ചമയങ്ങള്‍ക്കപ്പുറം രണ്ടാം ഭാവം” കരുണയുടെ, സ്നേഹത്തിന്റെ, മോഹത്തിന്റെ, മോഹഭംഗത്തിന്റെ ചാപ്പ്റ്റേഴ്സുമായി വൈറ്റ്പേപ്പര്‍ പോലൊരു ജീവിതപുസ്തകം ലെന എഴുതുന്നു…
“നൃത്തവും പാട്ടുമൊക്കെ ഇടയ്ക്കു ജീവിതത്തിലേക്ക് വന്നു പോയെങ്കിലും മറക്കാനാവാത്ത ഒന്നായത് കലാലയജീവിതമാണ്. ഒരിക്കലും മറക്കാനാവാത്ത ക്യാമ്പസ്സായിരുന്നു എനിക്ക് പുതുക്കാട് പ്രജ്യോതി നികേതന്‍.
അച്ഛന്റെ ട്രാന്സ്ഫറനുസരിച്ച് യാത്രകള്‍ ഏറെ ചെയ്തെങ്കിലും പിന്നീടുള്ള എന്റെ സ്കൂള്‍-ക്യാമ്പസ് ജീവിതമെല്ലാം തൃശൂരില്‍ ചുറ്റിപ്പറ്റിയായിരുന്നു. പ്രജ്യോതി നികേതനിലേക്ക് എത്തുന്നതും അങ്ങനെയാണ്.
ആനവണ്ടിയിലെ യാത്ര
തൃശൂരില്‍ നിന്ന് പുതുക്കാട്ടേക്കുള്ള ആനവണ്ടി യാത്രയായിരുന്നു ഏറ്റവും രസകരം. ഞാനന്ന് സ്നേഹം, കരുണം, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്നീ സിനിമകളൊക്കെ ചെയ്തു കഴിഞ്ഞ സമയം. ചിലരൊക്കെ എന്നെക്കണ്ടാലന്ന് തിരിച്ചറിയുമായിരുന്നു.
അതുകൊണ്ടു എനിക്ക് ബസ്സിലെ യാത്ര ബുദ്ധിമുട്ടാണെന്ന് കരുതി വീട്ടിലെ വണ്ടിയില്‍ കോളജില്‍ പോകുന്നതാണ് നല്ലതെന്ന് അച്ഛനും പറഞ്ഞു. പക്ഷേ സിനിമയില്‍ അഭിനയിച്ചുവെന്നു കരുതി സാധാരണ ജീവിതം വിട്ടു മാറരുതെന്ന് ഞാന്‍ തീരുമാനമെടുത്തിരുന്നു.
കൂട്ടുകാര്‍ക്കൊപ്പം ബസ്സിലിരുന്ന് കോളജിലെത്താനായിരുന്നു എന്റെ ഇഷ്ടം. ബസ്സ് ഓടുമ്പോള്‍ പിന്നിലേക്കു യാത്ര ചെയ്യുന്ന മരങ്ങളും കെട്ടിടങ്ങളും ആളുകളുമൊക്കെ ഇന്നും മനസ്സിലുണ്ട്. ക്യാമ്പസ് ജീവിതത്തിന്റെ മാധുര്യം ഇരട്ടിയാകാന്‍ ആ യാത്രകളായിരുന്നു മറ്റൊരു കാരണം.
രണ്ടാം ഭാവം റിലീസ് ചെയ്ത സമയത്ത് ആ യാത്രയിലെ മറ്റൊരു രസം ഞാനറിഞ്ഞു. പോകുന്ന വഴിയില്‍ സിനിമയുടെ വലിയ പോസ്റ്ററൊക്കെ ഉണ്ടാകും. ഇതിന്റെ മുന്നില്‍ വണ്ടി നിര്‍ത്തുമ്പോള്‍ ബസ്സിലിരിക്കുന്നവര് പോസ്റ്ററിലേക്കും എന്നെയും മാറിമാറിനോക്കും.
ഒരു തവണ എന്നെ നോക്കും, പിന്നെ ഒന്നു കൂടെ പോസ്റ്ററില്‍ നോക്കി ഉറപ്പിക്കും. ആ സമയത്ത് അവരുടെ മുഖത്ത് മാറിമറിയുന്ന ഭാവഭേദങ്ങള്‍ നല്ല രസമാണ്.
വിചിത്രമായ അത്തരം അനുഭവങ്ങള്‍ക്കൊക്കെ ബസ് യാത്ര സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. അന്നൊന്നും പിന്നെ സെല്‍ഫി ഭ്രാന്തുണ്ടായിരുന്നില്ല. ഓട്ടോഗ്രാഫായിരുന്നു ആകെ ഉണ്ടായിരുന്നത്.
ബസ്സിലിരുന്ന് ഓട്ടോഗ്രാഫ് എഴുതി, കാഴ്ചകളും കണ്ട് കൂട്ടുകാര്‍ക്കൊപ്പം വര്‍ത്തമാനമൊക്കെ പറഞ്ഞുള്ള യാത്ര ശരിക്കും രസകരമായിരുന്നു. ഓര്‍മ്മയില്‍ ഇന്നും നിറഞ്ഞു നില്ക്കുന്ന കാലം.”
Source -http://www.mangalam.com/news/detail/140217-womens-world.html