ഫാമിലിയുമായി ഒരു അസർബെയ്ജാൻ ഡയറിക്കുറിപ്പ്..

യാത്രാവിവരണം – ബിസ്മി റോണി.

ഈദിനു മുമ്പുള്ള ദിവസങ്ങൾ… അവസാനത്തെ ട്രിപ്പ്‌ കഴിഞ്ഞു ആറു മാസങ്ങൾ പിന്നിട്ടിരിക്കുന്നു… ബഡ്ജറ്റിൽ ഒതുങ്ങുന്ന മറ്റൊരു ട്രിപ്പ്‌ പ്ലാൻ ചെയാൻ മനസ്സിൽ ആഗ്രഹം പൊങ്ങിത്തുടങ്ങിയിരിക്കുന്നു… അങ്ങനിരിക്കവേയാണ് Holiday Factory എന്ന ട്രാവൽ കമ്പനിയിൽ നിന്നും ഒരു മെയിൽ കിട്ടുന്നത്. ഈദ് ഹോളിഡേയ്‌സ് വരുന്നു എന്ന് ഓർമിപ്പിച്ചുകൊണ്ട് ട്രാവൽ പാക്കേജ്‌സിന്റെ ഒരു നീണ്ട നിര… ലിസ്റ്റിൽ Georgia, Armenia യ്യ്ക്കു ശേഷം ഉള്ള Azerbaijan ൽ കണ്ണൊന്നുടക്കി.

ട്രാവൽ കമ്പനി പാക്കേജ് AED 2000 ന് കൊടുക്കണമെങ്കിൽ ശെരിക്കും എത്ര ആകും എന്നറിയാൻ ഉടൻ തന്നെ skyscanner.com ഓപ്പൺ ചെയ്തു നോക്കി. DXB-Baku-DXB Azerbaijan Airlines ഒരാൾക്ക് 700dhs എന്ന് കണ്ടതും മനസ്സിൽ ലഡ്ഡു പൊട്ടി… ! ഓഫീസിൽ ഇരിക്കുന്ന പ്രിയതമനെ പെട്ടന്ന് തന്നെ കാര്യം അറിയിച്ചു. യാത്രയുടെ “യാ” കേട്ടാല തുള്ളിച്ചാടുന്ന പുള്ളിക്കാരൻ മെസ്സേജ് കണ്ടതും പിന്നെ ഒന്നും നോക്കിയില്ല.. അയച്ചു തിരിച്ചൊരു കിടിലൻ മറുപടി … “തോമസൂട്ടീ… വിട്ടോടാ… !!!” ഇങ്ങനെ തുടങ്ങി ഞങ്ങളുടെ യാത്രപുസ്തകത്തിലെ അസർബെയ്ജാൻ അധ്യായം !

ഇന്ത്യൻ പാസ്പോർട്ട്‌ ഹോൾഡേഴ്സിന് അസർബെയ്ജാൻ സന്ദർശിക്കാൻ Evisa എടുക്കേണ്ടതായുണ്ട്. ഇത് വളരെ എളുപ്പത്തിൽ ഓൺലൈനിൽ www.evisa.gov.az എന്ന സൈറ്റിൽ അപേക്ഷിക്കാവുന്നതാണു. Standard visa 20 USD, 3 ദിവസത്തിനുള്ളിൽ ലഭിക്കും. 3 മണിക്കൂറിനുള്ളിൽ ലഭിക്കാവുന്ന Urgent Visa ഓപ്ഷനും ഉണ്ട്‌. പേർസണൽ ഡീറ്റെയിൽസ്, അസർബൈജാനിൽ താമസിക്കാൻ പോകുന്ന സ്ഥലത്തിന്റെ അഡ്രസ്, jpeg ഫോർമാറ്റിൽ ഉള്ള പാസ്പോർട്ട്‌ പേജ് കോപ്പി, ഇത്രയുമാണ് ആവശ്യം. Evisa യുടെ പ്രിന്റ് ഔട്ട്‌ എപ്പോളും കൈയിൽ കരുതുക.

അങ്ങനെ June 12 വെളുപ്പിന് 2.30 ന് ഞങ്ങൾ Baku വിലേക്കു യാത്ര തിരിച്ചു. 3 മണിക്കൂർ ദൈർഖ്യം ഉള്ള യാത്രയിൽ നല്ല ആഹാരവും ഡ്രിങ്ക്‌സും ലഭിച്ചു. Caspian കടലിന്റെ മുകളിലൂടെ സഞ്ചരിച്ചു വിമാനം കൃത്യം 5.30ന് Baku Heyder Aliyev എയർപോർട്ടിൽ ലാൻഡ് ചെയ്തു. ദുബൈയുടെ അതെ time zone ൽ ആയതുകൊണ്ട് വാച്ചിൽ സമയം മാറ്റേണ്ടിവന്നില്ല. വളരെ വിശാലവും ആധുനികവുമാണ് Baku എയർപോർട്ട്. Armenia യുമായി അത്ര നല്ല ഇരുപ്പുവശത്തിലല്ലാത്തതുകൊണ്ടു ഞങ്ങളുടെ പാസ്സ്പോർട്ടിൽ ഉണ്ടായിരുന്ന അർമേനിയൻ വിസ വളരെ സൂക്ഷ്മമായി ഇമ്മിഗ്രേഷൻ ഓഫീസർ പരിശോധിക്കുകയും വിശദമായി ആരായുകയും ചെയ്ത ശേഷമാണ് അസർബൈജാൻ എൻട്രി സ്റ്റാമ്പ്‌ പാസ്പ്പോർട്ടിൽ അടിച്ചത്.

രാജ്യത്തിന്റെ തലസ്ഥാനമായ Baku ൽ താമസിച്ചുകൊണ്ട് ഡേ ട്രിപ്സ് എടുക്കുന്നതാണ് ഏറ്റവും ഉചിതമെന്നും Baku Old City ൽ നിന്ന് മെയിൻ ആയ സ്പോട്ടുകൾ നടന്നു കാണാമെന്നും പല ഫോറംസിലും ബ്ലോഗുകളിലും വായിക്കുകയുണ്ടായി. അങ്ങനെ മിതമായ നിരക്കിൽ City Walls എന്ന ഒരു 2 സ്റ്റാർ ഹോട്ടൽ booking.com വഴി ബുക്ക്‌ ചെയ്തിരുന്നു. എയർപോർട്ടിൽ നിന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗിച്ച് 2 അസിർബൈജാനി മന്നത്ത് (AZN) ചിലവിൽ ഹോട്ടൽ എത്താമെന്നും കരുതി Arrival ഹാളിൽ എത്തിയപ്പോൾ ദേ ഒരപ്പച്ചൻ ഞങ്ങടെ പേരും പിടിച്ചോണ്ട് നിക്കുന്നു ! അന്വേഷിച്ചപ്പോ ഹോട്ടലിൽ നിന്ന് അയച്ചതാണെന്ന്…. നൈസ് ആയിട്ട് ഒരു ട്രാൻസ്ഫർ ഫെയർ ഒപ്പിക്കാനുള്ള ഹോട്ടലിന്റെ ശ്രമം ഞങ്ങൾക്ക് മനസിലായെങ്കിലും അപ്പച്ചൻ 50 മന്നതിൽ നിന്നും 10 മന്നത്തിനു സമ്മതിച്ചപ്പോ പിന്നെ ഉറക്കമൂശാട്ടയിൽ കരയുന്ന കുഞ്ഞിനേം കൊണ്ട് ബസും മെട്രോയും കേറിയിറങ്ങുന്ന പ്ലാൻ ഞങ്ങളും ഉപേക്ഷിച്ചു.

ദുബൈയിൽ നിന്നും കൊണ്ടുവന്ന ഡോളർ Baku എയർപോർട്ടിൽ ഉള്ള currency എക്സ്ചേഞ്ചിൽ നിന്ന് 2 AED = 1 AZN എന്ന നിരക്കിൽ കോൺവെർട് ചെയ്തുകൊണ്ട് വെളിയിലേക്കു നടന്ന ഞങ്ങളെ വീണ്ടും കുറെ അപ്പച്ചന്മാർ വന്നു പൊതിഞ്ഞു. ഈ രാജ്യത്തിൽ ടാക്സി senior citizens ന് മാത്രമേ ഓടിക്കാൻ പാടുള്ളൂ ആവോ… മുന്നോട്ടു നീങ്ങാൻ പരിശ്രമിക്കുന്ന ഞങ്ങളേം കാത്തു ഹോട്ടലിൽ നിന്ന് അയച്ച അപ്പച്ചൻ പുള്ളിയെക്കാളും രണ്ടോണം കൂടുതൽ ഉണ്ടിട്ടുള്ള, സോറി കണ്ടിട്ടുള്ള ഒരു വാഹനത്തിന്റെ ഡിക്കിയും തുറന്നു നിൽക്കുന്നുണ്ടായിരുന്നു.

എയർപോർട്ടിൽ നിന്ന് Baku Old City യിലേക്ക് ഏകദേശം 30 മിനുട്സ് ഡ്രൈവുണ്ട്. ആ അര മണിക്കൂർ കൊണ്ട് തന്നെ അസർബെയ്ജാൻ എന്ന രാജ്യം ഞങ്ങളുടെ ഹൃദയത്തിൽ ഒരു സ്ഥാനം ഉറപ്പിച്ചു ! വലിയ പ്രതീക്ഷകളിലാതെ പോയതുകൊണ്ടാണോ അതോ ദുബൈയുടെ ചൂടിൽ നിന്ന് പെട്ടെന്ന് ഒരിളം തണുപ്പും ചുറ്റും പച്ചപ്പും കണ്ടതുകൊണ്ടാണോ എന്നൊന്നും അറിയില്ല, പക്ഷെ അസർബെയ്ജാൻ ഞങ്ങൾക്ക് നന്നേ ബോധിച്ചു ! നല്ല റോഡുകളും വീഥികളും, ഡിസ്‌സിപ്ലിൻഡ് ആയി പോകുന്ന ട്രാഫിക്, എങ്ങും ചെടികളും മരങ്ങളും, ആധുനികമായ ബിൽഡിങ്ങുകൾ, ഒരു ചെറിയ വേസ്റ്റ് ഐറ്റം പോലും എങ്ങും കാണാനില്ല. Old City ആകട്ടെ തികച്ചും പഴമ കാത്തുസൂക്ഷിക്കുന്ന cobbled റോട്സും പിൽക്കാല കോട്ടകുളുടെ മതിലുകളുമൊക്കെയായി വേറേതോ ലോകത്തെത്തിയ പ്രതീതി !

അങ്ങനെ ഹോട്ടലിലെത്തി check in ചെയ്ത ശേഷം 5 മിനിറ്റ് കാത്തിരിക്കാൻ റിസെപ്ഷനിസ്റ് പറഞ്ഞു… 5 മിനിറ്റ് 10 മിനിറ്റ് ആയി, അത് പിന്നെ അര മണിക്കൂർ ആയിട്ടും അദ്ദേഹത്തെ കാണുന്നില്ല… വിശപ്പും ഉറക്കവും മുട്ടി നിൽക്കുന്ന ഞങ്ങളുടെ പുത്രൻ അലമുറയിട്ടു തുടങ്ങിയപ്പോൾ പിന്നൊന്നും നോക്കിയില്ല, ഞങ്ങൾ ശബ്ദമുയർത്തി. ഒരു ചൂലും dustbin ഉം ആയി അയാൾ പിറുപിറുത്തുകൊണ്ട് പ്രത്യക്ഷനായി… മൂന്നാമത്തെ നിലയിൽ ഞങ്ങൾക്കുള്ള മുറിയുടെ താക്കോൽ കൈമാറി. പിന്നീടാണ് ഞങ്ങൾക്ക് കാര്യം പിടികിട്ടിയത്. ഫ്ലൈറ്റ് വെളുപ്പിനെ എത്തുന്നതുകൊണ്ടും ഹോട്ടൽ Check in ടൈം ഉച്ചക്ക് 2 മണി ആയതുകൊണ്ടും ഞങ്ങൾ തലേന്ന് മുതലേ റൂം ബുക്ക്‌ ചെയ്തിരുന്നു.

എന്നാൽ ഈ അവസരം മുതലാക്കാൻ വേണ്ടി റിസെപ്ഷനിസ്റ് രാത്രി ആ റൂം മറ്റാർക്കോ കൊടുത്തിരുന്നു. ഞങ്ങൾ എത്തിയപ്പോൾ അവരെ ഇറക്കി ഓടിച്ചൊന്നു ക്ലീൻ ചെയ്തിങ് തന്നു!.. 5 വർഷത്തെ യാത്രകളിൽ ഇതാദ്യമായിട്ടാണ് ഇങ്ങനൊരു അനുഭവം. !!! റിസെപ്ഷന്സിറ്റ്യനോട് അല്പം കയർത്തു സംസാരിച്ചെങ്കിലും പുള്ളിക്കാരൻ ഒരു dont -care ആറ്റിറ്റ്യൂടിൽ ചിരിച്ചു വിട്ടു. ഹോട്ടൽ wifi കിട്ടിയ ഉടനെ തന്നെ booking.com ന് ഒരു കംപ്ലയിന്റും ഹോട്ടലിനു സത്യസന്ധമായ ഒരു റിവ്യൂവും ഇട്ടു.

പിന്നൊരു നീണ്ടശ്വാസമെടുത്തു വിട്ടു…!! ഏതായാലും കിടക്കാൻ ഒരിടം ഉണ്ടല്ലോ എന്നോർത്ത് ടെറസിൽ ഒരുക്കിയിരുന്ന ബ്രെഡ് ജാം sausage എന്നിവയുള്ള സിമ്പിൾ ആയ ബ്രേക്ഫാസ്റ് കഴിക്കാൻ നീങ്ങി. ബ്രേക്ഫാസ്റ്റിനു ശേഷം ഒരു free walking tour പോകാനായിരുന്നു ഞങ്ങളുടെ പ്ലാൻ പക്ഷെ പണ്ടത്തെപ്പോലെ ഒറ്റത്തടിയല്ലല്ലോ. ഒന്നര വയസുള്ള ഞങ്ങടെ ജോക്കുട്ടന്റെ യാത്രാഷീണം കണക്കാക്കി കുറച്ചു വിശ്രമിച്ചിട്ടാവാം സൈറ്റ് സീയിങ് എന്ന് തീരുമാനിച്ചു. നല്ലൊരുറക്കം കഴിഞ്ഞു ഉച്ചക്കത്തെ കടും വെയിലും പ്രതീക്ഷിച്ചു ഹോട്ടലിന്റെ വെളിയിലേക്കു ഇറങ്ങിയ ഞങ്ങളെ വരവേറ്റതു 18°C തണുപ്പും നല്ല ഉഗ്രൻ കാറ്റും..!

ത്രിദങ്കപുളകിതരായ ഞങ്ങൾ Baku നഗരം ഒരറ്റത്തൂന്നു നടന്നു കണ്ടുതുടങ്ങി. Flame towers ന്റെ തലയെടുപ്പും Baku Sea side Boulevard ന്റെ മനോഹാരിതയും Maiden tower ന്റെ നിഗൂഢതയും Nizami street ന്റെ വർണ്ണകാഴ്ചകളും എല്ലാം ഓരോന്നായി ഞങ്ങളുടെ ഓർമപുസ്തകത്തിൽ കുറിച്ചിട്ടു. കാഴ്ചകൾ ആസ്വദിച്ചു സമയം പോയതറിഞ്ഞതേയില്ല. രാത്രി 7 മണിയായിട്ടും പകൽ പോലെ വെളിച്ചം… ഒരു KFC ഔട്ലെറ്റിന്റെ മുന്നിലെത്തിയപ്പോളാണ് വിശപ്പിന്റെ വിളി കേട്ടത്. ഒരു ലാർജ് ബക്കറ്റ് വിത്ത്‌ ഫ്രൈസ് ആൻഡ് ഡ്രിങ്ക്സ് വെറും 15 AZN.

വയറും മനസ്സും നിറഞ്ഞശേഷം ഞങ്ങൾ ഒരു കടുത്ത ബോളിവുഡ് ആരാധകന്റെ ടാക്സിയിൽ ഫുൾ വോളിയുമിൽ ‘മേരാ ജൂതാ ഹേയ് ജപ്പാനി ‘ കേട്ടുകൊണ്ട് Heydar Aliyev Cultural Centre ലേക്ക് തിരിച്ചു. തികച്ചും വ്യത്യസ്തമായ ഈ ബിൽഡിങ്ങിന്റെ ഡിസൈൻ പ്രശസ്ത ഹോളിവുഡ് നടി Marilyn Monroe യുടെ പറന്നുപോകുന്ന വൈറ്റ് ഡ്രെസ്സിൽ നിന്നുള്ള ഇൻസ്പിറേഷൻ ആണെന്ന് പറയപ്പെടുന്നു. ലേറ്റ് ആയതിനാൽ ഉള്ളിലേക്ക് പ്രവേശിച്ചില്ല, സെന്ററിന്റെ മുമ്പിലുള്ള “I Love Baku” സൈനിനൊപ്പം ഫോട്ടോസ് എടുത്തു ഞങ്ങൾ മടങ്ങി. റൂമിലെത്തി അന്നത്തെ കിടിലൻ ഫോട്ടോസ് അറിയാവുന്ന ഗ്രൂപ്പിലൊക്കെ അയച്ചു സ്പാം ചെയ്ത്, വാട്സ്ആപ്പ് സ്റ്റാറ്റസും ഇൻസ്റ്റാഗ്രാം സ്റ്റോറിയുമൊക്കെ അപ്ഡേറ്റ് ചെയ്ത്, വീട്ടുകാർക്ക് ഒരു വോയിസ്‌ മെസ്സേജും അയച്ച ശേഷം പിറ്റേ ദിവസത്തേക്ക് അലാറവും വെച്ചു ഞങ്ങൾ സംതൃപ്തിയോടെ കിടന്നുറങ്ങി.

വെളുപ്പിനെ 4 മണി ആയപ്പൊളേക്കും പ്രഭാതം പൊട്ടിവിടർന്നു. ഞങ്ങളും പതുക്കെ തയാറായി മൂന്നാം നിലയിൽ നിന്ന് ഒരു പാദം വയ്ക്കാൻ മാത്രം പാകത്തിനുണ്ടാക്കിയിട്ടിരിക്കുന്ന പടികളിലൂടെ പിടിച്ചിറങ്ങി. ജോക്കുട്ടൻ carrier ൽ നല്ല ഉറക്കം. Azerbaijan Travel International എന്ന tour കമ്പനി വഴി ഒരു ഡേ ട്രിപ്പ്‌ ആണ് ഇന്നത്തെ അജണ്ട. Old City ക്കുള്ളിലേക്കു വലിയ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്തതുകൊണ്ടു ഒരു 15 മിനിറ്റ് നടന്നുവേണം Double Gates എന്ന പിക്കപ്പ് പോയിന്റിലെത്താൻ.

ഹോട്ടലിൽ ബ്രേക്ഫാസ്റ് 8 മണിക്കേ തുടങ്ങൂ. ഞങ്ങൾ 7. 30 ക്ക് ഇറങ്ങുന്നതുകൊണ്ടു പായ്ക്ഡ് ആയിട്ട് തരാൻ പറ്റുമോ എന്ന് തലേന്ന് റിസെപ്ഷനിസ്റ്റിനോട് ചോദിച്ചെങ്കിലും വലിയ ഗുണമുണ്ടായില്ല. അങ്ങനെ കുറച്ചു പച്ചവെള്ളവും കുടിച്ചു ഞങ്ങൾ രാവിലത്തെ തണുപ്പും ഫ്രഷ് എയറും ആസ്വദിച്ചു കൈയും പിടിച്ചു മൂളിപ്പാട്ടും പാടി മുന്നോട്ടു നീങ്ങി! കറക്റ്റ് 8 മണിക്ക് ഒരു 20 സീറ്റർ വാൻ ഞങ്ങളെ പിക്ക് ചെയ്തു. ബാകുവിന്റെ പലയിടങ്ങളിൽ നിന്ന് Group ടൂറിലെ മറ്റങ്ങങ്ങളെയും കൂട്ടികൊണ്ടു Shamakhi എന്ന സ്ഥലം ലക്ഷ്യമാക്കി ഡ്രൈവ് ആരംഭിച്ചു.

ഒരു ഫുൾ ഡേ ട്രിപ്പ്‌ ആയതുകൊണ്ട് പോകുന്ന വഴിയിൽ വലിയൊരു സൂപ്പർമാർകെറ്റിൽ വണ്ടി നിർത്തി. തലേന്ന് ഗ്രോസറിയിൽ നിന്ന് വാങ്ങിയ protein bars ചോക്ലേറ്സ് ചിപ്സ് എന്നിവയൊക്കെ വണ്ടിയിലിരുന്നു അടിച്ചുതീർത്തെങ്കിലും വയറ്റിൽ നിന്നും ഗുളുഗുളു ശബ്ദങ്ങൾ പിന്നെയും കേട്ടുകൊണ്ടിരുന്ന ഞങ്ങൾക്ക് ഈ സ്റ്റോപ്പ്‌ ഒരാശ്വാസമായി. കുറച്ചു digestive ബിസ്‌കിറ്റ്‌സ് ഹോട്ട് ഡോഗ്സ് മഫിൻസ് മുതലായവും കൊറിച്ചുകൊണ്ടു ഞങ്ങൾ യാത്ര തുടർന്നു.

നല്ല സ്മൂത്ത്‌ റോഡ്‌, സുഖമായി ചാരിയിരിക്കാൻ പാകത്തിനുള്ള സീറ്റ്‌, മീഡിയം സെറ്റിങ്ങിലോടുന്ന വണ്ടിയുടെ എസി, പിന്നെ തലേന്നത്തെ നടത്തത്തിന്റെ ക്ഷീണം… ഇതെല്ലാംകൂടി ചേർന്നപ്പോൾ വഴിയോരകാഴ്ചകൾ കാണാൻ മനസ്സാഗ്രഹിച്ചെങ്കിലും കണ്ണുകൾ അനുവദിച്ചില്ല… നല്ലൊരു മയക്കത്തിന് ശേഷം കണ്ണ് തുറന്നപ്പോൾ കണ്ടത് ഒരു കൂറ്റൻ മലയിലേക്കു പണിതുയർത്തിയിരിക്കുന്ന Diri Baba Mausoleum ആണ്. 15 ആം നൂറ്റാണ്ടിലെ ഈ നിലയത്തിലാണ് ദിരി ബാബ എന്ന സെയിന്റിനെ അടക്കിയിരിക്കുന്നതെന്നു വിശ്വസിക്കപ്പെടുന്നു.

കുറേ പടികൾ കേറിവേണം ആലയത്തിന്റെ കവാടത്തിലെത്താൻ. ഉള്ളിലെ ജിജ്ഞാസ കാരണം ശരീരക്ഷീണം ഒന്നും ഓർത്തില്ല, ജോക്കുട്ടനേം പൊക്കിയെടുത്തുകൊണ്ടു കാലപ്പഴക്കത്താൽ ക്ഷയിച്ചുപോയികൊണ്ടിരുന്ന പടികൾ ഓരോന്നായി വലിഞ്ഞുകേറി. വളരെ സിമ്പിൾ ആയ ഒരു സ്ഥലമാണെങ്കിൽകൂടി മനസ്സുനിറക്കുന്ന അവിടത്തെ നിശബ്ദതയും നൂറ്റാണ്ടുകൾക്കു മുമ്പുള്ളവരുടെ കൈവിരുതും ചുറ്റുമുള്ള മലനിരകളുടെ പ്രൗഢിയുമൊക്കെ തികച്ചും താഴ്‌മപ്പെടുത്തുന്നൊരു അനുഭവമായിരുന്നു.

ഫോട്ടോയെടുപ്പിൽ മുഴുകിയ ഞങ്ങൾ പെട്ടന്ന് തിരിഞ്ഞുനിക്കിയപ്പോൾ ജോക്കുട്ടനെ കാണ്മാനില്ല… ! അവന്റെ പൊട്ടിച്ചിരി കേട്ട ദിശയിലേക്കു ഓടിചെന്നപ്പോൾ ദേ ഇരിക്കുന്നു പ്രിയപുത്രൻ കുറെ Korean ചേച്ചിമാരുടെ ഇടയിൽ.. ! അറിയാവുന്ന ആംഗ്യഭാഷയിൽ ഞങ്ങളുടെ കൊറിയൻ സിനിമ കമ്പം അവരെ അറിയിക്കാൻ ശ്രമിച്ചെങ്കിലും ജോക്കുട്ടന്റെ കണ്പീലികൾക്കെന്താ ഇത്ര നീളം എന്നതറിയാനായിരുന്നു അവർക്കു താല്പര്യം. അങ്ങനെ കൊറിയക്കാരോട് ടാറ്റാ പറഞ്ഞു ഞങ്ങൾ യാത്ര തുടർന്നു.

അടുത്തതായി ചെന്നെത്തിയത് Shamakhi Juma Mosque. കൊക്കേഷ്യൻ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള ഈ പള്ളി 8 ആം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണെങ്കിലും ഭൂകമ്പങ്ങളും തീപിടുത്തവുമൊക്കെ കാരണം പലതവണ റികോൺസ്ട്രക്ക്ട ചെയേണ്ടിവന്നിട്ടുണ്ട്. അവിടുന്ന് തന്ന സ്കാർഫും കെട്ടി പള്ളിയുടെ അകവും പുറവുമൊക്കെ ചുറ്റിക്കണ്ടത്തിനുശേഷം വീണ്ടും യാത്ര തുടർന്നു. അസിർബൈജാനിന്റെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന Gabala അഥവാ Qebele ആണ് അടുത്ത ഡെസ്റ്റിനേഷൻ. അതിമനോഹരമായ കുന്നുകളും താഴ്‌വാരങ്ങളുമായുള്ള ഭൂപ്രകൃതി, കുത്തനെ കേറുന്ന ഹെയർ പിൻ ബെന്റുകൾ, മലകളിൽനിന്നു ഒഴുകിയെത്തുന്ന അരുവികൾ, കയറ്റം കേറുന്തോറും താഴേക്കിറങ്ങിവരുന്ന മൂടൽമഞ്ഞു… ജീവിതത്തിൽ അതുവരെ കേട്ടിട്ടിലാത്തതും ഇനി ഒരിക്കൽകൂടി കാണാൻ സാധ്യതയില്ലാത്തതുമായ Gabala എന്നയീ സ്ഥലം ഞങ്ങളെ വല്ലാതെ സ്പർശിച്ചു.

ഉച്ചക്ക് 2 മണിയോടടുപ്പിച്ചു ലഞ്ചിനായി ഒരു വനത്തിനുള്ളിലുള്ള റെസ്റ്റാറന്റിൽ വണ്ടി നിർത്തി. നിറഞ്ഞു നിൽക്കുന്ന മരങ്ങൾക്കിടയിൽ നിർമിച്ചിരിക്കുന്ന ഓപ്പൺ ടെന്റുകളിൽ ഒന്നിൽ ഞങ്ങളുടെ മുഴുവൻ ഗ്രൂപ്പിനുമായി ഒരു ടേബിൾ ഒരുക്കിയിരുന്നു. Russia, Ukraine, Switzerland, Spain എന്നീ രാജ്യങ്ങളിൽ നിന്നുമുള്ളവരാണ് ഞങ്ങളുടെ ഗ്രൂപ്പ് മേറ്റ്സ്. സ്റ്റാർട്ടർസ് ആയ സാലഡ്, ബ്രെഡ്, ചീസ്, ഫ്രൂട്ട്സ്, എന്നിവയ്ക്ക് ശേഷം മട്ടൺ സൂപ്പും പലതരം കെബാബുകളുടെ ഒരു പ്ലാറ്ററും പിന്നെ വേണ്ടുവോളം coke ഉം ലഭിച്ചു. കുറെയൊക്കെ ഫോർക് ആൻഡ് സ്പൂൺ വച്ചു പയറ്റിയെങ്കിലും കെബാബിന്റെ പൂർണ്ണമായിട്ടുള്ള ആസ്വാദനത്തിന് കൈ തന്നെ വേണ്ടിവന്നു. ആഹാരശേഷം കൈ കഴുകികൊണ്ടിരുന്ന എന്റെ മുതുകത്ത് പെട്ടെന്നൊരു തലോടൽ. കെട്ടിയോനായിരിക്കുമെന്നു പ്രതീക്ഷിച്ചു തിരിഞ്ഞുനോക്കിയ ഞാൻ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി.. ഒരു വലിയ കുതിര !!

എന്റെ അലമുറ കേട്ടു അതിന്റെ ഉടമസ്ഥനായ 10-14 വയസ്സ് പ്രായമുള്ളൊരു പയ്യൻ ചിരിച്ചോണ്ടുവന്നു, ചാടി പുറത്തു കയറി കുതിച്ചുകൊണ്ടൊരു പോക്കങ്ങുപോയി… ! ആ പ്രദേശങ്ങളിൽ കുതിരകൾ വളരെ സുലഭമാണെന്നും സ്വതന്ത്രമായി മേഞ്ഞുനടക്കുമെന്നും പിന്നീടറിഞ്ഞു. ലഞ്ചിനുശേഷം കുതിരകളെയും സ്വപ്നംകണ്ട് ഒന്നു മയങ്ങിയെണീറ്റപ്പോളെക്കും ഞങ്ങൾ Tufandag റിസോർട്ടിൽ എത്തിയിരുന്നു. 1920 മീറ്റെർസ് അബൗവ് സീ ലെവൽ ഉയരത്തിൽ നമ്മളെ എത്തിക്കുന്ന Cable Car റൈഡ് ആണ് ഇവിടത്തെ ഹൈലൈറ്. ഒരു പൈന്റിങ്ങിലേതെന്നപ്പോലെ മനോഹരമാണ് മുകളിൽനിന്നുള്ള വ്യൂസ്. മനസ്സും ശരീരവും ശെരിക്കുമൊന്നു തണുത്തു.

പിന്നീട്, 2500 വർഷം പഴക്കമുള്ള അസ്ഥികളും മറ്റും excavate ചെയ്തിരിക്കുന്ന Gabala Historical Ethnography Museum സന്ദർശിച്ചു. അതിന് ശേഷം രണ്ടാം ലോക മഹായുദ്ധത്തിൽ നിർമിച്ച Nohur Lake ൽ ഞങ്ങളെത്തി. കിളികളുടെയും തവളകളുടെയും താറാവുകളുടേയുമൊക്കെ ഒരു കലപിലയായിരുന്നു അവിടെ. ഇവയെ ഒക്കെ ആദ്യമായി കണ്ട സന്തോഷത്തിൽ അവിടുത്തെ മരത്തിലൊക്കെ വലിഞ്ഞുകേറാൻ ശ്രമിച്ച ജോക്കുട്ടനേം പൊക്കിയെടുത്തു വണ്ടിയിലിട്ടു ഞങ്ങൾ ബാകുവിലെക്കുള്ള മടക്കയാത്ര ആരംഭിച്ചു.

യാത്രാമധ്യേ റിഫ്രഷ്‌മെന്റിനായി ഒരു റെസ്റ്റാറ്റാന്റിൽ നിർത്തി. അവിടെ ഒരപ്പച്ചൻ മനോഹരമായി azeri ഗാനങ്ങൾ ആലപിക്കുന്നുണ്ടായിരുന്നു. പാട്ടിൽ ലയിച്ച ഞങ്ങൾ വില ചോദിക്കാതെ രണ്ടു കാപ്പി പറഞ്ഞു. കാപ്പി വന്നപ്പോൾ ഞങ്ങടെ നാക്കും മനസ്സും പൊള്ളിപ്പോയി… ഒരു കാപ്പിക്ക് 10 AZN അതായതു 20 AED !! ഓർക്കാൻ ഒരു അമളി എന്ന് ആശ്വസിച്ചു നോട്ടുകൾ എണ്ണിക്കൊടുത്തു ഞങ്ങൾ യാത്ര തുടർന്നു. നല്ല പരിചയം ആയതിനാൽ മടക്കയാത്ര അന്താരാഷ്ട്ര ചർച്ചകളാൽ നിർഭരമായിരുന്നു.

അസർബൈജാനിൽ ശരാശരി മാസശമ്പളം 1000AZN അതായത് 2000 dhs ആണെന്നും അതിൽത്തന്നെ എല്ലാചിലവുകളും ഈസിയായി കഴിയുമെന്നും guide പറഞ്ഞപ്പോൾ ഞങ്ങൾ ശെരിക്കും ഞെട്ടി. ദുബൈയിലെ റെന്റും മറ്റുചിലവുകളുടെ കണക്കുകളും ഞങ്ങൾ പങ്കുവച്ചപ്പോൾ പുള്ളിയും ഞെട്ടി. കട്ട Barca ഫാൻ ആയ Mr. റോണിച്ചായൻ സ്പെയിനിലെ ചേട്ടന്മാരുമായി മുൻ സീറ്റിൽ കത്തി വച്ചപ്പോൾ ബാക്ക് സീറ്റിൽ ഞാൻ സ്വിസ് ചേച്ചിമാർക്കൊപ്പം റഷ്യക്കാരായ അപ്പച്ഛന്റേം അമ്മച്ചിയുടേം ലോകപര്യടനങ്ങളുടെ വിശേഷങ്ങൾ കൗതുകത്തോടെ കേട്ടു.

അവരുടെ പ്രായം വരെ ആയുസ്‌ടുണ്ടാവുമോ ആവോ , ഇനി അഥവാ ഉണ്ടെങ്കിൽതന്നെ ആരോഗ്യമുണ്ടാവുമോ എന്നൊക്കെ ഞാൻ ഒരു നിമിഷം ചിന്തിച്ചുപോയി. ശ്വാസമുള്ള ഓരോനിമിഷവും സന്തോഷവും താഴ്മയും ഉള്ളവരായി ജീവിക്കാൻ ആ സംഭാഷണങ്ങൾ ഞങ്ങളെ ഓർമപ്പെടുത്തി ഏകദേശം 11 മണി അടുപ്പിച്ചു വണ്ടി ബാകുവിൽ എത്താറായപ്പോൾ, രണ്ടു മണിക്കൂറോളം ഉറങ്ങി ഉന്മേഷത്തോടെ എണീറ്റ ഞങ്ങൾ, Baku Eye അധവാ Baku Ferris Wheel ന്റെ അടുത്ത് ഡ്രോപ്പ് ചെയാൻ ഡ്രൈവറോട് നിർദേശിച്ചു. അങ്ങനെ പന്ത്രണ്ടാം മണിനേരത്തു ഫെറിസ്‌ വീലിന്റെ ഭംഗിയുമാസ്വദിച്ചിട്ടു ഞങ്ങൾ ഹോട്ടലിലേക്ക് നിറഞ്ഞമനസ്സോടെ മടങ്ങി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply