വിവരണം – SoBin Kallam Thottathil.
സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് അടർന്നു വീണൊരു കൊച്ചു മനോഹര ഗ്രാമം.. കൽഗ.. പൂത്തുലഞ്ഞു നിൽക്കുന്ന ആപ്പിൾ മരങ്ങളും ദേവതാരു വൃക്ഷങ്ങളും കൊണ്ട് സമൃദ്ധമായ കൽഗ.. ഗോതമ്പും കാബേജുo തഴച്ചു വളരുന്ന കൽഗ.. പുറംലോകവുമായുള്ള ബന്ധം വേർപെടുത്തി ഒരു വലിയ കുന്നിന്റെ നെറുകയിലായി ഹിമാലയത്തിന്റെ മാറോട് പറ്റിച്ചേർന്നിരിക്കുന്ന കൽഗ.. അവൾക്കു കാവലായി ശിരസ്സിൽ മഞ്ഞിൻ കിരീടമണിഞ്ഞ ഹിമാലയൻ മലനിരകൾ.. ഗ്രാമത്തിന്റെ ഒരു വശത്തൂടെ സ്വർഗത്തിലേക്കുള്ള ഒരു ഒറ്റയടിപ്പാത പോലൊരു ചെറിയ വഴി മുകളിലേക്ക് കയറിപ്പോകുന്നു.. വഴികൾക്കിരുവശവും തട്ടുതട്ടായി മുകളിലേക്ക് പടർന്നു നിൽക്കുന്ന പൈൻ മരങ്ങളും… അതാണ് കൽഗ എന്ന സ്വപ്നഭൂമി…
ആപ്പിൾ മരങ്ങൾ വസന്തം തീർക്കുന്ന ഹിമാലയത്തിലെ പാർവതി വാലിയിൽ ആണ് കൽഗ എന്ന കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്. കുളു വാലിയിൽ നിന്നും ഏകദേശം 60km ദൂരമുണ്ട് ഇവിടേയ്ക്ക്. കുളു -ഭുണ്ടാർ വഴി ബർഷൈനി എന്ന സ്ഥലത്തെത്തി അവിടെനിന്നും 2കിലോമീറ്റർ നടന്നു വേണം കൽഗയിലെത്താൻ. ബർഷൈനി മുതൽ കൽഗ വരെ കുത്തനെ ഉള്ള കയറ്റമാണ്. കയറി മുകളിലെത്തി കഴിഞ്ഞാൽ കൽഗയുടെ സൗന്ദര്യത്തിൽ ആരും മയങ്ങുമെന്നു തീർച്ച… മരത്തടി കൊണ്ട് പണിതെടുത്ത വീടുകളാണ് ഏറെയും. ഓരോ വീടുകൾക്കും 2 നിലകളാണുള്ളത്.. വീടിന്റെ മുകൾ വശം തകരകൊണ്ടുമൂടി അതിനു മുകളിൽ പരന്ന കല്ലുകൾ ചേർത്തടുക്കി വച്ചിരിക്കുന്നു. മുകളിലെ നിലയിൽ വീടിന്റെ ഉടമസ്ഥരും താഴെ അവരുടെ വളർത്തു മൃഗങ്ങളായ ആടും പശുക്കളും നായ്ക്കളുമൊക്കെ ആയി സുഖജീവിതം നയിക്കുന്നു. മിക്ക വീടുകളുടെയും ഉമ്മറത്തായി പ്രായമായ ആളുകളെ കാണാം. കാലം കവർന്നെടുത്ത സൗന്ദര്യത്തിന്റെ അവശേഷിപ്പുപോലെ ചുളിവുകൾ വീണ മുഖവും കുറുകിയ കണ്ണുകളും പതിഞ്ഞ നെറ്റിയുമൊക്കെ ഉള്ള കുറച്ചു മനുഷ്യർ…
കുളുവിൽ നിന്നും ഭുണ്ടാറിൽ നിന്നും എപ്പോഴും ബർഷൈനിക്ക് ബസ് സർവീസ് ഉണ്ട്. 50രൂപയാണ് ബസ് ചാർജ്. പോകുന്ന വഴിക്കാണ് ഇന്ത്യൻ മിനി ഇസ്രയേൽ എന്നറിയപ്പെടുന്ന കസോൾ സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്കു മുൻപെങ്ങോ ഇവിടെ എത്തിച്ചേർന്ന ഇസ്രയേലികൾ ഇപ്പോഴും ധാരാളമായി ഇവിടെ താമസിക്കുന്നു. എല്ലാ കടകളുടെ ബോർഡുകളിലും ഇസ്രയേലിന്റെ ഔദ്യോഗിക ഭാഷ ആയ ഹീബ്രു വിലും എഴുതിയിട്ടുണ്ട്. അവിടുന്ന് കുറച്ചുകൂടി മുൻപോട്ട് പോകുമ്പോൾ സിഖ് മതസ്ഥരുടെ പ്രശസ്തമായ തീർത്ഥാടനകേന്ദ്രമായ മണികരൻ സ്ഥിതിചെയ്യുന്നത്. അവിടുന്ന് ബർഷൈനിക്ക് വീണ്ടും അര മണിക്കൂർ ദൂരം.. മണികരൻ മുതൽ ബർഷൈനി വരെ വഴി വളരെ മോശമാണ്.. വഴിയേത് കുഴിയേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ് പലയിടത്തും. വലിയൊരു മലയിടുക്കിലൂടെ കയറിപ്പൊയ്ക്കൊണ്ടിരിക്കുന്ന വഴിയുടെ മറുവശം അഗാധ ഗർത്തമാണ്.. അതിലൂടെ പാൽനുര പതഞ്ഞൊഴുകുന്ന പോലെ പാർവതി നദി. ഹിമാലയത്തിന്റെ ശിരോഭാഗത്തുള്ള പിൻ പാർവതി പാസിന് താഴെയായി സ്ഥിതിചെയ്യുന്ന മാന്തലൈ ഗ്ലേസിയറിൽ നിന്നും രൂപം കൊണ്ട “മാന്തലൈ തടാക”മാണ് പാർവതി നദിയുടെ ഉത്ഭവ സ്ഥാനം….
രാവിലെ ഏകദേശം 10 മണിയോടുകൂടി ബർഷൈനി എത്തിച്ചേർന്നു. തലേന്ന് വൈകിട്ട് 10മണിക്ക് ഡൽഹിയിൽ നിന്നും കയറിയതാണ്. അത്യാവശ്യത്തിനു ക്ഷീണവുമുണ്ട്. ബസിറങ്ങിയിടത്തു തന്നെ ഒരു റൂം അന്വേഷിച്ചു കണ്ടുപിടിച്ചു. 400രൂപാ വാടക. റൂമെടുത്തു സാധനങ്ങളൊക്കെ ഒന്നിറക്കി വച്ചു ഒരു കുളിയൊക്കെ പാസാക്കി മെല്ലെ വീണ്ടും റിസെപ്ഷനിൽ പോയി കുറച്ചുനേരം ചുറ്റിപ്പറ്റിനിന്നു. റിസെപ്ഷനിസ്റ്റിൽ നിന്നും അവിടുള്ള മാക്സിമം സ്ഥലങ്ങളുടെ വിവരങ്ങൾ ചോർത്തണം. അതാണ് ലക്ഷ്യം…വളരെ ചെറിയൊരു സ്ഥലമാണ് ബർഷൈനി. വാടകയ്ക്ക് താമസിക്കാൻ അഞ്ചോ ആറോ ഹോട്ടലുകളുണ്ട്. പിന്നേ അത്യാവശ്യം കുറച്ചു കടകളും.. ബർഷൈനി ആണ് ലാസ്റ് സ്റ്റോപ്പ്.അതിനപ്പുറത്തേക്ക് ബസുകളൊന്നുമില്ല.. ഇവിടെ നിന്നുമാണ് ടോഷ്.. ഖീർഗംഗ … മാന്തലൈ തടാകം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത് . വലിയ ലഗ്ഗേജ് ഒക്കെ ഉള്ളവര്ക്ക് അതൊക്കെ ദിവസവാടകയായ 40രൂപയ്ക്കു ബർ ഷൈനി യിൽ വച്ചിട്ട് ട്രെക്കിംഗ് ന് പോകാവുന്നതാണ്..
അങ്ങനെ പ്രഭാത ഭക്ഷണവും കഴിച്ചു അല്പസമയം കിടന്നുറങ്ങി ക്ഷീണവും മാറ്റി ഉച്ചഭക്ഷണവും കഴിച്ചു ഒരു 3മണിയോട് കൂടി പയ്യെ കൾഗയിലേക്കുള്ള നടത്തം ആരംഭിച്ചു. ടൌണിൽ നിന്നും അര കിലോമീറ്റർ നടന്നു കഴിയുമ്പോൾ വഴി രണ്ടായി പിരിയുന്നു. ഒന്ന് ടോഷ് എന്ന സ്ഥലത്തേക്കും മറ്റേത് കൽഗ.. ഖീർ ഗംഗ എന്നിവിടങ്ങളിലേക്കും. വലതുവശത്തൂടെ ഉള്ള വഴിയിലൂടെ താഴേക്കിറങ്ങി പാർവതി നദിക്ക് കുറുകെ പണിതിരിക്കുന്ന ഒരു ജലസംഭരണി ക്ക് മുകളിലൂടെ നടന്നു നദിയുടെ മറുവശത്തെത്തണം.. അവിടുന്ന് പിന്നെ ഒന്നര മണിക്കൂർ കുത്തനെ ഉള്ള കയറ്റം. ഓരോ ചുവടു മുന്നോട്ടു വയ്ക്കുമ്പോഴും ദൂരെ ബർഷൈനി യുടെ ദൃശ്യം തെളിഞ്ഞ് വന്നു. വഴികളിലൊക്കെയും നിറയെ ആപ്പിൾ മരങ്ങൾ.. ചിലതിലൊക്കെ പച്ച ആപ്പിളും ഉണ്ടായിരുന്നു. ഇടയ്ക്കു ഓരോന്നൊക്കെ കടിച്ചു തിന്നുകൊണ്ട് വീണ്ടും മുകളിലേക്ക്.. ഒരുമണിക്കൂറെടുത്തു മുകളിലേക്കൊന്നെത്തിക്കിട്ടാൻ…
കൽഗ എന്ന കൊച്ചു ഗ്രാമത്തിന്റെ ദ്രിശ്യം മെല്ലെ അടുത്തെത്തിത്തുടങ്ങി.. ചുറ്റും തിങ്ങിവളർന്നു നിൽക്കുന്ന പൈൻ മരങ്ങൾക്കിടയിലൂടെ ഉള്ള നടപ്പിന്റെ സുഖം ഒന്ന് വേറെ തന്നെ.. ചെറിയ തണുപ്പും ഇടയ്ക്കു തണുപ്പിനെ കെട്ടിപ്പിടിച്ചു കടന്നുപോകുന്ന കാറ്റും നൂലുപോലെ ചാറുന്ന ചാറ്റൽ മഴയും എല്ലാം ചേർന്ന മനോഹരമായ ഒരു സായാഹ്നം. നടന്നു നടന്നു ഒടുവിൽ കൽ ഗയുടെ കവാടത്തിലെത്തി.. അതിനടുത്തായി ഒരു ചെറിയ ടീ സ്റ്റാൾ.. നേരെ അങ്ങോട്ട് കയറി. ഒരു ചൂടുചായ… വലിച്ചു കെട്ടിയിരിക്കുന്ന ടാര്പോളിന്റകത്തിരുന്ന് പുറത്ത് പെയ്യുന്ന ചാറ്റൽമഴയുടെ നനവ് അറിഞ്ഞു മഞ്ഞിന്റെ തൊപ്പിവെച്ച ഹിമവാന്റെ ഭംഗിയും ആസ്വദിച്ചു ആവി പറക്കുന്ന ചായയും കുടിച്ചു വെറുതെ കുറെ നേരമിരുന്നു …..
ദൂരെ നിന്നുനോക്കുമ്പോൾ കുന്നിന്റെ നെറുകയിലുള്ളൊരു കൊച്ചു ഗ്രാമമെന്ന പ്രതീതി ഉളവാക്കുമെങ്കിലും കൽഗ അത്രയും ചെറുതല്ല അടുത്തറിയുമ്പോൾ.. പാലുൽപ്പന്നങ്ങളും ആപ്പിളും ആണ് ഇവിടുള്ളവരുടെ പ്രധാന വരുമാനം മാർഗങ്ങൾ… കല്ലുപാകിയ വീടുകൾക്ക് ചുറ്റും ഗോതമ്പിന്റെയും കാബ്ബജ് ന്റെയും ക്യാരറ്റ് ന്റേയുമൊക്കെ ചെറിയ തോട്ടങ്ങൾ.. ആവശ്യമുള്ള പച്ചക്കറി സാധനങ്ങളൊക്കെ അവർ സ്വയം ഉല്പ്പാദിപ്പിക്കുന്നു.. അടുത്തടുത്ത് കൂട്ടം കൂട്ടമായി കാണപ്പെടുന്ന കുറച്ചു വീടുകളിൽ കഴിഞ്ഞാൽ പിന്നെ പച്ചപ്പുല്ല് പരവതാനി വിരിച്ച ഒരു ചെറിയ താഴ്വാരം. കാലികൾ യഥേഷ്ടം മേഞ്ഞു നടക്കുന്നു.. അവയ്ക്കൊപ്പം കലപില പറഞ്ഞു കളിച്ചു നടക്കുന്ന ചെറിയ കുട്ടികൾ… ആടുമാടുകൾ കഴിഞ്ഞാൽ പിന്നെ ഏറ്റവുമധികമുള്ളത് നായക്കുട്ടികളാണ്.. ദേഹം നിറയെ നീണ്ട രോമങ്ങളുള്ള നായക്കുട്ടികളുടെ ഭംഗി എടുത്തു പറയേണ്ടതാണ്..
ആട്ടിന്കുട്ടികളോടും നായക്കുഞ്ഞുങ്ങളോടും കളിപറഞ്ഞും കുശലം പറഞ്ഞു ഞാനും വെറുതെ നടന്നു.. തണുത്ത കാറ്റും ചാറ്റൽ മഴയും ഇടയ്ക്കിടെ വന്നു മുഖം കാണിച്ചു മറയുന്ന കള്ളവെയിലുമൊക്കെ വിരുന്നു വന്നും പോയുമിരുന്നു… താഴ്വരയിൽ മേഞ്ഞു നടക്കുന്ന ആട്ടിന്പറ്റങ്ങളെ നോക്കി ഇരുന്നുഞാൻ ഏറെ നേരം… കാറ്റിന്റെ മൗന രാഗങ്ങൾക്ക് കാതോർത്തിരിക്കുമ്പോൾ കോടമഞ്ഞ് വന്നു പുണരാൻ വെമ്പൽ കൊള്ളുന്ന താഴ്വരയുടെ നിശബ്ദ സാന്ദ്രലയങ്ങളിൽ മനസ്സറിയാതെ എവിടെക്കോ പറന്നുപോയി… എത്ര സമയം അങ്ങനെ ഇരുന്നെന്നറിയില്ല.. സൂര്യൻ പതിയെ വിടചൊല്ലുവാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു.. അസ്തമയം എന്നും മനോഹരമാണെങ്കിലും ഹൃദയചക്രവാളത്തിലെ പ്രണയസൂര്യന്റെ അസ്തമയ കിരങ്ങളേല്പിച്ചു പോയ ചൂടിൽ അസ്തമിക്കാൻ പോകുന്ന സൂര്യനെ നോക്കാതെ ഞാൻ മെല്ലെ തിരിഞ്ഞ് നടന്നു…..
സന്ധ്യ മയങ്ങിത്തുടങ്ങിയതിനാൽ മെല്ലെ തിരിച്ചു ബർഷൈനി യിലേക്ക് മടങ്ങാമെന്നു കരുതുമ്പോഴാണ് മൊബൈലിൽ ഒരു മെസ്സേജ് വന്നത്.. “are u in kalga… ??” സുഹൃത്തായ തബ്സീർ ( Thabseer Ahammed Khan)ചേട്ടനാണ്. അതെ എന്ന് തിരിച്ചു അയച്ചപ്പോൾ അടുത്ത മെസ്സേജ് വന്നു.. കൽഗയിൽ ജിപ്സി ഹൌസ് എന്നൊരു ഗസ്റ്റ് ഹൌസ് ഒണ്ട്. ഒരു കോഴിക്കോടുകാരൻ ചങ്ങാതി ആണ് നടത്തുന്നത്.. നേരെ അങ്ങോട്ട് വിട്ടോ…… ആഹാ.. ഒന്നിന് പകരം നൂറു ലഡ്ഡുപൊട്ടി മനസ്സിൽ… ഇനിയെന്ത് നോക്കാൻ … നേരെ ജിപ്സി യിലേക്ക്.. (കൽഗയിൽ എത്തിയപ്പോൾ ഒന്ന് രണ്ടു ഫോട്ടോസ് ഫേസ്ബുക്കിലിട്ടിരുന്നു.. അത് കണ്ട് മെസ്സേജ് അയച്ചതായിരുന്നു തസ്ബീർ ഭായി )… കുറച്ചു സമയമെടുത്തെങ്കിലും ജിപ്സി തപ്പിക്കണ്ടുപിടിച്ചു അവസാനം… ഖീര്ഗങ റൂട്ടിലെ ലാസ്റ്റ് ഗസ്റ്റ് ഹൌസ് ആയിരുന്നു ജിപ്സി….
നേരം ഇരുട്ടിയിരുന്നു ജിപ്സിയിലെത്തുമ്പോൾ.. ഇസ്മയിൽ എന്നാണു മൂപ്പരുടെ പേര്. താടിയും മുടിയുമൊക്കെ നീട്ടിവളർത്തി ജൂബയൊക്കെ ധരിച്ച ഒരു ചാർളി… പുള്ളിയുടെ സ്വന്തം ആണ് ഗസ്റ്റ് ഹൌസ്.. പൂര്ണമായും തടികൊണ്ട് നിര്മിച്ച ഒരു 2 നിലയുള്ള ഒരു ചെറിയ കെട്ടിടം… മുകളിൽ ബാൽക്കണി യിൽ ഒരു ഊഞ്ഞാൽ..പുറത്ത് ഒരു റാന്തൽ വിളക്കും… വീടിനുള്ളിലും പുറത്തുമൊക്കെ സ്വൊയം ചെയ്ത പെയിന്റിങ്ങുകൾ… 5മുറികൾ.. അടുത്തുള്ള എല്ലാ മുറികളിലും മലയാളികൾ.. ഖീർ ഗംഗ ട്രെക്കിംഗിന് വന്നവരാണെല്ലാവരും.. 2പേർ എറണാകുളത്തുനിന്നും.. മറ്റുള്ളവർ കോഴിക്കോടുനിന്നും…. കുറച്ചു സമയം എല്ലാവരുമായും വർത്തനമൊക്കെ പറഞ്ഞിരുന്നു.. വിശപ്പിന്റെ വിളി വന്നു തുടങ്ങിയപ്പോൾ മെല്ലെ ഇസ്മയിലിനെ തപ്പി താഴേക്കിറങ്ങി…ആള് അടുക്കളയിൽ ഭക്ഷണമുണ്ടാക്കുന്നതിന്റെ തിരക്കിലാണ്. ഒറ്റക്കാണ് കുക്കിംഗ്.. വിശാലമായ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാനുള്ള എല്ലാം ഉണ്ട്.. ഞാനും സഹായിക്കാമെന്ന് പറഞ്ഞപ്പോൾ കുറച്ചു തക്കാളിയും ഉരുളക്കിഴങ്ങുമെടുത് അരിയാൻ തന്നു..
സംസാര പ്രിയനാണ് കക്ഷി.. കോഴിക്കോടാണ് വീടെങ്കിലും വീട്ടുകാരെല്ലാം കുവൈറ്റിൽ സെറ്റിൽഡ് ആണ്.. ടൂറിസം ഡിഗ്രി ഒക്കെ കഴിഞ്ഞിരിക്കുന്ന സമയത്ത് ഒരു ഓൾ ഇന്ത്യ ടൂർ പോയതാണ് പുള്ളിയുടെ കൽഗ വാസത്തിനു ഹേതുവായത്.. ഇവിടെ വന്നു കുറെ ദിവസങ്ങൾ ഇവിടെ താമസിച്ചു.. പോകാൻ തോന്നിയില്ല.. ലോക്കൽ ആളുകളുമായൊക്കെ കമ്പനി ആയി.. അങ്ങനെയങ്ങനെയങ്ങനെയിങ്ങനെയായി…. ഇങ്ങനെയങ്ങനെ ഇവിടങ്ങു കൂടിയാലോന്നൊരാലോചന എനിക്കും തോന്നാതിരുന്നില്ല… 10 മണി ആയപ്പോഴേക്കും ചോറും പരിപ്പുകറിയും പനീറും തയാർ…റാന്തലിന്റെ വെളിച്ചത്തിൽ ചാറ്റൽ മഴയത്തിരുന്നു മൊബൈൽ സ്പീക്കറിൽ വച്ച സൂഫി സംഗീതവും ആസ്വദിച്ചു വയറു നിറയെ ഭക്ഷണവും കഴിച്ചു നേരെ ഉറക്കത്തിലേക്ക്…..
രാവിലെ എഴുന്നേറ്റു പുറത്തേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ചകൾ ഇപ്പോഴും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.. പച്ചപുതച്ച താഴ്വാരത്തെ കോടമഞ്ഞ് വന്നു പുണർന്നിരിക്കുന്നു.. അംശുമാലിയുടെ സ്വർണ കിരണങ്ങളേൽക്കുമ്പോൾ ആദ്യ സ്പർശനമേറ്റ നവവധു നാണം കൊണ്ട് മുഖം മറക്കാൻ ശ്രമിക്കുന്നപോലെ നാണിച്ചു നിൽക്കുന്ന മഞ്ഞുമലകൾ… സ്വപ്നത്തിലേക്കുണർന്നെണീറ്റതു പോലൊരു നനുത്ത പ്രഭാതം …. ഓരോ പുൽക്കൊടിത്തുമ്പുകളിലും മഞ്ഞുത്തുള്ളികൾ പ്രണയത്തിന്റെ തേൻ നിറച്ചിരിക്കുന്നു.. ആരോടൊക്കെയോ കിന്നാരം പറഞ്ഞും കളിച്ചും ചിരിച്ചും താഴെ ഒഴുകുന്ന പാർവതി നദിയുടെ നേർത്ത കളകള നാദം…
ആട്ടിൻ പാലിൽ കുറുക്കിയെടുത്ത ചൂടുചായ യും കുടിച്ചു കുറെ സമയം ചുറ്റുമുള്ള സ്ഥലങ്ങളിലൂടെ നടന്നു.. ഉച്ചയാകാറായപ്പോൾ മെല്ലെ തിരിച്ചിറങ്ങാൻ നേരം വാടക എത്ര ആണെന്ന് ചോദിച്ച ഞാൻ ഞെട്ടി… 250രൂപാ… 500രൂപയുടെ ഒരു നോട്ട് നിർബന്ധിച്ചു പോക്കറ്റിൽ തിരുകിക്കൊടുക്കുമ്പോഴും കക്ഷി അത് വാങ്ങാൻ കൂട്ടാക്കണി ല്ലയിരുന്നു… കൽഗയിലേക്ക് വീണ്ടും വരുമെന്നുറപ്പും കൊടുത്താണ് അവിടുന്നിറങ്ങിയത് . …. ഇനി നേരെ ടോഷ് ലേക്ക്… യാത്രകൾ അവസാനിക്കുന്നില്ല…. ഒപ്പം ഓർമ്മകളും….
കൽഗ യിൽ പോകാൻ താല്പര്യമുള്ളവർക്ക്. റൂട്ട് : 1.ഡൽഹി to ഭുണ്ടർ (ഡൽഹി മണാലി ബസ് ) , ടിക്കറ്റ് 550 മുതൽ 1500 വരെ. 2. Bhundar to barshaini by bus ടിക്കറ്റ് 50രൂപാ. 3. Luggage ഒരു ദിവസം സൂക്ഷിക്കുന്നതിന് 40 രൂപാ 4.barshaini to kalga by walk only. No ചാർജ്. 4. സ്റ്റേ at kalga… Lots of ഹോം stays at ചീപ്പ് rate… 5. ഇസ്മയിൽ നമ്പർ :9816379797.