ബീച്ചുകള്‍ ഇഷ്ടമല്ലാത്തവര്‍ ഉണ്ടോ? ഉണ്ടാകില്ലെന്നാണ് പൊതുവേയുള്ള പറച്ചില്. എന്തായാലും ബീച്ചുകള്‍ കാണാത്തവര്‍ ചുരുക്കമായിരിക്കും.പ്രണയിക്കുവാനും കടലിന്റെ സൗന്ദര്യം ആസ്വദിക്കുവാനും കുടുംബമായി ഉല്ലസിക്കുവാനുമൊക്കെ നിരവധിയാളുകള്‍ ബീച്ചുകളില്‍ ദിനംപ്രതി സന്ദര്‍ശകരാകുന്നു. കേരളത്തില്‍ വയനാട്, പാലക്കാട്, കോട്ടയം,ഇടുക്കി,പത്തനംതിട്ട എന്നീ ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും ബീച്ചുകളുണ്ട്. അങ്ങനെയാണെങ്കില്‍ തൃശ്ശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ബീച്ചുകള്‍ ഏതൊക്കെയെന്നു ഒന്ന് നോക്കിയാലോ?
അഴീക്കോട് അഥവാ മുനയ്ക്കല്‍ ബീച്ച് : അഴീക്കോട് എന്ന പേരിൽ ഒന്നിലധികം സ്ഥലങ്ങളുണ്ട്. എന്നാല്‍ ഇവിടെ പറയുന്ന അഴീക്കോട് കൊടുങ്ങല്ലൂരിനടുത്തുള്ള ഒരു തീരപ്രദേശമാണ്. കൊടുങ്ങല്ലൂർ താലൂക്കിലെ, എറിയാട് ഗ്രാമപഞ്ചായത്തിന്റെ ഭരണപരിധിയിലാണ് അഴീക്കോട് ഉൾപ്പെടുന്നത്. തൃശ്ശൂർ ജില്ലയിൽ ഭൂവിസ്തൃതി കൊണ്ട് ഏറ്റവും വലിയതായ മുനയ്ക്കൽ ബീച്ച് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അഴീക്കോട് ബീച്ച് എന്നും ഇതിനു വിളിപ്പേരുണ്ട്.വൈകുന്നേരങ്ങളില്‍ ഈ ബീച്ചില്‍ നിരവധി സഞ്ചാരികള്‍ എത്തുന്നുണ്ട്. കൊടുങ്ങല്ലൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി വരുന്നവര്‍ക്ക് മുനയ്ക്കല്‍ ബീച്ചിലും കൂടി ഒന്ന് സന്ദര്‍ശിക്കാവുന്നതാണ്.
ഇവിടെ എത്തിച്ചേരുവാന്‍ – എറണാകുളം ജില്ലയിലെ മുനമ്പത്തുനിന്ന് അഴീക്കോട്ടേക്ക് ഒരു ജങ്കാർ സർവ്വീസുണ്ട്. കൊടുങ്ങല്ലൂർ നിന്നും അഴീക്കോട്ടേക്ക് കാര, എറിയാട്, പടാകുളം, ചേരമാൻ, അഞ്ചപ്പാലം എന്നീ അഞ്ചു വഴികളിലൂടെ ബസ് സർവ്വീസുണ്ട്. കൂടുതലും പ്രൈവറ്റ് ബസ്സുകളാണ് ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നത്.
സ്നേഹതീരം ബീച്ച് : തൃശൂരിൽ നിന്നും ഏകദേശം 30 കിലോമീറ്റർ അകലെ തളിക്കുളം എന്ന സ്ഥലത്തെ കടപ്പുറമാണ് സ്നേഹതീരം. അത്യാവശ്യം പ്രശസ്തമായ ഒരു ബീച്ച് ആണിത്. വിനോദസഞ്ചാരികൾക്കായി നടപ്പാതകളും ഇരിപ്പടങ്ങളും കൽമണ്ഡപങ്ങളും ഇവിടെ നിർമ്മിച്ചിരിക്കുന്നു. കൂടാതെ ഭക്ഷണശാലകളും സമീപത്തുണ്ട്. തളിക്കുളം എന്ന സ്ഥലത്ത് സ്ഥിതിചെയുന്നതിനാല്‍ സ്നേഹതീരം ബീച്ചിനെ തളിക്കുളം ബീച്ച് എന്നും അറിയപ്പെടുന്നു. തൃപ്രയാര്‍ ക്ഷേത്ര ദര്‍ശനത്തിനായി വരുന്നവര്‍ക്ക് അധികം ദൂരെയല്ലാത്ത സ്നേഹതീരം ബീച്ച് കൂടി സന്ദര്‍ശിക്കാവുന്നതാണ്.
എങ്ങനെ എത്തിച്ചേരാം? – തൃശ്ശൂരിൽ നിന്നും ഈ ഭാഗത്തേക്ക് ബസ് സര്‍വ്വീസ് ലഭ്യമാണ്. ശക്തന് ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് ബസ് കയറേണ്ടത്. ബസ് ജീവനക്കാരോട് ചോദിച്ചാല്‍ അവര്‍ കൃത്യമായി സ്റ്റോപ്പ് പറഞ്ഞുതരും. ബസ്സില്‍ കയറി തളിക്കുളം എന്ന സ്ഥലത്തിറങ്ങുക. അവിടെ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെയാണ് സ്നേഹതീരം ബിച്ച്. ബസ് ഇറങ്ങിയശേഷം ഓട്ടോറിക്ഷയെ ആശ്രയിക്കാവുന്നതാണ്. എറണാകുളം – ഗുരുവായൂർ റോഡിലൂടെയും ഈ സ്ഥലത്ത് എത്തിച്ചേരാം. പറവൂർ – കൊടുങ്ങല്ലൂർ – തൃപ്രയാർ വഴി തളിക്കുളത്തെത്താവുന്നതാണ്.
ചാവക്കാട് ബീച്ച് : ഗുരുവായൂർ നിന്നും 4 കിലോമീറ്റർ അകലെയാണ് ചാവക്കാട് ബീച്ച്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു വരുന്നവര്‍ക്ക് എളുപ്പത്തില്‍ സന്ദര്‍ശിക്കാവുന്ന ഒരു സ്ഥലമാണിത്. തമിഴ്നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍ വരെ ഈ ബീച്ച് സന്ദര്‍ശിക്കാറുണ്ട്. സായാഹ്നങ്ങളില്‍ കുടുംബമായി ചെലവഴിക്കാന്‍ പറ്റിയ ഒരിടം കൂടിയാണ് ചാവക്കാട് ബീച്ച്.ആധുനികവൽക്കരണം കൊണ്ട് ഈ കടൽത്തീരം ഇതുവരെ മലിനമായിട്ടില്ല എന്നുള്ളത് ആശ്വാസകരമായ ഒരു കാര്യമാണ്. ബീച്ചിന് അരികിലായി ധാരാളം തെങ്ങിന്‍തോപ്പുകളും ഒരു വിളക്കുമാടവും ഉണ്ട്. തൊട്ടടുത്ത് മലപ്പുറം ജില്ലയായതിനാല്‍ ഒരു മലബാര്‍ ടച്ചും ഈ സ്ഥലത്തിനുണ്ട്.
തൃശ്ശൂര്‍ ശക്തന് ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇവിടേക്ക് ബസ് ലഭിക്കും. എറണാകുളത്തു നിന്നും വരുന്നവര്‍ക്ക് വൈറ്റില ഹബ്ബില്‍ നിന്നോ ജെട്ടി ബസ് സ്റ്റാന്‍ഡില്‍ നിന്നോ ഗുരുവായൂര്‍ ബസ് കയറി ചാവക്കാട് ഇറങ്ങാവുന്നതാണ്. ചാവക്കാട് ടൌണില്‍ നിന്നും ബീച്ചിലേക്ക് ഓട്ടോറിക്ഷ പിടിച്ചാലും മതി. എറണാകുളം ജെട്ടി – ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ബസ് സമയം അറിയുവാന്‍ www.aanavandi.com നോക്കുക.
അപ്പോള്‍ ഇനി ഇവിടേക്ക് ഇതുവരെ പോകാത്തവര്‍ ഒരു ദിവസം പ്ലാന്‍ ചെയ്ത് ഒന്ന് പോയി നോക്കൂ. കൂട്ടത്തില്‍ സ്നേഹതീരം ബീച്ചിനാണ് കൂടുതല്‍ പ്രശസ്തി. അതുകൊണ്ട് ഇവിടെ തിരക്ക് അല്‍പ്പം കൂടുതലും ആയിരിക്കും. ഈ ബീച്ചുകളുടെ പരിസരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യവും ലഭ്യമാണ്.
Photo – Poornendu Mukharjee.