ആസിഫ എന്ന കൊച്ചു മാലാഖയുടെ ഓർമകളിൽ ഒരു കാശ്മീർ യാത്ര…

രണ്ടാം വയസ്സിൽ സച്ചു പറയാതെ പറഞ്ഞു വച്ചു :. ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അതിന്റെ പേര് കാശ്മീർ…. ഒപ്പം ആ സ്വർഗത്തിൽ വച്ചു നരാധമന്മാരാൽ പൊലിഞ്ഞു പോയ ആസിഫ എന്ന കൊച്ചു മാലാഖയുടെ ഓർമകളിൽ ഒരു കാശ്മീർ യാത്ര…

റോജ എന്ന സിനിമയിലെ പുതുവെള്ളൈ മഴെ എന്ന ഗാനം കാണുമ്പോഴൊക്കെ നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ കുളിർ കോരിയിടാറില്ലേ കഴിഞ്ഞ വർഷം TV യിൽ ആ ഗാനം കേട്ടപ്പോൾ എന്റെ ഏഴുവയസ്സുകാരി മകൾ മെഹ്‌ബാ പറഞ്ഞു “ഉപ്പ എനിക്കും അത് പോലെ മഞ്ഞു വാരി കളിക്കണം.. ഇ സ്‌ക്കൂൾ പൂട്ടുമ്പോൾ നമുക്ക് നല്ല തണുപ്പുള്ള ആ സ്ഥലത്തു പോകണം എന്ന് ” ആണ് മോളെ സമാധാനിപ്പിക്കാൻ ശരി എന്ന് പറഞ്ഞെങ്കിലും ആ കുഞ്ഞു മനസ്സിൽ അത് ഉറച്ചു… അവൾ കാശ്മീരിനെ സ്വപ്നം കാണാൻ തുടങ്ങി.. അന്ന് മുതൽ അവളുടെ വരകളിലും കളികളിലും കാശ്മീർ നിറഞ്ഞു നിന്നു… സ്കൂൾ പൂട്ടിയ അന്ന് മുതൽ അവൾ ചോദിച്ചു തുടങ്ങി എന്ന നമ്മൾ പോകുക എന്ന്… ദുബായ് യാത്രയുടെ ക്ഷീണം അകലും മുമ്പുള്ള ഈ ചോദിയം എന്നെ അല്പം പിറകോട്ട് വലിച്ചു…

അപ്പോഴാണ് കുറച്ചു ചിലവിൽ ടീം ട്രാവെൽഗോ ഒരു കാശ്മീർ ട്രിപ്പ് നടത്തുന്ന കാര്യം അറിഞ്ഞത്.. ഫാമിലി ഒപ്പം കൂട്ടുന്നതിൽ അവർ സന്തോഷം അറിയിച്ചു.. എന്നാൽ പിന്നെയും കടമ്പകൾ തടസ്സമായി.. രണ്ടു വയസ്സുള്ള മകനും മറ്റുമായി ഇത്രയും ദൂരം, പിന്നെ കാലാവസ്ഥയും മറ്റും ആയി പലരും പിന്തിരിപ്പിച്ചു.. എന്നാൽ ഭാര്യയും മോളും ഉറച്ചു തന്നെ… പിന്നെ എന്റെ ആത്മാർത്ഥ സ്നേഹിതന്റെ ഒരു മണിക്കൂർ ഫോൺ വിളി.. സംഗതികൾ ഒക്കെ പിന്നെ ഒറ്റ രാത്രി കൊണ്ട് റെഡി ടിക്കറ്റും പ്ലാനിംഗ് ഉൾപ്പടെ…. ദീർഘ ദൂര യാത്രയായത് കൊണ്ട് ഒരിടത്തു ഇറങ്ങി വിശ്രമിച്ചു പോകാൻ അവനാണ് നിർദേശിച്ചത് അത്‌ ആഗ്രയിലാക്കി… പോകുന്ന തലേ ദിവസം മോന് നല്ല പനി… അല്പം ടെൻഷൻ ഉണ്ടായെങ്കിലും അത്‌ ഒന്നും പുറത്തു കാണിച്ചില്ല…

ട്രെയിൻ ആഗ്ര കടന്നു അന്ന് താജ്മഹലും കണ്ടു രാത്രിയിലെ കൊടുംകാറ്റും പേമാരിയും നേരെത്തെ ഉള്ള പോസ്റ്റിൽ പറഞ്ഞിരുന്നല്ലോ… ആ നടുക്കത്തിൽ നിന്നും ഉച്ചക്ക് ഡൽഹിയിൽ ജമ്മുവിലേക്കുള്ള ട്രെയിൻ പിടിച്ചു… ഒപ്പം ഭക്ഷണപൊതിയുമായി സ്നേഹിതൻ സോബിൻ റെയിൽവേ സ്റ്റേഷനിൽ യാത്ര നല്കാൻ എത്തിയിരുന്നു… 2 ദിവസമായി ട്രയിനിലെ ഭക്ഷണവും മറ്റും പിടിക്കാതെ ഇരുന്ന കുട്ടികൾക്ക് അത് വലിയ ആശ്വാസം ആയിരുന്നു… പിറ്റേന്ന് വെളുപ്പിനെ ജമ്മുവിൽ കാലുകുത്തുമ്പോഴേക്കും 8 വയസ്സിൽ ഈ ഭൂമിയിൽ ഏറ്റുവാങ്ങാവുന്നതിലധികം കൊടിയ പീഡനത്തിൽ പൊലിഞ്ഞു പോയ ആസിഫ എന്ന ആ മകളെ പറ്റിയുള്ള വാർത്തകൾ ആയിരുന്നു…അതെ പ്രായത്തിൽ ഒരു മകൾ എനിക്കുമുണ്ട് എന്റെ കൂടെ ഈ യാത്രയിലും അവളും.. എന്റെ മനസ്സ് വല്ലാതെ പിടഞ്ഞു…മുന്നോട്ടുള്ള യാത്രയെ പറ്റി ചെറിയ ആശങ്കയും… രാജ്യത്തെ മുഴുവൻ നടുക്കിയ വാർത്ത അല്ലെ…

എല്ലാപേരും മുമ്പേ തീരുമാനിച്ചത് പോലെ ജമ്മുതാവി റെയിൽവേ സ്റ്റേഷനിൽ ഒരേ സമയത്തു മറ്റു പല ട്രെയിനുകളിൽ ഒക്കെ ആയി എത്തിയിരുന്നു…. 26 പേർ അതിൽ എന്റേത് ഉൾപ്പടെ 2 കുടുംബങ്ങൾ… യാത്ര വൈകുമെന്നതിനാൽ പല്ലുതേപ്പും മുഖം കഴുകലും മാത്രമാക്കി ചുരുക്കി 2 ട്രാവലേറിൽ യാത്ര ആരംഭിച്ചു…. ശ്രീനഗർ ആയിരുന്നു ലക്ഷ്യം….വളരെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ അപകടങ്ങൾ സ്ഥിരമായി നടക്കുന്ന ഇടങ്ങൾ…. എന്നിരുന്നാലും ഭൂമിയെ ഇത്ര വര്ണാഭമാകുന്ന ഈ ഹിമ ഭൂമി സ്വർഗ്ഗീയം തന്നെ…. എന്നാൽ വഴിയോര കാഴ്ചകൾ അലോസരപ്പെടുത്തുന്നത് തന്നെയായിരുന്നു…

നമ്മുടെ അതിർത്തി കാക്കുന്ന സൈന്യത്തിന്ന് നേരെ കല്ലെറിയുന്ന കാശ്മീരി കുട്ടികൾ..അമ്പരപ്പിക്കുന്ന കാഴ്ചകൾ.. നാം അറിയുന്നതിനെക്കാൾ അശാന്തി നിറഞ്ഞതാണ് കാശ്മീർ താഴ്വര.. ജനങ്ങളും അവരെ സംരക്ഷിക്കേണ്ട സൈന്യവും ഏറ്റുമുട്ടുന്ന ഭീകര ദൃശ്യം… വിനോദസഞ്ചാരികൾക്ക് ഭീഷണി അല്ലെങ്കിലും സ്വന്തം രാജ്യത്തിനെതിരെ പടപൊരുതുന്ന ഒരു ജനത അത് കണ്ടു വളരുന്ന യുവത്വം…. അവരെ തീവ്രമായി ചിന്തിപ്പിക്കുന്നതിന്റെ പിന്നാമ്പുറ കഥകൾ മനസിലാക്കി അവരെ നമ്മുടെ സഹോദരീസഹോദരന്മാരായി കാണാൻ പ്രേരിപ്പിക്കുന്ന ഒരു ഭരണ സമൂഹം ഇനിയും കാശ്മീരിൽ ഉണ്ടായിട്ടില്ല… സ്വന്തം രാജ്യത്തോട് ചേർത്ത് നിർത്തി അവരുടെ സ്വയംഭരണ അവകാശം ആദ്യം എടുത്ത് കളയുകയാണ് വേണ്ടത്…. ഒരു പക്ഷെ ഇന്നലകളിൽ സൈന്യം അവരോട് ചെയ്ത പുറം ലോകം അറിയാത്ത ക്രൂരതകൾ അവരെ ഇന്നു ഇങ്ങനെ പ്രേരിപ്പിക്കുന്നത് ആകാം… അല്ലാതെ മേജർ രവി സിനിമകളിൽ നാം കാണുന്ന കാശ്മീർ അല്ല അവിടം… അശാന്തി നിറഞ്ഞ താഴ്വരകൾ തന്നെ ആണ്‌….

സ്വർണ വർണങ്ങൾ പാകി വിളഞ്ഞു നിൽക്കുന്ന ഗോതമ്പ് പാദങ്ങളും തളിർത്തു പൂവിട്ട ആപ്പിൾ മരങ്ങളും ആകാശനീലിമയിൽ മഞ്ഞ മണികൾ പോലെ വെട്ടിത്തിളങ്ങുന്ന കടുക് പാടങ്ങളും പിന്നിട്ട് വൈകുന്നേരത്തോടെ ശ്രീനഗർ എത്തി ചേർന്നു…. നേരെത്തെ ബുക്ക് ചെയ്തിരുന്ന റൂമുകളിൽ എത്തി അൽപ വിശ്രമത്തിനും ഭക്ഷണത്തിനും ശേഷം 26 പേരും പരസ്പരം പരിചെയ്യപ്പെടാനും മറ്റുമായി ക്യാമ്പ് ഫയർ പോലൊരുക്കി പാട്ടും നിർത്തവും ഒക്കെ അന്തരീക്ഷം കൊഴുപ്പിച്ചു ഒപ്പം തണുപ്പിനെ പ്രതിരോധിക്കാൻ തീ കാഞ്ഞു… കളിച്ചും ചിരിച്ചും സൊറ പറഞ്ഞും ആ രാത്രി പെരുനാൾ മേളമാക്കി…

രാവിലെ നേരെത്തെ തന്നെ ശ്രീ നഗറില്‍ നിന്നും 84 കിലോമീറ്റര്‍ ദൂരെയുള്ള Meadow of Gold – സ്വര്‍ണ്ണ പുല്‍ത്തകിടി എന്നര്‍ത്ഥമുള്ള ഐസു പുതച്ച പ്രകൃതി സൌന്ദര്യത്തിന്റെ മൂര്‍ത്തീ ഭാവമായ സോണാമാര്‍ഗ് ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. സമുദ്ര നിരപ്പില്‍ നിന്നും 2740 മീറ്റര്‍ ഉയരത്തിലുള്ള സോണാമാര്‍ഗ് യാത്രാനുഭവം വാക്ക്കള്‍ക്കതീതമാണ്. ശ്രീനഗര്‍ ടൌണ്‍ കഴിഞ്ഞാല്‍ റോഡിനു ഒരു വശത്തായി സിന്ധു നദിയും മറു വശത്ത് നീണ്ട പൈന്‍ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന മലനിരകളും, താഴ്വരകള്‍ക്ക് സൗന്ദര്യംനല്‍കാന്‍ മത്സരിക്കുന്ന പോലെ തോന്നും. ഇടതൂര്‍ന്ന പൈന്‍ മരങ്ങള്‍ക്കിടയില്‍ ഊണും ഉറക്കവും ഒഴിച്ച് രാജ്യത്തിന്‌ വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായി നില്‍ക്കുന്ന പട്ടാളക്കാരെ കാണാനാവും. ആയുധമേന്തി ജാകരൂകരായി നില്‍ക്കുന്ന ഭാരതത്തിന്റെ അഭിമാന സ്തംഭങ്ങളായി ഈ ധീര യോദ്ധാക്കള്‍ മാറുന്നു..

റോഡിനു സമാന്തരമായി ഒഴുകുന്ന സിന്ധു നദിയുടെ മനം മയക്കുന്ന ലാസ്യ ഭംഗി ആരെയും കൊതിപ്പിക്കും. താഴ്വരയിലെ ഈ ചെറു നദിയില്‍ നിന്നും കൈകാലുകള്‍ കഴുകി ഫോട്ടോ എടുത്തു.. വശ്യ ചാരുതയിൽ പുഴ ഒലിച്ചിറങ്ങി…നദിയുടെ ഓരം ചേര്‍ന്നുള്ള ഐസു പുതച്ച മലനിരകളിലും നീല കലര്‍ന്ന തെളിനീരു പോലെ ഒഴുകുന്ന തണുത്തുറഞ്ഞ നദിയിലെ വെള്ളത്തിലും ഞങ്ങള്‍ മനസ്സെന്നപോലെ ശരീരത്തെയും ഒന്ന് കൂടെ തണുപ്പിച്ചു യാത്ര തുടര്‍ന്നു.

കാഴ്ചകള്‍ ഓരോന്നോരുന്നു ഫോട്ടോ പകര്‍ത്തിയെടുത്ത് ഉച്ചയോടെ സോണാമാര്‍ഗിലെത്തി, താഴ്വരകളോട് ഇണ ചേര്‍ന്ന് ഐസുമൂടിയ മനോഹരമായ മല നിരകള്‍ . പ്രകൃതി രമണീയമായ സോണാമാര്‍ഗിലെ ഐസു മൂടിയ മലനിരകള്‍ നേരിട്ടനുഭാവിക്കാനുള്ള യാത്ര സ്വർഗീയമാണ് .എന്റെ 2 വയസുള്ള മകൻ തോള്ളാതിരുത്തിയാണ് എന്റെ ട്രെക്കിങ്ങ്… മകൾ നന്നായി ആസ്വദിച്ചു മലകയറുന്നു…. മറ്റു സഞ്ചാരികൾ ഓരോരുത്തരും ഓരോ കുതിരകളെയും ഐസു സ്കേറ്റിംഗ് നടത്താനായി ഷൂവും കോട്ടും വാടകക്കെടുത്തു വരുന്നത് കണ്ടു . വഴികാട്ടികളായ കുതിരക്കാരെ കണ്ടു ഞങ്ങള്‍ അമ്പരന്നു. മുതിര്ന്നവര്‍ക്കൊപ്പം സ്കൂളിന്റെ പടി വാതില്‍ കാണാത്ത കൊച്ചു കുട്ടികള്‍ വരെ.. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വേണ്ടി അദ്ധ്വാനിക്കുന്നു. ഇതാണ് കാശ്മീരികളുടെ യഥാര്‍ത്ഥ ജീവിതം ഒരു നേരം വയറു നിറക്കാൻ പാടുപെടുന്ന ജീവിതങ്ങൾ

രണ്ടു മണിക്കൂറോളം മലകളും പുഴകളും താണ്ടി ഞങ്ങള്‍ ഐസു മൂടിയ മലനിരകള്‍ക്ക് അടുത്തെത്തി. ഇനി. ഭൂമിയിലെ സ്വര്‍ഗ്ഗം കണ്ടു ഞങ്ങള്‍ ആഹ്ലാദ തിമര്‍പ്പിലായി. ഐസു കട്ടികള്‍ എടുത്തു എറിഞ്ഞു കളിച്ചു, ഞങ്ങള്‍ ഐസു മലനിരകളില്‍ സ്കേറ്റിംഗ് നടത്തി. സ്വര്‍ഗ്ഗീയ നിമിഷങ്ങളില്‍ മതിമറന്നു എന്റെ കുട്ടികളുടെ മുഖം വിടർന്നു… അത് തന്നെ ആയിരുന്നു ഈ യാത്രയിൽ ഞാൻ കാണാൻ ആഗ്രഹിച്ച സൗന്ദര്യം… സാവധാനം മലനിരകളിറങ്ങി.

കണ്ണുകള്‍ക്ക്‌ വിശ്രമം നല്‍കാതെ ജീവിതത്തിലെ മറക്കാന്‍ ആവാത്ത പ്രകൃതിയില്‍ ചാലിച്ച മനോ‍ഹര നിമിഷങ്ങള്‍ കണ്‍ കുളിര്‍ക്കെ കണ്ടു കൊണ്ട്, പച്ച പുല്‍മേടുകള്‍, കൊച്ചു കൊച്ചു അരുവികള്‍ ഇവക്കെല്ലാം സമാന്തരമായി നീണ്ടു കിടക്കുന്ന ഐസു മല നിരകള്‍, ഇവയെയെല്ലാം വിട്ടു പോവാന്‍ മനസ്സ് വരാതെ തിരിച്ചു ഹോട്ടൽ മുറിയിൽ… ഡാൽ നദിക്കരയിൽ ആയിരുന്നു ഞങ്ങൾക്കുള്ള താമസ സൗകര്യം ഒരുക്കിയിരുന്നത്…. അവിടുത്തെ നദിക്കരയിലെ മനോഹാരിത എത്ര കണ്ടാലും മതി വരാറില്ല… അതുകൊണ്ട് തന്നെ ഹോട്ടൽ റൂം പോലും ഞങ്ങൾക്ക് കണ്ണിന്ന് വിരുന്നൊരുക്കുന്നതിൽ മത്സരിച്ചു…

അടുത്ത ദിവസം അതി രാവിലെ തന്നെ യാത്ര ആരംഭിച്ചു. കാശ്മീരിലെ പ്രധാനപ്പെട്ട പൂന്തോട്ടങ്ങളും പാർക്കുകളും ആണ്‌ ഇന്നത്തെ വിഭവങ്ങൾ…ഈ പകൽ മുഴുവൻ ശ്രീനഗർ നഗരത്തിന് ചുറ്റുമുള്ള സഥലങ്ങൾ സദർശനം ആണ്‌ ലക്ഷ്യം. ആദ്യം ഹസ്‌റത്ത്ബാൽ ദർഗ സന്ദർശനം ആയിരുന്നു.. ദാൽ തടാക്കത്തിന്റെ മറ്റൊരു കരയിലായി വരുന്ന ഹസ്രത്ത്ബാൽ ദർഗ , അവിടെ രുചിയേറിയ നോൺ വെജ് ഫുഡ്കൾക്ക് പേര് കേട്ട സ്‌ഥലമാണ്. പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ മുടി സൂക്ഷിച്ചിരിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന വെള്ള നിറത്തിലുള്ള മനോഹരമായ പള്ളിയാണിത്. നിരവധി കൊത്തുപണികളാൽ മനോഹരം ആയിരുന്നു അവിടം…. നല്ല മട്ടൺ ടിക്കയും റൊട്ടിയും ഒക്കെ കഴിച്ചു.

പിന്നീട് വർഷത്തിൽ 25 ദിവസം മാത്രം സഞ്ചാരികൾക്കായി തുറക്കുന്ന തുലിപ് ഗാർഡൻ ആയിരുന്നു..തടാകത്തിനു ചുറ്റുമുള്ള റോഡിൽ കൂടിയായിരുന്നു തുലിപ് ഗാർഡൻ ലക്ഷ്യമാക്കിയുള്ള യാത്ര…. ഇന്ദിര ഗാന്ധി മെമ്മോറിയൽ തുലിപ് ഗാർഡൻ എന്നറിയപ്പെടുന്ന മുപ്പതു ഏക്കറിൽ നീണ്ടു നിവർന്നു കിടക്കുന്ന, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സുന്ദരമായ ഈ തുലിപ് ഗാർഡൻ സഞ്ചാരികൾക്കു ഏറെ പ്രിയപ്പെട്ടവ ആണ്‌… വിവിധ വർണങ്ങളിൽ ഉള്ള തുലിപ് പൂക്കളുടെ ഭംഗി കണ്ണിന്ന് കുളിർമയേകും… ഏറെ ഫോട്ടോസ് അവിടുന്ന്‌ എടുത്തിരുന്നു കണ്ണെത്താ ദൂരത്തോളം ഉള്ള വർണ്ണ വിരാജിതമായി പരന്നു കിടക്കുന്ന പൂക്കളുടെ സൗന്ദര്യത്തിന്ന് പകരം വക്കാൻ മറ്റൊന്നില്ല… ഈ പകൽ മുഴുവൻ ശ്രീനഗർ സദർശനം ആണ്‌ ലക്ഷ്യം.

കൊല്ലം തോറും ഈ ഏപ്രിൽ മാസത്തിൽ തുലിപ് ഫെസ്റ്റിവൽ എന്ന പേരിൽ ഫെസ്റ്റിവൽ നടത്തുന്നു… കാശ്മീർ ജനത ഇവിടേക്ക് ഒഴുകി വരാറുണ്ട്… ഇത്തവണയും നല്ല തിരക്ക് തന്നെ ഒരു പാട് ഹിന്ദി ചിത്രങ്ങളുടെ ഗാനചിത്രീകരണം ഇവിടെ നടന്നിട്ടുണ്ട്. പല നിറത്തിൽ ചെറുതും വലുതുമായ ഇതുവരെ കാണാത്ത തുലിപ് പൂക്കളും ചെടികളും കണ്ടു കൊതി തീരുവോളം അവിടെ ചിലവഴിച്ചു.

അടുത്തത്.. മുഗൾ ഗാർഡൻ പരമ്പരകളിൽ പെടുന്ന ഷാലിമാർ ബാഗ് . AD 1619 ഇൽ അന്നത്തെ മുഗൾ ചക്രവർത്തി ആയിരുന്ന ജഹന്ഗീർ ഭാര്യ നൂർ ജഹാന് വേണ്ടി പണികഴിപ്പിച്ചതാണിത്…ചക്രവർത്തി ജഹന്ഗീർ പേർഷ്യയിൽ നിന്നും കൊണ്ടുവന്നു നട്ട് വളർത്തിയ ചിനാർ മരങ്ങൾ പഴയകാല പ്രൗഢിയോടെ നില്കുന്നത് ഇപ്പോഴും ഇവിടെ കാണാം. ചിനാർ മരത്തിന്റെ ഇലകൾ പൊഴിഞ്ഞു വീഴുന്നതും സ്വര്ണവര്ണങ്ങളിൽ കുളിരണിഞ്ഞു നില്കുന്നത് കാണേണ്ട കാഴ്ചതന്നെയാണ്. പിന്നെ നിശാദ് പാർക്കും അധികം തിരക്കൊന്നും ഇല്ല… വിശേഷപ്പെട്ട കാഴ്ചകളും കുറവ്…

അന്ന് സൂര്യനസ്തമിച്ചതിനു ശേഷമാണ് ബോട്ട് ഹൗസിൽ എത്താൻ കഴിഞ്ഞത്. മോനെയും എടുത്ത് നടന്നു നടന്നു ഒരു വഴിക്കായി ആയിരുന്നു ഞാൻ.. .അന്ന് രാത്രി ഡാൽ നദിയിൽ ശിക്കാർ യാത്ര..അതായിരുന്നു പ്ലാൻ… കാശ്മീരിന്‍റെ കിരീടത്തിലെ ആഭരണം (Jewel in the crown of Kashmir) എന്നറിയപ്പെടുന്ന ഡാല്‍ തടാകം 316 സ്ക്വയര്‍ കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നു. ഏറ്റവും വിശാലമായ ഭാഗത്ത ഏഴര കിലോമീറ്റര്‍ നീളവും, മൂന്നര കിലോമീറ്റര്‍ വീതിയുമുള്ള 6 മീറ്റര്‍ വരെ ആഴമുള്ള വിശാല തടാകം. ഡാല്‍ തടാകത്തില്‍ കാണപ്പെടുന്ന പ്രത്യേകതരം വഞ്ചി Shikara യില്‍ തടാകത്തിലൂടെയുള്ള യാത്രയില്‍ വാട്ടര്‍ ലില്ലികള്‍, പൊങ്ങിക്കിടക്കുന്ന തോട്ടങ്ങള്‍(Floating Garden), പൊങ്ങിക്കിടക്കുന്ന ചന്തകള്‍ (FloatingMarket)തുടങ്ങിയവ പുതുമയുള്ള അനുഭവമായിരിക്കും.

ഇവിടെ ഹൗസ് ബോട്ടുകള്‍ എന്നാല്‍ ബോട്ടിന്‍റെ ആകൃതിയില്‍ തടാകതീരത്ത് സ്ഥിരമായി നിര്‍ത്തിയിട്ടിരിക്കുന്ന താമസ സൗകര്യമുള്ള ഒരു വീടിന്‍റെ സൗകര്യമുള്ള നൗകകളാണ്… പണ്ട് കാലത്തു ഇവിടെ ഇങ്ങനെ ഈ രീതിയിൽ ആയിരുന്നു ഇവിടെയുള്ളവർ ജീവിച്ചിരുന്നത്.. ഇന്നു ഈ ജീവിതരീതി സഞ്ചാരികള്‍ക്കായി നല്‍കുന്ന ഹോട്ടല്‍ ബിസിനസ് ആയി മാറി.. തടാക മധ്യത്തില്‍ ഒരു ഭാഗത്ത് പഴയ കാശ്മീര്‍ രാജാവിന്‍റെ സ്ഥലവും, കെട്ടിടവും അതിര്‍ത്തി തിരിച്ച് നിലനിര്‍ത്തിയിരിക്കുന്നു. ഹൃതിക് റോഷനും പ്രീതി സിന്ദയും അഭിനയിച്ച ‘മിഷന്‍ കാശ്മീര്‍ സിനിമയിലെ ഗാനം മനസ്സിൽ ഓടി നിറഞ്ഞു…

രാത്രി വളരെ രുചികരമായ മട്ടൺ കറിയും ചപ്പാത്തിയും കഴിച്ചു ആ നൗകയിൽ നിന്നും… അതിന്റെ രുചി ഇപ്പോഴും നാവിൻതുമ്പത് ഉണ്ട്…. പിന്നെ . സിനിമകളിൽ മാത്രം ഞാൻ കണ്ടിട്ടുള്ള ചെറുതോണി രാത്രിയിൽ അതിൽ തന്നെ ഉള്ള താമസം തോണി തുഴയലും മറ്റും ഒക്കെ ആയി ആ രാത്രി അവിസ്മരണീയം ആയിരുന്നു… കച്ചവടക്കാരും സഞ്ചാരികളെ ആകർഷിക്കാൻ തക്ക മുഴുവൻ ചേരുവകകളും ഉണ്ട് അവിടെ… തടാകത്തില്‍ സഞ്ചരിക്കുമ്പോള്‍ മറ്റ് ഷിക്കാരാ നൗകകളിൽ കളില്‍കരകൗശല വസ്തുക്കള്‍ വില്‍ക്കുന്നവര്‍, പരമ്പരാഗത കാശ്മീരി വസ്ത്രമണിയിപ്പിച്ച് ഫോട്ടോയെടുക്കുന്നവര്‍, പാനീയങ്ങള്‍ വില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ ഒഴുകുന്ന ബിസിനസ് ലോകം നമുക്ക് ചുറ്റും ഉണ്ടാകും .ജീവിതത്തിൽ ഒരിക്കൽ മാത്രം കൈവരുന്ന സന്തോഷ മുഹൂർത്തം… ഡാൽ തടാകത്തിൽ മുഴുവൻ ഒഴുകി നടക്കാൻ കിട്ടിയ അസുലഭ മുഹൂർത്തം …

പിറ്റേന്ന് നല്ല പണി കിട്ടി.. ഭാര്യക്ക് ശർദിലും വയറുവേദനയും… തീരെ അവശ ആയിരിക്കുന്നു അല്പം പേടിച്ചെങ്കിലും ഹോസ്പിറ്റലിൽ പോയി ഇഞ്ചക്ഷനും മരുന്നും നൽകി… ചെറിയ ആശ്വാസം.. അപ്പോഴേക്കും മോനും ശര്ദിച്ചത് ശരിക്കും പേടിപ്പിച്ചു…. എന്നാൽ അവൻ മറ്റു വലിയ കുഴപ്പങ്ങൾ ഉണ്ടാക്കിയില്ല.. ഫാമിലിക്കൊപ്പം വരുന്നതിൽ ഉള്ള റിസ്ക് ഇത്തരം അനുഭവങ്ങൾ നമ്മെ ശരിക്കും ഭയപ്പെടുത്തും… അന്നത്തെ ദിവസം എല്ലാര്ക്കും തീർത്തും നിരാശ ആയിരുന്നു… ഗുൽമാർഗിലേക്കുള്ള യാത്ര തഴ്വരാത്ത അവസാനിപ്പിക്കേണ്ടി വന്നു… പ്രകൃതി ചതിച്ചതിനാൽ മുകളിലേക്ക് കടത്തി വിട്ടില്ല… മഴയും മറ്റും യാത്ര ദുസ്സഹമാക്കി….

അങ്ങനെ പിറ്റേന്ന് 4 ദിവസത്തെ കാശ്മീർ യാത്ര പരിസമാപ്തിയിലേക്ക്…. കുറച്ചു ദിവസങ്ങൾ കുറഞ്ഞ ചിലവിൽ എന്റെ മോളുടെ ആഗ്രഹം സാധിപ്പിച്ചു നൽകാനായതിന്റെ സന്തോഷവും സംതൃപ്തിയും എന്റെ മനസ്സിൽ നിറഞ്ഞു നില്കുന്നു… അവരുടെ മുഖപ്രസാദത്തിന്റെ ഓർമകളിൽ തിരിച്ചു നാട്ടിലേക്ക് വണ്ടി കയറുമ്പോൾ ഇതോക്കെ തന്നെ അല്ലെ കുടുംബജീവിതത്തിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ “….

ബാഗ് കളഞ്ഞ യാത്ര വിവരണത്തിന്റെ അലയൊലികൾക്കൊപ്പം ടീം ട്രാവേങ്കോയെ സമരിച്ചു കൊണ്ട് ഇനി മറ്റൊരു യാത്രയിൽ കാണണം എന്നു വിചാരിച്ചു സമർപ്പിക്കുന്നു…….കാരണം കുടുംബമൊത്തു യാത്ര ചെയ്തിരുന്ന ഞങ്ങളെ ഏറെ സഹായിച്ചിരുന്നു അവർ… ആ കൂട്ടുകാരെ നന്ദിയോടെ സ്മരിക്കുന്നു…. ഒപ്പം അശാന്തിയുടെ ഈ കാശ്മീർ താഴ്വര എന്നും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സ്വർഗീയ താഴ്വര ആയി മാറിയിരുന്നെങ്കിൽ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം.

വിവരണം – Muhthas Mlprm.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply