വളയത്തോടും റോഡിനോടും മല്ലിട്ട് ഒരു ലോറി ഡ്രൈവറുടെ ബോംബെ യാത്ര…

വിവരണം -Sabin Athirumkal.

അധികമാരും അനുഭവിക്കാനിടയില്ലാത്ത ഒരു യാത്രയുടെ കഥ…. ‘ഒരു ടാങ്കർ ലോറി ഡ്രൈവറുടെ യാത്രാനുഭവങ്ങൾ..’
ഡ്രൈവറെന്നു കേട്ടപ്പോൾ നെറ്റി ഒന്നു ചുളിഞ്ഞുവോ ??? അധികംചുളിക്കേണ്ട ഈ രാജ്യത്തിൻടെ പുരോഗതിയിൽ നല്ലൊരു പങ്ക് വഹിച്ച് വളയത്തോടും റോഡിനോടും കളളൻമാരോടും മല്ലിട്ട്, ഊണും ഉറക്കവും കുടുംബവും വിട്ട് സംസ്ഥാനങ്ങൾ താണ്ടുന്ന അനേകം ധീരന്മാരിൽ ഒരു ഇരുപത്തിനാലുകാരൻ… ടൂറിസം ഡിഗ്രി വരെ പൂർത്തിയാക്കിയ ഞാൻ വിദേശത്തേക്ക് നല്ല പല ഓഫറുകൾ വന്നെങ്കിലും”നിൻടെയൊന്നും കുരുവിക്കൂടല്ല ജീവിതമെന്ന് ഉറക്കെ പ്രഖ്യാപിച്ച്” ഈ ഫീൽഡിൽ ചുവടുറപ്പിക്കാനുളള കാരണവും ആഴ്ചകളോ മാസങ്ങളോ നീളുന്ന യാത്രകൾ തന്നെയാണ്…

24 ജനുവരി 2017. സമയം രാവിലെ 7 മണി. പതിവിനു വിപരീതമായുളള ഫോണിൻടെ നിർത്താതെയുളള അലർച്ച നിദ്രാഭംഗം വരുത്തിയ ആലസ്യത്തോടെ പുതച്ചിരുന്ന കമ്പിളി നീക്കി ഫോണെടുത്തു കൊണ്ട് അടുക്കളയിലേക്ക് ഞാൻ നടന്നു.. ക്വോട്ടാ കിട്ടാറുളള കട്ടൻ കാപ്പിയുമായി ഞാൻ മുറ്റത്തേക്കിറങ്ങി.. “ഡാ ഹരീഷാടാ..നീയിത് എവിടെയാ?” “വീട്ടിലാണേട്ടാ” “മുംബൈക്ക് പോണംന്നാ പറയുന്നേ നീയൊന്ന് വര്വോ…പരിചയം ളള ആരേം കിട്ടാത്തോണ്ടാടാ” “ഓക്കേ ചേട്ടാ ഞാനിപ്പോ വിളിക്കാം” “ശരി” നാളെത്തന്നെ പോകണം. ലൈറ്റ് ഡീസൽ ഓയിൽ എന്ന പ്രൊഡക്ട് എടുക്കാനാണ്… ചെന്നൈയിൽ ഇല്ലത്രേ!!!

പിറ്റേന്നാണേല് കൂട്ടുകാരിയുടെ കല്യാണ നിശ്ചയവും… ചെന്നില്ലേൽ അവളു കൊല്ലും… എന്നാലും മൂന്നു മാസത്തെ വിശ്രമത്തിനിടെ കിട്ടിയ ചാൻസാണ് കളയാൻ വയ്യ… പക്ഷേ അവളോടെന്ത് പറയും ?? ജൂനിയറായി പഠിച്ച തവിട്ടു നിറത്തിലെ പൂച്ചക്കണ്ണുളള സുന്ദരി… ശല്യം ചെയ്ത പൂവാലൻടെ മൂക്കീന്നു കൊഴുത്ത ചോര എൻടെ മുഷ്ടിയില് വീണന്നു തൊട്ട് തുടങ്ങിയ കൂട്ടാണ്.. എൻഗേജ്മെൻടിനു കണ്ടില്ലെങ്കില് സമാധാനം തരില്ല… എന്തായാലും ഫോണില് വിളിച്ച് ഒരുവിധം സമാധാനിപ്പിച്ചെടുത്തു. കല്യാണത്തിനുണ്ടാവുമെന്ന ഉറപ്പിൻമേൽ…

ബാഗും തൂക്കി ഉമ്മറപ്പടി കടക്കുമ്പോൾ പശുവിന് തീറ്റ കൊടുത്തുകൊണ്ടിരുന്ന അമ്മയോട് ” ലോങ്ങാണ് … വിളിക്കാം ” ന്നു പറയുമ്പോൾ… ‘ഓ ഞാനിതെത്ര കേട്ടതാടാ ‘ ന്നൊരു ഭാവം അമ്മയുടെ മുഖത്തു മിന്നിയോ എന്തോ ??… ചക്കരപ്പറമ്പീന്ന് വണ്ടിയേല് കേറിയപ്പഴേ ഹരീഷേട്ടൻ ഡ്രൈവിങ്ങ് സീറ്റൊഴിഞ്ഞ് മാറിയിരുന്നു. “ഒരു പൂശങ്ങട് പൂശടാ കാലത്ത് മംഗലാപുരം പിടിക്കണം”…. പറഞ്ഞു തീർന്നതും നാല് റോയൽ എൻഫീൽഡ് ക്ളാസിക്കുകൾ ഒപ്പംവന്ന് വണ്ടിക്ക് മുമ്പിലായി അൽപംമാറി നിന്നു.. ‘ലൗബേഡ്സ്’ ആണ്…

” ചിലർ ഒപ്പം നടക്കുന്നു… ചിലർ പിന്നാലെ നടക്കുന്നു” ….ഞാൻ പൂർത്തിയാക്കിയില്ല…. “ഇതൊന്നു മില്ലാതെ ഏതോ ഒരുത്തി തേച്ചെന്നുംപറഞ്ഞ് നീ തോന്നിയപോലെ നടക്കുന്നു… ഡയലോഗടിക്കാണ്ട് വണ്ടിഎടുക്കടാ ചെക്കാ” ഹരീഷേട്ടൻ ചീറി…

“ഡോ തൃശ്ശൂര് കുഞ്ഞിരാമാ തന്നെ ഞാൻ ശരിയാക്കണുണ്ട്” വളിച്ച ചിരിയോടെ എൻടെ കൈ സ്റ്റാർട്ടർ സ്വിച്ചിലമന്നു… ടാറ്റയുടെ 2009 മോഡൽ കുമിൻസ് എഞ്ചിനൊന്നു മുരണ്ടുണർന്നു… തൃപ്രയാർ, കുറ്റിപ്പുറം, കോഴിക്കോട്, മാഹി, തലശ്ശേരി, കണ്ണൂര്, കാസർഗോഡ്, മഞ്ചേശ്വരം, തലപ്പാടി, മംഗലാപുരം വഴി സുരത്കൽ റെയിൽവേ സ്റ്റേഷനിലെത്തുമ്പോൾ പിറ്റേന്ന് രാവിലെ പത്ത് മണി. അവിടുന്നങ്ങോട്ട് റോ-റോ യിലാണ് യാത്ര… അതായത് വണ്ടി ട്രെയിനിനാണ് കൊണ്ടുപോകുന്നത്..

കാലി തൂക്കി ടിക്കറ്റ് ചാർജ്ജ് 8000 രൂപയുമടച്ച ശേഷം ഞാൻ ഉറങ്ങാൻ കിടന്നു… നല്ല ഓംലറ്റിന്‍റെ വാസനയും ചൂടുമടിച്ചാണ് കണ്ണു തുറന്നത്. സ്റ്റൗവും പാത്രവും 40 ലിറ്റർ വെളളവും ആഹാരം വയ്ക്കാനുളള ഐറ്റംസും കേരളം വിടുന്നതിനു മുമ്പേ വാങ്ങിച്ചതിനാൽ ഹരീഷേട്ടൻ പണി തുടങ്ങിയിരുന്നു. ചോറും സാമ്പാറും ഓലറ്റും കഴിച്ചിട്ട് ഞാൻ നേരത്തേ ടിക്കറ്റെടുത്ത കൗണ്ടറിലന്വേഷിച്ചപ്പോൾ റോ-റോ നാളെ രാവിലെ 8 മണിക്കാണ് പോകുന്നതെന്ന്  അറിഞ്ഞു.. അടിപൊളി….!!!!! അന്നത്തെ വൈകുന്നേരം സുരത്കൽ ടൗണിലങ്ങ് പൊടിപൊടിച്ചു….

രാവിലെ കണ്ണുതുറക്കുമ്പോൾ തണുത്ത് വിറച്ചു നിന്നു പല്ലുതേക്കുന്ന ഹരീഷേട്ടനെ കണ്ടപ്പോൾ ചിരിയാണ് വന്നത്….. പാവത്തിന് ഇതൊന്നും ശീലമില്ലാത്തതാണ്….ഏത്??.. ഈ തണുപ്പേ…. കുളിയും നനയും കഴിഞ്ഞെത്തുമ്പോഴേക്ക് റോ-റോ യിലേക്ക് കയറ്റാനായി ഞങ്ങടെ ഊഴമെത്തിയിരുന്നു… സൂക്ഷിച്ചു വേണം കയറ്റാൻ… വണ്ടി കയറ്റി ചങ്ങലകൾ കൊണ്ട് ലോക്കുമിട്ട് ഞാൻ വരുമ്പോഴേക്കും വണ്ടിക്കകത്ത് ഹരീഷേട്ടൻ പാചകം തുടങ്ങിയിരുന്നു..

ഉച്ചഭക്ഷണം കഴിഞ്ഞ് ഒന്ന് മയങ്ങി കണ്ണു തുറന്നപ്പോ കാണാം പൂരം…. എഞ്ചിനങ്ങനനങ്ങ് പറപറക്കണ്. ഏത് ഞമ്മളെയ്റോപ്ളെയ്ൻ പോണ മാതിരി…. കൊങ്കൺ റെയിൽവേ!!!കാടും മലയും കാട്ടാറും ദുർഘടകാനന പാതകളും തുരങ്കങ്ങളും കാഴ്ചയുടെ നിറവസന്തമൊരുക്കി ഞങ്ങൾക്കായി കാത്തിരുന്നു. മുന്നാം ദിവസം ഞങ്ങൾ കോലാടെത്തി. ഇവിടം വരെയേ ഉളളൂ റോ-റോ. അവിടന്ന് 100 കിലോമീറ്റർ താണ്ടി ചെമ്പൂരെത്തി. റിഫൈനറിയിന്വേഷിച്ചപ്പോൾ പ്രഡക്ട് ആകാൻ മൂന്നു ദിവസം കഴിയുംന്ന്. അവിടെയും കിട്ടി മൂന്നു ദിവസം.

മുംബൈ നഗരത്തിൻടെ തെരുവുകളിലൂടെ മെട്രോ & മോണോ ട്രെയിനിലും മാർക്കറ്റിലും മാളുകളിലും ഞങ്ങൾ ഓടി നടന്നു. നാലാം ദിവസം ലോഡ് കയറ്റി ഞങ്ങൾ പൂനെ, ബാംഗ്ളൂർ വഴി റോഡ് മാർഗ്ഗം കേരളത്തിലേക്ക് തിരിച്ചു.. (ഇപ്പോൾ ഒറ്റയ്ക്കാണ്… ഒരിലയ്ക്കപ്പുറവുമിപ്പുറവുമിരിക്കുമ്പോൾ “നിൻടെ മതമേതെന്ന്” ചോദിക്കാത്ത നല്ല മനസ്സിൻടെ ഉടമകൾക്ക് സ്വാഗതം).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply