വാല്പാറയുടെ കാണാക്കാഴ്ചകളിലൂടെ ഒരു സാഹസിക യാത്ര

By, Mohamed Afzal.

ഒരു യാത്ര പോകണം, ഒരു ദിവസം കൊണ്ട് തന്നെ തിരിച്ചെത്താൻ ഉതകുന്ന തരത്തിലുള്ള ഒരു യാത്ര. സ്ഥലങ്ങൾ ഒരുപാട് ഉണ്ട്, അതിൽ മികച്ചത് ഏതാണ്? എന്നതായിരുന്നു എന്റെ ചിന്ത. അതി മനോഹരമായ 3 വെള്ളച്ചാട്ടങ്ങൾ അതിൽ ഒന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായത്. പിന്നെ, പുലിയും, ആനയും, പുള്ളിമാനും, കലമാനും, കുരങ്ങുകളും, കാട്ടുപോത്തും, ഉഗ്രൻ വിഷപാമ്പുകളും വാഴുന്ന 55 KM ദൂരം നീണ്ടുകിടക്കുന്ന കൊടുംകാട്ടിലൂടെ ഒരു സോളോ റൈഡ്. യാത്രയുടെ ഒടുവിൽ എത്തിച്ചേരുന്നത് 40 ഹെയർപിന്നുകൾ താണ്ടി മറ്റൊരു സംസ്ഥാനത്തേക്ക്. പറഞ്ഞു വരുന്നത് വാല്പാറയിലേക്ക് ഞാൻ നടത്തിയ ഒരു ദിവസത്തെ സോളോ റൈഡിനെ പറ്റിയാണ്.

ഈ യാത്ര അപ്രതീക്ഷിതമായിരുന്നു, എല്ലാ യാത്രകളും പോലെ. മഴയൊന്ന് മാറി തന്നപ്പോൾ കൂടുതലൊന്നും ആലോചിച്ചില്ല. രാവിൽ 5:45 ന് എഴുനേറ്റ് ഫ്രഷ് ആയി ഒരു കടുകട്ടൻ കാപ്പിയും 5-6 ബിസ്കറ്റും അകത്താക്കി 7:30ന് ഞാൻ യാത്ര തുടങ്ങി. ഈ യാത്രയ്ക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. കഴിഞ്ഞ രണ്ട് തവണയും എന്റെ പ്രധാന ആകർഷണമായിരുന്ന 40 ഹെയർപിന് വളവുകൾ ഞാൻ താണ്ടുന്നില്ല, പകരം ഒരു പുതിയ സ്ഥലത്തേക്ക് പോകുന്നു. നിരാർ ഡാമും നല്ലമുടി വ്യൂ പോയിന്റും. എത്ര പേർ ഈ പേരുകൾ കേട്ടിട്ടുണ്ട് എന്നെനിക്കറിയില്ല, ഞാൻ ആദ്യമായാണ് കേൾക്കുന്നതും കാണാൻ പോകുന്നതും. മാപ്പിൽ വാല്പാറയിലേക്കുള്ള ദൂരം നോക്കിയപ്പോൾ ആണ് ഈ സ്ഥലം ഞാൻ കാണുന്നത്. പ്രത്യേകത എന്തെന്നാൽ വാല്പാറയിൽ നിന്ന് തെക്ക് കിഴക്കായാണ് ഈ സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നത്, തെക്കോട്ടു പിന്നെ കൊടും കാടാണ്. ആ കാട് പിന്നെ എത്തിച്ചേരുന്നത് സംരക്ഷിതമേഖലയിൽ ഉൾപ്പെട്ട ആനമുടിയിലേക്കാണ്. എത്ര ദൂരം താണ്ടണം എന്നെനിക്കറിയില്ല, എന്തായാലും സാദാരണക്കാരന് എളുപ്പമാകില്ല. ഇങ്ങനെ വാല്പാറയുടെ അറ്റം ആയി സ്ഥിതിചെയ്യുന്ന ഈ ഡാം കാണണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. മനസ്സിൽ പ്രധാന ആശങ്ക ഡാമുവരെ കടത്തി വിടുമോ എന്നുള്ളതായിരുന്നു, കാരണം വാല്പാറയിൽ ആനയും പുലിയും സാധാരണ ഇറങ്ങുന്നതും ഏറ്റവും കൂടുതൽ അനിമൽ ക്രോസ്സിങ്ങും ഉള്ള സ്ഥലമാണത്.

വാഴച്ചാൽ എത്തിയിരിക്കുന്നു. പെര്മിഷനും മറ്റും വാങ്ങിയ ശേഷം 9:40ന് ഞാൻ കാനന യാത്ര ആരംഭിച്ചു. 2 മണിക്കൂറിനുള്ളിൽ മലക്കപ്പാറ എത്തണം അതാണ് നിയമം, അതായത് 11:40ന് ഞാൻ മലക്കപ്പാറ ക്രോസ്സ് ചെയ്യണം. അതിനിടയിൽ കാട്ടിൽ നിർതാനോ സമയം ചിലവഴിക്കാനോ അനുവാദമില്ല. BSNL ഒഴികെ മറ്റൊരു സിമ്മിനും റേഞ്ചും കാണില്ല, നാട്ടിൽ റേഞ്ച് ഇല്ലെങ്കിലും കാട്ടിൽ BSNL ന് ഒടുക്കത്തെ റേഞ്ച് ആണ്. 55 km ആണ് വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള ദൂരം. കൊടും കാട്, കാട്ടിലെ രാജാവായ സിംഹം ഒഴികെ ബാക്കി എല്ലാ സുഹൃത്തുക്കളും വാഴുന്ന കാട്, കാടിന്റെ മക്കളുടെ ഊരുകൾ ഉള്ള കാട്, ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഉൽക്കാടുകൾ ഉള്ള കാട്, കർണാടക മുതൽ ആരംഭിക്കുന്ന ആനത്താരയുള്ള കാട്. വിശ്രമിക്കാൻ നിർത്തിയത് ഒഴിച്ചാൽ പിന്നെ അധികമൊന്നും നിർത്തിയില്ല. പെരിങ്ങൽകുത് ഡാമിന്റെ വൃഷ്ടിപ്രദേശം കഴിഞ്ഞതും പിന്നെ റോഡ് അപ്രത്യക്ഷമായി. വളവുകളും ഏറി തുടങ്ങി. കഴിഞ്ഞ തവണ വന്നപ്പോൾ കണ്ട മരണകുഴികൾ മണ്ണും ചെളിയും കൊണ്ട് അടച്ചിരിക്കുന്നു. എന്നാൽ റോഡ് അന്നത്തെക്കാൾ വളരെ മോശം. അതിനിടയിൽ ആകാശം മൂടി കെട്ടാൻ തുടങ്ങി. മഴ കൂടി വന്നാൽ പിന്നെ ചേലായി, അല്ലെങ്കിലേ ഇരുട്ടാണ്. കഠിനമായ ഓഫ്‌റോടും കഴിഞ്ഞ് ഞാൻ മലക്കപ്പാറ എത്തിയപ്പോൾ സമയം 11:38. റിട്ടേൺ ഉണ്ടെന്നു പറഞ്ഞപ്പോൾ 3:30ന് മുമ്പ് എത്തിക്കോളണം എന്നായിരുന്നു നിർദേശം, ‘ ബൈക്കിന് ‘ ചെക്പോസ്റ്റ്‌ ക്രോസ്സ് ചെയ്യാൻ വൈകുന്നേരം 4 വരെയേ അനുവദിക്കൂ.

അൽപനേരം മലക്കപ്പാറയിൽ വിശ്രമിച്ച ശേഷം യാത്ര തുടർന്നു. ഇനി നേരെ വാല്പാറയിലേക്ക്, എത്തുന്നതിന് 1 km മുമ്പാണ് ആ കാഴ്ച കണ്ടത്. റോഡിൽ അതാ കിടക്കുന്നു ഒരാൾ കരിമൂർഖൻ ആണ്, ഞാൻ അതിനെ കണ്ടതും അത് എന്നെ കണ്ടതും ഒരേ നിമിഷത്തിൽ. എന്റെ ഭാഗ്യത്തിന് അത് പെട്ടന്ന് തന്നെ വഴിമാറി പോയി. ശ്വാസം നേരെ വീണു. വാല്പാറ മനോഹരമാണ്, ചെറിയൊരു ഊട്ടി. സമയം 1 മണി കഴിഞ്ഞിരുന്നു, ഭക്ഷണം കഴിക്കാനൊന്നും ഇനി സമയം ഇല്ലായിരുന്നു. നേരെ നിരാർ ഡാമിലേക്ക് തിരിച്ചു. യാത്രയിൽ ഗൂഗിൾ മാപ് ഉപയോഗിക്കാത്തതിനാൽ ഞാൻ വരച്ച ഒരു മാപ് കയ്യിൽ കരുതിയിരുന്നു.

ഏകദേശം 7 km കഴിഞ്ഞപ്പോൾ ആണ് മനസ്സിലായത് വഴിതെറ്റിയത്. വഴിയിൽ കണ്ട അണ്ണനോട് ചോദിച്ച് മനസ്സിലാക്കുമ്പോൾ അതാ വരുന്നു 3 കല മാനുകൾ, പുള്ളിമാനുകളെ ഒരുപാട് തവണ കണ്ടിട്ടുണ്ടെങ്കിലും കല മാനിനെ കാണുന്നത് ഇതാദ്യമായാണ്. അണ്ണൻ അവരെ പേരെടുത്ത്‌ വിളിക്കുന്നുണ്ടായിരുന്നു, എനിക്ക് ഫോട്ടോ എടുക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ, ഇനി ഇപ്പഴൊന്നും നോക്കണ്ട എന്നായിരുന്നു മറുപടി. ഡാമിലേക്കുള്ള വഴി പറഞ്ഞു തന്ന അണ്ണൻ എനിക്ക് മലക്കപ്പാറയിലേക്ക് ഒരു ഷോർട്കട്ടും പറഞ്ഞു തന്നു. നല്ലമുടി വ്യൂപോയിന്റ് വഴിയാണ് ആ ഷോർട്കട്ടും. പക്ഷെ, റോഡ് വളരെ മോശമായിരിക്കും എന്ന് അണ്ണൻ എനിക്ക് വാർണിംഗും തന്നു. അപ്പോഴേക്കും സമയം 1:20 കഴിഞ്ഞിരുന്നു.

അധികം താമസിക്കാതെ തന്നെ നിരാർ ഡാമിലേക്കുള്ള ചെക്പോസ്റ്റിൽ ഞാൻ എത്തി. 30/-ആണ് ടിക്കറ്റ്, ഇതേ ടിക്കറ്റ് തന്നെ ഉപയോഗിച്ച് നല്ലമുടി വ്യൂ പോയിന്റും കാണാം. ഫോറെസ്റ്റ് ഉദ്യോഗസ്ഥൻ ഒരു കാര്യം പ്രത്യേകം ഓർമിപ്പിച്ചു ” 4 km ആണ് ഇനി ഡാമിലേക്കുള്ളത്, റോഡില്ല, പോകുന്ന വഴിയിൽ ഒരു റൗണ്ട് കാണും അവിടെ നിന്ന് ഇടത്തോട്ട് പോകുക പിന്നെയും ഒരു റൗണ്ട് കാണും അവിടെ നിന്ന് വലത്തോട്ട് പോകുക,വഴി ഒരു കാരണവശാലും തെറ്റിക്കരുത് മുഴുവൻ അനിമൽ ക്രോസിങ് ഏരിയകൾ ആണ്. “ഞാൻ യാത്ര തുടങ്ങി, വഴിയിൽ ആരും ഇല്ല. തീർത്തും വിജനം. ചുറ്റും കാട്, വളഞ്ഞു പുളഞ്ഞു പോകുന്ന പാത, ഉരുളൻ കല്ലുകൾ, ബൈക്കിൽ നിന്ന് ഓടിക്കുക എന്നല്ലാതെ മറ്റൊരു വഴിയും എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല. നിയന്ത്രിക്കാൻ ആരുമില്ല.

താഴെ കാടിന്റെ മക്കളുടെ ഊരുകൾ കാണാം. കുത്തനെയുള്ള ഇറക്കങ്ങൾ ഒരുപാട് കഴിഞ്ഞതിന് ശേഷം ആ കൊച്ചു ഡാമിലേക്ക് ഞാൻ എത്തി ചേർന്നു. 1 ദമ്പതികളെ ഒഴിച്ച് നിർത്തിയാൽ പിന്നെ ഞാനും കൈലിമുണ്ടുടുത്ത ഒരു ജീവനക്കാരനും മാത്രം. ചുറ്റും കാടിന്റെ ശബ്ദം, ചീവീടുകൾ ഉച്ചത്തിൽ കരയുന്നു, അതേ സമയം മേകങ്ങൾ ആകാശം മൂടാൻ തുടങ്ങി. ചുറ്റും കാടാണ്, ദൂരെ വലിയ മലനിരകൾ കാണാം. കൊടും കാടാണത്, സാധാരണക്കാരെ കൊണ്ട് അപ്രാപ്യമായ ആ കാട് തെക്കോട്ടു പോകുന്നത് ആനമുടിയിലേക്കാണ്. സംരക്ഷിത മേഖലയാണത്. അതി മനോഹരമായ കാഴ്ച സമ്മാനിക്കുന്നത് വിദേശരാജ്യങ്ങളിൽ ലഭിക്കുന്ന ഫ്രെയിമുകൾ ആണ്. വല്ലാത്തൊരു ധന്യതയായിരുന്നു എന്റെ മനസ്സിൽ, ലോകത്തിന്റെ അറ്റമല്ലെങ്കിലും കാടിന്റെ അറ്റം കാണാൻ സാധിച്ചല്ലോ എന്ന സന്തോഷം. മനസ്സ് നിറഞ്ഞു, അല്ലെങ്കിലും യാത്ര ഇങ്ങനെയാണ്, ആരും സഞ്ചരിക്കാത്ത പാതയിലൂടെ സഞ്ചരിക്കുമ്പോഴും ആരും കാണാത്ത കാഴ്ചകൾ കാണുമ്പോഴും ആണ് യാത്ര പൂർണമാകുന്നത്.

സമയം 2 കഴിഞ്ഞു എങ്ങനെയെങ്കിലും നല്ലമുടി വ്യൂപോയിന്റ് കൂടി കാണണം. ഓഫ്‌റോഡ് കയറ്റങ്ങൾ പറത്തിവിട്ടു. വാല്പാറയുടെ പ്രധാന പ്ലസ് പോയിന്റ് ഇവിടുത്തെ ജനങ്ങളുടെ പെരുമാറ്റം തന്നെയാണ്,എത്ര വേണമെങ്കിലും സഹായിക്കാൻ മനസ്സുള്ള ജനങ്ങൾ കഴിഞ്ഞ 2 തവണ വന്നപ്പോഴും തന്ന സ്നേഹം ഇപ്രാവശ്യവും എനിക്ക് തന്നു. ഷോർട് കട്ട് എടുക്കാൻ തോന്നിയത് നന്നായി, ഇത്രയും കാലം ഞാൻ കരുതിയിരുന്നത് തേയില തോട്ടങ്ങൾക്കിടയിലൂടെ കുറെ ദൂരം യാത്ര ചെയ്യണമെങ്കിൽ മൂന്നാറിൽ തന്നെ പോകണമെന്നായിരുന്നു. ആ കാഴ്ചപ്പാട് മാറിയിരിക്കുന്നു, പിന്നെയുണ്ടായിരുന്ന 20km ലേറെ ദൂരം ഞാൻ ബൈക്ക് ഓടിച്ചത് തേയില തോട്ടങ്ങൾക്കിടയിലൂടെയുള്ള ഇടുങ്ങിയതും ഒരേ സമയം പൊളിഞ്ഞതും മികച്ചതും ആയ റോട്ടിലൂടെ ആയിരുന്നു.

2 തരം റോഡുകൾ, നല്ലതാണെങ്കിൽ ഹൈവേയെ വെല്ലുന്ന കൺസ്ട്രക്ഷൻ.  പൊളിഞ്ഞതാണെങ്കിൽ എക്സ്ട്രീം ഓഫ്‌റോഡും. വഴിയിൽ കണ്ട 2 പേരാണ് ഒരു കാര്യം പറഞ്ഞു തന്നത് “ഇപ്പോൾ 2:30 ആയി 3:30ന് മുമ്പ് നല്ലമുടി കണ്ട് നിനക്ക് മലക്കപ്പാറ എത്താൻ സാധിക്കില്ല.” നല്ലമുടി ആഗ്രഹം ഞാൻ അവിടെ ഉപേക്ഷിച്ചു, എങ്ങനെയെങ്കിലും സമയം തീരുന്നതിന് മുമ്പ് മലക്കപ്പാറ എത്താനായിരുന്നു പിന്നെ എന്റെ ചിന്ത. അവസ്ഥ അറിഞ്ഞപ്പോൾ ആ പാവം അണ്ണൻ എന്നെ സഹായിക്കാമെന്ന് ഏറ്റു, ആൾ വഴികാട്ടിയായി അയാളുടെ ബൈക്കിൽ മുന്നിൽ പോയി. ഒരു സ്ട്രൈറ്റ് റോഡിൽ എന്നെ എത്തിച്ച ശേഷം അണ്ണൻ യാത്ര പറഞ്ഞു മടങ്ങി.

യാത്ര തുടരുകയാണ് ഇടുങ്ങിയ പൊട്ടിപൊളിഞ്ഞ നടക്കാൻ പോലും യോഗ്യമല്ലാത്ത റോഡ്, ചുറ്റും കണ്ണെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന തേയിലതോട്ടം. വാല്പാറയിൽ ആനയും പുലിയും ഇറങ്ങാറുള്ള അതെ എസ്റ്റേറ്റ് തോട്ടത്തിലൂടെയുള്ള യാത്ര, ഇടയ്ക്ക് പുൽമേടുകളിൽ മേയുന്ന പശുക്കൾ ഒഴികെ മറ്റൊന്നിനെയും കാണുന്നില്ല. ദൂരം ഒരുപാട് ആയി, സമയം 3 കഴിഞ്ഞിരുന്നു പെട്ടന്നതാ ഒരു അണ്ണൻ. അതെ റൂട്ടിലേക്കുള്ള ‘ഞങ്ങൾ’ യാത്ര തുടരുകയാണ്, നിലം തൊടാത്ത ഒരു ഓഫ്‌റോഡ് യാത്ര. കുറച്ച് കഴിഞ്ഞപ്പോൾ അണ്ണനും യാത്ര പറഞ്ഞു മടങ്ങി, പോകുന്ന വഴിയിൽ ഇനി ഒരു വളവും വളക്കണ്ട നേരെ വിട്ടോ എന്ന ഒരു ഉപദേശവും തന്നു. ഓഫ്‌റോഡ് തന്നെ, ഓഫ്‌റോഡ് കേപ്പബിലിറ്റി ഇല്ലാത്ത കാറുകൾ ഒരു കാരണവശാലും നീങ്ങാത്ത വഴികൾ ആയി പിന്നീട്.

വഴിയാത്രക്കാർക്ക് വൈകി വന്ന വിരുന്നുകാരനായിരുന്നു ഞാൻ അപ്പോൾ. അവസാനം മെയിൻ റോഡിലേക്കെത്തി, നേരെ മലക്കപ്പാറയിലേക്ക്. 3:15ന് ചെക്പോസ്റ്റിൽ എത്തി പെര്മിഷനും വാങ്ങി യാത്ര തുടർന്നു. ഇതിനെല്ലാം ഇടയിൽ ഭക്ഷണം കഴിക്കാൻ മറന്നിരുന്നു, രാവിലെ ഇറങ്ങുമ്പോൾ കരുതിയിരുന്ന വെള്ളം മാത്രമാണ് ഇനി ഏക ആശ്വാസം,വെള്ളം കൊണ്ട് വിശപ്പടക്കി. വീണ്ടും ഓഫ്‌റോഡുകൾ, സ്റ്റാന്റിംഗ് പോസ്ചറിൽ തന്നെ വണ്ടിയോടിച്ചു. എതിരെ വന്ന കാറുകളിൽ ചിലത് നിർത്തി തന്നു, ചിലത് ഒതുക്കി തന്നു. ചില കാറുകളിൽ നിന്നും എന്നെ നോക്കി പിറുപിറുപ്പും കമ്മെന്റുകളും കേട്ടു, അറിവില്ലായ്മയുടെ അഹങ്കാരം ചുമക്കുന്ന മലയാളികൾ, എനിക്ക് സമയമില്ല എന്റെ ശ്രദ്ധ യാത്രയിൽ ആണ് അവർ കുരക്കട്ടെ. ഏതൊരു റൈഡറും അങ്ങനെയാണ്, അങ്ങനെയാകണം.

ഒരു ചെറു വീഡിയോ :

7:30ന് വീട്ടിൽ എത്തി. സംഭവബഹുലമായ യാത്രയ്ക്ക് ഇവിടെ വിരാമം. മാറി തന്ന മഴമേഖങ്ങൾ, തൊട്ടടുത്ത് എന്നെ കിട്ടിയിട്ടും മാറി തന്ന പാമ്പ് സുഹൃത്ത്, ഒളിഞ്ഞു നിന്ന് കണ്ടിട്ടും ആക്രമിക്കാതെ വിട്ട കാട്ടുമൃഗ സുഹൃത്തുക്കൾ, ഒരു ഹോണിന് വഴി മാറി തന്ന മറ്റു ഡ്രൈവർമാർ, യാത്രയിലുടനീളം സഹായിച്ച വാല്പാറ മലക്കപ്പാറ നിവാസികൾ, സർവോപരി ദൈവത്തിനും നന്ദി. മനസ്സ് നിറഞ്ഞു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply