കണ്ടക്ടര്‍മാരില്ല; കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ മുടങ്ങുന്നു

ആവശ്യത്തിന് കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നുള്ള സര്‍വ്വീസുകള്‍ക്ക് മുടക്കം പതിവാകുന്നു. കഴിഞ്ഞദിവസം മാത്രം മുടങ്ങിയത് 25ഓളം സര്‍വ്വീസുകളാണ്. ഇതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് മാനന്തവാടി ഡിപ്പോക്ക് സംഭവിച്ചത്. സര്‍വ്വീസ് മുടക്കം ഗ്രാമീണ മേഖലയിലെ യാത്രക്കാരെയാണ് ഏറെ ബുദ്ധിമുട്ടിലാക്കിയത്.


നിലവില്‍ 95 ഷെഡ്യൂളുകളാണ് മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഉള്ളത്. ഇത്രയും സര്‍വ്വീസുകള്‍ നടത്താന്‍ വേണ്ട കണ്ടക്ടര്‍മാരുടെ എണ്ണം 272 ആണ്. എന്നാല്‍ ഇപ്പോഴുള്ളതാവട്ടെ 193 പേരും. 79 പേരുടെ കുറവ്. കണ്ടക്ടര്‍മാര്‍ ഇല്ലാത്തതുകൊണ്ടുതന്നെ കഴിഞ്ഞ ഏതാനും മാസങ്ങളായി 84 ഷെഡ്യൂളുകള്‍ മാത്രമാണ് മാനന്തവാടി ഡിപ്പോയില്‍നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. ഇന്നലെമാത്രം 25 സര്‍വ്വീസുകള്‍ മുടങ്ങിയതായാണ് സൂചന. കണ്ടക്ടര്‍മാരുടെ കുറവ് മാത്രമല്ല, കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്‌പെയര്‍പാര്‍ട്‌സിന്റെ അഭാവവും സര്‍വ്വീസ് മുടങ്ങാന്‍ ഇടയാക്കുന്നു.

മാനന്തവാടിക്ക് സമാനമായി കല്‍പ്പറ്റ, ബത്തേരി ഡിപ്പോകളിലെ സര്‍വ്വീസുകളുടെ എണ്ണത്തിലും കുറവ് വരുന്നുണ്ട്. മാനന്തവാടി ഡിപ്പോയില്‍ സര്‍വ്വീസ് മുടങ്ങിയതിനാല്‍ കെഎസ്ആര്‍ടിസി ബസുകള്‍മാത്രം സര്‍വ്വീസ് നടത്തുന്ന മാനന്തവാടി – വാളാട് – കരിമാനി റൂട്ടിലും കല്ലോടി -പാതിരിച്ചാല്‍ റൂട്ടിലും കുളത്താട-പുതുശ്ശേരി തുടങ്ങിയ റൂട്ടിലുമുള്ള വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാരാണ് ദുരിതത്തിലായത്. പുതിയ കണ്ടക്ടര്‍മാരുടെ ലിസ്റ്റ് പിഎസ് സി പ്രസിദ്ധീകരിച്ചതിനാല്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ കഴിയുന്നില്ലെന്നാണ് ഡിപ്പോ അധികൃതര്‍ പറയുന്നത്. പിഎസ് സി നിയമനം ലഭിച്ചവരാകട്ടെ ഈ തൊഴില്‍ ഉപേക്ഷിച്ച് മറ്റ് തൊഴിലുകളിലേക്ക് ചേക്കേറുന്നതും കണ്ടക്ടര്‍മാരുടെ ക്ഷാമം ഇരട്ടിയാക്കുന്നു.

കടപ്പാട് : ജന്മഭൂമി

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply