത്തിന്റെ എന്തോ വലിയ സംഭവം അവിടുണ്ടെന്നാണ് ബോർഡിൽ…
വണ്ടി കയറ്റം കയറിക്കൊണ്ടേയിരുന്നു.. ഇടയ്ക്കിടെ വന്നു തലോടി പോവുന്ന കോടമഞ്ഞും, പെയ്തുപോവുന്ന ചാറ്റൽ മഴയും യാത്രയുടെ ഭംഗി കൂട്ടാൻ പരസ്പരം മത്സരിച്ചു.. ഇടയ്ക്കിടെ മഴയിൽ മണ്ണിടിഞ്ഞ റോഡ്, റോഡിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ.. വണ്ടിക്കു നേരെ ചാടുന്ന പട്ടികൾ.. റാംഡി ഗ്രാമത്തിൽ എത്തിയപ്പോളേക്കും ചെറുതായി മടുത്തു തുടങ്ങിയിരുന്നു..
ആദ്യം അന്വേഷിച്ചത് ഒരു ചായക്കടയാണ്.. മലമുകളിൽ വന്നാൽ കോടമഞ്ഞിൽ അലിഞ്ഞു ഒരു സുലൈമാനി.. അത് നിർബന്ധം.. ചായയോടൊപ്പം കുറെ ഗ്രാമ വിശേഷങ്ങളും കിട്ടി.. ഇനി നമുക്ക് ടെന്റ് അടിക്കാൻ ഒരു സ്ഥലം. ശേഷം ഒരു കുളി.. ടെന്റ് അടിക്കാൻ ഒരു സ്ഥലം നോക്കി കുറെ വണ്ടിയോടിച്ചു. ഇടം വലം നോക്കി പായുമ്പോളാണ് വഴിയരികിലെ ആ ഷവർ കണ്ടത്.. പിന്നൊന്നും നോക്കിയില്ല.. രണ്ടു ദിവസത്തെ ക്ഷീണം മുഴുവൻ ആ വെള്ളത്തിൽ ഒഴുക്കി കളഞ്ഞു. അടിപൊളി ഒരു കുളി.. നല്ല തണുത്ത വെള്ളം.. വെള്ളം കാണാത്ത നബീൽ സെൽഫ് എടുക്കാൻ ഒന്ന് മടിച്ചെങ്കിലും ഞാൻ വെള്ളം കോരി ദേഹത്തൊഴിച്ചതിനാൽ കുളിക്കാൻ നിർബന്ധിതനായി.. പല ആയുർവേദ മരുന്നുകൾ ഉള്ള കാട്ടിൽ നിന്നും വരുന്ന വെള്ളം ആയതിനാലാവണം ഒരു ഉന്മേഷം..
അധികം താമസിക്കാതെ ടെന്റ് അടിക്കാനുള്ള സ്ഥലവും ഒത്തു.. ഗ്രാമത്തിലെ കടകളിൽ നിന്നും അധികം മാറാതെ ഒരു സ്ഥലം..
പെട്ടെന്നു തന്നെ ടെന്റ് റെഡിയാക്കി.. ആളും ബഹളവും കണ്ടപ്പോൾ താഴെ ഗ്രാമത്തിൽ നിന്നും ഒരുപറ്റം കുട്ടികളും മല കയറി വന്നു.. അവർക്കൊക്കെ അത്ഭുതം ടെന്റ് കണ്ടപ്പോൾ. പാമ്പ് ഉണ്ടാകും എന്നുപറഞ്ഞു അവരെല്ലാംകൂടെ ടെന്റിന്റെ പരിസരം ഒന്ന് വൃത്തിയാക്കിത്തന്നു. നിഷ്കളങ്കരായ കുട്ടികൾ.. വലിയ സ്വപ്നങ്ങൾ ഒന്നുമില്ല.. പത്തുവരെ പഠിക്കണം.. എങ്ങനെയെങ്കിലും ജീവിക്കണം.. കുട്ടികളിലൊരാൾ നേപ്പാളിയാണ്. എന്നാൽ ഇതുവരെ നേപ്പാൾ കണ്ടിട്ടില്ല..
മ്യാൻമറിലെ തമിഴ്നാട് കാണാത്ത തമിഴരെ ഓർത്തുപോയി.
ഇരുട്ട് പരന്നു തുടങ്ങിയിരിക്കുന്നു.. രാത്രി ഭക്ഷണം കഴിക്കണം.. ഗ്രാമത്തിലെ കടയിൽ നേരത്തെ ഏൽപ്പിച്ചിരുന്നു രാത്രി ഭക്ഷണവും പ്രഭാത ഭക്ഷണവും.
അത് വാങ്ങാൻ ഞാനും ജിബിനും ആണ് പോയത്.. #പുലി, പുലി എന്ന് ആവർത്തിക്കുന്നത് കേട്ടാണ് ഞങ്ങളും ശ്രദ്ധിക്കുന്നത്. ഗ്രാമീണർ കൂടിയിരുന്നു സംസാരിക്കുകയാണ്. പുലിയാണ് സംസാരവിഷയം. ശേഷം കേട്ട വാർത്തകൾ ആ തണുപ്പിലും ഞങ്ങൾ വിയർക്കാൻ തക്കവിധം ചൂടുള്ളവയായിരുന്നു.. കഴിഞ്ഞ ദിവസം പുലിയിറങ്ങി ഒരു പെൺകുട്ടിയെയും രണ്ടു ആടുകളെയും കൊന്നിരുന്നുപോലും.. ആ ഗ്രാമത്തിലാണ് ഞങ്ങൾ ഇന്ന് രാത്രി തുണികൊണ്ടുള്ള ആ ടെന്റിനുള്ളിൽ ഉറങ്ങാൻ പോകുന്നത്.. !!! “പട്ടാളത്തിന്റെ തോക്കിൻതുമ്പത്തൂന്ന് ഓടിക്കയറിയത് പുലിമടയിലേക്കാണല്ലോ പടച്ചോനെ..” എന്റെ ആതമഗതം ഇത്തിരി ഉറക്കെ ആയിപ്പോയി..
ഇനി വേറെ വഴിയില്ല. ഇന്ന് രാത്രി ഈ “പുലിയൂരിൽ” അന്തിയുറങ്ങിയേ നിവൃത്തിയുള്ളൂ.. കാരണം കാട്ടിൽക്കൂടിയാണ് തിരിച്ചു പോവാനുള്ള വഴി.. ഏതു സമയത്തും പുലിയിറങ്ങാം.. ഭക്ഷണം മേടിച്ചു ടെന്റിലേക്ക് പോകുന്ന വഴിയിലും കഴിക്കുന്ന സമയത്തുമെല്ലാം ശ്രദ്ധ സമീപത്തെ കാട്ടിലേക്കായിരുന്നു.. എവിടെയെങ്കിലും പുല്ലുകൾ ഞെരിയുന്ന ശബ്ദമോ കുട്ടിക്കാടിനിടയിൽ തിളങ്ങുന്ന കണ്ണുകളോ ഉണ്ടോ എന്ന് തിരഞ്ഞുകൊണ്ടേയിരുന്നു ഞങ്ങൾ.. വല്ലാത്തൊരു രാത്രി ആയിരുന്നു.. ക്ഷീണം ഉണ്ടെങ്കിലും ഉറക്കം വരാത്ത അവസ്ഥ.. തെളിഞ്ഞ ആകാശം നോക്കി കുറെ വർത്തമാനം പറഞ്ഞു കിടന്നു.. പിന്നീട് തണുപ്പ് കൂടിയപ്പോൾ ടെന്റിലേക്ക്.. രാത്രി വൈകിയും കാട്ടിനുള്ളിൽ നിന്നും ഒരുപാട് ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു.. എപ്പോളാണ് ഉറങ്ങിപ്പോയതെന്നറിയില്ല..
രാവിലെ വെളിച്ചം മുഖത്ത് തട്ടിയപ്പോളാണ് കണ്ണുതുറന്നത്.. ആദ്യം കൂടെയുള്ളവർ ഉണ്ടോ എന്നാണ് നോക്കിയത്. ഹാവൂ.. ഭാഗ്യം.. പുലി പിടിച്ചില്ല.. ഇത്തിരി നേരം കൂടെ കിടന്നതിന് ശേഷം എണീറ്റു റെഡിയായി.. ഇന്ന് വൈകുന്നേരം മീററ്റ് എത്തണം.. അവിടെനിന്നും ഡൽഹിയും.. മെല്ലെ ടെന്റ് അഴിച്ചു.. ഗ്രാമത്തോട് വിട പറയുകയാണ്. ചായക്കടക്കാർക്കും സഹായിച്ച കുട്ടികൾക്കും വെള്ളം തന്ന ചേച്ചിമാർക്കും രാത്രി വരാതിരുന്ന പുലിക്കും ഒക്കെ നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ പതുക്കെ മലയിറങ്ങി.. നല്ല മഞ്ഞുള്ളതിനാൽ സൂക്ഷിച്ചു താഴേക്ക്.. പുലിപേടിയിൽ കുതിർന്ന ഒരു രാത്രിയുടെ ഓർമ്മകളുമായി വീണ്ടും മീററ്റിലേക്ക്…