പാലക്കാട് – സേലം -തിരുവണ്ണാമലൈ – എലഗിരി വഴി ഹൊഗനക്കലിലേക്കൊരു യാത്ര ….

വിവരണം – മുഹമ്മദ് അലി പി.

തമിഴ് നാട്ടിലെ എവിടെയെങ്കിലും പോകാം എന്ന ഒറ്റലക്ഷ്യത്തോടെയാണ് നാട്ടില്‍ നിന്ന് ഞങ്ങള്‍ പുറപ്പെട്ടത്.നാട്ടിലെ പ്രത്യേക സാഹചര്യം കൊണ്ട് ഈ ഓണാവധിക്ക് യാത്രകളൊന്നും വേണ്ടെന്ന് വെച്ചതാണ്. അത് കൊണ്ട് തന്നെ യാത്രക്കുള്ള യാതൊരു പ്ലാനിംഗും ഉണ്ടായിരുന്നില്ല.. പക്ഷേ പെട്ടെന്ന് മഴമാറി മാനം തെളിഞ്ഞപ്പോള്‍ എവിടേക്കെങ്കിലും പോയിക്കളയാമെന്ന് വെച്ചു.കാരണം ജീവിതത്തില്‍ ആകെയുള്ളൊരു വിനോദം യാത്രകള്‍ മാത്രമാണ്… തിരക്ക് പിടിച്ച ജീവിതത്തിലെ ചെറിയ ചെറിയ സ്റ്റോപ്പുകളും വിശ്രമകേന്ദ്രങ്ങളുമാണ് ഓരോയാത്രകളും…. പട്ടാമ്പിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ രാത്രി ഒമ്പത് മണി കഴിഞ്ഞിട്ടുണ്ടായിരുന്നു. രാത്രി യാത്രക്ക് പ്രത്യേക ഭംഗിയാണ്. ഇരുട്ടില്‍ അങ്ങിങ്ങായി കാണുന്ന പ്രകാശങ്ങള്‍ക്കും രാത്രികാലങ്ങളില്‍ സജീവമാകുന്ന ചെറിയ ചെറിയ അങ്ങാടികള്‍ക്കും അരണ്ടവെളിച്ചത്തില്‍ വിദൂരതയിലേക്ക് നീണ്ടുകിടക്കുന്ന വെളിമ്പ്രദേശങ്ങള്‍ക്കും വല്ലാത്തൊരു സൗന്ദര്യമുണ്ട്. കാറിന്‍റെ അച്ചിട്ട ഗ്ലാസിലൂടെ ഇതെല്ലാം നോക്കിയിരുന്നു…..

ചുള്ളിമട ടോള്‍ ബൂത്തില്‍ പൈസ കൊടുക്കാനായി നിറുത്തിയിട്ടിരിക്കുന്ന വണ്ടികള്‍ക്ക് പിറകിലായി ഞങ്ങളുടെ കാറും നിറുത്തുന്നത് വരെ മനോഹരമായ ദേശീയ പാതയിലൂടെ മുന്നോട്ട് നീങ്ങി… പകലാണെങ്കില്‍ ഈ ടോള്‍ ബൂത്തില്‍ നിന്നാല്‍ പശ്ചിമഘട്ടമലനിരകളില്‍ പെട്ട വാളയാര്‍ കാടുകളുടെ മനോഹരകാഴ്ചകള്‍ കാണാമായിരുന്നു…. വാഹനങ്ങളുടെ എണ്ണക്കൂടുതല്‍ കൊണ്ടാകും കുറച്ചതികം വാഹനങ്ങളെ ടോള്‍ വാങ്ങാതെ കടത്തി വിട്ടു..ഭാഗ്യവശാല്‍ അതില്‍ ഞങ്ങളും പെട്ടു… പക്ഷേ അത് അതികം നീണ്ടുനിന്നില്ല. തമിഴ് നാട്ടിലേക്ക് കടന്നതും ടോള്‍ ബൂത്തുകളുടെ പ്രളയമാണ്. എത്രസ്ഥലത്ത് നിറുത്തിയെന്നോ എത്ര രൂപകൊടുത്തുവെന്നോ ഒരു നിശ്ചയവുമില്ല. സേലം എത്തുന്നത് വരെ അത് തുടര്‍ന്നു…. നിര്‍മ്മാണത്തിനോ അറ്റകുറ്റപണികള്‍ക്കോ പൈസയില്ലാതെ ബുദ്ധിമുട്ടുന്നതിലും നല്ലത് പൈസകൊടുത്ത് ഉപയോഗിക്കാവുന്ന നിലവാരമുള്ള ഇത്തരം ടോള്‍ റോഡുകള്‍ തന്നെയാണ്…..

യാത്രക്കിടെ പേരറിയാത്തൊരു സ്ഥലത്ത് നിന്ന് അത്താഴവും .അത് കഴിഞ്ഞ് പേരറിയാത്ത മറ്റൊരു സ്ഥലത്ത് നിന്ന് ഉറക്കമകറ്റാന്‍ ചായയും കഴിച്ചു… ഉറക്കം കണ്ണുകളെ കീഴ്പ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ വാച്ചിലേക്ക് നോക്കി സമയം പുലര്‍ച്ചെ രണ്ട്മണിയോടടുത്തിരുന്നു.എന്തായാലും കുറച്ച് കൂടിപോയാല്‍ സേലം ടൗണില്‍ എത്തും അവിടെ ചെന്ന് റൂമെടുത്ത് വിശ്രമിക്കാം ഞങ്ങള്‍ യാത്ര തുടര്‍ന്നു…… രണ്ട് മണിക്കൂര്‍ ഉറക്കത്തിന് ശേഷം രാവിലെ ആറുമണിക്ക് തന്നെ എഴുന്നേറ്റു. ചായകുടിക്കാനായി പുറത്തേക്കിറങ്ങി. സാവധാനം സജീവമാകുന്ന സേലം പട്ടണത്തിലെ കാഴ്ചകളിലേക്കും നോക്കി തമിഴന്‍റെ സ്വാദിഷ്ടമായ ചുടുചായയും കുടിച്ച് കുറച്ച് നേരമിരുന്നു…… പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങി അടുത്ത് കണ്ട ഹോട്ടലില്‍നിന്നും ഇഡ്ഢലിയും സാമ്പാറും കഴിച്ചു.കൂട്ടിന് തേങ്ങാചട്ട്ണിയും തക്കാളി ചട്ട്ണിയും…. ഇഡ്ഢലിയുടെയും സാമ്പാറിന്‍റെയും യഥാര്‍ത്ഥ രുചിയറിയാന്‍ കേരളത്തിന് പുറത്ത് നിന്ന് കഴിക്കണമെന്ന് അനുഭവംവെച്ച് പറയാന്‍ കഴിയും…

സേലത്ത് നിന്ന് ചെന്നൈദേശീയപാതയിലൂടെ വീണ്ടും മുന്നോട്ട്. വിശാലമായ കൃഷിയിടങ്ങളെ ഇരുവശങ്ങളിലുമാക്കി കണ്ണെത്താ ദൂരത്തേക്ക് നീണ്ട്കിടക്കുന്ന റോഡിലൂടെ ഏറെ യാത്ര ചെയ്തു. തിരുവണ്ണാമലൈയിലേക്ക് പോകുന്ന റോഡ് ശ്രദ്ധയില്‍പെട്ടതും യാത്ര ഹൈവേയില്‍ നിന്ന് മാറ്റി തിരുവണ്ണാമലൈ ലക്ഷ്യമാക്കി തുടരാന്‍ തീരുമാനിച്ചു… പാതക്കിരുവശവും നട്ട് പിടിപ്പിച്ച പുളിമരങ്ങള്‍ക്കിടയിലൂടെ തമിഴ് ഗ്രാമങ്ങളുടെ യഥാര്‍ത്ഥഭംഗി ആസ്വദിച്ച് തിരുവണ്ണാമലൈ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു … എപ്പോഴും പൊട്ടിവീണ് മാര്‍ഗ്ഗതടസ്സമുണ്ടാക്കുന്ന റോഡ് വാകകള്‍ക്ക് പകരം നമ്മുടെ നാട്ടിലും ഇത്തരം പുളിമരങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. പാതയോരത്ത് വില്‍ക്കാന്‍ വെച്ച മാതള നാരങ്ങയില്‍ നിന്ന് കുറച്ച് വാങ്ങി വീണ്ടും യാത്ര… ഇപ്പോള്‍ പാതക്കിരുവശവും കാണുന്നത് പച്ചക്കറിത്തോട്ടങ്ങളാണ് തക്കാളിയും ചോളകവും കരിമ്പുമാണ് കൂടുതല്‍.തോട്ടങ്ങള്‍ക്കിടയില്‍ മനുഷ്യനും കാലികളും ഒരുമിച്ച് ജീവിക്കുന്ന ഗ്രാമങ്ങള്‍
കുട്ടിക്കാലത്ത് നമ്മള്‍ വായിച്ച് മറന്ന ഏതോ കഥാപുസ്തകത്തിലെ കഥകളെ ഓര്‍മ്മിപ്പിക്കുന്നു….

ഉച്ചയോടെ തിരുവണ്ണാമലൈയിലെത്തി.പൊന്നിഅരിയിലൊരു ഊണും കഴിച്ച് തിരുവണ്ണാമലൈ ക്ഷേത്രവും കണ്ട് എലഗിരി ലക്ഷ്യമാക്കി വീണ്ടും യാത്ര തുടര്‍ന്നു.. തിരുവണ്ണാമലൈയില്‍ നിന്ന് 115 km അകലെയാണ് എലഗിരി. ഹില്‍സ്.പകല്‍ മുഴുവന്‍ ചൂടുള്ള അന്തരീക്ഷത്തില്‍ കൂടി യാത്ര ചെയ്തത് കൊണ്ട് അന്നത്തെ രാത്രി താമസം തണുപ്പുള്ള എലഗിരിയിലാകാമെന്ന തീരുമാനത്തിലായിരുന്നു അങ്ങോട്ടുള്ള യാത്ര … തമിഴ് നാടിന്‍റെ ഉള്‍ഭാഗങ്ങളിലൂടെ വീണ്ടും യാത്ര …..ഏകദേശം 6 മണിയോടെ എലഗിരി ഹില്‍സ്റ്റേഷനിലേക്കുള്ള ചുരം കയറാന്‍ ആരംഭിച്ചു.വൃത്തിയുള്ളതും കേടുപാടുകളില്ലാത്തതുമായ റോഡും മനോഹരമായ ചുരവും എലഗിരി യാത്ര ഏറെ ഹൃദ്യമാക്കി.. ചുരത്തിന് താഴെ ചിതറിക്കിടക്കുന്നു കൃഷിയിടങ്ങളുടെയും പട്ടണങ്ങളുടെയും ദൂരക്കാഴച പശ്ചാത്തലമാക്കി സെല്‍ഫി എടുക്കുന്ന ഫ്രീക്കന്‍മാര്‍ . … റോഡിന് വീതി കുറവായത് കാരണം കാറ് നിറുത്താനോ ചിത്രമെടുക്കാനോ ഞങ്ങള്‍ക്കായില്ല.മനസ്സില്‍ പതിഞ്ഞ ചുരത്തിന്‍റെ അതിമനോഹര കാഴ്ച കള്‍ക്കൊടുവില്‍ 7 മണിയോടെ നേര്‍ത്ത കുളിരണിഞ്ഞ് നില്‍ക്കുന്ന എലഗിരിയിലെത്തി. രാത്രി ടൗണിലൂടെയുള്ള ചുറ്റിനടത്തവും കഴിഞ്ഞ് ഞങ്ങള്‍ റൂമെടുത്ത ഹോട്ടലില്‍ നിന്ന് തന്നെ ഭക്ഷണവും കഴിച്ച് ഉറങ്ങുന്നതിനായി റൂമിലെത്തി.തലേദിവസത്തെ ഉറക്കം ബാക്കിയുള്ള ത് കൊണ്ടാകും വളരെ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി..

രാവിലെ എലഗിരിയിലൂടെ ഒരു ഓട്ടപ്രദക്ഷിണം വെച്ച്.അവിടെ നിന്ന് ഹൊഗനക്കലിലേക്ക് തിരിച്ചു.150 km നീളുന്ന ആയാത്രയിലും തമിഴ് ഗ്രാമങ്ങളുടെ ഭംഗി ആവോളം ആസ്വദിക്കാന്‍ വകയുണ്ടായിരുന്നു…. ഉച്ചക്ക് 3 മണിയോടെ ഞങ്ങള്‍ ഹൊഗനക്കലിലെത്തി. തമിഴ് നാട്ടിലെ ധര്‍മ്മപുരി ജില്ലയില്‍ തമിഴ് നാട് കര്‍ണ്ണാടക അതിര്‍ത്തിയിലായി കാവേരിനദിയില്‍ സ്ഥിതിചെയ്യുന്ന അനേകവെള്ളച്ചാട്ടങ്ങളാണ് ഹൊഗനക്കല്‍ വെള്ളച്ചാട്ടം .വട്ടവഞ്ചിയില്‍ വെള്ളച്ചാട്ടത്തിനരുകിലേക്ക് നദിയിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. നദിയില്‍ നിന്ന് പിടിക്കുന്ന വിവിധ തരം മത്സ്യങ്ങള്‍ പാകം ചെയ്ത് വില്‍ക്കുന്ന തമിഴ് സ്ത്രീകള്‍ക്കിടയിലൂടെ ഞങ്ങള്‍ നടന്നു. മീന്‍ വാങ്ങിക്കാനായി വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകള്‍ ഞങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ വെള്ളച്ചാട്ടം ലക്ഷ്യമാക്കിയായിരുന്നു ഞങ്ങളുടെ യാത്ര . പക്ഷേ നിരാശയായിരുന്നു ഫലം . കുടകിലും നമ്മുടെ വയനാട്ടിലുമെല്ലാം പെയ്ത മഴ കാവേരിയെയും ഉഗ്ര രൂപിണിയാക്കിയിരുന്നു.പ്രധാന വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലെല്ലാം വെള്ളം മൂടിയത് കാരണം വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനവും നിറുത്തി വെച്ചിട്ടുണ്ടായിരുന്നു.നിറുത്തി വെച്ച വട്ടവഞ്ചി യാത്ര വെറും രണ്ട് ദിവസം മുമ്പാണെത്രേ പുനരാരംഭിച്ചത്. അത് കൊണ്ട് ആ യാത്ര നഷ്ടപ്പെടാത്തതില്‍ ഞങ്ങള്‍ സന്തോഷിച്ചു…

വട്ടവഞ്ചിയില്‍ പുഴ ചുറ്റുമ്പോള്‍ : വെള്ളപ്പൊക്കം കാരണം പണിയില്ലാതായതില്‍ തങ്ങള്‍ക്കുള്ള പ്രയാസം വിവരിക്കുന്ന വഞ്ചിക്കാരനെ സഹതാപത്തോടെ നോക്കി. കുത്തിയൊഴുകുന്ന പുഴക്കെതിരെ തുഴയുവാന്‍ മെലിഞ്ഞ ശരീരമുള്ള അയാള്‍ വല്ലാതെ പ്രയാസപ്പെടുന്നുണ്ടായിരുന്നു. നദിക്ക് ചുറ്റുമുള്ള മരങ്ങളുടെ ചില്ലകളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അടിഞ്ഞ് കൂടിയത് ശ്രദ്ധിച്ചാല്‍ നമുക്ക് ഊഹിക്കാം വെള്ളപ്പൊക്കത്തിന്‍റെ ശക്തി. വെള്ളത്തിന്‍റെ കുത്തൊഴുക്ക് കാരണം വെള്ളച്ചാട്ടത്തിനരുകിലേക്കോ, കര്‍ണ്ണാടക തീരത്തേക്കോ പോകാന്‍ കഴിഞ്ഞില്ല. വെള്ളത്തിനാണെങ്കില്‍ ചെളിനിറമായിരുന്നു. നല്ല ദുര്‍ഗന്ധവും. പുഴയുടെ തീരത്ത് വാ പൊളിച്ച് കിടന്നിരുന്ന മുതലയെ കണ്ടപ്പോള്‍ ചെറിയ ഭയം തോന്നാതിരുന്നില്ല..

യാത്ര അവസാനിച്ച് കരക്ക് കയറിയപ്പോള്‍ സത്യത്തില്‍ ചെറിയൊരു ആശ്വാസമാണ് തോന്നിയത്. യാത്രക്കാര്‍ നന്നേ കുറവായത് കാരണമാകും ആളൊഴിഞ്ഞ ഉത്സവപ്പറമ്പ് പോലെയായിരുന്നു ഹൊഗനക്കല്‍. സഞ്ചാരികളെ എണ്ണതേച്ച് ഉഴിഞ്ഞ് കൊടുത്തിരുന്ന മസാജ് വിദഗ്ധരെല്ലാം സഞ്ചാരികളില്ലാതെ നിരാശരായി മസാജ് മണ്ഡപത്തിലിരിക്കുന്നു. മീന്‍ വില്‍ക്കുന്ന സ്ത്രീകളുടെ മുഖത്തും ദുഃഖം നിഴലിക്കുന്നു. മറ്റു കച്ചവടക്കാര്‍ക്കും വേണ്ടത്ര ഉത്സാഹം കണ്ടില്ല. എല്ലാം കൂടി ഒരു ദയനീയ മുഖമാണ് അന്ന് ഹൊഗനക്കലിനുണ്ടായിരുന്നത്. തിരിച്ച് മേട്ടൂര്‍ -ഭവാനി കോയമ്പത്തൂര്‍ വഴി നാട്ടിലേക്ക് തിരിക്കുമ്പോഴും മുമ്പ് കണ്ട ഹൊഗനക്കലിന്‍റെ പ്രസരിപ്പും നിലവിലെ ഹൊഗനക്കലിന്‍റെ നിരാശയും മനസ്സിലൂടെ മിന്നിമറയുകയായിരുന്നു…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply