ലോകം കൈപ്പിടിയിലൊതുക്കിയ ‘മൊബൈൽ ഫോൺ’ വന്ന വഴി അറിയാമോ?

കൈകളിൽ കൊണ്ടുനടക്കാൻ പറ്റുന്ന ദൂരഭാഷിണിയെയാണ് (ടെലിഫോൺ)മൊബൈൽ ഫോൺ എന്നു പറയുന്നത്. സെല്ലുലാർ ഫോൺ എന്നതിന്റെ ചുരുക്കപ്പേരായി ഇവയെ സെൽ ഫോൺ എന്നും വിളിക്കാറുണ്ട്. ഒരു സെല്ലുലാർ നെറ്റ്‌വർക്ക് ഉപയോഗിച്ച് രണ്ടു വഴി റേഡിയോ ടെലികമ്യൂണിക്കേഷൻ സാദ്ധ്യമാക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഇവ. കോഡ്‌ലെസ്സ് ഫോണുകളിൽ നിന്നും വ്യത്യസ്തമായ പ്രവർത്തന രീതിയാണ് മൊബൈൽ ഫോണുകളുടേത്. ലാൻഡ് ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള ബേസ് സ്റ്റേഷനിൽ നിന്നു ഒരു നിശ്ചിത ദൂര പരിധിയിൽ നിന്നു കൊണ്ടു മാത്രമേ കോഡ്‌ലെസ് ഫോണുകൾ പ്രവർത്തിക്കാനാകൂ.

പബ്ലിക് ടെലഫോൺ നെറ്റ്‌‌വർക് ഉപയോഗിച്ച് ലോകത്തെമ്പാടുമുള്ള മറ്റു മൊബൈൽ ഫോണുകളിൽ നിന്നും ലാന്റ് ഫോണുകളിൽ നിന്നും ടെലിഫോൺ വിളികൾ സ്വീകരിക്കുന്നതിനും അവയിലേയ്ക്ക് വിളിക്കുന്നതിനുമാണ് പ്രാഥമികമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്.. ഒരു മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററുടെ കീഴിലുള്ള സെല്ലുലാർ നെറ്റ്‌വർക്കുമായി ബന്ധിച്ചാണ് ഇതു സാദ്ധ്യമാകുന്നത്. ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ഉപയോക്താക്കൾ സഞ്ചരിക്കുകയാണെങ്കിൽ പോലും ഇടമുറിയാതെയുള്ള ഫോൺ കോളൂകൾ ചെയ്യുന്നതിനു സാദ്ധ്യമാകുന്നു എന്നതാണ്. ഹാന്റ്ഓഫ് അല്ലെങ്കിൽ ഫാന്റോവർ എന്നൊരു സാങ്കേതികവിദ്യയിലൂടെയാണിത് സാദ്ധ്യമാകുന്നത്. കൂടാതെ മറ്റ് മൊബൈൽ ഫോണുകളിലേയ്ക്ക് എഴുതിയ സന്ദേശം ( Text message, എസ്.എം.എസ്. ) അയയ്ക്കുന്നതിനും മൊബൈൽ ഫോണുകൾ കൊണ്ട് സാധിക്കും.

ഫോൺ വിളിക്കുക എന്നതിനപ്പുറം ഇന്നത്തെ മൊബൈൽ ഫോണുകൾ മറ്റനവധി സേവനങ്ങളും കൂടി ഉപയോക്താവിനു നൽകുന്നുണ്ട്. ഇമെയിൽ, ഇന്റർനെറ്റ്, കളികൾ, ബ്ലൂടൂത്ത്, ഇൻഫ്രാറെഡ്. ക്യാമറ, എം.എം.എസ്., എം.പി3, ജി.പി.എസ്. എന്നിവ അവയിൽ പെടുന്നു. വളരെ പരിമിതമായ സൗകര്യങ്ങളോടു കൂടി മൊബൈൽ ഫോണുകൾ ഫീച്ചർ ഫോണുകളെന്നും കൂടുതൽ സേവനങ്ങളും സൗകര്യങ്ങളും ഉള്ള മൊബൈൽ ഫോണുകൾ സ്മാർട്ട് ഫോണുകളെന്നും അറിയപ്പെടുന്നു. ആധുനിക മൊബൈൽ ഫോണുകളിൽ ഉള്ള ചില സവിശേഷതകൾ കമ്പ്യൂട്ടറുകൾക്ക് സമാനമായവയാണ്.

1973-ൽ മോട്ടറോളയിലെ ഡോ: മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്. അത് “യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്” എന്നായിരുന്നു. 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ്(DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. 20 വർഷം കഴിയുന്നതിനു മുൻപ് 2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു.

1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒരു നിശ്ചിത പരിധിയിൽ ഒതുങ്ങിനിന്നായിരുന്നു ഇവ പ്രവർത്തിപ്പിച്ചിരുന്നത്. ഈ സംവിധാനം വികസിപ്പിക്കാൻ പോന്ന സാങ്കേതികവിദ്യയൊന്നും അന്നില്ലായിരുന്നു. കൂടാതെ റേഡിയോ, ടെലിവിഷൻ സംപ്രേഷണവുമായി ബന്ധപ്പെട്ട എന്തു പരീക്ഷണവും ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ (F .C .C ) അനുമതിയോടെ മാത്രമേ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.

അമേരിക്കയിലെ ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ അതികായരായ ഐ. ടി ആൻഡ്‌ ടി കമ്പനി ഇക്കാലത്തെ പുതിയൊരു നിർദ്ദേശവുമായി F C C -യെ സമീപിച്ചു. റേഡിയോ സ്പെക്ട്രം ആവൃത്തി കൂടുതൽ ഉപയോഗിക്കാൻ അനുവദിക്കുകയാണെങ്കിൽ മൊബൈൽ ഫോൺ സംവിധാനം വിപുലപ്പെടുത്താമെന്നതായിരുന്നു അവരുടെ നിർദ്ദേശം. എന്നാൽ F C C യിലെ ഉദ്യോഗസ്ഥർക്ക് ഈ നൂതന സംവിധാനത്തെകുറിച്ച് അത്രയൊന്നും പിടിയില്ലായിരുന്നു. അതിനാല ഐ ടി ആൻഡ്‌ ടി യുടെ ആവശ്യത്തിനു F C C യിൽ നിന്നും തണുപ്പൻ പ്രതികരണമേ ലഭിച്ചുള്ളൂ. 21 വർഷങ്ങൾക്ക് ശേഷം 1968- ൽ ഐ ടി ആൻഡ്‌ ടിയുടെ നിർദ്ദേശം F C C അംഗീകരിച്ചു. തുടർന്ന് ഐ ടി ആൻഡ്‌ ടിയും ബെല്ൽ ലാബ്‌സും ചേർന്ന് ഒരു സെല്ലുലാർ സംവിധാനം നിർമ്മിച്ച് F C C ക്ക് നൽകി.

ഇതോടെ മൊബൈൽ ഫോൺ രംഗത്ത് കമ്പനികളും വ്യക്തികളും കൂടുതൽ പരീക്ഷണം നടത്താൻ തുടങ്ങി.ആദ്യത്തെ ഉപയോഗപ്രദമായ മൊബൈൽ ഫോൺ നിർമ്മിക്കാൻ ബെൽ ലാബ്‌സും മോട്ടോറോള കമ്പനിയും തമ്മിലുള്ള മത്സരത്തിനുതന്നെ ഇത് വഴി വച്ചു. 1 9 7 3 ൽ ഒരു കയ്ക്കുള്ളിൽ ഒതുക്കി ഉപയോഗിക്കാവുന്ന മൊബൈൽ ഫോൺ കണ്ടുപിടിച്ച മോട്ടോറോള കമ്പനിയുടെ സിസ്റ്റെം ഡിവിഷന്റെ ജനറൽ മാനേജറായ ഡോക്ടർ മാർട്ടിൻ കൂപ്പർ ഒരു പുതിയ യുഗത്തിലേക്കുള്ള മാർഗ്ഗമാണ് തുറന്നുവെച്ചത്.

സബ്സ്ക്രൈബർ ഐഡന്റിറ്റി മോഡുൽ (Subscriber identity module) എന്നതിന്റെ ചുരുക്കവാക്കാണ് സിം. ജി എസ് എം ഫോണുകൾ ഉപയോഗിക്കുന്നതിനായി സിം കാർഡുകൾ ആവശ്യമാണ്. ഏകദേശം ഒരു പോസ്റ്റൽ സ്റ്റാമ്പിന്റെ വലിപ്പമുള്ള സിം കാർഡ്‌ പൊതുവേ ബാറ്ററിയുടെ അടിയിൽ ആണ് കാണപ്പെടുന്നത്. ഒന്നിൽ കൂടുതൽ സിം കാർഡുകൾ ഉപയോഗിക്കാവുന്ന മൊബൈൽ ഫോണുകളും ലഭ്യമാണ്. 1991 ൽ ആണ് ആദ്യ സിം കാർഡ്‌ നിർമ്മിക്കപ്പെട്ടത്.പോസ്റ്റൽ സ്റ്റാമ്പിന്റെ വലിപ്പത്തിൽ നിന്നും സിം കാർഡ് പിന്നീട് ചെറുതാകാൻ തുടങ്ങി. മിനി സിം, മൈക്രോ സിം, നാനോ സിം എന്നീ ആകൃതികളിൽ വിവിധഫോണുകൾക്ക് അനുയോജ്യമായ രീതിൽ ഇന്ന് സിം കാടുകൾ ലഭ്യമാണ്.

കേരളത്തിലേക്ക് മൊബൈല്‍ ഫോണ്‍ കടന്നെത്തിയിട്ട് 2021 ൽ 25 വര്‍ഷം. 1996 സപ്തംബര്‍ 17-ന് എസ്ക്കോട്ടല്‍ സെല്ലുലര്‍ കമ്പനിയാണ് കേരളത്തില്‍ മൊബൈല്‍ സര്‍വ്വീസിന് തുടക്കമിട്ടത്. രാജ്യത്തു മൊബൈല്‍ സര്‍വ്വീസ് ആരംഭിച്ചിട്ട്‌ ഒരു വര്‍ഷം തികഞ്ഞിരുന്നു അപ്പോഴേക്കും. ഏറണാകുളത്ത് ഹോട്ടല്‍ അവന്യു റീജന്‍റ്റില്‍ നടന്ന ചടങ്ങില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ തകഴിയുടെ കൈയിലെ മൊബൈലിലേക്ക് അന്നത്തെ വൈസ് അഡ്മിറല്‍ എ.ആര്‍ ടണ്ഠന്‍ നടത്തിയ വിളി കേരള ചരിത്രത്തിലെ ആദ്യ ഫോണ്‍കോളായി മാറി. ചടങ്ങ് ഉദ്ഘാടനം ചെയ്ത എഴുത്തുകാരി മാധവിക്കുട്ടി ഇതിനു സാക്ഷിയായി. ഉദ്ഘാടനം നടന്ന് ഒരു മാസത്തിനു ശേഷം മാത്രമാണ് കണക്ഷന്‍ ലഭ്യമാക്കിത്തുടങ്ങിയത്.

ഏകദേശം 50,000ത്തോളം ആയിരുന്നു ആദ്യവര്‍ഷങ്ങളില്‍ മൊബൈലിന്റെ വില. കൂടാതെ ഇന്‍കമിംഗിനും ഔട്ട്‌ഗോയിംഗിനും പൈസ ഈടാക്കിയിരുന്നത് മൂലം സാധാരണക്കാരുടെ കൈയ്യിലൊതുങ്ങുന്നതായിരുന്നില്ല മൊബൈലുകള്‍. 2000ന് ശേഷം മറ്റു പല കമ്പനികളും സെല്‍ഫോണുകള്‍ പുറത്തിറക്കാന്‍ ആരംഭിച്ചു. 2003-ല്‍ ഇന്‍കമിങ് സൗജന്യമായതോടെയാണ് മൊബൈല്‍ഫോണുകള്‍ വന്‍തോതില്‍ വിറ്റഴിഞ്ഞു തുടങ്ങിയത്. പില്‍ക്കാലത്ത്, എസ്എംഎസ് ,പ്രീപെയ്ഡ് സൗകര്യങ്ങള്‍ കൂടി നിലവില്‍ വന്നതോടെ മൊബൈല്‍ഫോണ്‍ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകം തന്നെയായിമാറി. ഇന്ന് മൊബൈല്‍ഫോണ്‍ യുഗം ഇരുപത്തിരണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ കണക്കനുസരിച്ച് ഇന്ത്യയിലെ തന്നെ മൊബൈല്‍സാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്നായി കേരളം വളര്‍ന്നുകഴിഞ്ഞു.

ഒരു വിലകൂടിയ ഉപകരണം എന്നതിൽ നിന്ന്‌ ലോകജനതയിൽ ഏകദേശം മൂന്നിൽ രണ്ടോളം ഭാഗത്തിന്റെ െെകയിലുള്ള, ഒരു പക്ഷേ ശ്വസിക്കുന്ന വായുവോളം പ്രധാനപ്പെട്ട വസ്തുവായി ഇന്ന്‌ മൊബൈൽ ഫോൺ മാറി. സംസാരിക്കാൻ മാത്രമുള്ള ഒരു ഉപകരണമല്ല ഇന്ന്‌ മൊബൈൽ ഫോൺ. ഇൻറർനെറ്റിനും ഇ-മെയിലിനും ഷോപ്പിങ്ങിനും പാട്ട് കേൾക്കുന്നതിനും, വീഡിയോകൾ കാണുന്നതിനും സന്ദേശങ്ങൾ അയയ്ക്കുന്നതിനും പണം അയയ്ക്കുന്നതിനും ഫോട്ടോഎടുക്കുന്നതിനും എന്നുവേണ്ട ജീവിതനിലവാരം മെച്ചപ്പെടുത്താൻ വരെ കഴിയുന്ന ഒരു അദ്‌ഭുത വസ്തുവായി മൊബൈൽ മാറിക്കഴിഞ്ഞു. മൊബൈൽ ഫോൺ (ഹാൻഡ് സെറ്റ്) രംഗത്ത് എന്നതുപോലെ തിരശീലയ്ക്ക് പിന്നിലെ സാങ്കേതിക വിദ്യയ്ക്കും സമാന്തര വളർച്ചയുണ്ടായി. 5 ജി നമ്മുടെ പടിവാതിൽക്കൽ എത്തിനിൽക്കുന്നു. ഒരു കിലോയിലധികം ഭാരവും ചുടുകട്ടയോളം വലിപ്പവും എന്നതിൽ നിന്ന്‌ െെകയിലും കീശയിലും ഒതുങ്ങുന്ന രൂപത്തിലെത്തിയിരിക്കുന്നു ഇന്ന്‌ മൊബൈൽ ഫോണുകൾ. ഡിജിറ്റൽ സാങ്കേതികവിദ്യ വിരൽത്തുമ്പിൽ എന്നത് ഇന്നൊരു യാഥാർഥ്യമായിരിക്കുന്നു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply