‘കാശ്മീർ രാജകുമാരി’ : ഒരു ചൈനീസ് വധശ്രമത്തിൻ്റെ കഥ..

ലേഖനം എഴുതിയത് – Chandran Satheesan Sivanandan.

1962 ലെ ചൈനയുടെ ഇന്ത്യാ ആക്രമണത്തിന്റെ കാരണങ്ങള്‍ എന്താണെന്ന് ഇന്നും ഉൗഹാപോഹം മാത്രമായി തുടരുമ്പോൾ ഒരു എയര്‍ ഇന്ത്യാ വിമാനത്തിൽ ബോംബ് വെച്ച് ചൈനീസ് പ്രധാനമന്ത്രിയായിരുന്ന ചൗ എൻ ലായിയെ വധിക്കാൻ സി.എെ.എ യും K.M.T (കുവോ മിങ് താങ്) ഏജന്റുകളും നടത്തിയ ശ്രമം കൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും .K.M.T എന്നത് ചിയാങ് എെഷക്കിന്റെ പാര്‍ട്ടിയാണ് .അവർ കമ്യൂണിസ്റ്റ്കാരോട് തോറ്റു മെയിന്‍ ലാൻഡ് ചൈനയില്‍ നിന്നും തയ്വാനിലേക്കു പോയി അവിടെ തങ്ങളുടെ ഭരണകൂടം സ്ഥാപിച്ചവരാണ് .

കാശ്മീർ രാജകുമാരി (Kashmir princess ) എന്നത് എയര്‍ ഇന്ത്യയുടെ ഒരു ചാർട്ടട് വിമാനമായിരുന്നു (Lockheed L-749A constellation). ലോക്ഹീഡ് കോർപറേഷന്റെ നാലു എഞ്ചിനുള്ള പ്രൊപ്പല്ലറാൽ നയിക്കപ്പെടുന്ന വിമാനങ്ങളെയാണ് Lockheed constellation എന്നു പറയുന്നത് . 1955 ഏപ്രില്‍ 18 മുതല്‍ 24 വരെ ആദ്യത്തെ- ഏഷ്യന്‍ ആഫ്രിക്കന്‍ കോൺഫറൻസ് ഇന്തോനേഷ്യയിലെ ബാന്ദുങ്ങിൽ (Bandung) കൂടാന്‍ തീരുമാനിച്ചിരുന്നു .ചൗ എൻ ലായ് നയിക്കുന്ന ചൈനീസ് പ്രതിനിധിസംഘം എയര്‍ ഇന്ത്യയുടെ ‘കാശ്മീർ രാജകുമാരി’ എന്ന വിമാനത്തിൽ ഹോങ്ങ്കോങ്ങിൽ നിന്നും ബാന്ദുങ്ങിലേക്കു പറക്കാൻ തീരുമാനിച്ചിരുന്നു .

എന്നാല്‍ അപ്രതീക്ഷിതമായി രോഗാതുരനായ ചൗ എൻ ലായി എയര്‍പോർട്ടിൽ ആ ദിവസം എത്താന്‍ സാധിച്ചില്ല .മറ്റു പ്രതിനിധിസംഘാംഗങ്ങളെല്ലാം എത്തിയിരുന്നു .പതിനൊന്ന് യാത്രക്കാരും എട്ട് വിമാനജോലിക്കാരുമായി കാശ്മീർ രാജകുമാരി ഏപ്രില്‍ 11 ന് ഹോങ്ങ്കോങ്ങിൽ നിന്നും ബാന്ദുങ്ങിലേക്കു പറന്നു. 04:25 GMT യാത്ര ആരംഭിച്ച വിമാനം തെക്കന്‍ ചൈനാ കടലിന്റെ മുകളിലൂടെ പറക്കുമ്പോൾ 09:25 GMT ക്ക് വിമാനത്തിനുള്ളിൽ ഒരു പൊട്ടിത്തെറിയുണ്ടായി .മൂന്നാം എഞ്ചിനു മുകളിലാണ് സ്ഫോടനമുണ്ടായതെന്ന് മനസ്സിലാക്കിയ ക്യാപ്റ്റന്‍ തീ പിടിക്കാതിരിക്കുവാനായി ആ എഞ്ചിൻ ഒാഫ് ചെയ്തു മൂന്ന് അടിയന്തിര സന്ദേശങ്ങളയയ്ക്കുകയും ചെയ്തു .താമസിയാതെ വിമാനത്തിൽ മുഴുവന്‍ പുക പരക്കുകയും വൈദ്യുതി സംവിധാനങ്ങൾ തകരാറിലാകുകയും ചെയ്തു .ക്യാപ്റ്റൻ ഉടന്‍ വിമാനം കടലില്‍ ക്രാഷ് ലാൻഡ് ചെയ്യാന്‍ തീരുമാനിക്കുകയും എല്ലാവരും ലൈഫ് ജാക്കറ്റ് ധരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു .വൈമാനികൻ വിമാനം കടലില്‍ ഇറക്കാൻ ശ്രമിച്ചപ്പോള്‍ Star board wing ആണ് ആദ്യം വെള്ളത്തില്‍ ഇടിച്ചത് , തുടര്‍ന്ന് വിമാനം മൂന്നായി പിളർന്ന് കടലില്‍ വീണു .

വിമാനത്തിന്റെ മെയിന്റനൻസ് എഞ്ചിനിയർ ,നാവിഗേറ്റർ ,ഫസ്റ്റ് ഒാഫീസർ എന്നിവരെ ഇന്തോനേഷ്യൻ കോസ്റ്റ് ഗാർഡ് ജീവനോടെ കണ്ടെത്തി .ബാക്കിയുള്ളവരെല്ലാം മരിച്ചു .(ക്യാപ്റ്റൻ ഡി.കെ.ജത്താർ ,സഹ .ക്യാപ്റ്റൻ എം.സി.ദീക്ഷിത് ,ഗ്രൗണ്ട് മെയിന്റനൻസ് എഞ്ചിനീയര്‍ ആനന്ദ് കാർത്തിക് എന്നിവർക്ക് പിന്നീട് ഇന്ത്യ അശോകചക്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയുണ്ടായി ).പിന്നീടു നടന്ന അന്വേഷണത്തില്‍ വിമാനത്തിൽ റ്റെെം ബോംബു വെച്ചിരുന്നു വെന്നും അത് ചൗ എൻ ലായിയെ വധിക്കാനുള്ള ഗൂഢശ്രമമായിരുന്നുവെന്നും കണ്ടെത്തി. ഹോങ്ങ്കോങ്ങ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹോങ്ങ്കോങ്ങ് എയര്‍ക്രാഫ്റ്റ് എഞ്ചിനീയരിങ്ങ് കമ്പനിയുടെ തൂപ്പുകാരനായിരുന്ന (janitor) ചോ സെ മിങ്ങ് ആണ് വിമാനത്തിൽ ബോംബു സ്ഥാപിച്ചതെന്നു കണ്ടെത്തിയെങ്കിലും അയാള്‍ അപ്പോഴേക്കും ഒരു സി.എെ.എ വിമാനത്തിൽ തയ്വാനിലേക്കു രക്ഷപ്പെട്ടിരുന്നു .

1971 ൽ ചൈനയുമായി അമേരിക്ക അടുത്തപ്പോൾ ഹെൻട്രീ കിസിഞ്ചെറോട്(ഇന്ദിരാ ഗാന്ധിയെ യക്ഷി എന്നു വിളിച്ചയാൾ) ഇതേക്കുറിച്ച് ചൗ എൻ ലായി നേരിട്ടു ചോദിച്ചപ്പോള്‍ C.I.A യ്ക്ക് അത്ര കഴിവൊന്നുമില്ല എന്നു പറഞ്ഞൊഴിയുകയാണുണ്ടായത് .അടുത്ത കാലത്ത് ചൈനീസ് ഗവണ്‍മെന്റ് ഡീക്ളാസ്സിഫെെ ചെയ്ത രേഖകള്‍ ഇൗ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു കൊണ്ടു വന്നിട്ടുണ്ട് .

ഇതനുസരിച്ച് K.M.T യുടെയും C .I.A രഹസ്യപദ്ധതിയെക്കുറിച്ച് ഏപ്രില്‍ മൂന്നാം തീയതി തന്നെ ചൗ എൻ ലായിക്കു വിവരം കിട്ടിയിരുന്നു .അദ്ദേഹം ഉടന്‍ തന്നെ ഹോങ്ങ്കോങ്ങ് ഭരിക്കുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റുമായും എയര്‍ ഇന്ത്യ ഹോങ്ങ്കോങ്ങ് ഉന്നതരുമായും തന്റെ ഭയാശങ്കകൾ പങ്കുവെച്ചു ഇരുകൂട്ടരും Fool proof സുരക്ഷയുണ്ടാകുമെന്ന് ഉറപ്പു നല്‍കി .എന്നാൽ ബോംബെയിൽ നിന്നെത്തിയ കാശ്മീർ രാജകുമാരി ഹോങ്ങ്കോങ്ങിൽ പറന്നുയരുമ്പോൾ അതില്‍ ചൗ എൻ ലായി ഇല്ലെന്ന വിവരം ആർക്കുമറിയില്ലായിരുന്നു .അപകടത്തിനു ശേഷം ചൗ എൻ ലായി എത്താതിരുന്നതിന് ആരോഗ്യ കാരണങ്ങള്‍ പറഞ്ഞിരുന്നത് നുണയായിരുന്നു .അദ്ദേഹം മറ്റൊരു റൂട്ട് വഴി (Kuming via Yangon to Jakarta) ഇന്തോനേഷ്യയിലേക്കു യാത്ര ചെയ്തു .അതിനു മുൻപ് ബർമ്മയിലെത്തി ജവഹർലാൽ നെഹ്റുവിനെ കാണുകയും ചെയ്തു .ചൗ എൻ ലായിയുടെ ജീവൻ രക്ഷിക്കാനായി ആ വിമാനത്തിലുള്ളവരെ ബലികൊടുക്കുകയായിരുന്നു. . ഇൗ വിമാനത്തിൽ ചൗ എൻ ലായി ഇല്ലെന്നറിഞ്ഞാൽ C I A യ്ക്കും K.M.T ക്കും ഒരു പ്ളാൻ ബി ഉണ്ടാകുമെന്നും അതു പ്രാവർത്തികമാക്കി തന്നെ വധിക്കുമെന്നും ചൗ എൻ ലായി ഭയപ്പെട്ടു .ഇന്ത്യാ ചൈന ഭായി ഭായി എന്നു പറഞ്ഞ് നെഹ്റുവിനെ കെട്ടിപ്പിടിച്ച ചൗ എൻ ലായ് പിന്നീട് ഇന്ത്യയെയും സംശയത്തോടെ നോക്കിയിട്ടുണ്ടാവണം .

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply