അതിരപ്പിള്ളിയുടെ മഴസൗന്ദര്യം ആസ്വദിക്കാൻ ആക്ടീവയിൽ ഒരു പെൺയാത്ര..

വിവരണം – Shiji Victor.

മഴ എന്നും എനിക്ക് പ്രിയപ്പെട്ടവൾ… കുഞ്ഞുന്നാളിൽ മനപ്പൂർവം കുടയെടുക്കാതെ സ്കൂളിൽ നനഞ്ഞു ചെല്ലുന്ന ബാല്യത്തിൽ നിന്നും, ഇന്നും മനസുകൊണ്ട് ഞാനൊട്ടും മാറിയിട്ടില്ല…. അതിരപ്പിള്ളിയുടെ രൗദ്ര സൗന്ദര്യവും കൂടെ വാഴച്ചാൽ വനാതിർത്തിയിലൂടെ മലക്കപ്പാറയും, വാല്പാറയും കാണാൻ മഴയത്തു പോകണം,(അതും two wheeler ൽ ) എന്നുള്ളത് ഒരാഗ്രഹം ആയിരുന്നു… fb യിലെ ചില കൂട്ടുകാരുടെ പോസ്റ്റും കൂടെ കണ്ടപ്പോൾ ഉറപ്പിച്ചു… അങ്ങനെ last sunday അതിനായി ഞങ്ങൾ തിരഞ്ഞെടുത്തു…. കൂടെ കൂട്ടായി ഞങ്ങളുടെ സുന്ദരി ആക്ടിവയും…. പക്ഷെ, ദിവസം തീരുമാനിച്ച അന്നുമുതൽ മഴമേഘങ്ങൾ പിണങ്ങി മാറിനിന്നു…. സൂര്യൻ പതിവിലും ശോഭയോടെ പ്രകാശിച്ചു നിന്ന ദിനങ്ങൾ… മനസ്സിൽ ഒരാശങ്ക നിറച്ചു കടന്നു പോയിക്കൊണ്ടിരുന്നു…

അങ്ങനെ ശനിയാഴ്ച വന്നെത്തി… അതാ അവിടവിടെ ആയി കറുത്ത മേഘങ്ങൾ പ്രത്യക്ഷപെട്ടു തുടങ്ങി… മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി… തീവ്രമായി ആഗ്രഹിക്കുന്നതെന്തും നടന്നിരിക്കും എന്ന് എവിടെയോ വായിച്ചത് ശരിവച്ചു കൊണ്ട് ഞായർ രാവിലെ ഉണർന്നെണീറ്റത് ആർത്തു പെയുന്ന മഴയിലേക്ക്….. മഴ കോട്ടും കുടയും ബാഗിൽ എടുത്തു വയ്ക്കുമ്പോളും ഇതൊന്നും ഞാൻ ഉപയോഗിക്കില്ല എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു…. രാവിലെ 6 മണിക്ക് തന്നെ ഞങ്ങൾ എറണാകുളത്തു നിന്നും അതിരപ്പിള്ളിക്ക് തിരിച്ചു…ആലുവ എത്തിയപ്പോഴേക്കും മഴയിൽ ഒരു തരി പോലും മുന്നോട്ടു പോവാൻ പറ്റാത്ത അവസ്ഥ… Rain coat ഇട്ടേ മതിയാകൂ ….അവിടന്ന് ചാലക്കുടി വഴി അതിരപ്പിള്ളിയിലേക്ക്…

അപ്പോഴേക്കും വിശപ്പിന്റെ വിളി വന്നു തുടങ്ങിയിരുന്നു… വീട്ടിലെ ഭക്ഷണം എന്ന് കണ്ട ഒരു ഹോട്ടലിൽ കയറി… കഴിച്ച് കഴിഞ്ഞപ്പോൾ മനസിലായി ‘ഇങ്ങനെയും’ വീട്ടിൽ ഭക്ഷണം ഉണ്ടാക്കാം എന്ന്…ഹോട്ടലിലെ ചേട്ടന് ഞങ്ങൾ രണ്ട് സ്ത്രീകൾ സ്കൂട്ടറിൽ പോകുന്നത് കണ്ടിട്ട് അത്രയ്ക്ക് സുഖിച്ചില്ല… ചേട്ടന് ചാലക്കുടി വരെ പോയാൽ ശരീരം വേദന വന്നു കിടന്നു പോകും അത്രേ…. പിന്നെ നിങ്ങൾ എങ്ങനെ പോകും എന്നാണ് ചോദ്യം ?? കുറച്ച് സമയം കൊണ്ട് ചേട്ടൻ ഞങ്ങളെ പിന്തിരിപ്പിക്കാൻ കുറെ ശ്രമിച്ചു… അവസാനം ഇപ്പോൾ ആനയുണ്ടാകും റോഡിലെന്നു പറഞ്ഞു പേടിപ്പിച്ചപ്പോൾ, സന്തോഷത്തോടെ അതെയോ ചേട്ടാ,.. അത് കാണാനല്ലേ ഞങ്ങളുടെ വരവ് എന്ന് പറഞ്ഞപ്പോൾ വാ പൊളിച്ചിരുന്ന ചേട്ടനോട് ബൈയും പറഞ്ഞു ഞങ്ങൾ യാത്ര തുടർന്നു….

മഴ ഇടയ്ക്കിടയ്ക്ക് പെയ്തു കൊണ്ടിരിക്കുന്നു… റോഡ്‌ മുഴുവൻ വിജനമായ അവസ്ഥ… നല്ല കാറ്റും കോടയും..മഞ്ഞിനെ ആസ്വദിച്ചങ്ങനെ പോകുകയാണ് ഞങ്ങൾ.. ഏകദേശം 9 മണിയോടെ അതിരപ്പിള്ളിയിൽ എത്തി… അവിടെ ചെല്ലുമ്പോൾ ഞങ്ങൾ ആഗ്രഹിച്ച പോലെ തന്നെ വളരെ കുറച്ച് സന്ദർശകർ മാത്രമേ എത്തിയിട്ടുള്ളൂ…. Gate pass എടുത്തു നേരെ താഴേക്കിറങ്ങി … വെള്ളച്ചാട്ടത്തിനു അടിയിൽ ചെല്ലുക എന്ന ഉദ്ദേശത്തോടെ ചെറിയ മഴയും കൊണ്ടുള്ള ഇറക്കം വളരെ സൂക്ഷിച്ചായിരുന്നു… അങ്ങോട്ടുള്ള പാതയിൽ കല്ലുകൾ എല്ലാം മഴയിൽ തെന്നി കിടക്കുവായിരുന്നു… പതിയെ ഇറങ്ങി ചെല്ലുന്തോറും വെള്ളച്ചാട്ടത്തിന്റെ സ്വരം കാതിൽ പതിക്കുന്നുണ്ടായിരുന്നു…. അടുത്തേക്ക് ചെല്ലുന്തോറും അത് കൂടി കൂടി വന്നു കൊണ്ടിരുന്നു… ഇപ്പോൾ ഇതാ… കണ്മുന്നിൽ… സകലതും മറന്നങ്ങനെ നിന്നുപോയി….

സർവശക്തിയും എടുത്തു അവൾ അങ്ങനെ താഴേക്ക്‌ വീഴുകയാണ് … ഒരു ഭ്രാന്തിയെ പോലെ മുടിയഴിച്ചിട്ടു, എന്തൊക്കെയാ പുലമ്പിക്കൊണ്ട്…. പാൽനുര പോലെ പതഞ്ഞൊഴുകി പാറയിൽ തട്ടി തെറിക്കുമ്പോൾ ആ പ്രദേശം ആകെ പുക വന്നു മൂടി നിൽക്കുന്നു….കണ്ണിമ വെട്ടാതെ നോക്കി നിന്നുപോകും… ഒരുവേള അവളോടൊപ്പം മേലെ നിന്ന് ചിറകു വിരിച്ചോന്നു ചാടിയാലോ എന്നുപോലും ആശിച്ചു പോകും…. കുറെ സമയം ആ അനുഭൂതിയിൽ ലയിച്ചങ്ങനെ നിന്നശേഷം ഞങ്ങൾ പതിയെ മുകളിലേക്ക് കയറി തുടങ്ങി…. ഒപ്പം കൂട്ടായി നല്ല മഴയും ….മഴ നനഞ്ഞുള്ള ആ നടത്തം കുട്ടിക്കാല ഓർമകളിലേക്ക് എന്നെ കൈപിടിച്ച് കൊണ്ടുപോയി….

പിന്നീട് അവിടെ നിന്നും വാഴച്ചാൽ check പോസ്റ്റിലേക്ക്… അവിടെ ആവശ്യമായ വിവരങ്ങൾ എല്ലാം നൽകി, വണ്ടി മുന്നോട്ടെടുക്കുമ്പോൾ മനസ്സിൽ സന്തോഷം അലയടിക്കുവായിരുന്നു…. ഇതാണ് ഞാൻ ആഗ്രഹിച്ച ride…. ഇനി 2-3 മണിക്കൂറോളം വനപാത… കൂടെ നല്ല കിടിലൻ മഴയും, മിസ്റ്റും… പലപ്പോഴും rain കോട്ടിനും വിന്റർ കോട്ടിനും താഴെ ശരീരം തണുത്തു വിറങ്ങലിച്ചു… വിജനമായ റോഡിൽ പലയിടത്തും ചൂടുമാറാത്ത ആനപിണ്ടങ്ങൾ.. ഞങ്ങളുടെ പ്രതീക്ഷയെ വർധിപ്പിച്ചു…. ഇടയ്ക്ക് ചീറിപ്പാഞ്ഞു പോകുന്ന കാറുകളിൽ ഇരുന്ന് പലരും അത്ഭുതത്തോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു….പക്ഷെ ഞങ്ങൾ വേറൊരു ലോകത്തായിരുന്നു….കിളികളുടെ പാട്ടും, കാട്ടാറിന്റെ സംഗീതവും, കാറ്റിന്റെ മർമരവും കേട്ടൊരു യാത്ര… കുയിലിനൊപ്പം കൂകിയും വണ്ണാത്തി ക്കൊപ്പം പാട്ടുപാടിയും, ഞങ്ങളത് ശരിക്കാസ്വദിച്ചു …

ഉച്ചയ്ക്ക് ഒരു മണിയോടെ മലക്കപ്പാറ ടൌണിൽ എത്തുമ്പോൾ മൂടൽ മഞ്ഞ് കൊണ്ട് പരസ്പരം കാണാൻ പറ്റാത്ത അവസ്ഥ…. അവിടന്ന് ഉച്ച ഭക്ഷണം കഴിക്കാനിറങ്ങുമ്പോൾ കൈകൾ എല്ലാം തണുത്തു മരവിച്ചിരിക്കുന്നു… ചൂടുള്ള ചോറിൽ കൈ താഴ്ത്തി കൈ ചൂടാക്കുമ്പോൾ കടയിലെ ചേട്ടന്റെ മുഖത്തൊരു ചിരി…. പിന്നെ അവിടന്ന് വാല്പാറയ്ക്കുള്ള check പോസ്റ്റിലേക്ക്…. 4 മണിക്ക് തിരിച്ചെത്തണം എന്നുള്ള മാർഗനിർദ്ദേശത്തോടെ വാല്പാറ ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി…. തിരിച്ചു ചുരമിറങ്ങി പൊള്ളാച്ചി – തിരിഞ്ഞു പാലക്കാട് റൂട്ട് പിടിക്കാനായിരുന്നു പ്ലാൻ . … പക്ഷെ കടുത്ത മഴയും മിസ്റ്റും അതിൽ നിന്നും ഞങ്ങളെ പിന്തിരിപ്പിച്ചു…. നിറഞ്ഞു നിന്ന ഷോളയാർ ഡാമും സന്ദർശിച്ചു തിരിച്ചു അതിരപ്പിള്ളിയിലേക്കു തന്നെ പോന്നു…. 5 മണിയോടെ ഞങ്ങൾ വാഴച്ചാൽ എത്തി… അവിടന്ന് നല്ല ചൂട് പഴപൊരിയും ചൂട് ചായയും… കൂടെ നല്ല ഉശിരൻ കപ്പയും കാന്താരി മുളകും… (അത് കേരള വനം വകുപ്പിന്റെ അതിരപ്പിള്ളി tour pkg കാർക്ക് ഉള്ളതായിരുന്നു… വായിലെ നാവും, കപ്പയോടുള്ള കൊതിയും കൊണ്ട് ചോദിച്ചു വാങ്ങിയതാണ് ).

അവിടന്ന് പിന്നീട് തുമ്പൂർ മുഴി ലക്ഷ്യമാക്കിയായിരുന്നു ഞങ്ങളുടെ യാത്ര.. അവസാന യാത്രികരായി അവിടെ എത്തുമ്പോൾ തൂക്കുപാലത്തിലൊന്നും ആരും ഉണ്ടായിരുന്നില്ല….. മഴ ചെറുതായി മാറി നിന്നത് കൊണ്ട് ശരിക്കും ആസ്വദിക്കാൻ പറ്റി അവിടെ നിന്നുള്ള കാഴ്ച്ച…. അതാ വീണ്ടും തുടങ്ങുന്നു മഴ…. ഇപ്പോൾ rain കോട്ടെല്ലാം ഊരിവച്ചു അങ്ങട്ട് നനയുകയാണ്…. മഴയേ അറിയുക…. മഴ നനയുക…. ഈ യാത്രയുടെ ലക്‌ഷ്യം തന്നെ അതായിരുന്നല്ലോ….. തിരിച്ചു 9 മണിയോടുകൂടി ekm എത്തുമ്പോൾ മനസും ശരീരവും സന്തോഷം കൊണ്ടും മഴ കൊണ്ടും തണുത്തു മരവിച്ചു കഴിഞ്ഞിരുന്നു…. വീണ്ടും ഒരു മഴ യാത്രയ്ക്കായി കൊതിച്ചു കൊണ്ട് ഈ യാത്ര ഇവിടെ അവസാനിപ്പിക്കട്ടെ….

ഞങ്ങളുടെ ഈ യാത്രയ്ക്ക് മൊത്തം ചെലവ് പെട്രോളും ഭക്ഷണവും ടിക്കറ്റും അടക്കം 600 രൂപയാണ്…. ഒരാൾക്ക് 300 രൂപ മാത്രം… എന്നും യാത്ര പോകാൻ നിങ്ങളുടെ കൈയിൽ എവിടന്നാണ്‌ ഇത്രയും പൈസ,… ഇല്ലേൽ നിങ്ങളൊക്കെ ഭയങ്കര പൈസക്കാരാണ്… നിങ്ങൾക്കൊക്കെ ഇങ്ങനെ പോകാം എന്ന് പറയുന്നവരോട്,… ഞങ്ങളുടെ യാത്ര കളെല്ലാം ഇങ്ങനെയാണ്…. മനസ് മാത്രം മതി ഒരു യാത്രയ്ക്ക്….എന്തിലും അഡ്ജസ്റ്റ് ചെയ്യാനുള്ള ഒരു മനസ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply