സഞ്ചാരികളുടെ പേടി സ്വപ്നമായ ‘സുമതി വളവി’നു പിന്നിലെ കഥ…

തിരുവനന്തപുരം ജില്ലയില്‍ കല്ലറ പാലോട് റോഡില്‍ മൈലമൂട്ടില്‍ നിന്നും അര കിലോമീറ്റര്‍ ദൂരെ വനത്തിനുള്ളിലെ കൊടും വളവാണ് സുമതിയെ കൊന്ന വളവ് എന്ന സ്ഥലം. ഇവിടെ വച്ചാണ് സുമതി കൊല്ലപ്പെട്ടത്. വനപ്രദേശമായതിനാല്‍ സന്ധ്യ മയങ്ങുമ്പോള്‍ തന്നെ ഇരുട്ടിലാകുന്ന സ്ഥലമാണിത്. ഇടതിങ്ങി വളര്‍ന്ന് നില്‍ക്കുന്ന മരങ്ങളുള്ള റോഡില്‍ ഒരുവശം വലിയ ഗര്‍ത്തമാണ്.ഒപ്പം കാടിന്റെ വന്യമായ വിജനതയും. ഇതിനൊപ്പം പൊടിപ്പും തൊങ്ങലും വച്ച് പ്രചരിയ്കുന്ന കഥകള്‍ കൂടിയാകുമ്പോള്‍ എത്ര ധൈര്യശാലിയായാലും ഈ സ്ഥലത്തെത്തുമ്പോള്‍ സുമതിയുടെ പ്രേതത്തെക്കുറിച്ച് അറിയാതെയെങ്കിലും ഓര്‍ത്ത് പോകും.പ്രത്യേകിച്ചും രാത്രി കാലങ്ങളില്‍.

മൈലമൂട് സുമതിയെ കൊന്ന വളവ് എന്ന് കേട്ടാല്‍ കേള്‍ക്കുന്നവരുടെ മനസ്സ് അറിയാതൊന്ന് കിടുങ്ങുന്നകാലമുണ്ടായിരുന്നു .അത്ര കണ്ട് ഭയമാണ് ഈ സ്ഥലത്തെക്കുറിച്ച് നാട്ടുകാരുടെ മനസ്സില്‍ഒരു കാലത്ത് ഉണ്ടായിരുന്നത്. അറുപത് വര്‍ഷം മുമ്പ് കൊല ചെയ്ത സുമതിയെന്ന ഗര്‍ഭിണിയായ യുവതിയുടെ ആത്മാവ് ഗതി കിട്ടാതെ ഇവിടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുവെന്ന വിശ്വാസമാണ് ഭയത്തിന് കാരണംസുമതി മരിച്ചിട്ട് ഇപ്പോള്‍ അറുപത് വര്‍ഷം കഴിഞ്ഞു. എന്നിട്ടും പട്ടാപകല്‍ പോലും ഇത് വഴി കടന്ന് പോകാന്‍ പലര്‍ക്കും ഭയമാണ്. അവരുടെ ആത്മാവിനെചുറ്റിപ്പറ്റി പ്രചരിയ്കുന്ന അല്ലെങ്കില്‍ പ്രചരിപ്പിയ്കുന്ന ഭീകര കഥകള്‍ അത്ര കണ്ട് ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞിരിയ്കുന്നു.

ആരാണ് സുമതി? കൊന്നതെന്തിന് ? കാരേറ്റ് ഊന്നന്‍പാറ പേഴുംമുടായിരുന്നു സുമതിയെന്ന സുമതിക്കുട്ടിയുടെ സ്ഥലം. കൊല്ലപ്പെടുമ്പോള്‍ 22 വയസ്സായിരുന്നു പ്രായം. വെളുത്ത് വടിവൊത്ത ശരീരം.ഒത്ത പൊക്കം .കണങ്കാല്‍ വരെ നീണ്ട് കിടക്കുന്ന മുടി. കരിനീലക്കണ്ണുകള്‍. ഇതൊക്കെയായിരുന്നു സുമതിയെ നേരിട്ട് കണ്ടിട്ടുള്ളവര്‍ക്ക് പറയാനുണ്ടായിരുന്നത്. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട കുടുംബമല്ലായിരുന്നു സുമതിയുടേത്. അയല്‍ വാസിയും വകയില്‍ ബന്ധുവുമായ രത്‌നാകരന്റെ വീട്ടില്‍ അടുക്കള ജോലികളിലും മറ്റും സഹായിയ്കാനായി സുമതി പോവുക പതിവായിരുന്നു. രത്‌നാകരന് അന്ന് 24 വയസ്സായിരുന്നു പ്രായം. സുമതിയുടെ സൗന്ദര്യത്തില്‍ മയങ്ങിയ ഇയാള്‍ അവരെ കല്യാണം കഴിച്ച് കൊള്ളാമെന്ന് പറഞ്ഞ് വശത്താക്കി. ഒടുവില്‍ ഗര്‍ഭിണിയാണ് എന്നറിഞ്ഞതോടെ കാല് മാറി.

എന്നാല്‍ സുമതി തന്നെ വിവാഹം കഴിയ്കണമെന്ന് നിര്‍ബന്ധിയ്കാന്‍ തുടങ്ങി. ഒടുവില്‍ നിവര്‍ത്തിയില്ലാതെ വന്നപ്പോഴാണ് അരുംകൊല. കൊല ചെയ്യപ്പെട്ടതെങ്ങനെ ? 1953 ജനുവരി 27 ചെവ്വാഴ്ച രാത്രി 10 മണി. പാങ്ങോട് മതിര ദേവി ക്ഷേത്രത്തിലെ തിരുവാതിര ഉത്സവ ദിനം. ഉത്സവം കാണാന്‍ കൊണ്ടുപോകാമെന്ന് സുമതിയെ പറഞ്ഞ് വിശ്വസിപ്പിച്ച് രത്‌നാകരന്‍ തന്റ അംബാസ്ഡര്‍ കാറില്‍ അവരേയും കൂട്ടി ക്ഷേത്രത്തിലേയ്ക്ക് തിരിച്ചു. വാഹനം കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ വഴിയില്‍ നിന്നിരുന്ന സുഹൃത്ത് രത്‌നാകരനെയും കാറില്‍ കയറ്റി. കൂട്ടുകാരനെന്നാണ് ഇയാളെക്കുറിച്ച് രത്‌നാകരന്‍ സുമതിയോട് പറഞ്ഞത്.

എന്നാല്‍ കാര്‍ പങ്ങോട് എത്തി ക്ഷേത്രത്തിലേയ്ക് ഇടത് ഭാഗത്തേയ്ക്ക തിരിയുന്നതിന് പകരം നേരെ പാലോട് ഭാഗത്തേയ്ക് പാഞ്ഞു. വനാതിര്‍ത്തിയില്‍ മൈലമൂട് പാലത്തിന് സമീപം എത്തിയപ്പോള്‍ കാര്‍ കാട്ടിനുള്ളിലേക്ക് കയറ്റി നിര്‍ത്തി. വഴി നിശ്ചയമില്ലാതിരുന്ന സുമതിയോട് അമ്പലത്തിലേയ്ക് പോകാന്‍ ഇതിലെ കുറുക്കുവഴിയുണ്ടെന്ന് പറഞ്ഞ് ധരിപ്പിച്ചു. ഇത് വിശ്വസിച്ച സുമതി ഇവര്‍ക്കെപ്പം നടന്നു. മൂവരും പാതി രാത്രിയില്‍ വനത്തിനുള്ളിലൂടെ ഒരു കിലോമീറ്ററോളം ഉള്ളിലേയ്ക്ക് നടന്നു. സുമതിയെ സൂത്രത്തില്‍ ഉള്‍വനത്തിലെത്തിച്ച് കൊല നടത്തുകയായിരുന്നു ലക്ഷ്യം.

ഇതിനിടയില്‍ കാമുകന്റെയും കൂട്ടുകാരന്റെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ സുമതിക്ക് താന്‍ ചതിയില്‍ പെട്ടുവെന്ന് മനസ്സിലാവുകയും വനത്തിനുള്ളില്‍ കിടന്ന് ഉച്ചത്തില്‍ നില വിളിയ്കാന്‍ തുടങ്ങുകയും ചെയ്തു. ഇതിനിടയില്‍ പല തവണ കുതറി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രത്‌നാകരനും കൂട്ടുകാരനും കൂടി പിന്‍തുടര്‍ന്ന് പിടികൂടി. കാട്ടുവള്ളികള്‍ കൊണ്ട് കൈകള്‍ കെട്ടിയസുമതിയെ കുറച്ച് ദൂരം കൂടി അവര്‍ വനത്തിലുള്ളിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയി. ഇതിനിടയില്‍ ദിശ തെറ്റിയ രത്‌നാകരനും കൂട്ടുകാരനും ഉള്‍വനമെന്ന് ധരിച്ച് നടന്നെത്തിയത് കല്ലറ പാലോട് റോഡില്‍ ഇപ്പോള്‍ സുമതിയെ കൊന്ന റോഡ് എന്നറിയപ്പെടുന്ന എസ്സ് വളവിന് സമീപത്തായിരുന്നു. ഇവിടെ വച്ചാണ് സുമതിയെ കൊല്ലുന്നത്.

രത്‌നാകരന്‍ സുമതിയുടെ മുടിയില്‍ ചുറ്റിപ്പിടിച്ച് കഴുത്ത് മലര്‍ത്തി വച്ച് കൊടുക്കുകയും കൂട്ടുകാരന്‍ കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് കഴുത്ത് അറുക്കുകയുമായിരുന്നു. ഇതിനിടയില്‍ തന്നെ കൊല്ലരുതെന്നും തമിഴ് നാട്ടിലെങ്ങാനും കൊണ്ട് പോയി ഉപേക്ഷിച്ചാല്‍ അവിടെ കിടന്ന് കൊള്ളാമെന്നും ഒരിയ്കലും തിരിച്ച് വരുകില്ലെന്നും രത്‌നാകരനോട് പറഞ്ഞു . കേള്‍ക്കാതിരുന്ന രത്‌നാകരനോട് വയറ്റില്‍ വളരുന്ന കുഞ്ഞിനോടെങ്കിലും ദയ കാട്ടു ജീവനോടെ വിടണമെന്ന് സുമതി കേണപേക്ഷിച്ചെങ്കിലും രത്‌നാകരന്റെ മനസ്സ് അലിഞ്ഞില്ല. സുമതിയുടെ കഴുത്തില്‍ കത്തി താഴ്ന്നപ്പോള്‍ ചീറ്റിയൊഴുകിയ രക്തം കണ്ട് രത്‌നാകരന്റെ കൂട്ടുകാരന്‍ ഭയന്നു. തുടര്‍ന്ന് ഇരുവരും കഴുത്ത് അറ്റുമാറാറായ അവസ്ഥയിലായിരുന്ന സുമതിയെ അവിടെ തന്നെ ഉപേക്ഷിച്ച് സ്ഥലം വിടുകയും ചെയ്തു.

മൂന്ന് ദിവസം കഴിഞ്ഞ് കാട്ടില്‍ വിറക് ശേഖരിയ്കാനായി എത്തിയവരാണ് സുമതിയുടെ മൃതദ്ദേഹം കാണുന്നത്. ആറ് മാസത്തിന് ശേഷം പോലീസ് പിടിയിലായ രത്‌നാകരനെയും കൂട്ടുകാരന്‍ രവീന്ദ്രനെയും കോടതി ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ജയില്‍ മോചിതരായെങ്കിലും താമസിയാതെ രവീന്ദ്രനും പതിനഞ്ച് വര്‍ഷം മുമ്പ് രത്‌നാകരനും മരിച്ചു. സുമതിയുടെ ആത്മാവ്. ഈ കൊല പാതകത്തോടെ മൈലമൂട് എസ്സ് വളവ് നാട്ടുകാര്‍ക്ക് സുമതിയെ കൊന്ന വളവായി. കൊല ചെയ്യപ്പെട്ടത് ഗര്‍ഭിണിയായതിനാല്‍ ഇവിടം അറുകൊലയുടെ വാസ സ്ഥലമായി നാട്ടുകാര്‍ ചിത്രികരിച്ചു.

രാത്രികാലങ്ങളില്‍ വെളുത്ത വസ്ത്രംധരിച്ച് അഴിച്ചിട്ട മുടിയുമായി വനത്തിനുള്ളിലെ റോഡരുകില്‍ ഉലാത്തുന്ന സ്ത്രീ രൂപത്തെ കണ്ടുവെന്ന അവകാശപ്പെടുന്നവര്‍ നിരവധിയാണ്. വാഹന യാത്രക്കാരാണ് ഇവരിലധികം. സുമതിയെ കൊന്ന വളവില്‍ എത്തുമ്പോള്‍ വാഹനത്തിന്റെ എന്‍ജിന്‍ നിന്നുപോവുക, ലൈറ്റുകള്‍ താനെ അണഞ്ഞ് പോവുക, ടയറുകളുടെ കാറ്റ് പോവുക തുടങ്ങിയ കഥകളും പൊടിപ്പും തൊങ്ങലും വച്ച് പ്രചരിക്കാന്‍ തുടങ്ങി. ഗ്രാമീണരായ നാട്ടുകര്‍ കേട്ട കഥകള്‍ കാട്ടുതീ പോലെ പരത്തി. ഇതോടെ പട്ടാപ്പകല്‍ പോലും ഇത് വഴി കടന്ന് പോകാന്‍ ആളുകള്‍ മടിച്ചു. സുമതി മരിച്ച് ആറ് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ജനങ്ങളുയെ മനസ്സിലെ ഭീതി ഇനിയും വിട്ടുമാറിയിട്ടില്ല.

സുമതിയുടെ കൊലപാതകത്തിന് ശേഷം ഇവിടെ ദുര്‍മരണങ്ങള്‍ പതിവ് സംഭവങ്ങളയി. കൂടാതെ അടിയ്കടി പ്രത്യക്ഷപ്പെടുന്ന അനാഥ പ്രേതങ്ങള്‍ നാട്ടുകാരുടെ മാത്രമല്ല പൊലീസിന്റെയും ഉറക്കം കെടുത്താന്‍ തുടങ്ങി. സുമതിയുടെ കൊല നടന്ന ശേഷം ഇതുവരെ ഇവിടെ 30 ല്‍ അധികം പേരെയെങ്കിലും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഫോറസ്റ്റ് ജീവനക്കാര്‍ പറയുന്നത്. മറ്റെവിടെയെങ്കിലും വച്ച് കൊല നടത്തിയ ശേഷം മൃതദേഹങ്ങള്‍ ഇവിടെ കൊണ്ട് തള്ളുന്ന കാര്യവും തള്ളിക്കളയാനാവില്ല. 2016 നവംബറിൽ സുമതിയെ കൊന്ന വളവില്‍ റോഡില്‍ നിന്നും 100 മീറ്റര്‍ മാറി വനത്തിനുള്ളില്‍ ആറ് മാസത്തോളം പഴക്കമുള്ള അസ്ഥികൂം കണ്ടെത്തിയതാണ് സംഭവത്തില്‍ ഒടുവിലത്തേത്.

അജ്ഞാത മൃതദ്ദേഹങ്ങളാകും കണ്ടെത്തുന്നതില്‍ അധികവും. അവസാനം കണ്ടെത്തിയതും ഇത് തന്നെ. അസ്ഥി കൂടം പൊലിസ് ഫോറെന്‍സിക് ലാബില്‍ പരിശോധനയ്കയച്ചിരുന്നെങ്കിലും മരിച്ചയാള്‍ ആരെന്നോ കൊല്ലപ്പെട്ടത് എങ്ങനെയെന്നോ അറിയാന്‍ കഴിഞ്ഞിട്ടില്ല. അസ്ഥികള്‍ മാത്രമവശേഷിയ്കുമ്പോഴാകും മൃതദേഹങ്ങള്‍ കിടക്കുന്ന വിവരം പലപ്പോഴും പുറം ലോകമറിയുക. ഇത് കാരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്നറിയാന്‍പോലും കഴിയാതെ വരുന്നു.

സുമതിയെ കൊന്ന വളവുമായി ബന്ധപ്പെട്ട് പ്രചരിയ്കുന്ന കഥകള്‍ക്ക് പിന്നില്‍ സാമൂഹ്യവിരുദ്ധരെന്നാണ് പൊലീസും ഒരു വിഭാഗം ജനങ്ങളും കരുതുന്നത്. ഇവരുടെ ശല്യം ഇപ്പോള്‍ ഏറെക്കുറെ ഇല്ലാതായിട്ടുണ്ടെങ്കിലും ഇടയ്കിടെയുണ്ടാകുന്ന ദുരൂഹമരണങ്ങളും പ്രത്യക്ഷപ്പെടുന്ന അജ്ഞാത മൃതദേഹങ്ങളും സുമതിയെ കൊന്ന വളവിനെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ഭീതി വിട്ടൊഴുയാതായിരിയ്കാന്‍ ഇടയാക്കി. പിടിച്ച് പറിയും അനാശാസ്യവുമാണ് സുമതിയുടെ പ്രേതത്തിന്റെ മറവില്‍ ഇവിടെ നടന്ന് വന്നത്. രാത്രി കാലങ്ങളില്‍ വെളുത്ത വസ്ത്രം ധരിച്ച് റോഡില്‍ പ്രത്യക്ഷപ്പെട്ട് യാത്രക്കാരെ ഭയപ്പെടത്തി പണവും വിലപിടുപ്പുള്ള വസ്തുക്കളും അപഹരിച്ചെടുക്കലായിരുന്നു ഇവരുടെ രീതി. റോഡില്‍ അള്ള് വച്ച് ടയര്‍ പഞ്ചറാക്കിയും അപഹരണം നടത്തിയിരുന്നു.

അക്കിടി പറ്റുന്നവരില്‍ ഭൂരിഭാഗവും നാണക്കേട് ഭയന്ന് സംഭവം പുറത്ത് പറയുകയോ പോലീസില്‍ പരാതിപ്പെടുകയോ ചെയ്തിരുന്നില്ല. എന്നാല്‍ സംഭവം പുറത്തായതോടെ ഈ മേഖലകളില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് സാമുഹ്യവിരുദ്ധരുടെ ശല്യം പഴയത്‌പോലെ ഇപ്പോള്‍ ഇല്ലങ്കിലും പൂര്‍ണമായും ഇല്ലാതായിട്ടില്ല. മദ്യപാനം, അനാശാസ്യം എന്നിവയ്ക് പുറമേ ഒറ്റപ്പെട്ട പിടിച്ച് പറി സംഭവങ്ങളുമുണ്ടാകുന്നുണ്ട്.കുറവുണ്ടാകാത്തത് ഇവിടെ നടക്കുന്ന ദുരൂഹമരണങ്ങള്‍ക്കും പ്രത്യക്ഷപ്പെടുന്ന അനാഥ പ്രേതങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലും മാത്രം.

ഒരാള്‍ മാത്രമേ ‘യക്ഷി’യെ ഓടിച്ച് വനത്തില്‍ കയറ്റിയിട്ടുള്ളൂ. ഭരതന്നൂര്‍ സ്വദേശിയായ കണ്‍സ്ട്രക്ഷന്‍ ഉടമ രാത്രിവൈകി കാറില്‍ ഇതുവഴി വരികയായിരുന്നു. ചാറ്റല്‍മഴ കാരണം വളരെ സാവധാനമാണ് യാത്ര. പാണ്ഡ്യന്‍പാറ കഴിഞ്ഞ് സുമതിയെക്കൊന്ന വളവിലേക്ക് വാഹനം വന്നതും വെളുത്തവസ്ത്രം ധരിച്ച ഒരു രൂപം റോഡിനു വശത്തായി നില്‍ക്കുന്നു. ആദ്യമൊന്നു പരിഭ്രമിച്ചെങ്കിലും വാഹനം യക്ഷി നിന്നയിടത്തേക്ക് പായിച്ചു. വാഹനം അടുത്തേക്കുവരുന്നു എന്ന് മനസ്സിലാക്കിയ വെള്ളവസ്ത്രധാരി സാരി മുട്ടൊപ്പം പൊക്കി വനത്തിലൂടെ ഓടിയത് ഇന്നും നാട്ടുകാര്‍ ചിരിയോടെയാണ് ഓര്‍ക്കുന്നത്. കാലം ഇത്രയും കഴിഞ്ഞിട്ടും കൊല്ലപ്പെട്ട ഒരാളുടെ പേരില്‍ ഒരു വളവും അതിനുപിന്നിലെ കഥകളും മൈലമൂടിനുമാത്രം സ്വന്തം എന്നു പറയേണ്ടിവരും.

കടപ്പാട് – http://dailyreports.in

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply