മഴക്കാലത്ത് ഓൾഡ് ആലുവ മൂന്നാർ റോഡിന്റെ ഭാഗങ്ങൾ വഴി ഒരു ഓഫ് റോഡ് യാത്ര ഒരു സ്വപ്നമായിരുന്നു… ആരും അത്ര പ്രോത്സാഹിപ്പിച്ചില്ല… ഒന്ന് പെർമിഷൻ കിട്ടില്ല … രണ്ടാമതായി മഴയത്ത് റോഡ് ഇടിയാനും മരങ്ങൾ വീണ് യാത്ര തടസ്സപെട്ട് വനത്തിൽ അകപെട്ടു പോകാനുമുള്ള സാധ്യത… മാത്രമല്ല കാട്ടാന കൂട്ടങ്ങളുടെ വിഹാര ഭൂമിയാണ് പല ഭാഗങ്ങളും…
എന്നാലും ഞങ്ങൾ 4 പേർ പുറപ്പെട്ടു മിനിഞ്ഞാന്ന് രാവിലെ ചാലക്കുടിയിൽ നിന്നും,,, കോതമംഗലം തട്ടേകാട് വഴി കുട്ടംമ്പുഴ എത്തി .. അവിടെ നിന്ന് മാമലകണ്ടം വനപാത പിടിച്ച് യാത്ര തുടർന്നു… ഇവിടെ തെരക്കേടില്ലാത്ത റോഡുണ്ട് മാമലകണ്ടം വരെ ,,, ആനയുടെ സാന്നിധ്യം ഇവിടം മുതൽ കണ്ട് തുടങ്ങി… വഴി നീളെ ആന പിണ്ടം കിടപ്പുണ്ടായിരുന്നു.
മാമലകണ്ടത്ത് നിന്നു ആനകുളം പോകാൻ ഒരു ഫോറസ്റ്റ് ചെക്ക് പോയിന്റ് കടക്കണം .. സാധാരണ ഗതിയിൽ സ്വന്തം 4×4 ന് പെർമിഷൻ കൊടുക്കുന്നില്ല എന്ന് അറിയാവുന്നതിനാൽ ഞങ്ങൾ കൊറത്തി കുടി ആദിവാസി കുടിയിലെ സുഹൃത്ത് രാമപ്പനെ കുടെ കൂട്ടിയിരുന്നു. അതു കൊണ്ട് പെർമിഷൻ കിട്ടി…
രാവിലെ ആന കൂട്ടം വഴിയിൽ ഉണ്ടായിരുന്നുവെന്ന് രാമപ്പൻ പറഞ്ഞപ്പോൾ കുറച്ച് സൂക്ഷിച്ചാണ് വണ്ടിയോടിച്ചിരുന്നത്… നിബിഡ വനത്തിൽ വഴിക്കിരുവശവും ഇടതൂർന്ന ഈറ്റ കാടുകൾ ആയതിനാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആനകൾ വിഹരിക്കുന്ന ഒരു പ്രദേശമാണ് ഇത്.. ഏകദേശം 20 km ഓഫ് റോഡാണ് മാമല കണ്ടം ആനകുളം റോഡ്…
മാമല കണ്ടത്ത് നിന്ന് ഏകദേശം പത്ത് കിമീ പോയാൽ കുറത്തി കുടി ആദിവാസി ഊര് എത്തും. 64 കുടുംബങ്ങൾ രണ്ട് മലകൾക്കിടയിൽ ആയി അവിടെ താമസമുണ്ട്,,, രാമപ്പൻ അവിടെ ഇറങ്ങി… ഞങ്ങൾക്ക് തരാവുന്ന എല്ലാ ഉപദേശങ്ങളും തന്നശേഷം . ഇവിടെ നിന്ന് ഏകദേശം 10 km പോയാൽ അണ് പെരുമ്പൻ കുത്ത് ജനവാസ മേഘല എത്തുക.
ആനകൾ കൂട്ടമായി മലയിടിച്ച് നടന്ന് പോയ ഭാഗങ്ങൾ കണ്ടു പലയിടത്തും.. മഴയും പെയ്യാൻ തുടങ്ങിയിരുന്നു.. ആനകളെ വഴി തടയാൻ എവിടേയും കണ്ടില്ല.. അത് നന്നായിയെന്നാണ് പിന്നീട് തോന്നിയത് … കുന്നുകൂടി വഴി നീളെ കിടക്കുന്ന ആന പിണ്ടം ഭീതി ജനിപ്പിച്ചിരുന്നു മനസ്സിൽ… ആനകളുടെ സംഖ്യ വളരേ ഏറേ ഉയർന്ന പ്രദേശത്തിന്റെ ഒരു പ്രതീതി ആണ് ആ വഴി സഞ്ചരിക്കുമ്പോൾ നമുക്കു ലഭിക്കുക..
മാമല കണ്ടത്ത് നിന്ന് നാല് മണിക്കൂർ എടുത്തു പെരുമ്പൻ കുത്ത് വെള്ളച്ചട്ടത്തിന്ന് മുകളിലുള്ള പാലം എത്താൻ… വന മധ്യത്തിലുള്ളമനോഹരമായ ഈ വെള്ളച്ചാട്ടം താഴേ നിന്ന് ദൃശ്യമല്ല… പെരുമഴയായതിനാൽ താഴേക്കിറങ്ങാനുള്ള ചാൽ അപകടകരമായിരുന്നു…. താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം വാഴച്ചാൽ പോലെയോ അതിൽ കൂടുതലാ ഭീതി ജനിപ്പിക്കുന്ന ഒന്നാണ്….
വൈകിട്ട് 6ന് ആനകുളത്ത് എത്തിയ ഞങ്ങൾ താമസ സ്ഥലത്ത് എത്തി ഫ്രഷ് ആയി വീണ്ടും ഇറങ്ങി .. ആനകുളം അമ്പലത്തിന് മുന്നിൽ ആനകൾ സ്ഥിരം വെള്ളം കുടിക്കാൻ വരുന്ന ആറിന് അക്കരയിൽ ആന കൂട്ടത്തെ പ്രതീക്ഷിച്ചു…
പക്ഷെ മഴക്കാലത്ത് അവരുടെ വരവുകുറവാണെന്ന് നാട്ടുകാർ പറഞ്ഞപ്പോൾ ഞങ്ങൾ നേരേ കോഴിവിള ആദിവാസി കുടി ലക്ഷ്യമാക്കി വണ്ടി വിട്ടു.. ഏകദേശം 8 km ഓഫ് റോഡ് പോയാൽ അവിടെയെത്താം… നാട്ടുകാർക്ക് ശല്യമാകാതെ പോയി കണ്ട് ഇറങ്ങാനുള്ള ഒരു മനോഹരമായ പ്രദേശമാണിത്
രാവിലെ ആനകുളത്ത് നിന്ന് തിരിക്കുന്നതിന് മുമ്പ് സമീപത്തുള്ള ചെറുതും വലുതുമായ ചപ്പാത്തുകൾ കാണാൻ പോയി .. മുറിച്ച് കടക്കുന്ന വഴികൾ ഉണ്ടെങ്കിലും ഒഴുക്ക് കൂടുതൽ ആയതിനാൽ വണ്ടി കൊണ്ട് പോകാൻ സാധ്യമല്ല:… മാത്രമല്ല യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഈ അരുവികളിൽ നിമിഷ നേരം കൊണ്ട് വൻതോതിൽ ജലനിരപ്പുയരാം.. മുറിച്ച് കടക്കുന്നവർ സൂക്ഷിക്കണം എന്നാണ് നാട്ടുകാർ പറയുന്നത്.
തിരിച്ച് മാങ്കുളം വഴി മച്ചിപ്ലാവ് ഇരുമ്പ് പാലം കൂടി വനപാതയിലൂടെ മറ്റൊരു വഴിക്ക് മാമ ല കണ്ടത്തെത്തിയ ഞങ്ങൾ സഞ്ചാരിയിലെ അബിൽ നെ വിളിച്ച് കൊയ്നിപാറ ഓഫ് റോഡ് കഴിഞ്ഞാണ് അഞ്ച് മണിയോടെ ചാലക്കുടിയിലേക്ക് തിരിച്ചത്.. വനഭംഗിയും വന്യതയും ഭീതിയും മഴയും കാറ്റും കോടയും പിന്നെ ഓഫ് റോഡ് ഡ്രൈവിംഗും ഇഷ്ടമുള്ളവർക്ക് ഇതൊരു സ്വർഗ്ഗപാതയാണ്…. പക്ഷെ പ്രകൃതിക്ക് കോട്ടം തട്ടാതെ പ്ലാസ്റ്റിക്കും മറ്റ് അവശിഷ്ടങ്ങളും ഒന്നും കാട്ടിൽ ഉപേക്ഷിക്കരുതെന്ന് അപേക്ഷ… വേണ്ടത്ര സുരക്ഷാ മുൻകരുതൽ എടുക്കുക.. സ്ഥല പരിചയം ഉള്ളവർ ആരെങ്കിലും കൂടെ വേണം എന്നാണ് എനിക്ക് തോന്നിയത്…
By: Dileep Narayanan