വിമാനയാത്രയ്ക്കിടയിൽ ചില സുരക്ഷാ കാരണങ്ങളോ കാലാവസ്ഥാ വ്യതിയാനകളോ മൂലം ഇറങ്ങേണ്ട എയർപോർട്ടിന് പകരം മറ്റ് എയർപോർട്ടുകളിൽ ലാൻഡ് ചെയ്യാറുണ്ട്. ഇത്തരത്തിൽ വഴി മാറി ഇറങ്ങുന്നത് മൂലം യാത്രക്കാർക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യാറുണ്ട്. ഉദാഹരണത്തിന് തിരുവനന്തപുരത്ത് ഇറങ്ങേണ്ട വിമാനം കൊച്ചിയിലോ കോഴിക്കോടോ ഇറക്കിയാൽ യാത്രക്കാർ അവിടുന്ന് റോഡ് മാർഗ്ഗം തിരുവനന്തപുരത്തേക്ക് എത്തേണ്ടി വരും. വിമാന ജീവനക്കാരാണെങ്കിൽ യാത്രക്കാർക്ക് അധികം മുഖം കൊടുക്കാതെ നൈസായി കാര്യം ഒതുക്കി മുങ്ങുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ ദിവസം ഒരു പൈലറ്റ് തൻ്റെ യാത്രക്കാരുടെ വിഷമം ഒതുക്കുവാൻ വേണ്ടി സമ്മാനമായി പിസ നൽകിയാണ് മാതൃകയായത്.
സംഭവം നടക്കുന്നത് അമേരിക്കയിലാണ്. അമേരിക്കയിലെ ലോസ് ആഞ്ചലസിൽ നിന്നും ഡാലസിലേക്ക് പോകുകയായിരുന്നു അമേരിക്കൻ എയർലൈൻസ് 2354 നമ്പർ വിമാനം. എന്നാൽ കഠിനമായ പേമാരിയും മഴയും മൂലം വിമാനത്തിന് ഡാലസിൽ ഇറങ്ങാൻ കഴിയാതെ വരികയുണ്ടായി. പകരം വിമാനം ടെക്സാസിലെ ഒരു പ്രാദേശിക വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. അവിടെ നിന്നും ഡാലസിലേക്കുള്ള മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അയക്കുക എന്നതാണ് ഇനിയുള്ള മാർഗ്ഗം. പക്ഷെ ആ വിമാനത്താവളത്തിൽ നിന്നും പിറ്റേദിവസമാണ് ഡാലസിലേക്ക് വിമാന സർവ്വീസ് ഉള്ളത്. യാത്രക്കാരും ജീവനക്കാരും പെട്ടു എന്നു പറഞ്ഞാൽ മതിയല്ലോ.
കാര്യമറിഞ്ഞതോടെ വിമാനത്തിലുണ്ടായിരുന്ന 159 യാത്രക്കാരും വിഷമത്തിലായി. താരതമ്യേന ചെറിയ വിമാനത്താവളം ആയതിനാൽ യാത്രക്കാർക്ക് ഭക്ഷണം കഴിക്കുവാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. യാത്രക്കാരുടെ വിഷമസ്ഥിതി മനസ്സിലാക്കിയ പൈലറ്റ് ജെഫ് റെയ്ൻസ് യാത്രക്കാരുടെ സമ്മർദ്ദം കുറയ്ക്കുന്നതിനായി വളരെ കൗതുകകരമായ ഒരു കാര്യമാണ് ചെയ്തത്. ടെൻഷനിലായ യാത്രക്കാർ ക്ഷോഭിക്കുന്നതിനു മുൻപേ അദ്ദേഹം അടുത്തുള്ള പപ്പാ ജോൺസ് എന്ന പിസ്സ ഷോപ്പിൽ വിളിച്ച് മുഴുവൻ യാത്രക്കാർക്കും വേണ്ടി പിസ ഓർഡർ ചെയ്തു. നിമിഷനേരങ്ങൾക്കകം പിസ ഡെലിവറി കാർ വിമാനത്താവളത്തിൽ എത്തിച്ചേർന്നു. വിമാനത്തിൽ നിന്നും പൈലറ്റ് ജെഫ് തന്നെ ഓടിച്ചെന്നാണ് പിസ പാക്കറ്റുകൾ ഡെലിവറി ടീമിൽ നിന്നും കളക്ട് ചെയ്തതും. ഈ കാഴ്ച കണ്ടതോടെ യാത്രക്കാർ തങ്ങളുടെ പൈലറ്റിന് നന്ദി പറയുകയും അഭിനന്ദിക്കുകയുമാണുണ്ടായത്.
ഈ ദൃശ്യങ്ങൾ ആരോ പകർത്തി സമൂഹ മാധ്യമങ്ങളിൽ ഇട്ടതോടെ സംഭവം പുറംലോകം അറിയുകയും ചെയ്തു. ഇതോടെ പൈലറ്റ് ജെഫ് റെയ്ൻസിന് അഭിനന്ദനപ്രവാഹമാണ് ഒഴുകിയത്. തൻ്റെ മാത്രം കഴിവല്ല, തൻ്റെ കൂടെയുണ്ടായിരുന്ന മറ്റു ക്രൂവിന്റെയും കൂടി പരിശ്രമമാണ് ഇതിനു പിന്നിലെന്ന് ജെഫ് മാധ്യമങ്ങളോട് പറഞ്ഞു. യാത്രക്കാർക്ക് വെള്ളവും ജ്യൂസും ഒക്കെ ഓടിനടന്നു നൽകുവാനും മറ്റും തൻ്റെ ക്രൂ അംഗങ്ങൾ മുൻപന്തിയിൽ ആയിരുന്നെന്നും ജെഫ് വെളിപ്പെടുത്തുന്നു. യാത്രക്കാർക്ക് പ്രശ്നങ്ങൾ ഒന്നുംതന്നെ ഉണ്ടാക്കാതെ ഇത്തരമൊരു അവസ്ഥ കയ്യിലെടുത്ത് ഒതുക്കിയ പൈലറ്റിനും ജീവനക്കാർക്കും അമേരിക്കൻ എയർലൈൻസ് കമ്പനിയും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.