ഹാലോങ് ബേയുടെ ഓളങ്ങളിൽ…വിയറ്റ്നാം കാഴ്ചകള്‍…

ഒരു കൂർത്ത പാറയുടെ അരികിൽ നങ്കൂരമിട്ടു ക്യാപ്റ്റൻ ഡാൻ ബോട്ടു നിർത്തി. ബോട്ടിൽ ഞങ്ങൾ മൂന്നുപേർ മാത്രം. ചുറ്റിനും ശാന്തമായ ഹലോങ് ഉൾക്കടലും അതിൽനിന്നും പൊട്ടി മുളച്ചപോലെ അങ്ങിങ്ങായി ചിതറി തൂണുപോലെ പാറക്കൂട്ടങ്ങളും. ഓളത്തിൽ മെല്ലെ ആടുന്നുണ്ട് തടികൊണ്ട് തീർത്ത ചെറിയ ബോട്ട്. ഞങ്ങളുടെ കൈയ്യിൽ ഓരോ ചൂണ്ടയും തന്നിട്ട് ഉച്ചഭക്ഷണം തയ്യാറാക്കാൻ തുടങ്ങി ഡാൻ. എനിക്ക് രണ്ടു മീൻ കിട്ടി. അർച്ചനക്കൊന്നും കിട്ടാത്തകൊണ്ട് അവൾ ചൂണ്ട ശരിയല്ലെന്ന് പറഞ്ഞു എന്റെ ചൂണ്ട പിടിച്ചു വാങ്ങി. അതോടെ രണ്ടുപേർക്കും ഒറ്റ മീൻ പോലും കിട്ടിയതുമില്ല. അര മണിക്കൂറിനുള്ളിൽ ലഞ്ച് റെഡിയാക്കി ഡാൻ ഞങ്ങളെ വിളിച്ചു. നോക്കുമ്പോൾ പ്ലാസ്റ്റിക് മേശയിൽ നിറയെ എന്തൊക്കെയോ നാവൂറുന്ന വിഭവങ്ങൾ.

തലേന്ന് കഴിച്ച വിയറ്റ്നാമീസ് hotpot, ഇന്ന് രാവിലെ മുതൽ ചില പ്രശ്നങ്ങൾ വരുത്തിത്തുടങ്ങിയതുകൊണ്ടു എനിക്കിതൊരു വല്ലാത്ത പരീക്ഷണമാവും. മനസ്സില്ലാ മനസ്സോടെ കുറച്ചു കൈതച്ചക്കയും, വെള്ളരിക്കയും മാത്രം കഴിച്ചിട്ട് ഞാൻ നിർത്തി. നല്ല രുചിയൊണ്ടെന്നും പറഞ്ഞു അർച്ചന വെട്ടിവിഴുങ്ങി. മേശപ്പുറത്തു ഞങ്ങൾക്കായി ഡാൻ കൊത്തിയൊരുക്കിയ വെജിറ്റബിൾ പൂക്കളുടെ ഭംഗി നോക്കി ഇനി ഒരു പാട്ടിന്റെ കുറവ് മാത്രമേ ഒള്ളൂന്നു വിചാരിച്ചതെ ഉള്ളൂ, ബോട്ടിന്റെ മേല്കൂരക്കടിയിൽ നിന്ന് ഒരു പഴയ ഗിറ്റാർ ഊരിയെടുത്തു മീട്ടി എന്തോ ഒരു നാടൻ പാട്ടു പാടിത്തുടങ്ങി ഡാൻ. ഈ യാത്രയിലെ ഏറ്റവും സുന്ദരമായ ഈ ദിവസം ഒന്നുകൂടി സുന്ദരമാക്കിക്കൊണ്ടു.

വിയറ്റ്നാം യാത്ര പ്ലാൻ ചെയ്തപ്പോൾ ഏറെ ആശയക്കുഴപ്പത്തിലാക്കിയ സ്ഥലമാണ് ഹലോങ് ബേ. നമ്മുടെ ആലപ്പുഴ പോലെതന്നെ, വിദേശി സഞ്ചാരികൾക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരു ടൂറിസ്റ്റ് ട്രാപ് തന്നെയാണ് ഹാലോങ്ങ്. പക്ഷെ നോക്കെത്താ ദൂരത്തു പറന്നു കിടക്കുന്ന ഉൾക്കടലും , അതിൽനിന്നും തലയുയർത്തി നിൽക്കുന്ന ആയിരക്കണക്കിന് പാറക്കൂട്ടങ്ങളും, മൂടൽമഞ്ഞിൽ ഇടയിലൂടെ ഇഴഞ്ഞു നീങ്ങുന്ന പഴയ ചൈനീസ് ജങ്ക് ബോട്ടുകളും, അതിനുമൊക്കെ ഉപരി natural wonders of the world ആയി കണക്കാക്കപ്പെടുന്നതും, UNESCO protectedഉം ആയ ഹലോങ് കാണാനുള്ള കൊതി അടക്കാനായില്ല ഞങ്ങൾക്ക്.

ഹാനോയിൽ നിന്നും സാധാരണ പാക്കേജ്ഡ് ട്രിപ്പുകളിലാണ് ആളുകൾ പോകാറുള്ളത്. രാവിലെ വാനിൽ ഹലോങ് സിറ്റിയിലെത്തി അവിടെനിന്നും ഒരു wooden junkil കയറി ഒന്നോ രണ്ടോ ദിവസങ്ങൾ ഹലോങ് ബെയുടെ പരപ്പിലൂടെ cruise ചെയ്യാം. കഴുത്തറക്കുന്ന റേറ്റാണ് പലതിനും. അത്യാവശ്യം നല്ല ഒരു ഓപ്പറേറ്റർ ഏകദേശം ആൾക്ക് 10,000 രൂപ വരെ ചോദിക്കും. റിസേർച് ചെയ്തപ്പോൾ ഒരുപാടു ടൂറിസ്റ്റ് സ്‌കാമുകളെപറ്റിയും വായിച്ചറിഞ്ഞു. അറിഞ്ഞുകൊണ്ട് തലവെച്ചു കൊടുക്കാൻ എനിക്കൊട്ടു താല്പര്യവുമില്ല. അങ്ങനെ കണ്ടെത്തിയ സ്ഥലമാണ് Cat-Ba. ഹലോങ് ബെയുടെ ഭാഗമായ ഒരറ്റത്തുള്ള ഒരു ദ്വീപാണ് cat-ba. ടൂറിസ്റ്റുകൾ അവിടെയും ഉണ്ടെങ്കിലും ഹലോങ്ങിനെ അപേക്ഷിച്ചു കുറവാണു. ടൂർ ഏജൻസികൾ അധികമില്ല. മുക്കുവരായ നാട്ടുകാർ നടത്തുന്ന ചെറിയ ഫിഷിങ് ബോട്ടുകളിൽ ഹലോങ് പോയി കണ്ടു മടങ്ങാം.

ഏതായാലും ഒരു രാത്രി മുഴുവൻ ബോട്ടിൽ തങ്ങാൻ, മുട്ടറ്റം വെള്ളം കണ്ടാൽ മുട്ടുവിറയ്ക്കുന്ന അർച്ചനക്കും താല്പര്യമില്ല. cat-ba യിൽ ടൂർ ഓപ്പറേറ്റ് ചെയ്യുന്ന സ്മൈലി എന്ന ഏജന്റിനെ യാത്രക്കുമുന്പേ പരിചയപ്പെട്ടെന്നു പറഞ്ഞിരുന്നല്ലോ. ഹാനോയിൽ നിന്നും ക്യാറ്ബായിലേക്കുള്ള വാൻ, ഒരു ഹാഫ് ഡേ cruise, ബോട്ടിൽ തന്നെ ലഞ്ച്, പിന്നെ കയാക്കിങ്, തിരിച്ചു ഞങ്ങൾക്ക് പോകേണ്ടിയിരുന്ന Ninh-Binh ലേക്കുള്ള വാൻ എല്ലാം ചേർത്തു ആൾക്ക് 4600രൂപയ്ക്കു ചെയ്തു തരാമെന്നു പറഞ്ഞു സ്മൈലി. ട്രിപ്പ് അഡ്വൈസറിലെ അവളുടെ റേറ്റിങ്ങും, എന്റെ തുടരെയുള്ള ചോദ്യങ്ങൾക്കുള്ള ക്ഷമയോടെയുള്ള മറുപടിയും, എല്ലാത്തിനുമുപരിയായി അഡ്വാൻസ് ഒന്നും തന്നെ വാങ്ങിക്കാതെ നേരിട്ട് വന്നോളൂ എന്നുള്ള ഉറപ്പും തന്നപ്പോൾ അധികമൊന്നും പിന്നീടാലോചില്ല. (സ്‌മൈലിയുടെ നമ്പർ വേണമെന്നുള്ളവർക്ക്‌ – +84 97 128 23 62).

രാവിലെ പറഞ്ഞ സമയത്തു തന്നെ ഞങ്ങളെ കൊണ്ടുപോകാനുള്ള വാൻ ഹാനോയിൽ ഹോട്ടലിനു മുന്നിൽതന്നെയെത്തി. തിരിച്ചു 4 ദിവസത്തിന് ശേഷം ആ ഹോട്ടലിൽ തന്നെ മടക്കയാത്രക്കു മുൻപ് ബുക്ക് ചെയ്തതിനാൽ ഭാരമുള്ള ബാഗുകൾ luggage storagil ഏല്പിച്ചിട്ടു അത്യാവശ്യം രണ്ടു മൂന്ന് ദിവസത്തേക്കുള്ളതു പാക്ക് ചെയ്തു ഞങ്ങൾ തിരിച്ചു. ചെറിയ വാൻ ആണ്. പക്ഷെ നല്ല ലെഗ് റൂമുണ്ട്. വാൻ ഇടക്കെവിടെയോ ഒക്കെ നിർത്തി കുറച്ചു വിദേശികളെയും കേറ്റി. തനിയെ യാത്ര ചെയ്യുന്ന പെൺകുട്ടികളാണ് കൂടുതലും. തനിയെ യാത്രചെയ്യാൻ ആഗ്രഹമുണ്ടങ്കിലും, അല്പം മടിക്കുന്ന ഭാര്യക്ക് അവരെ കണ്ടപ്പോൾ പിന്നേം കൊതി കയറി. ഉടനേ തന്നെ ഭൂട്ടാനുള്ള ടിക്കറ്റ് ഒക്കെ നോക്കണ കണ്ടു. എന്താവുമോ എന്തോ… വാനിൽ വൈഫൈ ഒക്കെ ഉണ്ട്‌. നമ്മുടെ നാട്ടിലെ പേരിനുള്ള wifi അല്ല. നല്ല ഒന്നാംതരം 3G നെറ്റ്‌വർക്ക്. ഏകദേശം 3 മണിക്കൂറിനുള്ളിൽ വാൻ Hai Phong എന്ന തീരദേശ പട്ടണത്തിലെത്തി.

Hai Phong നോർത്ത് വിയറ്റ്നാമിലെ രണ്ടാമത്തെ വലിയ പട്ടണമാണ്. വാൻ ടൗണിൽ പ്രവേശിക്കാതെ Ben Binh ബോട്ട് ജെട്ടിയിൽ ഞങ്ങളെ ഇറക്കിവിട്ടു. ഇവിടെനിന്നും ഒരു ഹൈഡ്രോഫോയിൽ ബോട്ടിൽ ക്യാട്ബായിൽ എത്തിക്കും. മറുകരയിൽ നിന്ന് വീണ്ടും ഒരു ബസ് cat-ba ടൗണിലേക്കെടുക്കണം. മറ്റു പല ടൂർ ഏജൻസികളുടെ കൂടെ വരുന്ന സഞ്ചാരികളും ബോട്ടിൽ യാത്ര ചെയ്യുന്നതിനാൽ തിരിച്ചറിയാനായി കഴുത്തിലിടാൻ ഏജൻസിയുടെ പേരെഴുതിയ ഒരു ID ടാഗ് തന്നു. ഞങ്ങളുടെ കൂടെ വന്ന ഒരു സായിപ്പു വാനിൽ നിന്നും കഷ്ടപ്പെട്ട് അങ്ങേരുടെ വിലയേറിയ സൈക്കിൾ പുറത്തെടുത്തു. എങ്ങനെയൊക്കെയോ ഉന്തിതിരുകിയാണ് കയറ്റിയതെന്നു തോന്നുന്നു. അങ്ങേരതിലാണ് എല്ലായിടത്തും യാത്ര. എന്തൊക്കെയോ യന്ത്രങ്ങൾ പിടിപ്പിച്ച സൈക്കിൾ. കൗതുകതോടെ നാട്ടുകാർ അങ്ങേരുടെ കൂടെ ചങ്ങാത്തം കൂടാൻ ശ്രമിക്കുന്നു.

ഒരു പത്തു പതിനഞ്ചു മിനുട്ടിൽ ബോട്ടു അക്കരെക്കടുത്തു. ഞങ്ങൾക്ക് ടൗണിലേക്ക് പോകാനായി ബസ് റെഡിയാണ്. എല്ലാവരോടും അവരവർക്കു പോകേണ്ട ഹോട്ടലുകളുടെ പേര് ചോദിച്ചിട്ടു ബസ് പുറപ്പെട്ടു. ഏതായാലും സൈക്കിളിനി ഒരു പരീക്ഷണത്തിന് കൊടുക്കേണ്ട എന്നാലോച്ചിട്ടാവാം സായിപ്പു ബസിൽ കേറിയില്ല. ബാക്കി ദൂരം സൈക്കിളിൽ വന്നോളാമെന്നു പറഞ്ഞു പുള്ളി ഞങ്ങൾക്ക് ടാറ്റാ പറഞ്ഞു. ജെട്ടിയിൽ നിന്ന് പിന്നേം ഇരുപതു മിനുട്ടെടുത്തു ക്യാറ്റ്ബാ ടൗണിലേക്ക്. ഉച്ചയായെങ്കിലും ടൗണിൽ വല്യ തിരക്കൊന്നുമില്ല. ഞങ്ങൾ താമസിക്കാൻ ബുക്ക് ചെയ്ത ഹോട്ടൽ ക്യാറ്റ്ബായുടെ പ്രധാന ഫെറിയുടെ തൊട്ടു മുൻപിൽ തന്നെയിരുന്നു. ഒരു പഴയ ഹോട്ടൽ ആണ്, 3star റേറ്റിംഗ് ഒക്കെ ഉണ്ടെങ്കിലും വല്യ ലുക്ക് ഒന്നുമില്ല. പക്ഷെ നല്ല വലുപ്പമുള്ള റൂം കണ്ടപ്പോൾ സന്തോഷമായി. ജനാലയിലൂടെ നോക്കുമ്പോൾ മനോഹരമായ ബേ കാണാം. നൂറോളം ബോട്ടുകൾ നങ്കൂരമിട്ടുകിടക്കുന്നു. കൈയ്യിൽ അധികം സമയമില്ലാത്തതിനാൽ ഉടനെത്തന്നെ ഉച്ചഭക്ഷണം കഴിച്ചു നാട് ചുറ്റാൻ പ്ലാനിട്ടു.

അടുത്തു തന്നെയുള്ള ഒരു ഹോട്ടലിൽ നിന്ന് മേൽ പറഞ്ഞ വിയറ്റ്നാമീസ് hotpot ഓർഡർ ചെയ്തു. വിയറ്റ്നാമിൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു കഴിക്കുന്ന വിഭവമാണ്. കുറഞ്ഞത് നാല് പേർക്കുള്ള ഭക്ഷണം. ഒരു ചെറിയ മണ്ണെണ്ണ സ്റ്റവ്വിൽ ഒരു വലിയ പാത്രം നിറയെ ചൂടേറിയ സൂപ്പ് , നിറയെ ഇലകളും, കൂണുകളും, പച്ചക്കറികളും, കുറച്ചു സ്പൈസും ഇട്ടു തിളപ്പിക്കുന്നു. തിളക്കുന്ന സൂപ്പിൽ, ആവശ്യത്തിന് ചെറുതായി അറിഞ്ഞു വെച്ച മാംസക്കഷണങ്ങളും, ഉണക്കിയ നൂഡിൽ കഷണങ്ങളും ഇട്ടു ഒന്നു തിളക്കുമ്പോൾ ആവശ്യത്തിന് കോപ്പയിലേക്കു മാറ്റി കഴിക്കാം. തണുപ്പത്തു കഥയൊക്കെ പറഞ്ഞു, ഏകദേശം ഒന്ന് രണ്ടു മണിക്കൂറെടുത്താണ് കഴിക്കാറ്. തരക്കേടില്ലാത്ത രുചിയാണെങ്കിലും പോർക്കും, ചിക്കനും, ബീഫും എല്ലാം ചേർത്തു വിളമ്പിയ മാംസം പാതി പോലും പോലും ഞങ്ങൾക്ക് തീർക്കാനായില്ല.

അടുത്തുതന്നെയുള്ള ഒരു കടയിൽനിന്ന് ഒരു സ്കൂട്ടർ വാടകക്കെടുത്തു ഞങ്ങൾ നാടുചുറ്റാനിറങ്ങി. ആദ്യമേ പോയത് Cat-Ba നാഷണൽ പാർക്കിലേക്കാണ്. ഇവിടെയുള്ള Ngu Lam Peak കുന്നിന്റെ മോളിൽ നിന്ന് നോക്കിയാൽ ഹലോങ് ബെയുടെ നല്ല വ്യൂ കാണാം. ഒരു മണിക്കൂറത്തെ ട്രെക്ക് ഉണ്ടെന്ന കാര്യം ഞാൻ അർച്ചനയോട് പറഞ്ഞിട്ടില്ല! പറഞ്ഞാ അവള് വരത്തില്ലന്നറിയാം. പാർക്കിൽ ചെന്നപ്പോഴേ നേരം ഏകദേശം 3 മണിയായിരുന്നു. ടിക്കറ്റെടുത്ത് മാർക്ക് ചെയ്ത വഴിയിലൂടെ നടന്നു. കുറച്ചു കേറിയപ്പോൾ അവൾക്കു ഞാൻ കൊടുത്ത പണി പിടികിട്ടി. പിന്നെ എങ്ങനൊക്കെയോ പറഞ്ഞും ഉന്തിയും തള്ളിയും ഞാൻ മലക്ക് മേളിൽ എത്തിച്ചു. കയറാൻ നല്ല പാടുണ്ടായിരുന്നു. ഭാഗ്യത്തിന് നല്ല ഷൂസ് ഇട്ടാണ് വന്നിരുന്നത്. കൂർത്ത limestone പാറകളിൽ ഇഴഞ്ഞു കേറി വേണം മേളിലെത്താൻ.

മേളിൽ ചെന്നപ്പോൾ പ്രതീക്ഷിച്ചപോലെ അതിമനോഹരമായ വ്യൂ തന്നെ. പക്ഷെ മഞ്ഞു മൂടിത്തുടങ്ങിയതിനാൽ ദൂരക്കാഴ്ച നന്നേ കുറവ്. കുറെ ഇസ്രായേലി സഞ്ചാരികൾ മലയുടെ മുനമ്പിൽ തന്നെ ഇരുന്നു കാഴ്ചകൾ കാണുന്നു. ഞാനും അറ്റത്തേക്കു കൂടുതൽ പോകാൻ പ്ലാൻ ഇട്ടെങ്കിലും അവൾ പിന്നിൽ നിന്ന് ഒച്ചയിട്ടു വഴക്കു പറഞ്ഞപ്പോൾ തിരികെ വന്നു. താഴേക്കിറങ്ങാൻ കുറെ കഷ്ടപ്പെട്ടു. ഏകദേശം നാലരയോടെ വെളിച്ചം കുറയുവാൻ തുടങ്ങിയിരുന്നു. തിരികെ പോകുന്ന വഴിക്ക് വിയറ്റ്നാം യുദ്ധകാലത്തു Viet Cong പോരാളികളെ ശുശ്രൂഷിക്കാനായി നിർമിച്ച Hospital Caveഉം രണ്ടാം ലോകമഹായുദ്ധ സമയത്തു ജപ്പാൻകാർ നിർമിച്ച Cannon Fortഉം ഓടിച്ചൊന്നു കണ്ടു. ആറു മണിയോടെ എല്ലാ സഞ്ചാര കേന്ദ്രങ്ങളും മൂടുന്നുണ്ട്. രാത്രി ഒരെട്ടുമണി വരെ Cat Ba ടൗണിൽ ചുറ്റിനടന്നിട്ട് ഞങ്ങൾ റൂമിലേക്ക് മടങ്ങി.

പിറ്റേന്ന് രാവിലെ തന്നെ സ്മൈലി അയച്ച ഡ്രൈവർ ഹോട്ടലിൽ എത്തി. ഒരല്പം മാറിയുള്ള Lan Ha Bayൽ സ്മൈലി ഞങ്ങൾക്കായി കാത്തുനില്കുന്നുണ്ടായിരുന്നു. പ്രസന്നമായ മുഖവും പെരുമാറ്റവുമുള്ള ഒരു യുവതി. ഹാനോയിൽ നിന്ന് ഇവിടെ എത്തിച്ചതിനുള്ള പൈസ പോലും വാങ്ങിച്ചിട്ടില്ല. പറഞ്ഞുറപ്പിച്ച തുക ഞാൻ കൈയ്യിൽ കൊടുത്തപ്പോൾ മടങ്ങി വരുമ്പോൾ വാങ്ങിച്ചോളാം എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് സ്മൈലി ഞങ്ങൾക്ക് ഡാനിനെ പരിചയപ്പെടുത്തി. നിങ്ങളുടെ ക്യാപ്റ്റൻ ആണ് Dan, എല്ലായിടവും ചുറ്റിക്കാണിച്ചു ഉച്ചക്കു രണ്ടുമണിക്കുള്ളിൽ ഹോട്ടലിൽ എത്തിച്ചിരിക്കും എന്നുറപ്പു തന്നു സ്മൈലി. കാരണം ഉച്ചക്ക് 3 മണിക്കാണ് Cat Ba യിൽ നിന്നും Hai Phong ലേക്ക് പോകാനുള്ള അവസാനത്തെ ബസ്. അതിൽ തന്നെയാണ് ഞങ്ങൾക്ക് Ninh Binh ലേക്ക് തിരിക്കേണ്ടതും. സമയത്തിന് തിരിച്ചെത്തിയില്ലെങ്കിൽ ഇന്നിവിടെ തന്നെ താമസിക്കേണ്ടിവരും.

നേരത്തെ തന്നെ മടങ്ങി വരേണ്ടതിനാൽ ഞങ്ങൾക്കായി മാത്രമായാണ് ഈ ബോട്ട് എന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. അങ്ങനെ അല്പസമയത്തിനുള്ളിൽ ഡാൻ ഞങ്ങളെയും കൊണ്ട് Ha Long ബേയിലേക്കു യാത്രതിരിച്ചു. പോകുന്ന വഴിയിലുടനീളം വെള്ളത്തിൽ തന്നെ ഒഴുകി നടക്കുന്ന ചെറിയ ഗ്രാമങ്ങൾ കാണാം. പ്ലാസ്റ്റിക് വീപ്പകളും, ജാറുകളും കൂട്ടിക്കെട്ടി, അതിനും മുകളിൽ പലകകൾ നിരത്തിയാണ് കൂരകൾ കെട്ടിയിരിക്കുന്നത്. കുട്ടികൾക്ക് പഠിക്കാനായി ഒരു ചെറിയ സ്കൂൾ പോലുമുണ്ടത്രെ. വൈദ്യുതി എങ്ങുമില്ല. ജനറേറ്ററും, മണ്ണെണ്ണ വെളിച്ചവുമാണ് രാത്രികാലങ്ങളിൽ വെളിച്ചത്തിന്. അല്പദൂരത്തിനുള്ളിൽ തന്നെ പാറക്കൂട്ടങ്ങൾ വെള്ളത്തിൽ നിന്നും കൂണുപോലെ വളർന്നു നിൽക്കുന്ന ഹലോങ് ബേയിൽ എത്തി.

അതിരാവിലെ തിരിച്ചതിനാൽ ടൂറിസ്റ്റുകളുടെ തിരക്ക് കുറവാണു. ഉച്ചയോടെ ബേ മുഴുവനും ജങ്കാർ ബോട്ടുകളുടെ പ്രളയമാകുമത്രേ. ഏകദേശം രണ്ടായിരത്തോളം ചെറിയ ദ്വീപുകളുമുണ്ട് ഹലോങിൽ. പക്ഷെ പലയിടങ്ങളിലും ടൂറിസ്റ്റുകൾക്ക് പ്രവേശനമില്ല. അതേതായാലും നന്നായി. കുറച്ചു സമയം ചുറ്റും വട്ടമിട്ടിട്ടു ഡാൻ ബോട്ട് സുന്ദരമായ ഒരു ലഗൂണിലേക്കു തിരിച്ചു. കുറച്ചു സമയത്തിനുള്ളിൽ തന്നെ ഡാനിനെ ഞങ്ങൾക്കിഷ്ടമായിത്തുടങ്ങിയിരുന്നു. പണ്ട് ഹലോങ് ബേയിൽ കയാക്കിങ് instructor ആയിരുന്ന ഡാൻ, വിവാഹശേഷം കുറച്ചുകൂടി വരുമാനമുണ്ടാക്കാനായി ബോട്ട് വാടയ്ക്കെടുത്തു ടൂറുകൾ നടത്തുന്നു. ഒരു മാസം ഏകദേശം 15,000 രൂപയാണ് വരുമാനം. സ്മൈലിയെപോലെയുള്ള ടൂർ ഏജന്റുകളാണ് കസ്റ്റമേഴ്സിനെ കൊണ്ടെത്തരുന്നത്. വീട്ടിലെ കാര്യങ്ങളും, കുട്ടികളുടെ ഫോട്ടോയും എല്ലാം ഫോണിൽ ഞങ്ങൾക്ക് കാണിച്ചുതന്നു ഡാൻ.

ലഗൂണിലെത്തി ഞങ്ങളോട് കയാക്കിങ് ചെയ്തോളാൻ പറഞ്ഞിട്ട് ഡാൻ ഉച്ചഭക്ഷണത്തിനുള്ള കാര്യങ്ങൾ തുടങ്ങി. എന്റെ നെഞ്ചിൽ ഒരല്പം തീയായി. കാര്യം ഞങ്ങൾക്ക് രണ്ടുപേർക്കും നീന്തലറിയില്ല. കൊച്ചീലുള്ള ഒരു റിസോർട്ടിൽ കണ്ടതിൽ നിറച്ച വെള്ളത്തിൽ kayaak ചെയ്ത പരിചയമേ എനിക്കൊള്ളു. അവൾക്കാണേൽ അതുപോലുമില്ല. പിന്നെ ആത്മധൈര്യം, അതേഴയലത്തുകൂട പോലും പോയിട്ടില്ല. ഡാനിനോട്‌ കൂടെ വരാമോന്നു ചോദിച്ചപ്പോൾ പുള്ളി പറ്റില്ലെന്ന് പറഞ്ഞു. സാധാരണ യാത്രക്കാർ തന്നെ പോകാറാണുള്ളത്രെ. ഇതറിഞ്ഞില്ലല്ലോ ഈശ്വരാ. ഏതായാലും മനസ്സിലെ പേടി വെളിയിൽ കാണിക്കാതെ ലൈഫ് വെസ്റ്റ് ഒക്കെ ഇട്ടു ഞങ്ങൾ കയാക്കിൽ കേറി. അരയ്ക്ക് ചുറ്റും വെള്ളം വന്നു നിന്നപ്പോളേക്കും അർച്ചന പരിഭ്രമിക്കാൻ തുടങ്ങി. ധൈര്യമായിട്ടിരി… ഞാൻ തുഴഞ്ഞോളാം… നീ നേരെ നോക്കി ഇരുന്നാ മതീന്ന് പറഞ്ഞു ഞാൻ തുഴയാൻ തുടങ്ങി.

അല്പസമയത്തിനുള്ളിൽ കാര്യം ഗുരുതരമായി. കണ്ടത്തിലെ വെള്ളം പോലെയല്ല കടലിലെ വെള്ളം. ഞാൻ തുഴയുന്ന വഴിക്കൊന്നും വള്ളം പോണില്ല. നേരെ തുഴയുമ്ബോൾ ഒരു സൈഡിലേക്ക് നീങ്ങി പാറക്കടിയിലൂടെ പോകുന്ന വെള്ളം നിറഞ്ഞ ഇരുണ്ട ഗുഹയിലേക്ക് വെള്ളം വലിക്കുകയാണ്. രണ്ടു പേരെ വെച്ച് തുഴയാനും നല്ല പാട്. അർച്ചന അയ്യോ പൊത്തോന്നു വിളിച്ചു കരയാൻ തുടങ്ങി… എനിക്കും പേടിയായി… തിരിച്ചു പോകാം എന്നു വിചാരിച്ചപ്പോൾ ദൂരെനിന്നു ഞങ്ങളുടെ അവസ്ഥ കണ്ടിട്ടാവാം ഒരു ചെറിയ kayaak തുഴഞ്ഞു ഡാൻ എത്തി. എന്നോട് അതിലേക്കു മാറിയിരിക്കയാൻ പറഞ്ഞിട്ടു ഡാൻ അർച്ചനയുടെ കായാകിലേക്കു മാറി. ചെറിയ കയാക് കിട്ടിയപ്പോൾ എനിക്കും ധൈര്യമായി. പറയുന്നിടത്തോട്ടൊക്കെ പോകുന്നുണ്ട്. അങ്ങനെ ഒരു മണിക്കൂറോളം മനോഹരമായ ഗുഹകൾക്കടിയിലൂടെ, പളുങ്കുപോലത്തെ വെള്ളത്തിൽ ഞങ്ങൾ തുഴഞ്ഞലഞ്ഞു. ഇടയ്ക്കു ഡാൻ പാട്ടുപാടാൻ തുടങ്ങിയപ്പോൾ പാറക്കൂട്ടങ്ങൾ അതിന്റെ വരികൾ മാറ്റൊലിയായി ഏറ്റു ചൊല്ലി…

ഉച്ചഭക്ഷണവും കഴിഞ്ഞു തിരികെയെത്തിയപ്പോൾ സ്മൈലി ഞങ്ങൾക്കായി കാത്തുനിന്നിരുന്നു. മറക്കാനാകാത്ത ഓർമ്മകൾ സമ്മാനിച്ച ഡാനിനും സ്മൈലിയ്ക്കും നന്ദി പറഞ്ഞു ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി. മൂന്നുമണിയോടെ Ninh Binh പോകാനുള്ള ലിമോസിൻ ബസ് എത്തി. ചെരുപ്പൊക്കെ ഊരി വേണം അകത്തുകയറാൻ. പൊടിയൊന്നും പാടില്ലത്രേ. വിശാലമായ ലെഗ്‌റൂമും wifiയും ഒക്കെയുണ്ട് ഇതിലും. മാത്രമല്ല വണ്ടി ജങ്കാറിൽ കേറിതന്നെ മറുകരയിലെത്തും. ഇതേ വണ്ടിയിൽ ബാക്കി യാത്ര തുടരാം, വിയറ്റ്നാമിന്റെ വശ്യതയുടെ മറ്റൊരു മുഖം തേടി, നിൻബിന്നിലേക്ക്. (തുടരും…)

വിവരണം – ആനന്ദ് എ.നായര്‍.

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply