കയ്യില്‍ ഒരു രൂപ പോലുമില്ലാതെ ഇന്ത്യ മുഴുവന്‍ നടന്നു ചുറ്റുന്ന ഫ്രഞ്ച് സഞ്ചാരി…

“നമ്മൾ അനുഭവിക്കാത്ത കാര്യങ്ങൾ ഒക്കെ നമുക്ക് കെട്ടുകഥകൾ മാത്രമാണ്.” തിരുനെല്ലിയിൽ നിന്ന് വരുമ്പോഴാണ് ഈ മനുഷ്യനെ കാണുന്നത്.ഒറ്റ നോട്ടത്തിൽ ഒരു സഞ്ചാരി ആണെന്ന് മനസ്സിലായി.മുഷിഞ്ഞ വസ്ത്രം ധരിച്ചു ഒരു വടിയും കുത്തി റോഡരികിലൂടെ നടന്നു നീങ്ങുന്ന സായിപ്പിനെ കണ്ടപ്പോൾ ചെറിയൊരു കൗതുകം തോന്നി ബൈക്ക് അടുപ്പിച്ചു നിർത്തി.ആളെ പരിചയപ്പെട്ടു.

ഫ്രാൻസിൽ നിന്ന് വന്ന സഞ്ചാരി ആണ്. പേര് ജോസഫ്. ഇന്ത്യയിൽ എത്തിയിട്ട് ഒരു മാസത്തിലേറെയായി. മൈസൂരിൽ നിന്ന് വരുന്ന വഴിയാണ്. തമാശ ഇതൊന്നുമല്ല, കഴിഞ്ഞ ഒരു മാസത്തിലേറെയായി ഒരു രൂപ പോലും കൈവശമില്ലാതെയാണ് മൂപ്പർ ഇന്ത്യ ചുറ്റി കറങ്ങുന്നത്. ഡൽഹിയിൽ നിന്ന് നടന്ന് ആഗ്രയും അജ്മീറും ഗുജറാത്തും ഗോവയും ഹംപിയും മൈസൂരുമൊക്കെ കടന്നാണ് മൂപ്പർ കേരളത്തിലെത്തിയത്. ഒറ്റക്കുള്ള നടത്തം ചിലപ്പോയൊക്കെ ആനക്കാട്ടിലൂടെയും ആയിരുന്നു.

നടത്തത്തിനിടയിൽ ചിലർ ലിഫ്റ്റ് കൊടുക്കും. അല്ലെങ്കിൽ മുഴുവൻ നടത്തം തന്നെ. രാത്രിയിൽ ബാഗിൽ കരുതിയ ചെറിയ വലയൂഞ്ഞാൽ റോഡരികിൽ ഉള്ള ഏതെങ്കിലും മരത്തിൽ കെട്ടി അതിൽ കിടന്നുറങ്ങും. കുടിവെള്ളമാണ് പ്രധാന ഭക്ഷണം. ഇടക്ക് നന്നായി വിശക്കുമ്പോൾ ഏതെങ്കിലും ഹോട്ടലിൽ കയറി ഭക്ഷണം ചോദിക്കും. ചിലർ കൊടുക്കും..ചിലർ ഒഴിവാക്കും. കൈവശം ഇന്ത്യയുടെ ഒരു ടൂറിസം ഭൂപടമുണ്ട്. അത് നോക്കിയാണ് പുതിയ സ്ഥലങ്ങളിലേക്ക് എത്തുന്നത്.


സായിപ്പിന്റെ സഞ്ചാര വിശേഷങ്ങൾ കേട്ട് അന്തം വിട്ട് ഞാൻ മൂപ്പരെ റൂമിലേക്ക് കൂട്ടി. റൂമിലെത്തി ഒരു കുളിയൊക്കെ കഴിഞ്ഞപ്പോൾ മൂപ്പർ ഉഷാറായി. കുളി കഴിഞ്ഞു മുഷിഞ്ഞ നാറിയ ബർമുഡയും ബനിയനും വീണ്ടും ഇടാൻ മൂപ്പർക്ക് ചെറിയൊരു മടി.അങ്ങനെ റൂമിൽ നിന്ന് ഒരു ബനിയനും എടുത്തിട്ട് ഭക്ഷണവും കഴിച്ചു സായിപ്പ് നടത്തം തുടർന്നു. മാനന്തവാടിയിൽ നിന്ന് കോഴിക്കോടേക്ക്. യാത്ര മദ്ധ്യേ ഏതെങ്കിലും മരത്തിൽ ഊഞ്ഞാൽ കെട്ടി അന്തിയുറക്കം. വടിയും കുത്തി അങ്ങാടിയിലൂടെ അദ്ദേഹം നടന്നകലന്നതും നോക്കി ഞാൻ അങ്ങനെ നിന്നു… ഇതാണ് സഞ്ചാരം..ഇതാണ് സഞ്ചാരി..

വിവരണം – Suhail Sugu.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply