കുടുംബവുമായി ഒരു ഭാരതയാത്ര; നല്ലതും ചീത്തയുമായ അനുഭവങ്ങൾ..

വിവരണം – സുജേഷ് ഹരി.

എന്റെ അടുത്ത് സുഹൃത്ത് അഭിലാഷ് (Abhilash Illikkulam) ഒരിക്കൽ പുലിമുരുകന്റെ സംവിധായകൻ വൈശാഖ് സാറുമായുള്ള ഒരു സംഭാഷണത്തെ കുറിച്ച് പറയുകയുണ്ടായി. ഓരോ ദിവസവും രാവിലെയെണീറ്റ് എനിക്കിന്ന് ധാരാളം പ്രതിസന്ധികൾ തരണേ എന്നാണത്രേ അദ്ദേഹം പ്രാർത്ഥിക്കുക. എന്നിട്ട് മുന്നിൽ വരുന്ന പ്രതിസന്ധികളെ ഒരു ഗെയിം പോലെ കണ്ട് അതിൽ വിജയം കൈവരിക്കുന്നതിൽ പുളളിക്ക് ഭയങ്കര ത്രില്ലാണത്രേ. ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ ഉള്ളിൽ കിടക്കുന്നത് കൊണ്ടാവാം നേരത്തേ റൂമെടുക്കാതെ ഓടിപ്പോകാം എന്ന് വിചാരിച്ച തീരുമാനത്തെ പഴിക്കാൻ ശ്രമിക്കാതെ ഇനി എന്ത് ചെയ്യാം എന്ന് മാത്രമാണ് ഞാൻ ചിന്തിച്ചത്.

അമ്മയുടെ മടിയിൽ തല വച്ച് നല്ലുവും ഭാര്യയുടെ മടിയിൽ സയ്യുവും ഉറക്കമായിക്കഴിഞ്ഞു. ഇനി നാലോ അഞ്ചോ മണിക്കൂർ ഒന്ന് തല ചായ്ച്ചാൽ പോരേ. ഞാൻ കാറിൽ നിന്നിറങ്ങി. വണ്ടിയിൽ ഫുൾ ടാങ്ക് ഇന്ധനമടിക്കാൻ പറഞ്ഞു. റീഡിംഗ് സീറോ ആണെന്ന് ചെക്ക് ചെയ്യാൻ പറഞ്ഞപ്പോൾ (കേരളം വിട്ട് കഴിഞ്ഞാൽ എല്ലാ പെട്രോൾ പമ്പിലും അങ്ങനെയാണ്) അതിന് മറുപടിയെന്നോണം ഞാൻ പറഞ്ഞു “മുന്നോട്ട് പോയാൽ റൂം കിട്ടില്ലെന്ന് പറഞ്ഞല്ലോ. പെട്രോളടിച്ച് കഴിഞ്ഞ് വണ്ടി പമ്പിൽ ഒതുക്കി ഞങ്ങളൊന്നുറങ്ങും” എന്ന്. പുളളി മറ്റുളളവരെ വിളിച്ച് സംസാരിച്ചിട്ട് Ok പറഞ്ഞു.നാല് പേരാണ് പമ്പിലുള്ളത്. രണ്ട് വയസ്സായ ആൾക്കാരും രണ്ട് പയ്യൻമാരും. എന്തായാലും അതിലൊരാൾ നല്ലവനായിരിക്കും എന്ന് ഞാൻ ചിന്തിച്ചു. അഥവാ അല്ലെങ്കിൽ തന്നെ ആ ടീമിനെ നേരിടാമെന്നുള്ള ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു.

തീരുമാനം എല്ലാവരോടും പറഞ്ഞപ്പോൾ അവരും യോജിച്ചു. നിങ്ങൾ രണ്ടും സീറ്റും താഴ്ത്തി നല്ലതുപോലെ കിടന്നോളൂ. ഞങ്ങൾക്ക് രണ്ടിനും പകൽ വേണമെങ്കിലും ഉറങ്ങാമല്ലോ എന്ന് അമ്മ പറഞ്ഞു. പെട്രോളടിച്ച് നന്ദി പറഞ്ഞ് വണ്ടി പമ്പിന്റെ സൈഡിലൊതുക്കി ഓഫ് ചെയ്യാതെ സീറ്റും താഴ്ത്തി ഞങ്ങൾ കിടന്നു. A/C യിട്ട് കാറിൽ കിടന്നുറങ്ങിയുണ്ടായ മരണ വാർത്തകളോർത്ത് ഫ്രണ്ട് ഗ്ലാസ്സുകൾ സ്വല്പം താഴ്ത്തിയിട്ടാണ് ഞാൻ കിടന്നത്. പകൽ ഡ്രൈവിംഗിന്റെ ക്ഷീണത്തിൽ ഞാനും അളിയനും നല്ലവണ്ണം ഉറങ്ങി. താഴ്ത്തിയിട്ട ഗ്ലാസ്സിൽ കൂടി ഞങ്ങളെക്കാണാൻ വന്ന കൊതുകുകൾ അമ്മയേയും അവളേയും ഉറങ്ങാൻ വിടാതെ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു എന്ന വിവരം രാവിലെ നാല് മണിക്കാണ് അറിയുന്നത്.

എണീറ്റ് കുളിയൊഴിച്ചുള്ള പ്രഭാതകർമ്മങ്ങൾക്ക് പമ്പിൽ തന്നെ ഉത്തരം കണ്ടെത്തി നന്ദിയും പറഞ്ഞ് മധ്യപ്രദേശ് ലക്ഷ്യമാക്കി യാത്ര. എല്ലാരുടേയും ക്ഷീണം അത്യാവശ്യം മാറിയിരുന്നു. ഇനി ഒന്ന് കുളിക്കണം. രാവിലെയെണീറ്റാലുടനെ കുളിച്ചില്ലെങ്കിൽ എനിക്കൊരു വല്ലായ്മയാണ് (സത്യം😋). നേരം വെളുക്കുന്നതിന് മുമ്പ് ഒരു പുഴ കണ്ടിരുന്നെങ്കിൽ എല്ലാത്തിനേയുമൊന്ന് വെളുപ്പിക്കാമായിരുന്നു എന്ന് ചിന്തിച്ചു. ചിന്തയങ്ങോട്ട് താഴ്ത്തിവയ്ക്കുന്നതിന് മുമ്പ് അതാ ദൂരെ കാണുന്നൊരു വലിയ പാലം. ഒരു പുഴയെ തോൽപിച്ചായിരിക്കുമല്ലോ അവന്റെ നിൽപ്. വണ്ടി പാലത്തിൽ കയറി. താഴേക്ക് നോക്കിയപ്പോൾ അതാ നർമദ. ഞങ്ങൾ കുറച്ച് മുന്നോട്ട് പോയി ഇടത്ത് തിരിഞ്ഞ് പുഴയിലിറങ്ങാനുള്ള ഒരു വഴി കണ്ടെത്തി. നേരം വെളുത്ത് വരുന്നതേയുള്ളൂ. വണ്ടിയിട്ടിട് താഴേക്ക് നടക്കണം. ചെറിയ ഒരു ഗ്രാമമാണത്.ഞങ്ങൾ ഡ്രസ്സ് ഒക്കെയെടുത്ത് നർമദ മലിനമാക്കാനിറങ്ങി. താഴെ ചെന്നപ്പോൾ ഒരു ചെറിയ ക്ഷേത്രവും കുറച്ച് സ്നാനാർത്ഥികളും.സ്ത്രീ ജനങ്ങൾക്ക് കുളിക്കാൻ അത്യാവശ്യം പാറക്കെട്ടുകളാൽ നിറഞ്ഞ പ്രത്യേക സ്ഥലമുണ്ട്. പ്രഭാതത്തിൽ പുഴയിലെ ആ കുളി വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു. കുളി കഴിഞ്ഞ് നല്ലുവിനേം സയ്യുവിനേം ഒരു വിധത്തിലാണ് കരകയറ്റിയത്. ഇന്നലെ റൂം തരാഞ്ഞ ദൈവത്തിന് നന്ദി പറഞ്ഞ് കൈ കഴുകാനും മറ്റുമുള്ള വെള്ളം അടുത്ത് നിന്ന് കണ്ട പൈപ്പിൽ നിന്ന് നിറച്ച് വീണ്ടും കാറിലേക്ക്.

ഇനി ഖജുരാഹോയാണ് ലക്ഷ്യം. നല്ല ദൂരമുണ്ട്. വിജനമാണ് റോഡുകൾ. നല്ല വിശപ്പുമുണ്ട് ( നല്ല വിശപ്പോ!! അത്ര നല്ലതല്ല) ആഹാരം കഴിക്കാനായി കൊതിയോടെ നോക്കുന്നതെല്ലാം ധാബകളിലേക്കാണ്. അവിടെ ഡ്രൈവർമാരെ സ്വീകരിക്കാനായി മുൻ വശത്ത് കയർ കട്ടിലുകൾ നിരത്തിയിരിക്കുന്നു. അതിലൊക്കെ ഘടാഘടിയൻമാരായ ഡ്രൈവർമാർ ഇരിക്കുകയും കിടക്കുകയും തീവണ്ടിയോടിക്കുകയും ചെയ്യുന്നു. ഫാമിലിയുമായി അവിടെയൊന്നും കയറാനേ തോന്നിയില്ല. നല്ലയൊരു ഹോട്ടൽ കാണാനുമില്ല. വിശപ്പ് അധികമായപ്പോൾ അകമേ നിന്നൊരു വിളി “ധാബയെങ്കിൽ ധാബ, കേറടേ” എന്ന്. അധികം താമസിയാതെ അടുത്തു കണ്ട ഒരു ധാബയിൽ കയറി.

സുന്ദരൻമാരായ രണ്ട് ചെറുപ്പക്കാരാണ് അത് നടത്തുന്നത്. ഞങ്ങൾ അകത്ത് കയറിയപ്പോഴുള്ള അവൻമാരുടെ ഭാവവും പടുതിയും കണ്ടപ്പോൾ മുഖത്തിന് മാത്രമാണ് സൗന്ദര്യമെന്ന് മനസ്സിലായി.മറ്റൊരു നിവൃത്തിയില്ലാത്തതിനാൽ ആലൂ പറാത്തയും സബ്ജിയും ഓർഡർ ചെയ്തു. അളിയനൊന്ന് ബാത്റൂമിൽ പോകണമെന്ന് പറഞ്ഞു. ഞാൻ ബാത്റൂം നോക്കാനായി ധാബയുടെ പിറകിലിറങ്ങിയപ്പോൾ അവിടെ സൊയമ്പൻ വെളളമടി പാർട്ടി നടക്കുകയാണ്. അവൻമാർ പുച്ഛത്തോടെ എന്നെ നോക്കി. ബാത്റൂം മറുവശത്തുണ്ടെന്ന് പറയാൻ ഞാൻ ധാബയുടെ ഒരു വശത്ത് വന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. അവനങ്ങോട്ട് നടന്നതും ധാബയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന ഒരു ബൊലേറോ ചീറിപ്പാഞ്ഞ് എന്റെ മുന്നിൽ ഇടിച്ചു ഇടിച്ചില്ല എന്ന് പറഞ്ഞ് ചവിട്ടി. ദേഷ്യത്തോടെ ഞാനകത്തേക്ക് നോക്കിയപ്പോൾ ഒരു കൈയ്യിൽ ബിയറുമായി ഒരുത്തൻ നീയെന്താ എന്നെ കൈ കൊണ്ട് കാണിച്ചത് എന്ന് ഹിന്ദിയിൽ ചോദിച്ച് എന്നോട് ചൂടാവുകയാണ്.

നല്ല വിശപ്പ്, ഇങ്ങനെയൊരു ambience ലേക്ക് കയറേണ്ടി വന്നതിന്റെ ഗതികേട്, യെവന്റെ റാട്ടും വേലയും… എനിക്കാണെങ്കിൽ അടക്കാനാവാത്ത ദേഷ്യം വരുന്നു. പക്ഷെ ഇറങ്ങിയപ്പോഴേ തീരുമാനിച്ചതാണ് നമ്മുടെ നാടല്ല ആവശ്യമില്ലാത്ത പ്രശ്നങ്ങളിൽ ചാടില്ല എന്ന്. ഒരു ചിരിയാൽ ദേഷ്യം കഴുകിക്കളഞ്ഞ് അങ്ങേയറ്റം ഭവ്യതയോടെ അറിയാവുന്ന ഹിന്ദിയിൽ ഞാൻ പറഞ്ഞു ” സഹോദരാ, ഞാൻ നിങ്ങളോട് പറഞ്ഞതല്ല, എന്റെ ബ്രദറിന് ബാത്റൂം കാണിച്ചു കൊടുത്തതാണ് എന്ന്”. കേട്ടുടനെ അവൻ ഹിന്ദിയിലെന്നെയൊരു പുഴുത്ത തെറി. ഞാൻ ഒന്നുകൂടി പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചപ്പോഴേക്കും അവൻ വണ്ടി ബാക്കിലേടുത്ത് വീണ്ടുമെന്നെ ഇടിക്കാനെന്നോണം വന്ന് ചവിട്ടി നിർത്തി. ഇതിൽ കൂടുതൽ ക്ഷമിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ഞാനവന്റെയടുത്ത് ചെന്ന് എനിക്കറിയാവുന്ന തെറികളെല്ലാം സമൂലം ചേർത്ത് ആവശ്യത്തിന് പറഞ്ഞു. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് ഉറപ്പിച്ചെങ്കിലും ബാക്കിയുള്ള ബിയർ കൂടി കഴിച്ച് അവൻ വണ്ടി ബാക്കിലേക്കെടുത്തു.

ഞാൻ ധാബയിൽ കയറി. കഴിക്കാനുള്ള items വന്നിട്ടുണ്ട്. താമസിയാതെ അളിയനും എത്തി. ഞാൻ അവനോട് കാര്യം പറഞ്ഞു. എല്ലാവരോടും പെട്ടെന്ന് കഴിക്കാൻ പറഞ്ഞു. ആ ധാബയ്ക്ക് മൂന്ന് വാതിലുകൾ ഉണ്ട്. കഴിച്ചു കൊണ്ടിരുന്നപ്പോൾ ബൊലേറോ വന്ന് തെക്കേ വാതിലിൽ നിൽക്കുന്നു. ഗ്ലാസ്സ് താഴ്ത്തി അടുത്ത ബിയറുമായി അവനെന്നെ രൂക്ഷമായി നോക്കുകയാണ്. ഞാൻ mind ചെയ്തില്ല. വീണ്ടും വണ്ടിയെടുത്ത് അവൻ അടുത്ത വാതിലിൽ വന്നു. പക്ഷെ അതുകൊണ്ട് എനിക്കൊരു ഗുണമുണ്ടായി. ആഹാരമൊക്കെ പെട്ടെന്നങ്ങ്ട് ദഹിച്ചു. കഴിച്ച് കഴിഞ്ഞ് കൈ കഴുകി കൊണ്ട് നിന്നപ്പോൾ അവൻ ധാബയുടെ മുറ്റത്ത് ഒരു ഭ്രാന്തനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ വണ്ടി ഓടിക്കുകയാണ്. ഇറങ്ങുമ്പോൾ അടി വീഴുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. പക്ഷെ അവൻ പല്ല് ഞറുമ്മുന്ന ശബ്ദം വണ്ടിയുടെ ശബ്ദത്തെ കവച്ച് വച്ച് പുറത്ത് വരുന്നുണ്ടായിരുന്നു. പതിവില്ലാതെ നിറയെ ചിന്തകളുമായാണ് യാത്ര തുടർന്നത്. ഞാൻ ചെയ്തത് ശരിയോ തെറ്റോ,ഫാമിലിയുള്ള ഒരവസ്ഥയിൽ അങ്ങനെ പ്രതികരിച്ചത് തികച്ചും മണ്ടത്തരമല്ലേ, കുടിച്ചു കൊണ്ടിരുന്നവരെല്ലാം കൂടി ഒരു മാസ് അറ്റാക്ക് നടത്തിയിരുന്നെങ്കിൽ എന്ത് ചെയ്തേനെ? അങ്ങനെ CA exam ന്റേതു പോലെ ഉത്തരമില്ലാത്ത ചോദ്യങ്ങൾ.

കാടും മലയും കടന്ന് വണ്ടി ഖജുരാഹോയിലേക്ക്. പതിവുപോലെ തന്നെ. അധികം താമസക്കാരില്ല. കടകളില്ല. അമ്മയും അവളും കുഞ്ഞുങ്ങളുമൊക്കെ മയക്കം. ഖജുരാഹോയ്ക്ക് അൻപത് കിലോമീറ്റർ അടുത്തെത്തിയപ്പോഴേക്കും നല്ലവനെന്ന് തോന്നിക്കുന്ന ഒരു സിഖ് കാരനായ വൃദ്ധൻ നടത്തുന്ന ഹോട്ടൽ കണ്ടു. ഊണ് വാങ്ങി. അദ്ദേഹമെടുത്ത പാഴ്സലിലെ ചോറിന്റെ quantity കണ്ടപ്പോൾ ഉദ്ദേശിച്ചതു പോലെ അത്ര നല്ല പുളളിയൊന്നുമല്ല എന്ന് തോന്നി. കുറച്ചു കൂടി മുന്നോട്ട് പോയി ആളൊഴിഞ്ഞ ഒരു സ്ഥലത്താണ് കഴിക്കാനിരുന്നത്. കൊടും ചൂട്. പെട്ടെന്ന് കഴിച്ചെഴുന്നേറ്റ് ഖജുരാഹോയിലേക്ക്.

പണ്ട് ഈന്തപ്പനകൾ (ഖജൂർ) കൂടുതലുണ്ടായിരുന്നത് കൊണ്ടാണത്രേ ഖജുരാഹോയ്ക്ക് ഈ പേര് കിട്ടിയത്.ഏഴു നൂറ്റാണ്ടോളം വനത്തിനുള്ളിൽ ആരാലും പിടിക്കപ്പെടാതെ ഒളിഞ്ഞു കഴിഞ്ഞതായിരുന്നു ഖജുരാഹോ ക്ഷേത്രങ്ങൾ. 1838 ൽ ബ്രിട്ടീഷ് എൻജിനീയറായിരുന്ന ടി.എസ് ബുർട്ടാണ് കയ്യോടെ പൊക്കിയത്. AD 950 നും 1050 നും ഇടയിൽ ചന്ദേല രാജവംശത്തിലെ രാജാക്കൻമാരാണ് യുനെസ്കോ പൈതൃക പട്ടികയിലുൾപ്പെട്ടിട്ടുള്ള ഈ ഹിന്ദു- ജൈന ക്ഷേത്രങ്ങൾ നിർമ്മിച്ചത്. 20 ച.കി.മീ ചുറ്റളവിൽ 85 ക്ഷേത്രങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോൾ 6 ച.കി.മീ ചുറ്റളവിൽ 20 ക്ഷേത്രങ്ങളേ നിലവിലുള്ളൂ. നഗരശൈലീ വാസ്തുവിദ്യയിൽ രതിശിൽപങ്ങൾ കോർത്തിണക്കി ലോകത്തിലെ ഏറ്റവു മികച്ച ക്ഷേത്രശിൽപ ചാരുതയിലൊന്നാണ് ഖജുരാഹോ നമുക്കായി ഒരുക്കിയിരിക്കുന്നത്. ഗൈഡിന്റെ സഹായമില്ലാതെ ഞങ്ങൾ ക്ഷേത്രങ്ങളോരോന്നായി കണ്ട് തീർത്തു. പല ക്ഷേത്രങ്ങളും കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു പോയി. വൈകുന്നേരത്തോടെ അവിടെ നിന്നിറങ്ങി ആഗ്രയിലേക്ക് യാത്ര തിരിച്ചു.

അവിടെയെത്തണമെങ്കിൽ 430 കിലോമീറ്ററുണ്ട്. കാര്യങ്ങൾ വിചാരിക്കുന്നത് പോലെ നടക്കണമെങ്കിൽ ഇന്ന് കുറെ ദൂരം ഓടണം. ഇന്നലത്തെപ്പോലെ അബദ്ധം പറ്റാനും പാടില്ല. ഞങ്ങൾ കാറ് തൊടുത്ത് വിട്ടു. രാത്രിയായി. ചപ്പാത്തിയും ചിക്കനുമായിരുന്നു രാത്രി ഭക്ഷണം. അവിടെ അന്വേഷിച്ചപ്പോൾ വിധി വീണ്ടും ഞങ്ങൾക്കെതിരാണെന്ന് തോന്നി. റൂം കിട്ടാനില്ല. കുറെ ദൂരമോടി. ഇനി മുന്നോട്ട് പോകണ്ടയെന്ന് മനസ്സ് പറഞ്ഞപ്പോൾ ഇന്നലത്തെ ധൈര്യത്തിൽ അടുത്തൊരു പമ്പിൽ കയറി.അനുവാദം ചോദിച്ച് വണ്ടിയിട്ട് കിടന്നുറങ്ങി. North ലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണിത്. നമ്മുടെ നാട്ടിൽ മുക്കിന് മുക്കിന് ഹോട്ടലുകളുള്ളപ്പോൾ ഇവിടെ വിജനമായ സ്ഥലങ്ങിൽ ചിലപ്പോൾ 100-200 കിലോമീറ്റർ ഓടേണ്ടി വരും. ഇന്ന് കൂടി ഇങ്ങനൊരു ദുരനുഭവമുണ്ടായപ്പോഴാണ് വൈകിട്ട് 6 മണിക്ക് തന്നെ റൂമന്വേഷിക്കേണ്ട ആവശ്യകത കൂടുതൽ ബോധ്യമായത്.

ഉറങ്ങിയെന്ന് വരുത്തി രാവിലെ വീണ്ടും പുഴതേടി യാത്ര. വീണ്ടും പാലം. താഴെ ചമ്പൽ നദിയൊഴുകുന്നു. പുഴയിലേക്കിറങ്ങാനുള്ള വഴി തേടി പോകുമ്പോൾ ഒരു ഷെഡ് കണ്ടു. അതിനു മുന്നിൽ ഒരാൾ പാത്രം കഴുകിക്കൊണ്ട് നിൽക്കുന്നു. അദ്ദേഹം ഞങ്ങളെ നോക്കി ചിരിച്ചു. താഴേക്കിറങ്ങാനുള്ള വഴി ചോദിച്ചപ്പോൾ വണ്ടി ഇവിടെയിട്ടിട്ട് നടക്കണമെന്ന് പറഞ്ഞു. ആ ചിരി തന്ന ധൈര്യത്തിൽ ഞാൻ വണ്ടിയിൽ നിന്നിറങ്ങി ക്യാമറയുടെ ബാറ്ററിയും ചാർജറുമായി അദ്ദേഹത്തിനടുത്തേക്ക്. പുള്ളി എന്റെ കൈയ്യിൽ നിന്ന് അതു വാങ്ങി തന്റെ ഒറ്റമുറിയുടെ മൂലയിൽ തൂക്കിയിട്ടിരുന്ന വേട്ടാവളിയൻ കൂടു വച്ച സ്വിച്ച് ബോർഡ് വൃത്തിയാക്കി കുത്തിയിട്ടു. ചാർജ് കേറുന്നുവെന്ന് ഉറപ്പു വരുത്തി ഞാൻ കാറിനടുത്തേക്ക്. ഡ്രസ്സുമെടുത്ത് പുഴയിലേക്ക് നടന്നു. സ്ത്രീകൾക്ക് കുളിക്കാനായി ഒരു സ്ഥലം കണ്ടു പിടിച്ചു കൊടുത്തിട്ട് ഞാനും അളിയനും മറ്റൊരിടത്ത് പോയി കുളിച്ചു. തിരിച്ചു കയറി ചാർജറെടുക്കാൻ നേരം അദ്ദേഹം യാത്രയെ കുറിച്ച് ചോദിച്ചു. ബുദ്ധിമുട്ടില്ലെങ്കിൽ ആഹാരം കഴിച്ചിട്ട് പോകാമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം പോലെ ചുട്ടുപഴുത്തിരുന്ന ഹീറ്ററിന് മുകളിൽ നാമമാത്രമായതെന്തോ പാചകം ചെയ്യുന്നത് ഓർമ്മയിൽ വന്ന ഞാൻ ആ ക്ഷണം അതിസങ്കടത്തോടെ സ്നേഹപൂർവ്വം നിരസിച്ചു. തിരികെ ഇതു വഴിയാണെങ്കിൽ ഉറപ്പായും കയറണമെന്നും പറഞ്ഞു. അദ്ദേഹത്തെ മനസ്സിൽ നമിച്ച് വീണ്ടും യാത്ര തുടർന്നു.

താജ് മഹലാണ് ലക്ഷ്യം. വഴിയിലൊരു ചെറിയ തട്ടുകടയിൽ പൂരിയുണ്ടാക്കുന്നതും ആൾക്കാർ നിന്ന് കഴിക്കുന്നതും കാണാമായിരുന്നു. അവിടെയിറങ്ങി പൂരിയും സബ്ജിയും ഉപ്പിൽ മുക്കി വറുത്തെടുത്ത പച്ചമുളകും കഴിച്ചു. ഞങ്ങളെല്ലാം കൂടി കഴിച്ചതിന് ചെലവായത് നൂറ് രൂപയിൽ താഴെ മാത്രം.

വീണ്ടും മുന്നോട്ട്. ഗൂഗിൾ മാപ്പ് നോക്കി താജിന്റെ south gate ൽ എത്തി. അബദ്ധം പറ്റിയാണ് അവിടെയെത്തിയത്. ഇവിടെ പാർക്കിംഗില്ലെന്ന് പറയാൻ ഓടി വന്ന പോലീസുകാരനാണ് ആ ദു:ഖവാർത്ത പറഞ്ഞത്. ഇന്ന് വെള്ളിയാഴ്ചയായതിനാൽ താജിലേക്ക് പ്രവേശനമില്ല. എന്തൊരു നിർഭാഗ്യം. ഇനി എന്ന് കാണാനാകും താജ്മഹലെന്ന് സങ്കടപ്പെട്ട് മെയിൻ ഗേറ്റിൽ പോയാൽ ദൂരെ നിന്നെങ്കിലും കാണാമല്ലോ എന്ന് വിചാരിച്ച് ഗൂഗിളിൽ ആവശ്യം പറഞ്ഞു കൊടുത്ത് യാത്ര. ഇടുങ്ങിയ ഒരു തെരുവിൽ വഴി തെറ്റിയപ്പോൾ വഴി പറഞ്ഞ് തന്ന ബൈക്ക് കാരൻ ഗൈഡായി വരാമെന്ന് പറഞ്ഞു. വേണ്ടയെന്ന് പറഞ്ഞിട്ടും അവൻ ഞങ്ങളുടെ കാറിന്റെ മുന്നിൽ നിന്ന് മാറുന്നില്ല. ഗൂഗിൾ പറയുന്ന വഴിയിൽ തന്നെ ഞങ്ങളെ നയിക്കുന്നു എന്ന ഭാവത്തിൽ അവൻ കാറിന് മുന്നിൽ ബൈക്കോടിച്ച് പായുകയാണ്. ഇതവസാനം പണിയാകുമെന്ന് മനസ്സിലാക്കി അവനിടത്തോട്ട് തിരിഞ്ഞപ്പോൾ വലത്തോട്ട് തിരിഞ്ഞ് ഞങ്ങൾ മറ്റൊരു വഴിയിൽ കയറി. അവൻ ഒഴിവായെന്ന് മനസ്സിലായപ്പോൾ വീണ്ടും ഗൂഗിളിനെയനുസരിച്ച് ഞങ്ങൾ മെയിൻ ഗേറ്റിലേക്ക്. ഒട്ടും അകത്തേക്ക് കയറ്റിവിടില്ലെന്നും അടുത്തുള്ള Mehtab Bhag എന്ന ഗാർഡനിൽ ചെന്നാൽ വിദൂരതയിൽ നിന്ന് ചെറുതായൊന്ന് സായൂജ്യമടയാം എന്നും securities പറഞ്ഞു. അടുത്ത് തന്നെയുള്ള Mehtab Bhag ൽ ചെന്ന് അങ്ങ് ദൂരെ താജ് നിൽക്കുന്നത് കണ്ടു. ഒരു തൃപ്തിയുമില്ലാതെ തിരികെയിറങ്ങി.

ഇനി ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദേശമായ മഥുരയാണ് ലക്ഷ്യം. മാപ്പ് നോക്കി മഥുരയിലെത്തി ക്ഷേത്രത്തിലേക്കുള്ള വഴി ചോദിച്ചപ്പോൾ പലരും പലതാണ് പറയുന്നത്. അപ്പോൾ ഗൈഡായി കൂടെ വരാമെന്ന് പറഞ്ഞ് 20 വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ ഓടി വന്നു. ആസിഫ് എന്ന അവന്റെ പേര് പറഞ്ഞ ശേഷം നൂറ് രൂപ കൊടുത്താൽ കൊണ്ട് കാണിക്കുന്ന നാലഞ്ച് സ്ഥലങ്ങളുടെ പേരുകളും പറഞ്ഞു. അവനോട് കൂടെക്കയറാൻ പറഞ്ഞു. താജ് മഹൽ കാണാൻ കഴിയാഞ്ഞതിന്റെ നിരാശയിലാണ് ഞാൻ വണ്ടിയോടിക്കുന്നത്. അത്യാവശ്യം സ്പീഡുണ്ട്. ഒരു ബൈക്കിനെ ഓവർടേക്ക് ചെയ്ത് കയറിയപ്പോൾ ഓപ്പോസിറ്റിൽ വന്ന കാറിനെ ഓവർ ടേക്ക് ചെയ്ത് ഒരു പൾസർ ഇങ്ങോട്ടു വരുന്നു. ന്യൂ ജനറേഷൻ പയ്യനാണ്. എന്റെ വണ്ടിയുടെ നേരെ വന്ന് പുഷ്പം പോലെ വെട്ടിത്തിരിച്ച് പോകാനാണ് അവൻ നടുക്കു കൂടി വരുന്നതെന്നെനിക്കറിയാമായിരുന്നു.

പക്ഷെ അടുത്തെത്തും തോറും ആ പുഷ്പത്തിന്റെ പേര് പോലും അവനറിയില്ലെന്നെനിക്ക് തോന്നി. ഇടിച്ചു ഇടിച്ചില്ല എന്നായപ്പോൾ ഞാൻ ശകലം ഇടത്തേക്ക് പിടിച്ചു. ഇടത് വശത്ത് പൊയ്ക്കൊണ്ടിരുന്ന വണ്ടിയുടെ സൈലൻസറിൽ ടയർ തട്ടി. ആ ബൈക്ക് ആടിയുലഞ്ഞു. പക്ഷെ ഭാഗ്യത്തിന് താഴെ വീണില്ല. ഒരു മസിലനും 60-70 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളുമാണ് ബൈക്കിൽ. അവർ വണ്ടി കാറിന് ക്രോസിട്ടു. ഞങ്ങൾ ഞെട്ടി. എന്തു ചെയ്യണമെന്നറിയില്ല. പിറകിലിരുന്ന അപ്പൂപ്പനെ പറഞ്ഞ് മനസ്സിലാക്കാമല്ലോയെന്ന് ചിന്തിച്ചപ്പോഴേക്കും അയാൾ ചാടിയിറങ്ങി വണ്ടിയുടെ ബോണറ്റിൽ കൈ കൊണ്ട് പത്തടി. വണ്ടിയോടിച്ചവൻ ചാടി എന്റെ ഡോറിനടുത്ത് വന്നു.ഗ്ലാസ്സ് തുറന്ന് നടന്നതെന്താണെന്ന് പറയാൻ തുടങ്ങിയപ്പോഴേക്കും അവൻ എന്റെ കുത്തിന് കയറിപ്പിടിച്ചു.

പെട്ടെന്നാണ് റോഡിലൂടെ ഒരു ചുവന്ന Maserati പാഞ്ഞു വന്ന് എന്റെ വണ്ടിയുടെ മുന്നിൽ ക്രോസിട്ട് നിർത്തിയത്. Grancabrio ആണ്. തൊട്ടു പിറകിൽ പത്തോളം ചുവന്ന പജീറോകളും എത്തി. ഞാൻ ഞെട്ടി.ഒരാൾ മാത്രമേ Maserati യിലുള്ളൂ. മേൽമൂടിയില്ലാത്ത വണ്ടിയിലിരുന്ന് അയാൾ എന്റെ വണ്ടിയിലേക്ക് സൂക്ഷിച്ചു നോക്കിയ ശേഷം ചാടിയിറങ്ങി. വെളുത്ത കുർത്തയും പൈജാമയുമിട്ട് കൂളിംഗ് ഗ്ലാസ്സൊക്കെ വച്ച് ഒരു underworld Don ലുക്ക്. ദൈവമേ തല്ലാനാണോ കൊല്ലാനാണോ. പുള്ളി വന്ന് എന്റെ കുത്തിന് പിടിച്ചവനെ നോക്കി. അവൻ പതിയെ വണ്ടിയുമെടുത്ത് സ്ഥലം വിട്ടു.ഉറുമ്പിൻ കൂട്ടം DDT കണ്ടതു പോലെ ആൾക്കൂട്ടവും മാറി നിന്നു. അയാൾ വന്ന് എന്റെ കവിളിൽ തലോടി. “ഞാൻ FB യിൽ യാത്രയെ കുറിച്ച് കണ്ടിരുന്നു. യുപിയിലെത്തിയെന്നുമറിഞ്ഞു. കേരളാ രജിസ്ട്രേഷൻ വണ്ടി കണ്ടപ്പോൾ doubt തോന്നി. നിന്നെ കണ്ടപ്പോൾ ഉറപ്പിച്ചു. പണ്ട് നിന്റെ അച്ഛൻ ഒരാക്സിഡന്റിൽ നിന്ന് എന്നെ രക്ഷിച്ചതാ. ഇപ്പോൾ യാത്ര നടക്കട്ടെ. തിരിച്ചു വന്നിട്ട് വിളിക്കൂ” എന്ന് ഹിന്ദിയിൽ പറഞ്ഞിട്ട് പുള്ളി കാറുമെടുത്ത് പോയി.

വണ്ടി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങിയതും ആരോ എന്നെ പത്ത് കുലുക്ക്. നോക്കിയപ്പോൾ നേരത്തെ എന്റെ കുത്തിന് പിടിച്ചവൻ തന്നെ. ‘അരെ സാലെ’ എന്ന് പറഞ്ഞ് അവൻ പ്രഭാഷണം തുടരുകയാണ്. മസെരാട്ടിയിൽ ഡോൺ വന്ന് രക്ഷപ്പെടുത്താൻ ഇത് സിനിമയല്ല. സെക്കന്റിലൊരംശം കൊണ്ട് ഗതികെട്ട അവസ്ഥയിൽ മനസ്സിലൂടെ കടന്ന് പോയ ഒരു ദുരാഗ്രഹം മാത്രം. ഏത് നിമിഷവും അടി വീഴുമെന്ന പച്ചയായ യാഥാർഥ്യം കൺമുന്നിൽ നിൽക്കുകയാണ്. ജീവിതത്തിലിന്നേവരെ ഇങ്ങനെയൊരു situation ഫേസ് ചെയ്യേണ്ടി വന്നിട്ടില്ല. ഒരാൾ കുത്തിന് പിടിക്കേണ്ട അവസ്ഥ ഉണ്ടാക്കിയിട്ടില്ല തന്നെ. അഥവാ അങ്ങനെയൊരു അവസ്ഥയുണ്ടായാൽ പ്രതികരിക്കാതെ നിൽക്കേണ്ടി വന്നിട്ടില്ല. ഞാൻ അവന്റെ കൈകൾ വിടീക്കാൻ ശ്രമിച്ചു കൊണ്ട് വളരെ താഴ്മയായി നടന്ന കാര്യങ്ങൾ അവതരിപ്പിക്കാൻ നോക്കി. അത്ര ആവശ്യമില്ലാത്ത സമയത്ത് വരെ സഹായത്തിനോടിയെത്തിയ ഹിന്ദി വാക്കുകൾ പോലും പേടിച്ച് മാറി നിൽക്കുകയാണ്. അവനെന്നോട് പറയുന്നതാണെങ്കിൽ ഏതോ ഉൾനാടൻ കൊടും ഹിന്ദി ( പക്ഷെ അർത്ഥം എനിക്ക് മനസ്സിലാവുന്നുണ്ട് 😋).

ഞാൻ തിരിഞ്ഞ് നോക്കി അമ്മയും നല്ലുവും പേടിച്ചിരിക്കുന്നു. ഭാര്യയുടെ മുഖത്ത് ജീവിതത്തിലിന്നേവരെ കാണാത്തൊരവസ്ഥയിൽ എന്നെ കണ്ടതിന്റെ സങ്കടവും കുത്തിന് പിടിച്ചവനോട് ദേഷ്യവും. അളിയന്റെ മുഖത്ത് നിസ്സഹയാവസ്ഥയാണെങ്കിലും എന്തൊക്കെയോ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നു. ഞാൻ ആസിഫിനെ പ്രതീക്ഷയോടെ നോക്കി. നാട്ടുകാരനാണല്ലോ. പാവം അവനും പേടിച്ചിരിക്കുകയാണ്. ഒരു രക്ഷയുമില്ല. എന്റെ നാവ് മാത്രമാണ് രക്ഷ. കേരളത്തിൽ നിന്നു വരുവാണെന്നും കുഞ്ഞുങ്ങൾ പേടിച്ചിരിക്കുകയാണെന്നും വെറുതെ വിടണമെന്നും അവനോട് അപേക്ഷിക്കുമ്പോഴും കുത്തിൽ നിന്ന് പിടി വിട്ട് എന്നെ അടിക്കാനായി പലവട്ടം ഓങ്ങിയ അവന്റെ വലത് കൈയ് എന്നിൽ പതിച്ചാൽ തിരിച്ചടിക്കും എന്ന് തന്നെയായിരുന്നു എന്റെ മനസ്സിൽ. ആളുകൾ ചുറ്റും കൂടിക്കൊണ്ടിരുന്നു. ആൾക്കൂട്ടം തല്ലിക്കൊന്നു എന്ന വാർത്തയൊക്കെ അവിടെ സർവ്വസാധാരണമാണെന്നൊക്കെ ഉള്ളിലൂടെ പാഞ്ഞു പോയെങ്കിലും അടിച്ചാൽ തിരിച്ചടിക്കുമെന്ന് തന്നെ ഏതൊരു മലയാളി യുവാവിനേയും പോലെ ഞാനും ചിന്തിച്ചു. ധൈര്യമുണ്ടായിട്ടൊന്നുമല്ല.ജീവിതകാലം മുഴുവൻ ഈ ഓർമ്മകൾ എന്നെ വേട്ടയാടാതിരിക്കാൻ. ആണുങ്ങളെപ്പോലെ ഒരെണ്ണമെങ്കിലും കൊടുത്തല്ലോ എന്ന സമാധാനം മനസ്സിന് കൊടുക്കാൻ. പക്ഷെ അപ്പോഴും ഞാൻ തൊഴുകൈകളോട് അവനോട് അപേക്ഷിക്കുകയായിരുന്നുവെന്നത് വിരോധാഭാസം.

രണ്ട് മൂന്ന് ബൈക്കിൽ വന്ന ഉദ്യോഗാർത്ഥികളെന്ന് തോന്നിക്കുന്ന ചെറുപ്പക്കാരാണ് ഈ രംഗത്തിന് തിരശ്ശീലയിട്ടത്. അവർ വന്ന് സംഭവിച്ച കാര്യങ്ങൾ അവർ കണ്ടെന്നും എന്റെ കൈയ്യിൽ mistake ഇല്ല എന്നുമൊക്കെ പറഞ്ഞ് എന്റെ കുത്തിന് പിടിച്ചവനെ പിടിച്ചു മാറ്റി. എന്നോട് വണ്ടിയെടുത്ത് പോകാനും പറഞ്ഞു. ഞാൻ വണ്ടിയെടുത്ത് മുന്നോട്ട് നീങ്ങിയപ്പോഴും ലവന് എനിക്ക് രണ്ടെണ്ണം തരണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. എനിക്ക് അവന് ഒരെണ്ണം കൊടുക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അതിലവൻ തീരണം.

വണ്ടി മുന്നോട്ട് നീങ്ങി. ആരും ഒന്നും മിണ്ടുന്നില്ല. എന്റെ ഉള്ളം തിളച്ച് മറിയുകയാണ്. കുത്തിന് പിടിച്ചവനെ തൊഴേണ്ടി വന്നതിന്റെ അഭിമാനക്ഷതവും തിരിച്ചൊന്നും ചെയ്യാൻ പറ്റാഞ്ഞതിന്റെ നിസ്സഹായതയും തൊഴുതിട്ടായാലും ഒരു വലിയ ജനക്കൂട്ടത്തിനിടയിൽ നിന്ന് രക്ഷപെട്ടതിന്റെ ചാരിതാർത്ഥ്യവും എല്ലാം കൂടി കുഴഞ്ഞുമറിഞ്ഞൊരു വല്ലാത്ത അവസ്ഥ. എന്നെ മനസ്സിലാക്കിയിട്ടെന്നവണ്ണം അളിയൻ പറഞ്ഞു “കുറച്ച് നേരം റിലാക്സ് ചെയ്യളിയാ, ഞാൻ ഓടിക്കാം” എന്ന്. കഴിഞ്ഞത് കഴിഞ്ഞു. ഇനി mood off ആയിട്ട് കാര്യമില്ല എന്ന ചിന്തയിൽ പതിയെ ഞാൻ തിരികെ വന്നുകൊണ്ടിരുന്നു. ആശ്വാസത്തിന് “പോട്ടെ എട്ടാ, അതോർത്ത് വിഷമിക്കല്ലേ, ഏട്ടൻ ചെയ്തതാണ് ശരി ” എന്ന് പറഞ്ഞ് കൊണ്ട് പിറകിൽ നിന്നുള്ള പ്രിയതമയുടെ തലോടലും. വീണ്ടും യാത്രയുടെ ആവേശം ടോപ് ഗിയറിലേക്ക്.

മഥുര ക്ഷേത്രത്തിനടുത്ത് വണ്ടിയെത്തി. റോഡ് സൈഡിൽ വണ്ടി ഒതുക്കി ആസിഫിനൊപ്പം ക്ഷേത്രത്തിലേക്ക്. ക്യാമറയും മൊബൈലുമെല്ലാം കൗണ്ടറിലേൽപ്പിച്ച് ചെരുപ്പുകളും സൂക്ഷിക്കാനുള്ള സ്ഥലത്ത് വച്ച് ക്ഷേത്രത്തിലേക്കുള്ള ചെറിയ പടികൾ കയറി. അതാ അവിടെ ഒരു വ്യത്യസ്തമായ കാഴ്ച. കാവിക്കൊടി പാറുന്ന ഒരു മസ്ജിദ്. ഞാൻ ആസിഫിനോട് കാര്യം തിരക്കി. കൃഷ്ണൻ ജനിച്ചെന്ന് പറയപ്പെടുന്ന തടവറയുൾപ്പെടെ ആറ് തടവറയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഔറംഗസേബിന്റെ കാലത്ത് അദ്ദേഹം അഞ്ചെണ്ണം മസ്ജിദുകളാക്കി. പക്ഷെ ഇപ്പോൾ മതസൗഹാർദ്ദത്തിന്റെ മനോഹര കാഴ്ചകളാണവിടെ.ഒരു വശത്ത് മുസ്ലീങ്ങളും മറുവശത്ത് ഹിന്ദുക്കളും പ്രാർത്ഥിക്കുന്ന സുന്ദര ദൃശ്യം. ക്ഷേത്രത്തിനകത്ത് കയറി. കൃഷ്ണനുണ്ടായെന്ന പറയപ്പെടുന്ന തടവറ ഒരു ചെറിയ റൂമാണ്. കൃഷ്ണൻ ജനിച്ച സ്ഥലത്ത് ഒരു പട്ടുവിരിച്ച് കൃഷ്ണന്റെ ഇതുവരെ കാണാത്ത ഒരു രൂപവും വച്ചിരിക്കുന്നു. മറുവശത്ത് നന്ദഗോപർ കൃഷ്ണനെയുമെടുത്തു പോയ ചെറുതുരങ്കം അടച്ചിട്ടിരിക്കുന്നത് കാണാം. അവിടെ നിന്നപ്പോൾ ഒരു വല്ലാത്ത അനുഭൂതിയായിരുന്നു. ഉളളിൽ ഞാനറിയാതെ ഒളിച്ചിരുന്ന ഭക്തി രോമങ്ങളോട് എഴുന്നേറ്റ് നിൽക്കാൻ ആജ്ഞാപിക്കുന്നു. കുറെ നേരം അവിടെ കണ്ണടച്ച് നിന്നിട്ട് തിരികെയിറങ്ങി. ഇവിടുത്തെ കാഴ്ചകൾ കണ്ട് പുറം ലോകത്തെ മതവെറിയൻമാർ വിഷം ചീറ്റാതിരിക്കാൻ വേണ്ടിയാണത്രേ ക്യാമറയെ അകത്തോട്ട് പ്രവേശിപ്പിക്കാത്തത് എന്നാണ് ആസിഫിന്റെ ഭാഷ്യം. ഞാനവന്റെ കൈ ചേർത്ത് പിടിച്ചു.

വീണ്ടും വണ്ടിയിൽ. രാധാകൃഷ്ണ രാസലീലകൾക്ക് വേദിയായ വൃന്ദാവനവും കണ്ട് അമ്പാടിയിലേക്ക്. വൃന്ദാവനം പലരും കരുതുന്നതു പോലെ ഒരു വനമല്ല. ഒരു സാദാ കർഷക ഗ്രാമമാണ്. അമ്പാടിയിലെത്തി വണ്ടി പാർക്ക് ചെയ്തു. അവിടെ ഞങ്ങളെ സഹായിക്കാൻ ആസിഫിന്റെ മറ്റൊരു സഹോദരനാണെത്തിയത്. അദ്ദേഹത്തെ കണ്ടപ്പോൾ ആസിഫിനെപ്പോലെ ഒരു ശുദ്ധനായിട്ട് തോന്നിയില്ല.ഞങ്ങൾ വണ്ടിയിട്ടത് ഒരു കുളത്തിന്റെ വശത്താണ്. കുളത്തിനപ്പുറത്തുള്ള ചെറുവനം ചൂണ്ടിക്കാട്ടി അതാണ് മധുവനമെന്നും അവിടെയാണ് ബലരാമനും കൃഷ്ണനും ഗോക്കളെ മേയ്ച്ച് നടന്നതെന്നും പറഞ്ഞു. ശേഷം അമ്പാടിയിലേക്ക്. കൃഷ്ണൻ കളിച്ചു വളർന്ന വീട്. പഴയ വീടൊക്കെ പുതുക്കി പണിതിരിക്കുന്നു. ഇനിയാണ് നമ്മൾ സൂക്ഷിക്കേണ്ടത്. ഈ വീടിനുള്ളിൽ കുറെ തൊട്ടിലുകളും പൂജാരികളുമുണ്ട്. ഈ പൂജാരികളും ഗൈഡുകളുമായി ഒരു understanding ഉം ഉണ്ട്. ഈ തൊട്ടിലുകളാട്ടിക്കൊണ്ടുള്ള പലവിധ പൂജകൾക്കായി ഗൈഡ് നമ്മളെ നിർബ്ബന്ധിക്കും. 500 രൂപ മുതൽ അങ്ങോട്ടാണ് റേറ്റ്. എന്നെയും പുള്ളി നിർബ്ബന്ധിച്ചു. ഇത് മുൻകൂട്ടി കണ്ട് ഞാൻ നിരീശ്വരവാദിയാണെന്നും എനിക്കിങ്ങനെയൊന്നും താൽപര്യമില്ലെന്നും കൗതുകം കൊണ്ട് വന്നതാണെന്നും ചുമ്മാ തട്ടി. പിന്നെ അദ്ദേഹം ‘കമാ’ എന്ന് മിണ്ടിയില്ല. അവിടെ മുഴുവൻ സന്ദർശിച്ച് പൂതനാമോക്ഷ സ്ഥാനവും രാധാ ബലരാമ ക്ഷേത്രങ്ങളും കണ്ട് യാത്ര തുടർന്നു. ഇനിയെങ്ങോട്ടാ യാത്രയെന്ന് ചോദിച്ചപ്പോൾ ഡൽഹിയിലേക്കാണെന്ന് ഞാൻ ആസിഫിനോട് പറഞ്ഞു. എങ്കിൽ ഞാൻ വഴിയിലിറങ്ങിക്കോളാമെന്ന് അവൻ പറഞ്ഞു. പോകുന്ന വഴിയിൽ പറഞ്ഞതിലും കൂടുതൽ തുക കൊടുത്തിട്ട് ആസിഫിനോട് യാത്ര പറഞ്ഞു. പാവം ചെക്കൻ.

ഇനി ഡൽഹി – കുരുക്ഷേത്ര – ചണ്ഡീഗഡ് ആണ് പ്ലാൻ. ചണ്ഡീഗഡിൽ ഭാര്യയുടെ കസിനുണ്ട്. ആ ദിശ ലക്ഷ്യമാക്കി വണ്ടിയെടുത്തപ്പോഴാണ് ലീവ് തീരാറായി എന്ന പരമസത്യം അളിയൻ മൊഴിഞ്ഞത്. ലീവ് തീരുന്ന ദിവസം ഒറ്റയ്ക്ക് തിരിച്ചു പോകാൻ അവൻ നേരത്തേ പ്ലാൻ ചെയ്തിരുന്നു. ചണ്ഡീഗഡിൽ ചെന്നിട്ട് പെട്ടെന്ന് യാത്ര പറഞ്ഞിറങ്ങാൻ പറ്റില്ലളിയാ, എനിക്ക് രണ്ട് ദിവസം അവിടെ നിൽക്കണം. So ഇനി നമുക്ക് നേരെ വിട്ട് പോകാം എന്നവൻ പറഞ്ഞു. എനിക്കും പ്രിയതമയ്ക്കും അതിനോട് യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും അവന്റെ അവസ്ഥയോർത്ത് ഞങ്ങൾ സമ്മതിച്ചു.

ഡൽഹിയും കുരുക്ഷേത്രയുമിറങ്ങാനാവാഞ്ഞതിന്റെ വിഷമം ഉളളിലൊതുക്കി ചണ്ഡീഗഡിലേക്ക്. 400 കിലോമീറ്ററിലേറെ പോകണം. വഴിയിലൊരിടത്ത് നിന്ന് പതിവ് ഭക്ഷണം കഴിച്ചു. ബലേനോ വീണ്ടും ചീറിപ്പായുകയാണ്. രാത്രിയിൽ അങ്ങെത്തണം. ഡൽഹിയിലെത്തിയപ്പോൾ പുകമഞ്ഞുണ്ട്. നല്ല ബ്ലോക്കും. രണ്ടും വകഞ്ഞ് മാറ്റി യാത്ര തുടർന്നു. ഞാൻ തെല്ലൊന്ന് മയക്കത്തിലേക്ക് വീണു. സ്വല്പം കഴിഞ്ഞ് പണി പാളിയെന്ന പറച്ചിലോടെ അളിയൻ വണ്ടി ഒതുക്കുന്നു. ഞാനുണർണ് നോക്കിയപ്പോൾ പോലീസ്. ഉറക്കത്തിന്റെ ആലസ്യത്തിൽ നീ പോയി ഡീൽ ചെയ്യടാ എന്ന് ഞാൻ പറഞ്ഞു. കുറെ നേരമായിട്ടും അവൻ തിരിച്ചു വരുന്നില്ല. ഞാൻ മനസ്സില്ലാ മനസ്സോടെ ഇറങ്ങിച്ചെന്നു. ഇൻസ്പെക്ടർ ഒരാളുമായി പെറ്റിയെ ചൊല്ലി തർക്കിക്കുകയാണ്. അവനെന്തോ പറഞ്ഞപ്പോൾ ഇൻസ്പക്ടർ അവനെ കുനിച്ച് നിർത്തി ഇടിക്കാൻ തുടങ്ങുന്നതാണ് ഞാൻ ചെന്നപ്പോഴുള്ള സീൻ. ഇടിയ്ക്കാൻ തുടങ്ങിയതേയുള്ളൂ ഇടിച്ചില്ല. അടുത്ത് നിന്ന പോലീസ് കാരനോട് എന്താണ് ഞങ്ങൾടെ മിസ്റ്റേക് എന്ന് ചോദിച്ചപ്പോൾ ഓവർ സ്പീഡാണ്. നിങ്ങൾ 120 ലാണ് വന്നതെന്ന് പറഞ്ഞു. നല്ല റോഡാണ് അളിയനേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എത്രയാ സാർ പെറ്റി എന്ന് ചോദിച്ചപ്പോൾ 400 എന്ന് പറഞ്ഞു. ഇൻസ്പെക്ടർ ചൂടിലായതിനാൽ കൂടുതൽ സംസാരിക്കാനൊന്നും നിന്നില്ല. പൈസയും കൊടുത്ത് രസീതും വാങ്ങി വീണ്ടും തിരികെ വണ്ടിയിലേക്ക്. കുനിഞ്ഞവനെ ഇതുവരെ നൂത്തിട്ടില്ല.

ഒരു പെറ്റി കിട്ടിയ അനുകൂല്യത്തിൽ പിന്നെ ഒന്നും നോക്കിയില്ല. വച്ച് വിട്ടു. രാത്രി 11 മണിയോടെ ചണ്ഡീഗഡിലെത്തി. പറഞ്ഞതുപോലെ അരുണനളിയൻ വഴിയിൽ കാത്ത് നിന്നു. നേരെ ബഹലാനാ സബ്ജി മാർക്കറ്റിലുള്ള അളിയന്റെ വീട്ടിലേക്ക്. അളിയനും വൈഫും രണ്ട് കുഞ്ഞുങ്ങളുമാണവിടെ താമസം. പുള്ളി ആർമിയിലാണ്. ആർത്തിയോടെ വന്ന ഞങ്ങളെ കാത്ത് ചോറ്,പുളിശ്ശേരി,അവിയൽ ചമ്മന്തി, മീൻകറി ഇത്യാദികൾ കാത്തിരുന്നു. കുളിച്ച് ഫ്രഷായി ഞങ്ങൾ അവയുടെ മേൽ ചാടി വീണു. രാത്രി ഏറെ നേരം സംസാരിച്ചിട്ട് കിടന്നുറങ്ങി. ദൈവമേ സുഖകരമായ അന്തരീക്ഷത്തിൽ സുഖകരമായ ഉറക്കം.

രാവിലെ വിളിച്ചുണർത്തരുതെന്ന് ഭാര്യയോട് പറഞ്ഞിരുന്നെങ്കിലും അവൾ അതി രാവിലെ തന്നെ വിളിച്ചുണർത്തി. ഞാൻ ചൂടാവുന്നതിന് തൊട്ട് മുമ്പ് അവൾ സ്റ്റൗ ഓഫ് ചെയ്തു. നല്ലുവിന്റെ ദേഹത്ത് ചെറിയ കുരുപ്പുണ്ട്, ചിക്കൻ പോക്സാണോ എന്ന് സംശയം. ഞാൻ തരിച്ചു നിന്നു പോയി. കുഞ്ഞിന്റെ അടുത്ത് പോയി നോക്കി. അതെ ചിക്കൻപോക്സ് തന്നെ. മരുന്ന് കൈവശമുണ്ട്. പക്ഷെ അതല്ല പ്രശ്നം ഇവിടെയും രണ്ട് കുഞ്ഞുങ്ങളില്ലേ. ആശങ്ക പറഞ്ഞപ്പോഴേ ഭാര്യയത് അറുത്ത് മാറ്റി. (മൂർച്ചയുള്ള നാവാണ് ) ഇവിടെയെല്ലാവർക്കും ചിക്കൻ പോക്സ് വന്നതാണ് എന്ന് പറഞ്ഞു. കുറച്ചാശ്വാസമായി. എങ്കിലും യാത്ര കുറച്ച് ദിവസം കഴിഞ്ഞല്ലാ പറ്റൂ. എല്ലാവർക്കും ടെൻഷൻ. Rest എടുക്കാൻ ദൈവം ഒരവസരം തന്നു എന്ന് പറഞ്ഞ് സമാധാനിക്കാൻ ഞാനെല്ലാരോടും പറഞ്ഞു. അന്ന് വണ്ടി ക്ലീനിംഗ്, വാഷിംഗ് ഇത്യാദികൾ ചെയ്തു. ടാർപോളിനകത്ത് വെള്ളം നിറച്ച് മത്സ്യത്തെ വളർത്തി അതിൽ നിന്ന് തന്നെ പിടിച്ച് കഷ്ണങ്ങളാക്കിത്തരുന്ന മാർക്കറ്റിൽ പോയി മത്സ്യം വാങ്ങി. രണ്ട് ദിവസത്തിന് ശേഷം വൈകുന്നേരം ചണ്ഡീഗഡിൽ നിന്നൊരു ബസിൽ ഡൽഹിയിലിറങ്ങി ഫ്ലൈറ്റിൽ അളിയൻ നാട്ടിലേക്ക് പറന്നു.

കൂടുള്ളയാൾ വിട്ടു പോകുന്ന അവസ്ഥ വല്ലാത്ത സങ്കടകരം തന്നെ. കുഞ്ഞിനേയും കൊണ്ട് പുറത്തോട്ടിറങ്ങാൻ പറ്റാത്തതിനാൽ അവിടെ തന്നെ കഴിച്ചു കൂട്ടി.പിന്നീടുള്ള ദിവസങ്ങൾ ഉണ്ണുക ഉറങ്ങുക മാത്രമായിരുന്നു ജോലി. നല്ലുവിന്റെ ദേഹത്ത് ഒന്ന് രണ്ട് കുരുപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതെല്ലാം മാറി. ഇടയ്ക്ക് ഡോക്ടറോട് സംസാരിച്ചപ്പോൾ ചിക്കൻപോക്സല്ല പനിയാവാനാണ് സാധ്യതയെന്നും പറഞ്ഞു. ഈ ദിവസങ്ങളിൽ പലരും വിളിച്ചു. തിരിച്ചു പോകുന്ന വഴിയിൽ ഇതു വഴി വരണേയെന്നുള്ള സ്നേഹപൂർവ്വമായ വിളികൾ. എന്റെ പ്രിയ വിദ്യാർത്ഥി വീണ (Veena Avani)യുടെ തുടർച്ചയായ വിളികളൊക്കെ ദൂരക്കൂടുതൽ കാരണം ഒഴിവാക്കേണ്ടി വന്നു. കൂട്ടത്തിൽ നാട്ടിലുള്ളതും CRPF ലെ മുതിർന്ന ഉദ്യോഗസ്ഥനുമായ ജയൻ ചേട്ടൻ (Jayakumar Gopinathan)വിളിച്ചു. സംസാരിച്ചപ്പോൾ ഞങ്ങൾടെ താമസ സ്ഥലങ്ങൾ തമ്മിൽ നൂറ് മീറ്റർ വ്യത്യാസം മാത്രം. കുറച്ച് കഴിഞ്ഞപ്പോൾ സ്നേഹത്തിൽ പൊതിഞ്ഞ കുറെ സമ്മാനങ്ങളുമായി അദ്ദേഹമെത്തി. എന്റെ അച്ഛന്റെ കളിക്കൂട്ടുകാരനാണ് (Underworld Don എത്തിയില്ലെങ്കിലും സ്നേഹത്തിന്റെ Don എത്തി). മറുനാട്ടിൽ നിൽക്കുമ്പോൾ വേണ്ടപ്പെട്ട ഒരാളെ കാണുന്നതിന്റെ സന്തോഷം ഞങ്ങൾ മണിക്കൂറുകളോളം സംസാരിയിട്ടും മാറിയില്ല. ജയൻ ചേട്ടൻ യാത്ര പറഞ്ഞിറങ്ങി.

എല്ലാ അസ്വസ്ഥതകളും മാറിയ അടുത്തൊരു ദിവസം ഞങ്ങൾ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി. ഇനി ഞാൻ മാത്രമാണ് ഡ്രൈവർ. അതിന്റെയൊരു സങ്കടത്തിലും ത്രില്ലിലും അമൃത്സറിലേക്ക്. പോകുന്ന വഴിയിൽ സ്വർണ്ണാഭരണ വിഭൂഷിതയായി നിൽക്കുന്ന ഗോതമ്പുപാടങ്ങൾ കണ്ടു. നല്ലുവിനെ അതിനുള്ളിലേക്കിറക്കി. അവൾ ആദ്യമായി കാണുകയാണ് ഗോതമ്പ് പാടം. ഒന്ന് രണ്ട് ഫോട്ടോയെടുത്ത് തിരിച്ചു കയറി. അത്യാവശ്യം തിരക്കുണ്ട് റോഡിൽ. ഏറ്റവും വലിയ ശല്യം എന്താണെന്ന് വച്ചാൽ സൈക്കിൾ റിക്ഷകളാണ്. സൈഡും തരില്ല, കയറ്റി വിടുകയുമില്ല. Map സെറ്റ് ചെയ്തിട്ടുണ്ടായിരുന്നെങ്കിലും പാർക്കിംഗ് കണ്ടു പിടിക്കാൻ പാടു പെട്ടു. ലുലുമാൾ പാർക്കിംഗ് മാതൃകയിൽ അറേഞ്ച് ചെയ്തേക്കുന്ന പാർക്കിംഗ് എൻട്രൻസിലെ ബേക്കറിയിലെ ഒന്ന് രണ്ട് വിഭവങ്ങൾ കണ്ണിൽ കയറിയതിനാൽ എൻട്രി ടിക്കറ്റ് കൊടുക്കുന്നയാളെ കണ്ടില്ല. കുറച്ചു മുന്നോട്ട് പോയപ്പോൾ സെക്യൂരിറ്റി ഓടി വരുന്നു. വണ്ടിയിട്ട് ഇറങ്ങിപ്പോയി ടിക്കറ്റെടുക്കാൻ പറഞ്ഞെങ്കിലും ഫാമിലിയെ കണ്ടപ്പോൾ പുള്ളി ഓടിപ്പോയി ടിക്കറ്റെടുത്ത് കൊണ്ടു വന്നു. പാർക്കിംഗിൽ വണ്ടിയിട്ട് ക്ഷേത്രത്തിലേക്ക് നടന്നു.

പോകുന്ന വഴിയിൽ നേരത്തേ കണ്ട ബേക്കറി എന്നെ മാടി വിളിച്ചു. തിരിച്ചു വരുമ്പോളാകട്ടെ എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. കുറച്ച് ദൂരം നടക്കാനുണ്ട്. മനസ്സമാധാനമായി നടക്കുവാൻ ഗൈഡുകൾ സമ്മതിക്കില്ല. നടന്ന് നടന്ന് ബലിദാനികളായ കുറെപ്പേരുടെ സ്മാരകത്തിന് മുന്നിൽ നിന്ന് (അകത്തോട്ട് പോകുന്നതിന്റെ ത്രില്ലിൽ എന്താണെന് വായിച്ചു നോക്കാൻ മെനക്കെട്ടില്ല)ഫോട്ടോയൊക്കെ എടുത്ത് അകത്തേക്ക്. ചെരുപ്പ് പുറത്തിട്ട് ക്ഷേത്രത്തിന് മുന്നിലെ കൂടയിൽ നിന്ന് ശിരോവസ്ത്രമെടുത്ത് കെട്ടി അകത്തെ എൻട്രൻസ് കടന്നു.

ഇതാ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനത്തിലെ ലോകമെമ്പാടുമുള്ള സിഖ് സമൂഹത്തിന്റെ മെക്കയിൽ ഞങ്ങളെത്തിയിരിക്കുന്നു. അഞ്ചാമത്തെ ഗുരുവായ അർജൻ സിംഗിന്റെ നേതൃത്വത്തിൽ മുസ്ലീം പുരോഹിതനായ ഹസ്രത് മിയാൻ മിർ 1570 ലാണ് ഹർമന്ദിർ സാഹിബെന്ന സുവർണക്ഷേത്രത്തിന് തറക്കല്ലിട്ടത്. 1588 ൽ പണി പൂർത്തീകരിക്കുകയും ചെയ്തു. സിഖ് കാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് ഇവിടെയാണുള്ളത്. ഈ ഗ്രന്ഥം രാത്രിയിൽ ‘സുഖാസൻ’ പോകുന്നതായി കരുതപ്പെടുന്നു. നാനാജാതി മതസ്ഥർക്കും സ്ത്രീകൾക്കും ഒരുപോലെ ആരാധിക്കാനാണ് ഈ ഗുരുദ്വാര നിർമ്മിച്ചിരിക്കുന്നത്. അകത്തെത്തിയപ്പോൾ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ ചിന്തകൾ മനസ്സിലെത്തിയെങ്കിലും അതിനെ മനസ്സിൽ താമസിക്കാനനുവദിക്കാതെ ഗുരുദ്വാരയിൽ കേൾക്കുന്ന ആ പ്രത്യേക സംഗീതം ഒഴുകിയെത്തി. മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്നതാണ് ആ ഭജൻസ്. അതിൽ മുഴുകി ഞങ്ങൾ അവിടെയാകെ നടന്നു തൊഴുതു.

ദാഹിച്ചപ്പോൾ ഭസ്മമിട്ട് തിരുമ്മി കഴുകുന്ന പാത്രത്തിൽ ലഭിക്കുന്ന, കണ്ടാൽ ദാഹമില്ലെങ്കിലും കുടിച്ചു പോകുന്ന, ക്ഷേത്രത്തിൽ വിതരണം ചെയ്യുന്ന വെള്ളം ആവോളം കുടിച്ചു. അവിടെ നിന്നിറങ്ങാൻ മനസ്സില്ലായിരുന്നു. സമയ പരിമിതി മൂലം നടന്ന് ക്ഷേത്രത്തിന് വെളിയിലിറങ്ങി മുന്നോട്ട് നടന്നപ്പോൾ മുന്നിൽ വഴി തടഞ്ഞു കൊണ്ട് വല്ലാത്ത ഭാവത്തോടെയൊരാൾ.

ആ വല്ലാത്ത നോട്ടത്തിന്റെ അർത്ഥം പെട്ടെന്നെനിക്ക് മനസ്സിലായി. ദയനീയതയാണ്. “ആ കാണുന്ന കടയിൽ നിന്ന് എന്തെങ്കിലുമൊക്കെ വാങ്ങിക്കണേയണ്ണാ” എന്നുള്ള അപേക്ഷയാണ്. നിരസിക്കാൻ മനസ്സനുവദിച്ചില്ല. കടയിൽ കയറി കുഞ്ഞുങ്ങൾക്കെല്ലാം നമ്മുടെ പഴയ ഇടിവളയുടെ മാതൃകയിലുള്ള ചെറിയ വളകളും മറ്റും വാങ്ങി. അവിടെ വരുന്ന മിക്കവരും അത്തരത്തിലുള്ള വളകൾ വാങ്ങാറുണ്ട്. (കഴിഞ്ഞ പാർട്ടിൽ ട്വിസ്റ്റില്ലാത്തതു കൊണ്ട് ഒരു ഗുമ്മിന് അങ്ങനെ അവസാനിപ്പിച്ചതാണ്. ക്ഷമിക്കുമല്ലോ). എല്ലാം വാങ്ങിപാർക്കിംഗിലേക്ക്.

പഴയ ബേക്കറി എന്നെ വിടുന്ന ലക്ഷണമില്ല. പഫ്സ് പോലെയും കേക്കുപോലെയുമുള്ള രണ്ട് നിർമ്മിതികളാണ് എന്നെ ഹടാതാകർഷിച്ചത്. നേരെ കടയിൽ കയറി. ഒരു പ്രത്യേക രീതിയിലുള്ള വെജിറ്റബിൾ പഫ്സാണ് ഒന്ന് മറ്റേത് ബ്രഡ് സാൻഡ് വിച്ചും. ഒരോന്ന് വാങ്ങി ടേസ്റ്റ് ചെയ്ത് നോക്കി. എന്റെ പൊന്നു സാറേ, ഉൾവിളിയെ ശരിവയ്ക്കും രീതിയിൽ അസാമാന്യ ടേസ്റ്റ്. ഒന്നും നോക്കാതെ പാഴ്സൽ വാങ്ങി വണ്ടിയിൽ കയറി. വിശപ്പ് കെട്ടുപോയാൽ ഉച്ചയ്ക്ക് കഴിക്കാനെടുത്തിട്ടുള്ള പൊതി ഉപയോഗിക്കാൻ കഴിയാതെ വരുമെന്നുള്ള ധർമ്മസങ്കടം പിന്നോട്ട് വലിച്ചെങ്കിലും, ഈ ഐറ്റംസ് കഴിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല.

ഇനി ജാലിയൻവാലാബാഗ് പോകണം. മാപ്പ് നോക്കിയപ്പോൾ ഒന്നര കിലോമീറ്റർ. വണ്ടിയെടുത്ത് കുറെ കറങ്ങിയെങ്കിലും വണ്ടി പോകാൻ പറ്റാത്ത ഇടുങ്ങിയ വഴികളല്ലാതെ ജാലിയൻവാലാബാഗു പോയിട്ട് ഒരു പേഴ്സ് പോലും കാണുന്നില്ല. വഴിയിൽ വണ്ടി നിർത്തി ഒരാളോട് സംസാരിച്ചപ്പോൾ അടുത്ത് തന്നെ പാർക്കിംഗ് ഉണ്ട്. അവിടെയിട്ടിട്ട് നടക്കണമെന്ന് പറഞ്ഞു. പാർക്കിംഗിൽ ചെന്നു, നോക്കിയപ്പോൾ നല്ല മുൻപരിചയം. അതെ, പഴയ പാർക്കിംഗ് തന്നെ. മരുമകന്റെ ബുദ്ധിസാമർത്ഥ്യത്തിൽ അമ്മയ്ക്കൊന്ന് അഭിനന്ദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ഞാനാ മുഖത്തേക്ക് നോക്കിയതേയില്ല. പാഴ്സലും വാങ്ങി ധൃതിയിൽ പോയവരെന്താ പെട്ടെന്ന് തിരിച്ചു വരുന്നതെന്ന രീതിയിൽ ബേക്കറിക്കാരൻ നോക്കിയെങ്കിലും ഞങ്ങൾ പരിചയഭാവം നടിച്ചില്ല. വഴിയിലൊരാളോട് വഴി ചോദിച്ചപ്പോൾ ക്ഷേത്രത്തിൽ പോയ വഴി തന്നെ. അതാ ദൂരെ ഞങ്ങൾ നേരത്തെ ക്ഷേത്രത്തിൽ കയറുന്നതിന് മുമ്പ് നിന്ന് ഫോട്ടോയെടുത്ത സ്മാരകം. അതിനിടയിൽ വടിവൊത്ത അക്ഷരത്തിൽ ജാലിയൻവാലാബാഗ് ബലിദാനികൾക്കുളള സ്മാരകമെന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ടായിരുന്നു.നേരെ നോക്കിയപ്പോൾ അതാ കാണുന്നു ജാലിയൻ വാലാബാഗ്. നേരെ എതിർവശത്ത് ഞങ്ങൾ വള വാങ്ങിയ കട. നേരത്തെ ഫോട്ടോയെടുത്തപ്പോൾ ഒന്ന് വായിച്ചു നോക്കിയിരുന്നെങ്കിൽ, ഇല്ലെ വൃത്തികെട്ടവൻ ആ കടയിലേക്ക് ഞങ്ങളെ ക്ഷണിക്കാതിരുന്നുവെങ്കിൽ, ഞങ്ങളുണരുമായിരുന്നു, ജാലിയൻ വാലാബാഗ് കാണുമായിരുന്നു.

അകത്തേക്ക് കയറി. 1919 ലെ വെടിയൊച്ചകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു. നാവുകളെ തോക്കുകൾ കൊണ്ട് തോൽപ്പിക്കാൻ ജനറൽ ഡയറിന്റെ ഗൂർഖാ റെജിമെന്റിടിച്ചുകയറിയ ഇടുങ്ങിയ ഇടനാഴി അതുപോലെ തന്നെ അവിടെയുണ്ട്. നമുക്ക് വേണ്ടി സംസാരിച്ചവരുടെ ശബ്ദം നിലച്ച സ്ഥലത്ത് വച്ച് ഒന്നടക്കം പറയാൻ പോലും തോന്നിയില്ല. അകത്തെത്തി. ഇവിടെ വച്ചാണ് 1650 ഓളം റൗണ്ട് വെടിയുണ്ടയേറ്റ് ആയിരത്തോളം ജനങ്ങൾ മരിച്ചുവീണത്. ആ സങ്കടം പേറുന്നുണ്ടെങ്കിലും തെല്ലു പോലുമുലയാതെ അവിടെ അമർ ജ്യോതി തെളിയുന്നുണ്ടായിരുന്നു.

വെടിയൊച്ച കേട്ടോടിയവരെ അപ്പാടെ വിഴുങ്ങിയ മരണക്കിണർ വാപിളർന്ന് തന്നെ നിൽക്കുന്നു. ഞങ്ങളതിലേക്കെത്തി നോക്കി. ഓർമ്മകൾ ഓളം തള്ളുന്നു. ഒരു നെടുവീർപ്പുമിട്ട് നടന്നു നീങ്ങി. അകലെ ചെറിയൊരു കെട്ടിടത്തിന്റെ ഭിത്തിയിലും തൊട്ടപ്പുറത്തെ മതിലിലും നോക്കി ആൾക്കാർ നിൽക്കുന്നത് കണ്ട് അവിടേക്ക് ചെന്നു. അന്ന് ആ ഭിത്തികളിൽ കൊണ്ട വെടിയുണ്ടയുടെ മുറിവുകൾ ഇനിയുമുണങ്ങിയിട്ടില്ല. അതിപ്പോഴും നമ്മെ വേദനപ്പെടുത്താൻ തക്ക ശേഷിയുള്ളതാണ്. എല്ലാം കണ്ട് വല്ലാത്തൊരു മനസ്സോടെയാണ് തിരികെയിറങ്ങിയത്. കൂട്ടക്കൊലയ്ക്ക് അനുമതി നൽകിയ അന്നത്തെ പഞ്ചാബ് ഗവർണർ മൈക്കൽ ഒ ഡയറിനെ വെടിവച്ചു കൊന്ന ഉദ്ധം സിംഗിന്റെ സ്മരണകൾ മനസ്സിലേക്ക് വിളിച്ചു വരുത്തി തെല്ലാശ്വാസം കൊണ്ടു. ( കൂട്ടക്കൊലയ്ക്ക് നേതൃത്യം നൽകിയത് റെജിനാൾഡ് ഡയറാണ്. രണ്ടും രണ്ട് പേരാണ്). വണ്ടിയെടുത്ത് യാത്ര തുടർന്നു…. വാഗാ ബോർഡറിലേക്ക്.

മൂന്ന് മണിയാകുമ്പോഴേക്കും വാഗയിലെത്തണമെന്ന് കരുതി. 4.45 നാണ് Flag off. Winter ആണെങ്കിൽ 4.15 നാണ് തുടങ്ങുക. അവിടെ ചെന്നപ്പോൾ നല്ല തിരക്ക്. ഗ്രൗണ്ട് പാർക്കിംഗ് ക്ലോസ് ചെയ്തു. ഇനി upper area യിലാണ് പാർക്കിംഗ്. പാർക്ക് ചെയ്ത ശേഷം ചെക്കിംഗും കഴിഞ്ഞ് ബോർഡറിലേക്ക്. അവിടെയും താഴത്തെ നിര ഫുള്ളായിരുന്നു. നാട്ടിലുള്ള ചെറിയ സ്റ്റേഡിയങ്ങളിലെപ്പോലുള്ള സിമൻറ് പടിയാണ് ഇരിപ്പിടം. മുകളിലത്തെ നിരയിലാണ് സീറ്റ് കിട്ടിയത്. കാഴ്ചയ്ക്ക് തടസ്സമില്ലായിരുന്നുവെങ്കിലും പൊരിവെയിലത്ത് ഞങ്ങളും എടുത്ത ഫോട്ടോകളും തീരെ മങ്ങിയിരുന്നു.

Recommendation ഉണ്ടെങ്കിൽ ഒരു ദിവസം നേരത്തെ ശ്രമിച്ചാൽ VIP ഇരിപ്പിടം കിട്ടുമെന്ന് അവിടെച്ചെന്നപ്പോഴാണറിഞ്ഞത്. കുറച്ചു നേരം കഴിഞ്ഞപ്പോൾ വെളുത്ത പാൻറും ടീ ഷർട്ടുമിട്ട് മൈക്കും പിടിച്ച് ഒരാളെത്തി. കാണികളെ ആവേശത്തിലേക്ക് കൊണ്ടുവരികയാണ് പുള്ളിയുടെ ദൗത്യം. ‘ജയ് ഹോ’ ഉൾപ്പടെയുള്ള ദേശഭക്തി ഗാനങ്ങൾ ബാക്ക് ഗ്രൗണ്ടിൽ മുഴങ്ങി. BSF ജവാൻമാർ കുറെ ദേശീയപതാകകളുമായി വന്ന് സ്ത്രീജനങ്ങളെയും പെൺകുട്ടികളേയും ഗ്രൗണ്ടിലേക്ക് വിളിച്ചു. ഭാര്യയും ചാടിയിറങ്ങിപ്പോയി. അവർ ഓരോരുത്തരായി പതാകയുമേന്തി ഗ്രൗണ്ടിലൂടെ ഓടുകയും പാട്ടിനൊത്ത് നൃത്തം വയ്ക്കുകയും ചെയ്തു. ഇതേ സമയം ബോർഡർ ഗേറ്റിനപ്പുറത്തുള്ള പാകിസ്ഥാൻ ഇരിപ്പിടത്തിൽ വളരെ കുറച്ച് ആൾക്കാർ മാത്രമാണുണ്ടായിരുന്നത്. പാട്ടിനു ശേഷം നേരത്തെ പറഞ്ഞയാൾ മൈക്കിലൂടെ ‘ഭാരത് മാതാ കീ’ ‘വന്ദേമാതരം’ തുടങ്ങിയവ ഏറ്റുവിളിക്കാൻ ജനങ്ങളെ നിർബന്ധിച്ചു കൊണ്ടിരുന്നു. പുള്ളിയുടെ അംഗവിക്ഷേപങ്ങളും ഓട്ടവും വായുവിലൂടെയുള്ള ചാട്ടവും ആവേശവും കണ്ടാൽ ഒരാൾക്കും ഏറ്റുവിളിക്കാതിരിക്കാൻ പറ്റില്ലായിരുന്നു. ഒരേ മനസ്സോടെ എല്ലാവരും ഉറക്കെ ഏറ്റുവിളിച്ചു. ദേശഭക്തി നുരഞ്ഞ് പൊന്തിയ നിമിഷങ്ങൾ. നോർത്തിൽ ചെന്നശേഷം ആൾക്കൂട്ടത്തിനിടയിൽ ഒറ്റപ്പെടാതെ നിന്ന നിമിഷം അത് മാത്രമാണ്. ശേഷം ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പ്രത്യേക രീതിയിലുള്ള പരേഡുകൾ. വിശ്വവിഖ്യാതമായ കാലുയർത്തിയുള്ള സല്യൂട്ട് ,ശേഷം ഗേറ്റിൽ ഇരുപതാകകളുമൊരുമിച്ച് താഴ്ത്തൽ. ദേശസ്നേഹപ്രഭാപൂരിതമായ മനസ്സോടെ തിരികെ വണ്ടിയിലേക്ക്.

വണ്ടിയുമെടുത്ത് തിരിച്ചപ്പോഴാണ് ഒരു സോഡാ നാരങ്ങാവെള്ളം ഇവിടെക്കിട്ടാൻ സാദ്ധ്യതയുണ്ടോയെന്ന് അമ്മ ചോദിക്കുന്നത്. കുറച്ച് മുന്നോട്ട് വന്നപ്പോൾ സോഡകുപ്പിയുടെ മുകളിൽ നാരങ്ങകൾ നെഗളിച്ചിരിക്കുന്ന കടകൾ. വണ്ടിയൊതുക്കാൻ സ്ഥലമില്ല. റോഡിന്റെ ദക്ഷിണഭാഗത്ത് വണ്ടിയിട്ടിട്ട് വാമഭാഗത്തോടു പോയി നാരങ്ങാവെള്ളം വാങ്ങി വരാൻ പറഞ്ഞു. കടക്കാരനെടുത്ത് പിഴിഞ്ഞ് നാരങ്ങയുടെ സർവ്വ തെണ്ണവും തീർത്തു. പെട്ടെന്ന് ഒരു പട്ടാളക്കാരൻ വന്ന് വണ്ടിയുടെ ഗ്ലാസ്സ് താഴ്ത്താൻ പറഞ്ഞു കൊണ്ട് എന്തൊക്കെയോ പുലമ്പുന്നു.

വണ്ടി അവിടെ നിന്ന് മാറ്റാന്നാണെന്ന് വിചാരിച്ച് ഞാൻ വൈഫ് കടയിൽ പോയിരിക്കുകയാണെന്നും 5 minutes എന്നും പറഞ്ഞു. പക്ഷെ പുള്ളിയുടെ ആവശ്യം അതല്ല. പോകുന്ന വഴിയിൽ പുള്ളിയെ ഒന്ന് ഡ്രോപ്പ് ചെയ്യണം. അപ്പോഴേക്കും വാമഭാഗം ദക്ഷിണ ഭാഗത്തെത്തി. അമ്മയെ വെള്ളം കുടിപ്പിച്ച ശേഷം ഭാര്യയെ ബാക്കിലും പട്ടാളക്കാരനെ ഫ്രണ്ടിലുമിരുത്തി യാത്ര തുടർന്നു. അദ്ദേഹം കാശ്മീർ സ്വദേശിയാണ്. വിശേഷങ്ങളൊക്കെ പറഞ്ഞു തീരും മുമ്പേ അദ്ദേഹത്തിനിറങ്ങണ്ട സ്ഥലമായി. പുളളി നന്ദി പറഞ്ഞിറങ്ങി. ആവേശമൊക്കെ കഴിഞ്ഞപ്പോഴാണ് വിശപ്പെത്തുന്നത്. പൊതിച്ചോറുണ്ടല്ലോയെന്ന് സന്തോഷിക്കുന്നതിന് തൊട്ടുമുമ്പ് മോശമായിട്ടുണ്ടാകുമോ എന്ന് അമ്മയുടെ ആശങ്ക. വണ്ടി ഒതുക്കി നിർത്തി പൊതിയെടുത്ത് നോക്കി. ഒന്നും സംഭവിച്ചിട്ടില്ല. വണ്ടിയിലിരുന്ന് തന്നെ വിശപ്പിനെ കണ്ടം വഴി ഓടിച്ചു. വീണ്ടും ചണ്ഡീഗഡിലുള്ള അളിയന്റെ വീട്ടിലേക്ക്. ഒരു കാര്യം പറയാൻ മറന്നു. ഇതുവരെ പോയ സ്ഥലങ്ങളിൽ ഏറ്റവും നന്നായി ഡിസൈൻ ചെയ്തിരിക്കുന്ന സിറ്റിയാണ് ചണ്ഡീഗഡ്. അന്വേഷിച്ചപ്പോൾ ഫ്രഞ്ച് ശിൽപിയായ ലെ കോർബസീർ ആണ് ചണ്ഡീഗഡ് ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രകൃതിയെ നശിപ്പിക്കുന്ന ഒരു വ്യവസായവും ചണ്ഡീഗഡ് പ്രോൽസാഹിപ്പിക്കുന്നില്ല. വീട്ടിൽ ചെന്നപാടെ ഫ്രഷായി കിടന്നു.

ഇനിയെങ്ങോട്ട് പോകണമെന്ന വ്യക്തമായ ധാരണയില്ലാതെയാണ് രാവിലെ എഴുന്നേറ്റത്. കുളിച്ച് റെഡിയായി breakfast കഴിച്ച് വണ്ടിയൊന്ന് സർവ്വീസ് ചെയ്യാനിറങ്ങി. വണ്ടി ഫുൾ വാഷിംഗിന് 200 രൂപ മാത്രമാണ് ചാർജ്. അവിടെ നിന്നവരൊക്കെ യാത്രയെ കുറിച്ച് ചോദിച്ചറിഞ്ഞ് ആവോളം സ്നേഹവും അനുമോദനവും നൽകിയാണ് വിട്ടത്. തിരികെ വീട്ടിൽ വന്ന് pack up ചെയ്തപ്പോഴേക്കും പ്രാർത്ഥനകളും അനുഗ്രഹങ്ങളുമായി അളിയന്റെ കൂട്ടുകാരും അയൽവാസികളുമുണ്ടായിരുന്നു. അവരുടെ അത്ഭുതം കണ്ടപ്പോഴാണ് നമ്മൾ ചെയ്തത് ഇത്ര വലിയ കാര്യമാണോ എന്നൊരു ചിന്ത ആദ്യമായി ഉള്ളിൽ തോന്നിയത്. യാത്ര പറഞ്ഞിറങ്ങി. മുൻപിൽ കുറെ ഓപ്ഷൻസ് ഉണ്ട്. ഏതെടുക്കണമെന്ന് കൺഫ്യൂഷൻ. മുന്നോട്ട് പോയപ്പോൾ കുളു മണാലി ബോർഡ് കണ്ടു. എങ്കിൽ പിന്നെ അങ്ങോട്ടാവാം എന്ന് കരുതി വണ്ടി വിട്ടു.

280 കിലോമീറ്റർ ഓടിയാൽ മതി മണലായിലെത്താൻ. പക്ഷെ ഇതുവരെ ഓടിച്ചതിൽ ഏറ്റവും മോശം റോഡ്, ഏറ്റവും മോശം കാലാവസ്ഥ ( മഴയും കാറ്റും), ഒരു വശത്ത് സൈഡ് വാളുപോലുമില്ലാതെ കൊക്ക.ആകെ സീൻ കോൺട്ര. ഇടുങ്ങിയ, മെയിന്റനൻസ് നടന്നുകൊണ്ടിരിക്കുന്ന റോഡിലൂടെ, സംസ്ഥാന സമ്മേളനത്തിന് പോകുന്നുവെന്ന രീതിയിൽ പായുന്ന ചരക്കു ലോറികളുടെയിടയിൽ കൂടി യാത്ര. റോഡിൽ ചെളി, പാറ, വെള്ളക്കെട്ട് മുതലായവ.
ഈ യാത്ര വേണ്ടിയിരുന്നില്ലെന്ന് പലപ്പോഴും തോന്നി. പെട്ടെന്ന് മുന്നിൽ മണ്ണിടിഞ്ഞ് വീണു. ദൈവമേ പെട്ടു. ഇനി എപ്പോഴാണ് ഇവിടുന്ന് പോകാൻ പറ്റുക എന്ന ചിന്ത മനസ്സിലിരുന്ന് കൂടം കൊണ്ട് നെഞ്ചിലിടിക്കുന്നു. ഭാഗ്യത്തിന് റോഡ് പണി നടക്കുകയായതിനാൽ മെഷീനറികൾ അവിടെത്തന്നെയുണ്ടായിരുന്നു. യന്ത്രക്കൈകൾ മണ്ണ് വകഞ്ഞു മാറ്റിയ റോഡിലൂടെ വീണ്ടും യാത്ര.

ഇപ്പോൾ ചെല്ലും ഇപ്പോൾ ചെല്ലുമെന്ന് പലപ്പോഴും തോന്നിയെങ്കിലും വണ്ടി മുന്നോട്ട് നീങ്ങാൻ നന്നേ പാട് പെട്ടു. കുറെയേറെയങ്ങോട് ചെന്നപ്പോഴേക്കും കുളു മണാലി ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. വഴിയിൽ ആധികാരികമായി പലരും വണ്ടിയ്ക്ക് കൈ കാണിക്കുന്നു. നിർത്തിയപ്പോൾ ബിയാസ് നദിയിൽ റാഫ്റ്റിംഗിനായുള്ള ക്ഷണമാണ്. കാർഡ് വാങ്ങി യാത്ര തുടർന്നു. വഴിയിലൊരു ചെക്ക് പോസ്റ്റ് കണ്ടു. ഇരുന്നൂറോ മുന്നൂറോ രൂപ അടച്ച് വീണ്ടും മുന്നോട്ട്. പിന്നെയും നൂറ് കണക്കിന് ആൾക്കാർ റാഫ്റ്റിംഗിന് ക്ഷണിക്കാനായി വഴിയിൽ കാത്തുനിൽക്കുന്നു. ഇന്ത്യയിൽ അനുഭവിക്കേണ്ട ഇരുപത് കാര്യങ്ങളിൽ ഒന്നാണ് ബിയാസ് റിവറിലെ റാഫ്റ്റിംഗെന്ന് പറയുന്നുണ്ടെങ്കിലും ശാരീരിക ക്ഷീണം എന്നെ അനുവദിക്കുന്നുണ്ടായിരുന്നില്ല. കുളുവിലെത്തി വഴിയിൽ കണ്ട സ്നാക്സ് ഷോപ്പിൽ വണ്ടി നിർത്തി ചായ, അവിടെകിട്ടുന്ന പേരറിയാത്ത കുറെ ചെറുകടികൾ തുടങ്ങിയവയൊക്കെ ടേസ്റ്റ് ചെയ്തു. ശേഷം മണാലിയിലേക്ക്. വഴിയിൽ വീണ്ടും ചെക്ക് പോസ്റ്റ്. ബുക്കും പേപ്പറുമായി ചെല്ലാൻ പറഞ്ഞു. ചെന്നപ്പോൾ വണ്ടി നമ്പർ ചോദിച്ചിട്ട് pollution certificate കാണിക്കാൻ പറഞ്ഞു. ഭാഗ്യത്തിന് ഞാൻ കൊട്ടാരക്കരയിൽ നിന്ന് തന്നെ pollution test നടത്തിയിരുന്നു. കൂടെ നിന്ന പലർക്കും ഇതില്ലെന്ന കാരണത്താൽ നല്ല പെറ്റി ഏറ്റുവാങ്ങേണ്ടി വന്നു. യാത്ര തുടർന്നു.

ഭീകരമായ ഡ്രൈവിംഗ് എന്നെ ഭീകരമായി തളർത്തിയിട്ടുണ്ടായിരുന്നു. എനിക്കിനി ഒന്നും ചെയ്യാൻ മൂഡുണ്ടായിരുന്നില്ല. മണാലിയിലെ ദേവദാരു വനത്തിൽ (Deodar Forest) കുട്ടികളെ ഇറക്കിവിട്ട് ഞാൻ റെസ്റ്റെടുത്തു. ഏക്കറ് കണക്കിന് സ്ഥലത്ത് ദേവദാരു മരങ്ങൾ മാത്രം തിങ്ങി നിൽക്കുന്ന Deodar Forest നകത്ത് കുട്ടികൾക്കായി പാർക്കുണ്ട്. തിമിർപ്പിന് ശേഷം റൂം തിരക്കി യാത്ര. കേരള രജിസ്ട്രേഷൻ വണ്ടി കണ്ട് വരുന്ന ഗൈഡുകളുടെ ശല്യം സഹിക്കാൻ വയ്യ. ഞാൻ റൂം ബുക്ക് ചെയ്തു എന്ന് പറഞ്ഞപ്പോൾ എവിടെ? ആര്? എപ്പോൾ? എന്നൊക്കെ നൂറ് ചോദ്യങ്ങൾ. നിന്നോടൊക്കെ പറയേണ്ട കാര്യമെന്താ എന്ന് ചോദിക്കാൻ തോന്നിയെങ്കിലും കസിനിവിടെയുണ്ട് എന്ന് പറഞ്ഞ് മുന്നോട്ട്. മഞ്ഞ് പെയ്തു കൊണ്ടിരിക്കുന്ന സമയമല്ല മണാലിയിൽ. ദൂരെ മഞ്ഞിൻ കുന്നുകൾ കാണാം അത്ര മാത്രം. അത് ലക്ഷൃമാക്കി യാത്ര. അതിന്റെ വ്യൂ അടുത്ത് കിട്ടുന്ന ഒരു റൂം വേണം. തിരക്കി നടന്ന് ഒരിടത്ത് കയറി. Rate Affordable ആണ്. ബാൽക്കണിയിലിരുന്നാൽ തൊട്ട് മുന്നിൽ കുന്നുകൾ മഞ്ഞിൻതാലപ്പൊലിയേന്തി നിൽക്കുന്നത് കാണാം. റൂമെടുത്തു. ഭക്ഷണം അവിടെത്തന്നെയുണ്ട്. ചപ്പാത്തി വെജിറ്റബിൾ കറി ഓംലെറ്റ് ഇത്യാദികൾ കഴിച്ച് കിടന്നു. നല്ല തണുപ്പ് നല്ല ഉറക്കം.

സൊളാങ്ങ് വാലിക്ക് അടുത്താണ് ഞങ്ങൾടെ റൂം. രാവിലെ ബ്രേക്ക്ഫാസ്റ്റിന് ശേഷം സൊളാങ്ങ് വാലിയിലേക്ക്. ഹോഴ്സ് റൈഡിംഗ്, റോപ് വേ, quad bike riding തുടങ്ങിയവ അവിടെയുണ്ട്. കുറച്ച് സമയം അവിടെ ചെലവഴിച്ച ശേഷം സ്വപ്ന സ്ഥലമായ റോഹ്താംഗ് പാസിലേക്ക്. വിധി എതിരായിരുന്നു. മെയ് മുതൽ നവംബർ വരെ മാത്രമാണ് ഇവിടെ പ്രവേശനം. എന്റെ സപ്ത നാഡിയും തളർന്നു. ഇനി മണാലിയിൽ ഒരു നിമിഷം പോലും നിൽക്കേണ്ട എന്ന് പോലും തോന്നി.

ശേഷം ഓൾഡ് മണാലിയിലെ താഴ് വാരത്തിലെ നാലായിരം വർഷം പഴക്കമുള്ളതും ചൂട് നീരുറവകൾ ഉത്ഭവിക്കുന്നതുമായ വസിഷ്ഠ ക്ഷേത്രം, കൂറ്റൻ പാറ തുരന്നുണ്ടാക്കിയതും വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നതുമായ ലോകത്തിലെ ഏക ഹിഡിംബി ദേവി ക്ഷേത്രം, ഏഴ് മന്വന്തരങ്ങളിലൊന്നിൽ മനു മഹർഷി സന്ദർശിക്കുമെന്ന് കരുതുന്നതും മനുവിനെ ആരാധിക്കുന്ന മനുക്ഷേത്രം ഇവയൊക്കെ കണ്ട് തിരിച്ച് റൂമിലേക്ക്. രണ്ട് ദിവസം മണാലിയിൽ ചെലവഴിക്കണമെന്ന് കരുതിയെങ്കിലും റോഹ്താംഗ് പാസ് തുറക്കാത്തതിൽ കെറീച്ച് ഞങ്ങൾ റൂം വെക്കേറ്റ് ചെയ്തു.

ഇനി സ്വർഗ്ഗത്തിലേക്കാണ് യാത്ര. കാശ്മീർ. കുറച്ചങ്ങോട്ട് പോയി എവിടെയെങ്കിലും സ്റ്റേ ചെയ്യാമെന്ന് കരുതി വണ്ടി വിട്ടു. പതുക്കെ ഇളം കാറ്റ് വീശി. ചെറിയ മഴ. കുറെക്കഴിഞ്ഞപ്പോഴേക്കും മഴ മുഖം കറുപ്പിച്ചു. പൊടിക്കാറ്റ് മുഷ്ടി ചുരുട്ടി മരങ്ങളുടെ തലയ്ക്കടിച്ച് തുടങ്ങി. കാറെടുത്തെറിയാനാണോ, വെള്ളത്തിലൊഴുക്കിക്കളയാനാണോ, വല്ലതും മുകളിലിട്ട് ഞങ്ങളെ ഞണുക്കാനാണോ അവരുടെ പ്ലാനെന്നറിയില്ല. (തുടരും..)

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply