കൊച്ചിയുടെ തിരക്കിൽ നാം കാണാതെ പോകുന്ന ചില മുഖങ്ങൾ..

തിരക്കേറിയ നമ്മുടെ യാത്രയ്ക്കിടയിൽ നാം കാണാതെ പോകുന്ന ചില മനുഷ്യരുണ്ട്. അവരെ കണ്ടെത്തുവാൻ കഴിഞ്ഞ യാത്രാനുഭവങ്ങൾ നമ്മളോട് പങ്കുവെയ്ക്കുകയാണ് റാന്നി സ്വദേശിയായ അനൂപ് അനിൽ. സമയം ഉണ്ടെങ്കിൽ ഇതൊന്നു വായിച്ചിട്ടു പോവാം..ചിലപ്പോൾ നിങ്ങളുടെ യാത്രാരീതിയിൽ വല്ല മാറ്റം വരുത്താൻ ഇതിനു കഴിഞ്ഞാലോ.

ഒറ്റക്കുള്ള യാത്രകള്‍ എന്നും എനിക്കിഷ്ടമാണ്.. പല നാടുകളിലൂടെ സഞ്ചരിച്ച് അവിടത്തെ കാഴ്ചകള്‍ കണ്ട്, നാട്ടുകാരോട് സംസാരിച്ച്, അവരുണ്ടാക്കിയ ഭക്ഷണം കഴിച്ച്, നാടോടിയെപ്പോലെ കറങ്ങിനടക്കുന്ന കാഴ്ചകള്‍ എന്നെ എക്കാലവും വ്യാമോഹിപ്പിച്ചിരുന്നു…😍 പക്ഷെ അതിനുള്ള അവസരങ്ങൾ വളരെ വിരളമായി കിട്ടാറുള്ളൂ…

ഒരു കർണാടകകാരൻ ആയ സുഹൃത്തുമായുള്ള സംഭാഷണത്തിൽ എപ്പോളും ഞങ്ങൾ ചർച്ച ചെയുന്ന വിഷയം ആരുന്നു യാത്ര.. അപ്പോൾ ഞാൻ പറയും.. എല്ലാവരും ഇന്ത്യക്ക് പുറത്തുള്ള സ്ഥലം തേടി പോവുന്നത് എന്തിനാ.. നമ്മടെ ഇന്ത്യയിൽ തന്നെ എന്തല്ലാം ആണ് കാണാൻ ഉള്ളത്… എന്റെ കേരളത്തിൽ എന്തല്ലാം ആണ് കാണാനും അനുഭവിക്കാനും ഉള്ളത്.. ഇതൊന്നും ആർക്കും കാണണ്ട.. എല്ലാവരും പുറം രാജ്യങ്ങളിലെ കാഴ്ചകൾ തേടി പോവുന്നു.. യാത്ര ചെയുമ്പോൾ.. വെറുതെ ഒരു യാത്ര പോയി വരരുത്.. അനുഭവങ്ങൾ ആയിട്ടേ തിരിച്ചു വരാവു.. ഇത് എപ്പോളും മനസ്സിൽ കുറിച്ച് ഇട്ടിരുന്നു.. അതിനു പോകുന്ന സ്ഥലങ്ങളിലെ ആളുകളുമായി സംസാരിക്കുക.. അവരുമായി ഒരു സൗഹൃദം ഉണ്ടാക്കുക.. അവരുടെ ഇഷ്ട്ട വിഷയങ്ങളെ പറ്റി ചർച്ച ചെയുക.. അനുഭവങ്ങൾ പങ്കു വെക്കുക.. പുതിയ പുതിയ ബന്ധങ്ങൾ ഉണ്ടാക്കുക…വീണ്ടും യാത്ര തുടരുക അടുത്ത സ്ഥലങ്ങലേക്ക് പോവണം..അങ്ങനെ യാത്ര തുടരണം… ഒറ്റക് യാത്ര ചെയുമ്പോൾ ഇതിനെല്ലാം കൂടുതൽ അവസരങ്ങൾ കിട്ടുന്നു.. ഇത് ഒക്കെ കൊണ്ട് എന്റെ യാത്രകൾ എല്ലാം പലപ്പോഴും ഒറ്റക്ക് ആണ്.. എനിക്ക് ഇങ്ങനെ ഉള്ള യാത്രകളോട് ആണ് ഇഷ്ട്ടം..

നാട്ടിൽ ഇപ്പൊ നല്ല മഴ ആണ്.. വൈകുനേരങ്ങളിൽ നല്ല ഇരുണ്ടു മുടി കിടുക്കുന്ന കാലാവസ്ഥ.. തലേ ദിവസം വീടിന്റെ അടുത്ത് ഒരു കാട്ടിലെ അരുവിയിൽ ആരുന്നു കുളി.. ചാടി തിമിർത്തുള്ള കുളി ആയിരുന്നു.. കുറച്ചു നാൾ നാട്ടിൽ ഇല്ലാതിരുന്നതിന്റെ ആണ്.. 😂 അങ്ങനെ ആ വൈകുന്നേരം ഒരു കട്ടനും കുടിച്ചു ജനാലയിലുടെ മഴയും കണ്ടു.. 76 വയസുള്ള അമ്മച്ചിടെ കഥകളും കേട്ടു ഇരിക്കുമ്പോൾ ആണ്.. നമ്മടെ ഒരു ഫ്രണ്ട് പെട്ടന്ന് വീട്ടിലോട്ടു വരുന്നത്..കൊച്ചിയിൽ ആണ് താമസം.. തിരിച്ചു പോവണനെന്നു പറയാൻ വന്നതരുന്നു.. നിന്റെ റൂമിൽ ഒരാൾക്കൂടെ നിക്കാൻ സ്ഥലം ഉണ്ടോന്നു തിരക്കി ഞാൻ.. ഉണ്ടെന്നു ഉള്ള രീതിയിൽ അവൻ ഒന്നും ചിരിച്ചു.. അത് കണ്ടു ഞാനും ഒന്നും ചിരിച്ചു..

Into the wild എന്ന ഇഷ്ട്ട ബുക്കും.. കുറച്ചു ഡ്രെസ്സും.. സാഹസഞ്ചാരികൾ ആയ ക്യാമറകളും ഇട്ടു ബാഗിന്റെ വള്ളി മുറുക്കി ഞാൻ.. അമ്മച്ചിയോടു നാളെ എത്തിയേക്കാമെന്നു പറഞ്ഞു ഒരു ഉമ്മയും കൊടുത്തു വിട്ടിൽ നിന്നും ഇറങ്ങി .. ഒന്നും മിണ്ടാതെ അമ്മച്ചി ജനാലയിൽ കൂടെ നോക്കി നിന്നു കുടുംബത്തു ആർക്കും ഇല്ലാത്ത യാത്ര പ്രേമം ഇവന് എങ്ങനെ വന്നുന്നു ആവണം അമ്മച്ചി ചിന്തിച്ചിട്ടുണ്ടാവുക… അബുദാബിയിൽ നിന്നും തിരിച്ചപ്പോഴേ ഞാൻ ഉറപ്പിച്ചതാണ് ഒരു ദിവസം പോലും പാഴാക്കാതെ ചെറിയ ചിലവിൽ കൊച്ചു കൊച്ചു യാത്രകൾ ചെയ്യണം എന്ന്… അങ്ങനെ കോട്ടയത്ത്‌ നിന്നും എറണാകുളം വരെ ഒരു അടിപൊളി ട്രെയിൻ യാത്ര ഒക്കെ കഴിഞ്ഞു അവന്റെ റൂമിൽ എത്തി.. പരിജയം ഇല്ലാത്ത കുറെ കോഴിക്കോട് ചേട്ടൻമാരും ഉണ്ടാരുന്നു അവിടെ.. അങ്ങനെ അന്ന് ആ രാത്രി അവരുടെ എല്ലാം കൂടെ കഥകളും അനുഭവങ്ങളും.. എല്ലാം ആയി അവിടെ കൂടി..

പിറ്റേ ദിവസം എല്ലാരും രാവിലെ തന്നെ എഴുനേറ്റു അവരൊരുടെ ജോലിക്ക് പോയി.. ഉച്ച വരെ ഞാനും കിടന്നു സുഖമായി ഉറങ്ങി.. അവിടെ ഉണ്ടാരുന്ന ഒരു പൊട്ട ക്ലോക്കിൽ 12 ആയെപ്പോ അലാറം അടിച്ചു.. വേഗം എണിറ്റു കുളിച്ചു റെഡി ആയി ക്യാമറയും തൂക്കി തമ്മനം ബസ്റ്റോപ്പിൽ വന്നു നിന്നു.. എങ്ങോട്ടാ പോകുന്ന ഒരു ബസ് വന്നു അതിൽ ചാടി കേറി.. മേനകയ്ക്കുള്ള ടിക്കറ്റ് എടുത്തു ഇരുപ്പായി.. എന്തൊരു ആളും തിരക്കുമാണ്.. പണ്ട് കുറെ സഞ്ചരിച്ച വഴികൾ ആണ്.. ബസിന്റെ സൈഡ് സീറ്റിൽ ഇരിക്കുമ്പോൾ ആണ് നമ്മൾ ജീവിതത്തെ കുറിച്ചും നടക്കാത്ത സ്വപ്നങ്ങളെ കുറിച്ചും ഒരുപാടു ഓർക്കുന്നത് എന്നൊക്കെ ഈ FB യിൽ ഓരോത്തര് ഷെയർ ചെയുന്നത് കണ്ടിട്ടുണ്ട്.. നിങ്ങളും കണ്ടിട്ടുണ്ടാവും.. ശെരിക്കും അത് സത്യമല്ലേ… അങ്ങനെ ഞാനും ഓരോന്നൊക്കെ ഓർത്തു കൊണ്ട് ഇരുന്നപ്പോളേക്കും കണ്ടക്ടർ ചേട്ടന്റെ വിളി വന്നു.. ജെട്ടി മേനക.. ജെട്ടി മേനക.. പഴേ ഓർമകളിൽ നിന്നും.. നടക്കാത്ത വലിയ സ്വാപ്നങ്ങളിൽ നിന്നും ചാടി എഴുനേറ്റു ബസ് ഇറങ്ങി.. അവിടുന്നു പതുകെ കാഴ്ചകൾ ഒക്കെ കണ്ടു ബോട്ട് ജെട്ടി ലക്ഷ്യം വെച്ചു നടന്നു….

ഇന്ന് നീ കുറെ ആളുകളെ കാണും.. കുറച്ചു നല്ല അനുഭവങ്ങൾ കിട്ടാനുള്ള യാത്ര ആണ് നിന്റെ ഈ യാത്ര എന്ന് എന്റെ മനസ് എന്നോട് തന്നെ പറഞ്ഞു കൊണ്ട് ഇരുന്നു.. അങ്ങനെ നടന്നു ബോട്ട് ജെട്ടിയിൽ എത്തി.. ഫോർട്ട്‌ കൊച്ചിക്കുള്ള ടിക്കറ്റ് എടുത്തു.. പണ്ട് കൊച്ചിയിൽ ഉണ്ടാരുന്നു കുറച്ചു നാൾ.. അന്ന് ഫോർട്ട്‌ കൊച്ചിക്ക് ഇത് പോലെ ചെറിയ യാത്രകൾ വെറുതെ നടത്താറുണ്ടാരുന്നു.. ബോട്ട് യാത്ര ഇഷ്ട്ടമാണ്.. ബോട്ടിൽ കേറാൻ കാലെടുത്തു വെക്കാൻ നേരം എപ്പോളും ചിന്തിക്കാറുണ്ട് ഉയ്യോ ഇതിന്റെ ഇടക്കൂടെ എങ്ങനാനും വെള്ളത്തിലോട്ടു വീണു പോയാൽ എന്തരിക്കും അവസ്ഥ…. കുറെ നാൾക്കു ശേഷം ബോട്ടിൽ കേറുന്നതിന്റെ ത്രില്ലിൽ ആണ് ഞാനും.. സൈഡ് സീറ്റിൽ തന്നെ കേറി ഇരുന്നു.. ബോട്ട് വിട്ടു..

അങ്ങനെ ആ ഓളപ്പരപ്പിൽ ബോട്ട് നീങ്ങുന്നതിനിടയിൽ ഞാൻ ഫോട്ടോ എടുക്കുന്നതിന്റെ തിരക്കിനിടയിൽ ആരുന്നു.. ഞാൻ കാണിക്കുന്നതൊക്കെ നോക്കി ഒരു കണ്ണ് മുന്നിലത്തെ സീറ്റിന്റെ ഇടയിലൂടെ എന്നെ നോക്കി കൊണ്ട് ഇരിക്കുന്നുണ്ടാരുന്നു… ഒരു കുഞ്ഞു പയ്യൻ ആണ്… ഉപ്പയും ഉമ്മയും അവനും വേറെ ആരെക്കെ ആയി ഒരു ചെറിയ മുസ്ലിം കുടുംബം.. അങ്ങനെ അവന്റെ കൃസ്തിയും ബോട്ടിന്റെ ഓളവും തല്ലി ഉള്ള യാത്രയും .. സ്ഥിരം ജോലിക്ക് പോയിട്ടു ആ ബോട്ടിൽ തിരിച്ചു പോകുന്ന ചില ആളുകളുടെ സംസാരവും .. ആയി ബോട്ട് പതുക്കെ പതുക്കെ ഫോർട്ട്‌ കൊച്ചിയിലേക്ക് നീങ്ങിക്കൊണ്ട് ഇരുന്നു.. സൂര്യന്റെ ചെറിയ വെയിൽ അടിക്കുന്നുണ്ട് അങ്ങ് ദൂരേന്നു..

അങ്ങനെ ബോട്ട് ഫോർട്ട്‌ കൊച്ചിയിൽ എത്തി.. നല്ല മഴകാറുണ്ട്… സൂര്യൻ ഒക്കെ ഓടി ഒളിച്ചിരിക്കുന്നു.. ഏതായാലും മഴ പെയ്യുമെന്നു ഉറപ്പായിരുന്നു.. ജെട്ടിയിൽ ഇറങ്ങി ഫോർട്ട്‌ കൊച്ചി ബീച്ചലോട്ടു നടന്നു..കൊച്ചിയേക്കുറിച്ച് പറയുമ്പോഴെക്കെ എടുത്ത് ഉപയോഗിക്കുന്ന ഒരു ഡയലോഗുണ്ട്… ആര്‍ ഉണ്ണി എന്ന തിരക്കഥാകൃത്ത് മമ്മുക്കയെ കൊണ്ട് പറയിപ്പിച്ച അതേ ഡയലോഗ്, ‘കൊച്ചി പഴയ കൊച്ചിയല്ല’. പണ്ടൊക്കെ പറഞ്ഞിരുന്നത് കൊച്ചി കണ്ടവന് അച്ചി വേണ്ടന്നായിരുന്നു. അത് പഴയ കൊച്ചി. എന്നാല്‍ ഇപ്പോള്‍ പറയുന്നത് കൊച്ചി പഴയതല്ലന്ന്. പക്ഷെ ഞാൻ തിരയുന്നത് ആ പഴയ കൊച്ചിയേയാണ്. വിദേശങ്ങളിൽ നിന്ന് എത്തിച്ചേരുന്ന വിനോദ സഞ്ചാരികളെ സദാ ലാളിച്ച് കൊണ്ടിരിക്കുന്ന ആ പഴയ കൊച്ചിയിലേ കാഴ്ചകൾ..

കൊച്ചിയുടെ പഴമകാണണമെങ്കിൽ എറണാകുളം റെയിൽവേ സ്റ്റേഷനിലോ പത്മ ജംഗ്ഷനിലോ പനമ്പള്ളി നഗറിലോ പോയിട്ട് കാര്യമില്ല… ഇങ്ങു വരണം ഫോർട്ട്‌ കൊച്ചിലോട്ടു.. വന്യതയും നിഗൂഢതയും നിറഞ്ഞ പഴമകളിലേക്ക് കൊണ്ട് പോകുന്ന ഒരു തെരുവ്. ഫോർട്ട് കൊച്ചിയേക്കുറിച്ച് ഒരു അരസികൻ ഇങ്ങനെയായിരിക്കും വിശേഷിപ്പിക്കുക. പക്ഷെ നിങ്ങളേ പോലുള്ള ഒരു യഥാർത്ഥ സഞ്ചാരികൾക്ക് ഒരിക്കലും അങ്ങനെ തോന്നില്ല…
ഇടുങ്ങിയ വഴിയിലൂടെ മൂളിവരുന്ന ഓട്ടോ റിക്ഷകൾക്ക് വഴി മാറിക്കൊടുത്ത് ആ തെരുവിലൂടെ നിങ്ങൾ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ മുന്നിൽ തെളിയുന്നത് അത്ഭുതങ്ങൾ തന്നെയായിരിക്കും…

ആകെ മൊത്തം ഒരു ഇരുണ്ട കാലാവസ്ഥ.. നല്ല തണുത്ത കാറ്റും വീശുന്നുണ്ട്.. അങ്ങനെ ബീച് അടുക്കാറായി.. ആളുകൾ ഒക്കെ ഫോട്ടോ എടുപ്പും കാഴ്ച കാണലും ഒക്കെ ആണ് ഒരു സൈഡിൽ.. വേറെ ഒരു സൈഡിൽ അന്തികച്ചവടങ്ങൾ.. ഉപ്പിലിട്ടതും കപ്പലണ്ടിയും ഐസ്ക്രീമും അതും ഇതും.. കുട്ടികളും ഭാര്യമാരും ബന്ധുക്കളുമായി വേറെ ചിലർ.. മീൻ പിടുത്തവും പിടിച്ച മീൻ വിക്കലും മേടിക്കലും ആയി ഫോർട്ട്‌ കൊച്ചി ചേട്ടന്മാരും വേറെ കുറച്ചാൾക്കാരും.. കാണേണ്ട കാഴ്ചകൾ തന്നെ ആണ് ഇതൊക്ക. ഇവരുടെ ഒക്കെ ഇടയിലൂടെ ഓരോ ഓരോ കാഴ്ചകൾ കണ്ടു ഞാനും നടന്നു നീങ്ങി..

ഒരു കൊച്ചു പയ്യനും അവന്റെ മീൻ പിടിച്ചു കൊണ്ട് ഇരിക്കുന്ന അച്ഛനും വേഗം എന്റെ കണ്ണിൽ പെട്ടു.. ഞാൻ അവരുടെ അടുത്തേക്ക് നടന്നു… ആ കൊച്ചു പയ്യന്റെ അടുത്തേക്ക് എത്തി ഞാൻ.. അവന്റെ കണ്ണ് ചെറുതായി നിറഞ്ഞു ഇരുന്നു.. അച്ഛൻ മീൻ പിടിക്കുന്ന തിരക്കിലാണ്.. ഞാൻ അവനോടു അവന്റെ പേര് തിരക്കി.. ഇടറിയ ശബ്ദത്തിൽ അവൻ അനന്ദു എന്ന് പറഞ്ഞു.. അവന്റെ കണ്ണ് നിറഞ്ഞു ഇരിക്കുന്നതിന്റെ കാരണം ഞാൻ തിരക്കി ഇല്ല.. മറിച്ചു അവനെ ഒന്ന് അത്ഭുതപെടുത്താനും… ചിന്തിപ്പിക്കാനും.. സന്തോഷിപ്പിക്കാനും ശ്രമിച്ചു.. ഞാൻ അവനോടു കുറെ സംസാരിച്ചു അവന്റെ അച്ഛനെ പറ്റി.. സ്കൂളിനെ പറ്റി.. കൂട്ടുകാരെ പറ്റി.. ടീച്ചേഴ്സിനെ പറ്റി.. അവന്റെ ഫോട്കൊച്ചിയെ പറ്റി.. കുറെ തമാശകളും പറഞ്ഞു ഞങ്ങൾ ഒരുമിച്ചു ചിരിച്ചു.. ആറാം ക്ലാസ്സിൽ ആണ് അനന്ദു പഠിക്കുന്നത് എന്നാണ് എന്നോട് പറഞ്ഞത്.. അവന്റെ കൂടെ ഒരു സെൽഫി എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ അവൻ എന്നെ അത്ഭുതത്തോടെ നോക്കി.. അങ്ങനെ അവനോടു കളിച്ചും ചിരിച്ചും ഫോട്ടോസും എടുത്തു നിന്നപ്പോൾ ഇതാ മഴ വില്ലനായി വന്നു.. വേഗം തന്നെ അവനെ കെട്ടി പിടിച്ചു പോട്ടെ ടാ എന്ന് പറഞ്ഞു ഞാൻ ഓടി മറഞ്ഞു… അവന്റെ എടുത്തുന്നു ഓടി മറയുമ്പോൾ ആ ചാറ്റമഴയിൽ നനഞ്ഞു എന്നെ നോക്കി നിൽക്കുന്ന ആ ചെറിയ പയ്യന്റെ മുഖത്ത് ഒരു ക്യൂരിയോസിറ്റി ഉണ്ടാരുന്നു..

അവൻ ചിന്തിച്ചിട്ടുണ്ടാവണം അയാൾ എന്തിനാരിക്കും എന്നോട് ഇത്രയും സംസാരിച്ചതും കാര്യങ്ങൾ ഒക്കെ തിരക്കിയതും.. എന്നും അവൻ ഒരുപാട് യാത്രക്കാരെ അവിടെ കാണുന്നതാണ് എല്ലാവരും ഇത് പോലെ അവരോടു മിണ്ടണം എന്ന് ഇല്ല.. കാരണം ഈ കാലത്ത് ആർക്കും ആരേയും വിശ്വാസം ഇല്ലാതായിരിക്കുന്നു… ചില യാത്രയിൽ കിട്ടുന്ന ബന്ധങ്ങൾക്ക്‌ ഇത്രയും ആയുസ്സ് മാത്രമേ ഉണ്ടാവുള്ളു.. അത് അങ്ങനെ തന്നെ ഇരുന്നാൽ മാത്രമേ രസവുമുള്ളൂ… പക്ഷെ നമ്മൾ അവരെ മറക്കില്ല.. നമ്മളെ അവരും.. കാരണം എന്നും ഒരു ചോദ്യചിഹ്നം പോലെ മനസ്സിൽ ഉണ്ടാവും. ഒറ്റക്കു യാത്ര ചെയ്യുന്നവർ ഇതുപോലെ ചില കുസൃതികളും.. കൂടുതൽ ബന്ധങ്ങളും ഉണ്ടാക്കാൻ ശ്രദ്ധിക്കുക.. നിങ്ങളുടെ യാത്ര കൂടുതൽ മനോഹരം ആയിരിക്കും. ആ മഴ വലിയ ഒരു മഴ ആയി പോയി..

ഫോർട്ടികോച്ചിലെ അനന്ദുന്റെ എടുത്തു നിന്നും പിരിഞ്ഞപ്പോൾ പെയ്ത മഴ.. ഏകദേശം പിറ്റേന് രാവിലെ വരെ തുടരുന്നു.. അതിന്റെ ഇടയിൽ പല കാര്യങ്ങൾ സംഭവിച്ചു.. കൂട്ടുകാരന്റെ റൂമിലെ ബാൽക്കണിയിൽ കൊതുക് കടി കൊണ്ട് ദൂരെ കാണുന്ന ചെറിയ ബൾബ് വെളിച്ചങ്ങളെ നോക്കി ഉള്ള ഇരുപ്പു.. നാളെ എന്ത്.. എങ്ങോട്ട് എന്ന് ഉള്ള എന്റെ ചിന്ത.. അതിന്റെ ഇടയ്ക്കു കൊതുകിന്റെ കടിയും.. കൊതുക് അരുന്നിട്ടു പോലും എനിക്ക് എന്തോ ആ ബാൽക്കണിയിൽ ആ തണുപ്പാണ് കിടുന്നു ഉറങ്ങാൻ ആണ് താല്പര്യം തോന്നിയത്.. കൂട്ടുകാരനോട് ഒരു തലയിണയും ഇച്ചിരി ചൂട് വെള്ളവും മാത്രമാണ് ഞാൻ ആവശ്യപ്പെട്ടത്.

അകത്തു നല്ല ബെഡിൽ കേറി കിടക്കാൻ അവൻ നിർബദ്ധിച്ചിട്ടും ഞാൻ ആ തണുപ്പത് കൊതുക് കടി കൊണ്ട് കിടുന്നു.. ചിലപ്പോളൊക്കെ അങ്ങനെ വേണം.. ചില സുഖങ്ങൾ ഒക്കെ വേണ്ടാന്നു വെക്കണം ഫോണേൽ തൂവാനതുബികളിലെ bgm മ്യൂസിക് ചെറിയ ശബ്‌ദത്തിൽ പ്ലേ ആയി കിടുപ്പുണ്ടാരുന്നു കൂടെ കുറെ ചിവിടുകളുടെ കരച്ചിലും.. അനന്തു.. എന്നെ ആ മഴയത്തു നോക്കി നിന്ന അവന്റെ മുഖം മനസിലേക്ക് വന്നു.. നാളെ ഇനി ആര്..?? മ്യൂസിക്കിന് ഒത്തു ഞാനും ഉറക്കത്തിലേക്കു കടന്നു..

പിറ്റേന്ന് പതിവിലും നേരത്തെ എഴുനേറ്റു.. കൂട്ടുകാരൻ എഴുന്നേൽക്കുന്ന മുന്നെ തന്നെ എഴുനേറ്റു ക്യാമറയും എല്ലാം റെഡി ആക്കി റൂം വിട്ടിറങ്ങി.. എഴുന്നേൽക്കുമ്പോൾ അവൻ എന്നെ തിരയുന്നുണ്ടാവും… ഒരു ലക്ഷ്യവും ഇല്ലാതെ ആണ് ഇന്ന് ഇറങ്ങിയിരിക്കുന്നത്… കൊച്ചിലോട്ടു വന്നേക്കുന്നതു തന്നെ ഒരു ലക്ഷ്യം ഇല്ലാതെ.. അങ്ങനെ ലക്ഷ്യം ഇല്ലാത്ത യാത്രകൾ ആണ് എനിക്ക് കൂടുതൽ അനുഭവങ്ങൾ സമ്മാനിച്ചിട്ടുള്ളതും.. അത് കൊണ്ട് ലക്ഷ്യബോധം ഇല്ലാത്ത എന്റെ യാത്രയിൽ എനിക്ക് വിശ്വാസം ആരുന്നു.. വെറുതെ മറൈൻ ഡ്രൈവ് വരെ പോയി വരാം എന്ന് ഓർത്തു അങ്ങോട്ടേക്ക് യാത്ര തിരിച്ചു രാവിലെ തന്നെ.. പ്രണയിനികളുടെ തീരം എന്നു വിശേഷിപ്പിക്കാവുന്ന കൊച്ചി നഗരത്തിലെ വിനോദസഞ്ചാരകേന്ദ്രമാണ് മറൈൻ ഡ്രൈവ്. നഗരത്തിന്റെ ഹൃദയഭാഗത്ത് നറുപുഞ്ചിരി തൂകി കാണികളെ മാടിവിളിക്കുന്ന മറൈൻ ഡ്രൈവിന്റ സുന്ദരകാഴ്ച ആരെയും മോഹിപ്പിക്കും…

കായൽക്കാഴ്ചയും ആകാശകാഴ്ച ഒരുക്കുന്ന വെള്ളപൂശിയ കെട്ടിടങ്ങളും നിര നിരയായി ക്രമീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങളുമെല്ലാം കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നു. സന്ധ്യമയങ്ങുന്ന നേരമാണ് കാഴ്ചകൾ ഏറെ സുന്ദരം. മറഞ്ഞുപോകുന്ന മേഘങ്ങളുടെ കാഴ്ചയും സൂര്യാസ്തമയവും കാണാനും ഒഴിവുസമയം ചിലവഴിക്കുവാനും കുടുംബവുമൊത്ത് നിരവധിപേരാണ് മറൈൻ ഡ്രൈവിൽ എത്തുന്നത്. ഞാൻ വെറുതെ കൈയിൽ ക്യാമറയും പിടിച്ചു ഒരു കോണിൽ നിന്നും നടത്തം തുടങ്ങി.. പല പല വേറിട്ട കാഴ്ചകൾ.. മരച്ചുവട്ടിൽ ഇരുന്നു പ്രണയം പങ്കു വെക്കുന്ന കമിതാക്കൾ..

തല ഒന്നു തിരിച്ചു നേരെ എതിർ ദിശയിലേക്കു നോക്കിയാൽ കാണുന്ന കാഴ്ച തികച്ചും വ്യത്യസ്തം. ആരോ സമ്മാനിച്ചു പോയ തന്റെ പിഞ്ചു കുഞ്ഞുങ്ങളുമായി… ഒരു നേരത്തെ ഭക്ഷണം കിട്ടാൻ വേണ്ടി ഉള്ള കച്ചവടം കിട്ടാൻ വേണ്ടി സഞ്ചാരികളുടെ കണ്ണിലൊട്ടു നോക്കി ഇരിക്കുന്ന നോർത്ത് ഇന്ത്യൻ സ്ത്രീ.. വിശപ്പ്‌.. അതിനു മുന്നിൽ എന്ത് പ്രണയം… പക്ഷെ അതിനു മുന്നിൽ ഇരുന്നും ചില കമിതാക്കൾ അവരുടെ ഭാവിയെ പറ്റി പറഞ്ഞു ചിരിച്ചു ഉല്ലസിച്ചു കൊണ്ടിരിക്കുന്നു… ദൂരെ നിന്നും ആ കുട്ടിയുടെ ഒരു ഫോട്ടോ ക്യാമെറയിൽ എടുത്തു ആ സ്ത്രീയെയും കുട്ടിയേയും കാണാത്ത രീതിയിൽ ഞാൻ മുന്നോട്ടു നടന്നു നീങ്ങി.. ഒരു നിമിഷത്തേക്ക് ഞാൻ എന്തൊരു ക്രൂരൻ ആണെന്ന് എനിക്ക് തോന്നി പോയി..

ചിരിയും കളിയും ആയി പല മുഖങ്ങൾ.. പല ആളുകൾ എന്നെ കടന്നു പോയി.. ഞാൻ മുന്നോട്ടു നടന്നു കൊണ്ടിരിക്കുന്നു.. ആ സ്ത്രീയും അവരുടെ കുട്ടികളും എന്റെ മനസ്സിൽ നിന്നും മാഞ്ഞു പോയിരിക്കുന്നു.. പുതിയ കാഴ്ചകൾ കണ്ട് കണ്ട്… ഞാൻ മുന്നോട്ടു നടന്നു.. മുന്നോട്ടു മുന്നോട്ടു അങ്ങനെ കാഴ്ചകൾ കണ്ട് നടന്നപ്പോൾ ആണ് പെട്ടന്ന് ഒരു കുഞ്ഞു കട എന്റെ കണ്ണിൽ പെട്ടത്.. കുറെ മനോഹരമായ ചിത്രങ്ങൾ.. വരച്ചു ഫ്രെയിംമുകളിൽ ആക്കി വെച്ചിരിക്കുന്നു…. ഒരാൾക്ക് മാത്രം കയറി ഇരിക്കാൻ പറ്റുന്ന ഒരു കുഞ്ഞു കട.. ഞാൻ അതിന്റെ അടുത്തേക്ക് നടന്നു.. പല മുഖങ്ങൾ വരച്ചു ഫ്രെയിംമുകളിൽ ആക്കി കടയുടെ ഉമ്മറതു തൂക്കി ഇട്ടിരുന്നു.. ഞാൻ കടയുടെ അടുത്തെത്തി..

കടയുടെ കുഞ്ഞു കിളി വാതിൽ നിന്നും ഒരാൾ പുറത്തേക്കു എന്നെ നോക്കി.. ഞാൻ.. ചേട്ടാ.. ഈ ചിത്രങ്ങൾ ഒക്കെ ചേട്ടൻ വരയ്ക്കുന്നതാണോ?? അതെ.. ഞാനും എന്റെ അനിയനും.. അദ്ദേഹം മറുപടി പറഞ്ഞു.. അദ്ദേഹത്തിന്റെ പേര് ഞാൻ തിരക്കി.. അരുൺ എന്ന് അദ്ദേഹം മറുപടി പറഞ്ഞു.. ഞാൻ വിലയും കാര്യങ്ങളും എല്ലാം തിരക്കി.. കാലാകാരൻമാരെയും കലയോടും ഒക്കെ ഒരു ബഹുമാനം പണ്ടേ ഉണ്ട്.. എല്ലാം നല്ല ഉഗ്രൻ ചിത്രങ്ങൾ… ഞങ്ങളുടെ സംസാരത്തിനിടയിൽ ആ ചെറിയ കിളിവാതലിൽ നിന്നും അരുൺ ചേട്ടൻ എന്റെ കഴുത്തിൽ കിടുക്കുന്ന ക്യാമറ കണ്ടത്.. സംസാരത്തിനിടയിൽ ചേട്ടന്റെ കണ്ണ് ഇടക്ക് ഇടക്ക് ക്യാമറയിലേക്ക് പോകുന്നത് ഞാൻ കണ്ടിരുന്നു…

ഞാൻ എന്നാ പോവട്ടെ എന്ന് പറഞ്ഞു ഞാൻ മുന്നോട്ടു നടക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം ഒരു നിമിഷം എന്ന് പറഞ്ഞു കടയുടെ പുറത്തു ഇറങ്ങി എന്റെ അടുത്ത് വന്നു…. എന്നോട് ക്യാമറയെ പറ്റി ചോദിക്കാൻ തുടങ്ങി.. ലെൻസ്‌കളെ പറ്റി പറയാൻ തുടങ്ങി.. സ്വന്തമായി ക്യാമറ ഇല്ലാത്ത ഒരാൾക്ക് ഇത്രയും ക്യാമറയെ പറ്റി അറിവ് ഉണ്ടല്ലോ എന്ന് ചിന്തിച്ചിട്ടുഉള്ള അത്ഭുതഭാവം എന്റെ മുഖത്തു കണ്ടിട്ട് ആവണം.. അദ്ദേഹം പറഞ്ഞു.. “ഇതെല്ലാം ഞാൻ വായനയിൽ നിന്നും നേടിയ അറിവാണ്.. ക്യാമറ സ്വന്തമായി ഇല്ലെങ്കിലും വായനയിൽ നിന്നും എനിക്ക് ഫോട്ടോഗ്രഫിയെ കുറിച്ച് ഒരു പരുതി വരെ നല്ല അറിവ് കിട്ടിട്ടുണ്ട്.. എല്ലാം ഓരോ മാഗസിനിൽ വരുന്നതു വായിച്ചു ആണ്….”

വീണ്ടും ഞങ്ങൾ തുടർന്നു സംസാരിക്കാൻ തുടങ്ങി.. ഫോട്ടോഗ്രാഫ്യിൽ തുടങ്ങിയ സംഭാഷണം..യാത്രയിലേക്കും 20 വർഷങ്ങൾ മുൻപ് ഉള്ള മറൈൻ ഡ്രൈവ് വരെ എത്തി അതിനിടയിൽ ഒരു അപചിതരെ പോലെ സംസാരിച്ച ഞങ്ങൾ പെട്ടന്ന് ആയിരുന്നു ഒരു സൗഹൃദത്തിലേക്ക് തിരിഞ്ഞത്.. യാത്രയോടും ഫോട്ടോഗ്രാഫ്യോടും അദ്ദേഹത്തിനുള്ള ഒരു പ്രണയം.. അത് എനിക്ക് ഞങ്ങളുടെ സംഭാഷണത്തിൽ നിന്നും എനിക്ക് വേഗം മനസിലാക്കാൻ കഴിഞ്ഞിരുന്നു.. ചില ആളുകളോട് സംസാരിക്കുമ്പോൾ.. അവരുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ.. യാത്രകൾ കൂടുതൽ ചെയ്യാൻ ഒരു ഹരം കിട്ടുന്നുണ്ട്… അങ്ങനെ യാത്രയിൽ നിന്നും വിടും അപ്രതീക്ഷിതമായി ഒരു സൗഹൃദം കിട്ടിയ സന്തോഷത്തിൽ അദ്ദേഹത്തിനോട് എന്നെങ്കിലും എവിടെയങ്കിലും ഇനിയും കണ്ടു മുട്ടാം എന്ന് യാത്ര പറഞ്ഞു ഞാൻ മുന്നോട്ടു നടന്നു..

വീണ്ടും പല കാഴ്ചകൾ.. മരത്തണലിൽ ഇരുന്നു മുഷിഞ്ഞ നോട്ടുകൾ എണ്ണുന്ന മധ്യവയസ്സൻ.. പണച്ചാക്കുകളുടെ പെർസ്‌സിൽ ചുളിങി കുടി ഇരുന്ന പത്തു രൂപ നോട്ടുകൾ ആ വൃദ്ധന്റെ കയ്യിൽ എത്തിയപ്പോൾ രാജാക്കൻമാർ ആയപോലെ.. വീണ്ടും പല മുഖങ്ങൾ കടന്നു പോയി ഞാൻ മുന്നോട്ടു നടന്നു.. നല്ല ഒരു ഇളം കാറ്റ് വീശി.. അതാ അവിടെ ഒരു ചെറുതോണി.. ദൂരെയുള്ള കപ്പലുകളെ നോക്കി ഓളങ്ങൾക്ക് അനുസരിച്ചു അത് അങ്ങോട്ടും ഇങ്ങോട്ടും ആടി കളിക്കുന്നുണ്ടായിരുന്നു.. ചെറിയ ഒരു കയറിൽ അത് ആരോ കെട്ടി ഇട്ടിട്ടുണ്ട്.. ദൂരെ ഉള്ള ആ വലിയ കപ്പലുകളെ നോക്കി തുള്ളി ചാടുന്ന ആ ചെറുതോണി നിയന്ത്രിക്കാൻ ആ കുഞ്ഞുകയറു ഇല്ലാരുനെകിൽ.. ഒരുപക്ഷെ വലിയ ഓളങ്ങളിൽ പെട്ടു ആ ചെറിയ തോണി നശിച്ചു പോയേനെ.. നമ്മുടെ ഓരോതരുടെയും ജീവിതങ്ങളും ഇത് പോലെ ആണെല്ലോ എന്ന് ഞാൻ ചിന്തിച്ചു.. ആ ചെറുതോണിയെ നിയന്ത്രിക്കാൻ കെട്ടിയിട്ടുള കയറു പോലെയാണ്.. നമ്മളുടെ ചില ബന്ധങ്ങളും.. അമ്മയാവാം.അച്ഛനാവാം ചേട്ടനാവാം.. ചേച്ചിയാവാം.. ആരുമാവാം.. അധികം താമസിക്കാതെ ഞാൻ അവിടെ നിന്നും വീണ്ടും മുന്നിലേക്ക്‌ നടക്കാൻ തുടങ്ങി..

ഒന്ന് കണ്ണ് തുറന്നു യാത്ര ചെയ്താൽ നമ്മുക്ക് ചുറ്റും എന്തൊക്കെ കാഴ്ചകൾ ആണ് ഉള്ളത് എന്ന് ആലോചിച്ചു ഞാൻ മുന്നോട്ടു നടന്നത്.. മഴവില്ല് പാലത്തിൽ എത്തി ഞാൻ ചുറ്റും ഫോട്ടോ എടുപ്പും കാര്യങ്ങളും ആയി ആളുകൾ തിരക്കിലാണ്… ഞാൻ ഇതെല്ലാം കണ്ട് താഴേക്കു പടികൾ ഇറങ്ങാൻ തുടങ്ങി.. അവിടെ വെച്ചാണ് ഞാൻ നമ്മടെ സുന്ദരിയെ ആദ്യമായി കാണുന്നത്…:) നരച്ച മുടികൾ..ചുവന്ന കുപ്പിവളകൾ .. മുഷിഞ്ഞ ഒരു നീല സാരി.. ഒരു ഒന്നുവടി.. ഒരു പഴഞ്ചൻ സഞ്ചി… കൈയിൽ കുറച്ചു മുഷിഞ്ഞ നോട്ടുകൾ ചുരുട്ടി പിടിച്ചു പോകുന്ന ആളുകളെ കണ്ണിലേക്കു നോക്കുന്നുണ്ട്… കുടുംബവും കുട്ടികളുമായി പല ആളുകൾ അവരെ കടന്നു പോകുന്നു… ചിലർ പൈസ കൊടുക്കാൻ വേണ്ടി പേഴ്‌സ് എടുത്തു വലിയ നോട്ടുകൾക്കിടയിൽ നിന്നും ഏറ്റവും ചെറിയ നോട്ടു കണ്ട് പിടിക്കാൻ കഷ്ടപ്പെടുന്നതും കണ്ട് ഞാൻ ആ പടിയിൽ കുറെ നേരം നിന്നു..

കുറച്ചു നേരം ഈ കാഴ്ചകൾ ഒക്കെ കണ്ട് ഞാൻ പതുക്കെ പടികൾ ഇറങ്ങി അവരുടെ അടുത്തേക്ക് ചെന്നു. എല്ലാവർക്കും കൊടുക്കുന്ന അതെ ചിരി എനിക്കും നൽകി കൊണ്ട് എനിക്ക് നേരെയും കൈ കൂപ്പി…. ഞാൻ പതുക്കെ അവരുടെ അടുത്തിരുന്നു.. ഞാൻ.. അമ്മേടെ പേര് എന്താ.. വളരെ സന്തോഷത്തോടെ അവർ പറഞ്ഞു രാജമണി.. അവരുടെ മുഖത്ത് അപ്പോൾ ഉണ്ടായ ഒരു പ്രകാശം.. ❤ ഓഹ്… ഞാൻ അടുത്തത് ഏതാ ചോദിക്കാൻ പോകുന്നത് എന്നാ കൗതുകം ഞാൻ രാജമണിഅമ്മയുടെ കണ്ണിൽ കണ്ടു.. ഞാൻ.. എന്തൊരു പ്രകാശം ആണ് ഈ മുഖത്ത്.. മറുപടി ഉണ്ടായിരുന്നില്ല.. മറിച്ചു മുകളിലേക്കു കൈകൾ കാണിച്ചു.. രാജമണി അമ്മ വിശ്വസിക്കുന്ന ദൈവത്തിനെ ആണെന്ന് എനിക്ക് മനസിലായി..

ഒരുമിച്ചു ഒരു ഉച്ച ഭക്ഷണത്തിനു നിർബന്ധത്തിച്ച എനിക്ക് ഈ സഞ്ചി ഉള്ളിൽ എനിക്ക് ഉള്ള ചോറ് ഉണ്ടെന്നാണ് പറഞത് അമ്മ.. തമിഴ് മലയാളം കലർന്ന രീതിയിൽ ആരുന്നു രാജമണിഅമ്മയുടെ സംസാരം.. ആ പഴഞ്ചൻ സഞ്ചിയിൽ ഒരു ഭാഗം മുഴുവനും മരുന്ന് ആണ്.. കിട്ടുന്ന പണം അതിനു മാത്രമേ തികയുന്നുള്ളു… ഞങ്ങൾ കുറെ സംസാരിച്ചു.. യാത്ര പോകുമ്പോൾ ഇങ്ങനെ ഉള്ളവരെ കണ്ടാൽ ഒന്ന് മിണ്ടാൻ നേരം മാറ്റി വെക്കണം.. നമ്മുടെ ജീവിതത്തിൽ അത് ചിലപ്പോൾ വലിയ കാര്യം ആല്ലയിരിക്കും.. പക്ഷെ അവരുടെ ജീവിതത്തിൽ അത് മറക്കാനാവാത്ത ഒരു അനുഭവം ആയിരിക്കും… രാജമണിഅമ്മയുടെ കുറെ ജീവിത കഥകൾ (എഴുതാൻ താൽപര്യപെടാത്ത ) കേട്ട് .. ഒരു ചെറു സഹായവും ചെയ്ത് ഞാൻ യാത്ര പറയാൻ ഒരുങ്ങി..

ഒരു ഫോട്ടോ എടുത്തു ഞാൻ.. എന്തിനാ മോനെ ഈ വയസിടെ ഫോട്ടോ എന്ന് ഒരു തമിഴ് ചുവയിൽ രാജമാണിഅമ്മ ചോദിച്ചു… ഞാൻ.. ഇനിയും ജീവിതത്തിൽ കണ്ട്മുട്ടുമ്പോൾ ഓർക്കേണ്ട.. അത് കേട്ട് അവർ മനസ് തുറന്നു ഒന്ന് ചിരിച്ചു… മുഖത്തു ഒരു പ്രതിക്ഷയും ഞാൻ കണ്ടു.. അത് കണ്ടപ്പോൾ എന്റെയും മനസ് നിറഞ്ഞു.. ജീവിതത്തിൽ കുറച്ചു നല്ല നിമിഷങ്ങൾ തന്നതിന് രാജമണിഅമ്മക്ക് ഒരു ആയിരം നന്ദി മനസ്സിൽ പറഞ്ഞു ഞാൻ മുന്നോട്ടു നടന്നു..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply