വയനാട്ടിലെ സ്ഥലങ്ങളെല്ലാം കണ്ടു തീർന്നവർക്കായി ഇതാ ഒരു കിടിലൻ സ്ഥലം..

വിവരണം – ബേസിൽ വയനാട്.

ചില കാഴ്ചകൾ വാക്കുകളിലൂടെയോ, വരികളിലൂടെയോ, ചിത്രങ്ങളിലൂടെയോ വിവരിക്കാൻ കഴിയാത്തവയാണ് മനസുകൊണ്ടും ശരീരംകൊണ്ടും അനുഭവിച്ചറിയേണ്ടവയാണ്…അതുപോലൊരു യാത്ര അനുഭവമാണ് ഈ മഴക്കാലം എനിക്ക് വേണ്ടി തന്നത്… ഭൂമിയിലും സ്വർഗങ്ങൾ ഉണ്ടെന്നുള്ളൊരു തിരിച്ചറിവും അന്ന് എനിക്ക് കിട്ടി…അതെ “ഇവിടം സ്വർഗമാണ്.” മഴക്കാലമായാൽ വയനാട് ശരിക്കും കാഴ്ചകളുടെ സ്വർഗമായ് മാറും, വയനാട് കാണേണ്ടതും ആസ്വദിക്കേണ്ടതും ഈ സമയത്താണ്…എത്ര കണ്ടാലും തീരാത്ത കാഴ്ചകളും അനുഭവങ്ങളുമാണ് ഈ സമയം വയനാട്ടിലേത്.

വയനാട്ടിലെ കാണാൻ പറ്റിയ സ്ഥലങ്ങൾ എല്ലാം കണ്ട് തീർന്നു എന്ന ആശ്വാസത്തിൽ ഇരിക്കുമ്പോളാണ് ഈ സ്വർഗത്തിലേക്കുള്ള വഴി ഫേസ്ബുക്കിലൂടെ കാണുന്നത്…ബക്കറ്റ് ലിസ്റ്റിലുള്ള സ്ഥലമാണെങ്കിലും ഇവിടേക്ക് പോകാൻ കഴിയില്ല എന്നാണ് ഇതിന് മുന്നേ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്…ഇനിയിപ്പോ ഒന്നും നോക്കാൻ ഇല്ല കയ്യെത്തും ദൂരത്ത് ആയതുകൊണ്ട് അടുത്ത ഞായറാഴ്ച്ച തന്നെ ഉറപ്പിച്ചു….വിളിക്കാൻ കാത്തിരിക്കുന്ന ചെങ്ങായിമാരേം സെറ്റ് ആക്കി പോവാൻ റെഡി ആയി…

വയനാട്ടിൽ  പെരുമഴയായതുകൊണ്ട് തന്നെ മുൻ കരുതലുകളോട് കൂടി വേണം യാത്ര ചെയ്യാൻ… പ്രത്യേകിച്ച്  വെള്ളച്ചാട്ടങ്ങളിലേക്കും കാട്ടിലേക്കും പോകുമ്പോൾ…. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള വഴിയിൽ ഒരു എസ്റ്റേറ്റിന്റെ ഉള്ളിലാണ് ഈ സ്വർഗം…. തേയിലത്തോട്ടങ്ങളെയും ചെറു വെള്ളച്ചാട്ടങ്ങളെയും കടന്ന് എസ്റ്റേറ്റിന്റെ ഗേറ്റിന് മുമ്പിൽ എത്തി…ഇനി അങ്ങോട്ട് പ്രൈവറ്റ് റോഡ് ആണ്, കേറാൻ ഒന്ന് ചിന്തിച്ചെങ്കിലും ഒരുപാടങ്ങ് ചിന്തിച്ചില്ല…. നൈസ് ആയിട്ട് വണ്ടി എടുത്തു മുന്നോട്ട് തന്നെ.

കുറച്ചങ്ങ് ചെന്നപ്പോളാണ് മനസിലായെ നേരത്തെ കണ്ടത് സ്വർഗത്തിലേക്കുള്ള കവാടമായിരുന്നു എന്ന്… എസ്റ്റേറ്റിന്റെ ഉള്ളിലെ ആ വഴിയും ആ കാടും ഒരിക്കലും മായാത്ത കാഴ്ചയാണ്…ഇപ്പോഴും ഇത്രക്ക് നൊസ്റ്റാൾജിയ തരുന്ന വഴികളൊക്കെ എന്റെ നാട്ടിലുണ്ടോ എന്ന് ഓർത്തുപോയി…മഴക്കാലമായതു കൊണ്ടായിരിക്കും ഇത്രക്ക് ഭംഗി. വണ്ടി പയ്യെ സൈഡ് ആക്കി കുറച്ച് നല്ല ഫോട്ടോസ് അങ്ങ് എടുത്തു, എങ്ങനെ എടുക്കാതിരിക്കും. പോണ വഴിക്ക് വയനാടിന്റെ കാടിന്റെ സ്വന്തം മക്കളുണ്ടായിരുന്നു ആദിവാസികൾ എന്ന് പരിഷ്‌ക്കാരികൾ വിളിക്കുന്ന മനുഷ്യർ. ചക്ക പറിക്കാൻ വന്നതാണ്, പിള്ളേരുടെ കൈ നിറച്ചും ചക്കയാണ് അവർക്ക് ഇന്നത്തെക്ക് ഉള്ളതായിരിക്കും… ഏതൊക്കെ സർക്കാർ വന്നാലും ഇവർക്കൊന്നും ഒരു മാറ്റവും ഇല്ലല്ലോ എന്നോർത്തു..ആരോട് പറയാൻ, എന്ത് പറയാൻ….ചെങ്ങായിന്റെ ബുള്ളറ്റ് കണ്ടപ്പോൾ ആ കുട്ടികളുടെ മുഖത്തെ അത്ഭുതം കാണണമായിരുന്നു.

ഇനിയങ്ങോട് ഓഫ്‌ റോഡാണ് മഴയായകൊണ്ട് നല്ല ചെളിയും ഉണ്ട്…ഉരുളൻ കല്ലുകളും കുഴികളും ഉള്ള നല്ല ഒന്നാന്തരം ഓഫ്‌റോഡ്….പോണ വഴിയരികിലോക്കെ ഏല തോട്ടങ്ങൾ ആണ്, ഇവിടെയും 900 കണ്ടിയിലുമായി ദുലഖ്റിന്റെ നീലാകാശം…. (NAPKCB) ഷൂട്ട് നടന്നിട്ടുണ്ട് ഈ വഴിയിലൂടെ….. ഈ കാട്ടരുവിനൊക്കെ കേട്ടിട്ടേ ഒള്ളു മുന്നിൽ ദാ നല്ല ഒന്നാന്തരം ഒരു അരുവി, ഉയരത്തിൽ നിന്നുള്ള കാഴ്ചയാണ് മരങ്ങളെയും പറകളെയും തഴുകികൊണ്ട് അവളങ്ങനെ നിറന്നോഴുകയാണ് ഒരു മായനദി പോലെ…. ഇപ്പൊ അവളോട് പ്രണയം തോന്നിയാൽ ശരിയാവില്ല പ്രണയിക്കാൻ അവിടെ വേറൊരുത്തി കാത്തിരിപ്പുണ്ട് അവളെ കണ്ടിട്ട് വരാം എന്ന് വെച്ചു.

കാടിന്റെ മണവും, പച്ചപ്പും, കുതിച്ചു പായുന്ന വെള്ളത്തിന്റെ ഒച്ചപ്പാടും, ചെറിയൊരു ചാറ്റൽ മഴയും… ഇതാണ് പ്രകൃതി, മനുഷ്യ മനസിനെയും ശരീരത്തെയും മുഴുവനായും കീഴടക്കാനുള്ള കഴിവുണ്ട് ഈ ശക്തിക്ക്.
ഇപ്പോൾ ഇവിടുത്തെ കാഴ്ചകൾ മാത്രമാണ് മനസിൽ… പോണ വഴിയിലൂടെ ഒഴുകുന്ന ഒരു കുഞ്ഞ് വെള്ളചാട്ടം, കുഞ്ഞാണെങ്കിലും സുന്ദരിയാണ്, ഇനി അവളോട് കുറച്ച് കുശലം പറഞ്ഞിട്ട് പോകാന്ന് വെച്ചു….. ഈ വഴി അവസാനിക്കുന്നത് ഒരു റിസോർട്ടിലാണ് അവിടേക്ക് സ്ഥിരമായി ജീപ്പ് പോകുന്ന വഴിയായതുകൊണ്ട് നടുറോട്ടിലെ പാർക്കിങ് അനുവദനീയം അല്ല…. ആരും ചോദിക്കാനും പറയാനും ഇല്ലാത്തകൊണ്ട് വണ്ടി നല്ലോണം ഒതുക്കി നിർത്തിട്ട് മുകളിലേക്ക് ഇവളുടെ ഉത്ഭവം തേടി പോകാന്ന് തീരുമാനിച്ചു. ഒരുപാട് നാളായി കൊണ്ട് നടക്കുന്നൊരു ആഗ്രഹമാണ് ഈ വെള്ളച്ചാട്ടങ്ങളുടെ തുടക്കം കാണുക എന്നത്, അതൊരുത്തരം ജിജ്ഞാസയാണ്. അങ്ങനെ വഴിയില്ലാത്ത കാട്ടിലൂടെ കാട് കേറാൻ തുടങ്ങി ഓരോ സ്ഥലങ്ങളിലും വേറെ വേറെ മുഖങ്ങളാണ് ഇവൾക്ക്…

പ്രകൃതിയോട് പ്രണയം തോന്നിയ നിമിഷങ്ങൾ, പച്ചയോട്, തെളിനീരിനോട്, മരങ്ങളോട്, മഴയോട് തോന്നിയ പ്രണയം. കുറച്ചങ്ങോട് ചെന്നപ്പോ വേറൊരു വഴി, ഓരോ വഴിയും വഴി തെറ്റിക്കുകയാണ്…ആ വഴി പോണത് ഒരു മല മുകളിലേക്കാണ് അങ്ങ് ദൂരെ പച്ചപുതച്ച ഒരുപാട് മലനിരകൾ കാണാം, അതിൽ തന്നെ പാൽനിറത്തിൽ ചാടുന്ന വലിയ വെള്ളച്ചാട്ടങ്ങളും, അങ്ങോട്ടേക്ക് പോണം എന്ന് നല്ല ആഗ്രഹം ഉണ്ട് പക്ഷെ കാടാണ് അനധികൃതമാണ്, അതുകൊണ്ടൊരു പേടി പയ്യെ റിട്ടേൺ അടിച്ചു…

ഉറവ തേടി വീണ്ടും കയറ്റം. അട്ട നല്ല പണി തരുന്നുണ്ട് മുഴുവനും അട്ടയാണ് കയ്യിലെ പൊടികൈ വെച്ച് അവന്മാരെ തുരത്തിക്കൊണ്ടിരുന്നു….അങ്ങനെ അവസാനം ഉറവയെത്തി, അയ്യേ ഇത്രേ ഒള്ളു… മരങ്ങൾക്കിടയിലൂടെ ഒഴുകുന്ന ചെറിയൊരു നീർച്ചാല്, അങ്ങനെ ആ ആഗ്രഹവും നടന്നു….തിരിച്ച് താഴെ എത്തിയപ്പോഴേക്കും കുറെ ചേട്ടന്മാരും ഒരു കിടു ജീപ്പും അവരേ ഒന്ന് പരിജയപെടലൊക്കെ കഴിഞ്ഞ് പയ്യെ നടന്നു… ബൈക്ക് പിന്നെ എടുത്തില്ല നടക്കാന്ന് തീരുമാനിച്ചു….

അവസാനം അവളെ കണ്ടു കാടിനുള്ളിലെ ആ സുന്ദരിയെ…”The Mystic River” വാക്കുകൾകൊണ്ട് വിവരിക്കാൻ കഴിയാത്ത ഒരു കാഴ്ച്ച…എത്രയോ ഫോട്ടോസ് എടുത്തു നോക്കി ഒന്നിലും ആ സൗന്ദര്യം പകർത്താൻ കഴിയുന്നില്ല…. ആര് കണ്ടാലും നോക്കി നിന്നു പോകുന്ന ഒരു സുന്ദരി… പെട്ടെന്നൊരു പെരുമഴയും, ഇത് സ്വർഗമാണ്. വഴി ഇവിടെ തീരുകയാണ് ഇനി അങ്ങോട്ട് റിസോർട്ടിന്റെ വഴിയാണ് വേണേൽ പോകാം എന്ന് തോന്നുന്നു വേണ്ട ഇനിയിപ്പോ എന്തിനാ ഇത് തന്നെ ധാരാളം തൃപ്തി ആയി…. ഒരു പാറ പുറത്ത് ആ മഴയും നനഞ്ഞ് നല്ല ചൂട് കട്ടൻ കാപ്പിയും കുടിച്ചിരുന്നപ്പോ കിട്ടിയൊരു ഫീൽ ഉണ്ടല്ലോ…..!!! ഇനിയൊന്ന് കുളിക്കണം ഇവിടെയല്ലാ താഴെ, വരാം എന്ന് പറഞ്ഞ ഒരുത്തി കാത്തിരിപ്പുണ്ട്…..പോവാൻ തോന്നിട്ടല്ല സമയം ഇല്ലാത്തകൊണ്ട് മാത്രമാണ്….നേരെ വണ്ടിയെടുത് തിരിച്ചിറങ്ങി….

ഇനി കുളിയാണ്, ആദ്യം കണ്ടിടത് തന്നെ ഇവിടെയൊരു അണക്കെട്ടുണ്ട് കുടിവെള്ള പദ്ധതിക്കായ് നിർമിച്ചതാണ്, മഴയത്തിത് നിറഞ്ഞൊഴുകുന്നത് കാണാൻ നല്ല ഭംഗിയാണ്. ഐസ് വാട്ടറിൽ നിക്കണ അവസ്ഥയാണ് മരവിപ്പിക്കുന്ന തണുപ്പും, കിടുക്കിടാനുള്ള വിറയും പക്ഷെ പ്രണയത്തിന് കാണ്ണില്ലല്ലോ…. പച്ച നിറമുള്ള വെള്ളം മരങ്ങൾ മൂടി നിൽക്കുന്നകൊണ്ടാണോ ഈ നിറം!! ആസ്വാദനത്തിന്റെ അങ്ങേ അറ്റത്താണിപ്പോൾ…കുളി കഴിഞ്ഞു മനസ്സ് നിറഞ്ഞു….

ഇനിയും വന്നിരിക്കും എന്ന വാക്ക് കൊടുത്ത് അവളോടും യാത്ര പറഞ്ഞു…. വയനാട്ടിൽ ഒളിഞ്ഞിരിക്കുന്ന ഇങ്ങനത്തെ എത്രയോ എലിമ്പിലേരികൾ ഉണ്ടാകുമെന്ന് ഓർത്തു…പ്രകൃതി നശിച്ചിട്ടില്ല!! എന്റെ നാട്ടിലുണ്ട് നല്ല ഒന്നാന്തരം പ്രകൃതി…പ്രകൃതിയെ സ്നേഹിക്കുന്നവർക് വരാം…പ്രണയിക്കാം…. “ശരിക്കും എന്നോട് തിരിച്ച് പ്രണയം തോന്നിയത് പ്രകൃതിക്ക് മാത്രമായിരിക്കും!!!…. വയനാട്ടിൽ റെയിൽവേ വന്നാൽ ഇതുവഴിയാണെന്നൊക്കെ കേട്ടു, വേണ്ടായിരുന്നു വരണ്ടായിരുന്നു… മനുഷ്യൻ എന്തൊരു അഹങ്കാരി ആണ്….

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply