വിസ്മയ ഗര്‍ത്തം വഹബ ക്രെയ്റ്ററിലേക്ക്; മരുഭൂഗ്രാമങ്ങളിലൂടെ ഒരു യാത്ര !! 

കാഴ്ച വൈവിധ്യങ്ങൾ ഒരുപാടൊന്നും ഇല്ലാത്ത സൗദി അറേബ്യയുടെ സഞ്ചാര ഭൂപടത്തിൽ സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ അതിഗംഭീര ട്രെക്കിങ്ങ് പോയിന്റ് ആണ് അധികമാരും എത്തി പെട്ടിട്ടില്ലാത്ത Wahbah Crater.ഏറെ വൈവിധ്യത്തോടെ പ്രകൃതിയിൽ രൂപപ്പെട്ടുണ്ടായ ഒരു സൗന്ദര്യ പ്രതിഭാസമാണ് തായിഫ്ൽ നിന്നും 250 km മാറി സ്ഥിതി ചെയ്യുന്ന മരുഭൂമിയിലെ വിസ്മയ ഗർത്തം ഭീമാകാരമായ വഹബ ക്രെയ്റ്റര്‍.

ഭൂഗർഭ അഗ്നി പർവത സ്ഫോടനാനന്തരം രൂപം കൊണ്ട പ്രതിഭാസം ആണെന്നാണ് ആധുനിക ഭൗമശാസ്ത്ര വിശ്വാസം.ഉൽക്ക വീണു രൂപപ്പെട്ട ഗർത്തമാണെന്നും പറയപ്പെടുന്നുണ്ട്പക്ഷേ ആ വാദത്തിനു വേണ്ടത്ര പിന്‍ബലമില്ല. ചുരുളഴിക്കാൻ പറ്റാത്ത നിഘൂടതകൾ ഒളിപ്പിച്ച ഒരിടം.

മിക്ക ഒഴിവു ദിവസങ്ങളിളും കാഴ്ചകൾ തേടി സൗദിയുടെ പല ഭാഗങ്ങളിലും ദേശാടന കിളികളെ പോലെ ചുറ്റിയടിക്കാറുള്ള ഊരു തെണ്ടികളായ എന്റെ ചങ്ക്‌സുകളും സഹപ്രവർത്തകരുമായ നൗഷാദ് ബാവയും സമീഹും അവരുടെ തന്നെ ഒരു താനേ സെര്‍ന്ത കൂട്ടവും വഹബയാണ് അടുത്ത ടാര്‍ഗെറ്റ് എന്ന് പറയുന്നത് ഒരാഴ്ച മുൻപാണ് കേട്ടത്.വല്ലപ്പോഴുമൊക്കെ ഞാനും അവരുടെ കൂടെ കൂടാറുണ്ട്.പലരിൽ നിന്നുമായി കേട്ടറിഞ്ഞിട്ടുള്ള ആ വഹബയിലേക്കാണ് ഇത്തവണ പോകുന്നത്.നീ വരുന്നോ എന്ന നൗഷാദിന്റെ ചോദ്യത്തിന് യെസ് പറയാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.

വ്യാഴാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് ഞങ്ങൾ യാത്ര തുടങ്ങുന്നത്.എന്നെ കൂടാതെ മറ്റു ആറുപേരും അടങ്ങിയ ഒരു ഗ്രൂപ്പ്.നൗഷാദ് ബാവ,സമീഹ്,ഷമീർ കുഞ്ഞ, അനസ്,ഷാഹിദ്,ഷകീൽ. ജിദ്ദയിൽ നിന്ന് 360 km മാത്രമുള്ള അവിടേക്ക് 450 km ഓളം വരുന്ന തൂവൽ വഴിയുള്ള റൂട്ട് ആണ് ഞങ്ങൾ തിരഞ്ഞെടുത്തത്.അതിനു കാരണവും ഉണ്ട്. അവിടെ പോയി പരിചയം ഉള്ള അനസിനെ തൂവലിൽ നിന്നാണ് പിക്ക് ചെയ്യേണ്ടത് .മുൻപ് പോയപ്പോൾ ക്രെയിറ്ററില്‍ ഇറങ്ങിയ വെള്ളം ചേർക്കാത്ത വീര കഥകൾ ഒരുപാട് പറയാനുണ്ടാകും‍ ആ പഹയന്.

തൂവലിൽ നിന്ന് അനസിനെ എടുത്ത ശേഷം ഞങ്ങളുടെ സെവൻ സീറ്റർ Odyssey കാർ മെല്ലെ ചെക്ക് പോസ്റ്റും പിന്നിട്ടു മദീന എക്സ്പ്രസ്സ്‌ വേയിലേക്ക് കയറി.തമാശകൾക്കും കളി ചിരികൾക്കും ഇടയിൽ എപ്പോഴോ ഞാൻ ഉറക്കം പിടിച്ചിരുന്നു ഇതിനിടയിൽ ഹൈവേയിലെ Sasco പമ്പിൽ നിന്നും ഫുൾ ടാങ്ക് പെട്രോളും അടിച്ചിരുന്നു പുലർച്ചെ 4 മണിയോടെ Al Jussah എന്ന ഗ്രാമത്തിൽ വണ്ടി നിർത്തിയപ്പോഴാണ് ഉറക്കത്തിൽ നിന്ന് ഉണർന്നത്.മദീന റോഡിൽ നിന്നും വഹ്ബയിലേക്കുള്ള പാതയിലാണ് ഈ ഗ്രാമം.

ഒരു പമ്പും കുറച്ചു കടകളും ഒരു കൊച്ചു പള്ളിയും ഉള്ള അങ്ങാടി. വെളിച്ചം വന്നിട്ട് പോയാൽ മരുഭൂവിലെ ഗ്രാമ ഭംഗി ആസ്വദിച്ചു പോകാം എന്ന ചിന്തയിലാണ് അവിടെ നിറുത്തിയത്.നിസ്കരിക്കാൻ വേണ്ടി പുറത്തിറങ്ങിയതും കൊടും തണുപ്പ് നല്ല തണുത്ത കാറ്റുമുണ്ട് എല്ലാവരും സ്വെറ്റ്റും കോട്ടുമൊക്കെ എടുത്തിട്ടു 11ഡിഗ്രിയായിരുന്നു അപ്പോഴത്തെ താപ നില. പള്ളി ബാത്‌റൂമിൽ പോയി പ്രാഥമിക കർമങ്ങൾ ഒക്കെ തീർത്തുപള്ളിയില്‍ കയറി . മരത്തിന്റെ മേൽകൂരയുള്ള പഴമയുടെ അടയാളപ്പെടുത്തൽ ഉള്ള പള്ളിയുടെ അകം അധികം വൃത്തിയൊന്നും ഇല്ലാതെ കിടക്കുന്ന പോലെ തോന്നി. തല മാത്രം പുറത്തു കാട്ടി മൂടി പുതച്ച രണ്ടുമൂന്ന്‍ പേരെ കണ്ടു പള്ളിക്കകത്ത്. നാല് ആര്‍ച്ച്‌ കവാടങ്ങളോട്കൂടിയ പൊട്ടി പൊളിഞ്ഞ ചുറ്റുമതിൽ ഉണ്ടായിരുന്നു പള്ളിക്ക്.

കുറച്ചു ദൂരം കൂടി പിന്നിട്ടതോടെ ഗ്രാമങ്ങൾ ഉണർന്നു തുടങ്ങി മൂടല്‍ മഞ്ഞിനെ വകഞ്ഞു മാറ്റി സൂര്യനും ഞങ്ങളെ പിന്തുടർന്ന് തുടങ്ങിയിരുന്നു.അടുത്തു കണ്ട ഒരു മസ്റക്ക്(കൃഷിയിടം) മുന്നിൽ വണ്ടി നിറുത്തി പുറത്തു കാർപെറ്റ് വിരിച്ചു കയ്യിലുണ്ടായിരുന്ന ബ്രെഡും ജാമും ചേർത്ത് ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു.തലേന്നു ഭക്ഷണം കഴിക്കാത്തത് കൊണ്ട് അതിലൊന്നും തൃപ്തി ആവാതെ ഇടഞ്ഞ കൊമ്പനെ പോലെയായ അനസിന്റെ ഹോട്ടൽ അന്വേഷണം ഒരു പാകിസ്ഥാനി ധാബ യിലാണ് ചെന്നെത്തിയത്.അവനുവേണ്ടിയാണ് വണ്ടി ഒതുക്കിയതെങ്കിലും അവിടുത്തെ ചൂട് റൊട്ടിയും കറിയും എല്ലാവരും കഴിയും വിധം അകത്താക്കി. ചൂട്ചായയും കൂടി ആയപ്പോള്‍ ആ തണുപ്പത്തു കുളിരിനു ആശ്വാസമായി തോന്നി.

ഗ്രാമീണ കാഴ്ചകളുടെ തുടക്കമെന്നോണം ഭൂപ്രകൃതിയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി.കാറിന്റെ ചില്ലു ജാലകത്തിലൂടെ ഞാനെന്റെ കണ്ണുകളെ കാഴ്ചകളുടെ പറുദീസയിലേക്കു തുറന്ന് പിടിച്ചു. വിജനമായ വീഥികൾക്കു ഇരുവശവും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയുടെ വിവിധ ഭാവങ്ങൾ.ഇടയ്ക്കിടെ കൊച്ചു വീടുകളും കൃഷിയിടവുമായി മരുപ്പച്ചകൾ കാണാം. തരിശു നിലങ്ങൾ ഉള്ള ഭാഗത്തൊക്കെ മരുഭൂവിന്റെ ഉള്ളിലേക്കായി ചക്ര പാടുകൾ പതിഞ്ഞ മൺപാതകൾ നീണ്ടു പോകുന്നു.

ഒറ്റപെട്ട വണ്ടികള്‍ ഞങ്ങളെ കടന്നു പോയി.ചെറിയ കുന്നുകളും കുറ്റിച്ചെടികളും നിറഞ്ഞ ഉറച്ച മണൽ തിട്ടയോട് കൂടിയ ഭൂപ്രദേശമാണിവിടങ്ങളിൽ കൂടുതലും. നീണ്ടുപോകുന്ന ഇലക്ട്രിക് പോസ്റ്റുകൾ നമ്മുടെ നാട്ടിലെ ഇലക്ട്രിക് ലൈനുകളെ ഓര്‍മിപ്പിക്കുന്നതാണ്. വണ്ടിയുടെ വേഗത കൂടുന്നതിനനുസരിച്ചു റോഡിനു സമാന്തരമായുള്ള ഈ ഇലക്ട്രിക് ലൈനുകൾ പിന്നോട്ടേക്കു വേഗത്തിൽ പൊയ്ക്കൊണ്ടിരുന്നു.മസ്റകളിലേക്ക് പുല്ലുകളും വെള്ളവുമായി പോകുന്ന വണ്ടികൾ ഇടയ്ക്കെപ്പോഴോ ഞങ്ങളെ കടന്നു പോയി.

വണ്ടി Al Mahd 39 km എന്ന ബോർഡ്‌ കണ്ട റോഡിലേക്കു തിരിഞ്ഞു ഷമീർ കുഞ്ഞ നല്ല വേഗതയിലാണ് വണ്ടി ഓടിക്കുന്നത്.കൂട്ടിനു മുന്‍സീറ്റില്‍ ശകീല്‍ ഉണ്ട്. ഭക്ഷണം കഴിച്ചതോടെ മൂപ്പരും നല്ല ചാർജിലാണ് Al Aquila വില്ലേജ് പിന്നിട്ടു കുറെയേറെ മുന്നോട്ടു പോയപ്പോൾ വീണ്ടും ഭൂപ്രകൃതിയിൽ മാറ്റം കണ്ടു തുടങ്ങി കരിങ്കൽ ചീളുകൾ നിറഞ്ഞ ചാര നിറത്തിലുള്ള പ്രദേശം ഇടയ്ക്കിടെ കുറ്റിച്ചെടി കളോട് കൂടിയ പച്ചപ്പ്‌ മുന്നോട്ടു പോവും തോറും മാറ്റങ്ങൾ കൂടി വരുന്ന കാഴ്ച .

നോക്കെത്താ ദൂരത്തോളം തട്ടു തട്ടുകളായി ചെറിയ മലയടുക്കുകൾ. ഭൂപ്രകൃതിയിൽ നിറവ്യതാസങ്ങളുടെ ഭാവ പകർച്ചകൾ .പറ്റിപിടിച്ചു കിടക്കുന്ന മണൽ പരപ്പുകളോട് കൂടിയ കുന്നിൻ ചെരിവുകൾ. കണ്ടാൽ ഒറ്റ നോട്ടത്തിൽ ഉണങ്ങിയ പുൽമേടുകൾ ആണെന്നെ തോന്നൂ. റോഡിനോട് ചേർന്ന് താഴ്വാരങ്ങളിൽ സ്വർണ്ണ പരവതാനി വിരിച്ചപോലുള്ള വിശാലമായ മണൽ പരപ്പുകൾ മനോഹരമായ കാഴ്ചയാണ്.

കുറച്ചു മുന്നോട്ടു പോയപ്പോൾ റോഡിനു ഇടതു വശം മദീന പ്രൊവിൻസും വലതു വശം മക്ക പ്രൊവിൻസും ആണെന്ന ഒരു ബോർഡ്‌ കണ്ടു .വലതു വശത്തു ഒട്ടകകൂട്ടങ്ങൾ അലസമായി മേഞ്ഞു നടക്കുന്നത് കാണാം കറുത്ത ഒട്ടകങ്ങളും വെള്ള നിറത്തിലുള്ള ഒട്ടകങ്ങളെയും ആ കൂട്ടത്തിൽ കാണാനായി.കണ്ട കാഴ്ചകൾ പിന്നിലാകും തോറും കാണേണ്ടതും അനുഭവിക്കേണ്ടതുമായ ആ വിസ്മയ കാഴ്ചയിലേക്ക് ഞങ്ങൾ കൂടുതൽ അടുത്തുകൊണ്ടിരുന്നു. GPS ൽ ഇടത്തോട്ട് തിരിയാനായി സിഗ്നൽ വന്നു ഒറ്റവരിയുള്ള ഒരു റോഡ് 4 km പോയപ്പോൾ ഞങ്ങൾ ആ ഭീമന്‍ ക്രെയ്റ്ററിന്റെ കവാടത്തിലെത്തി.

മൂന്നോ നാലോ കാറുകൾ മാത്രമേ അന്നേരം അവിടെ കണ്ടുള്ളൂ ആ കൂട്ടത്തിൽ ഞങ്ങളും പാർക് ചെയ്തു പെട്ടെന്ന് തന്നെ റെഡിയായി എല്ലാവരും ഇറങ്ങി മുന്നോട്ടു നീങ്ങുമ്പോൾ കരിങ്കല്ല് കൊണ്ടുള്ള ചെറിയ ഭിത്തിയാണ് ആദ്യം കണ്ടത്.മുന്നോട്ട് നടന്നടുക്കുംതോറും ആകാംക്ഷ ക്ക് വിരാമമിട്ടു കൊണ്ട് ഹരാത് കിഷബ് സമതലത്തിന്റെ വിരിമാറിൽ മരുഭൂമിയിലെ ആ വിസ്മയ ഗർത്തം ഞങ്ങളുടെ കണ്ണുകൾക്ക് മുന്നിൽ ഒരു അത്ഭുതമായി തെളിഞ്ഞു വന്നു 2 km ചുറ്റളവിൽ 820 അടിയോളം ആഴത്തിൽ ചിത്രം വരച്ചത് പോലെ വെളുത്ത സോഡിയം ഫോസ്ഫേറ്റ് ക്രിസ്റ്റലുകൾ പരന്നു കിടക്കുന്ന അതീവ സുന്ദരമായ കാഴ്ച മനംകുളിർക്കെ കണ്ടു.

കുറച്ചു നേരം അവിടെ നിന്നുള്ള കാഴ്ചകൾ ആസ്വദിച്ചു . അല്‍ ഖോബാറില്‍ നിന്നും വന്ന അധ്യാപകര്‍ ആയ പോളണ്ട് കാരനും കെനിയക്കാരിയായ അയാളുടെ പെൺ സുഹൃത്തും ആണ് താഴേക്ക് ഇറങ്ങേണ്ട വഴി പറഞ്ഞ് തന്നത്. അവര്‍ അപ്പോൾ താഴെ നിന്ന് കയറി വന്നതേയുള്ളു. വെസ്റ്റേൺ രാജ്യക്കാരാണ് അവിടെ കൂടുതലും സന്ദർശിക്കുന്നത് ഭിത്തിക്ക് അപ്പുറത്ത് 50 അടിയോളം താഴെയാണ് ആദ്യത്തെ ലയർ അവിടെ യാണ് കണ്ട് പോകാൻ മാത്രം വരുന്നവരുടെ വ്യൂ പോയിന്റ്. താഴേക്കു നോക്കിയാൽ തല കറങ്ങുന്ന പോലെ കാലിനു ഒരു വിറയൽ അനുഭവപ്പെടും.

ഇവിടെ നിന്നാല്‍ കൂറ്റന്‍ പാറക്കെട്ടുകളാല്‍ ചുറ്റപെട്ട ക്രെയ്റ്ററിന്റെ വശ്യത പൂര്‍ണ്ണ മിഴിവോടെ നോക്കി കാണാം.അവിടെ ഇറങ്ങാൻവഴികളില്ല ഞങ്ങളെ കൂടാതെ നാലഞ്ചു സൗദികളും മൂന്ന് മലയാളികളും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ അവരാരും താഴേക്കു പോകാന്‍ ധൈര്യപെടുന്നില്ല .സൗദി പൗരൻ അങ്ങോട്ട്‌ വഴി ഇല്ലന്നും ഇറങ്ങിയാൽ തിരിച്ചു വരാൻ കഴിയില്ലന്നും പറഞ്ഞു പേടിപ്പിക്കുകയും ചെയ്തു ഇവിടെ നിന്നു നോക്കി കണ്ടു തിരിച്ചു പോകാറാണത്രേ പതിവ് .വെച്ച കാൽ പിന്നോട്ട് ഇല്ലെന്ന തീരുമാനത്തിൽ പോളിഷ് യുവാവിനും ഫ്രണ്ട്നും നന്ദി പറഞ്ഞ് ക്രെയ്റ്റര്‍ കീഴടക്കാനായി കിഴക്കേ ഭാഗത്തേക്കുള്ള ചെമ്മൺ പാതയിലൂടെ ചക്ര പാടുകള്‍ നോക്കി ഞങ്ങൾ വണ്ടി വിട്ടു.

വലിയ ഒരു കുന്നിന്‍ ചെരുവില്‍ നിന്നാണ് തെഴെക്കുള്ള വഴി തുടങ്ങുന്നത്.അനസും ഷാഹിദും മുന്നിലും ഞങ്ങള്‍ പിന്നിലുമായി നടന്നു തുടങ്ങി.അൽപം പേടിയോടു കൂടെയാണെങ്കിലും തണുത്ത കാറ്റേറ്റുകൊണ്ട് മൂർച്ചയുള്ള പാറകളുടെ അരികുപിടിച്ചു കിഴുക്കാംതൂക്കായ പാറകൾകിടയിലൂടെ ഞങ്ങൾ കൃത്യം 9.15 നു സാഹസികവും അതിലേറെ അപകടമേറിയതുമായ യാത്ര തുടങ്ങി അനസ് ആണ് ഗൈഡ് ഉരുളൻ കല്ലുകളും മണ്ണും ഇട്ടു ഒരാൾക്ക് നടക്കാൻ മാത്രം പാകത്തിനുള്ള വഴി പോലെ ആക്കിയിട്ടുണ്ട് കുറച്ചു ഭാഗം.

അവിടം പിന്നിട്ട് മലയുടെ മറ്റൊരു ചെരിവിലേക്ക് തിരിഞ്ഞാൽ പിന്നീടങ്ങോട്ട്‌ കുറച്ചു ദുർഘടമാണ് കാലൊന്നു തെറ്റിയാൽ പാറക്കൂട്ടങ്ങളുടെ ഇടയിലേക്ക് ആകും പതിക്കുന്നത് ഇരുന്നും ഊർന്നിറങ്ങിയും അതിസാഹസികമായി ആ ഭാഗം ഞങ്ങൾ കവർ ചെയ്തു അപ്പോഴേക്കും പകുതി ദൂരം പിന്നിട്ടിരുന്നു ഇതിനിടയിൽ നാലംഗ ഫ്രഞ്ച് കുടുംബം തിരികെ കയറി ഞങ്ങളെ കടന്നു പോയി .മുകളിൽ നിന്ന് നോക്കിയപ്പോൾ ഒരു പൊട്ടു പോലെ ആ നാല് രൂപങ്ങൾ ഞങ്ങള്‍ കണ്ടിരുന്നു.

പിന്നീടങ്ങോട്ട്‌ പാമ്പ് ഇഴയുന്ന പോലുള്ള വളഞ്ഞു പുളഞ്ഞു പോകുന്ന കല്ലുകൾ വിരിച്ച വഴിയിലൂടെ സാവധാനം ഞങ്ങള്‍ തെഴെയെത്തി അടിത്തട്ടിൽ വഴി മനസിലാവാൻ വേണ്ടി കല്ലുകൾ അടുക്കിവെച്ച് ഒരു ഗേറ്റ് പോലെ ഉണ്ടാക്കിയിട്ടുണ്ട്.ഷാഹിദ് അവിടെ കാത്തിരിക്കുന്നുണ്ട് അവനാണ് കൂട്ടത്തിലെ ഉസൈൻ ബോൾട്ട് നേരത്തെ അവിടെയെത്തി വീഡിയോ ചിത്രീകരിക്കുന്ന അവനെകടന്നു മെല്ലെ ഞാന്‍ ഓട്ടപന്തയത്തില്‍ മുയലിനെ തോൽപിച്ച ആമയെ പോലെ മനംകുളിർപിച്ച ആ മായാ കാഴ്ചയുടെ തിരുമുറ്റത്തെത്തി ഊരും പേരും മണ്ണിൽ എഴുതിവെച്ചു. സമയം അപ്പോൾ കൃത്യം10 മണി.

അവിടെ നിന്നു കൊണ്ട് ചുറ്റിലും ഞാനൊന്നു കണ്ണോടിച്ചു നോക്കി അറബ് കഥകളിലെ രാജകുമാരിയെ തട്ടിക്കൊണ്ടു പോയി ഭൂതങ്ങൾ ചങ്ങലക്കിട്ടു പാര്‍പിച്ച ഭൂതത്താന്‍ കോട്ടയോ മറ്റോ ആണോ ഇത്? അറേബ്യന്‍ നാടോടി കഥകളായ ആയിരത്തൊന്നു രാവുകളിലോ മട്ടറ്റെവിടെയോ ഞാൻ വായിച്ചു മറന്ന രാജകുമാരി അകപ്പെട്ട രക്ഷപ്പെടാന്‍ വഴികളില്ലാത്ത പാറക്കൂട്ടങ്ങളാല്‍ ചുറ്റപ്പെട്ട് ആരോരുമില്ലാത്ത നിഘൂടമായ ഭീകര കോട്ട പോലെയാണ് താഴെ നിന്ന് നോക്കുമ്പോള്‍ തോന്നിയത്.ആ ഭൂമിയിൽ ഒറ്റക്കായിപോയാലുള്ള അവസ്ഥ ഓർത്തപ്പോൾ ഒരു നടുക്കം എനിക്ക് അനുഭവപെട്ടു.

ഭാരമില്ലാത്ത നിറയെ തുളകളുള്ള പാറ കഷ്ണങ്ങളും ജലാംശമുള്ള ഇതളോട് കൂടിയ പുല്‍ ചെടികളും അവിടെ കണ്ടു. ഉപ്പ്പാളികളുള്ള മണ്ണിലൂടെ നടക്കുമ്പോൾ അല്പം താഴ്ന്നു പോകുന്ന പോലെയുള്ള പ്രതീതി .ഉപ്പ് കലർന്നതും വെളുത്തതും നേരിയ മഞ്ഞ നിറത്തിലുമൊക്കെയായിട്ടാണ് പരന്നുകിടക്കുന്ന വിശാലമായ അടിത്തട്ട്. ചുറ്റിലും കരിമ്പാറ കൊണ്ട് കെട്ടിയ കോട്ട പോലെ അടിയിൽ നിന്ന് മുകളിലേക്ക് നോക്കുമ്പോൾ മാത്രമേ ഗർതത്തിന്റ്റെ ആഴം മനസ്സിൽലാവൂ.കുറച്ചു ദൂരേക്ക്‌ ഞാൻ തനിയെ നടന്നു നോക്കി കാറ്റിന്റെ മുരൾചയും മുന്നിലെ വിജനതയും തെല്ലു ഭയവും കൂടെ ആയപ്പോൾ തിരികെ നടന്നു .ആ വിജനമായ ഭൂമിയിൽ ഇടയ്ക്കിടെ വീശുന്ന ശക്തമായ കാറ്റിന്റെ ശബ്ദം ഭയപ്പെടുത്തുന്നുണ്ടായിരുന്നു നടുക്ക് നിന്ന് നോക്കിയപ്പോൾ ഇറങ്ങി വന്ന വഴി എവിടെയാണെന്ന് ഒരു പിടുത്തവും ഇല്ലാത്ത പോലെ തോന്നും.കുറച്ചു നേരം കൂടെ അവിടെ ചിലവഴിച്ചു ഫോട്ടോയും വീഡിയോയും പകർത്തിയ ശേഷം ഞങ്ങൾ തിരിച്ചു കയറാൻ തുടങ്ങി.

ഇറങ്ങുന്നതിനേക്കാൾ പ്രയാസമാണ് കയറാൻ എന്നുള്ളത് കൊണ്ട് ക്യാമറയും മറ്റും ബാഗിൽ ആക്കിയാണ് പുറപ്പെട്ടത്.സമയംഅപ്പോൾ 10.45. വാട്ടർ ബോട്ടിൽ കയ്യിൽ തന്നെ വെച്ചു നടത്തം തുടങ്ങി വെയിലത്തും നല്ല കാറ്റ് വീശുന്നുണ്ടായിരുന്നു.കയറുന്നതിനനുസരിച്ച് നടത്തത്തിന്റെ വേഗത കുറഞ്ഞു വരുന്നു.കയറാന്‍ പഴയ ഊര്‍ജമില്ല കൈകൾ ഇടയ്ക്കിടെ മുട്ടിനു സഹായത്തിനായി പോകുന്നുണ്ട്.

മെല്ലെയുള്ള കയറ്റത്തിനിടയിലും ഇനിയെത്ര ദൂരം കയറാനുണ്ടെന്ന ചിന്തയാണ് ഇതിനിടെ പകുതി ദൂരം പിന്നിട്ടു. വലിയ പാറ മടക്കുകള്‍ ആണ് ഇനി പിന്നിടെണ്ടത് പിന്നീട് കിതച്ചും വിറച്ചും തൊണ്ട വരണ്ടു വെള്ളം കുടിച്ചും മുട്ടിൽ ഊന്നിയും അപകടങ്ങള്‍ ഒന്നുമില്ലാതെ ഒരുവിധം മുകളിൽ എത്തി ഇതിനിടയിൽ മൂന്നിടത്തു ഇരുന്നശേഷം പതിയെയാണ് കയറി പോന്നത് തണുത്ത കാറ്റ് കൂട്ടിനുണ്ടായിരുന്നത് ആശ്വാസമായിരുന്നു ഷാഹിദും സമിഹും നേരത്തെ എത്തി പിറകെ ഞങ്ങളും.മുകളിൽ നിന്ന് ഒരു വട്ടംകൂടി ഞങ്ങൾ കീഴടക്കിയ ആ ദൃശ്യ വിസ്മയത്തെ കൊതി തീരുവോളം നോക്കി നിന്നു.

തിരിച്ചു വരവിൽ നിറയെ വാലികൾ ഉള്ള മറ്റൊരു ഗ്രാമ വഴിയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. Hada Ash Sham എന്ന വളവും തിരിവുംഇറക്കവും കയറ്റവും ഒക്കെയുള്ള മറ്റൊരു പ്രദേശത്തെക്ക് വണ്ടി നീങ്ങി .Nimran എന്ന സ്ഥലത്തു എത്തിയപ്പോൾ നിസ്കരിച്ച ശേഷം ഭക്ഷണം കഴിച്ചു അൽപം വിശ്രമിച്ചു.ക്രെയ്റ്ററിലെ അനുഭവങ്ങൾ ചർച്ച ചെയ്ത് അൽപംവെടി പറച്ചിൽ ഒക്കെ കഴിഞ്ഞാണ് പിന്നെ യാത്ര തുടങ്ങിയത്. Bin Shafi വില്ലേജ് പിന്നിട്ടു 140 km സ്പീഡിൽ കാർ ഷമീറിന്റെ നിയന്ത്രണത്തിൽ മുന്നോട്ട് പൊയ്കൊണ്ടിരുന്നു പുറംകാഴ്ചകൾ കരിങ്കല്ല് ബോളറുകൾ മാത്രമുള്ള ഒഴിഞ്ഞ പ്രദേശങ്ങളായും മലകളായും ഒഴുകി നീങ്ങി കൊണ്ടിരിക്കുന്നു.ഇടയ്ക്കിടെ ഒറ്റപെട്ട ഒട്ടകങ്ങളും ഒരു കഴുതയും റോഡിനു കുറുകെ കടന്നു പോയി .ഇതിനിടയിൽ വാലി വില്ലേജ് ആയ Madrakah പിന്നിട്ടു Hada Ash Sham ലൂടെ തൂവൽ വഴി ജിദ്ദ ലക്ഷ്യമാക്കി ഞങ്ങളുടെ വണ്ടി കുതിച്ചു.

ഉറക്കം എന്റെ കണ്ണുകളെ തഴുകിയ പോലെ തോന്നുന്നു .ഞാൻ മെല്ലെ കണ്ണുകൾ അടച്ചു. കൺകോണുകളില്‍ ക്രെയ്റ്ററിൽ കാലു കുത്തിയത് കൂടുതൽ മിഴിവുള്ള ചിത്രമായി തെളിഞ്ഞു വന്നു ഒപ്പം അവിടെ എഴുതി ചേർത്ത പേരും.ആ ഓര്‍മ്മയില്‍ നീൽ ആംസ്ട്രോങ്ങ്‌ ചന്ദ്രനില്‍ ഇറങ്ങി കൊടി നാട്ടിയതിനെക്കാള്‍ തെല്ലൊരു അഹങ്കാരത്തോടെ ഞാന്‍ ചെറിയ മയക്കത്തിലേക്ക് വീണു.

വിവരണം –  ബാസിത് ആലുങ്ങൽ.

ട്രെക്കിംഗ് ന് ഇറങ്ങുന്നവര്‍ ശ്രദ്ധിക്കുക. പുലര്‍ച്ചെ തന്നെ ഇറങ്ങാന്‍ ശ്രമിക്കുക, മൂന്നോ നാലോ ബോട്ടില്‍ വെള്ളം കരുതുക , ഫസ്റ്റ് എയ്ഡ് കിറ്റ്, ട്രെക്കിംഗ് ഷൂസ് , ഫേസ് മാസ്ക്  കഴിവതും ലെഗേജ്ജ് കുറച്ചു ഇറങ്ങാന്‍ ശ്രമിക്കുക, സാവധാനത്തില്‍ സൂക്ഷിച്ച് ഇറങ്ങുക.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply