എന്തിനും തയ്യാറായി കെഎസ്ആര്‍ടിസിയും റെയില്‍വേയും… പക്ഷേ ഒന്നും മതിയാകില്ല

കാവേരി വിഷയത്തില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ബെംഗളൂരുവില്‍ ആയിരക്കണക്കിന് മലയാളികള്‍ കുടങ്ങിക്കിടക്കുകയാണ്. ഓണമുണ്ണാന് വീട്ടിലെത്താനാകുമോ എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ട്.

എന്നാല്‍ ചെയ്യാവുന്ന എല്ലാ കാര്യങ്ങളുമായി കേരള സര്‍ക്കാരും കെഎസ്ആര്‍ടിസിയും രംഗത്തുണ്ട്. കഴിഞ്ഞ ദിവസം രാത്രി നാല് കെഎസ്ആര്‍ടിസി ബസ്സുകളാണ് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സര്‍വ്വീസ് നടത്തിയത്. നാല് ബസ്സുകളും കേരളത്തിലെത്തി. അതിനിടെ ഒരു ബസ്സിന് നേര്‍ക്ക് കല്ലേറും ഉണ്ടായി.

എന്തായാലും പകല്‍ സമയത്ത് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമല്ലെന്നാണ് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കിയിട്ടുളളത്. കല്ലേറുണ്ടായ സാഹചര്യത്തില്‍ രാത്രി സര്‍വ്വീസിന്റെ കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. പോലീസ് സംരക്ഷണം എത്ര വാഹനങ്ങള്‍ക്ക് നല്‍കാനാകും എന്നതും പ്രശ്നമാണ്. ബെംഗളൂരുവിലെ കെഎസ്ആര്‍ടിസി ഓഫീസ് ഇപ്പോഴും തുറന്നിട്ടില്ല.

രണ്ട് പ്രത്യേക തീവണ്ടികളാണ് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്നു രാവിലെ  11.15 നും വൈകീട്ട് 6.30 ആണ് തീവണ്ടികള്‍. 11.15 നു പുറപ്പെട്ട തീവണ്ടി തിരുവനന്തപുരത്തേയ്ക്കും വൈകീട്ടുള്ള വണ്ടി കണ്ണൂരിലേക്കും ആണ്. ആദ്യം തിരുവനന്തപുരത്തേയ്ക്ക് മാത്രമാണ് തീവണ്ടി അനുവദിച്ചിരുന്നത്.

എന്നാല്‍ ഇതുകൊണ്ടൊന്നും മലയാളികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കപ്പെടും എന്ന് കരുതാനാകില്ല. തീവണ്ടികളിലും നൂറുകളക്കിന് സ്വകാര്യ ബസ്സുകളിലും കെഎസ്ആര്‍ടിസി ബസ്സുകളിലും ആണ് ഓണക്കാലത്ത് മലയാളികള്‍ നാട്ടിലെത്തുന്നത്. സംഘര്‍ഷത്തില്‍ അയവുവരാത്തിടത്തോളം കാലം സ്വകാര്യ എയര്‍ബസ്സുകള്‍ സര്‍വ്വീസ് നടത്തില്ല.

രണ്ട് സ്‌പെഷ്യല്‍ തീവണ്ടിയില്‍ കൊള്ളാവുന്ന മലയാളികളല്ല ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ കാത്തിരിക്കുന്നത്. മാത്രമല്ല, എത്ര പേര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്താനാകും എന്നതും വിഷയമാണ്. തീവണ്ടികള്‍ക്ക് രണ്ടിനും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ ആശങ്കകള്‍ പൂര്‍ണമായും ഒഴിയുന്നില്ല.

News – One India Malayalam

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply